ഭാഗം ഃ ഒൻപത്‌

ഈയിടെയായി അറുമുഖത്തിന്‌ ഒരു സംശയം; ശിവാനന്ദനും മുരുകനും തങ്ങളെ പറ്റിക്കുകയല്ലേയെന്ന്‌. ഈ കെട്ടിടം ശിവാനന്ദന്റേതല്ല എന്ന ഒരു വിശ്വാസം എങ്ങനെയോ അയാളുടെ മനസ്സിൽ കയറിക്കൂടിയിട്ടുണ്ട്‌. യഥാർത്ഥ ഉടമസ്ഥൻ വേറാരോ ആണ്‌; ഒരുപക്ഷേ അയാൾ വെളിയിലായേക്കാനും മതി.

ഈയിടെയായി അറുമുഖം ഭിക്ഷാടനത്തിന്‌ കൂടെക്കൂടെ പോയിത്തുടങ്ങി. വെളിയിൽ കടന്നാൽ പോലീസിന്റെ പിടിയിലകപ്പെടുമോ എന്ന ഭയമാണ്‌ പോക്കു ചുരുക്കാൻ കാരണം. ഇപ്പോൾ പോകുന്നത്‌ അധികം ദൂരെ സ്ഥലങ്ങളിലേയ്‌ക്ക്‌ – പള്ളിപ്പെരുന്നാൾ, ഉത്സവം ഇവിടങ്ങളിലായിരിക്കും. എങ്കിലും വടക്കോട്ട്‌ ചാലക്കുടി വിട്ട്‌ പോകാറില്ല. മലയാറ്റൂർ പള്ളി, കൊരട്ടി മാതാവിന്റെ പെരുന്നാൾ, ശിവരാത്രി – ഇവിടെയൊക്കെ സ്ഥിരമായുണ്ടാകും.

പോലീസ്‌ കേസിന്റെ ഗൗരവം ഒന്നൊതുങ്ങിയെന്ന്‌ തോന്നിയപ്പോൾ ഇനി ഇവിടം വിട്ട്‌, വേറൊരിടത്തുകൂടിയാലോ എന്ന്‌ ആലോചിച്ചതാണ്‌. പക്ഷേ തന്റെ പേരിൽ ഒരു സംഖ്യ ബാങ്കിലുണ്ടെന്നയാൾക്കറിയാം. അതെത്രയാണെന്നറിഞ്ഞ്‌, വാങ്ങിയിട്ട്‌ വേണം പോകാൻ. അതിനു പറ്റിയ ഒരു സമയം വരെ കാക്കാമെന്ന്‌ സമാധാനിക്കുകയാണ്‌.

അഞ്ച്‌ വർഷം മുമ്പ്‌ ഇവിടെ വരുമ്പോഴുള്ള ആ അറുമുഖം തന്നെ ഇപ്പോഴും. കാഴ്‌ചയിൽ പ്രായം അൻപതിന്‌ മേലുണ്ടെങ്കിലും അന്നത്തെ ആ മുരടൻ സ്വഭാവം തന്നെ. ഒരു കണ്ണേയുള്ളൂ. പക്ഷേ അതൊന്നു മതി എത്ര ദൂരേന്നുള്ള കാഴ്‌ചകളും കാണാൻ. കാലും ഒന്നേയുള്ളൂ. വലതുകാൽ മുട്ടിന്‌ താഴെവച്ച്‌ മുറിച്ച്‌ കളഞ്ഞെങ്കിലും എങ്ങനെയോ ഒരു കൃത്രിമക്കാൽ സമ്പാദിക്കാനായിട്ടുണ്ട്‌. അറുമുഖം പറയുന്നത്‌ കേരളത്തേക്കാൾ ഭേദമാണ്‌ തമിഴ്‌നാടെന്നാണ്‌. തന്റെ കാലുപോയപ്പോൾ അവിടെ റോട്ടറിക്ലബ്ബുകാർ തനിക്കുവേണ്ടി പണം ചിലവാക്കാൻ തയ്യാറായി. കൃത്രിമക്കാലുണ്ടെങ്കിലും കക്ഷത്തിൽ വടിയൂന്നിയാണ്‌ ഇപ്പോഴും നടക്കുക.

പക്ഷേ, ഈ ഒന്നൊരക്കാലായതിന്‌ ശേഷമാണ്‌ അയാളുടെ ജീവിതത്തിലെ സംഭവബഹുലമായ കാലം കടന്നുവന്നത്‌. തുടക്കം ഒരു പെണ്ണിൽ നിന്നാണെന്ന്‌ മാത്രമേ പറയൂ. ഒരു കൊലപാതകം ഉൾപ്പെടെ ക്രൂരവും പൈശാചികവുമായ പല പ്രവർത്തികളും ചെയ്തു. ഇതെല്ലാം തന്നെ ഇടയ്‌ക്കിടെ സഹായിക്കാറുണ്ടായിരുന്ന ഒരു കൂട്ടുകാരന്‌ വേണ്ടിയാണെന്ന്‌ പറയാറുണ്ട്‌.

അച്ഛനമ്മമാരെപ്പറ്റി ഓർക്കുമ്പോൾ – അവർ അച്ഛനമ്മമാരാണോയെന്ന കാര്യത്തിൽ അറുമുഖത്തിനുള്ള സംശയം ഇപ്പോഴുമുണ്ട്‌. ഒരിക്കൽപോലും ‘മോനേ’ എന്ന്‌ വിളിച്ചിട്ടില്ല. ഓർമ്മവയ്‌ക്കുമ്പോഴേക്കും ഒരു കണ്ണില്ല. അച്ഛനമ്മമാർ എന്ന്‌ താൻ കരുതിയവരും ഒറ്റക്കണ്ണുള്ളവരായിരുന്നു. പിന്നീടെപ്പോഴോ അച്ഛനുമമ്മയും ഒരു രാത്രി ആരോ കൊണ്ടുകൊടുത്ത വാറ്റുചാരായത്തിന്റെ ലഹരിയിൽ പരസ്പരം വഴക്കിട്ടപ്പോൾ പുലമ്പുന്നതു കേട്ടപ്പോഴാണ്‌ തനിക്ക്‌ പിറന്നുവീണപ്പോൾ രണ്ട്‌ കണ്ണുണ്ടായിരുന്നെന്നും അറുമുഖത്തിന്റെ അച്ഛനെന്ന്‌ പറയുന്നവൻ ഏതോ പൊള്ളുന്ന ദ്രാവകം കണ്ണിലൊഴിച്ച്‌ കണ്ണ്‌ കുത്തിപ്പൊട്ടിക്കുകയായിരുന്നെന്നും മനസ്സിലായത്‌. അതോടെ അവൻ അവരെ വെറുത്തു. പിന്നീട്‌ പലപ്പോഴും അവരോടൊത്തു ഭിക്ഷാടനത്തിനു പോയാലും കിട്ടുന്ന പൈസ അവരെ ഏല്പിക്കാതായി. പട്ടണത്തിലെ ഏതെങ്കിലും കല്യാണങ്ങൾ നടക്കുന്ന പന്തലിന്‌ വെളിയിൽ നിന്ന്‌ നാവിൽ വെള്ളമൂറുന്നു ഭക്ഷണപദാർത്ഥങ്ങൾക്കു വേണ്ടി കൊതിച്ചു നിന്നിട്ടുണ്ട്‌. കല്യാണത്തിന്റെ ബഹളങ്ങൾ ഒന്നൊതുങ്ങി, ആൾക്കാർ അധികം ഇല്ലാത്ത അവസരത്തിൽ ദേഹണ്ഡപ്പുരയിൽ കടന്ന്‌, കിട്ടിയ ഏതെങ്കിലും ഒരു പാത്രത്തിൽ ചോറും കറിയുമുൾപ്പെടെയുള്ള വിശിഷ്ടഭോജ്യങ്ങൾ കവർന്നു ഓടിപ്പോകുമായിരുന്നു. വിശപ്പ്‌ കെട്ടിരിക്കും, അപ്പോൾ.

അതുകൊണ്ട്‌ അധികമൊന്നും കഴിക്കാൻ പറ്റിയിരുന്നില്ല. പിന്നീട്‌ പലപ്പോഴും സാമാന്യം വൃത്തിയുള്ള വേഷം ധരിച്ച്‌ ആദ്യ പന്തിയിലിരിക്കുന്നവരുടെ കൂട്ടത്തിൽ കയറിപ്പറ്റാനാണ്‌ ശ്രമിച്ചിട്ടുള്ളത്‌. ആദ്യമൊക്കെ ശ്രമം വിജയകരമായെന്ന്‌ കണ്ടതോടെ പേടിവിട്ടുമാറി. പക്ഷേ ഒരിക്കൽ താനാരാണെന്ന്‌ പിടിക്കപ്പെട്ടു. അന്ന്‌ ഇരിപ്പിടത്തിൽ നിന്നെഴുന്നേൽപ്പിച്ച്‌ അപമാനിക്കപ്പെട്ട സംഭവം ഉണ്ടായി. പിച്ചക്കാർക്കൊക്കെ ഏറ്റവും അവസാനമായിരിക്കും കിട്ടുക. അതുവരെ ക്ഷമിക്കാൻ പറ്റാത്തതുകൊണ്ട്‌ വീണ്ടും ദേഹണ്ഡപ്പുരയുടെ പിന്നിൽ തന്നെ പതുങ്ങിക്കൂടുകയായിരുന്നു. പക്ഷേ ഒരിക്കൽ അവിടെയും പിടിക്കപ്പെട്ടു. ദേഹണ്ഡപ്പുരയുടെ ചാർജ്ജ്‌ വഹിക്കുന്ന ഒരുവൻ ഓടിവന്ന്‌ വിറകുകൊള്ളിയെടുത്ത്‌ പിന്നിൽ നിന്ന്‌ കൃത്യം മുതുകിനിട്ട്‌ തന്നെ ഒരു വീക്ക്‌. വേഗം തന്നെ ചാടിയെഴുന്നേൽക്കാൻ നോക്കിയെങ്കിലും വീണ്ടും കിട്ടി ഒരടി. ഇത്തവണ ചുട്ടുപഴുത്ത ഒരു ചട്ടുകം കൊണ്ടായിരുന്നു. അല്പനേരം അനങ്ങാതെ കിടന്നതിനുശേഷം പയ്യെ തിരിഞ്ഞു നോക്കിയപ്പോൾ താൻ ബോധം കെട്ടുപോയോ എന്ന്‌ ഭയന്ന്‌ നടന്നകലുന്ന ഒരു തടിമാടനെയാണ്‌. പിന്നീടൊന്നും ആലോചിച്ചില്ല, അടുപ്പിൽ വലിയൊരു പാത്ത്രത്തിൽ തിളച്ചുമറിയുന്ന വെള്ളം സാമാന്യം വലിയൊരു പാത്രത്തിലാക്കി ഓടിച്ചെന്നവന്റെ പുറത്തേയ്‌ക്കൊഴിച്ചു. ഒച്ചവെച്ച്‌ ബഹളം കൂട്ടാൻ തുടങ്ങിയ അവന്റെ തലയ്‌ക്ക്‌ ആ പാത്രം കൊണ്ടു തന്നെ ഒരടിയും കൊടുത്തു. പിന്നീടുള്ള ഓട്ടം നിന്നത്‌ വളരെ ദൂരെ റെയിൽവേ സ്‌റ്റേഷന്റെ പിന്നിലുള്ള വിജനമായൊരു വെളിമ്പറമ്പിൽ. തൃശ്ശിനാപ്പള്ളിയിൽ നിന്ന്‌ അന്ന്‌ രാത്രി വണ്ടികയറി. പിന്നത്തെ യാത്രകളെല്ലാം ട്രെയിനിലായിരുന്നു. ആദ്യമാദ്യമൊക്കെ ഹൃസ്വദൂര യാത്രകളായിരുന്നു. പിന്നെ അത്‌ സേലത്ത്‌ വന്നവസാനിച്ചു.

സേലത്ത്‌ മുനിസിപ്പൽ ബസ്‌സ്‌റ്റാൻഡിനടുത്തുള്ള മേൽക്കൂരയില്ലാത്ത ഒരു പഴയ കെട്ടിടത്തിലായി താമസം. ജീവിതത്തിലെ ഏറ്റവും തിക്തമായ അനുഭവങ്ങൾ നേരിടേണ്ടിവന്നത്‌ അവിടെവച്ചാണ്‌. സംഘം ചേർന്നുള്ള അടിപിടി, പിടിച്ചുപറി, കൂലിക്കു തല്ലൽ ഇതൊക്കെ നടത്തിയിരുന്ന ഘട്ടത്തിലായിരുന്നു ഒരു പെണ്ണിനെച്ചൊല്ലിയുള്ള അടിപിടിയിൽ തന്റെ വലതുകാൽ നഷ്ടപ്പെട്ടത്‌.

ബസ്‌സ്‌റ്റാൻഡിൽ അസമയത്ത്‌ കണ്ട ഒരുവളെ തന്റെ സംഘത്തിലെ ഒരുവൻ അനുനയത്തിൽ വളയ്‌ക്കാൻ തുടങ്ങുന്നതു കണ്ടപ്പോൾ അത്‌ തടഞ്ഞതായിരുന്നു കാരണം. എതിരാളിയെ അടിച്ചുവീഴ്‌ത്തി പെണ്ണിനെ അവളുടെ പാട്ടിനുവിട്ട്‌ തിരിച്ചുവന്ന്‌ തന്റെ താവളത്തിൽ കിടന്നുറങ്ങുമ്പോഴായിരുന്നു സംഭവം. താനടിച്ചോടിച്ചവൻ വൈരാഗ്യബുദ്ധിയോടെ വലിയൊരു പാറക്കല്ലെടുത്ത്‌ പ്രയോഗിച്ചത്‌. തലയ്‌ക്കായിട്ടായിരുന്നു ലക്ഷ്യമിട്ടതെങ്കിലും ഉന്നം തെറ്റി വലതുകാലിന്റെ മുട്ടിനു താഴെ. പിന്നെ എഴുന്നേൽക്കാൻ വയ്യാതെ കിടന്ന തന്റെ അടുക്കൽ വന്ന്‌ സമീപത്ത്‌ നിന്നുകിട്ടിയ ഒരു കമ്പിവടികൊണ്ട്‌ വീണ്ടും മുട്ടിനു താഴെതന്നെ രണ്ടുമൂന്നുതവണ കൂടി അടിച്ചു. അതോടെ ബോധം കെട്ടുപോയ തന്നെ ആരൊക്കെയോ ചേർന്ന്‌ ആശുപത്രിയിലാക്കുകയായിരുന്നു. മൂന്നുമാസത്തെ ആശുപത്രിവാസത്തിനു ശേഷം പുറത്തിറങ്ങിയ അറുമുഖത്തിന്‌ വലതുകാൽ മുട്ടിന്‌ താഴെവച്ച്‌ നഷ്ടപ്പെട്ടിരുന്നു. പക്ഷേ ഒരു മെച്ചം കിട്ടി. ആശുപത്രിയിൽ തന്നെ ചികിത്സിച്ച ഡോക്ടർ സ്ഥലത്തെ ഒരു റോട്ടറി ക്ലബ്ബിന്റെ പ്രധാന ഭാരവാഹിയായിരുന്നു. അയാളുടെ നോട്ടത്തിൽ നല്ല രോഗിയായിരുന്നു അറുമുഖം. ഡോക്ടറോട്‌ ചികിത്സയുൾപ്പടെ എല്ലാ കാര്യങ്ങളിലും പരമാവധി സഹകരിച്ച അറുമുഖത്തിന്‌ റോട്ടറിക്ലബ്ബ്‌ വഴി ഒരു കൃത്രിമകാൽ കിട്ടിയതോടുകൂടി വീണ്ടും രണ്ടു കാലുകളിലൂന്നി ഭിക്ഷാടനത്തിന്‌ പോകാമെന്നായി.

പിന്നീടുള്ള ഒരുവർഷക്കാലം വലിയ കുഴപ്പങ്ങളൊന്നുമില്ലാതെ കഴിഞ്ഞപ്പോഴാണ്‌ സേലത്ത്‌ ബസ്‌സ്‌റ്റാൻഡിനടുത്തുള്ള ഒരു റിക്ഷാക്കാരനുവേണ്ടി വീണ്ടും ചില കടുംകൈകൾ ചെയ്യേണ്ടിവന്നത്‌. മറക്കാൻ ശ്രമിച്ചാലും ഇപ്പോഴും തന്നെ വേട്ടയാടുന്ന ആ സംഭവപരമ്പരകളിൽ മോഷണവും കൊലപാതകവുമുൾപ്പടെയുള്ള ക്രൂരകൃത്യങ്ങൾ ചെയ്യേണ്ടിവന്നു. ഒന്നും മനഃപൂർവ്വമായിരുന്നില്ല. അതെല്ലാം അങ്ങനെ സംഭവിച്ച്‌ പോയെന്നാണ്‌ ഇപ്പോൾ അറുമുഖത്തിന്റെ മനസ്സ്‌ പറയുന്നത്‌. അവിടെയും ഒരു പെണ്ണായിരുന്നു തുടക്കം കുറിച്ചത്‌. തുടർന്നുണ്ടായ കൊലപാതകത്തോടെ നാടുവിട്ട അറുമുഖം പിന്നീട്‌ പൊങ്ങിയത്‌ ഇവിടെ, ഈ നഗരത്തിൽ.

റെയിൽവേസ്‌റ്റേഷൻ പരിസരത്ത്‌ വച്ച്‌ ട്രെയിനിൽ വന്നിറങ്ങിയ ഒരു സർദാർജിയുടെ ബാഗ്‌ തട്ടിപ്പറിക്കുകയും അയാളെ അടിച്ചോടിക്കുകയും ചെയ്തതോടെ ഇവിടെയും പോലീസിന്റെ നോട്ടപ്പുള്ളിയായി. അവരുടെ അന്വേഷണത്തിൽ നിന്ന്‌ രക്ഷപ്പെടാൻ കണ്ടെത്തിയ താവളമാണ്‌ കസ്തൂരിപ്പറമ്പിനടുത്തുള്ള കാടും പടലുമായി കിടന്ന ഈ വളപ്പും കെട്ടിടവും. പക്ഷേ, മനസ്സമാധാനത്തോടെ ഒരു ദിവസം പോലും കഴിയാൻ പറ്റിയില്ല. ആദ്യത്തെ ദിവസം, കൊതുകുകടികൊണ്ടും വിശന്നു തളർന്ന്‌ അവശനായി കിടന്ന അവസരത്തിലാണ്‌ ശിവാനന്ദന്റെ വരവ്‌. സുമുഖനായ ഒരു ചെറുപ്പക്കാരൻ. അയാളെ കണ്ടപ്പോഴേയ്‌ക്കും അറുമുഖം പേടിച്ചുപോയി. ഈ വളപ്പിനും കെട്ടിടത്തിനും നാഥനുണ്ടാവില്ല എന്ന വിശ്വാസത്തോടെയാണ്‌ ഇങ്ങോട്ട്‌ വന്നത്‌. പോരാത്തതിന്‌ കസ്തൂരിപ്പറമ്പിൽ നിന്നുള്ള ദുർഗന്ധവും. വിശപ്പ്‌ അതിന്റെ പാരമ്യത്തിലെത്തി നിൽക്കുന്ന സമയം. രാത്രി ഇരുട്ടിയിട്ടുവേണം വെളിയിൽ പോയി എന്തെങ്കിലും വാങ്ങിക്കഴിക്കാനെന്ന്‌ വിചാരിച്ചിരിക്കുകയായിരുന്നു. തൊടിയിലുള്ള തെങ്ങിൽ ഒന്നുരണ്ട്‌ തേങ്ങ കണ്ട്‌ അതിൽ എങ്ങനെ കേറിപ്പറിക്കുമെന്ന ആലോചനയിലായിരുന്നു. നോക്കിയപ്പോൾ തൊട്ടുതാഴെ ഒന്നുരണ്ടു തേങ്ങകൾ. ആൾ താമസമില്ലെന്ന്‌ ഉദ്ദേശിച്ചത്‌ അങ്ങനെയാണ്‌. പക്ഷേ കെട്ടിടത്തിന്റെ മതിലിനോട്‌ ചേർന്ന്‌ ഒന്നുരണ്ട്‌ പൊതിച്ച തേങ്ങകളുടെ മടലും ചകിരിയും കണ്ടപ്പോൾ – അപ്പോൾ ഇവിടെ നിന്നും എങ്ങോട്ടെങ്കിലും മാറണമെന്ന്‌ കരുതിയിരുന്ന നേരത്താണ്‌ ചെറുപ്പക്കാരന്റെ വരവ്‌. അയാളെന്തെങ്കിലും ഇങ്ങോട്ട്‌ സംസാരിക്കുന്നതിന്‌ മുന്നേ അങ്ങോട്ട്‌ കേറിപ്പറയുകയായിരുന്ന തന്റെ പരുങ്ങലും ഭാവവും കണ്ടതുകൊണ്ടാകണം അയാൾ ഒച്ചവെച്ച്‌ സംസാരിച്ചു തുടങ്ങിയത്‌. അവസാനം അയാളുടെ കാൽക്കൽ വീഴുകയേ നിവർത്തിയുണ്ടായിരുന്നുള്ളൂ. ഉള്ള സത്യം തുറന്ന്‌ പറഞ്ഞാൽ രക്ഷകിട്ടിയെങ്കിലോ എന്ന്‌ കരുതിയാണ്‌ അയാളോട്‌ യാചനയുടെ സ്വരത്തിൽ പറഞ്ഞത്‌. അന്നത്തെ തന്റെയാ നിലപാടിൽ നിന്ന്‌ അയാൾ മുതലെടുക്കുകയായിരുന്നെന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു.

ഇത്രയെല്ലാം ക്രൂരത കാണിക്കാനും അടിപിടി തുടങ്ങിയ കൃത്യങ്ങൾ നിർവ്വഹിക്കാനും കഴിയുമെങ്കിലും, പോലീസെന്നു കേൾക്കുമ്പോൾ അറുമുഖത്തിനു പേടിയാണ്‌. ഒരിക്കൽ സേലത്തുവച്ചും പിന്നീടീ പട്ടണത്തിൽവച്ചും ഒന്നുരണ്ടുതവണ അവരുടെ കസ്‌റ്റഡിയി കഴിയേണ്ടിവന്ന ഓർമ്മയാണതിന്‌ കാരണം. സേലത്തുവച്ച്‌ പോലീസുകാരുടെ കസ്‌റ്റഡിയിൽപ്പെട്ടത്‌ വാസ്തവത്തിൽ നിരപരാധിയായ ഒരു സംഭവത്തെ ചൊല്ലിയായിരുന്നു. ബസ്‌സ്‌റ്റാൻഡിനടുത്തുള്ള ഒരു റിക്ഷാക്കാരനായ വേലുണ്ണി ഒരുതവണ കൊണ്ടുവന്ന പെണ്ണിനെ വാസ്തവത്തിൽ രക്ഷിക്കുകയായിരുന്നു താൻ ചെയ്തത്‌. അവളെ വലവീശി ഏതോ ഹോട്ടലിലേയ്‌ക്ക്‌ കൊണ്ടുപോകുന്ന സമയത്താണ്‌ താനിടപ്പെട്ടത്‌. ഒന്നുംരണ്ടും പറഞ്ഞുള്ള വാക്കുകൊണ്ടുള്ള കളി പിന്നീടൊരു ഏറ്റുമുക്കലിൽ അവസാനിച്ചു. അതോടെ ബീറ്റിനിറങ്ങിയ പോലീസുകാരുടെ കയ്യിലായി. രണ്ടുപേരും പോലീസ്‌സ്‌റ്റേഷനിൽ. പക്ഷേ കയ്യിലുള്ള പൈസകൊടുത്തിട്ടോ, മുൻപരിചയമുള്ളതുകൊണ്ടോ വേലുണ്ണിയെ പാതിരാവിനോടടുത്തസമയം അവിടെ നിന്നിറക്കിവിട്ടു. ഒന്നും കയ്യിലില്ലാ എന്നതിന്റെ ദേഷ്യം തീർത്തതാകണം പോലീസുകാർ. രണ്ടുപേർ ശരിക്കും മാറി മാറി പെരുമാറി. പിറ്റേദിവസം അവരുടെ വാനിൽ റെയിൽവേ സ്‌റ്റേഷനിൽ കൊണ്ടിറക്കിവിട്ടപ്പോൾ അയാൾക്ക്‌ നടക്കാൻപോലും പറ്റില്ലായിരുന്നു. പിന്നീട്‌ വേലുണ്ണിയുമായി ചങ്ങാത്തത്തിലായി എന്നതാണ്‌ അതിന്റെ പരിണിതഫലം. അയാളുമായി ചങ്ങാത്തത്തിൽ പെട്ടാൽ പോലീസുകാരുടെ കയ്യിൽ പെട്ടാലും രക്ഷപ്പെടാൻ പറ്റുമെന്നു മിഥ്യാധാരയായിരുന്നു അതിനു കാരണം.

പക്ഷേ പിന്നീടൊരു കൊലപാതം. വേലുണ്ണിയുടെ റിക്ഷയിൽ കൊണ്ടുവന്ന ഒരു കുഞ്ഞിനെ റയിൽവേസ്‌റ്റേഷനിൽ തമ്പടിച്ചിരുന്ന കുഞ്ഞുങ്ങളില്ലാത്ത നാടോടികളായ ഭിക്ഷക്കാർക്ക്‌ കൊടുത്തതിനെ ചൊല്ലിയുണ്ടായ വഴക്ക്‌. ഭിക്ഷക്കാർ നൽകിയ തുക അയാളൂഹിച്ചതിലും വലിയതായിരുന്നു. അഞ്ഞൂറു രൂപ. പ്രായംചെന്ന്‌ നിൽക്കുന്ന ഇവർക്കെന്തിനാണീ കുഞ്ഞെന്ന്‌ അറുമുഖം ആലോചിക്കാതിരുന്നില്ല. അഞ്ഞൂറുരൂപ കിട്ടിയെന്നത്‌ വേലുണ്ണിയേക്കാളും മുന്നേ അയാളുടെ കൂട്ടുകാരനറിഞ്ഞു. ആദ്യം അത്‌ പങ്കിട്ടതിനെ ചൊല്ലിയുണ്ടായ തർക്കം പിന്നീട്‌ ചെന്നെത്തി നിന്നത്‌ വേലുണ്ണിയുടെ വീട്ടിൽ കഴിയുന്ന ഒരു യുവതിയിലായി. വേലുണ്ണി അവളെ മദ്രാസ്സിലുള്ള ഏതോ ചെട്ടിയാർക്ക്‌ കൈമാറ്റം ചെയ്യാനായി റയിൽവേസ്‌റ്റേഷനിൽ വന്ന സമയത്തായിരുന്നു. അറുമുഖം ഈ യുവതിയെ പലപ്പോഴും കണ്ടിട്ടുണ്ട്‌. കറുത്ത സുന്ദരി. ഇവളെങ്ങനെ വേലുണ്ണിയുടെ കൂരയിൽ വന്നുപെട്ടു? വേലുണ്ണിയുടെ കൂട്ടുകാരനും അറുമുഖവും കൂടി ഒരു പദ്ധതി ആസൂത്രണം ചെയ്തു. അവളെ എങ്ങനെയെങ്കിലും ഇവന്റെ കൈയ്യിൽ നിന്ന്‌ മോചിപ്പിക്കണം. വേലുണ്ണിയുടെ പണത്തിനോടുള്ള ആർത്തിമൂലം വേണ്ടിവന്നാൽ സ്വന്തം കുഞ്ഞിനേയും ഭാര്യയേയും വരെ കച്ചവടം ചെയ്യാൻ മടിക്കില്ല. ഇതൊന്നവസാനിപ്പിക്കണമെന്ന ചിന്തയായിരുന്നു, അപ്പോൾ. തന്റെ ജീവിതത്തിൽ അപൂർവ്വമായെങ്കിലും എന്തെങ്കിലും നല്ലകാര്യം ചെയ്യണമെന്നാലോചിച്ചപ്പോഴൊക്കെ താനപകടത്തിൽ പെടുകയായിരുന്നു, അറുമുഖം ഓർത്തു.

രാത്രിവണ്ടിയ്‌ക്ക്‌ വേലുണ്ണി അവളെ മദ്രാസിന്‌ കൊണ്ടുപോകാനായി സ്‌റ്റേഷനിൽ വരികയായിരുന്നു. പക്ഷേ അറുമുഖത്തിന്‌ മനസ്സിലായി ഇതൊരു ചതിയാണെന്ന്‌. അവളോട്‌ സംസാരിച്ച വേലുണ്ണിയുടെ കൂട്ടുകാരനോടവൾ പറഞ്ഞത്‌ അവൾ തൃശ്ശൂരിലേയ്‌ക്ക്‌ പോവുകയാണെന്നാണ്‌. പക്ഷേ ടിക്കറ്റ്‌ എടുത്തിരിക്കുന്നത്‌ മദ്രാസിനും. അവളെ അവിടെയേതെങ്കിലും ചെട്ടിയാർക്ക്‌ കാഴ്‌ചവയ്‌ക്കലാണ്‌ ഉദ്ദേശമെന്നും അറുമുഖം ഊഹിച്ചു. പണ്ടും വേലുണ്ണി ഇങ്ങനത്തെ ചില ഇടപാടുകൾ നടത്തിയതറിയാം. അതോടെ വേലുണ്ണിയുടെ കൂട്ടുകാരനും അറുമുഖവും ഇവളെ ഈ ചതിയിൽ നിന്ന്‌ രക്ഷിക്കുന്ന കാര്യമാലോചിക്കുമ്പോഴാണ്‌, വേലുണ്ണി രാത്രിഭക്ഷണത്തിന്‌ കുറെ പഴവും റൊട്ടിയും വാങ്ങിക്കൊണ്ടുവരാമെന്ന്‌ പറഞ്ഞ്‌ പ്ലാറ്റ്‌ഫോമിലുള്ള സ്‌റ്റാളിനടുത്തേക്ക്‌ നീങ്ങിയത്‌. ആ സമയത്താണ്‌, കൊച്ചിക്കുള്ള വണ്ടി വരുന്നത്‌. പെട്ടെന്നാണ്‌ അറുമുഖത്തിന്റെ ബുദ്ധിപ്രവർത്തിച്ചത്‌. ഇതാ ട്രെയിൻ വന്നെന്നും വേഗം വണ്ടിയിലോട്ട്‌ കേറാൻ പറഞ്ഞു. വേലുണ്ണിയുടെ കൂട്ടുകാരനെ പരിചയമുണ്ടായിരുന്നതുകൊണ്ട്‌ അവൾക്കവിശ്വസിക്കേണ്ടി വന്നില്ല. വേലുണ്ണി പഴം വാങ്ങിക്കൊണ്ട്‌ വണ്ടിയിൽ കയറുമെന്ന്‌ പറഞ്ഞതോടെ അവൾക്ക്‌ വേറൊന്നും ആലോചിക്കാനില്ലായിരുന്നു. പക്ഷേ ട്രെയിൻ വിടാൻ നേരത്ത്‌ വണ്ടിയിൽ കയറിയത്‌ അറുമുഖവും വേലുണ്ണിയുടെ കൂട്ടുകാരനും. നിജസ്ഥിതി അവൾ അറിഞ്ഞപ്പോഴേക്കും വണ്ടി പ്ലാറ്റ്‌ഫോം വിട്ട്‌ സ്പീഡെടുത്ത്‌ തുടങ്ങിയിരുന്നു. അവളുടെ വിചാരം അറുമുഖവും കൂട്ടുകാരനും അവളെ ചതിക്കുകയായിരുന്നെന്നാണ്‌. പക്ഷേ ഒരു ചതിയിൽ നിന്ന്‌ നിന്നെ രക്ഷിക്കുകയായിരുന്നെന്ന്‌ പറഞ്ഞിട്ടും യുവതി വിശ്വസിച്ചില്ല. അവൾ ബഹളം കൂട്ടാൻ തുടങ്ങിയതോടെ അറുമുഖം അവളെ അവളുടെ പാട്ടിന്‌ വിട്ടേക്കാൻ പറഞ്ഞ്‌ ഡോറിനടുത്തേയ്‌ക്ക്‌ നീങ്ങി. പക്ഷേ, കൂട്ടുകാരന്റെ ഉദ്ദേശം വേറൊന്നായിരുന്നു. വേണേൽ തൃശൂരിലെത്തിക്കാതെ തന്നെ കോയമ്പത്തൂരിലോ എവിടെയെങ്കിലും ഇറക്കി ഇവളെക്കൊണ്ട്‌ പിന്നീട്‌ പ്രയോജനപ്പെടുത്താമെന്നും അങ്ങനൊരു വഴി ആലോചിക്കാമെന്നായിരുന്നു. അവിടെ തന്റെ ജീവിതത്തിലെ വഴിത്തിരിവ്‌ സൃഷ്ടിച്ച മറ്റൊരു സംഭവം നടന്നു. ഒന്നും രണ്ടും പറഞ്ഞുള്ള വാക്കേറ്റം അവസാനം ഒരു സംഘട്ടനത്തിലേയ്‌ക്ക്‌ നീങ്ങി. അറ്റകൈയ്‌ക്ക്‌ ട്രെയിനിലെ ചങ്ങല വലിക്കാൻ തുടങ്ങിയ വേലുണ്ണിയുടെ കൂട്ടുകാരനെ അറുമുഖം തടഞ്ഞു. മുഖമടച്ചുള്ള ഒരു തൊഴിയോടെ അറുമുഖം മറിഞ്ഞുവീണു. ആ വീഴലിൽ പറ്റിയ ചെവിയോടു ചേർന്നുള്ള മുറിവിൽ നിന്നും കുടുകുടെ ചോരയൊഴുകുന്നതു കണ്ടതോടെ അവൻ അയാളെ വലിച്ച്‌ താഴെയിട്ട്‌ കണ്ണുംമൂക്കും അടച്ചു പ്രഹരിച്ചു.

ഡോറിന്നടുത്തേയ്‌ക്ക്‌ നീങ്ങിയ അവന്റെ കഴുത്തിനു ചേർത്ത്‌ പിടിച്ച്‌ തല ഡോറിന്മേൽ ബലമായിട്ടടിച്ച്‌ വീഴ്‌ത്തുകയായിരുന്നു. കുഴഞ്ഞുവീണ അറുമുഖത്തിന്റെ കൂട്ടുകാരൻ അനക്കമില്ലാതെ കിടക്കുന്നതു കണ്ടപ്പോൾ അറുമുഖത്തിന്‌ മനസ്സിലായി താനൊരു കൊലപാതകിയായിക്കഴിഞ്ഞെന്ന്‌. രാത്രി സമയം മറ്റുള്ള യാത്രക്കാർ ഉറക്കത്തിലായതിനാൽ അവരാരും ഇതറിഞ്ഞില്ലെന്ന്‌ മനസ്സിലായതോടെ പിന്നീടവന്‌ വേറൊന്നും ആലോചിക്കാനില്ലായിരുന്നു. ഡോറിനടുത്ത്‌ കിടന്ന അവന്റെ ബോധമറ്റ ശരീരം ഒരു വളവ്‌ തിരിയുന്ന സമയത്ത്‌ തള്ളി താഴെയിട്ടു. ഇതിനിടയിൽ ആരോ അപായച്ചങ്ങല വലിച്ച്‌ ട്രെയിൻ നിർത്തിയിരുന്നു. ട്രെയിനിന്റെ മറുവശത്തുള്ള ഡോറിൽ കൂടി അറുമുഖം ചാടിയിറങ്ങി. ആ രാത്രി ചപ്പും ചെളിയും നിറഞ്ഞ വഴിത്താരയിലൂടെ ഓടുകയായിരുന്നു. വണ്ടി നിൽക്കാൻ കാരണം ആ യുവതി ബഹളം കൂട്ടി ആരെയെങ്കിലും ഉണർത്തി അപായചങ്ങല വലിച്ചതു കൊണ്ടാവണമെന്ന്‌ അറുമുഖം ഊഹിച്ചു. അവളെ രക്ഷിക്കാൻ വേണ്ടിയാണീ കൊടും കൃത്യം ചെയ്യേണ്ടിവന്നതെന്ന്‌ പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? അവളും അറുമുഖത്തിനെ അവിശ്വസിക്കുകയേയുള്ളൂ. അതുകൊണ്ട്‌ തളർന്ന്‌ വീഴുവോളം അയാൾ അവിടെ നിന്നും ഓടുകയായിരുന്നു.

തന്റെ ഒരു കാൽ നഷ്ടപ്പെട്ടതും ഒരു പെണ്ണിനുവേണ്ടി. താനൊരു കൊലപാതകിയായി മാറിയതും വേറൊരു പെണ്ണിനുവേണ്ടി. പക്ഷേ എത്ര നാളാണിവിടെ ഇങ്ങീ കേരളത്തിൽ – ഈ പട്ടണത്തിന്റെ വൃത്തികേടുകൾ കൂട്ടിയിടുന്നിടത്ത്‌ താമസിക്കുക? കൊതുകിന്റെയും മറ്റു ക്ഷുദ്രജീവികളുടെയും കടിയും ഉപദ്രവവും ഏറ്റ്‌. എത്ര നാൾ? സേലത്ത്‌ ഒന്നുപോയി സ്ഥിതിഗതികൾ ഒന്നു മനസ്സിലാക്കിയാൽ –

പെട്ടെന്ന്‌ അറുമുഖം ഞെട്ടിത്തരിച്ചു. ഒരുപക്ഷേ പോലീസന്വേഷിച്ചു വന്നാൽ? പിടികൂടിയാൽ -?

എന്നാലും ഭേദമാണ്‌. ഈ ഒന്നരക്കാലും വച്ച്‌ ഒറ്റക്കണ്ണുമായി ഈ നഗരത്തിലെ വൃത്തികേടുകൾക്കിടയിൽ കഴിയുന്നതിലും ഭേദം ജയിലിൽ കഴിയുന്നതുതന്നെ. ഏതായാലും ജയിൽ ശിക്ഷയാണ്‌ ഇതിലും നല്ലതെന്ന്‌ തോന്നിത്തുടങ്ങിയതോടെ അറുമുഖത്തിന്‌ ഇരിപ്പുറയ്‌ക്കാതെയായി. ഒന്നു സേലം വരെ പോവുക. സ്ഥിതിഗതികൾ മനസ്സിലാക്കുക. കേസ്സും കൂട്ടവും ഒന്നുമില്ലെങ്കിൽ ഇവിടെ വന്ന്‌ ശിവാനന്ദൻ മുതലാളിയേയും മുരുകനെയും കണ്ട്‌ തന്റെ പേരിലുള്ള ബാങ്കിലെ തുക മേടിച്ച്‌ സ്ഥലം വിടുക –

അല്ലെങ്കിൽ…?

അല്ലെങ്കിലെന്ത്‌? ഇതിനേക്കാളും നല്ലത്‌ ജയിൽ വാസം തന്നെ. ആയുഷ്‌ക്കാലം പേടിച്ച്‌ സകലരുടെയും വെറുപ്പിനും പരിഹാസത്തിനും പാത്രമായി കഴയുന്നതിനേക്കാളും നല്ലത്‌ ജയിൽവാസം തന്നെ. ഒന്നരക്കാലായതുകൊണ്ട്‌ ശിക്ഷിക്കപ്പെട്ടാലും കൂടുതൽ അദ്ധ്വാനമുള്ള ജോലി ചെയ്യേണ്ടിവരില്ല. അതോടെ അറുമുഖത്തിന്റെ മനസിൽ നിന്ന്‌ വലിയൊരു ഭാരമൊഴിഞ്ഞതുപോലെ –

അതെ – ഇന്നുരാത്രി തന്നെ ഇവിടെ നിന്നും കള്ളവണ്ടി കയറിയാണെങ്കിലും സേലത്തെത്തണം.

Generated from archived content: daivam9.html Author: mk_chandrasekharan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here