പോർച്ചിനോട് ചേർന്ന സിറ്റൗട്ടിൽ അവർ രണ്ടുപേരും ഇരുന്നു. മാത്യൂസ് വീണ്ടും ഒരു സിഗരറ്റിന് തീകൊളുത്തി. ഒരെണ്ണമെടുത്ത് ശിവാനന്ദന്റെ നേർക്കു നീട്ടി.
യാതൊരു പരിചയുമില്ലാത്ത ഒരാൾ സ്വയം പരിചയപ്പെടുത്തി വീട്ടിനകത്തേക്കു കയറിവരിക, പിന്നീട് സിഗരറ്റ് ഓഫർ ചെയ്യുക – കൗതുകവും പരിഭ്രാന്തിയും കലർന്ന ഒരന്തരീക്ഷം.
‘നമ്മൾ തമ്മിൽ ആദ്യമായി കാണുകയാണ്. ഞാനീ നാട്ടുകാരനാണെങ്കിലും കോളേജ് പഠിത്തം കഴിഞ്ഞതോടെ ഇവിടെ നിന്നും അക്കരയ്‌ക്കു കടന്നു. രണ്ടോമൂന്നോ കൊല്ലം കൂടുമ്പോഴാണ് ഇങ്ങോട്ടുവരിക. പക്ഷേ കഴിഞ്ഞതവണ വന്നിട്ടുപോയത് ആറുവർഷത്തിനു മുമ്പാണ്. ഇനി ചിലപ്പോൾ ഈ വരവോടെ ഇങ്ങോട്ട് വന്നില്ലെന്നും വരും. കാരണം എനിക്കിവിടെ ആകെ ഉണ്ടായിരുന്നത് എന്റെ ഫാദറിന്റെ അനിയനായിരുന്നു. അങ്ങേർ കഴിഞ്ഞാഴ്‌ച മരിച്ചു. എന്റെ അമ്മ ചെറുപ്പത്തിലേ മരിച്ചു. അമ്മ മരിച്ചതോടെ അപ്പൻ അമ്മയുടെ ആങ്ങളമാരോടൊപ്പം അമേരിക്കയിലേക്കു പോയി. ഇപ്പോൾ ന്യൂജേഴ്‌സിയിൽ ഒരു ഫാം ഹൗസ് നടത്തുന്നു. ഇവിടുത്തെ പറമ്പും കെട്ടിടവും ഇളയപ്പനെ ഏൽപ്പിച്ചിരിക്കുകയായിരുന്നു. ആ സ്ഥലത്ത് ഒരു തടിമില്ല് തുടങ്ങണമെന്ന ഉദ്ദേശ്യത്തോടെയാണ് കെട്ടിടം പണിതത്. മെഷീനറി വാങ്ങുന്നതിന് മുന്നേ തന്നെ അമ്മ മരിച്ചതിനാൽ ആ പരിപാടി ഡ്രോപ്പ് ചെയ്തു. എന്നെ ഹോസ്‌റ്റലിലേയ്‌ക്കും മാറ്റി അമേരിക്കയിലേയ്‌ക്ക് പോവുകയായിരുന്നു. ഞങ്ങളുടെ ഇവിടത്തെ വീടിന്റെ വില്പനയൊക്കെ ശരിയായി. തടി മില്ലിനുവേണ്ടി പണിത കെട്ടിടവും പറമ്പും വിൽക്കാനുള്ള പരിപാടി തുടങ്ങിയപ്പോഴാണ് ചില പുതിയ വിവരങ്ങളറിഞ്ഞത്. ഞാൻ താങ്കളെ അന്വേഷിച്ചുവരാനുള്ള കാരണം അതാണ്.
യാതൊരു മുഖവുരയും കൂടാതെ മാത്യൂസ് ഇങ്ങനെ സംസാരിച്ചപ്പോൾ – ഈയിടെ തനിക്ക് ലഭിച്ച വെളിപാടുകളുടെ പൊരുൾ ഇതായിരുന്നല്ലെ എന്ന് ശിവാനന്ദന് ബോദ്ധ്യമായി. അനിവാര്യമായ ചില സംഭവവികാസങ്ങൾ തന്റെ ജീവിതത്തിൽ ഉരുത്തിരിയുകയാണ്. ഇനിയത് നല്ലതിനായാലും അല്ലെങ്കിലും നേരിട്ടേ ഒക്കൂ. ഒഴിഞ്ഞു മാറാൻ ശ്രമിച്ചാലും രക്ഷയില്ല. അത് തന്നെത്തേടിയെത്തും.
’ഇന്നലെയാണ് ഞാനാ സ്ഥലവും കെട്ടിടവും ആദ്യമായി കാണുന്നത്. എന്തു കണക്കുക്കൂട്ടികൊണ്ടാണ് അപ്പനവിടെയാ സ്ഥലത്ത് തടിമില്ല് തുടങ്ങാൻ പദ്ധതിയിട്ടതെന്ന് ഇപ്പോഴും പിടികിട്ടുന്നില്ല. മനുഷ്യവാസമില്ലാത്ത ആ സ്ഥലത്ത് ചെന്നുപറ്റാൻ നല്ലൊരു വഴിപോലുമില്ല. ആ പറമ്പിന്റെ തെക്കുവശമാണെങ്കിൽ ചതുപ്പുനിലവും. കിഴക്കുവശത്തൂടെ ഒരു റോഡ് പോവുന്നത് ഇപ്പോൾ കോർപ്പറേഷന്റെ ചപ്പുചവറുകൾ കൊണ്ടുപോകുന്ന വണ്ടികൾ മാത്രമേ ഉപയോഗിക്കുന്നുള്ളൂ.
ശിവാനന്ദന് മാത്യൂസ് വന്നു പരിചയപ്പെടുത്തിയപ്പോൾ മുതൽ ആളെ മനസ്സിലായിരുന്നു. തന്റെ സാമ്രാജ്യത്തിന്റെ അസ്തമനം ഇവിടെ ആരംഭിക്കുന്നു. തന്റെ പൊയ്‌മുഖങ്ങൾ ഇതാ ഇവിടെ പൊഴിയുന്നു. ഈ നഗരത്തിലെ അധികാരസ്ഥാനങ്ങളിൽ ഇപ്പോൾ തനിക്കു ലഭിക്കുന്ന സ്ഥാനം – ഇതാ ഇവിടെ എന്നത്തേയ്‌ക്കുമായി നഷ്ടപ്പെടാൻ പോകുന്നു. മാത്രമല്ല, തീർത്തും അപഹാസ്യമായ രീതിയിൽ തന്റേതായി താൻ കരുതിയ അന്തേവാസികളുടെ മുന്നിൽ താനിതാ യാതൊരു ദയവുമർഹിക്കാത്ത രീതിയിൽ വിചാരണ ചെയ്യപ്പെടാൻ പോകുന്നു.
‘താങ്കളെ ഞാൻ സമ്മതിച്ചു തന്നിരിക്കുന്നു. യാതൊരു മുതൽ മുടക്കുമില്ലാതെ ഒരു സ്ഥാപനം നടത്തുക. അവിടെ ഒരു പഴയ ബോർഡു കണ്ടു. ’പരസ്പരസഹായം ദൈവസഹായം കമ്പനി‘. അവിടെ ആര് എന്ത് സഹായമാണ് പരസ്പരം നടത്തുക എന്നെനിക്ക് മനസ്സിലായില്ല. ഞാൻ മനസ്സിലാക്കിയിടത്തോളം കുറെ പിച്ചക്കാർ – തെണ്ടിത്തിരിഞ്ഞ് വരുമ്പോൾ – തലചായ്‌ക്കാനൊരിടം – പോലീസുകാരുടെയും കോർപ്പറേഷൻ അധികാരികളുടെയും കണ്ണിൽപ്പെടാതെ ഈ പട്ടണത്തിൽ തങ്ങാനൊരിടം – അതിൽ കൂടുതലെന്ത് സൗകര്യം അവർക്കവിടെയുണ്ട്. കോർപ്പറേഷനിലെ വിവിധ ഭാഗത്തു നിന്നുള്ള ചപ്പും ചവറും മാലിന്യങ്ങളും വിസർജ്ജ്യവസ്തുക്കളും വണ്ടിയിൽ കൊണ്ടുവന്ന് ഡമ്പ് ചെയ്യുന്ന സ്ഥമായതുകൊണ്ട് ആരും തിരിഞ്ഞുനോക്കില്ല. ഞാനറിഞ്ഞിടത്തോളം കോർപ്പറേഷനിലുള്ളവർക്കും ഈ സംഗതിയറിയാം. അലഞ്ഞുതിരിയുന്നവർ ഒരിടത്തുകൂടുന്നതു കൊണ്ട് അവരും കണ്ണടയ്‌ക്കുന്നു. അനാഥാലയത്തിലും യാചകമന്ദിരത്തിലും താമസിക്കുന്നവർ കുറെയൊക്കെ. പുറത്തുചാടും. അവരിൽ ചിലരും ഇവിടെ കണ്ടെന്നിരിക്കും. അല്ലെ?
ദീർഘമായി സംസാരിക്കുന്ന സ്വഭാവമാണ് മാത്യൂസിനുള്ളതെന്ന് ശിവാനന്ദന് ബോധ്യമായി. ആ സംഭാഷണം കേട്ടുകൊണ്ടിരിക്കുക സുഖമാണ്. ഗൗരവം കലർന്ന ഒരു മുഴക്കമുണ്ടെങ്കിലും അതൊരിക്കലും അലോസരപ്പെടുത്തുകയോ മുഷിച്ചിലുണ്ടാക്കുകയോ ചെയ്യുന്നില്ല.
പെട്ടെന്നായിരുന്നു മാത്യൂസിന്റെ ചോദ്യം.
“ഇതിൽ നിങ്ങളുടെ റോളെന്താണ്?”
വലിച്ചുകൊണ്ടിരുന്ന സിഗററ്റ് ഇനിയും കുറേ വലിക്കാനുണ്ടെങ്കിലും അതുപേക്ഷിച്ച് കുറ്റി ദൂരെയെറിഞ്ഞ് മാത്യൂസിന്റെ മുഖത്തേയ്‌ക്ക് ഒരു കള്ളക്കണ്ണെറിഞ്ഞ് പറഞ്ഞു.
’എന്റെ റോളെന്താണെന്ന് എനിക്ക് തന്നെ അറിയില്ല. പിന്നെ ഇത്രയെല്ലാം വിവരങ്ങൾ കൃത്യമായി മനസ്സിലാക്കിയ താങ്കൾക്ക് ആ വിവരവും ആരും പറഞ്ഞു തന്നില്ലെ?“
ഈ വിവരങ്ങൾ തന്നെ കിട്ടിയത് ആ സ്ഥലത്തിന് കുറച്ച് ദൂരെ മാറിയുള്ള ജംഗ്‌ഷനടുത്തുളള ഒരു പെട്ടിക്കടക്കാരനിൽ നിന്നാണ്. പക്ഷേ, അയാളൊക്കെ ധരിച്ചിരിക്കുന്നത് താങ്കൾ ഇത് കോർപ്പറേഷനുവേണ്ടി നടത്തുകയാണെന്നോ. കോർപ്പറേഷനിലെ ഉദ്യോഗസ്ഥനാണ് താങ്കളെന്നോ ഒക്കെയാണ്. ഏതായാലും അവിടത്തെ താമസക്കാർ വല്ല വിവരവും തരാനുണ്ടാകുമല്ലൊ എന്നു കരുതി അവിടെ ചെന്നപ്പോൾ കണ്ണിന് വലിയ കാഴ്‌ചയില്ലാത്ത ഒരുവനെ മാത്രമേ കണ്ടുള്ളൂ. ബാക്കിയുള്ളവരെല്ലാം താങ്കളെ കാണാൻ ഇങ്ങോട്ട് പോന്നെന്നോ മറ്റോ ആണ് പറഞ്ഞത്. കൂടുതൽ വിവരം അയാൾക്കറിയില്ല. കോർപ്പറേഷൻ ഓഫീസിൽ ചെന്നപ്പോഴും ആർക്കും കൃത്യമായ വിവരം തരാനായില്ല. നഗരം യാചകവിമുക്തമാക്കണമെന്നതുകൊണ്ട് അലഞ്ഞുതിരിയാതെ. പലയിടത്തും തമ്പടിക്കാതെ ഒരിടത്ത് കൂടുന്നല്ലോ എന്നതിനാൽ അവരാരും ഇക്കാര്യത്തിൽ തല പുണ്ണാക്കാറില്ല എന്നാണ്. അതൊക്കെ താങ്കൾക്ക് ഗുണകരമായി വരികയാണ് ചെയ്തത്, അല്ലെ?
‘സഹായിക്കുക എന്നതിനേക്കാൾ ആ നിലപാട് ഞാൻ മുതലാക്കി എന്ന് പറയൂ’.
മാത്യൂസ് ഒരു ചെയിൻസ്മോക്കറാണെന്ന് തോന്നുന്നു. വീണ്ടും ഒരു സിഗററ്റിന് തീ കൊളുത്തി ശിവാനന്ദന്റെ നേരെ പായ്‌ക്കറ്റ് നീട്ടിയപ്പോൾ അയാൾ ‘നോ താങ്ക്‌സ്’ പറഞ്ഞ് ഒഴിഞ്ഞുമാറി.
‘പക്ഷേ താങ്കളത്തരക്കാരനാണെന്ന് ഞാൻ പറയില്ല. അവരെ ഏതെങ്കിലും വിധത്തിൽ സഹായിക്കുന്നുണ്ടാവും. അല്ലെങ്കിൽ സാമൂഹ്യദ്രോഹികളും പിടിച്ചുപറിക്കാരും കൂടുതൽ ഉണ്ടാകാൻ സാദ്ധ്യതയുള്ള അവിടെ ഇവരെങ്ങനെ ഒതുങ്ങി കഴിയുന്നു?’
‘ഞാനൊരു കാര്യത്തിലേ വാശിപിടിച്ചിട്ടുള്ളൂ. സ്ര്തീകളെയും കുട്ടികളെയും താമസിപ്പിക്കാൻ സമ്മതിച്ചിട്ടില്ല. കുടുംബമായിട്ടുള്ളവർ വേണ്ടെന്ന് വച്ചു. കുട്ടിക ആദ്യമുണ്ടായിരുന്നു. അവരെ പിന്നീട് പട്ടണത്തിലെ അനാഥാലയത്തിലേയ്‌ക്ക് മാറ്റി’.
‘അപ്പോൾ താങ്കൾ ബുദ്ധിമാനാണ്. വേണമെങ്കിൽ നല്ലൊരു ബിസിനസ്സുകാരൻ – അല്ലെ?
ശിവാനന്ദൻ ഒന്നു ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല. അയാൾ മെല്ലെ എഴുന്നേറ്റു.
’താങ്കൾക്ക് കുടിക്കാൻ വല്ലതും-?‘
മാത്യൂസ് ചുറ്റും നോക്കി. ആരെയും കാണുന്നില്ല. വീട്ടിനകത്തും ആളനക്കമില്ല.
’താങ്കളൊറ്റയ്‌ക്കാണോ?‘
’അതെ -‘
’അപ്പോൾ ഫാമിലി-?‘
കുഴയ്‌ക്കുന്ന ചോദ്യമാണ്. എന്താണ് പറയുക?
എന്റെ കുടുംബം ഇവിടെ വേറൊരിടത്ത് – വേറൊരുത്തന്റെ കൂടെ കഴിയുന്നെന്ന് എങ്ങനെ പറയാൻ പറ്റും? ഇനി അങ്ങനെ പറഞ്ഞാലും വിശ്വസിക്കുമോ? അവിടെയും താൻ ലാഭവശം നോക്കി വേറൊരാളെ നോക്കാനേല്പിച്ചിരിക്കുകയാണെന്ന് വ്യാഖ്യാനിച്ചാൽ നിഷേധിക്കാനാവുമോ?
’ഇപ്പോൾ ഞാനൊറ്റയ്‌ക്കാണ്‘.
എന്തോ ചില അടിയൊഴുക്കുകളുണ്ട്. കൂടുതലൊന്നും അറിയേണ്ടെന്ന് മാത്യൂസ് കരുതി. വീണ്ടും ചോദ്യം സംഘത്തെക്കുറിച്ചായി.
’എന്താണ് നിങ്ങളുടെ സംഘത്തിന്റെ പ്രവർത്തനങ്ങൾ?‘
ഈ ചോദ്യം ഇന്നല്ലെങ്കിൽ നാളെ ആരെങ്കിലും ചോദിക്കുമെന്നും അന്ന് താൻ അതിനുത്തരം പറഞ്ഞേ ഒക്കൂ എന്നും നേരത്തെ തന്നെ അറിയാമായിരുന്നതുകൊണ്ട് ശിവാനന്ദന് അതൊരുതരത്തിലുമുള്ള ഞെട്ടലുളവാക്കിയില്ല. മാത്രമല്ല ഈ ചോദ്യം ഇന്നേവരെ ആരും ചോദിക്കാതിരുന്നതിനാൽ ഒരു തരത്തിലുള്ള അസ്വസ്ഥതയും അനുഭവപ്പെട്ടിരുന്നു.
’പ്രത്യേകിച്ച് വ്യക്തമായ ഒരു പരിപാടിയും ഈ സംഘത്തിനില്ല. ഇതേ എനിക്ക് പറയാനാവൂ. പക്ഷേ അലഞ്ഞുതിരിയുന്ന ഒരുകൂട്ടർക്ക് തലചായ്ാൻ ഞാൻ സൗകര്യം ചെയ്തുകൊടുത്തു. അത്യാവശ്യം കിടക്കാൻ പായ്, പുതയ്‌ക്കാൻ ഷീറ്റ്, ചികിത്സ ആവശ്യമായി വരുന്ന സന്ദർഭങ്ങളിൽ അവർക്ക് അതിനുള്ള സൗകര്യങ്ങൾ ചെയ്ത് കൊടുക്കാറുണ്ട്.‘
’മനുഷ്യൻ സാമൂഹ്യജീവിയാണെന്ന വിചാരം എന്തുകൊണ്ട് താങ്കൾ ഇവരുടെ കാര്യത്തിലെടുത്തില്ല. ഇവർക്കും കുടുംബത്തെപ്പറ്റിയുള്ള സ്വപ്നങ്ങൾ കാണില്ലെ?‘
’സോറി – എനിക്കതിൽ കൂടുതൽ ചെയ്തുകൊടുക്കാനാവില്ല. ഒരു ലോഡ്‌ജിൽ താമസിക്കാൻ വരുന്നവന് പല സൗകര്യങ്ങളും ചെയ്തുകൊടുക്കുന്ന ലോഡ്‌ജുകളും ഈ നഗരത്തിലുണ്ട്. വേണ്ടിവന്നാൽ വീടിനെയും കുടുംബത്തേയും മറക്കാനുള്ള ഉപാധികൾ നൽകുന്ന – നിരവധി സൗകര്യങ്ങളുള്ള ഹോട്ടലുകളും ലോഡ്‌ജുകളും കാണും. വെറും കിടക്കപ്പായ മാത്രം കൊടുത്ത് വാടകപിരിക്കുന്ന ചെറിയ ലോഡ്‌ജുകളും ഇവിടുണ്ട്. അവസാനം പറഞ്ഞ ഇനത്തിലുള്ള ഒന്നാണെന്ന് ഇതിനെ കരുതിക്കോളൂ‘
ഏതാനും നിമിഷനേരം മാത്യൂസ് ശിവാനന്ദനെ സൂക്ഷിച്ചുനോക്കി. ഒരു കുറ്റവാളിയെ ചോദ്യം ചെയ്യുന്ന നിയമപാലകനായോ നീതിന്യായം നടത്തുന്ന ഉദ്യോഗസ്ഥനായോ ആരെ വേണമെങ്കിലും മാത്യൂസിൽ സങ്കല്പിക്കാം. പക്ഷേ അയാളുടെ മനസ്സിൽ എന്താണ് രൂപം കൊണ്ടതെന്ന് മനസ്സിലാകുന്നില്ല. എന്ത് നടപടികളാണയാളെടുക്കാൻ പോകുന്നത്?
വേണമെങ്കിൽ പോലീസിൽ ഒരു കംപ്ലേന്റ് ഫയൽ ചെയ്യാം. അല്ലെങ്കിൽ കുറെ വാടകഗുണ്ടകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്താം. ഇതുമല്ലെങ്കിൽ കോടതി വഴി പരിഹാരം തേടാം. അതിനൊന്നും പോകാതെ നേരെ ഇങ്ങോട്ട് വന്ന് -? പെട്ടെന്നെന്നോണം – അയാളെഴുന്നേറ്റു. ഇതിനോടകം മൂന്നാമത്തെ സിഗരറ്റിന് മാത്യൂസ് തീ കൊളുത്തി കഴിഞ്ഞിരുന്നു.
’മിസ്‌റ്റർ ശിവാനന്ദൻ – ഇപ്പോൾ ഞാൻ പോവുന്നു. അതിനർത്ഥം നമ്മളിനിയും കണ്ടുമുട്ടുമെന്നാണ്. അതെങ്ങനെ എവിടെവച്ച് – ഏത് വിധത്തിൽ എന്നൊന്നും പറയാനാഗ്രഹിക്കുന്നില്ല. പക്ഷേ ആ കണ്ടുമുട്ടലിൽ ഞാനൊരു തീരുമാനത്തിലെത്തിയിരിക്കും. ഗുഡ്‌ബൈ-‘ ഗേറ്റു തുറന്ന് കാറിന്നടുത്തേയ്‌ക്ക് നടന്നുനീങ്ങുകയായിരുന്ന മാത്യൂസിനെ ശിവാനന്ദൻ വിളിച്ചു.
’ഒന്നു നിൽക്കണെ -‘
മാത്യൂസ് തിരിഞ്ഞുനിന്നു. അയാളുടെ മുഖത്ത് നേർത്ത ഒരു പുഞ്ചിരി വിരിഞ്ഞു.
’ആളെ വീഴ്‌ത്താൻ സമർത്ഥനാണെന്ന് തോന്നുന്നു. ഇതുപോലെ ചതുരവടിവിലുള്ള വാക്കുകളെടുത്തു പ്രയോഗിച്ചാൽ വീഴുന്നവർ ധാരാളം കണ്ടേക്കാം. പക്ഷേ എന്നെ അതിന് കിട്ടില്ല. ങ്‌ഹും – എന്താ വേണ്ടത്?‘
മാത്യൂസിന്റെ വാക്കുകൾ അലോസരം സൃഷ്ടിക്കുന്നതാണെങ്കിലും ഇതുപോലത്തെ സന്ദർഭങ്ങൾ തന്റെ ജീവിതത്തിൽ നിരവധി തവണ അരങ്ങേറിയിട്ടുള്ളതുകൊണ്ട് അയാൾക്ക് നീരസം തോന്നിയില്ല.
’മിസ്‌റ്റർ മാത്യൂസ് – തീരുമാനങ്ങൾ ഇപ്പോൾ തന്നെ എടുക്കുന്നതല്ലേ നല്ലത്?‘
’അല്ല. ഒരു സസ്‌പെൻസ് ആവശ്യമാണ്. അല്ല – ഇവിടെ നിന്നെങ്ങാൻ ഒളിച്ചോടാൻ ഭാവമുണ്ടോ?‘
ചാട്ടുളിപോലുള്ള നോട്ടം. അതിനേക്കാൾ തീഷ്ണതയേറുന്ന വാക്കുകൾ. സിഗററ്റ് വലിച്ച് പുകച്ചുരുളുകൾ അന്തരീക്ഷത്തിലേയ്‌ക്ക് വലയങ്ങളാക്കി വിടുന്നതിൽ സാമർത്ഥ്യം കാണിക്കുന്ന ഇയാൾക്ക് പുക ഉള്ളിലേയ്‌ക്കെടുത്ത് എല്ലാം ഒതുക്കാനും അറിയാം. മനസ്സിലിരിപ്പ് വ്യക്തമാകുന്നില്ല. മാനസികമായി പീഡിപ്പിക്കുന്ന സുഖം – അതായിരിക്കുമോ ലക്ഷ്യം?
’മിസ്‌റ്റർ ശിവാനന്ദൻ – ലക്ഷങ്ങളും കോടികളും ബിസിനസ്സ് നടത്തുന്ന ഒരുവനാണ് ഞാൻ. എന്റെ അപ്പന് ഫാം ഹൗസും, കൊപ്രാ, തടിമില്ലുകളുമൊക്കെയായിരുന്നു തൊഴിൽ. പക്ഷെ, ഞാൻ നടത്തുന്നത് ഹോട്ടലുകളാണ്. ശരിക്കും പറഞ്ഞാൽ ടൂറിസ്‌റ്റ് കോട്ടേജുകൾ. ന്യൂയോർക്കിലും ഷിക്കാഗോയിലുമായി മൂന്നെണ്ണം ഉണ്ട്. അന്തർദ്ദേശീയ നിലവാരമുള്ള ഒരു ടൂറിസ്‌റ്റ് കോംപ്ലക്സ് ബോംബേയിൽ തുടങ്ങാനും പദ്ധതിയുണ്ട്. കൊച്ചിയിൽ അതിന് സാധ്യതയുണ്ടോ എന്ന് നോക്കണമെന്നുണ്ടായിരുന്നു. ഇക്കഴിഞ്ഞ ഒരാഴ്‌ച ഇവിടെ ഇളേപ്പന്റെ വീട്ടിലും ഈ പട്ടണത്തിലെ ഹോട്ടലിലുമായി രണ്ട് ദിവസം തങ്ങിയപ്പോഴുമൊക്കെ ഇത് സാദ്ധ്യമാവുമോ എന്ന് നോക്കിയിരുന്നു. പക്ഷേ ഞാനൊരു തീരുമാനത്തിലെത്തി. ഇൻഡ്യയിലെന്തെങ്കിലും പരിപാടിയുണ്ടെങ്കിൽ അത് കേരളത്തിന് വെളിയിൽ മതിയെന്ന്. അതുകൊണ്ട് -‘
പിന്നീടൊന്നും മിണ്ടാതെ മാത്യൂസ് നടന്നുനീങ്ങി. കാറിൽ കയറി സ്‌റ്റാർട്ട് ചെയ്യുന്നതിന് മുന്നേ ഗേറ്റിനരികിൽ നിൽക്കുകയായിരുന്ന ശിവാനന്ദനോട് പറഞ്ഞു;
’നമുക്കിനി ഏതായാലും കാണേണ്ടിവരും. ചിലപ്പോൾ ഒന്നിൽ കൂടുതൽ തവണ. ഇതിനിടയിൽ നേരത്തെ സൂചിപ്പിച്ചതുപോലെ ഇവിടെനിന്നും മുങ്ങുകയൊന്നുമില്ലല്ലൊ‘.
’ഇല്ല – അവിടെ താങ്കൾക്കു തെറ്റി. എന്നെ വിശ്വസിക്കാം. ഞാനെങ്ങോട്ടുമില്ല. ഇവിടെത്തന്നെയുണ്ടാകും‘.
മാത്യൂസിന്റെ പരിപാടികൾ വ്യക്തമല്ലെങ്കിലും അങ്ങനൊരുറപ്പ് കൊടുക്കാൻ കഴിഞ്ഞതിൽ ശിവാനന്ദന് വലിയൊരാശ്വാസമനുഭവപ്പെട്ടു. ഏതും വരുന്നവഴി തന്നെ നേരിടുക. ഒളിച്ചോട്ടം – അത് പരിഹാരമല്ല. അത് വേറെയും ചില പ്രശ്നങ്ങൾ സൃഷ്ടിക്കും.’
ഗേറ്റടച്ച് വീട്ടിലേയ്‌ക്ക് കയറിയതോടെ ശിവാനന്ദന് സുന്ദരിയുടെ കാര്യത്തിൽ ഇനിയെന്ത് – എന്ന ചോദ്യം മനസ്സിലുയർന്നു. തീർപ്പുകല്പിക്കാനാകാത്ത ഒരു പ്രഹേളികപോലെ അതുലയ്‌ക്കുന്നു. അക്കാര്യത്തിൽ ഒരു തീരുമാനം ഉടനെ തന്നെ ആവശ്യമാണ്. ഇനിയത് നീട്ടിക്കൂടാ.
Generated from archived content: daivam21.html Author: mk_chandrasekharan