ഭാഗം ഃ നാല്‌

നഗരത്തിന്റെ പഴയ അതിർത്തിയിലാണ്‌ കസ്തൂരിപ്പറമ്പ്‌. പണ്ട്‌ രാജഭരണകാലത്ത്‌, നഗരത്തിന്റെ വിസ്തീർണ്ണം ഇന്നത്തേതിന്റെ പത്തിലൊന്നേ ഉണ്ടായിരുന്നുള്ളൂ. നഗരത്തിലെ മാലിന്യങ്ങളും ചപ്പുചവറുകളും വിസർജ്യവസ്തുക്കളും കൊണ്ടിടാനുള്ള വിസ്‌തൃതമായ ഒരു ചതുപ്പുനിലം. നാഷണൽ ഹൈവേയിൽ നിന്ന്‌ കഷ്ടി അര കിലോമീറ്റർ ദൂരെ, നഗരത്തിന്റെ വടക്കു കിഴക്കായിട്ടാണ്‌ ഈ സ്ഥലമെങ്കിലും ഹൈവേയിൽകൂടി സഞ്ചരിക്കുന്ന ആർക്കും കസ്തൂരിപ്പറമ്പിന്നടുത്തെത്തുമ്പോൾ മൂക്കുപൊത്തേണ്ട അവസ്ഥയാണ്‌. ബസിലും മറ്റുവാഹനങ്ങളിലും സഞ്ചരിക്കുന്നവർക്ക്‌ ഏകദേശം ആറേഴ്‌ മിനിട്ട്‌ നേരത്തേയ്‌ക്ക്‌ ഈ ദുർഗന്ധം സഹിക്കേണ്ടിവരുമ്പോൾ കാൽനടയാത്രക്കാരായി വരുന്നവരുടെ കാര്യമാണ്‌ ഏറെ കഷ്ടമായിത്തീരുന്നത്‌. നല്ല പടിഞ്ഞാറൻ കാറ്റടിക്കുന്ന സമയത്താണ്‌ സഞ്ചാരമെങ്കിൽ വളരെ ദൂരെ നിന്നേയുള്ള ഈ വാട സഹിച്ചേ ഒക്കൂ. അതുകൊണ്ട്‌ അധികാരപ്പെട്ടവർ ഈ ഭാഗത്തേയ്‌ക്കും തിരിഞ്ഞ നോക്കാറില്ല എന്നതാണ്‌ വസ്തുത. തോട്ടികൾ വരെ ഇവിടെ ഉന്തുവണ്ടിയിലായി കൊണ്ടുവരുന്ന മാലിന്യങ്ങളും വിസർജ്ജ്യവസ്തുക്കളും ഇങ്ങോട്ട്‌ തള്ളിയിട്ട്‌ കഴിഞ്ഞാൽ അപ്പോൾ തന്നെ സ്ഥലംവിടുകയാണ്‌ പതിവ്‌. മുള്ളുവേലി കെട്ടി റോഡരികിൽ നിന്നുള്ള അര കിലോമീറ്റർ ദൂരം ചെന്നാലുള്ള ഭാഗം മുതൽ പ്രത്യേകം വേർതിരിച്ചിട്ടുണ്ടെങ്കിലും അതെല്ലാം പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ.​‍്‌ ഈ ഭാഗത്തിന്റെ വടക്കുഭാഗത്തായി രണ്ട്‌ കാവൽപ്പുര സ്ഥാപിച്ച്‌ അവിടെ രണ്ട്‌ വാച്ചർമാരെ മാറിമാറി നോട്ടത്തിന്‌ വച്ചിട്ടുണ്ടെങ്കിലും, ചപ്പുചവറുകളും മറ്റു മാലിന്യങ്ങളും കൊണ്ടുവരുന്ന രാവിലത്തെ സമയം – രണ്ടു മണിക്കൂർ നേരം മാത്രമേ അവരുണ്ടാകൂ. അവരെ സംബന്ധിച്ചിടത്തോളം ജോലിയുടെ ഭാഗമായതു കൊണ്ടുമാത്രം ആ സമയത്ത്‌ അവിടുണ്ടാകുന്നെന്നു മാത്രം.

ഈ സ്ഥലത്തിന്റെ തെക്കേ അറ്റത്തുള്ള അതിർത്തിക്കരികിൽ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന ഒരു കെട്ടിടവും അതിനോടു ചേർന്ന്‌ ചുറ്റും മതിലുള്ള അരയേക്കർ സ്ഥലവും അനാഥമായി കിടക്കുന്നു. ഇവിടെ താമസിച്ചിരുന്നവർ തൊട്ടടുത്തുള്ള വിശാലമായ ചതുപ്പുനിലം, നഗരത്തിലെ മാലിന്യങ്ങൾ ഡംപ്‌ ചെയ്യാനായി തെരഞ്ഞെടുത്തതിനാൽ ഇവിടം ഉപേക്ഷിച്ച്‌ പോയതായിട്ടാണ്‌ കേട്ടിട്ടുള്ളത്‌. ഇതിന്റെ ഇപ്പോഴത്തെ അവകാശികൾ വെളിയിലാണത്രെ. മുമ്പൊക്കെ ഈ പറമ്പിൽ കാവൽക്കാരായവർ ഇടയ്‌ക്ക്‌ വരാറുണ്ടായിരുന്നെങ്കിലും ഇപ്പോൾ അവരും ഇവിടം ഉപേക്ഷിച്ച മട്ടാണ്‌.

കസ്തൂരിപ്പറമ്പിന്റെ തെക്കുഭാഗത്തുള്ള ആരും തിരിഞ്ഞു നോക്കാത്ത ഇടിഞ്ഞുപൊളിഞ്ഞുവീഴാറായ ആ പഴയ കെട്ടിടമാണ്‌ ശിവാനന്ദൻ തന്റെ പുതിയ ബിസിനസിന്റെ താവളമായി തിരഞ്ഞെടുത്തിരിക്കുന്നത്‌. എല്ലാം നഷ്ടപ്പെട്ട്‌ ഒന്നുമില്ലാത്ത അവസ്ഥയിൽ ഈ നഗരത്തിൽ വന്ന ശിവാനന്ദന്‌ ഈ ബുദ്ധിയുപദേശിച്ചത്‌ ഇടക്കാലത്ത്‌ അയാൾ ജോലിക്ക്‌ നിന്ന ഹോട്ടലിലെ മുതലാളി തന്നെ. കണക്കിൽ സമർത്ഥനാണെന്നറിഞ്ഞതുകൊണ്ട്‌ ഹോട്ടലിൽ കാഷ്യറുടെ ജോലിയാണ്‌ കിട്ടിത്‌. സ്‌റ്റേഷനടുത്തുള്ള ഹോട്ടലായതുകൊണ്ട്‌ മിക്കവാറും തിരക്കായിരിക്കും. പക്ഷേ ഒരിക്കൽ ഒരു പറ്റുപറ്റി. ഒരു തമിഴ്‌ ബ്രാഹ്‌മണ കുടുംബം ഒന്നടങ്കം പത്തുപതിനാറ്‌ പേർ ഒരുമിച്ച്‌ ഊണിന്‌ കയറി. ഊണു കഴിഞ്ഞ സമയത്താണ്‌ ട്രെയിൻ വന്നത്‌. കുടുംബനാഥൻ മാത്രം നിന്നിട്ട്‌ ബാക്കിയുള്ളവരെല്ലാം ട്രെയിനിൽ സ്ഥലം പിടിക്കാനായി ഓടിപ്പോയി. ശിവാനന്ദൻ പതിനാറുപേരുടേയും ഊണും സ്‌പെഷ്യലും കണക്കാക്കി ബില്ലെഴുതിയപ്പോൾ ആണ്‌ കുഴപ്പം തലപൊക്കിയത്‌. താനൊരാളേയുള്ളൂവെന്നും മറ്റുള്ളവരൊന്നും തന്റെയാൾക്കാരല്ലെന്നും അയാൾ തീർത്തു പറഞ്ഞതോടെ ശിവാനന്ദൻ ആപ്പിലായി. ഇതിനിടയിൽ അയാൾ തന്നെ സ്‌റ്റേഷനിലേയ്‌ക്കോടിച്ചെന്നെങ്കിലും വണ്ടി പ്ലാറ്റ്‌ഫോം വിട്ട്‌ നീങ്ങിത്തുടങ്ങിയിരുന്നുന്ന വിഷണ്ണനായി തിരിച്ച്‌ വന്ന ശിവാനന്ദനെ നോക്കി മുതലാളി അലറി. ഉടനെ ഇവിടം കാലിയാക്കിക്കൊള്ളാനായിരുന്നു അയാളുടെ ആജ്ഞ. ശിവാനന്ദൻ സ്‌റ്റേഷനിൽ പോയ തക്കംനോക്കി വേറെ ചിലരും കാശുകൊടുക്കാതെ സ്ഥലം വിട്ടിരുന്നു. ഹോട്ടൽമുതലാളി എല്ലാം കൂടി കണക്കാക്കി നോക്കിയപ്പോൾ പോയത്‌ രൂപ പത്തും പതിനഞ്ചുമല്ല. നൂറു രൂപയിൽ താഴെ. അന്നത്തെ നൂറുരൂപയ്‌ക്ക്‌ ഇന്ന്‌ ആയിരം രൂപയുടെ വില വരും. ഹോട്ടലുടമ ശിവാനന്ദന്റെ ഷർട്ടിന്‌ കയറിപിടിച്ചു. പിന്നീടെന്തോ ഓർത്ത്‌ പറഞ്ഞു.

“ഒന്നിനും പറ്റിയില്ലെങ്കി കൂട്ടിക്കൊടുക്കാൻ പോ” ഒരു നിമിഷം കഴിഞ്ഞ്‌ അയാൾ അൽപം പുച്ഛരസത്തിൽ പറഞ്ഞു ഃ “നിന്നെ അതിനും കൊള്ളില്ല. അവരും നിന്നെ പറ്റിക്കും. നിനക്കു പറ്റിയത്‌ കസ്തൂരിപ്പറമ്പിലെ മലം ഡിപ്പോയിൽ ചെന്ന്‌ അവിടെ ദിവസവും വന്ന്‌ മടങ്ങിപ്പോണ ഉന്തുവണ്ടികളുടെ കണക്കെടുക്കുന്നതാ”

അന്നു വൈകിട്ട്‌ ഹോട്ടലിൽ നിന്ന്‌ പുറത്തിറങ്ങിയ ശിവാനന്ദൻ ഒന്നുമാലോചിക്കാതെ നടന്ന്‌ നടന്നുചെന്നത്‌ കസ്തൂരിപ്പറമ്പിന്റെ അടുത്തേയ്‌ക്ക്‌. അവിടെച്ചെന്നപ്പോൾ ഹോട്ടലുടമ പറഞ്ഞ കാര്യം ഓർമ്മവന്നു. പറമ്പിന്റെ പടിഞ്ഞാറെ അരികിലുള്ള തോട്ടരികിലൂടെ ഒരു കിലോമീറ്റർ ഒരു ലക്ഷ്യവുമില്ലാതെ നടന്നു ചെന്നത്‌ പൊട്ടിപ്പൊളിഞ്ഞുകിടക്കുന്ന കെട്ടിടത്തിനു മുമ്പിൽ. പഴയ ദ്രവിച്ച ഒരു ഗേറ്റുണ്ടെങ്കിലും പ്രയോജനമില്ലാതെ ഒരരികിലേയ്‌ക്ക്‌ മാറ്റിവച്ചിരിക്കുന്നു. മതിലിന്റെ അവസ്ഥയും വ്യത്യസ്തമല്ല. ആ മതിലിനേക്കാൾ പ്രയോജനം അതിന്നരികിൽ ചേർന്ന്‌ വളർന്ന്‌ വലുതായ കാട്ടുചെടികളാണ്‌. ശിവാനന്ദൻ ഗേറ്റ്‌ കടന്ന്‌ കെട്ടിടത്തിന്റെ വരാന്തയിലേക്ക്‌ കാലെടുത്ത്‌ വച്ചപ്പോൾ അത്ഭുതകരമായ ഒരു സംഭവം നടന്നു.

ഒറ്റക്കണ്ണനായ ഒരുവൻ ഒക്കിക്കുത്തിവന്ന്‌ പറഞ്ഞു ഃ “ എന്നെ ഇവിടെനിന്നും ഇറക്കിവിടരുത്‌. പോലീസുകാരു കണ്ടാ എന്നെ ജയിലിലാക്കും. രണ്ടുദിവസം കൂടി കഴിയാനെന്നെ സമ്മതിക്കണം! ശിവാനന്ദൻ ആദ്യം ഒന്ന്‌ അന്തംവിട്ടെങ്കിലും പിന്നീട്‌ സംഗതികളുടെ കിടപ്പ്‌ തെളിഞ്ഞുവന്നു. ഏതോ കേസുമായി ബന്ധപ്പെട്ട്‌ പോലീസന്വേഷിക്കുന്ന ഒരു ക്രിമിനൽ പുള്ളിയാണ്‌ അയാൾ. പോകാനായി തുനിഞ്ഞ ശിവാനന്ദന്റെ തലയിൽ ഒരു മിന്നൽപിണർ. കയ്യിലാണെങ്കിൽ കാൽക്കാശില്ല. ഉച്ചയ്‌ക്കുണ്ണാനും പറ്റിയില്ല.

ശിവാനന്ദൻ പറഞ്ഞു ; ”ശരി രണ്ടു ദിവസത്തേയ്‌ക്കല്ലേ. സമ്മതം. പക്ഷേ എവിടെ കെടക്കണേന്‌ വാടക തന്നം“.

‘വാടകയോ…?’ ആദ്യം ഒറ്റക്കണ്ണൻ ഒന്നമ്പരന്നെങ്കിലും എറക്കിവിട്ടാൽ പോലീസ്‌ പിടികൂടുമല്ലോ എന്ന ഓർമ്മയിലാകണം എളിയിൽ നിന്നും അഞ്ചുരൂപയുടെ നോട്ടെടുത്ത്‌ നീട്ടിക്കൊണ്ടു പറഞ്ഞാ ”ഇപ്പോഴിതേയുള്ളൂ. ഒന്നു വെളിയിൽ കടന്നാലല്ലേ വല്ലതും കെടയ്‌ക്കൂ. അതിന്‌ ബസ്‌സ്‌റ്റാൻഡിലും വണ്ടിയാപ്പീസിലും പോവാൻ പറ്റ്വോ? കാത്തിരിയ്‌ക്കയല്ലേ, കാലമാടൻമാർ“.

ശിവാനന്ദൻ നോട്ടു മേടിച്ച്‌ പോക്കറ്റിലിട്ടു. രണ്ടടി മുന്നോട്ട്‌ നടന്നിട്ട്‌ വീണ്ടും തിരിഞ്ഞു. ‘നാളെ മൊതൽ ഞാനിത്‌ വേറെ ചെലർക്കും വാടകയ്‌ക്ക്‌ കൊടുക്കും. കാശ്‌ തരുന്നവരെ മാത്രേ ഇവിടെ കെടക്കാൻ സമ്മതിക്കൂ. അവര്‌ വരുമ്പം ബഹളം കൂട്ടരുത്‌. എല്ലാരുമായി സൊരുമിച്ച്‌ കൂടണം’.

‘അതിനെന്താ ഞാനൊരേനക്കേടും ഒണ്ടാക്കില്ല. മൊതലാളി ആരേവേണേലും താമസിപ്പിച്ചോ എന്നെ എറക്കിവിടാതിരുന്നാ മതി’.

തുടക്കം അതായിരുന്നു. കസ്തൂരിപ്പറമ്പിന്‌ തെക്ക്‌ അനാഥമായി കിടക്കുന്ന വിജനമായ സ്ഥലത്തെ ഇടിഞ്ഞുപൊളിഞ്ഞുകിടക്കുന്ന കെട്ടിടം നഗരത്തിൽ അലഞ്ഞുതിരിയുന്ന ഭിക്ഷക്കാർക്ക്‌ ഒരു താവളമാക്കി മാറ്റുക. അവരുടെ കൈയ്യിൽ നിന്നും മാസവാടക പിരിക്കാൻ ബുദ്ധിമുട്ടായതി​‍ാൽ ദിവസവാടക എന്ന തോതിലായിരുന്നു ആദ്യമൊക്കെ. ഒരു മാസത്തെ ശ്രമം കൊണ്ട്‌ താമസക്കാരുടെ എണ്ണം ആറേഴായപ്പോൾ വാടകപിരിക്കുന്നത്‌ ആഴ്‌ചയിലൊരിക്കൽ എന്നായി. ദിവസവും അവിടെപ്പോയി പണം പിരിക്കുക നടപ്പുള്ള കാര്യമല്ല. അറുമുഖത്തിന്റെ (അതായിരുന്നു ക്രിമിനൽപുള്ളിയുടെ പേര്‌) ശ്രമഫലമായാണ്‌ ഭിക്ഷക്കാരുടെ എണ്ണം ആദ്യം വർദ്ധിച്ചത്‌. റയിൽവേ സ്‌റ്റേഷനിലും ബസ്‌സ്‌റ്റാൻഡിലും താവളമുറപ്പിച്ച അറുമുഖത്തിന്‌ വിശ്വസിക്കാവുന്ന ചില സ്ഥിരം കക്ഷികൾ പരിചയക്കാരായുണ്ടായിരുന്നു. അവരെ കണ്ടുപിടിച്ച്‌ വരാൻ വേണ്ടത്ര നിർദ്ദേശം നൽകി. അവരെ കൊണ്ടുവന്നത്‌ വഴി അയാൾ ശിവാനന്ദന്റെ വിശ്വസ്തനായി മാറി.

അറുമുഖത്തിന്‌ വെളിയിൽ കടക്കാൻ പറ്റാത്ത അവസ്ഥ. തലവെട്ടം കണ്ടാൽ പോലീസ്‌ പിടിക്കുമെന്നാണ്‌ പറയുന്നത്‌. അതുകൊണ്ട്‌ ദിവസവാടക പിരിക്കുന്നതിൽ നിന്ന്‌ അറുമുഖത്തെ ഒഴിവാക്കണം. പകരം ഇങ്ങനെ ചില സഹായം. അതിന്‌ അറുമുഖം പറഞ്ഞുകൊടുത്ത പേരിൽ ഒരാൾ റയിൽവേ സ്‌റ്റേഷനിലെ പോർട്ടർ അബുവിനെ പരിചയപ്പെട്ടതാണ്‌. പണ്ട്‌ ആയകാലത്ത്‌ ഒത്തിരി വിക്രിയകൾ കാണിച്ചവരാണ്‌. പിന്നെ അബു പെണ്ണൊക്കെ കെട്ടി മര്യാദരാമനായി സ്‌റ്റേഷനു വെളിയിൽ പുറമ്പോക്കിൽ ഒരു കുടിലുവെച്ച്‌ കെട്ടി താമസമാക്കി. ഒറ്റക്കണ്ണനും ഒരുകാലിന്‌ സ്വാധീനമില്ലാത്തവനുമായ അറുമുഖത്തിന്‌ ഒരു ജോലി കിട്ടുക എളുപ്പമല്ല. അയാൾ ട്രെയിനിലും സ്‌റ്റേഷൻ പരിസരത്തും ആയി ഭിക്ഷ യാചിച്ച്‌ കാലം കഴിച്ചുകൂട്ടി. പക്ഷേ ചെറുപ്പത്തിൽ തനിക്ക്‌ കിട്ടിയ ക്രൂരമായ പെരുമാറ്റം ഈ രംഗത്തേയ്‌ക്ക്‌ വരുന്നവരോട്‌ പ്രത്യേകിച്ച്‌ കൊച്ചുകുട്ടികളോട്‌ കുറച്ചെങ്കിലും കൊടുത്താലെ പടച്ചവന്റെ കണക്ക്‌ ബാലൻസ്‌ ചെയ്യുകയുള്ളൂവെന്നാണ്‌ അറുമുഖത്തിന്റെ വിശ്വാസം. ഒരു സാഡിസ്‌റ്റിന്റെ സന്തോഷവും സംതൃപ്തിയും ആണ്‌ കൊച്ചുപിള്ളേരെ കാണുമ്പോൾ അറുമുഖത്തിന്റെ മനസില വരിക. അതിന്റെ ഫലമായി അയാളിപ്പോൾ രണ്ടുമൂന്നു കേസിലെങ്കിലും പ്രതിയാണ്‌. വേണമെന്ന്‌ വച്ചല്ലെങ്കിൽപോലും ഒരു കൊല വരെ ചെയ്യേണ്ട സാഹചര്യവും വന്നിട്ടുണ്ട്‌. അങ്ങനത്തെ ഒരു കേസ്സന്വേഷണത്തിൽ നിന്ന്‌ രക്ഷപ്പെടാനായിട്ടാണ്‌ മനുഷ്യരാരും തിരിഞ്ഞുനോക്കാത്ത കസ്തൂരിപ്പറമ്പിനടുത്തുള്ള ഈ ഇടിഞ്ഞുപൊളിഞ്ഞ കെട്ടിടത്തിൽ തന്നെ സ്ഥാനം കണ്ടെത്തിയത്‌. പക്ഷേ അതിനൊരുടമസ്ഥനുണ്ടെന്ന്‌ മനസിലായപ്പോൾ പിന്നെ രക്ഷപ്പെടാനുള്ള ഏകമാർഗം ഇതായിരുന്നു.

അബുവിന്റെ സഹായത്തോടെ വന്ന ഭിക്ഷക്കാരുടെ എണ്ണം കൂടിയപ്പോൾ കെട്ടിടത്തിനകത്ത്‌ പല സൗകര്യങ്ങളും ചെയ്തു കൊടുക്കേണ്ടിവന്നു. ആയിടയ്‌ക്ക്‌ നഗരത്തിൽ വിസിറ്റിന്‌ വന്ന ഹെൽത്ത്‌ വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥന്റെ മുന്നിൽ വന്ന ആവലാതികളിൽ ഒന്ന്‌ പൊതുസ്ഥലങ്ങളിലും പാർക്ക്‌, ക്ഷേത്രം, പള്ളി മുതലായ സ്ഥലങ്ങളിലും അലഞ്ഞു നടക്കുന്ന ഭിക്ഷക്കാരുടെ ശല്യത്തെ കുറിച്ചുള്ളതായിരുന്നു. തത്സമയം സമീപത്തുണ്ടായിരുന്ന കളക്ടർ ഇവരെ നഗരത്തിന്‌ വെളിയിലുള്ള അനാഥാലയങ്ങളിൽ പാർപ്പിക്കുന്ന കാര്യം ഏറ്റു. പോലീസിന്റെ സഹായത്തോടെ അനാഥാലയത്തിൽ താമസിപ്പിക്കാനായി ഭിക്ഷക്കാരെ വേട്ടയാടി തുടങ്ങിയപ്പോൾ അവരിൽ പലരും ഓടി ഒളിച്ചത്‌ കസ്തൂരിപ്പറമ്പിന്‌ സമീപത്തുള്ള ഈ കെട്ടിടത്തിൽ. ഇതുമൂലം ഭിക്ഷക്കാരുടെ എണ്ണവും അതുമുഖേനയുള്ള വരുമാനവും കൂടി. പക്ഷേ അതനുസരിച്ചുള്ള സൗകര്യങ്ങളില്ലാതായപ്പോൾ അവരുടെ ഇടയിലും മുറുമുറുപ്പ്‌ തുടങ്ങി. പുറത്തിറങ്ങാനാവാത്ത അവസ്ഥയും. അങ്ങനെയിരുന്നപ്പോഴാണ്‌ മുരുകൻ ശിവാനന്ദന്റെ വിശ്വസ്ത ഉപദേഷ്ടാവായി മാറുന്നത്‌.

പരസ്യങ്ങൾക്ക്‌ ബോർഡെഴുതി കൊടുക്കുന്ന ഒരു സ്ഥാപനത്തിന്റെ അടുക്കലുള്ള റോഡിൽ ഒരു പാതിരാവിൽ ഒത്ത നടുക്ക്‌ നിന്ന്‌ കിട്ടിയ ഒരു പഴയബോർഡ്‌ ഇവിടെ ഉപകരിച്ചു. തൃശൂരിലെ ഏതോ കുറിക്കമ്പനിക്കാരുടെ പഴയ ബോർഡാണ്‌. കുറിക്കമ്പനി പൊളിഞ്ഞപ്പോൾ ആരോ കടത്തിക്കൊണ്ട്‌ വന്നത്‌ റോഡിൽ വീണുപോയതായിരുന്നു. അതിപ്പോൾ പ്രയോജനപ്പെട്ടു.

‘പരസ്പര സഹായം ദൈവസഹായം കമ്പനി’ മുരുകൻ ബോർഡ്‌ ശിവാനന്ദനെ കാണിച്ചിട്ട്‌ പറഞ്ഞു. ‘മുതലാളി നമുക്കിത്‌ വച്ചൊരു കളി കളിക്കാം. മുതലാളി കമ്പനിയുടമ. ഞാൻ മാനേജർ’.

വെറുമൊരു നേരം പോക്കിനാണ്‌ മുരുകനത്‌ പറഞ്ഞതെങ്കിലും ശിവാനന്ദന്റെ മനസിൽ അതേറ്റു. രാത്രി ഉറങ്ങാൻ പോയ ശിവാനന്ദൻ കുറെസമയം ആ ബോർഡിലെ പേരിനെകുറിച്ചുള്ള ചിന്തയിലായിരുന്നു. മുരുകൻ പറഞ്ഞതുപോലെ എന്തുകൊണ്ട്‌ ഇതുവച്ചൊരു കളി കളിച്ചുകൂടാ?

അതെ അങ്ങനെയാണ്‌ കസ്തൂരിപറമ്പിലെ ആ കെട്ടിടത്തിന്റെ മുന്നിൽ പഴയ ആ ബോർഡ്‌ തൂങ്ങിയത്‌. ‘പരസ്പരസഹായം ദൈവസഹായം കമ്പനി’. ഭിക്ഷാടനം നഗരത്തിൽ നിരോധിച്ച സമയമായതിനാൽ വേറൊരു മാർഗം അവർ കണ്ടെത്തി. ഓരോ ബാച്ചായി നാല്‌ പേരടങ്ങുന്ന സംഘം വീതം ഓരോ ദിക്കിലേയ്‌ക്കും നഗരത്തിന്റെ അതിർത്തി കടന്ന്‌ ഭിക്ഷ യാചിക്കുക. നഗരത്തിന്റെ വടക്കും തെക്കുമുള്ള ഭാഗങ്ങളിലേയ്‌ക്കും ട്രെയിൻ സർവീസുള്ളതുകൊണ്ട്‌ ആ ഭാഗത്തേക്കുള്ള യാത്രയ്‌ക്ക്‌ ബുദ്ധിമുട്ടില്ല. പക്ഷേ കിഴക്കോട്ടുള്ള യാത്രയാണ്‌ ഏറെ ബുദ്ധിമുട്ട്‌. പടിഞ്ഞാറ്‌ ഭാഗത്തേയ്‌ക്ക്‌ ഐലന്റ്‌ കടന്ന്‌ തീരദേശ പാതയിലൂടെയുള്ള യാത്രയും ദുഷ്‌ക്കരമാവുന്നു. അങ്ങനെയുള്ള സ്ഥലങ്ങളിലേയ്‌ക്ക്‌ പോകുന്നവർ രണ്ടും മൂന്നും ദിവസം കഴിഞ്ഞുവന്നാൽ മതി എന്നൊരു അലിഖിത നിയമം നടപ്പിലായി. ചീഫ്‌ ഓപ്പറേറ്റർ എന്ന ചുമതല മുരുകനാണ്‌. ഓരോ ദിക്കിലേയ്‌ക്കും ഇടയ്‌ക്കിടയ്‌ക്ക്‌ ചെക്കിംഗിന്‌ പോകാനും കളക്ഷൻ സ്വരൂപിച്ച്‌ മുതലാളിയെ ഏൽപിക്കാനും ചുമതലപ്പെട്ടയാൾ മുരുകൻ തന്നെ. അതുമൂലം മുരുകന്‌ പാതിരാവായാലേ ഓവർ ബ്രിഡ്‌ജിനു പിന്നിലുള്ള താവളത്തിലെത്താനാവൂ.

മുരുകൻ വെളുപ്പിനെ തന്നെ വൈദ്യൻ പടിക്കലെത്തിയെങ്കിലും പയ്യനെ കണ്ടെത്താനായില്ല. നേരം പുലർന്നിട്ടില്ല. എന്നിട്ടും അവൻ സ്ഥലം വിട്ടിരിക്കുന്നു. ഏതായാലും അവനൊറ്റയ്‌ക്കാവില്ല എന്ന്‌ മുരുകൻ ഉറച്ചു. ആറേഴ്‌ വയസു പ്രായമുള്ള ഒരു പയ്യൻ ഒറ്റയ്‌ക്ക്‌ നാടുവിട്ട്‌ ഈ ടൗണിലെത്തി അലഞ്ഞ്‌ തിരിയുക? അതുണ്ടാവില്ല. പക്ഷേ അടുത്ത നിമിഷം എന്തുകൊണ്ടായിക്കൂടാ എന്ന ചോദ്യം മുരുകന്‌ സ്വയം ചോദിക്കേണ്ടി വന്നു. താനും ഇതുപോലെ ആറേഴ്‌ വയസുള്ളപ്പോൾ തുടങ്ങിയ അലച്ചിലല്ലേ? ട്രെയിനിൽ പള്ളയ്‌ക്കും കൊട്ടിപ്പാടി നടന്ന ആ കാലം ഇപ്പോഴും മനസിൽ സജീവമായിത്തന്നെ നിലനിൽക്കുന്നു.

മുതലാളിയോട്‌ പയ്യൻ കൈവിട്ടുപോയ കാര്യം പറഞ്ഞപ്പോൾ ശിവാനന്ദൻ പറഞ്ഞു ഃ എനിക്ക്‌ തോന്നിയിരുന്നു അവൻ പോയ്‌ക്കാണുമെന്ന്‌. പോണെങ്കീ പോട്ടേന്ന്‌. നല്ല തണുപ്പും മഴയും ഉള്ള രാത്രി. ഇന്നലെ അസമയത്ത്‌ തന്നെ പറഞ്ഞുവിട്ടാ തന്റെ പൊണ്ടാട്ടി എന്നെ പ്‌രാകുമായിരുന്നു‘

വൈകിട്ട്‌ ചേർത്ത കാവിലെ ഭരണി ഉത്സവത്തിനു പോയ നാലുപേരും എത്തും. അവരുടെ കളക്ഷൻ കയ്യോടെ മേടിക്കണം. അല്ലെങ്കി വരുന്നവഴി ഉള്ള തീറ്റയ്‌ക്കും വാറ്റിനും പുറമെ ഇവിടെയുള്ള ചാരായക്കടയും കയറിയിറങ്ങി മുഴുവനും തീർക്കും. മുരുകനതുകൊണ്ട്‌ വേഗം തന്നെ തിരിച്ചു. ഇനി ഏതായാലും ഉച്ചഭക്ഷണം കഴിഞ്ഞിട്ട്‌ മതി ബാക്കി കാര്യങ്ങൾ. പോണവഴി മാർക്കറ്റിലിറങ്ങി പിടക്കുന്ന മൂന്നു-നാലു കരിമീനുമായി തന്റെ താവളത്തിലെത്തിയപ്പോഴാണ്‌ നാലഞ്ച്‌ വയസുപ്രായമുള്ള ഒരു പയ്യൻ വീട്ടുമുറ്റത്ത്‌ നിൽക്കുന്നത്‌ കാണുന്നത്‌. മുരുകന്‌ സംശയവും അമ്പരപ്പുമായി. ഇതേതാണ്ട്‌ മുതലാളി പറഞ്ഞ ലക്ഷണമുള്ള പയ്യനെപ്പോലെ, ചിലപ്പോ തങ്ങളുടെയടുക്കലെത്തേണ്ടവൻ തന്നെ. മുരുകന്‌ സംശയമില്ല. പക്ഷേ ഇവനെങ്ങനെ ഇവിടെ വന്നുപറ്റി?

Generated from archived content: daivam4.html Author: mk_chandrasekharan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English