ഭാഗം ഃ ഇരുപത്തിയഞ്ച്‌

ശിവാനന്ദന്‌ ഇഷ്ടപ്പെട്ട വിഭവങ്ങളായിരുന്നു, ഊണിന്‌. അയല തോരൻ, ചാളക്കറി, ഉപ്പിലട്ടത്‌, മാങ്ങ അച്ചാറ്‌, ചീരത്തോരൻ, അവിയല്‌ – പിന്നെ ഒഴിക്കാൻ കുരുമുളകു രസവും. മൂന്ന്‌ നാല്‌ വർഷം സേലത്ത്‌ താമസിച്ചപ്പോൾ ശിവാനന്ദന്റെ ഇഷ്ടാനിഷ്ടങ്ങൾ അറിയാവുന്ന സുന്ദരിക്ക്‌ – ഇപ്രകാരമൊരു ഭക്ഷണം ഒരുക്കാൻ കഴിഞ്ഞതിന്റെ വീർപ്പുമുട്ട്‌ അനുഭവിക്കുകയാണ്‌. അന്നത്തേതിനു ശേഷം ഇതുപോലൊരു ഭക്ഷണം ഇപ്പോഴായിരിക്കും അയാൾക്ക്‌ കഴിക്കാനായത്‌. എന്നോർത്തപ്പോഴാണ്‌ അവൾക്ക്‌ ഒരേ സമയം വീർപ്പുമുട്ടലും സന്തുഷ്ടിയും അനുഭവപ്പെട്ടത്‌. അതേ – അയാൾ ഭക്ഷണം അന്നത്തെയാ സ്വാദോടുകൂടിത്തന്നെയാണ്‌ ഇന്ന്‌ കഴിക്കുന്നത്‌. അത്‌ കണ്ടപ്പോൾ സുന്ദരിക്ക്‌ മനസ്സിൽ കൃതാർത്ഥത – പക്ഷേ പറഞ്ഞറിയിക്കാനാവാത്ത ഹൃദയവ്യഥ. വിധിയൊരുക്കിയ സാഹചര്യങ്ങൾ. അല്ലെങ്കിൽ തങ്ങൾ അങ്ങ്‌ സേലത്ത്‌ തന്നെ കഴിഞ്ഞേനെ. ഇവിടെയീ പാലത്തിനു ചുവട്ടിൽ – മുൻവശത്തുകൂടി വാഹനങ്ങളും തൊട്ടു പിന്നാമ്പുറത്തുകൂടി ട്രെയിനുകളും ചീറിപ്പായുന്നതിന്‌ നടുവിൽ – ഈ കൊച്ചുകൂരയിൽ കഴിയേണ്ടിവരുമായിരുന്നില്ല. പക്ഷേ, വിധി ഇവിടെ ക്രൂരമായ പരീക്ഷണമാണ്‌ നടത്തിയത്‌. മുരുകന്റെ കറകളഞ്ഞ ഈ സ്നേഹത്തിനു മുമ്പിൽ അടിയറവ്‌ പറയേണ്ടിവരുന്നു. അല്പമെങ്കിലും ക്രൂരമായി പെരുമാറിയിരുന്നെങ്കിൽ തനിക്ക്‌ മുൻപിൻ നോക്കാതെ ശിവണ്ണന്റെ കൂടെ പോകാമായിരുന്നു.

ഊണു കഴിഞ്ഞ്‌ ഒരു സിഗററ്റും വലിച്ച്‌ വരാന്തയിലിട്ടിരുന്ന കസേരയിലിരുന്ന്‌ ശിവാനന്ദൻ പറഞ്ഞുഃ

‘മുരുകാ – നിന്റെ ആഗ്രഹം – നീ പലപ്പോഴും പറയാറുള്ള നിന്റെ സുന്ദരിയുടെ – പാചകഗുണം ഞാനറിയണം എന്നത്‌ -’

പെട്ടെന്നൊന്നു തിരിഞ്ഞ്‌ നോക്കിയ ശിവാനന്ദൻ വാതിൽക്കൽ നിൽക്കുകയായിരുന്ന സുന്ദരി ഞെട്ടുന്നത്‌ കണ്ട്‌, പറഞ്ഞ അബദ്ധം തിരുത്താനായി പിന്നത്തെ ശ്രമം –

‘നിന്റെ വള്ളി പെരുമാറ്റത്തിൽ മാത്രമല്ല പാചകകലയിലും നിനക്കിണങ്ങിയ സുന്ദരി തന്നെ-’

സുന്ദരി ആശ്വാസം കൊള്ളുന്നത്‌ തിരിഞ്ഞുനോക്കാതെ തന്നെ അയാൾക്കറിയാനായി. സ്വന്തം ഭാര്യയെ വേറൊരാൾ സുന്ദരിയെന്ന്‌ വിളിക്കുന്നത്‌ ഒരു ഭർത്താവിനും ഇഷ്ടപ്പെട്ടെന്നു വരില്ല. പക്ഷേ, മൊതലാളി അവളുടെ പാചകഗുണം പറയാൻനേരം ഭാര്യയെ സുന്ദരിയെന്ന്‌ പറഞ്ഞതിൽ മുരുകൻ ഒരപാകതയും കണ്ടില്ല.

‘മണിക്കുട്ടാ – എന്താ മാറി നിൽക്കണേ? വാ ചോദിക്കട്ടെ -’

ശിവാനന്ദൻ മണിക്കുട്ടനെ വിളിച്ചിട്ടും അവൻ വാതിൽക്കൽ സുന്ദരിയുടെ സാരിയിന്മേൽ പിടിച്ച്‌ അനങ്ങാതെ നിൽക്കുകയാണ്‌. ചിലപ്പോൾ നാണംപൂണ്ട ഒരു പുഞ്ചിരി ആ മുഖത്ത്‌ വിരിയുന്നത്‌ ശിവാനന്ദന്‌ കാണാം.

‘എന്താ മോനേ വിളിച്ചിട്ട്‌ ചെല്ലാത്തെ. നമ്മുടെ മൊതാലാളിയാ – മോന്റെ മാമനായിട്ടുവരും’ മുരുകൻ പറഞ്ഞു.

വീണ്ടും ഒരു തേങ്ങൽ വാതിൽക്കൽ നിന്നുയർന്നോ? പക്ഷേ ഒരു നിമിഷം മാത്രം സുന്ദരി സമയത്തിനൊത്തുയർന്നു.

‘ചെല്ലുമോനെ. മോൻ ചെന്ന്‌ അനുഗ്രഹം വാങ്ങ്‌’.

മടിച്ച്‌ മടിച്ചാണെങ്കിലും അടുത്ത്‌ ചെന്നപ്പോൾ ശിവാനന്ദൻ തന്റെ സമീപത്തോട്‌ ചേർത്തു നിർത്തി. പിന്നെ താൻ ഇങ്ങോട്ട്‌ പോരാൻ നേരം വാങ്ങിയ ഒരു ജോഡി ഡ്രസും ഷൂസും അടങ്ങിയ പായ്‌ക്കറ്റ്‌ അവനുനേരെ നീട്ടിയപ്പോൾ അവൻ മടിച്ചു നിന്നു.

മുരുകന്റെയും സുന്ദരിയുടെയും നിർബന്ധമായപ്പോൾ അവൻ ശിവാനന്ദന്റെ നേരെ കൈനീട്ടി. ശിവാനന്ദൻ അവനെ ചേർത്തുനിർത്തി ആ നെറുകയിൽ ചുംബിച്ചു.

ഓർക്കാപ്പുറത്ത്‌ സംഭവിച്ചതാണെങ്കിലും ശിവാനന്ദൻ ഒന്നു ഞെട്ടാതിരുന്നില്ല. മുരുകന്‌ ഒരു തെറ്റിദ്ധാരണയും ഉണ്ടാകരുതെന്ന നിർബന്ധം സുന്ദരിയേക്കാൾ കൂടുതൽ ശിവാനന്ദനാണ്‌.

പക്ഷേ ഈ പ്രവൃത്തിയോടെ മണിക്കുട്ടന്‌ ആദ്യം നാണം വന്നെങ്കിലും ആ ചുംബനം അവർ തമ്മിലുള്ള അകൽച്ച അകറ്റി. ആ കാഴ്‌ച കണ്ടതോടെ സുന്ദരിയുടെ കണ്ണുകൾ നിറഞ്ഞു.

‘മണിക്കുട്ടൻ പോയി ഡ്രസ്സ്‌ ചെയ്തിട്ട്‌ വാ – എങ്ങനെയൊണ്ടെന്നു കാണട്ടെ-’

അതോടെ അവൻ അമ്മയുടെ അടുത്തേയ്‌ക്കോടി – സുന്ദരി അവനെയും കൂട്ടി അകത്തേയ്‌ക്ക്‌ പോയി.

ഒരു മിനിട്ട്‌ പോലും വേണ്ടിവന്നില്ല, മണിക്കുട്ടൻ പുതിയ ഡ്രസ്സും ചെയ്തുവരാൻ. തീർച്ചയായും തവിട്ടു നിറത്തിലുള്ള നിക്കറും വെള്ളയിൽ വരയുള്ള ഉടുപ്പും അവന്‌ യോജിച്ചതു തന്നെ. ആ ഡ്രസ്സിൽ അവന്റെ പ്രസരിപ്പ്‌ ഒന്നുകൂടി കൂടിയതുപോലെ. സന്തോഷവും നാണവും കലർന്ന ഒരു പുഞ്ചിരി അവന്റെ മുഖത്ത്‌.

‘മുരുകാ – ഇനി നീ ഇവനെ സ്‌കൂളിൽ ചേർക്കണം. അവനെ നല്ലവണ്ണം പഠിപ്പിക്കണം. അവനെ നല്ലവണ്ണം പഠിപ്പിക്കണം. എനിക്കുറപ്പാണ്‌ ഇവൻ നല്ലവണ്ണം പഠിക്കും. അവൻ ഉയർന്നക്ലാസ്സിൽ സ്‌കൂളിൽ ചേർത്തേ പറ്റൂ-’ പിന്നെ-‘

ശിവാനന്ദൻ ഒരല്പം നിർത്തി വീടിന്റെ ചുറ്റുപാടിലേക്കും മുൻവശത്തുള്ള റോഡിലേക്കും കണ്ണുകൾ പായിച്ചിട്ട്‌ പറഞ്ഞു.

’മുരുകാ – നിങ്ങളുടെ താമസം ഇവിടെ നിന്ന്‌ മാറ്റണം-‘

’മൊതലാളി -‘ മുരുകൻ പരിഭ്രമവും അത്ഭുതവും കലർന്ന സ്വരത്തിൽ വിളിച്ചു.

’ഞങ്ങളെങ്ങോട്ട്‌ മാറാനാ മൊതലാളി. മൊതലാളിയ്‌ക്കറിയില്ലേ എന്റെ അവസ്ഥ‘

’അറിയാം – എല്ലാം അറിഞ്ഞുകൊണ്ടാണ്‌ ഞാൻ പറയുന്നത്‌. അതിന്‌ നീ വിഷമിക്കേണ്ട. എല്ലാ സൗകര്യങ്ങളും നിങ്ങൾക്കുണ്ടാകും.‘

ഊണു കഴിക്കുന്നതിന്‌ മുമ്പ്‌ കുറെ നാളത്തേയ്‌ക്ക്‌ താനിവിടെ നിന്നും മാറി നിൽക്കുകയാണെന്നും ഒരു യാത്ര പോവുകയാണെന്നും ശിവാനന്ദൻ പറഞ്ഞിരുന്നു. എങ്ങോട്ടാണ്‌ യാത്രയെന്നും എന്താ പരിപാടിയെന്നും മാത്രം പറഞ്ഞിരുന്നില്ല. ഇപ്പോഴിതാ തന്നെ അത്ഭുതപ്പെടുത്തുന്ന വർത്തമാനങ്ങളും – ഇവിടെ നിന്ന്‌ മാറണമെന്ന്‌.

കോവിലിൽ രാവിലെ കഴിച്ച വഴിപാടിന്റെ പ്രസാദം ഒരു പാത്രത്തിലാക്കി സുന്ദരി ഇതിനോടകം ശിവാനന്ദനെ ഏല്പിച്ചിരുന്നു. പായസം കഴിച്ച്‌ തീരുവോളം അയാളൊന്നും പറഞ്ഞില്ല. അതു കഴിഞ്ഞ്‌ താൻ കൊണ്ടുവന്ന ഒരു ബ്രീഫ്‌കേസ്‌ ഒന്നു തുറന്ന്‌ നോക്കി. പിന്നീടടച്ച്‌ മുരുകന്റെ നേർക്കു നീട്ടി.

മുരുകൻ കണ്ണുമിഴിച്ച്‌ എന്തു ചെയ്യണമെന്നറിയാതെ പരിഭ്രാന്തനായി നിൽക്കുകയാണ്‌. അവനെ സംബന്ധിച്ചിടത്തോളം രണ്ടുദിവസമായി മുതലാളിയിൽ വന്ന മാറ്റങ്ങൾ എന്തിനാണെന്നറിയാതെ അത്ഭുത പരതന്ത്രനാക്കിയിരുന്നു. കസ്തൂരിപ്പറമ്പിൽ പോയി അവർക്കു വേണ്ട സൗകര്യങ്ങൾ ചെയ്തുകൊടുക്കുക, വള്ളിയേയും മണിക്കുട്ടനേയും കാണാതായപ്പോൾ തന്നേക്കാളേറെ ശുഷ്‌കാന്തിയോടെ കാറുമെടുത്ത്‌ അന്വേഷിക്കുക. എല്ലാം വിചിത്രമായ പെരുമാറ്റങ്ങൾ. താൻ വിളിച്ചിട്ടാണെങ്കിലും ഊണു കഴിക്കാൻ വരിക. മണിക്കുട്ടന്‌ ഡ്രസുകൊടുക്കുക, വീട്‌ മാറണമെന്ന്‌ പറയുക – ഇപ്പോഴിതാ ഒരു പുതിയ ബ്രീഫ്‌കേസ്‌ തനിക്ക്‌ നേരെ നീട്ടുന്നു.

മുരുകന്റെ പരിഭ്രാന്തി കണ്ട്‌ ശിവാനന്ദൻ സുന്ദരിയുടെ നേരെ നീങ്ങി.

’അല്ലെങ്കിൽ – നീ വേണ്ട – ഇതിന്റെ യഥാർത്ഥ അവകാശി – സു – അല്ല വള്ളി – വള്ളി തന്നെ വാങ്ങട്ടെ.‘

വള്ളി കൈകൊണ്ട്‌ ’വേണ്ട‘ എന്ന്‌ വിലക്കിയെങ്കിലും ഫലമില്ലായിരുന്നു. തെല്ലൊരധികാരത്തോടെ അയാൾ ബ്രീഫ്‌കേയ്‌സ്‌ വള്ളിയുടെ കയ്യിൽ ബലമായി പിടിച്ചേല്പിച്ചു. അവളുടെ മുഖത്തും പരിഭ്രമമാണ്‌. പിന്നീടത്‌ സങ്കടമായി മാറി. മനസ്സ്‌ തുറന്ന പെരുമാറ്റത്തിന്റെ നിറഞ്ഞ്‌ വിങ്ങുന്ന ആഹ്ലാദത്തിന്റെ ഒരു ബഹിർസ്‌ഫുരണമായിരുന്നു ആ ഭാവം. മണിക്കുട്ടൻ എല്ലാവരെയും മാറിമാറി നോക്കുന്നു.

’മുരുകാ – നീ അറിയാതെ കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനകം ചില സംഭവങ്ങൾ ഇവിടെ നടന്നു. നീ ഭാര്യയേയും കുട്ടിയേയും കിട്ടിയ സന്തോഷത്തിലായിരുന്നു. നിന്നെ ബുദ്ധിമുട്ടിക്കേണ്ട എന്നു ഞാൻ കരുതി. ഇനി കാര്യത്തിലേയ്‌ക്ക്‌ കടക്കാം. നാളെ മുതൽ കസ്തൂരിപ്പറമ്പിലെ ആ സംഘത്തിലെ നടത്തിപ്പുകാരൻ നീയല്ല. നിന്റെ ജോലി ഇന്നത്തോടെ തീരുന്നു. നീ ഇനി വേറെ ജോലി കണ്ടുപിടിക്കണം.‘

ഒരു വെള്ളിടി ഏറ്റതുപോലായിരുന്നു മുരുകനാ വാർത്ത. അല്പം ഏന്തുള്ള ഈ കാലുംവച്ച്‌ ഇനി എന്ത്‌ ജോലി കണ്ടുപിടിക്കാനാണ്‌? വീണ്ടും വല്ല ഹോട്ടലിലെ കണക്കെഴുത്തുകാരനായി കഴിയണമെന്നാണ്‌ വിധിയെങ്കിൽ –

’കസ്തൂരിപ്പറമ്പിലെ കെട്ടിടവും പറമ്പും കോർപ്പറേഷന്‌ വിട്ടുകൊടുത്തു. ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു കൈമാറിയത്‌. നിനക്കറിയാമായിരിക്കണം, ആ പറമ്പിന്റെയും കെട്ടിടത്തിന്റെയും യഥാർത്ഥ ഉടമസ്ഥൻ ഞാനായിരുന്നില്ല എന്ന്‌. അയാൾ മിനിഞ്ഞാന്ന്‌ ഉച്ചയ്‌ക്ക്‌ മുമ്പ്‌ വന്നെന്നെ കണ്ടു. അങ്ങേരിപ്പോൾ അമേരിക്കയിൽ സ്ഥിരതാമസമാക്കിയിരിക്കയാണ്‌. ഈ നാട്ടിൽ ബന്ധുക്കളായി ഉണ്ടായിരുന്നത്‌ അയാളുടെ ഇളയപ്പൻ മാത്രം. രണ്ടാഴ്‌ച മുമ്പയാൾ മരിച്ചു. അതോടെ ഇനി ഇവിടത്തെ വസ്തുവിൽ അവർക്കാർക്കും താല്പര്യമില്ലാതായി. അതുകൊണ്ട്‌ കെട്ടിടവും സ്ഥലവും നഗരസഭയ്‌ക്ക്‌ വിട്ടുകൊടുത്തു. അവിടത്തെ അന്തേവാസികളെ അവർ പള്ളുരുത്തിയിലോ മറ്റെവിടേയ്‌ക്കെങ്കിലോ മാറ്റും. ചിലപ്പോൾ അവിടെത്തന്നെ തുടർന്നേക്കാനും മതി. അതിന്റെ കൈമാറ്റ രജിസ്‌ട്രേഷനും മറ്റു കടലാസുകളും എല്ലാം അവരെ ഏല്പിച്ചു കഴിഞ്ഞു. അനാഥലയത്തിലുള്ളവർക്കുവേണ്ടി നല്ലൊരു സംഖ്യ അയാൾ അവരെ ഏല്പിച്ചിട്ടുണ്ട്‌. കുഞ്ഞുമുഹമ്മദിനെയും കൂട്ടരെയും വിവരമറിയിച്ചുകഴിഞ്ഞു. ഇനിയിപ്പോൾ നമ്മൾ അങ്ങോട്ട്‌ പോവേണ്ടതില്ല. നിനക്കാകെ ചെയ്യാനുള്ളത്‌ അവരുടെ പേരിൽ ബാങ്കിലുള്ള തുകയുടെ പാസ്‌ബുക്ക്‌ അവരെ ഏല്പിക്കുക എന്നതു മാത്രമാണ്‌.‘

’മൊതലാളി – മുരുകൻ ദയനീയസ്വരത്തിൽ വിളിച്ചു. എന്നെ വിശ്വാമില്ലാഞ്ഞിട്ടാണോ വിവരമറിയിക്കാത്തത്‌?

ശിവാനന്ദൻ എഴുന്നേറ്റുവന്നു മുരുകന്റെ തോളത്ത്‌ പിടിച്ചു.

‘മുരുകാ – നീ ഏറെ ബുദ്ധിമുട്ടി. മിനിഞ്ഞാന്നത്തെ കഷ്ടപ്പാട്‌ ഞാനും കണ്ടതല്ലേ? ഒരു ദിവസമെങ്കിലും നിനക്കിവിടെ ഇവരോടൊരുമിച്ച്‌ സന്തോഷത്തോടെ കഴിയാൻ പറ്റിയിട്ടുണ്ടോ? അങ്ങനെ കിട്ടുന്ന അവസരം ഈയൊരു കാര്യത്തിനു വേണ്ടി ഇല്ലാതാക്കുന്നതെന്തിനാ-?’

അല്പം കഴിഞ്ഞ്‌ മുരുകനെ ആശ്വസിപ്പിച്ച്‌ വീണ്ടും കസേരയിൽ വന്നിരുന്ന്‌ ശിവാനന്ദൻ തുടർന്നുഃ

‘നീ ഇനി എന്നെ മൊതലാളീന്ന്‌ വിളിക്കരുത്‌. വാസ്തവത്തിൽ വല്ലവന്റേയും ഭൂമിയും കെട്ടിടവും കയ്യേറിയതിന്റെ പേരിൽ ഞാൻ പോലീസ്‌ ലോക്കപ്പിൽ കെടക്കേണ്ടവനാ. അറിയാതെയാണെങ്കിലും കൂട്ടുനിന്ന നീയും കേറേണ്ടിവന്നേനെ. പക്ഷേ – ആ വസ്തുവിന്റെ ഉടമസ്ഥൻ ഒരു ദാനശീലൻ – അയാൾ നമ്മളെ അഭിനന്ദിക്കുകയായിരുന്നു. ഞങ്ങൾ തമ്മിൽ ഇതിനോടകം രണ്ട്‌ തവണ കണ്ടിരുന്നു. മിനിഞ്ഞാന്നും ഇന്നലെയുമായി. അറുമുഖവും അവന്റെ പെണ്ണുമ്പിള്ളയും ബാങ്കിലെ തുകയും കൈപ്പറ്റി ഇന്നലെ രാത്രിയോടെ സേലത്തേയ്‌ക്ക്‌ വണ്ടി കേറിക്കാണും.

’മൊതലാളി – ഇത്രേം നാളും ഞാൻ കൂടൊണ്ടായിട്ട്‌ എന്നോട്‌ -‘

’അതെ – നീയറിയേണ്ടെന്ന്‌ കരുതി. നീയറിയാത്ത വേറെ ചില കാര്യങ്ങളും നടന്നു. അതും നീയിപ്പോൾ അറിയണം.

ശിവാനന്ദൻ സുന്ദരിയുടെ നേരെ തിരിഞ്ഞ്‌ ബ്രീഫ്‌ കേയ്‌സ്‌ തുറക്കാനാവശ്യപ്പെട്ടു. അവൾ പകച്ചുനിന്നപ്പോൾ ശിവാനന്ദൻ തന്നെ അടുത്ത്‌ ചെന്ന്‌ അത്‌ തുറന്ന്‌, അതിൽ നിന്നും വലിയൊരു കവറെടുത്ത്‌ കാണിച്ചു.

‘നോക്കൂ – എന്റെ വൈറ്റിലയിലുള്ള അമ്പത്‌ സെന്റ്‌ ഭൂമി – ഒരു ചെറിയ തെങ്ങിൻ തോപ്പാണവിടം – പിന്നെ കടവന്ത്രയിലെ ഇപ്പോഴത്തെ വീടും – അതിന്റെ യഥാർത്ഥ അവകാശി ഇനി നിങ്ങളാണ്‌. നിങ്ങൾ മൂന്നുപേരും. ഇന്നലെ വൈകിട്ടായിരുന്നു അതിന്റെ പ്രമാണങ്ങളൊക്കെ തയ്യാറാക്കി രജിസ്‌റ്റർ ചെയ്തത്‌. അതും നിങ്ങൾക്കൊക്കെ ഒരു സർപ്രൈസ്‌ ആട്ടേന്ന്‌ കരുതി മിണ്ടാതിരുന്നു. ഇതുവരെ പരിഭവമാണ്‌ മുരുകന്റെ മുഖത്ത്‌ കാണാൻ കഴിഞ്ഞിരുന്നതെങ്കിൽ പെട്ടെന്നത്‌ ദൈന്യതയിലേക്ക്‌ വഴിമാറി. പിന്നീടയാൾ രണ്ടുകയ്യും കൊണ്ട്‌ മുഖം പൊത്തി കരഞ്ഞു.

’മൊതലാളി-‘

ശിവാനന്ദൻ അത്‌ മുഴുവനാക്കാൻ സമ്മതിച്ചില്ലാ

’മുരുകാ – നീയിനി എന്നെ പേരു വിളിക്കുന്നതാണ്‌ എനിക്കിഷ്ടം. അല്ലെങ്കിൽ ശിവണ്ണാന്ന്‌. നമ്മളൊക്കെ നടത്തിയത്‌ ഒരുതരം തട്ടിപ്പും വെട്ടിപ്പും ആയിരുന്നു. അങ്ങനൊരു സംഘമുള്ളതുകൊണ്ടായിരുന്നു നീയെന്നെ മൊതലാളീന്ന്‌ വിളിച്ചത്‌. ഇപ്പോളതില്ല. നീയവിടത്തെ തൊഴിലാളിയല്ല. ഞാനിനി മൊതലാളിയുമല്ല‘.

മുരുകന്റെ കരച്ചിൽ പിന്നെയും മാറിയില്ല. ഒന്നുമില്ലായ്മയിൽ നിന്നും തന്നെ ഉയർത്തി എഴുന്നേല്പിച്ച തീവണ്ടിയിലെ ആ രംഗം മുതൽ – ചെട്ടിയാരുടെ അടിയും തൊഴിയുമേറ്റ്‌ നിലത്ത്‌ വീണുകിടന്ന തന്നെ ആശ്വസിപ്പിച്ച്‌ – ഇവിടൊരു ജോലിയും തന്ന്‌ – പിന്നീട്‌ മൊതലാളി പറയുന്നപോലെ തട്ടിപ്പ്‌ കമ്പനിയായിരുന്നെങ്കിലും – അവിടെല്ലാം ഒരുമിച്ചായിരുന്നു. ഇന്നിപ്പോൾ താനിതാ സ്വപ്നം പോലുംകാണാൻ സാധിക്കാത്തത്ര ഉന്നതിയിലെത്തിച്ച ശിവാനന്ദനെ താനെങ്ങനെ പേരുവിളിക്കും. ശരിക്കും വിളിക്കേണ്ടത്‌ ദൈവമെന്നാണ്‌.

ചെറിയൊരേങ്ങലടി കേട്ട്‌ അകത്തേയ്‌ക്ക്‌ നോക്കിയപ്പോൾ സുന്ദരിയും കരയുകയാണ്‌. അവിടെ സന്തോഷവും കൃതാർത്ഥതയും ആത്മനിന്ദയും സങ്കടവും – എല്ലാം മാറിമാറി ആ മുഖത്ത്‌ പ്രതിഫലിക്കുന്നുണ്ട്‌. ഒന്നും മനസ്സിലാവാതെ പകച്ച്‌ നിൽക്കുന്നത്‌ മണിക്കുട്ടൻ മാത്രം. പക്ഷേ പിന്നീടവൻ സുന്ദരിയെ വട്ടം കെട്ടിപ്പിടിച്ചു.

കരയുകയായിരുന്നു മുരുകനെ തോളത്ത്‌ തട്ടി ആശ്വസിപ്പിച്ചുകൊണ്ട്‌ ശിവാനന്ദൻ തുടർന്നുഃ

ഞാനിനി ബോംബെയ്‌ക്ക്‌ പോവുകയാണ്‌. അവിടെ ഞാൻ നേരത്തെ പറഞ്ഞ അമേരിക്കൻ മലയാളി മാത്യൂസിന്റെ ബിസിനസ്സ്‌ നോക്കി നടത്തേണ്ട ചുമതല എനിക്കാണ്‌. അയാൾ ബോംബെയിലെ ബിസിനസ്‌ അവസാനിപ്പിക്കുകയാണെങ്കിൽ അവിടെത്തന്നെ എനിക്ക്‌ വേറൊരു ജോലി ശരിയാക്കി തന്നിട്ടേ പോവുകയുള്ളൂ എന്ന്‌ ഉറപ്പ്‌ തന്നിട്ടുണ്ട്‌. അപ്പോൾ നമ്മളെല്ലാവരും സന്തോഷിക്കുകയല്ലേ വേണ്ടെ?’

പക്ഷേ മുരുകന്റെ പരിദേവനം ഇനിയും മാറിയിട്ടില്ല. കരച്ചിലിനിടയിൽ അയാൾ പറഞ്ഞുഃ

‘എന്തൊക്കെ പറഞ്ഞാലും എനിക്ക്‌ ശിവണ്ണാന്ന്‌ വിളിക്കാനാവില്ല. വിളിക്കേണ്ടത്‌ ദൈവമെന്നാണ്‌. അതും ശരിയല്ലല്ലൊ. ഞാൻ മൊതലാളീന്നേ വിളിക്കൂ’.

‘ഞാനൊരാളോട്‌ തോൽക്കുകയാണ്‌, നിന്നോട്‌. നിന്റെ സ്നേഹം, വിശ്വസ്തത, ആത്മാർത്ഥത – അവയൊക്കെ എന്നെ തോല്പിക്കുകയാണ്‌. ഏതായാലും നിനക്കെന്നെ ഇഷ്ടമുള്ള പേര്‌ വിളിക്കാം. ഞാൻ തടസം നിൽക്കുന്നില്ല. എന്നാലെങ്കിലും ആ കരച്ചിൽ നിർത്തിക്കൂടെ?’

ശിവാനന്ദൻ ഇങ്ങനെയൊക്കെ പറഞ്ഞിട്ടും മുരുകൻ കരച്ചിൽ നിർത്തുന്നില്ല. അത്‌ സന്തോഷത്തിന്റെയാകാം. ഈ സന്തോഷം – പക്ഷെ മൊതലാളി പോകുന്നല്ലോ എന്നോർത്ത്‌ സങ്കടത്തിലേയ്‌ക്ക്‌ നയിച്ചതാവാം.

‘മൊതലാളിക്കൊരു കുടുംബമൊക്കെ വേണ്ടെ? ഇവിടായാലും എവിടായാലും-“

മുരുകന്റെ വാക്കുകൾ കേട്ട്‌ സുന്ദരി ഞെട്ടി. അവൾ തിരിഞ്ഞ്‌ ശിവാനന്ദനെ നോക്കി. അയാളും തെല്ല്‌ പരിഭ്രമിക്കാതിരുന്നില്ല. പക്ഷേ, ഏതാനും നിമിഷത്തേയ്‌ക്ക്‌ മാത്രം. പിന്നീടയാൾ സ്വസ്ഥത വീണ്ടെടുത്തു.

’മുരുകാ – എന്റെ വിവരങ്ങൾ നിന്നോട്‌ പറഞ്ഞിട്ടുള്ളതാ. അതന്നത്തോടെ കഴിഞ്ഞു. ഇന്ന്‌ തിരിഞ്ഞുനോക്കുമ്പോൾ ഞാനാ പ്രശ്നം കൈകാര്യം ചെയ്ത രീതി തെറ്റായിപ്പോയെന്നറിയാം. ഇനി വേണ്ട – അതൊക്കെ കഴിഞ്ഞു. ഇനി എന്റെ സന്തോഷം നിങ്ങളൊക്കെ സന്തേഷത്തോടെ കഴിയുന്നതാ-‘

ശിവാനന്ദൻ എന്തോ ഓർത്തിട്ടെന്നപോലെ വാച്ചിൽ നോക്കി. അയാൾ പോകാനുള്ള തയ്യാറെടുപ്പിലാണ്‌. ഇറങ്ങാൻ നേരം അയാൾ മണിക്കുട്ടനെ വിളിച്ചു. അവന്റെ മൂർദ്ധാവിൽ ചുംബിച്ചുകൊണ്ട്‌ പറഞ്ഞു.

’മിടുക്കനായി പഠിക്കണം. അമ്മയേയും അച്ഛനെയും അനുസരിക്കണം. നീ വളർന്ന്‌ വരുമ്പോൾ അവരെ നോക്കേണ്ട ജോലി നിനക്കാണ്‌‘.

ഇപ്പോൾ മണിക്കുട്ടനും കരഞ്ഞുപോയി. പക്ഷേ അത്‌ പേടികൊണ്ടല്ല. എന്തിനെന്ന്‌ അവനു അറിഞ്ഞുകൂടാ.

കയ്യിലിരുന്ന ബാഗ്‌ മുരുകനെ ഏല്പിച്ച്‌ ദൂരെ റോഡരികിൽ ഇട്ടിരുന്ന കാറിൽ വയ്‌ക്കാനായി നിർദ്ദേശിച്ചു. പിന്നീ​‍്‌ട്‌ അന്തുക്കായോടും കാറിന്നരികിലേയ്‌ക്ക്‌ വരാൻ പറയാൻ പറഞ്ഞ്‌ ശിവാനന്ദൻ വീണ്ടും മുറ്റത്തേയ്‌ക്ക്‌ വന്നു. വരാന്തയിലേക്ക്‌ വന്ന സുന്ദരിയെ സമീപിച്ചു. മുരുകനോടൊപ്പം കാറിനരികിലേയ്‌ക്ക്‌ നീങ്ങിയ മണിക്കുട്ടനെ ചൂണ്ടി അയാൾ പറഞ്ഞുഃ

”സുന്ദരി – നമ്മൾ ഭാഗ്യാവാന്മാരാണ്‌. മണിക്കുട്ടൻ നമ്മുടെ മോനാണ്‌. നഷ്ടപ്പെട്ടുപോയി എന്ന്‌ കരുതിയ നമ്മുടെ കുഞ്ഞ്‌. അവന്റെ പഴയ കഥ ഞാൻ അറുമുഖത്തിന്റെ പെണ്ണുമ്പിള്ളയിൽ നിന്നും മനസിലാക്കിയെടുത്തു. അവനൊത്തിരി ഈ കുരുന്നിലേ കഷ്ടപ്പെട്ടു. ഒരുപക്ഷേ ഒരു ജീവിതത്തിലെ കഷ്ടപ്പാടുകളിൽ ഏറിയപങ്കും ഈ കുരുന്നുപ്രായത്തിൽ അനുഭവിച്ചുകാണും. ഇനിയവന്റെ കാര്യം നോക്കേണ്ടത്‌ നീയാണ്‌, മുരുകനും. അവൻ സ്വന്തം കുഞ്ഞിനെപ്പോലെ നോക്കുമെന്നനിക്കുറപ്പുണ്ട്‌. പക്ഷേ ഈ വിവരം അവനറിയേണ്ട. നിങ്ങൾ സന്തോഷത്തോടെ കഴിയണം. അതാണെനിക്ക്‌ സന്തോഷവും. ബോംബെയിലാണെങ്കിലും ഞാനിടയ്‌ക്ക്‌ വരാം.’

വീണ്ടും കരയാനാരംഭിച്ച സുന്ദരിയെ ശിവാനന്ദൻ കണ്ണുകൊണ്ട്‌ വിലക്കി. കരയുകയല്ല – സന്തോഷിക്കുകയാണ്‌ വേണ്ടത്‌. പിന്നെ നീയിനി വള്ളിയാണ്‌ ഓർമ്മ വേണം!

സ്നേഹത്തിന്റെ ഒരല ഇളംകാറ്റിന്റെ രൂപത്തിൽ അവിടെ വീശി. ശിവാനന്ദൻ പിന്നീട്‌ തിരിഞ്ഞുനോക്കിയില്ല. അയാൾ കാറിൽ കയറി ഡ്രൈവിംഗ്‌ സീറ്റിലിരുന്നപ്പോൾ മുരുകൻ അന്തുക്കായേയും കൂട്ടി വന്നിരുന്നു.

‘മുരുകൻ – ഈ കാർ ഞാനവിടെയിടും. അന്തുക്കാ ഇപ്പോഴെന്റെ കൂടെവരും. വീട്‌ പൂട്ടി താക്കോലിവനെ ഏല്പിക്കും. പിന്നെ ഈ കാർ ഇനിമുതൽ നിന്റെയാണ്‌. നിനക്കിത്‌ വിൽക്കണമെങ്കിൽ വിൽക്കാം. അല്ല ടാക്സിയാക്കണമെങ്കിൽ അങ്ങനെ ചെയ്യാം. അന്തുക്കാ വേണ്ടത്‌ ചെയ്യാമെന്നേറ്റിട്ടുണ്ട്‌-’

‘മൊതലാളി ഞാനും കൂടി അവിടെ വരെ വരാം-’

‘വേണ്ട. ഇനിയൊരു യാത്രപറച്ചിൽ എനിക്കാവില്ല. നീയിപ്പം ഇവിടെ നിൽക്ക്‌. വള്ളിയുടെയും മണിക്കുട്ടന്റെയും അടുത്ത്‌. അന്തുക്കാ സ്‌റ്റേഷനിൽ കൊണ്ടുവിട്ട്‌ ഇങ്ങോട്ടുവരും’.

അന്തുക്കാ കാറിൽ കയറിയതോടെ ശിവാനന്ദൻ വണ്ടി സ്‌റ്റാർട്ട്‌ ചെയ്തു. റോഡരികിൽ നിന്ന മുരുകനെയും മണിക്കുട്ടനേയും കൈവീശി യാത്ര പറഞ്ഞു. സൈഡ്‌ മിററിൽ കൂടി കണ്ട സുന്ദരിയുടെ രൂപത്തോടും അയാൾ യാത്ര പറഞ്ഞു.

ഈ നഗരം എനിക്ക്‌ വല്ലാത്തൊരനുഭവം തന്നു. ഒരു പൂർണ്ണജീവിതം അനുഭവിക്കാനുള്ള യോഗം എനിക്കിവിടുണ്ടായി. സൗഭാഗ്യങ്ങളും സംഘർഷങ്ങളും നുറുങ്ങു ദുഃഖങ്ങളും മോഹങ്ങളും മോഹഭംഗങ്ങളും – എല്ലാം…എല്ലാം.. – ഞാനിവിടെ അനുഭവിച്ചു. ഇനി വേറൊരു നഗരത്തിൽ –

‘വീണ്ടും ഒരു ജീവിതം തേടിയുള്ള യാത്ര – അല്ലെ?’ അയാൾ അന്തുക്കായുടെ സാമിപ്യംപോലും മറന്ന്‌ സ്വയം പറഞ്ഞു.

‘ഒരു തൂവൽസ്പർശം ഹൃദയത്തെ തൊട്ടു തലോടുന്നതുപോലെ. എല്ലാ ഭാരങ്ങളും ഞാനിവിടെ ഇറക്കിവച്ചു. ഇനി എനിക്ക്‌ യാത്രയാവാം – സ്വസ്ഥതയോടെ-’

(അവസാനിച്ചു)

Generated from archived content: daivam25.html Author: mk_chandrasekharan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here