സുന്ദരിയെ സംബന്ധിച്ചിടത്തോളം അതൊരു കാളരാത്രിയായിരുന്നു. ഒരിക്കലും ഇനി കാണാനിടയില്ല എന്ന് കരുതിയ ആളെ ഈ നഗരത്തിൽ തന്നെ കണ്ടുമുട്ടുക. അതും അയാളുടെ കീഴിൽ ജോലി ചെയ്യുന്ന ഒരാളുടെ ഭാര്യയെന്ന നിലയിൽ – ശിവാനന്ദൻ അന്ന് സേലത്തുനിന്ന് അവസാനമായി ഉപേക്ഷിച്ചെന്നവണ്ണം സ്ഥലം വിടുമ്പോൾ അയാളോട് വെറുപ്പായിരുന്നെന്നത് വാസ്തവം. താൻ നൊന്തുപെറ്റ കുഞ്ഞിനെ തനിക്ക് കാണാൻ പോലും കഴിഞ്ഞില്ലല്ലോ എന്ന ദുരന്തം. അതിന്റെ എല്ലാവിധമായ ഭീകരാവസ്ഥയോടു കൂടി വേട്ടയാടി – മനസ്സിന്റെ സമനില തന്നെ തെറ്റിയിരിക്കുന്ന അവസ്ഥ. അയാളുടെ കൈത്തണ്ടയിലും നെറ്റിയിലും മുറിവ് പറ്റിയ അടയാളമുണ്ടായിരുന്നു. ഏതോ ഒരു വാഹനാപകടത്തിൽ പെട്ടിരുന്നുവെന്നറിഞ്ഞിട്ടും അതെന്താണെന്ന് കൂടുതലന്വേഷിക്കാൻ മിനക്കെടാതെ അയാളെ കുറ്റപ്പെടുത്തുകയായിരുന്നു. നിറവയറുമായി നിന്ന തന്റെ വാക്കുകൾക്ക് പുല്ലുവിലപോലും കല്പിക്കാതെ ബിസിനസ്സെന്ന് പറഞ്ഞ് ഇറങ്ങിപ്പോയ ഒരാൾ തന്റെ ജീവിതത്തിലെ ഏറ്റവും നിർണ്ണായകമായ അവസ്ഥയിൽ പെറ്റകുഞ്ഞിനെവരെ കാണാൻപോലും കഴിയാതെ, ആ ദുരന്തം ഏല്പിച്ച ഭീകരാവസ്ഥയിൽ അകം നീറി നിൽക്കുമ്പോൾ ‘കുഞ്ഞെവിടെ?’ എന്ന അവകാശവാദത്തോടെയുള്ള ചോദ്യവുമായി വരുമ്പോൾ ആരും പറഞ്ഞുപോകാവുന്ന വാക്കുകളേ താനും പറഞ്ഞുള്ളൂ. ചേച്ചിയും ഭർത്താവും ഇല്ലാതെ തെരുവിൽ റിക്ഷാവലിക്കുന്നവന്റെയും അവന്റെ കൂട്ടുകാരന്റെയും ഔദാര്യത്തിൽ ആശുപത്രിയിൽ നിന്ന് ഇറങ്ങിപ്പോരേണ്ടിവന്ന അവസ്ഥ ഏല്പിച്ച മാനസികാഘാതം – അന്നങ്ങേരോട് അങ്ങനെ പറഞ്ഞില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളൂ. ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നുയരുന്ന തേങ്ങലുകൾ പണിപ്പെട്ട് അമർത്താൻ ശ്രമിക്കുന്നതിന്റെ വേദന ഒരുവശത്ത്, തന്റെ ചോരയിൽ പിറന്ന കുഞ്ഞ് ആണോ പെണ്ണോയെന്ന് പോലും അറിയാനാവാതെ നഷ്ടപ്പെട്ടുവെന്നതിന്റെ – കരളു കൊത്തിപ്പറിക്കുന്നതുപോലുള്ള വിങ്ങലുമായി തളർന്നുപോവാതെ ആ സമയത്ത് എങ്ങനെ അയാളെ നേരിടും എന്നോർത്തുള്ള വ്യഥയേല്പിച്ച മുറിവുമായി നിൽക്കുമ്പോൾ – ഒരാശ്വാസവാക്ക് പറയുന്നതിന് പകരം ശാസനവും അധികാരവുമായി കുറ്റപ്പെടുത്താൻ വന്നപ്പോൾ –
ആദ്യം ചോദിച്ച ചോദ്യം തന്നെ അങ്ങനെയായിരുന്നല്ലോ – ‘എന്റെ കുഞ്ഞെവിടെ?’
ഈ ചോദ്യം ആശുപത്രിയിൽവച്ച് പലപ്രാവശ്യം ബോധം തെളിഞ്ഞപ്പോൾ അവിടെയുണ്ടായിരുന്നവരോടൊക്കെ മാറിമാറി ചോദിച്ച് പലവിധത്തിലുള്ള ഉത്തരങ്ങളേറ്റുവാങ്ങി ആത്മനിന്ദയും അവഹേളനവും അനുഭവിക്കുന്ന ഒരവസ്ഥയായിരുന്നു.
അപ്പോഴാണ് അധികാരത്തോടെ വീണ്ടും വീണ്ടും ചോദിക്കുന്നത് – എന്റെ കുഞ്ഞെവിടെ -?‘
ആരുടെ പ്രേരണമൂലമാവാം നേഴ്‌സ് പറഞ്ഞത് കുഞ്ഞു മരിച്ചുപോയി എന്നത് – വേലുണ്ണിയുടെ ഭാര്യ പറയുമ്പോൾ പ്രസവിച്ചത് ചാപിള്ളയായി മാറുന്നു. അപ്പോഴൊക്കെ താൻ കരയുകയായിരുന്നു. അവസാനം കരയാൻ കണ്ണീരുപോലും ബാക്കിയില്ല എന്ന് വന്നപ്പോഴാണ് മനസ്സിന്റെ ഉള്ളിൽ ഒരു പുകമറപോലെ അവ്യക്തമായി തെളിഞ്ഞുവരുന്ന ചില ചിത്രങ്ങൾ – ആശുപത്രിയിലെ വരാന്തയോടു ചേർന്നുള്ള കക്കൂസ് മുറിയിൽനിന്ന് തിരിച്ചു വരുന്ന സമയം അടക്കം പറയുന്നപോലെ വേലുണ്ണി പറയുന്ന വാക്കുകൾ –
’ഇതവളറിയേണ്ട – ഏതായാലും അങ്ങനെ തന്നെയിരുന്നോട്ടെ‘
വേലുണ്ണിയുടെ കൂട്ടുകാരന്റെ ഭാര്യയുടെ വാക്കുകൾ –
’അവൾക്കിനിയും പെറാല്ലോ, ചെറുപ്പല്ലേ‘ എന്ന്
തന്റെ കുഞ്ഞു മരിച്ചുപോയി എന്ന് അടിച്ചേല്പിച്ച വിശ്വാസം തിരുത്താൻ പറ്റിയവയല്ല ആ വാക്കുകളെങ്കിലും എവിടെയോ ചില പോറലുകൾ – ഹൃദയത്തിന്റെ ഒരുഭാഗം കൊത്തിവലിച്ച് ചോരയൊലിക്കുന്നു.
തന്റെ കുഞ്ഞ് ചാപിള്ളയായിരുന്നില്ല എന്നവളൂഹിച്ചത് അങ്ങനെയാണ്. ഒരുപക്ഷേ പ്രസവിച്ചശേഷമായിരിക്കുമോ മരിച്ചത് -? ആരുടേയും നോട്ടമില്ലാതെ – പരിചരണമേൽക്കാതെ മരിച്ചതായിരിക്കുമോ? തനിക്കത് താങ്ങാനാവില്ല എന്ന് കരുതിയാണത്രെ തന്റെ ബോധം ത്ളയുന്നതിന് മുന്നേ തന്നെ അതിനെ മറവ് ചെയ്തത്.
അ കുഞ്ഞുണ്ടായിരുന്നെങ്കിൽ – അതൊരാൺകുഞ്ഞായിരുന്നെങ്കിൽ –
അവനിപ്പോൾ മണിക്കുട്ടന്റെ വളർച്ചയെത്തിയേനെ.
തന്റെ കുഞ്ഞ് ആണോ പെണ്ണോ എന്നുപോലും അവരാരും പറയാൻ മെനക്കെട്ടില്ല. ചോദിച്ചപ്പോഴൊക്കെ എല്ലാവരും നിസ്സംഗതയോടെ പെരുമാറുന്നു. ഒരിക്കൽമാത്രം വേലുണ്ണിയുടെ ഭാര്യ പറഞ്ഞുഃ
’ആണായാലും പെണ്ണായാലും ഇനിയെന്ത്? ചത്ത കുഞ്ഞിനെപ്പറ്റി ആരന്വേഷിക്കുന്നു?‘
ഒരിക്കൽ കരഞ്ഞുകൊണ്ടപേക്ഷിച്ചപ്പോൾ വേലുണ്ണി –
“എടീ സുന്ദരി – ഇനി നീയതറിഞ്ഞിട്ട് എന്ത് പ്രയോജനാ – നിനക്കതിനുള്ള യോഗമില്ലെന്ന് കരുതിയാ മതി.’
ആശുപത്രിയിൽ നിന്നിറങ്ങിപ്പോരാൻ നേരത്താണ് പുകില് – അവിടത്തെ ബില്ല്‌പോലും കൊടുക്കാനാരുടേയും കൈയിൽ കാശില്ല.
ചേച്ചിയും ദൊരൈയുംകൂടി തൃശ്ശിനാപ്പള്ളിയിൽ ആരോ മരിച്ചെന്ന് കേട്ടു പോയിരിക്കുന്നു. വേലുണ്ണിയുടെ കയ്യിലും പൈസയില്ല. അല്ലെങ്കിലും റിക്ഷാവലിച്ച് കിട്ടുന്ന കാശിൽ ഭൂരിഭാഗവും പട്ടഷാപ്പിലും പിന്നീടാശുപത്രിയിലും കൊടുക്കുന്ന ആ മനുഷ്യന്റെ കയ്യിൽ എവിടുന്ന് കാശ് കാണാനാണ്?. അവസാനം തന്റെ കഴുത്തിൽ ചരടിൽ കോർത്തിട്ടിരിക്കുന്ന താലി വിറ്റിട്ടാണെങ്കിലും പൈസയുണ്ടാക്കാമെന്ന് പറഞ്ഞപ്പോഴാണ് വേലുണ്ണി തന്റെ കൂട്ടുകാരന്റെ ഭാര്യയോട് അടക്കം പറയുന്നത് കേൾക്കാനിടവരുന്നത് –
‘നമുക്കത് പിന്നീടതിരട്ടിവച്ച് – മുഴുവനാക്കണതിന് മുന്നേ ആ സത്വം വേലുണ്ണിയുടെ വായ്‌പൊത്തി –
’സുന്ദരി കേക്കണ്ട – അവളറിഞ്ഞാൽ -‘
എന്താണ് കാര്യമെന്നു തിരക്കിയപ്പോൾ ചില സത്യാവസ്ഥ തന്ന്ൽ നിന്നൊളിക്കുന്നതുപോലെ തോന്നി. നിർബന്ധിച്ചപ്പോൾ വേലുണ്ണി പറഞ്ഞു ഃ
’ഇവിടത്തെ കിടപ്പിന്റെ കാശ്ശ് മാത്രം കൊടുത്താ മതി. പക്ഷെ ഡോക്ടർക്കും നേഴ്‌സിനും വയറ്റാട്ടിക്കും തൂപ്പുകാരിക്കുമൊക്കെ എന്തെങ്കിലും കൊടുക്കണ്ടേ – അക്കാര്യം നീയറിഞ്ഞ് വെഷമിക്കേണ്ടാന്നേ പറഞ്ഞുള്ളൂ.
പക്ഷേ – ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ – അതല്ല അവർ തമ്മിൽ നിന്ന് മറയ്‌ക്കാൻ ശ്രമിച്ചത് – വേറെന്തോ ആണെന്നു സംശയിക്കേണ്ടിയിരിക്കുന്നു. അതിന് തക്കതായ മറ്റൊരു സംശയകരമായ ചുറ്റുപാട് പിന്നീട് തെളിഞ്ഞു. ആശുപത്രിയിൽ നിന്നും പോന്നത് നേരെ വേലുണ്ണിയുടെ കൂട്ടുകാരന്റെ വീട്ടില്. അയാളുടെ ഭാര്യയ്‌ക്ക് ആദ്യ രണ്ടു ദിവസം തന്നെ വലിയ കാര്യമായിരുന്നു. പക്ഷേ അവരൊരു സ്ര്തീയാണോയെന്ന സംശയം വളർത്തുന്ന പെരുമാറ്റമായിരുന്നു പിന്നീട്.
‘ശിവണ്ണൻ വന്നില്ലേ നീയെന്നാ ചെയ്യും?’
സമനില തെറ്റുമോ എന്ന് സംശയിച്ച് നിൽക്കുന്ന സമയം. പിന്നെയും മനസ്സിനെ ഉലയ്‌ക്കുന്ന വർത്തമാനം. ആ സ്ര്തീയുടെ വർത്തമാനത്തിലെ സ്വരവ്യത്യാസം പെട്ടെന്നായിരുന്നു.
‘എടീ – നിന്നെയവനത്ര ഇഷ്ടമൊന്നുമല്ല. ഇങ്ങനെ ഊരുചുറ്റുന്നവന് ചെല്ലുന്നിടത്തെല്ലാം പെണ്ണു കാണും. നീ നിറവയറായിട്ടിരുന്നപ്പോ അവൻ വേറെ പെണ്ണിനെ തെരക്കിപ്പോയി കാണും’.
പൂർണ്ണഗർഭിണിയായിരുന്ന തന്റെ വിലക്കുകകൾ വകവയ്‌ക്കാതെ അയാൾ പോയി എന്നത് ശരി. പക്ഷേ, അയാൾ കണ്ടപ്പെണ്ണുങ്ങളുടെ വലയിൽ വീഴുന്നവനല്ല എന്ന് തനിക്ക് ബോദ്ധ്യമുണ്ട്.
‘ഇല്ല. ചേച്ചീം ചേട്ടനും താമസം മാറുന്ന കാര്യം പറഞ്ഞിരുന്നു. അതോണ്ട് വേറെ താമസിക്കാൻ പറ്റിയ സ്ഥലം-’
‘അത് ശരിയാ – അവൻ താമസിക്കുന്നുണ്ട്. വേറെ പെണ്ണിന്റെ കൂടെയാണെന്ന് മാത്രം’.
വൈകിട്ട് വേലുണ്ണിയുടെ ഭാര്യ വന്നപ്പോഴും അതുതന്നെ പറഞ്ഞു.
”ഇവിടെ വരുമ്പോ നിന്റെ കൂടെ – അങ്ങ് മലയാളത്തുകരേ ചെല്ലുമ്പാ വേറെ പെണ്ണ് -‘ അല്പം നിർത്തി പിന്നെ അടുക്കൽവന്നു ചോദിച്ചു.
’നിന്നെയെന്താ അങ്ങോട്ടൊന്നും കൊണ്ടുപോവാത്തെ? – അപ്പോ – കാരണം അത് തന്നെ.‘
തന്റെ വിഷമം കാണുമ്പോഴാണ് അവർക്ക് കൂടുതൽ ഉത്സാഹം.
’ഇനി അവൻ വന്നാ പൊക്കോളാൻ പറയണം. ഏതായാലും ആ കുഞ്ഞില്ലാതെ പോയത് ഒരു കണക്കിന് നന്നായി. അല്ലെങ്കി അതൊരു -‘
മുഴുവൻ കേൾക്കാൻ കഴിയാതെഅവിടെ നിന്നു മാറി തനിക്ക് വേണ്ടി ഒരുക്കിയ മുറിയിൽ കയറി തന്റേതായ തുണി ബാഗിൽ നിറച്ച് പോകാനായി തീരുമാനമെടുത്തപ്പോഴാണ് ശിവണ്ണന്റെ വരവ്. കൂടെ വേലുണ്ണിയുമുണ്ട്. വന്നപാടെ അയാളുടെ ചോദ്യം.
’എന്റെ കുഞ്ഞെവിടെ?‘
ഒരു മറുപടിപോലും പറയാനാവാതെ പൊട്ടിക്കരഞ്ഞുനിന്നപ്പോഴാണ് ആ ഞെട്ടിക്കുന്ന ആരോപണം വേലുണ്ണി പറയുന്നത്
’ദൊര പറഞ്ഞിട്ട് അവള് കുഞ്ഞിനെ വിറ്റളിയാ-‘
കുടിച്ചു നാക്കു കുഴയുന്നുണ്ടെങ്കിലും അവന്റെ വാക്കുകൾ ഉള്ളിലുണർത്തിയത് വെറുപ്പോ ദേഷ്യമോ – സങ്കടമോ – എന്താണെന്ന് പോലും അറിയില്ല. വീണ്ടും ശിവണ്ണന്റെ ചോദ്യം.
’എന്റെ കുഞ്ഞെവിടെ?‘
എല്ലാവിധത്തിലുള്ള അവഹേളനവും വേദനയും സങ്കടവും മൂലം തല വിങ്ങിയിരിക്കുകയായിരുന്നു. ദേഷ്യം അതിന്റെ പാരമ്യത്തിലെത്തി നിൽക്കുന്ന സമയം.
’എന്തിനിപ്പം വന്നു?‘ ഞാൻ ചത്തടിയന്തിരം കഴിഞ്ഞിട്ട് പോരായിരുന്നോ?’
ശിവണ്ണന്റെ പൈശാചികമായൊരു ഭാവം അപ്പോൾ കണ്ടു. ആദ്യമായിട്ടയാളെ ഈ ഭാവത്തിൽ കാണുകയാണ്.
‘നീ എന്റെ കുഞ്ഞിനെ ആർക്ക് വിറ്റെന്ന്?’
അവളാർക്കും വിറ്റില്ല. അത് ചാപിള്ളയായിരുന്നു.‘ വേലുണ്ണിയുടെ ഭാര്യ പറഞ്ഞു. സാധാരണ ആമ്പ്രന്നോര് ഭാര്യ പ്രസവിക്കണസമയത്ത് കൂടെ വേണ്ടതാ – എല്ലാം കഴിഞ്ഞപ്പോ തൊല്ലയൊഴിഞ്ഞല്ലോന്ന് സമാധാനത്തോടെ മെക്കിട്ട് കേറണോ?’
അവർ പറയുന്നത് താൻ പറയാനുദ്ദേശിച്ച വാക്കുകൾ തന്നെ. ഒരുപക്ഷേ താനിത്രയും കടുപ്പിച്ച് പറയില്ലെന്ന് മാത്രം.
എന്റെ പെണ്ണുമ്പിള്ളയാണേലും അവളാ പറേണതില് കാര്യമൊണ്ട്. ആശൂത്രി കെടക്കുമ്പം അണ്ണൻ അടുത്ത് വേണ്ടതാ..‘ വേലുണ്ണിയുടെ കുഴഞ്ഞ വാക്കുകൾ.
“അളിയാ – പോട്ടളിയാ – അവള് കൊച്ചിനെ ആർക്ക് വേണേലും കൊടുക്കട്ടെ. അവളിനിയും പെറും. നല്ല മണി പോലത്തെ കൊച്ചിനെ -’
വേലുണ്ണിയുടെ വാക്കുകളെ അവഗണിച്ചുകൊണ്ട് ശിവാനന്ദൻ വീണ്ടും.
‘എടീ – ഞാൻ ചോദിച്ചത് കേട്ടില്ലെ? എന്റെ കുഞ്ഞെവിടേന്ന്?’
‘എന്റെ കുഞ്ഞോ? എന്റെ കുഞ്ഞാണെന്ന് എങ്ങനെ ഉറപ്പിച്ചു പറയാം. എന്റെ കുഞ്ഞായിരുന്നെങ്കി ഇങ്ങനെ -’ മേലും കീഴും നോക്കാതെ – ഭ്രാന്ത് പിടിച്ചപ്പോലത്തെ അവസ്ഥയിൽ അങ്ങനെ പറയാനാണ് തോന്നിയത്.
‘എല്ലാം കഴിഞ്ഞപ്പോ – വന്നിരിക്കണ് എന്റെ കുഞ്ഞാത്രെ-’
കവിളത്ത് പൊന്നീച്ച പറക്കണതുപോലെ. എത്ര പെട്ടെന്നായിരുന്നു ശിവണ്ണന്റെ കൈപ്രയോഗം. തനിക്കെന്തെങ്കിലും പറയാൻ പറ്റുന്നതിനു മുന്നേ വേലുണ്ണിയുടെ ഭാര്യയും ആ സമയത്തവിടെ വന്ന വേലുണ്ണിയുടെ കൂട്ടുകാരനും കൂടി ശിവണ്ണനെ ബലം പ്രയോഗിച്ച് പുറത്താക്കുകയായിരുന്നു.
‘താൻ മാത്രമല്ല ഈ പട്ടണത്തിൽ ആണായിട്ടുള്ളൂ – വേറെയും ആൾക്കാരുണ്ട്.’
അതുവരെ ശിവണ്ണന്റെ കൂടെ നിന്ന വേലുണ്ണിയും കൂറുമാറി. അയാളും ശിവണ്ണനെ പുറത്താക്കാൻ അവരുടെ കൂടെ കൂടി. അതായിരുന്നു ശിവണ്ണനെ കണ്ട അവസാനനിമിഷം. ഇന്നേയ്‌ക്ക് വർഷം അഞ്ചുകഴിഞ്ഞു. പലപ്പോഴും ഉറക്കം വരാതെ കിടക്കുന്ന രാത്രികളിൽ ശിവണ്ണന്റെ അപ്പോഴത്തെ ആ മുഖം തന്നെ വേട്ടയാടാറുണ്ട്. അപ്രതീക്ഷിതമായ – വേലുണ്ണിയും അയാളുടെ കൂട്ടുകാരനും അവരുടെ പെണ്ണുങ്ങളും ചേർന്ന് ബലമായി പിടിച്ച് പുറത്താക്കുമ്പോൾ ഒരാലംബത്തിനു വേണ്ടി തന്റെ പ്രതികരണത്തിന് കാക്കുന്ന ശിവണ്ണന്റെ ആ മുഖം എങ്ങനെ മറക്കാനാണ്. അയാളൊരിക്കലും തിരിച്ചുവരില്ലെന്ന് തന്നോട് പറഞ്ഞത് രണ്ടുദിവസം കഴിഞ്ഞ് വന്ന ചേച്ചിയും ദൊരൈയും കൂടിയായിരുന്നു. അയാൾ ഇവിടത്തെ ബിസിനസെല്ലാം നിർത്തിയെന്ന് ഇടപാടുകാരോട് പറഞ്ഞത്രെ.
ആ സമയം തനിക്ക് വിഷമം തോന്നാതിരുന്നില്ല. താൻ കാരണം തന്നെയുപേക്ഷിച്ച് പോയെന്ന ചീത്തപ്പേര് കേൾക്കുന്നതിനേക്കാൾ തന്നെയങ്ങേർക്ക് ജീവന്റെ ജീവനായിരുന്നെന്ന സത്യം കൂടെക്കൂടെ ഒരു കുറ്റബോധം പോലെ മനസ്സിൽ തികട്ടിവരുമ്പോൾ – ‘ഞാനെന്ത് പൊട്ടിയാണീശ്വരാ -’ എന്ന് വിലപിക്കാറുണ്ട്.
ദൊരൈയുടെ കൂടെ പോവുന്നില്ലെന്ന് തീരുമാനിച്ചത് അവരുടെ പെരുമാറ്റത്തിലെ വൈചിത്ര്യം കൊണ്ട് മാത്രമല്ല, സ്വന്തം കെട്ടിയവനെ തള്ളിപ്പറഞ്ഞവൾ വേറെ മാർഗം നോക്കണമെന്നാണ് ഒരേ രക്തത്തിൽ പിറന്ന ചേച്ചി പറഞ്ഞപ്പോഴാണ്. അല്ലെങ്കിലും ശിവണ്ണൻ കൂടെ താമസം തുടങ്ങി അധികം കഴിയുന്നതിനു മുന്നേ വേറെ താമസിക്കണമെന്നവർ ആവശ്യപ്പെടാൻ തുടങ്ങിയിരുന്നു.
തൃശ്ശിനാപ്പിള്ളിയിലെ ദൊരൈയുടെ ചേട്ടന്റെ ഭാര്യ മരിച്ചതോടെ ഇനിയും കുറച്ചുനാൾ കൂടി അവിടെ നിൽക്കണമെന്ന് പറഞ്ഞ് വീണ്ടും അവർ പോകാൻ തുടങ്ങിയപ്പോൾ – ദൊരെ മാത്രമുള്ള ആ വീട്ടിലേയ്‌ക്കില്ലെന്ന് തീരുമാനിക്കുകയായിരുന്നു. ചേച്ചിയില്ലാത്തപ്പോൾ ദൊരൈയുടെ സ്വഭാവവൈകൃതം മുഴുവനും പുറത്തെടുക്കുമെന്നു പേടിച്ചു. അതടിസ്ഥാനരഹിതമല്ലെന്ന് പലപ്പോഴും തന്നെ കൊണ്ടുപോവാനായി ദൊരൈ അവിടെ വന്നപ്പോൾ മനസ്സിലാക്കാൻ കഴിഞ്ഞു.
പക്ഷേ അധികനാൾ വേലുണ്ണിയുടെ കൂട്ടുകാരന്റെ വീട്ടിൽ നിൽക്കാനായില്ല. അയാൾക്ക് അനിഷ്ടമൊന്നുമില്ലെങ്കിലും അയാളുടെ ഭാര്യയ്‌ക്ക് അതത്ര പിടിച്ചില്ല. പുറമെ നിന്നൊരാളെക്കൊണ്ട് താമസിപ്പിക്കണമെങ്കിൽ അതിനുള്ള വരുമാനവും കണ്ടെത്തണമെന്ന് സൂചിപ്പിച്ചപ്പോൾ –
അവരുദ്ദേശിക്കുന്ന പരിപാടി എന്താണെന്ന് മനസ്സിലായതോടെ ഒളിച്ചോടാൻ പരിപാടിയിടുകയായിരുന്നു. വിവരം വേലുണ്ണിയോടു പറഞ്ഞപ്പോൾ അയാൾ ശിവണ്ണന്റെ സ്ഥലത്തെത്തിക്കാമെന്നേൽക്കുകയായിരുന്നു.
സ്‌റ്റേഷനിൽ വരുമ്പോഴാണ് വേലുണ്ണിയുടെ കൂട്ടുകാരൻ പറഞ്ഞറിയുന്നത് – അയാൾ കൊണ്ടുപോകുന്നത് മദ്രാസ്സിലേയ്‌ക്കാണെന്ന്. അയാളുടെ ഉദ്ദേശം വേറൊന്നാണെത്രെ.
വേലുണ്ണിയുടെ കൂട്ടുകാരൻ സ്‌റ്റേഷനിൽ പ്ലാറ്റ്‌ഫോമിലുള്ള പോർട്ടറോട് ചോദിച്ച് വിവരം മനസ്സിലാക്കിയിരുന്നു. വേലുണ്ണി അടുത്തുള്ള പഴക്കടയിലേക്ക് മാറിയപ്പോഴാണ് തെക്കോട്ടുള്ള ട്രെയിനിന്റെ വരവ്. ഈ ട്രെയിൻ കേരളത്തിലേക്കാണെന്നും ശിവണ്ണന്റെ അടുക്കലെത്താൻ ഇതിൽ കയറുന്നതാണ് നല്ലതെന്നും വേലുണ്ണിയുടെ കൂട്ടുകാരൻ പറഞ്ഞപ്പോൾ – അയാളും കൂട്ടിന് വരാമെന്ന് പറഞ്ഞപ്പോൾ പിന്നീട് വേറൊന്നും ആലോചിച്ചില്ല. വേലുണ്ണിയുടെ ചതിയിൽ നിന്നെങ്ങനെയെങ്കിലും രക്ഷപ്പെടണമെന്ന ചിന്തയായിരുന്നു.
തൃശൂരിൽ പമ്പ്‌സെറ്റ് വിൽക്കുന്ന കടയുടെ പേരറിയാമായിരുന്നു. അമ്പലത്തിനോട് ചേർന്നാണ് കടയെന്നും നമുക്കൊരു ദിവസം അവിടെ പോണമെന്നും തൃശൂരിലെ ആ വലിയ അമ്പലത്തിൽ പോകാനും സാധിക്കുമെന്ന് പറഞ്ഞതിനാൽ ആ കടയുടെ പേര് അന്നേ ഓർമ്മയിലുണ്ട്. കടക്കാരൻ ശിവണ്ണന്റെ ശരി വിവരങ്ങൾ തരാതിരിക്കില്ല.
പക്ഷേ ട്രെയിനിൽ വച്ച്, അയാളുടെ കൂടെ കാലിന് സ്വാധീനമില്ലാത്ത ആ ഒറ്റക്കണ്ണനെ കണ്ടതോടെ പേടിയായി. നിരവധി കേസുകളിൽ പ്രതിയായിട്ടുള്ള അയാളെ സ്‌റ്റേഷനും പരിസരത്തുമുള്ളവർക്കൊക്കെ പേടിയാണ്. പേരറിഞ്ഞുകൂടാ. എങ്കിലും പേടിക്കേണ്ട ഒരുവനാണെന്ന കാര്യത്തിൽ സംശയമില്ലായിരുന്നു. അവനെങ്ങനെ അകത്ത് കയറിപ്പറ്റി. വേലുണ്ണിയുടെ കൂട്ടുകാരൻ സുപ്രനും അയാളുമായിട്ടുള്ള ബന്ധമെന്ത്? ട്രെയിനിലിരുന്ന് പാതിയുറക്കത്തിലായിരുന്ന സമയത്താണ് അങ്ങ് വിദൂരതയിലെന്നപോലെ അവരുടെ ചില പറച്ചിലുകൾ.
‘നീയവളെ എങ്ങോട്ടു കൊണ്ടുപോണു? ചുമ്മ തൃശൂരെങ്ങാണ്ടുള്ള ഒരു കടയുടെ പേരും പറഞ്ഞ് തൃശൂരും പാലക്കാട്ടും എഴുന്നെള്ളിക്കാനാണോ ഭാവം? എന്താ നിന്റെ ഉദ്ദേശം-?
അതിന് മറുപടിയെന്നോണം സുപ്രൻ പറഞ്ഞ വാക്കുകൾ കേട്ട് ഞെട്ടിത്തെറിച്ചു.
’അളിയാ – അല്ലേലിപ്പം അവടെ ചെന്നാ അവനെ കാണാൻ പോന്നോ? ഞാൻ നമ്മുടെ സേലത്ത് വരാറുള്ള ആ ചെട്ടിയാരില്ലേ? കോയമ്പത്തൂര് തുണിമില്ലൊക്കെയുള്ള ആ തടിച്ച ഭൂതം. അയാളെന്നോട് പലപ്രാവശ്യം ആവശ്യപ്പെടുന്നതാ വല്ല കിളികളും കയ്യിലുണ്ടോയെന്ന്. എത്തിച്ചാ നല്ല കാശ് കൊടുക്കാന്ന്. മില്ലിൽ പണിക്കെന്ന് പറഞ്ഞ് കേറ്റിക്കോളാം – ബാക്കി കാര്യം അയാളേറ്റൂന്നാ പറഞ്ഞേക്കണെ. ഞാനിവളേം കൊണ്ട് കോയമ്പത്തൂരിറങ്ങും‘.
’എടാ – ദുഷ്ടാ -‘ ഒറ്റക്കണ്ണന്റെ ശബ്ദമാണ് പിന്നെന്തൊക്കെയോ പുലഭ്യങ്ങൾ.
അതൊരു സംഘട്ടനത്തിലേയ്‌ക്ക് നീങ്ങുന്നുവെന്നറിഞ്ഞപ്പോൾ അവിടെനിന്നും ചാടിയെണീറ്റു. കയ്യിലുള്ള തുണിക്കെട്ടും ബാഗും കക്ഷത്തിലാക്കി കംപാർട്ടുമെന്റിന്റെ മറ്റേ അറ്റത്തേയ്‌ക്കോടി. ഇതിനോടകം ആരൊക്കെയോ എഴുന്നേൽക്കുകയും ഒച്ചവയ്‌ക്കുകയും ചെയ്തു. ഒരു കണ്ണും ഒരു കാലും മാത്രമേയുള്ളൂവെങ്കിലും അവനായിരുന്നു ബലം. സുപ്രനെ അടിച്ചു വീഴ്‌ത്തുന്നതു കണ്ടപ്പോ – ഒന്നും ഓർത്തില്ല. ഇതിനിടയിൽ ട്രെയിനെങ്ങോ നിന്നു. സുപ്രനെ അവൻ വലിച്ചു താഴെയിട്ടെന്നാരോ പറയണ കേട്ടതിനാൽ അയാളോടി വരുന്നതിന് മുന്നേ ട്രെയിനിൽ നിന്നും ചാടിയിറങ്ങി മുന്നോട്ടോടുകയായിരുന്നു. ട്രെയിനിന്റെ മുൻവശത്തെത്തിയതോടെ കൂറ്റാക്കൂരിരുട്ട്. പാതിരാത്രി കഴിഞ്ഞ സമയം ഇനിയെങ്ങോട്ടെന്നറിയാതെ വിഷമിച്ചു നിൽക്കുമ്പോൾ വണ്ടി വീണ്ടും പയ്യെ ചൂളംവിളിച്ചുകൊണ്ട് ഓടാനാരംഭിച്ചു. ഒരു പ്രകാരത്തിൽ ഏറ്റവും മുമ്പിലത്തെ കമ്പാർട്ടുമെന്റിൽ ചാടിക്കയറാൻ ശ്രമിച്ചു. ആടിയുലയുന്ന ട്രെയിനിന്റെ വാതിലിന്മേൽ പിടിക്കാനേ ആയുള്ളൂ. പിടിവിട്ട് താഴെ വീഴുമോ എന്ന് ഭയന്ന സമയത്താണ് ഒരു കൈ മുന്നോട്ടുവന്ന് തന്നെ പിടിച്ചുവലിച്ചകത്തേയ്്ക്ക് കയറ്റിയത്. ആ കൈ തന്നയാൾ പിന്നീട് തന്റെ ജീവിതസഖാവായി മാറി. ഇക്കഴിഞ്ഞ അഞ്ചുവർഷവും അയാളോട് വിശ്വസ്തത പുലർത്തി ജീവിച്ചുവരികയായിരുന്നു. അപ്പോഴാണ് –
ഇന്നുവരെ മുരുകനോട് തന്റെ മുൻകാലചരിത്രം പൂർണ്ണമായും പറഞ്ഞിട്ടില്ല എന്നത് ഒരു വഞ്ചനയല്ലേയെന്ന് ഒരാത്മപരിശോധന നടത്താറുണ്ട്. പേരുപോലും മാറ്റിയാണ് പറഞ്ഞത്. വള്ളി.
’മുരുകൻ – വള്ളി – കൊള്ളാം അങ്ങനെ തന്നെ വേണം. ഒരിക്കൽ കോവിലിൽ അർച്ചനയ്‌ക്ക് ചീട്ടെഴുതിച്ചപ്പോഴാണ് കൗണ്ടറിലിരുന്നയാൾ അങ്ങനെ പറഞ്ഞത്. ഇനി ഏതായാലും ആ പേര് മാറ്റേണ്ട എന്ന് കരുതിയിരിക്കുകയായിരുന്നു. അങ്ങനെ കഴിഞ്ഞ അഞ്ചുവർഷവും – ഇതാ – ഇന്നു രാവിലെ വരെ വള്ളിയായിക്കഴിഞ്ഞവൾ – ഇനി സുന്ദരിയാവണോ? ശിവണ്ണന്റെ കൂടെപോണോ?
മുരുകനുമായുള്ള ബന്ധത്തിൽ ഒരു കുഞ്ഞുണ്ടായില്ല എന്നത് മാത്രമാണ് തങ്ങളുടെ ജീവിതത്തിലെ ഒരേ ഒരു കുറവ്. മണിക്കുട്ടൻ വന്നതോടെ ആ കുറവ് പരിഹരിച്ചെന്ന് കരുതിയിരിക്കുമ്പോഴാണ് –
വിധി വീണ്ടും ചില പരീക്ഷണങ്ങൾക്ക് തുനിയുന്നത്.
തന്റെ മനസ്സിലെ തീ കെടുത്താൻ ആർക്കാണ് കഴിയുക? ശിവണ്ണനോ – അതോ മുരുകനോ? ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തിയാലേ നാളെ മുതലുള്ള തന്റെ ജീവിതത്തിന് ഒരർത്ഥമുണ്ടാവൂ. ഇനി മുന്നോട്ട് പോണമെങ്കിൽ – ഒരു തീരുമാനത്തിലെത്തണം. തീരുമാനത്തിലെത്തണമെന്ന് വിചാരിക്കാനെളുപ്പമാണ്. പക്ഷേ എത്തിച്ചേരാനാണ് പാട്.
ആരെയും വേദനിപ്പിക്കാതെ ഒരു തീരുമാനമെടുക്കാനാവുമോ?
പുലരാറായപ്പോഴേക്കും അവളൊരു തീരുമാനത്തിലെത്തിക്കഴിഞ്ഞിരുന്നു. പക്ഷേ അത് -?
Generated from archived content: daivam22.html Author: mk_chandrasekharan
Click this button or press Ctrl+G to toggle between Malayalam and English