ഭാഗം ഃ ഏഴ്‌

ഞാൻ സേലത്തായിരുന്നപ്പോ ഒരു ബന്ധത്തിലേർപ്പെട്ടു. അന്ന്‌ കോയമ്പത്തൂരിൽ നിന്നും സേലത്തു നിന്നും പമ്പുസെറ്റുകളും പൈപ്പുകളും വാങ്ങി തൃശ്ശൂരും പാലക്കാട്ടും എത്തിക്കുകയായിരുന്നു പ്രധാന ജോലി.

കൂടെക്കൂടെ യാത്ര വേണ്ടിവരുന്ന ഒരു ജോലി. ബുദ്ധിമുട്ടുള്ള ജോലിയായിരുന്നെങ്കിലും തമിഴ്‌നാട്ടിൽ നിന്നും ഫാക്ടറിവിലയ്‌ക്ക്‌ തന്നെ വാങ്ങാൻ കഴിയുന്ന പമ്പുസെറ്റുകൾ ഇവിടെ മാർക്കറ്റ്‌ വിലയ്‌ക്ക്‌ വിൽക്കാൻ കഴിഞ്ഞതുകൊണ്ട്‌ നല്ല വരുമാനമായിരുന്നു. വൈക്കത്തുണ്ടായിരുന്ന ജനിച്ച വീടും ഭൂമിയും വിറ്റ്‌ വൈറ്റിലയിൽ കുറെ സ്ഥലം വാങ്ങി. ബാക്കിവന്ന കാശു മുടക്കി തുടങ്ങിയ ബിസിനസ്സാണ്‌. അന്ന്‌ സേലത്ത്‌ ഞാൻ സ്ഥിരമായി താമസിക്കുന്നത്‌ ഒരു പാണ്ടി നടത്തുന്ന ലോഡ്‌ജിലാണ്‌. ചെറിയൊരു വീട്‌ ലോഡ്‌ജാക്കി മാറ്റിയതാണ്‌. പാണ്ടിയാണെങ്കിലും അയാള്‌ ജനിച്ചതും മുതിരുന്നതുവരെ വളർന്നതും കൊല്ലത്തായിരുന്നു. ദൊരൈ എന്നായിരുന്നു അയാളുടെ പേര്‌. പിന്നീടെങ്ങനെയോ വീട്ടിന്ന്‌ പിണങ്ങിയിറങ്ങിത്തിരിച്ച്‌ കറങ്ങി അവിടെവന്ന്‌ കൂടിയതാ. അയാളവിടെ സേലത്ത്‌ ഒരു തമിഴത്തിയെ കല്യാണം കഴിച്ചു. അതിൽ രണ്ടു കുട്ടികളും. പെണ്ണിന്റെ തന്തയ്‌ക്ക്‌ മൂന്നാലു പശുക്കളും എരുമയും ഉണ്ട്‌. അതിനെകൊണ്ട്‌ പാലും തൈരുമൊക്കെയായി ഉപജീവനം നടത്തി – കൊറെ കാശുമായി. പെട്ടെന്നൊരപകടത്തിൽ – എന്തപകടമാണെന്നറിയില്ല – പെണ്ണിന്റെ തന്ത ഒരു സുപ്രഭാതത്തിൽ വടി. അതോടെ പാണ്ടി ഓർക്കാപ്പുറത്തൊരു മൊതലാളി. അയാളത്യാവശ്യത്തിന്‌ ഒന്നുരണ്ട്‌ പശുക്കളെ മാത്രം നിർത്തി. ബാക്കിയുള്ളതിനെ വിറ്റു കാശാക്കി. താമസിക്കുന്ന വീട്‌ ഒരു ഭാഗം മാത്രം ഉപയോഗിച്ച്‌ ബാക്കി ലോഡ്‌ജാക്കി. സ്ഥിരം താമസക്കാരൻ ഞാൻ മാത്രം.

എനിക്കവിടെത്തന്നെ ഊണും കാപ്പികുടിയുമെല്ലാം. ദൊരൈയുടെ ഭാര്യയുടെ അനിയത്തി, പേര്‌ സുന്ദരി – കറുപ്പ്‌ നിറമാണെങ്കിലും – ഏഴഴക്‌. എന്റെ മുറി അടിച്ചു വാരാനും മുറിയിൽ പാലു കൊണ്ടുവരാനുമൊക്കെ അവള്‌ വരും. അവളെ എനിക്കിഷ്ടമായി. ദൊരൈയുടെയും ഭാര്യയുടെയും ആവശ്യം അതായിരുന്നു. പെണ്ണിനെ ഒരുത്തന്റെ കൈയ്യിൽ വലിയ ചെലവില്ലാതെ പിടിച്ചേല്പിക്കണം. പിന്നെ ലോഡ്‌ജും വീടും സ്വന്തം. ആറേഴ്‌ കൊല്ലം മുമ്പുള്ള കാര്യമാണ്‌. പെണ്ണിന്‌ മലയാളം എഴുതാനും വായിക്കാനും അറിയില്ല. എന്നാലും നന്നായിട്ട്‌ സംസാരിക്കും. അല്പം തമിഴ്‌ചുവയുണ്ടെന്നേ ഉള്ളൂ. അവസാനം അവളെ ഞാൻ കല്യാണം കഴിച്ചെന്ന്‌ പറഞ്ഞാൽ മതിയല്ലോ. വലിയ ആർഭാടവും ഘോഷവും ഇല്ലാതെ തൊട്ടടുത്ത കോവിലിൽ വച്ച്‌ അവളുടെ കഴുത്തിൽ താലിചാർത്തി. അവിടെത്തന്നെ താമസവും. ഞാൻ മിക്ക ദിവസവും യാത്രയിലായിരിക്കും. നീ പറഞ്ഞതുപോലെ, വീട്ടിൽ ഒരാൾ കാത്തിരിക്കുമെന്ന ചിന്തയൊക്കെ അന്നെന്റെ മനസിൽ ഓരോ യാത്രയിലും ഉണ്ടാവും. അതുകൊണ്ട്‌ കഴിയുന്നതും അന്നന്ന്‌ തന്നെ മടങ്ങാൻ നോക്കും.

ആദ്യത്തെ ഒന്നൊരക്കൊല്ലം വലിയ കുഴപ്പമില്ലായിരുന്നു. പിന്നെയവൾ ഗർഭിണിയായപ്പോഴാണ്‌ പ്രശ്നങ്ങൾ തുടങ്ങിയത്‌. വീടിന്‌ വേറൊരവകാശി വരുമെന്ന ചിന്തയായിരിക്കാം കാരണമെന്ന്‌ തോന്നുന്നു. ദൊരൈയുടെയും അയാളുടെ കെട്ടിയവളുടെയും മട്ടും ഭാവവും മാറി.

‘സുന്ദരിയെ വേറെവിടെങ്കിലും കൊണ്ടുപോയി താമസിപ്പിക്കണം’ അതാണ്‌ ഡിമാന്റ്‌. സുന്ദരിക്കും എന്തുകൊണ്ടോ അവിടെ നിന്ന്‌ മാറണമെന്നുണ്ടായിരുന്നു.

അവളത്‌ പലപ്രാവശ്യം എന്നോട്‌ സൂചിപ്പിച്ചു. മാറുന്ന കാര്യത്തിൽ എനിക്ക്‌ വെഷമമൊന്നുമില്ലായിരുന്നു. പക്ഷേ, മിക്കപ്പോഴും കേരളം, മദ്രാസ്‌ എന്നിങ്ങനെ ഷണ്ടിങ്ങ്‌ നടത്തുന്ന എനിക്ക്‌ എന്നും വീട്ടിൽ വരാൻ പറ്റില്ല. ഇവിടെ വൈറ്റിലയിലുള്ള പറമ്പ്‌ അനാഥമായി കിടക്കുന്നു. അതുപോലും നോക്കാൻ നേരമില്ല.

ഞാൻ പറഞ്ഞു. ‘ഇവളുടെ പ്രസവം കഴിയട്ടെ, ഞാനെവിടെങ്കിലും ഒരു വീട്‌ വാടകയ്‌ക്കെടുത്ത്‌ അവളെ മാറ്റിക്കൊള്ളാം.’

ആദ്യം ദൊരൈ എതിർത്തെങ്കിലും പിന്നീട്‌ സഹകരിച്ചു. അങ്ങനെ കൊറെനാൾ കഴിഞ്ഞു.

ആയിടയ്‌ക്ക്‌ എനിക്ക്‌ കുറെ ഏറെ പമ്പുസെറ്റുകൾക്കുള്ള ഓർഡർ കിട്ടി. സേലത്തു നിന്നു തന്നെ. സ്ഥിരമായി ഞാനോർഡർ കൊടുക്കുന്നതുകൊണ്ട്‌ ക്രെഡിറ്റിൽ തന്നെ സാധനം കിട്ടി. എല്ലാം കൂടി ഒരുമിച്ച്‌ കൊണ്ടുപോകാനുള്ള ബുദ്ധിമുട്ടോർത്ത്‌ അതിൽ നാലഞ്ചെണ്ണം ഞാൻ മുമ്പ്‌ ഉപയോഗിക്കുമായിരുന്ന മുറിയിൽവച്ചു. വിവാഹം കഴിഞ്ഞതോടെ ലോഡ്‌ജിൽ പണ്ട്‌ താമസിച്ച മുറി ഞാൻ സ്വന്തംപോലെ ഉപയോഗിക്കുകയായിരുന്നു. അതൊഴിച്ചുള്ള മുറികളേ വാടകയ്‌ക്ക്‌ കൊടുത്തിരുന്നുള്ളൂ.

ആദ്യത്തെ ഡെലിവറി തൃശൂരുള്ള ഒരു പാർട്ടിയ്‌ക്കായിരുന്നു. രണ്ടെണ്ണം ട്രെയിനിൽ കൊണ്ടുപോയി തൃശൂരിലിറക്കി. അവിടെനിന്നും ഒരു വാനിൽ കയറ്റി കൊണ്ടുപോകുന്നവഴി ഒരപകടം. വാൻ ബ്രേക്ക്‌ പൊട്ടി ഒരു മതിലിൽ ചെന്നിടിച്ച്‌ മറിഞ്ഞ്‌ ഞാനും ഡ്രൈവറും ഹോസ്‌പിറ്റലിലായി. എനിക്കാണെങ്കിൽ കൈയ്‌ക്കും കാലിനും മുറിവ്‌. ഡ്രൈവർക്ക്‌ ബോധമില്ല. ഏതാണ്ട്‌ രണ്ടാഴ്‌ചയോളം ഞാൻ ആശുപത്രിയിൽ കിടന്നു. വണ്ടിക്ക്‌ ആവശ്യമായ രേഖകളില്ലാത്തതിന്റെ പേരിൽ പോലീസ്‌ കസ്‌റ്റഡിയിൽ. ഡ്രൈവറുടേയും എന്റേയും പേരിൽ കേസ്‌. പമ്പുസെറ്റുകളും പോലീസ്‌ കസ്‌റ്റഡിയിൽ.

സുന്ദരി പൂർണ്ണ ഗർഭിണിയായിരുന്ന സമയത്തായിരുന്നു എന്റെ യാത്ര. അവളന്ന്‌ പറഞ്ഞതാ, ഇപ്പോൾ യാത്ര വേണ്ട, കുറച്ചുനാൾ കഴിഞ്ഞിട്ട്‌ മതീന്നൊക്കെ. പക്ഷേ ഒരുമിച്ച്‌ ആറേഴെണ്ണത്തിന്റെ ഓർഡറും സാധനം ക്രെഡിറ്റിൽ കിട്ടാനുള്ള സൗകര്യവും ഒക്കെ ആലോചിച്ചപ്പോൾ അവള്‌ പറഞ്ഞത്‌ കേൾക്കാതെ ഇറങ്ങിത്തിരിച്ചതിന്റെ ശിക്ഷ.

ഞാൻ അപകടത്തിൽ പെട്ട്‌ കിടക്കുന്ന വിവരം ദൊരൈയെ അറിയിച്ചിരുന്നു. ആദ്യം ടെലഗ്രാം വഴി. പിന്നെ ആശുപത്രിയിൽ കിടന്നുകൊണ്ട്‌ തന്നെ എഴുത്തിട്ടു. പക്ഷേ അവരാരും തിരിഞ്ഞുനോക്കിയില്ല. ആശുപത്രിയിൽ നിന്ന്‌ ഡിസ്‌ചാർജ്ജ്‌ ചെയ്തിട്ടും എളുപ്പം പോരാനായില്ല. കേസും പുക്കാറുമായി നാലഞ്ച്‌ ദിവസം കൂടി കഴിഞ്ഞിട്ടേ പോവാൻ പറ്റിയുള്ളൂ. കയ്യിലുണ്ടായിരുന്ന കാശ്‌ തീർന്നു. പമ്പ്‌ സെറ്റ്‌ വാങ്ങാമെന്ന്‌ സമ്മതിച്ച പാർട്ടിയോട്‌ കുറെ പൈസ കടം വാങ്ങിയെ തിരിച്ച്‌ പോകാനായുള്ളൂ. പമ്പ്‌ സെറ്റ്‌ ഒട്ടു വിൽക്കാനുമായില്ല.

സേലത്ത്‌ ചെന്നപ്പോ അതിലും വലിയ പുകില്‌. സുന്ദരിയെ കാണുന്നില്ല. പ്രസവിക്കാൻ നേരം ആശുപത്രിയിലാക്കിയതായി അറിയാം. പ്രസവിച്ചെന്നും അറിയാം. മറ്റൊന്നും അറിഞ്ഞൂടാ. കാരണം പ്രസവിക്കാൻ പോയനേരം ദൊരൈയുടെ ഒരു ചേച്ചി, തൃശ്ശിനാപ്പള്ളിയിൽ കല്യാണം കഴിച്ച്‌ പോയത്‌ മരിച്ചെന്ന വിവരം വന്നതുകൊണ്ട്‌ ദൊരൈയ്‌ക്കും ഭാര്യയ്‌ക്കും അങ്ങോട്ട്‌ പോവേണ്ടി വന്നത്രെ. സുന്ദരിയുടെ കൂടെ പോയത്‌ അയൽപക്കത്തുള്ള റിക്ഷാക്കാരൻ വേലുണ്ണിയുടെ ഭാര്യ മീനാക്ഷിയായിരുന്നു. മീനാക്ഷി പറയുന്നത്‌ സുന്ദരി പ്രസവിച്ചു. ഏഴാം നാൾ ആശൂത്രീന്ന്‌ ഡിസ്‌ചാർജ്ജ്‌ ചെയ്തപ്പോ ദൊരൈയും ഭാര്യയും സ്ഥലത്തില്ല. അതുകൊണ്ട്‌ ബില്ലടയ്‌ക്കാനുള്ള പൈസ കൊടുക്കാനാവാതെ ബുദ്ധിമുട്ടി. വേലുണ്ണിയുടെ കയ്യിലും ആവശ്യത്തിന്‌ പൈസയില്ലായിരുന്നു. പിന്നെ അയാളുടെ ഒരു കൂട്ടുകാരന്റെ അടുക്കൽ നിന്നും വാങ്ങേണ്ടിവന്നു. അയാളും ഒരു റിക്ഷാക്കാരൻ. ആശൂത്രീലെ എടപാട്‌ തീർന്ന്‌ വേലുണ്ണിയുടെ കൂട്ടുകാരന്റെ റിക്ഷയിൽ കയറി നേരെ അയാളുടെ വീട്ടിലേയ്‌ക്കാണത്രെ പോയത്‌. പിന്നീടൊന്നും അവർക്കറിയില്ല. ദൊരൈയും ഭാര്യയും കൂടി വേലുണ്ണിയുടെ കൂട്ടുകാരന്റെ അടുക്കൽ നിന്നും സുന്ദരിയെ കൂട്ടികൊണ്ടുവരാൻ ചെന്നപ്പോഴാണ്‌ പുകില്‌. കുഞ്ഞിനെ അവർ ആർക്കോ കൊടുത്തു. സുന്ദരിയുടെ അറിവോടെ. സുന്ദരി എന്ത്‌ ചെയ്താലും പോരില്ല. കുഞ്ഞില്ലാതെ അവൾ തിരിച്ച്‌ വീട്ടിലേയ്‌ക്കില്ലത്രെ.

ശിവാനന്ദന്റെ തൊണ്ടയിടറി, അല്പസമയം അയാൾ ശൂന്യതയിലേയ്‌ക്ക്‌ മിഴിച്ച്‌ നോക്കി അനങ്ങാതിരുന്നു. പിന്നെ തുടർന്നു.

‘ഞാൻ വേലുണ്ണിയുടെ കൂട്ടുകാരന്റെ വീട്ടിൽ പോയി. ദൊരൈയും വന്നു. അവളെന്തു ചെയ്താലും വരാനൊരുക്കമല്ല.

’കുഞ്ഞെന്ത്യേ‘ അവൾക്കറിഞ്ഞു കൂടാ. വേലുണ്ണിയുടെ കൂട്ടുകാരൻ പറയണത്‌ ആശൂത്രീന്ന്‌ വന്ന അന്ന്‌ കുഞ്ഞിനെ ആരോ മോഷ്ടിച്ചെന്നാണ്‌. സുന്ദരി പറയണത്‌ ആശൂത്രീവച്ച്‌ തന്നെ കുഞ്ഞിനെ ആർക്കോ വേലുണ്ണി വിറ്റെന്നാണ്‌. എല്ലാം പരസ്പരം വിരുദ്ധമായ അഭിപ്രായങ്ങളാണ്‌. ഏതാണ്‌ ശരി? ആർക്കും അറിഞ്ഞുകൂടാ.

പോലീസിൽ കംപ്ലെയന്റ്‌ ചെയ്യാമെന്ന്‌ വച്ചപ്പോൾ വേലുണ്ണിയും ദൊരൈയും സമ്മതിക്കുന്നില്ല. കുഞ്ഞില്ലാതെ തിരിച്ച്‌ വീട്ടിലേയ്‌ക്കില്ലെന്ന വാശി സുന്ദരിക്കും. ആദ്യമാദ്യം സുന്ദരി എപ്പോഴും കരച്ചിലായിരുന്നു. പിന്നീട്‌ അവൾ പലതും പുലമ്പാൻ തുടങ്ങി. പൂർണ്ണ ഗർഭിണിയായ ഒരുവളെ തിരിഞ്ഞുനോക്കാത്തവന്റെ കൂടെ ഇല്ലെന്ന്‌ . കുറെ കഴിഞ്ഞപ്പോൾ അവൾക്കെന്നോട്‌ പുച്ഛമായി. എന്തായാലും വരില്ലെന്നാണ്‌ മറുപടി. ഒരുതവണ എന്റെ ക്ഷമയുടെ നെല്ലിപ്പലക കണ്ടപ്പോൾ ഞാനവളെ തല്ലി. എന്റെ ജീവിതത്തിൽ ആദ്യമായും അവസാനമായും അവളെ കൈവച്ചതന്നായിരുന്നു. അതോടെ വേലുണ്ണിയും കൂട്ടുകാരനും കൂടി ബലം പ്രയോഗിച്ച്‌ അവിടെനിന്നെന്നെ ഇറക്കിവിട്ടു. ദൊരൈ ഇതു കണ്ടു നിന്നതല്ലാതെ അതിനെ എതിർത്തില്ല. ഞാനും പാപ്പരായിരുന്നു. കയ്യിൽ പത്ത്‌ പൈസപോലും ഇല്ല. ഈ അവസ്ഥയിൽ സുന്ദരിയെ കൂടെകൊണ്ടുവന്നാലും ദൊരൈയുടെ വീട്ടിലെ താമസം പറ്റില്ല. അതുകൊണ്ട്‌ കുറെ പൈസ എങ്ങനെയും സംഘടിപ്പിച്ചേ ഒക്കൂ എന്ന സ്ഥിതി. ഞാൻ ഒരുപ്രകാരത്തിൽ തൃശ്ശൂരെത്തി. പമ്പ്‌ സെറ്റ്‌ കൊടുത്ത കടയിൽ നിന്നും കുറെ പൈസ വാങ്ങി. ചുരുക്കിപറഞ്ഞാൽ മൂന്നാനാല്‌ പമ്പ്‌സെറ്റ്‌ സേലത്തേക്കാളും കുറഞ്ഞ വിലയ്‌ക്ക്‌ വിൽക്കേണ്ടിവന്നു എന്നു പറഞ്ഞാൽ മതിയല്ലൊ. പക്ഷേ കയ്യിൽ പൈസയില്ലാതെ പറ്റില്ല. കിട്ടിയ പൈസയുമായി വേലുണ്ണിയുടെ കൂട്ടുകാരന്റെ വീട്ടിൽ ചെന്നപ്പോൾ അതടച്ചിട്ടിരിക്കുന്നു. കിട്ടിയ വിവരങ്ങളെല്ലാം വേദനിപ്പിക്കുന്നവ. വേലുണ്ണിയുടെ കൂട്ടുകാരന്‌ റിക്ഷാപ്പണിക്കു പുറമെ, ബിസിനസ്‌, കള്ളവാറ്റും വിൽപനയുമുണ്ട്‌, പിന്നെ മുച്ചീട്ടുകളിയും. ആളത്ര നല്ല സ്വഭാവക്കാരനല്ല. അവൻ സുന്ദരിയുടെ കുഞ്ഞിനെയല്ല, സുന്ദരിയെത്തന്നെ വേണ്ടിവന്നാൽ വിൽക്കും. ഇപ്പോൾ തന്നെ വിറ്റില്ലില്ലെന്നെന്താണുറപ്പ്‌. അവിടെ നിന്ന്‌ നേരെ വേലുണ്ണിയുടെ വീട്ടിൽ ചെന്നപ്പോഴാണ്‌ സത്യാവസ്ഥ മനസിലായത്‌. ദൊരൈയും അറിഞ്ഞുകൊണ്ടൊക്കെ തന്നെയാണ്‌ സുന്ദരിയുടെ കുഞ്ഞിനെ കുട്ടികളെ ഉപയോഗിച്ച്‌ ഭിക്ഷാടനം നടത്തുന്ന ഏതോ ഒരുവന്‌ വിറ്റത്‌. ഞാൻ ദൊരൈയുടെ അടുത്ത്‌ ചെന്നു. ശരിക്കും പറഞ്ഞാൽ അവനെ അടിച്ചുവീഴ്‌ത്തി എന്നു പറയാം. ഓർക്കാപ്പുറത്തായിരുന്നതിനാൽ അവനൊന്നും ചെയ്യാൻ കഴിഞ്ഞില്ല. മുറിയിലെ കസേരയൊന്നെടുത്ത്‌ തലയ്‌ക്കടിക്കാനായി തുടങ്ങുമ്പോൾ അവന്റെ ഭാര്യ കാൽക്കൽവീണ്‌ കരഞ്ഞുകൊണ്ട്‌ അലമുറയിട്ടു. ഒരു കൊലപാതകം അല്ലെങ്കിലവിടെ നടന്നേനെ. അന്നവിടെ നിന്നിറങ്ങിപ്പോന്നതാണ്‌. പമ്പുസെറ്റുകൾ കുറഞ്ഞ വിലയ്‌ക്ക്‌ വിറ്റതിന്റെ കൊറെ കാശ്‌ മാത്രം. അതെടുത്ത കടകളിലെ കണക്ക്‌ തീർക്കാൻ തികയില്ല. എങ്കിലും ഒരിടത്തെ മാത്രം എടപാടു തീർത്ത്‌, അവിടെ നിന്ന്‌ നേരെ ഇങ്ങോട്ടു പോന്നു. പിന്നെ കയ്യിൽ കാര്യമായ കാശൊന്നും തന്നെയില്ലെന്ന്‌ പറയാം. വൈറ്റിലയിലെ പറമ്പ്‌ എങ്ങനെയെങ്കിലും വിൽക്കണം. സുന്ദരിയേയും കുഞ്ഞിനെയും കണ്ടുപിടിക്കണം. വേറെന്തെങ്കിലും ജോലി കണ്ടുപിടിക്കണം. പക്ഷേ, അടുത്ത നിമിഷം മനസ്സിലായി, അത്‌ വെറും മോഹങ്ങൾ മാത്രമാണെന്ന്‌. സുന്ദരിയേയും ആ ദുഷ്ടൻ ആർക്കെങ്കിലും വിറ്റുകാണും.

ഈ വിഷമതകളെല്ലാം കൂടി ഒരു കലിയിളകലിന്റെ സമയതാണ്‌ ട്രെയിനിൽ വച്ച്‌ ചെട്ടിയാർ സാറും താനും തമ്മിലുള്ള ഏറ്റുമുട്ടൽ. ദൊരൈയോടും വേലുണ്ണിയുടെ കൂട്ടുകാരനോടുമുള്ള ദേഷ്യമൊക്കെ തീർത്തത്‌ ചെട്ടിയാർക്കിട്ടും. അങ്ങനെയാണ്‌ നമ്മള്‌ തമ്മിൽ പരിചയപ്പെടുന്നത്‌. അന്ന്‌ ഞാൻ തീർച്ചപ്പെടുത്തിയതാണ്‌ കുടുംബജീവിതം എന്നൊന്ന്‌ ഇനിയീ ജീവിതത്തിൽ ഉണ്ടാവില്ലെന്ന്‌. പെണ്ണെന്നവർഗ്ഗത്തിനെ നമ്പാൻ പറ്റില്ലെന്ന ഒരു പാഠവും ഞാൻ പഠിച്ചു. അതാ താൻ വള്ളിയെ കൊണ്ടുവന്ന്‌ താമസിപ്പിച്ചുവെന്ന്‌ കേട്ടപ്പോൾ എതിർത്തത്‌. പക്ഷേ ഇതൊക്കെയാണേലും സുന്ദരിയെ കണ്ടുമുട്ടി സത്യാവസ്ഥ മുഴുവൻ തുറന്നുപറഞ്ഞാൽ ചെലപ്പോൾ ഞാനവളെ സ്വീകരിച്ചേക്കുമായിരിക്കും. എന്നാലും എനിക്കവളെ വിശ്വാസമില്ല.

ശിവാനന്ദൻ മുതലാളി ഇത്രയും ദീർഘമായി സംസാരിക്കുന്നത്‌ ഇതാദ്യമായിട്ടാണ്‌ മുരുകൻ കാണുന്നത്‌. അതുകൊണ്ട്‌ മുരുകന്‌ അയാളോട്‌ പറഞ്ഞറിയിക്കാൻ വയ്യാത്ത ആദരവും വിധേയത്വവും തോന്നി. അയാൾ പറഞ്ഞു.

’മൊതലാളി ഇതൊക്കെ കൊറച്ച്‌ നേരത്തെ പറയേണ്ടതായിരുന്നു. നമുക്കൊന്നുകൂടി അന്വേഷിക്കാം മൊതലാളീ!‘

’എവിടെ ചെന്നിട്ടാ? എനിക്കിനി അങ്ങോട്ട്‌ പോണംന്ന്‌ തന്നെയില്ല. എവിടെയെങ്കിലും പോയി തൊലയട്ടെ‘

’അതെന്നാ മൊതലാളി അങ്ങനെ പറയണെ? ചെലപ്പം സുന്ദരി അവിടത്തന്നെ കാണും‘

ശിവാനന്ദൻ മുരുകനെ മുഴുവനാക്കാൻ സമ്മതിച്ചില്ല.

’താനെന്നാ വിചാരിച്ചെ? ഞാനവിടെ പിന്നെ പോയില്ലെന്നാണോ? ഞാനൊരു തവണകൂടി അവിടെ പോയന്വേഷിച്ചു. അവൻ വേറൊരുത്തന്റെ കൂടെ പോയെന്നാ ദൊരൈ പറഞ്ഞെ. അവൻ പറയണത്‌ മുഴുവനും വിശ്വസിക്കാൻ പറ്റില്ലെങ്കിലും – അവളങ്ങനെ പോയെന്ന്‌ കേട്ടപ്പം ഒരു വെഷമം!

‘വേണ്ട – ഇനി മൊതലാളി പോവണ്ട. സ്ഥലമൊക്കെ കൃത്യമായി പറഞ്ഞുതന്നാൽ ഞാൻ തന്നെയൊന്നു പോയന്വേഷിക്കാം. മൊതലാളി വെലക്കരുത്‌’

ശിവാനന്ദൻ ഒന്നും മിണ്ടിയില്ല. മുരുകന്‌ തനിക്കുള്ളത്ര പഠിപ്പില്ലായിരിക്കാം. പക്ഷേ ആത്മാർത്ഥതയുള്ളവനാണ്‌. അവൻ പറഞ്ഞതുപോലെ ഇനിയത്തെ ശ്രമം അവനാകട്ടെ.

‘ശരി ഞാനെറങ്ങുന്നു മൊതലാളി. ഇത്‌ വച്ച്‌ താമസിപ്പിക്കേണ്ട. ഞാനൊരു ശ്രമം നടത്താം. ദൈവകൃപയൊണ്ടേ ഞാൻ വിജയിക്കും. അല്ലേ – പോട്ടേന്നുവയ്‌ക്കണം’.

ഇറങ്ങാനായി തുടങ്ങിയ മുരുകൻ ഒന്നുകൂടി തിരിഞ്ഞ്‌ നിന്ന്‌ പറഞ്ഞു.

‘അല്ല മൊതലാളി – ഇത്‌ വിജയിക്കും. എന്റെ മനസ്സങ്ങനെ പറേണു’.

Generated from archived content: daivam7.html Author: mk_chandrasekharan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here