ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ട് വാതിൽ തുറന്ന ശിവാനന്ദൻ കണ്ട കാഴ്‌ച അയാളെ ഒരേസമയം അമ്പരിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്യുന്നതായിരുന്നു.
സുന്ദരി!
മുരുകന്റെ വരവ് പ്രതീക്ഷിച്ചിരുന്ന ശിവാനന്ദന് ഈ വരവ് തീർത്തും അപ്രതീക്ഷിതമായിരുന്നു. എങ്ങനെ ഇവളെ നേരിടണമെന്ന് വിഷമിച്ച് നിൽക്കുമ്പോൾ സുന്ദരി ഓടിവന്ന് അയാളുടെ കാൽക്കൽവീണ് പൊട്ടിക്കരയുകയായിരുന്നു. അറിയാതെയാണെങ്കിലും അയാൾ അവളെ പിടിച്ചുയർത്തി തലയിൽ തലോടി. ഒരു നിമിഷം അവളും അനങ്ങാതെ നിന്നു. പക്ഷേ അടുത്ത നിമിഷം രണ്ടുപേരും അറിയാതെ തന്നെ പിന്മാറി. തങ്ങൾ ചെയ്തതു ശരിയോ എന്നൊരു കുറ്റബോധം അവരെ അലട്ടി.
അല്പസമയം കഴിഞ്ഞ് കണ്ണീർതുടച്ച് അവൾ ചോദിച്ചു.
‘അണ്ണന് സുഖല്ലെ?’
വികാരങ്ങളെ അടക്കി ഒതുക്കാൻ അയാൾ പാടുപെട്ടു. ഇല്ല ഇവിടെ പരാജയപ്പെട്ടുകൂടാ. ഇവിടെ തോറ്റാൽ തകരുന്നത് മൂന്നുപേരുടെ ജീവിതമാണ്. മുരുകന്റെയും സുന്ദരിയുടേയും തന്റെയും. കൂടാതെ ഇവരുടെ കൂടെയുള്ള ആ കുട്ടിയുടെ ഭാവിയേയും ബാധിക്കും.
‘ങ്‌ഹാ – അങ്ങനെ കഴിയുന്നു. നിനക്കോ’
അതിനവൾക്കുത്തരമില്ലാതെ പോയി. വീണ്ടും അണപൊട്ടിയൊഴുകിയ കണ്ണുനീർ. അവസാനം അവൾ പറഞ്ഞു.
‘അവർ – ആ ദുഷ്ടന്മാർ നമ്മുടെ കുഞ്ഞിനെ ആർക്കോ വിറ്റു. അതോർക്കുമ്പോൾ എനിക്കെവിടെ സുഖം?“
കുഞ്ഞിനെ നഷ്ടപ്പെടാൻ താനും ഒരു കാരണക്കാരനാണെന്ന ബോധം അയാളെ തളർത്തി. താനന്നവിടെ ആ സമയം ഉണ്ടായിരുന്നെങ്കിൽ – സുന്ദരി പറഞ്ഞതു കേട്ട് ആശുപത്രിയിൽ നിൽക്കേണ്ടവൻ താനായിരുന്നു. അങ്ങനെയായിരുന്നെങ്കിൽ ഇന്നിങ്ങനെ തീ തിന്ന് കഴിയേണ്ടായിരുന്നു. സ്വന്തമായൊരു വീട് സേലത്ത് തന്നെ കണ്ടെത്തെണമെന്ന വാശിയായിരുന്നു എല്ലാത്തിനും കാരണം. ആ പോക്കിൽ ഒരു വാഹനാപകടം. രണ്ടാഴ്‌ചത്തെ ആശുപത്രിവാസം. എല്ലാം വിധിയാണെന്ന് കരുതി സമാധാനിക്കാൻ ശ്രമിച്ചാലും ശാന്തി കിട്ടുന്നില്ല. ഇനിയിപ്പോൾ അതോർത്തിട്ടെന്ത് കിട്ടാനാണ്?
’ചിലപ്പോൾ ഇങ്ങനൊക്കെ വരണമെന്ന് ദൈവനിശ്ചയമാകാം‘. ശിവാനന്ദൻ സമാധാനിപ്പിച്ചു.
’എന്നാലും – എനിക്കെന്തെങ്കിലും അവനെ കാണാൻ പറ്റുമോ?‘
എന്ത് പറഞ്ഞാണിവളെ സമാധാനിപ്പിക്കുക. കുട്ടി നഷ്ടപ്പെട്ടിട്ടില്ലെന്നു പറഞ്ഞാൽ ഇവൾ വിശ്വസിക്കുമോ? ഈ അവസ്ഥയിൽ സുന്ദരിയിവിടെ നിൽക്കുന്നത് ശരിയല്ല.
’നീ സന്തോഷിക്കുകയാണ് വേണ്ടത്. നിന്നെ മുരുകൻ കാര്യമായി നോക്കുന്നുണ്ടല്ലോ. എനിക്ക് തോന്നുന്നത് അവനാണ് നിനക്ക് ശരിക്കും യോജിച്ചവൻ എന്നാണ്. ഞാനെങ്ങനെയോ അതിന് മുമ്പ് വന്നുപെട്ടതാണ്. അവൻ വന്നതോടെ നിന്റെ ജീവിതം തന്നെ രക്ഷപ്പെട്ടില്ലെ? ഇപ്പോ പോരാത്തതിന് മണിക്കുട്ടനും ഇല്ലെ?‘
’എന്നാലും-‘ സുന്ദരി പിന്നെയും തേങ്ങി. ’ചേട്ടൻ ഒറ്റയ്‌ക്കിവിടെ -‘
അവളുടെ ആ വാക്കുകളോടെ ശിവാനന്ദൻ ഒന്നു തളർന്നപോലെ. ഏതാനും നിമിഷനേരത്തെ ചാഞ്ചല്യം. ഇല്ല. ഇനിയും ഈ അനിശ്ചിതാവസ്ഥ തുടർന്നുകൂടാ.
’സുന്ദരി – നീ കേൾക്ക്. നീ എനിക്കു മാത്രം സുന്ദരിയായിരുന്നാൽ മതി. മുരുകന് നിന്നെ വല്യ കാര്യമാണ്. ഞാനാണ് നിന്റെ കഴുത്തിൽ ആദ്യം താലിചാർത്തിയവനെന്നറിഞ്ഞാൽ അവനൊഴിഞ്ഞേക്കും. കാരണം എനിക്ക് വേണ്ടി അവനെന്തും ചെയ്യും. പക്ഷേ അവൻ പിന്നെ ജീവിച്ചിരിക്കുമെന്ന് തോന്നുന്നുണ്ടോ?‘ അവനത്രമാത്രം നിന്നെ സ്നേഹിക്കുന്നു. അവനെന്നോട് നിന്നെപ്പറ്റി പലപ്രാവശ്യം പറഞ്ഞിട്ടുണ്ട്. ഇത് വിധിയാണെന്ന് കരുതി സമാധാനിക്കൂ. മണിക്കുട്ടനെ യാതൊരു ബുദ്ധിമുട്ടുമുണ്ടാക്കാതെ വളർത്തണം. ഞാനറിഞ്ഞിടത്തോളം അവനും നിന്നെ അമ്മയെപ്പോലെ സ്നേഹിക്കുന്നു. നമ്മുടെ മകനാണെന്ന് കരുതിത്തന്നെ വളർത്തണം’.
മണിക്കുട്ടനെക്കുറിച്ച് ശിവാനന്ദനിൽ നിന്നും കേട്ട ഹൃദയത്തിൽ തട്ടിയുള്ള വാക്കുകൾ കേട്ടതോടെ സുന്ദരി വീണ്ടും പൊട്ടിക്കരഞ്ഞു. ശിവാനന്ദൻ അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചില്ല. അല്പനേരം കരയട്ടെ. അവൾക്കിപ്പോൾ ഒരു പൊട്ടിക്കരച്ചിൽ ആവശ്യമാണ്. കരഞ്ഞുകരഞ്ഞ് തളർന്ന അവളെ ശിവാനന്ദൻ അടുത്ത് ചെന്ന് തലാടി. കവിളത്തെ കണ്ണുനീർ തുടച്ചുകൊണ്ട് പറഞ്ഞു;
‘സുന്ദരി – നീ ഇനി വള്ളിയാണ്. മുരുകൻ – വള്ളി, അത് നല്ല ചേർച്ചയുള്ള പേരുകളാണ്. നീ പോ. നമ്മൾ തമ്മിൽ ഇങ്ങനൊരു ബന്ധമുണ്ടായിരുന്നെന്ന കാര്യം മുരുകനറിയേണ്ട. നീയും മറന്നുകള. ആ പാവം ഇതറിഞ്ഞാൽ ജീവനൊടുക്കും. അത് നീ ആഗ്രഹിക്കുന്നുണ്ടോ? ഇനി നീ വള്ളി മാത്രമാണ്. ആര് ചോദിച്ചാലും നിന്റെ പേർ വള്ളിയെന്നേ പറയാവൂ. ഞാനും നിന്നെ ഇനി അങ്ങനെയേ വിളിക്കൂ. ഇനി നീയിവിടെ നിൽക്കുന്നത് ശരിയല്ല. നീ വന്നതും പോയതും ആരും അറിയരുത്. ഇവിടെ നിന്ന് ഞാൻ പോവുന്നതിന് മുമ്പ് നിന്നെ കാണണമെന്നുണ്ടായിരുന്നു. അതു സാധിച്ചു. പോകൂ – സന്തോഷത്തോടെ വേണം പോകാൻ. നിനക്ക് നല്ലതേ വരൂ.’
ഇനിയെന്തെങ്കിലും അവളിങ്ങോട്ട് കയറി പറയുന്നതിനു മുന്നേ ശിവാനന്ദൻ അവളെ മെല്ലെ പുറത്താക്കി വാതിലടച്ചു. എന്നിട്ട് അകത്ത് വാതിലിന്മേൽ ചാരി ഒരുനിമിഷം കണ്ണടച്ചു നിന്നു. പിന്നെ അകത്ത് നിന്നും വിളിച്ചു പറഞ്ഞു.
‘ഞാൻ നാളെ ഇവിടെനിന്നും പോണു. അതിനു മുമ്പ് അവിടെവരും. മുരുകന്റെ വളരെക്കാലത്തെ ആഗ്രഹമാ എന്നെ ഒന്ന് സൽക്കരിക്കണമെന്ന്. നാളെ എന്റെ ഉച്ചഭക്ഷണം അവിടെയാണ്’.
വീണ്ടും ഒരു തേങ്ങൽ. ചില വിതുമ്പലുകൾ. പക്ഷേ അയാൾ പിടിച്ചുനിന്നു. വാതിൽ തുറന്നില്ല. കുറെക്കഴിഞ്ഞ് അനക്കമൊന്നും കേൾക്കുന്നില്ലെന്നുറപ്പായപ്പോൾ അയാൾ ജനൽ പാളി തുറന്നുനോക്കി. സാരിത്തലപ്പുകൊണ്ട് മുഖം തുടച്ച് അവൾ ഗേറ്റ് കടന്നുപോകുന്നു. തന്റെ സുന്ദരി – അല്ല – മുരുകന്റെ വള്ളി.
Generated from archived content: daivam24.html Author: mk_chandrasekharan
Click this button or press Ctrl+G to toggle between Malayalam and English