ശിവാനന്ദന് അത്ഭുതമാണുണ്ടായത്. ഒരു പയ്യനെ വള്ളി മോനെപ്പോലെ കരുതി കൂടെ താമസിപ്പിക്കുക – അവന് വേണ്ടി ശിപാർശയ്‌ക്കായി ഇവൻ – ഈ കോന്തൻ – ഇവിടെ വരിക!
പക്ഷേ, എന്തുകൊണ്ടോ അയാൾ മുരുകനോട് ദേഷ്യപ്പെട്ടില്ല. മുരുകനാണെങ്കിൽ മുതലാളിയുടെ ശകാരം കേൾക്കാനായി വന്നതാണ്. ചിലപ്പോൾ ‘ഞാനും കൂടി വന്നവനെ ഒന്നു കാണട്ടെ’ എന്നു മുതലാളി പറഞ്ഞാലോ – പക്ഷേ മുതലാളി പറഞ്ഞതിത്രമാത്രം.
“ഇന്നലെ തന്നെ ആ മഴയത്ത് വീട്ടിൽ കൊണ്ടുവിട്ടതാ കുഴപ്പായേ. ഞാനല്പം സ്നേഹം കാണിച്ചുപോയി. തന്നോട് അപ്പോത്തന്നെ പറയേണ്ടതായിരുന്നു, വൈദ്യര്‌പടിക്കൽ പോയി അവനെ കൂട്ടി അവിടെ നമ്മുടെ താവളത്തിലെത്തിക്കാൻ; അത് പറഞ്ഞില്ല. ഇപ്പോഴൊണ്ട് ആ ചെക്കൻ -”
ശിവാനന്ദൻ ഒന്ന് നിർത്തി. മണിക്കുട്ടന്റെ ഏകദേശരൂപവും ആകൃതിയും വേഷവും എല്ലാം പറഞ്ഞുകേട്ടപ്പോൾ അയാൾക്കുറപ്പായി ഇതാ പയ്യൻ തന്നെ. അവനെങ്ങനെ ഇവരുടെയടുക്കൽ വന്നുപെട്ടു?
ശിവാനന്ദന് സംശയമായി. ഒരു പക്ഷേ മുരുകൻ അവനെ കൂട്ടിക്കൊണ്ടുവന്ന് വള്ളിയെ ഏല്പിച്ചതായിരിക്കുമോ? കുഞ്ഞുങ്ങളില്ലാത്ത ദുഃഖം രണ്ടുപേർക്കും കാണും. വള്ളി വന്നിട്ട് നാലഞ്ച് കൊല്ലമായീന്നല്ലെ പറഞ്ഞത്, ഒരുപക്ഷേ അത് തന്നെയായിരിക്കും കാരണം. എങ്കിലും ഒരവസാനശ്രമം എന്ന നിലയിൽ മുതലാളി മുരുകന്റെ നേരെ തിരിഞ്ഞു.
‘എടാ മുരുകാ നീ എന്റെ കൂടെ കൂടീട്ടെത്ര നാളായീന്നറിയ്യോ?’
‘അറിയാം’ ചോദ്യത്തിന്റെ പൊരുളെന്തെന്നറിയാതെ മുരുകൻ കുഴങ്ങി.
‘അപ്പോ നിനക്കെല്ലാം അറിയാം. നിന്നെ ഞാൻ ഒരു ജോലിക്കാരൻ എന്ന നിലയിലല്ല കണ്ടിട്ടുള്ളത്. നമ്മുടെ സ്ഥാപനത്തിലെ ശരിക്കുമുള്ള നടത്തിപ്പുകാരൻ നീയ്യാ… ഞാനല്ല. ശരിക്കും പറഞ്ഞാൽ – നീയാ മാനേജർ’.
‘മൊതലാളി -’ മുരുകൻ ശിവാനന്ദനെ മുഴുവനാക്കാൻ സമ്മതിച്ചില്ല.
‘ഞാൻ മൊതലാളിയെ ചതിക്കില്ല. ഇന്നേവരെ മൊതലാളി പറയണതിനെതിരെ പ്രവർത്തിച്ചിട്ടില്ല. പക്ഷേ ഇപ്പോ പയ്യനെ എനിക്കും ഇഷ്ടായി അവനെ അവിടെ അറുമുഖത്തിന്റെ കൂടെ വിടണ കാര്യം ഓർക്കാൻ കൂടിവയ്യാ’
‘അത് ശരിയാ’, ശിവാനന്ദൻ ശരിവച്ചു. അവന്റെ കൂടെ പിള്ളേര് കൂടിയാ തെണ്ടിയതുതന്നെ‘.
പെട്ടെന്നുതന്നെ ശിവനന്ദൻ പൊട്ടിച്ചിരിച്ചു. ഈയിടെയായി ഞാനൊന്നും ചിന്തിക്കാറില്ല. അതോണ്ട് വിളിച്ച് പറേണതെല്ലാം വങ്കത്തരം. അല്ലേൽ പിന്നെ തെണ്ടിപ്പിള്ളേരുടെ ജോലിയെന്നാ. തെണ്ടലുതന്നെ. ശിവാനന്ദൻ പിന്നീട് മുറിയ്‌ക്കകത്തേയ്‌ക്ക് പോയി. അവിടെ മേശപ്പുറത്ത് വച്ചിരുന്ന ഫ്ലാസ്‌കിലെ കാപ്പി രണ്ടു ഗ്ലാസിലാക്കി. പിന്നെ വെളിയിലേക്ക് നോക്കി പറഞ്ഞു.
’എടാ മുരുകാ നീയിങ്ങോട്ട് വാ. നമുക്കിവിടെ അകത്തിരിക്കാം. എനിക്ക് ചില ഐഡിയാസ് നിന്നോട് പറയാനുണ്ട്‘.
’മൊതലാളി ഞാനിവിടെത്തന്നെ നിന്നോളാം – മാത്രമല്ല – ഇന്ന് കൊറച്ച് നേരത്തെ പോണം. കൊച്ചന് രണ്ടൂന്ന് നിക്കറും ഉടുപ്പും വാങ്ങണം. അല്ലേ വള്ളിയെന്നെ അങ്ങോട്ട് കേറ്റില്ല. അതു കഴിഞ്ഞ് കസ്തൂരിപ്പറമ്പീ പോണം. ഉച്ചയ്‌ക്കേ ചെന്നാലേ ഓരോരുത്തരായി വരുന്ന സമയം നോക്കി പിടിക്കാൻ പറ്റൂ‘.
’അപ്പം നെനക്കും ചെക്കനെയങ്ങിഷ്ടായി. നീയിപ്പം അവന്റെ അച്ഛനാവാൻ നോക്കുവാ – അല്ലേ? ആട്ടെ നീയീ കാപ്പി കുടിക്ക് ന്നട്ട് പൊയ്‌ക്കോ -‘
മുരുകന് എല്ലാം കൊണ്ടും അത്ഭുതമായിരുന്നു. മുതലാളി അവനെ സ്വന്തക്കാരനെപ്പോലെ കാണുന്നത് ഇതാദ്യമൊന്നുമല്ല. മുൻപും അവനെ സ്നേഹമായിരുന്നു. പക്ഷേ ഈ വീട്ടിൽ മുതലാളി മുൻപും ഒറ്റയ്‌ക്കായിരുന്നു. പക്ഷേ അന്നൊന്നും വരാന്തവിട്ട് അകത്തോട്ട് കയറ്റിയിട്ടില്ല. അല്ല അതിനുള്ള സാവകാശം കിട്ടാറില്ല. എന്നതാണ് വാസ്തവം. ഇപ്പോൾ എല്ലാ കാര്യവും തന്നെയേല്പിച്ച് സ്വസ്ഥമായിരിക്കാനാണ് ഇഷ്ടപ്പെടുന്നതെന്ന് തോന്നുന്നു. വൈറ്റിലയിൽ ഉള്ള കഷ്ടി അമ്പത് സെന്റ് വരുന്ന ഭൂമിയിൽ കുറെ തെങ്ങും ജാതിയ്‌ക്കായും അടയ്‌ക്കാമരവും നോക്കിയിരിക്കാനാണ് ഇഷ്ടപ്പെടുന്നത്. ഇപ്പോൾ കൂടുതൽ സമയവും അവിടെയാണ്. കടവന്ത്രയിലുള്ള ഈ വീട്ടിൽ നിന്നും താമസം മാറ്റാനാണ് മുതലാളി ശ്രമിക്കുന്നത്.
അയൽപ്പക്കത്തുള്ളവരുമായി ശിവാനന്ദൻ മുതലാളി യാതൊരു ബന്ധവും വേണമെന്നാഗ്രഹിക്കുന്നില്ല. കഴിയുന്നതും ഇവിടെ ഒറ്റപ്പെട്ടപോലെ ജീവിക്കാനാണിഷ്ടമെന്ന് മുമ്പൊരിക്കൽ പറഞ്ഞിട്ടുണ്ട്. എന്തുകൊണ്ട്? പഴയകാലത്തെപ്പറ്റി ഇനിയും കാര്യമായൊന്നും തനിക്കറിഞ്ഞുകൂടാ. വൈക്കത്തിനടുത്തായിരുന്നു വീട്. അച്ഛനും അമ്മയും മരിച്ചതോടെ അവിടം വിട്ടെന്നുമാത്രമേ അറിയൂ. ഇവിടെയെങ്ങനെ വന്നുപെട്ടു – ഇതിനിടയിൽ വൈറ്റിലയിലെ സ്ഥലം എങ്ങനെ കൈവശം വന്നു. എന്തുകൊണ്ട് ഒരു വിവാഹം കഴിക്കുന്നില്ല – ഇതൊക്കെ പലപ്രാവശ്യം ചോദിച്ചറിയണമെന്നാഗ്രഹിച്ചതാണ്. ഭൂതകാലത്തെപ്പറ്റി എന്തെങ്കിലും ചോദിക്കാനൊരുങ്ങിയാൽ സമർത്ഥമായി അതിൽ നിന്നൊക്കെ ഒഴിഞ്ഞുമാറാൻ ശ്രമിച്ച ചരിത്രമേ ഇതുവരെയുള്ളൂ.
ഇപ്പോഴത്തെ തൊഴിലിൽ പെട്ടതിനുശേഷം അഭിവൃദ്ധിയുണ്ടായെങ്കിലും എന്താ തൊഴിലെന്ന് ചോദിച്ചാൽ എന്താണ് മറുപടി പറയേണ്ടതെന്നറിയാതെ വിഷമിച്ചിട്ടുണ്ടത്രെ.
’തെണ്ടികൾ പിച്ചയെടുത്തു സമ്പാദിക്കുന്നതിന്റെ വീതംപറ്റി കഴിയുന്നത് ഒരു തൊഴിലായി പറയാൻ പറ്റ്വോ? അപ്പോൾ ശരിക്കും ഞാനാരാണ്?‘
ഒരിക്കൽ മുതലാളി മുരുകനോട് ഈ ചോദ്യം ചോദിച്ചതാണ്. തെണ്ടികളുടെ തെണ്ടി. പണ്ടാരോ പറഞ്ഞ ഒരു പഴഞ്ചൊൽ ’ഇല നക്കി പട്ടിയുടെ കിറി നക്കി പട്ടി‘ ആ വകകളൊക്കെ ചിന്തിക്കാതിരുന്നാൽ പരമസുഖം – എന്നാലും പലപ്പോഴും ഒരു കുറ്റബോധം പോലെ ഇത് മനസിലേക്ക് തികട്ടിവരുമത്രെ – ആദ്യത്തെ ഒരു കൊല്ലമേ വിഷമിക്കേണ്ടി വന്നുള്ളൂവത്രെ.
കസ്തൂരിപ്പറമ്പിലെ ആൾക്കാരുടെ എണ്ണം കുറവായിരുന്നെങ്കിലും എല്ലാത്തീനും ഒറ്റയ്‌ക്ക് തന്നെ ഓടി നടക്കണമായിരുന്നു. ഓരോരുത്തരുടേയും പേരിലുള്ള കണക്ക് എഴുതി വയ്‌ക്കുക, അത്യാവശ്യം ചില സൗകര്യങ്ങളൊക്കെ ഒരുക്കി കൊടുക്കുക – പിന്നീട് മുരുകന്റെ വരവോടെയാണ് താൻ ഒന്നു സ്വസ്ഥമായി കഴിയാൻ തുടങ്ങിയതെന്നാണ് മുതലാളി പറയുന്നത്. മുരുകൻ വന്നതോടെ എല്ലാത്തിനും ഒരടുക്കും ചിട്ടയുമായി. ഓരോരുത്തരുടെയും പേരിൽ ബാങ്ക് അക്കൗണ്ട് തുടങ്ങി. പിരിച്ചെടുക്കുന്ന തുകയിൽ ഒരു വീതം ബാങ്കിൽ നിക്ഷേപിക്കുകയും, രണ്ടോ മൂന്നോ മാസം കൂടുമ്പോൾ അവരെ എല്ലാവരെയും വിളിച്ച് ഓരോരുത്തരുടെയും പേരിലുള്ള തുക വായിച്ചു കേൾപ്പിക്കും. അറുമുഖമൊഴിച്ചുള്ള ആർക്കും ഇതിൽ എതിരഭിപ്രായമില്ല. പക്ഷേ, അവന്റെ കാര്യം അങ്ങനെയല്ല. അവന്റെ വീതം അവന്റെ കയ്യിൽ തന്നെ കിട്ടണം. ആകെയുള്ള സമാധാനം – പഴയ പോലീസ് കേസിന്റെ കാര്യം ഓർമ്മിപ്പിക്കുമ്പോൾ അവനിപ്പോഴും പേടിയുണ്ടെന്നതാണ്. വേണമെങ്കിൽ ഈ നിമിഷം തന്നെ അകത്താക്കുമെന്ന് പറയുമ്പോഴേ അവനടങ്ങുകയുള്ളൂ. വാസ്തവത്തിൽ ഇവിടത്തെ പോലീസ് ഇപ്പോൾ അറുമുഖത്തിന്റെ പേരിലുള്ള കേസിനെപ്പറ്റി അന്വേഷിക്കുന്നുണ്ടോ – അതോ – അതവസാനിപ്പിച്ചോ എന്ന കാര്യം തന്നെ ആർക്കും അറിയില്ല. എങ്കിലും അറുമുഖം ഇതേപ്പറ്റി ഒന്നും പറയാറില്ല. അന്വേഷണം തണുത്തെന്നറിഞ്ഞാൽ അവൻ തങ്ങളുടെ നേരെ തിരിയുമോ എന്നതാണ് ശിവാനന്ദന്റെയും മുരുകന്റെയും പേടി.
മുരുകൻ പലപ്പോഴും ആലോചിക്കാറുണ്ട്; താൻ വള്ളിയെ കൂടെ കൊണ്ടുവന്ന് താമസിപ്പിച്ചിട്ട് നാലഞ്ചുവർഷമായി. അവൾ വന്ന് താമസം തുടങ്ങി ഒരുമാസം കഴിഞ്ഞാണ് മുതലാളിയെ വിവരം അറിയിച്ചത്. ആദ്യം മുതലാളിക്ക് എതിർപ്പായിരുന്നു. തന്റെ ഈ തൊഴിൽ ഒരു പെണ്ണിനെ കൂടെ പൊറുപ്പിക്കാൻ പറ്റിയതല്ല എന്നാണ് പറഞ്ഞത്. തെണ്ടികളെക്കൊണ്ടാണ് ഉപജീവനത്തിനുള്ള വക തന്റെ ഭർത്താവ് കണ്ടെത്തുന്നതെന്ന് കൂടെയുള്ള പെണ്ണറിഞ്ഞാൽ – ഒരു പിടിച്ചുപറിക്കാരനെയോ കൊലപാതകിയേയോ വരെ അവൾ സന്ധിച്ചെന്നിരിക്കും. പക്ഷേ ജോലിയൊന്നുമില്ലാതെ തെണ്ടിനടക്കുന്നവരുടെ ഔദാര്യം കൊണ്ട് കഴിയുന്നവനാണ് തന്റെ ഭർത്താവെന്നറിഞ്ഞാൽ…? അങ്ങനൊരു തൊഴിലുമായി ഏതു സ്‌ത്രീയാണ് പൊരുത്തപ്പെടുക?
ഇത്രയൊക്കെയായിട്ടും മുതലാളിയെ തന്റെ വീട്ടിലേയ്‌ക്ക് തന്റെ പെണ്ണുമ്പിള്ളയുടെ പാചകത്തിന്റെ രുചി അറിയിക്കാനോ മുരുകൻ ശ്രമിച്ചില്ല. ശ്രമിച്ചിട്ടില്ലെന്നു തീർത്തും പറഞ്ഞുകൂടാ. ഒരിക്കൽ ഒന്നു സൂചിപ്പിച്ചപ്പോൾ പറഞ്ഞതിങ്ങനെയാണ്.
’എടോ തനിക്കറിയ്യോ, ഈ വർഗ്ഗത്തിനെ നമ്പാൻ പറ്റില്ല. ഒരിക്കൽ തനിക്ക് ജോലിയില്ലാതെ വരികയോ ചെലവിന് കൊടുക്കാൻ നിവൃത്തിയില്ലാതെ വരികയോ ചെയ്താൽ ഇവറ്റകൾ തിരിഞ്ഞുനോക്കില്ല. അവർ വേറെ പൈസയുള്ള ആരെയെങ്കിലും കണ്ടാൽ അങ്ങോട്ടു ചായും.
മുരുകൻ അറിയണമെന്നാഗ്രഹിച്ച കാര്യം മുതലാളിയുടെ ഈ പറച്ചിലിൽ നിന്ന് വ്യക്തമാണ്. എന്തുകൊണ്ട് വിവാഹം കഴിക്കുന്നില്ല എന്നതിന്റെ കാരണം ഇതിലുണ്ടാവും.
മുമ്പൊരിക്കൽ സംഘത്തിലേയ്‌ക്ക് മൂന്നുനാല് പെണ്ണുങ്ങളും വരാൻ തയ്യാറാണെന്നറിയിച്ചപ്പോഴാണ് –
“ വേണ്ട – വേണ്ട ആരെയും കിട്ടിയില്ലെങ്കിൽ ‘ഇല്ല’ എന്നേയുള്ളൂ. ഇവറ്റകൾ വന്നു കേറിയാലുള്ള പുകില് തനിക്കറിയില്ല. രണ്ട് തല തമ്മിൽ ചേരും പക്ഷേ നാല് മൊലകൾ ചേരൂല്ല. അവർ കീരിയും പാമ്പും പോലായിരിക്കും”. പിന്നീടൊരിക്കൽ മുതലാളി സ്വയം പറഞ്ഞു.
‘എടാ ആ അറുമുഖം കൊലപ്പുള്ളിയായതിന്റെ പിന്നിൽ ഏതെങ്കിലും പെണ്ണുവിഷയമായിരിക്കും’.
പോകാനായി ഇറങ്ങിയ മുരുകൻ പറഞ്ഞു.
‘മൊതലാളി ഒരു കുടുംബം എന്നതിന്റെ സുഖം അറിഞ്ഞിട്ടില്ല. പലപ്പോഴും ബുദ്ധിമുട്ടും കഷ്ടപ്പാടും അന്ന് കൂടുതലും. എങ്കിലും അതിന് സൊഖമൊണ്ട് മൊതലാളി. ഒരു പെണ്ണുകെട്ടിക്കഴിഞ്ഞാലേ അത് മനസിലാകൂ. ഒരു കുടുംബം ആയപ്പോഴാണ് കുട്ടികൾ ഇല്ലാത്ത വെഷമം മനസിലായത്. അതോണ്ട് -’
‘താനെന്താന്ന് വച്ചാ പറഞ്ഞ് തൊലയ്‌ക്കടോ. മുഖവുരയൊന്നും കേൾക്കേണ്ട’ ശിവാനന്ദൻ അക്ഷമനായി.
‘മൊതലാളി എന്നോടൊന്നും തോന്നരുത്. ഉപദേശം തരികയാണെന്നും കരുതരുത്. ഒരു കല്യാണൊക്കെ കഴിച്ച് കുടുംബമായി കഴിയുമ്പോഴുള്ള സുഖം ഒന്നു വേറെ തന്നെയാ. അത് മൊതലാളിക്കറിയില്ല.’
ശിവാനന്ദൻ അല്പനേരത്തേയ്‌ക്ക് നിശബ്ദനായിരുന്നതേയുള്ളൂ. പിന്നെ എഴുന്നേറ്റ് വരാന്തയിലൂടെ ഒന്നു നടന്നു. പിന്നെ തിരിഞ്ഞു.
‘എടാ മുരുകാ നീ പോകാനായി കയറുപറിച്ച് നിൽക്കുവല്ലേ? എന്നാലും കേട്ടോ വിശദമായി പറയുന്നില്ല. വളച്ചുകെട്ടില്ലാതെ പറഞ്ഞേക്കാം. നീയിവിടെ ഇരി!’
മുരുകൻ വരാന്തയിലെ അരഭിത്തിയിലിരുന്നു. ശിവാനന്ദൻ തുടർന്നു.
‘നിന്നെ ഞാൻ ട്രെയിനിൽ വച്ച് ചെട്ടിയാർസാറിന്റെ അടുക്കൽനിന്ന് രക്ഷപ്പെടുത്തിയതോർക്കുന്നോ?’
-അതെന്തൊരു ചോദ്യാ മൊതലാളി – എന്റെ കൊക്കിൽ ജീവനുള്ളിടത്തോളം കാലം ഞാനതു മറക്കില്ല. ദിവസത്തിലൊരിക്കലെങ്കിലും ഞാനതോർക്കും‘.
-നെനക്ക് തോന്നണൊണ്ടോ ആജാനബാഹുവായ ചെട്ടിയാർ സാറിനെ അടിച്ചുവീഴ്‌ത്താനുള്ള കരുത്തെനിക്കുണ്ടെന്ന്. ഇല്ല. അയാൾ ശരിക്കും തിരിഞ്ഞൊന്നേറ്റുമുട്ടിയിരുന്നെങ്കിൽ എനിക്കും നിന്റെ അനുഭവംതന്നെ വരുമായിരുന്നു. പക്ഷേ അന്നേരം എന്റെ ഉള്ളിൽ ഒരു തീ ആളിപ്പടരുകയായിരുന്നു. ഒരു പെണ്ണുമൂലം ഞാനനുഭവിച്ച വേദന. ഒരു പെണ്ണിനെ വിശ്വസിച്ചതിൽവന്നുപറ്റിയ അവഹേളനം. ’പരാക്രമം പെണ്ണിനോടുവേണ്ട‘ എന്ന ചൊല്ലോർത്ത് ഒന്നും ചെയ്യാതെ ഞാൻ മടങ്ങുകയായിരുന്നു. അന്നത്തെ മടക്കയാത്രയിലാണ് ചെട്ടിയാർ നിന്നെ തല്ലണത് കണ്ടത്. അഞ്ചാറ് വർഷം മുന്നത്തെയാണെങ്കിലും അന്ന് നിന്നെ കണ്ടാൽ ഒരു നരന്തുപയ്യനാണെന്നേ ആരും പറയൂ. ഇന്നത്തേതുപോലുള്ള വണ്ണോം പൊക്കോം നിനക്കില്ല. എന്റെയാ ദേഷ്യം മുഴുവൻ തീർത്തത് ചെട്ടിയാരോട്. അല്ലാതെ എനിക്കന്നും ഇന്നും ചെട്ടിയാരെപ്പോലുള്ള ഒരുത്തനെ അടിച്ചുവീഴ്‌ത്താനുള്ള കരുത്തില്ല. ഇന്നാണെങ്കിൽ എനിക്കൊറപ്പാ – ചെട്ടിയാരെന്നെ അടിച്ചുവീഴ്‌ത്തി പുറത്തേക്കെറിയും’.
ശിവാനന്ദൻ എന്തോ ആലോചനയിലേയ്‌ക്ക് വഴുതിമാറി അല്പനേരം അനങ്ങാതിരുന്നു. ഭൂതകാലത്തിലെ ഏതോ വിഷമിപ്പിക്കുന്ന സംഭവങ്ങൾ – ഒരുപക്ഷേ വഞ്ചന – അല്ലെങ്കിൽ അവഹേളനം – പ്രതികാരം ഇവയൊക്കെ ഒന്നൊന്നായി ആ മനസിനെ വേദനിപ്പിക്കുന്നു. പിന്നെ ശിവാനന്ദൻ മുരുകന്റെ നേരെ തിരിഞ്ഞു.
Generated from archived content: daivam6.html Author: mk_chandrasekharan
Click this button or press Ctrl+G to toggle between Malayalam and English