രാവിലെ വാതിൽ തുറന്നപ്പോൾ കണി കണ്ടത് അറുമുഖത്തെയാണ്. കൂടെ അവന്റെ പുതിയ പെണ്ണുമ്പിള്ള മീനാക്ഷിയുമുണ്ട്. കുഞ്ഞുമുഹമ്മദ് എങ്ങിനെയാണാവോ അവരെ ഇവിടെ എത്തിച്ചത്?
“ഞങ്ങളെ തപ്പി മൊതലാളി ഒത്തിരി ബുദ്ധിമുട്ടി. അല്ലെ? ഞങ്ങളെങ്ങും ഒളിച്ചുപോണില്ല മൊതലാളി – ഇന്നലെ ഒരു സിനിമയ്ക്കു പോയി. പിന്നെ വൈകിട്ട് ഇവള് കൂടെയുണ്ടായിരുന്നതുകൊണ്ട് ഒന്ന് കറങ്ങി. പിന്നെ -‘
അറുമുഖം ആദ്യമായൊന്നു ചിരിക്കാൻ ശ്രമിക്കുന്നു. ആള് സന്തോഷത്തിലാണെന്ന് വ്യക്തം.
’-ച്ചിരി പട്ട മോന്തി – മൊതലാളി – ഇവള് കൂടെയുണ്ടായിരുന്നതിന്റെ സൊകമാണെന്നു കൂട്ടിക്കോളൂ.‘
’അല്ലെങ്കിലും ഇവനൊളിച്ചോടുകയില്ലെന്ന് ശിവാനന്ദന് ഉറപ്പായിരുന്നു. അവന്റെ പേരിലുള്ള ബാങ്കിലെ നിക്ഷേപം വേണ്ടെന്ന് വച്ച് അവൻ പോവുമോ? അത്ര മരമണ്ടനാണോ ഇവൻ. മാത്രമല്ല ഇക്കൂട്ടത്തിൽ ഏറ്റവും ബുദ്ധിമാനും ബാങ്കിൽ ഏറ്റവും കൂടുതൽ തുക നിക്ഷേപമായിട്ടുള്ളതും ഇവനാണ്. മറ്റുള്ളവർ അഞ്ചും ആറും ദിവസം കൊണ്ട് വരുന്ന തുക ഇവൻ ഒന്നോ രണ്ടോ ദിവസംകൊണ്ട് കൊണ്ടുവരും. മാത്രമല്ല – ഇവരിൽ ആദ്യം മുതലേ ഉള്ളവനാണ്.
‘തന്നെ അന്വേഷിച്ചത് അതിനല്ലെടോ? എനിക്കൊരു കാര്യം അറിയാനൊണ്ടായിരുന്നു. അതിനു നിങ്ങൾ രണ്ടാളും സഹായിക്കണം. പക്ഷേ പരമരഹസ്യമായിരിക്കണം. എന്നിട്ട് നിങ്ങളെവിടെ വേണമെങ്കിലും പൊയ്ക്കോ…’
അറുമുഖം ഒന്നും പറയാതെ അല്പനേരം ശിവാനന്ദനെ തുറിച്ചുനോക്കി. ഒറ്റക്കണ്ണുകൊണ്ടാണെങ്കിലും ഒരു നൂറുകണ്ണിന്റെ ശക്തി ആ നോട്ടത്തിനുണ്ട്. തീഷ്ണതയും ശക്തിയും ഏറും.
ഇയാൾ വീണ്ടും പരീക്ഷിക്കുകയാണോ? ബാങ്കിലുള്ള തുക ചോദിച്ചു മനസ്സിലാക്കണമെന്നും പറ്റുമെങ്കിൽ അതു വാങ്ങി സ്ഥലം വിടണമെന്നും ഇന്നലെ രാത്രി പ്ലാനിട്ടതായിരുന്നു. ഇനി ഇവിടെ കിടന്നാൽ കുഞ്ഞുമുഹമ്മദുമായി വീണ്ടും ഏറ്റുമുട്ടേണ്ടിവരും. ഇതുവരെ എല്ലായിടത്തും ജയിച്ചുവന്ന അനുഭവമേ ഉണ്ടായിരുന്നുള്ളൂ. മിനിഞ്ഞാന്ന് രാത്രിയോടെ മരിച്ചതായി അനുഭവം. കുഞ്ഞുമുഹമ്മദ് ഒത്തൊരു ചെറുപ്പക്കാരൻ. അതിന്റെ ആവേശവും രക്തത്തിളപ്പും ഉണ്ട്. താനാണെങ്കിൽ വാർദ്ധക്യത്തിലേയ്ക്ക് കാലൂന്നി നിൽക്കുന്നു. ഇനി പണ്ടത്തെപ്പോലെ കൊണ്ടും കൊടുത്തും കഴിയാനൊക്കില്ല. കൊടുക്കുന്നതിനേക്കാൾ കൂടുതൽ കിട്ടാനാണ് സാദ്ധ്യത. ഓരോരുത്തർക്കും ഓരോ കാലമുണ്ട്. ഇനി മീനാക്ഷിയേയും കൂട്ടി ഇവിടുന്ന് സ്ഥലം വിടുന്നതാണ് നല്ലത്. പറ്റിയാൽ തമിഴ്നാട്ടിലേക്ക് തന്നെ.
പക്ഷേ പറഞ്ഞുവന്നപ്പോൾ താൻ പോകുന്നതു തടയാനോ പിടിക്കാനോ ഒന്നിനുമല്ല മൊതലാളി വിളിപ്പിച്ചത്. അങ്ങേർക്കറിയേണ്ടത് വേറെ ചില കാര്യങ്ങൾ.
”എടോ മുരുകന്റെ വീട്ടിൽ കണ്ട ആ ചെക്കനില്ലേ. അവനെപ്പറ്റി നിങ്ങൾക്കെന്തെങ്കിലുമറിയാമോന്നറിയാനാ വിളിച്ചത്.‘
മീനാക്ഷിക്കറിയാവുന്നത് ആ പയ്യൻ അവിടെ പളനിയെന്നൊരു നാടോടിയുടെ കൂടെയായിരുന്നെന്നാണ്. പലപ്പോഴും അവനെ കുഞ്ഞുനാളിലേ മുതല് കണ്ടിട്ടുണ്ട് അയാൾ ഊരു ചുറ്റുമ്പോൾ ഈ കുഞ്ഞ് പിന്നിലെ മാറാപ്പിൽ കിടക്കുന്നത് കണ്ടിട്ടുണ്ട്. അയാൾക്ക് വലിയ കാര്യമായിരുന്നെന്നറിയാം’.
‘ആ കൊച്ചെങ്ങനെ പളനിയുടെ കയ്യിൽ പെട്ടെന്നറിയാമോ?’
മൊതലാളിയുടെ ഈ ചോദ്യം മീനാക്ഷിയെ കുഴക്കി. ഇതൊരുപക്ഷേ വേലുണ്ണിയും കൂട്ടുകാരനും കൂടി നാടോടികൾക്ക് അഞ്ചാറ് വർഷം മുമ്പ് കൊടുത്ത കുഞ്ഞായിരിക്കുമോ? ആ കുഞ്ഞ് വളർന്നാൽ ഇത്രയും വളർച്ച കാണും. പക്ഷേ ഇതൊന്നും ഇങ്ങേരോട് പറയേണ്ട കാര്യമില്ലല്ലൊ. മീനാക്ഷി പറഞ്ഞതത്ര മാത്രം.
‘വേലുണ്ണിയുടെ കൂടെയായിരുന്നു ഞാൻ. അയാളും കൂട്ടുകാരന്റെ ഭാര്യയുംകൂടി ഒരു കുഞ്ഞിനെ നാടോടിക്ക് വിറ്റെന്ന് കേട്ടിട്ടുണ്ട്. അതാണോ ഈ കൊച്ചെന്നറിയില്ല.
മീനാക്ഷി പലതും ഒളിച്ചുവച്ചാണ് സംസാരിക്കുന്നതെന്നു വ്യക്തം. ഒരുപക്ഷേ ഇവളും കൂടിയായിരിക്കുമോ കുഞ്ഞിനെ വിറ്റത്. താനവിടെയായിരിക്കുമ്പോൾ ഇവളാണോ വേലുണ്ണിയുടെ ഭാര്യ? അന്ന് സമനിലതെറ്റിയമട്ടിൽ അവിടെ ചെല്ലുമ്പോൾ ആരെയൊക്കെയാണവിടെ കണ്ടിരുന്നതെന്ന് ഓർമ്മയില്ല.
പക്ഷേ നാടോടിക്ക് വില്പനയിൽക്കൂടി ലഭിച്ചതാണീ കുഞ്ഞെന്ന് കേട്ടതോടെ തന്റെ നെഞ്ചിൽ ആരോ ഭാരമുള്ള ഒരായുധം കൊണ്ട് ഇടിക്കുന്നതുപോലെ തോന്നി. അയാളുടെ വലതുവശത്ത് ഒരു വേദന. ഈ അവസ്ഥയിലും വിയർക്കുന്നു. അയാൾ തന്റെ വലതുകൈ നെഞ്ചോടു ചേർത്തമർത്തി. എങ്കിലും തന്റെ പരവേശം ഇവർ കാണുമല്ലോ എന്നോർത്തപ്പോൾ അയാൾ സ്വസ്ഥനാവാൻ ശ്രമിച്ചു.
’ഏതായാലും ഇവനിവടത്തുകാരനല്ല. എവിടന്നോ വന്നതാണ്. നായാടികൂട്ടത്തീന്ന് എങ്ങനെ ഇവിടെ എത്തിയെന്നറിഞ്ഞൂടാ‘ അതിൽ കൂടുതലൊന്നും മീനാക്ഷി പറഞ്ഞില്ല. അറുമുഖത്തിന് കാര്യമായ വിവരമൊന്നുമില്ല. മീനാക്ഷിക്ക് കൂടുതലറിയാമെന്നത് വ്യക്തം. പക്ഷേ മിണ്ടുന്നില്ല.
“ഓ – അതുണ്ടാവുമെന്ന് തോന്നുന്നില്ല. ഈ കൊച്ചിനോട് കൂടുതൽ സ്നേഹോണ്ടാർന്നു. പക്ഷേ അവനൊരിക്കലും സേലംവിട്ടു പോവില്ല. നായാടിക്ക് ദൂരയാത്ര ഇഷ്ടമല്ല’ ശിവാനന്ദന് ഇപ്പോഴേ സമാധാനമായുള്ളൂ ആ പയ്യനിനി ഇവിടെത്തന്നെ വളരും. എങ്കിലും ഈ കുഞ്ഞ് – ? ഈ കുഞ്ഞ് സുന്ദരിയുടേതാണെങ്കിൽ അവളറിയേണ്ടതല്ലെ? അവളെങ്ങനെ അറിയാതെപോയി?
അറുമുഖത്തിന്റെ സംശയം അതല്ല. ‘എന്തിന് പയ്യന്റെ കാര്യത്തിൽ ഇങ്ങേരിത്ര താല്പര്യമെടുക്കുന്നു?’ മുരുകനോടുള്ള പ്രത്യേക താല്പര്യംകൊണ്ടായിരിക്കുമെന്ന് അടുത്ത നിമിഷം സമാധാനിക്കുകയും ചെയ്തു.
അറുമുഖത്തിന് മുരുകന്റെ കൂടെ നിക്കണ പെണ്ണുമ്പിള്ളേ അറിയാമോ?
എന്തുകൊണ്ട് മൊതലാളി മുരുകന്റെ കൂടെ താമസിക്കുന്നവരെ തിരക്കുന്നു എന്നതിലായി ഇപ്പോൾ അറുമുഖത്തിന്റെ സംശയം. ഒരുപക്ഷേ മുരുകനേയും സംശയിക്കാൻ തുടങ്ങിയോ?
മൊതലാളി – അവളെ ഞാൻ കണ്ടിട്ടുണ്ട് സേലത്തുവച്ച്. ഏതോ കച്ചവടക്കാരന്റെ ഭാര്യയായിരുന്നെന്ന് കേട്ടിട്ടുണ്ട്. അവളവിടെ ആശുപത്രിയിൽ കെടന്നപ്പോ സഹായിക്കാൻ വേലുണ്ണിയും കൂട്ടുകാരനുമായിരുന്നു ഉണ്ടായുള്ളൂ. അവളുടെ കെട്ടിയോൻ കച്ചവടാവശ്യത്തിനു പോയിരിക്കുവാരുന്നെന്നാ കേട്ടത്. ആശുത്രീന്ന് വന്നതോടെ വേലുണ്ണിയുടെ കൂട്ടുകാരന്റെ വീട്ടിലായിരുന്നു താമസം. കൊറെ കഴിഞ്ഞപ്പോൾ സുപ്രന്റെയും കെട്ടിയോളുടെയും മട്ടുമാറി. അവളെവച്ച് മൊതലാക്കാൻ നോക്കി. അവളെ കെട്ടിയവന്റെ അടുക്കലെത്തിക്കാമെന്ന് പറഞ്ഞ് വേലുണ്ണി സ്റ്റേഷനിൽ വന്നു. പക്ഷേ അതൊരു ചതിയായിരുന്നെന്ന് അവിടത്തെ പോട്ടറിൽ നിന്ന് സുപ്രനറിഞ്ഞു. വേലുണ്ണി കേരളത്തിലേയ്ക്കെന്ന് പറഞ്ഞു ടിക്കറ്റെടുത്തത് മദ്രാസിലേയ്ക്ക്. സുപ്രൻ എന്റടുക്കൽ വന്ന് വിവരം പറഞ്ഞു. ഞങ്ങളാ ഇവളെ വേലുണ്ണി മാറിയ തക്കത്തിന് തെക്കോട്ട് വന്ന വണ്ടിയിൽ കയറ്റി രക്ഷിച്ചെ. പക്ഷേ വണ്ടീ കേറിയപ്പോ സുപ്രന്റെയും മട്ടുമാറി. കോയമ്പത്തൂരിലെ ഏതോ ചെട്ടിയാരുടെമില്ലിലേയ്ക്കെന്ന് പറഞ്ഞ് അയാളെ അടുക്കലോട്ടാ കൊണ്ടുപോന്നേന്ന് അറിഞ്ഞപ്പോ ഞാനും സുപ്രനും തെറ്റി. അവനെ ഞാൻ വണ്ടിയിൽ നിന്ന് തള്ളി താഴെയിട്ടു. അവൻ ചത്തുപോയെന്നു കരുതി. കഴിഞ്ഞ അഞ്ചാറുവർഷായി ഇവിടെ താമസിക്കുകയായിരുന്നു. അന്നാണ് മൊതലാളി എന്നെ അവിടെ കണ്ടതും എന്നോട് താമസിച്ചോളാൻ പറഞ്ഞതും. കഴിഞ്ഞാഴ്ച ഞാൻ സേലത്ത് ചെന്നപ്പോഴാണ് സുപ്രൻ ചത്തിട്ടില്ലെന്നറിഞ്ഞത്.
പിന്നത്തെ കഥ ശിവാനന്ദന് അറിയാവുന്നതുതന്നെ. അവൾ ട്രെയിനിൽ നിന്നപ്പോൾ അതിൽ നിന്നും ചാടിയിറങ്ങി ഓടി മുന്നോട്ടെത്തി. വണ്ടി വിടാറായപ്പോൾ മുൻപിലത്തെ കമ്പാർട്ടുമെന്റിൽ കയറാനായി ശ്രമം. മുരുകൻ വാതിൽക്കൽ നിൽക്കുന്നു. അവൻ കൈപിടിച്ച് കയറ്റി ഇങ്ങോട്ടുകൊണ്ടുപോന്നു. തനിക്കൊരാൺതുണ ആവശ്യമാണെന്നു കണ്ടപ്പോൾ അവളിവിടെ മുരുകന്റെ കൂടെകൂടി.
ശിവാനന്ദന് എല്ലാംകൊണ്ടും ആശയകുഴപ്പമാണ്. സുന്ദരി നിരപരാധിയായിരുന്നിട്ടും അവളെ അടിച്ച് അധിക്ഷേപിച്ചതിന്റെ വേദന ഇപ്പോഴാണ് കൂടുതൽ ശക്തമായനുഭവപ്പെടുന്നത്. ഇനിയിപ്പോൾ അവളെ എങ്ങനെ സ്വീകരിക്കാൻ പറ്റും? കഴിഞ്ഞ അഞ്ചുവർഷമായി ഭാര്യാഭർത്താക്കന്മാരെപ്പോലെ കഴിയുന്ന അവരെ ഇനി താൻ വിചാരിച്ചാലും അകറ്റാൻ പറ്റുമോ? ഇപ്പോൾ അവർക്ക് മനസ്സിനിണങ്ങിയ ഒരു കുട്ടിയേയും കിട്ടിയിരിക്കുന്നു. ചിലപ്പോൾ ഇത് തനിക്ക് സുന്ദരിയിൽ പിറന്ന കുഞ്ഞായിക്കൂടെ?
‘മൊതലാളി എന്നെ വിളിപ്പിച്ചതെന്തിനാണെന്ന് പറഞ്ഞില്ല’.
അറുമുഖത്തിന്റെ ആ വാക്കുകൾ കേട്ടപ്പോഴാണ് ശിവാനന്ദൻ ചിന്തയിൽ നിന്നുണർന്നത്. അവരെ വിളിച്ച് വരുത്തിയിട്ട് ചോദിക്കുന്ന ചോദ്യങ്ങൾ വേറെ? പക്ഷേ ഇതൊക്കെ അറിയാൻ തന്നെയല്ലെ അവരെ വിളിപ്പിച്ചത്? പക്ഷേ അത് മുരുകന്റെ പേരിൽ തനിക്കെന്തോ സംശയമുണ്ടായിട്ടാണെന്ന വ്യാഖ്യാനിച്ചാലോ?
‘പിന്നെ – നിങ്ങളിവിടന്ന് പോവ്വാണോ?’
അറുമുഖത്തിന് അത്ഭുതായി. പോകണോ വേണ്ടയോ എന്ന തീരുമാനമെടുക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല. ഏതായാലും കേസൊന്നും ഇല്ലല്ലോ എന്ന സമാധാനത്തിൽ പോകാം. മീനാക്ഷിയുടെ കൂടെ താമസിക്കാം. അവിടെ വല്ല പെട്ടിക്കടയിട്ടെങ്കിലും ഇനിയൊക്കെ കഴിയാം. ഇതൊക്കെ ഇനിയും ആലോചനയിലിരിക്കുന്നതേയുള്ളൂ.
‘ഒന്നും തീരുമാനിച്ചില്ല മൊതലാളി’.
‘എന്നാ നിങ്ങൾ തീരുമാനിക്കണം. തനിക്ക് തരാനുള്ള തുക ബാങ്കിൽ നിന്നെടുത്ത് തരാൻ മുരുകനോട് പറയാം. ഇനി നിങ്ങൾ നാട്ടിൽ സ്വരുമയോടെ കഴിയണം. വല്ല പണീം ചെയ്ത് – എടുക്കാൻ പറ്റുന്ന പണി ചെയ്ത് കഴിയണം. ബഹളവും അടിപിടിയും ഒണ്ടാക്കാതെ കഴിയരുതോ? പിന്നെ വല്ലപ്പോഴും സൗകര്യം കിട്ടുമ്പോൾ ഇങ്ങോട്ടൊക്കെ വരണം. പിന്നെ -’
‘ങ്ഹാ – ഞാനെന്തോ പിന്നേം ചിലത് ആലോചിച്ചിരുന്ന് പോയി. ഒന്നുമില്ല. ഇപ്പോ നിങ്ങള് പോ. മുരുകനെ കാണുവാണേ ഉച്ചകഴിഞ്ഞിങ്ങോട്ട് വരാൻ പറ’.
തങ്ങളുടെ ആഗ്രഹം പറയാതെ തന്നെ മൊതലാളി നടപ്പാക്കുന്നല്ലോ എന്ന സന്തോഷത്തോടെ അറുമുഖവും മീനാക്ഷിയും യാത്രയായി. ഏതായാലും ഇവിടം വിടുക എന്ന തീരുമാനം എടുക്കാൻ ഈ വരവ് സഹായകമായി. അതിന്റെ സന്തോഷമായിരുന്നു. കൂടുതലും.
Generated from archived content: daivam23.html Author: mk_chandrasekharan