തിരിച്ചടികൾ എന്നും തന്റെ ജീവിതത്തിലുണ്ടായിട്ടുണ്ട്. അവയെല്ലാം ലാഘവത്തോടെ നേരിടാൻ കഴിഞ്ഞുവെന്നതായിരുന്നു ഏറ്റവും വലിയ വിജയം. അല്ലെങ്കിൽ അതൊരു വിജയമാക്കി മാറ്റാൻ കഴിഞ്ഞുവെന്നതായിരുന്നു ഏറ്റവും വലിയ പാളിച്ച.
പ്രായപൂർത്തി എത്തുന്നതിനു മുന്നേ അച്ഛന്റെ കൂടെ കൂടി കച്ചവടത്തിൽ പങ്കാളിയായി. അതുവരെ ലോകമെന്നത് തന്റെ വീടും സ്‌കൂളും തമ്മിലുള്ള ദൂരമാണെന്നു മാത്രമായിരുന്നു ധരിച്ചിരുന്നത്. അതിനപ്പുറം ലോകമുണ്ടെന്നറിയാമെങ്കിലും ആ ലോകത്തെക്കുറിച്ച് പാഠപുസ്തകങ്ങളിൽ നിന്ന് കിട്ടിയ അറിവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. കച്ചവടത്തിൽ പ്രവേശിച്ച് അധികം കഴിഞ്ഞില്ല. അതിന് മുന്നെ അച്ഛൻ മരിച്ചു. അമ്മ മാത്രമേ വീട്ടിലുള്ളൂവെന്നതുകൊണ്ട് അച്ഛന്റെ മരണം ഒരു ഭാരം തലയിൽ വന്നുവീണതായി തോന്നിയില്ല. കച്ചവടത്തെക്കുറിച്ച് ലാഘവത്തോടെ ചിന്തിച്ചതാവാം അതിന് കാരണം. അതിന് ഫലം താമസിയാതെ തന്നെ കണ്ടു. അച്ഛൻ മരിച്ച് രണ്ടുവർഷം തികയുന്നതിനു മുന്നെ കച്ചവടം നിർത്തേണ്ടിവന്നു. പിന്നെയാണ് ശരിക്കും ജീവിതമെന്തന്നറിയാനിടവന്നത്. കച്ചവടം പൊളിഞ്ഞപ്പോൾ കയ്യിൽവന്ന മിച്ചം തുകകൊണ്ട് ഒരു പെട്ടിക്കടയിട്ടു. അതും പൊളിഞ്ഞു. പോലീസ്‌സ്‌റ്റേഷനും കോടതിയുമായി കുറെനാൾ. പിന്നെ നാടുവിട്ടു. അമ്മയുടെ മരണശേഷം നാട്ടിലുള്ളതെല്ലാം വിറ്റ് വൈറ്റിലയ്‌ക്കടുത്ത് കുറച്ചു സ്ഥലം വാങ്ങി. ബാക്കി പൈസകൊണ്ട് തുടങ്ങിയ ഒരു ബിസിനസ്സ്… ഇതിനിടയിൽ വന്നുചേർന്ന ബന്ധങ്ങൾ. കുടുംബത്തെക്കുറിച്ചുള്ള സങ്കല്പങ്ങൾ പൂർണ്ണമാവുന്നതിനു മുന്നേ തന്നെ വിധി ആ ബന്ധം ഇല്ലാതാക്കി. തന്റെ ഭാര്യ പ്രസവിച്ച കുഞ്ഞിനെവരെ ഒരിക്കലും കാണാനൊത്തില്ല എന്ന വേദനപോലും കടിച്ചമർത്തി എല്ലാം നിസ്സംഗതയോടെ നോക്കി കാണാൻ കഴിഞ്ഞിരുന്നു. പിന്നീടും വിധിയുടെ ക്രൂരമായ വിളയാട്ടം തുടർന്നു. അവസാനം ഭാര്യയും നഷ്ടപ്പെട്ട് ഉറ്റവരും ഉടയവരും ഇല്ലാതെ ഒരനാഥനായിപ്പോയ അനുഭവം. വർഷങ്ങൾക്ക് ശേഷം തന്നിൽ നിന്നകന്ന, താൻ താലികെട്ടിയ പെണ്ണ്, ഇതാ ഈ നഗരത്തിൽ കഴിഞ്ഞ അഞ്ചുവർഷമായി വേറൊരുവന്റെ ഭാര്യായി കഴിയുന്നു. അവനോ തനിക്ക് കീഴിൽ പണിയെടുക്കുന്ന, തനിക്ക് വേണ്ടി ജീവൻ കളയാൻ വരെ തയ്യാറെടുക്കുന്ന ഒരു വിശ്വസ്തൻ.
അന്തുക്കാപ്പറഞ്ഞതനുസരിച്ച് ജാനുവമ്മയുടെ വീട്ടിൽ പോകാൻ തയ്യാറായെങ്കിലും പിന്നീട് പിന്മാറി. മുരുകന്റെ നിർബന്ധപൂർവ്വമായ അപേക്ഷപോലും സ്നേഹപൂർവ്വം നിരസിച്ച് പിൻവാങ്ങി കാറിൽ കയറി സ്‌റ്റാർട്ട് ചെയ്തതായിരുന്നു. കാർ റിവേഴ്‌സ് ചെയ്യാൻ നേരത്ത് കണ്ട മുരുകന്റെ ദയനീയാവസ്ഥ ഒരു വീണ്ടുവിചാരത്തിനു പ്രേരിപ്പിച്ചു.
എപ്പോഴാണെങ്കിലും സത്യം അറിഞ്ഞേ പറ്റൂ. അത് ക്രൂരമാണെങ്കിൽ പോലും നേരിട്ടേ ഒക്കൂ. അതിന്റെ ഭവിഷ്യത്തുകൾ – ചിലപ്പോൾ എല്ലാം കലങ്ങിത്തെളിയാൻ അത് കാരണമാകും.
വീണ്ടും ഒരു തീരുമാനമെടുക്കാനാവാതെ കുഴങ്ങുകയായിരുന്നു. അപ്പോഴാണ് മുരുകന്റെ വിളി.
‘മൊതലാളി – ഇവിടംവരെ വന്നിട്ട് – മൊതലാളി കയ്യൊഴിഞ്ഞ രീതിയിൽ പോവരുത്. മൊതലാളി കൂടിയുണ്ടെങ്കിലേ എന്റെ മനസ്സ് നിറയൂ“.
മുരുകന്റെ ആ വാക്കുകളോടെ, കാർ നിർത്തി റോഡിന്റെ ഓരം ചേർത്തിട്ട്, പിന്നെ മുരുകനൊപ്പം അന്തുക്കായേയും കൂട്ടി പോവുകയായിരുന്നു.
ജാനുവമ്മയുടെ വീട്ടിൽ ചെന്നപ്പോൾ ആദ്യം കണ്ടത് പയ്യനെയാണ്. മുരുകൻ പറയുന്ന, മണിക്കുട്ടനെന്ന് അവന്റെ പെണ്ണ് വിളിക്കുന്ന പയ്യൻ. മുരുകനും വള്ളിയും അവനെ ഇഷ്ടപ്പെട്ടതിന് കുറ്റം പറയാനാവില്ല. ആരും അവനെയെടുത്ത് ഓമനിച്ചുപോവും. പക്ഷേ ഇവൻ -?
മുരുകന്റെ കൂടെ തന്നെയും കണ്ടതുകൊണ്ടാവാം അവനോടിക്കളഞ്ഞു. പിന്നീടവൻ വന്നത് അവൻ അമ്മേ എന്നു വിളിക്കുന്ന –
ഈശവരാ – ഇതെന്ത് പരീക്ഷണം? താൻ ഭയപ്പെട്ടത് തന്നെ സംഭവിച്ചിരിക്കുന്നു.
’നീയെന്നെ വല്ലാതെ തീ തീറ്റിച്ചു കളഞ്ഞല്ലോ – നിന്നെയും മണിക്കുട്ടനെയും കാണാഞ്ഞപ്പോൾ -‘
മുരുകന് മുഴുവനാക്കാൻ കഴിഞ്ഞില്ല. അതിനു മുന്നേ അവന്റെ വള്ളി തന്നെ കണ്ടുകഴിഞ്ഞു. അത്ഭുതമോ-? സന്തോഷമോ – പിന്നെ – ഒരു പൊട്ടിക്കരച്ചിലായിരുന്നു. ആ കരച്ചിലോടെ അവൾ മുഖം പൊത്തി പിന്മാറി.
’എന്താ – കുട്ട്യേ ഇത് -? ഇപ്പോ സന്തോഷിക്കാവല്ലേ വേണ്ടെ? കണ്ടില്ലേ – ഇവരും കൊറെ തീ തിന്നു. കുട്ടിയും ഏറെ വെഷമിച്ചു. ഇപ്പോഴും മാറിയില്ലെ? ഇനിയിപ്പം കരയുവാ വേണ്ടെ -? വാ – നിങ്ങള് വാ – ദാ – ഇവിടെയിരിക്ക് – കുട്ടി അടുക്കളേച്ചെന്ന് കാപ്പിയൊണ്ടാക്കാൻ നോക്ക് – അതിന് മുന്നേ വേണേ സംഭാരം കൊടുക്കാം – ചെല്ല് – മതി – ഇനി കരച്ചില് ഇതൊക്കെ കഴിഞ്ഞിട്ട്‘.
ജാനുവമ്മ അന്തരീക്ഷത്തിന്റെ ലാഘവത്വം വരുത്താൻ നോക്കിയിട്ടും ഫലിച്ചില്ല. വള്ളിയുടെ കരച്ചിൽ കൂടിയതേയുള്ളൂ. മണിക്കുട്ടൻ എല്ലാവരെയും മാറിമാറി നോക്കി – പിന്നെ വള്ളിയുടെ അരികിൽ ചേർന്നു നിന്നു.
’മുരുകൻ – അങ്ങനല്ലെ തന്റെ പേര് -? ജാനുവമ്മ ചോദിച്ചു.
‘അതെ-’ അവൻ വള്ളിയുടെ മുഖത്ത് നിന്നും ശ്രദ്ധ തിരിച്ചു.
‘ങാ – താൻ – ചെല്ല് – ആ കുട്ടി ഇത്തിരിനേരം കരയട്ടെ. അങ്ങനെ കൊറച്ചാശ്വാസം കിട്ടട്ടെ – താനിങ്ങോട്ട് വാ – ഈ മോരുംവെള്ളം എടുത്ത് സാറിന് കൊടുക്കുവാ. പിന്നെ താനും കൊറെ തീ തിന്നതല്ലേ? ഒരു ഗ്ലാസ് താനും കുടിക്ക് – വാ – എന്റെ കൂടെ വാ -’
ജാനുവമ്മ പറഞ്ഞതനുസരിച്ച് മുരുകൻ അവരുടെ കൂടെ അടുക്കളവശത്തേയ്‌ക്ക് നീങ്ങിയപ്പോൾ മുൻവശത്ത് വള്ളിയും മണിക്കുട്ടനും ശിവാനന്ദനും മാത്രമായി.
‘സുന്ദരി -’
ആ വിളി കേട്ട് മുഖംപൊത്തി കരയുകയായിരുന്ന അവൾ കൈമാറ്റി. ദയനീയത നിറഞ്ഞ ഒരു നോട്ടം – ‘അരുതേ-’ എന്ന അപേക്ഷ നിഴലിക്കുന്ന കണ്ണുകൾ. തൊഴുതുകൊണ്ടവൾ മൂകമായി അപേക്ഷിക്കുന്നു –
‘ദൈവമേ! എന്നെ ഉപദ്രവിക്കല്ലേ!’
അതെ – അങ്ങനെയാണ് ശിവാനന്ദനും തോന്നിയത്. വീണ്ടും എന്തോ സംസാരിക്കാനായി തുനിഞ്ഞ അയാളോട് അവൾ അപേക്ഷിച്ചു.
‘എനിക്ക് മാപ്പ് തന്നം – ഒന്നും ഇങ്ങനെ വരണമെന്ന് ഞാനാഗ്രഹിച്ചതല്ല. അങ്ങനെ അങ്ങ് വന്നുപോയി – എനിക്ക്’- വീണ്ടും അവൾ പൊട്ടിക്കരഞ്ഞു.
പീന്നിടെന്തെങ്കിലും സംസാരിക്കാൻ സാധിക്കുന്നതിന് മുന്നേ ജാനുവമ്മ വന്നു. ശിവാനന്ദനെ അവർ സൂക്ഷിച്ചുനോക്കി. സംശയഭാവത്തോടെ നിൽക്കുന്നതുകണ്ടപ്പോൾ അയാൾ പറഞ്ഞു.
‘എന്റെ പേര് ശിവാനന്ദൻ. ബിസിനസ്സാണ്. ഇവിടെ കടവന്ത്രയിൽ താമസിക്കുന്നു’.
വരാന്തയിലിട്ടിരുന്ന കസേര നീക്കിയിട്ട് ജാനുവമ്മ പറഞ്ഞു.
‘ഇരിക്കൂ’
പിന്നെ സുന്ദരിയുടെ നേരെ തിരിഞ്ഞു പറഞ്ഞു.
”അവളിപ്പോഴും പേടിക്കുന്നു“. എന്തെങ്കിലും ശിവാനന്ദൻ തുറന്നു പറഞ്ഞേക്കുമോ എന്ന ഭയം അവളുടെ മുഖത്ത്. ആ ഭയം അയാൾ വായിച്ചറിഞ്ഞു.
”കേട്ടോ സാറെ – ഇവളിന്നലെ മുതൽ പേടിച്ചു നടക്കുവാ. ആരോ ഇവളുടെ കുട്ടിയെ തട്ടിക്കൊണ്ടു പോവാൻ വന്നെന്ന്. ആദ്യം ഒറ്റക്കണ്ണും കാലിന് സ്വാധീനവുമില്ലാത്ത ഒരു പിച്ചക്കാരൻ. അയാളുടെ കൂടെ ഒരു തടിച്ച പെണ്ണുമൊണ്ടത്രെ….“
ഇതിനിടെ സുന്ദരി മുറിക്കകത്തേയ്‌ക്ക് പോയി. എന്തോ ഒരു വിശ്വാസം അവൾക്ക് വന്നുകഴിഞ്ഞു, ശിവാനന്ദൻ സത്യം തുറന്ന് പറയില്ലെന്ന്. എങ്കിലും പോകാൻനേരം ജാനമ്മ കാണാതെ ‘അരുതേ -’ എന്നവൾ കൈകൾ കൊണ്ടാഗ്യം കാട്ടി.
മുരുകൻ ഒരു ഗ്ലാസ്സിൽ സംഭാരവുമായി വന്നുകഴിഞ്ഞു.
‘സാറിതങ്ങ് കുടിച്ചാട്ടെ. കാപ്പിയിടാൻ ഞാൻ പറഞ്ഞിട്ടൊണ്ട്’. ജാനുവമ്മ മുരുകൻ നീട്ടിയ ഗ്ലാസിനെ ചൂണ്ടിപ്പറഞ്ഞു.
‘മൊതലാളി – ഇവനെ തപ്പിയാ അവര് നടക്കണെ. തീർച്ച. ഇവനെ അവരുടെ കയ്യിക്കിട്ടിയാ – എന്റീശ്വരാ-’
മുരുകന്റെ ആ വാക്കുകളിൽ നിന്ന് അവൻ മണിക്കുട്ടനെ സ്വന്തം കുട്ടിയെപ്പോലെ ജീവനുതുല്യം സ്നേഹിക്കുന്നെന്ന് ശിവാനന്ദന് മനസിലായി. ഇനി മുരുകൻ – തന്റെ സുന്ദരി – ഈ പയ്യൻ –
‘അതെ – ഇനി ഇപ്പോ തൽക്കാലം ഇങ്ങനെ – അയാൾ മനസ്സിൽ പറഞ്ഞു. ഇപ്പോൾ ഇവിടെ സത്യാവസ്ഥ വെളിപ്പെടുത്തുകയാണെങ്കിൽ’.
-പെട്ടെന്ന് സുന്ദരിയുടെ അപേക്ഷ നിഴലിക്കുന്ന നോട്ടവും ആകാംക്ഷയും ശിവാനന്ദനെ കുഴക്കി.
എന്തെങ്കിലും അബദ്ധം ശിവാനന്ദനിൽ നിന്നും വരുന്നോയെന്ന ഭയപ്പാടോടെ സുന്ദരി വീണ്ടും മണിക്കുട്ടനെ തപ്പിയെന്നവണ്ണം വരാന്തയിലേക്ക് വന്നു. വേഗം മടങ്ങാമെന്ന് അവൾ ശബ്ദം താഴ്‌ത്തി മുരുകനോട് പറഞ്ഞു. മുരുകന് ശുണ്‌ഠിവന്നു.
‘നീയെന്ത് മനുഷ്യത്തിയാടി – ഞങ്ങളെ കണ്ടപ്പോഴേയ്‌ക്കും വേഗമിറങ്ങിപ്പോരുവാന്നോ? നിന്നെ സമാധാനിപ്പിച്ചിവിടെ നിർത്തിയതിന് ഒരു നല്ലവാക്കുപോലും പറയാതെ.”
പെട്ടെന്നവിടെ ഒരനിശ്ചിതാവസ്ഥ വന്നതുപോലെ ശിവാനന്ദന് തോന്നി. അത് തനിക്കും സുന്ദരിക്കും മാത്രമറിയാവുന്ന ഒരു കാര്യം.
’ഓ – സാരമില്ല. അവള് തിന്ന തീ അവൾക്കല്ലേ അറിയൂ. നിങ്ങളെ കണ്ടപ്പോ ഒന്നു സന്തോഷം കൊണ്ട് പോകാൻ തിടുക്കം കൂട്ടിന്നേയുള്ളൂ. – ഏതായാലും കാപ്പി കുടിച്ചിട്ട് പോയാമതി‘.
ജാനുവമ്മ അങ്ങനെ പറഞ്ഞതോടെ ആ അന്തരീക്ഷത്തിന് ഒരു ലാഘവത്വം വന്നു.
കാപ്പികുടി കഴിയുന്നതുവരെയും വള്ളി കൂടെക്കൂടെ വാതിലിന് മറവിൽ വരെ വരുന്നത് ശിവാനന്ദൻ കണ്ടു. മുരുകൻ അപ്പോഴും മണിക്കുട്ടനെ തപ്പിവന്നു. പിച്ചക്കാരന്റെയും തടിച്ചിയുടെയും കഥ പറയുന്നു. ഈശ്വരാധീനംകൊണ്ട് ഒന്നും സംഭവിച്ചില്ലെന്ന് തുടർന്നും പറയുന്നു. ജാനുവമ്മ മണിക്കുട്ടനെയും സുന്ദരിയേയും ചൂണ്ടി കോവിലിൽ വന്ന് നിന്നപ്പോൾ മുതലുള്ള കഥകൾ പറയുന്നു. പക്ഷേ ഇതിലൊന്നും കാര്യമായ ശ്രദ്ധയുന്നാത്തത് ശിവാനന്ദനും സുന്ദരിയും മാത്രം.
എപ്പോഴാണെങ്കിലും സത്യം മുരുകനോട് പറഞ്ഞല്ലേ ഒക്കൂ – അതെപ്പോൾ – എങ്ങനെ, എവിടെ വച്ച് എന്ന ചിന്താഭാരത്താൽ – അതുണ്ടാക്കാവുന്ന ഭവിഷ്യത്തുകളെന്തൊക്കെയായിരിക്കുമെന്ന ആകുലതയാൽ സ്വസ്ഥതയില്ലാതെ ജാനുവമ്മയുടെ വാക്കുകൾ ശ്രദ്ധിക്കുന്നെന്ന മട്ടിൽ ഇടയ്‌ക്കിടയ്‌ക്ക് മൂളുന്നു.
സുന്ദരിയാണെങ്കിൽ ഒരനിശ്ചിതത്വത്തിൽ – എന്തുവേണം – സത്യം തുറന്നു പറഞ്ഞാൽ മുരുകന്റെ അവസ്ഥ – മണിക്കുട്ടന്റെ ഭാവി – എന്നാലും ഇപ്പോൾ വേണ്ട എന്ന് നിശ്ചയിച്ച് ശിവാനന്ദൻ ഒന്നും തുറന്നുപറയല്ലെ എന്ന പ്രാർത്ഥനയോടെ മുറിയിലും അടുക്കളയിലുമായി –
’വാ വള്ളീ – ഇനി നമുക്കിറങ്ങാം -‘ മുരുകന്റെ വിളിയോടെ സുന്ദരി മണിക്കുട്ടനെ ചേർത്ത് വരാന്തയിലേയ്‌ക്കിറങ്ങി.
’ഇനി ഏതായാലും പേടിക്കേണ്ട. ധൈര്യമായി പോ. പിന്നെ സമയം കിട്ടുമ്പോഴൊക്കെ മോനേയും കൂട്ടി കോവിലിൽ വരണം. അമ്മയുടെ അനുഗ്രഹം ഉണ്ടെങ്കിൽ ഒരുത്തനം അടുക്കില്ല.‘
’വരാം‘ എന്ന അർത്ഥത്തിൽ നിറകണ്ണുകളോടെ തലകുലുക്കി സുന്ദരി മുരുകന്റെ പിന്നാലെ ഇറങ്ങി. ജാനുവമ്മയോട് യാത്ര പറഞ്ഞ് ശിവാനന്ദനും വെളിയിലേയ്‌ക്ക് നടന്നു.
കാറിന്നടുത്ത് എത്തുന്നതുവരെയും ശിവാനന്ദന്റെ മനസ്സിൽ സംഘട്ടനമായിരുന്നു. സത്യം തുറന്നുപറയുന്നു. മുരുകൻ സമ്മതിയ്‌ക്കുന്നുവെന്ന് വയ്‌ക്കുക. അപ്പോൾ മണിക്കുട്ടന്റെ ഭാവി. അവനെ കൂടാതെ സുന്ദരി വരുമോ?
അവൻ സേലത്തുള്ള ഒരു നായാടിയുടെ കൂടെ കണ്ടിട്ടുണ്ടെന്ന് അറുമുഖത്തിന്റെ കൂടെയുള്ള ആ പെണ്ണുമ്പിള്ള പറയുന്നതല്ലാതെ കൂടുതലെന്തെങ്കിലും അറിയുമോ? നായാടിക്ക് വേലുണ്ണിയും കൂട്ടുകാരനും കൊടുത്ത കുഞ്ഞെന്നല്ലാതെ – ആ കുഞ്ഞ് തന്റെ കുഞ്ഞാണെന്നതിന് എന്താ തെളിവ്?
ഏതായാലും അറുമുഖത്തെ കണ്ടേ ഒക്കൂ. സുന്ദരിയുടെ പേരറിയില്ലെങ്കിലും വേലുണ്ണിയുടെ കൂടെ തിരിച്ച പെണ്ണേതെന്ന് പറയാൻ കഴിയുമല്ലൊ. ഒരുപക്ഷെ അവന്റെ കൂടെയുള്ള ആ സ്ര്തീക്ക് പയ്യന്റെ മുൻകാലചരിത്രവും പറയാൻ കഴിഞ്ഞേക്കും. ’ഈശ്വരാ-‘ ശിവാനന്ദൻ വീണ്ടും ഈശ്വരനെ അറിയാതെ വിളിച്ചുപൊയി. സത്യം മനസ്സിലാക്കാനുള്ള ഒരു വഴി തെളിഞ്ഞു കിട്ടിയെങ്കിൽ –
അവൻ – ആ പയ്യൻ സുന്ദരി തന്നെ പ്രസവിച്ച കുട്ടി തന്നെയാണോ- അവനെ തിരിച്ചറിയാൻ സുന്ദരിക്കും കഴിഞ്ഞില്ലെന്നോ?
എങ്ങനെ അറിയാനാണ്? അവളന്ന് പറഞ്ഞത് ശരിയാണെങ്കിൽ ആശുപത്രിയിൽ വച്ച്‌തന്നെ അവൾക്ക് കുഞ്ഞിനെ നഷ്ടപ്പെട്ടല്ലോ. പക്ഷേ – ഇപ്പോഴറിയാതെയാണെങ്കിൽപ്പോലും അവർ അമ്മയും മകനുമായി കഴിഞ്ഞു. അതീശ്വര നിശ്ചയമായിരിക്കും.
മുരുകന് പയ്യനെ ഇഷ്ടമായെന്നറിഞ്ഞ സ്ഥിതിക്ക് സുന്ദരിക്കും അയാളോടുള്ള അടുപ്പം ഏറുകയേ ഉള്ളൂ. പയ്യനും മുരുകനെ ഇഷ്ടപ്പെട്ട് കഴിഞ്ഞെന്ന് താൻ നേരിൽ കണ്ടതല്ലെ?
പാലത്തിന് ചുവട്ടിലെത്തിയപ്പോൾ അന്തുക്കാ അവരെ കാത്ത് നിൽക്കുന്നതുപോലെ തോന്നി.
’അന്തുക്കാ – നന്ദി – അന്തുക്കാ – കൊറെ തീ ഞങ്ങള് തിന്നുവെന്നാലും സമാധാനമായി‘.
അന്തുക്കാ ഒന്നും മിണ്ടാതെ ചിരിച്ചു നിന്നതേയുള്ളൂ. മുരുകനും സുന്ദരിയും അവരുടെ വീട്ടുമുറ്റത്തേയ്‌ക്ക് കടന്നപ്പോൾ ശിവാനന്ദൻ കാറിൽ കയറി. കാർ തിരിക്കുന്നതിന് മുന്നേ മുരുകൻ ഓടിവന്നു.
’അതെന്നാ മൊതലാളി ഇത്ര പെട്ടന്ന് പോണെ? ഇത്രട വന്നിട്ട് ഇവിടെ കേറാതെ പോവ്വാണോ? ഒരു കപ്പ് കാപ്പിയെങ്കിലും -‘
തന്റെ മനസ്സിലെ സംഘട്ടനം പാവം ഇവൻ അറിയുന്നോ? ആരുടെയോക്കൂടെ കഴിഞ്ഞിരുന്നവൾ – അവളെ അനാഥയാക്കേണ്ടെന്നു കരുതി സ്വീകരിക്കാനുള്ള സന്മനസ്സ് കാണിച്ച ഒരു വലിയ മനുഷ്യനാണിവൻ. അലഞ്ഞുതിരിഞ്ഞ് വന്ന ഒരു കുട്ടി. തന്റെ കൂടെ കഴിയുന്നവൾക്ക് അവനെ ഇഷ്ടമാണെന്ന് കണ്ടപ്പോൾ അവനെയും സ്വീകരിക്കാൻ മടി കാട്ടാത്തവൻ. അവന വലിയ മനുഷ്യനല്ലെങ്കിൽ പിന്നാരാണ്? വലിയവനായിട്ടും അവൻ എളിയവനായിരിക്കാൻ താല്പര്യം കാട്ടുന്നു. അവന്റെയീ ക്ഷണം വേണ്ടെന്നുവയ്‌ക്കുന്നതെങ്ങനെ? എങ്കിലും പറയേണ്ടിവന്നു.
’ഇപ്പോ കാപ്പി കഴിച്ചതല്ലേ ഒള്ളൂ -‘
പിന്നൊരിക്കലാവട്ടെ മുരുകാ – ഇപ്പോ നീ ചെല്ല് – വീട്ടിൽക്കേറി ഒന്ന് വിശ്രമിക്ക് -’
‘പക്ഷേ മൊതലാളി – ഞങ്ങടെ വീട് വരെ വന്നിട്ട് -’
‘മുരുകാ -ഞ്ഞാനൊരിക്കൽ വരാമെന്ന് പറഞ്ഞാൽ തീർച്ചയായും വരും. ഇന്നിപ്പം നമ്മളൊക്കെ ഒത്തിരി കഷ്ടപ്പെട്ടു. നീയും – ആ കൊച്ചും – എല്ലാവരും. ഒന്ന് ആശ്വസിക്ക്. നിന്റെ സൽക്കാരം സ്വീകരിക്കാൻ തീർച്ചയായും വരും. ശിവാനന്ദന്റെ ആ പറച്ചിലോടെ മുരുകന് സമാധാനമായി.
’ശരി മൊതലാളി – ന്നാ – രണ്ടുദിവസം കഴിഞ്ഞ് ഞങ്ങള് വിളിക്കണൊണ്ട്. തീർച്ചയായും വരണം. അന്നൊഴിവുകഴിവ് പറയരുത്‘.
’ശരി – മുരുകാ -‘ ശിവാനന്ദൻ കാറിൽ കയറി യാത്രയാവുമ്പോഴും ഉള്ളിൽ വലിയൊരു നെരിപ്പോടെരിയുകയായിരുന്നു.
സത്യം അറിയുമ്പോൾ – അവന്റെയീ സന്തോഷം പോവില്ലെ? പാവം – അവനോടെങ്ങനെ സത്യം തുറന്നുപറയും. ഒരുപക്ഷേ സുന്ദരിയും അതുകൊണ്ടൊക്കത്തന്നെയല്ലേ സത്യം പറയല്ലേന്ന് അപേക്ഷിക്കുന്നത്.
ശിവാനന്ദൻ കാറോടിക്കുമ്പോഴും സുന്ദരിയെ ഓർക്കുകയായിരുന്നു. എന്തുകൊണ്ടാണവൾ മുരുകന്റെ കൂടെ കഴിയാമെന്ന് തീരുമാനിച്ചത്? സേലത്ത്‌വച്ച് ആ റിക്ഷാക്കാരന്റെ വീട്ടിൽ നിന്ന് പിരിഞ്ഞതിനുശേഷം അവൾ അവന്റെ കൂടെ വരുന്നത് വരെ എവിടെയായിരുന്നു? മണിക്കുട്ടനെ സ്വന്തം കുഞ്ഞിനു പകരമായിട്ടാണോ അവൾ കാണുന്നത്? എന്നെങ്കിലും ജീവിതത്തിൽ തന്നെയും കുഞ്ഞിനെയും കണ്ടുമുട്ടാനിടയില്ലെന്ന നിഗമനത്തിലെത്തിയതു മൂലമാണോ അവൾ മുരുകന്റെ കൂടെ കൂടാമെന്ന് വച്ചത്? ആരോരുമില്ലാതെ തെരുവിൽ അലഞ്ഞുതിരിയുന്നതിലും ഭേദമിതാണെന്ന് കരുതിയിരിക്കണം. അങ്ങനെയെങ്കിൽ അവളെ കുറ്റം പറയാനാകുമോ? അങ്ങനെ വരുമ്പോൾ താനുമായുള്ള കണ്ടുമുട്ടൽ – അതവളെങ്ങിനെ കണക്കാക്കും?
കാർ വീട്ടിലെത്തിയപ്പോൾ അയാളെ മഥിച്ച ഈ വിചാരങ്ങൾക്കൊക്കെ വിരാമമിടാൻ പറ്റിയ ഒരു കാഴ്‌ചയാണ് കണ്ടത്. തന്റെ വീടിന്റെ ഗേറ്റിന് കുറച്ച് ദൂരെയായി വലിയൊരു വിദേശനിർമ്മിത കാർ കിടക്കുന്നു. കാറിന്റെ ബോണറ്റിന്മേൽ ചാരി സുമുഖനായൊരു യുവാവും. ഒരു സിഗററ്റിനു തീകൊളുത്തി അലസമായി പുകയൂതി വിടുന്ന സമയത്താണ് ശിവാനന്ദന്റെ വരവ്.
ഗേറ്റിന്നരികിൽ കാർ നിർത്തി. താക്കോലെടുത്ത് ഗേറ്റ് തുറന്ന് കാർ അകത്തേയ്‌ക്ക് കയറ്റുന്ന സമയത്തൊക്കെ ശിവാനന്ദന്റെ നോട്ടം മുഴുവൻ ആ യുവാവിലായിരുന്നു. ആരാണയാൾ?
ശിവാനന്ദൻ കാർ ഷെഡിൽ കയറ്റിയിട്ട് തിരിച്ചുവന്ന് ഗേറ്റ് പൂട്ടാനായി വന്നപ്പോഴേയ്‌ക്കും യുവാവ് ഗേറ്റ് കടന്ന് അകത്തേയ്‌ക്ക് വന്നുകഴിഞ്ഞിരുന്നു. പിന്നീട് സ്വയം പരിചയപ്പെടുത്തി.
’അയാം മാത്യൂസ്, ആറേഴ് വർഷമായി അമേരിക്കയിലാണ്. എനിക്ക് താങ്കളോട് രണ്ടുവാക്ക് സംസാരിക്കാനുണ്ട്‘.
Generated from archived content: daivam20.html Author: mk_chandrasekharan
Click this button or press Ctrl+G to toggle between Malayalam and English