ഭാഗം ഃ രണ്ട്‌

ശിവാനന്ദൻ മുതലാളി വിളിക്കുന്നൂന്ന്‌ കേട്ടപ്പോഴേ മുരുകന്റെ ഇടനെഞ്ചിൽ തീയാളി. കുറ്റാക്കുറ്റിരുട്ട്‌. നല്ല മഴ. തണുപ്പും. പൊണ്ടാട്ടി വള്ളിയൊരുമിച്ചൊരു രാത്രി കഴിച്ചുകൂട്ടാമല്ലോ എന്ന ഓർമ്മയിൽ ടീ ഗാർഡനിൽ ജംഗ്‌ഷനിൽ വന്നിറങ്ങിയതേ ഉള്ളൂ. അപ്പോഴാണീ വിളി.

പ്രായം ഇരുപത്തഞ്ചിൽ കവിയില്ല. പക്ഷേ ജീവിതം കുറെ കണ്ടതാണെന്ന്‌ ആ മുഖഭാവം വിളിച്ചു പറയും. പറ്റെ വെട്ടി നിർത്തിയ മുടി. ഷേവ്‌ ചെയ്തിട്ട്‌ ഒരാഴ്‌ച കഴിഞ്ഞുകാണും. ട്രെയിനിൽ നിന്നും വന്നിറങ്ങി സ്‌റ്റേഷന്‌ മുൻവശത്തെ തട്ടുകടയിൽ നിന്ന്‌ ഒരു ചായവാങ്ങി കുടിച്ച്‌ രണ്ട്‌ ഏത്തയ്‌ക്കാ അപ്പവും പരിപ്പുവടയും പൊതിഞ്ഞ്‌ വള്ളിയെ പ്രാപിക്കാനുള്ള ഉത്സാഹത്താൽ ഞൊണ്ടി ഞൊണ്ടി നീങ്ങാൻ തുടങ്ങിയതേയുള്ളൂ. അപ്പോഴാണ്‌ ഒരു മിന്നായം പോലെ ഡ്രൈവർ ബാലൻ മുന്നിൽ കൊണ്ടുവന്ന്‌ കാർ നിർത്തിയത്‌. അതോടെ നെഞ്ചിൽ പിടപിടപ്പ്‌ തുടങ്ങി.

കാർ നിർത്തി ബാലൻ മുന്നിലെ ഡോർ തുറന്നു കൊടുത്തു. മുരുകൻ മടിച്ചു നിന്നു. കാർ നിർത്തുന്നതു കണ്ടപ്പോഴേ തീരുമാനിച്ചതാണ്‌ ഈ രാത്രി പോക്കാണെന്ന്‌. മുതലാളി എതെങ്കിലും കാഴ്‌ച കണ്ടുകാണും. ഇനിയത്‌ തന്നോട്‌ വിസ്തരിച്ച്‌ പറഞ്ഞാലേ അങ്ങേർക്ക്‌ ഉറക്കം വരൂ. വല്ല പിച്ചക്കാരു വല്ലവരുമാണെങ്കിൽ അവരെ കണ്ടുപിടിച്ച്‌ സൂത്രത്തിൽ തങ്ങളുടെ താവളത്തിലെത്തിച്ച്‌ ട്രെയിനിംഗ്‌ കൊടുത്ത്‌ പിന്നീട്‌ ഏരിയാ തിരിച്ച്‌ വിടുന്ന കാര്യം പറയാനാവും സാധാരണ വിളിക്കുക.

പലപ്പോഴും മുരുകന്റെ ജോലി തുടങ്ങുന്നത്‌ രാത്രിയാണ്‌. തങ്ങളുടെ താവളത്തിലുള്ളവർ തിരിച്ചെത്തിയാൽ അവരവരുടെ അന്നന്നത്തെ പിരിവിന്റെ ഒരു നിശ്ചിതവിഹിതം പിരിച്ചെടുക്കുന്ന ജോലി രാത്രിയിലേ കഴിയൂ. ദൂരെ പോയിരിക്കുന്നവർ പലരും രാത്രി കുറേ ഇരുട്ടിയേ എത്തൂ. രാവിലെ ഏരിയാ തിരിച്ച്‌ പറഞ്ഞുവിടുന്നതിനേക്കാളും ശ്രമകരമാണ്‌ രാത്രി വരുമ്പോൾ കളക്ഷന്റെ വിഹിതം പിരിച്ചെടുക്കുക എന്നത്‌. പലപ്പോഴും പലരുടേയും ആട്ടും തെറിയും കേൾക്കേണ്ടിവരും. പക്ഷേ യാചകമുക്തനഗരത്തിൽ അല്ലലില്ലാതെ കഴിയാമെന്നുള്ളതുകൊണ്ട്‌ സംഘത്തിലുള്ളവർ പിറുപിറുത്തു കൊണ്ടാണെങ്കിലും സഹകരിക്കുന്നുണ്ട്‌.

മുരുകന്റെ ആത്മാർത്ഥതയെപ്പറ്റി ശിവാനന്ദന്‌ നല്ല മതിപ്പാണ്‌. അവനേറെ ബുദ്ധിമുട്ടുണ്ടെന്ന്‌ മുതലാളിക്കറിയുകയും ചെയ്യാം. പരസ്പരവിശ്വാസത്തിലൂന്നി നിൽക്കുന്നതു കൊണ്ടാണ്‌ ഈയൊരു ബിസിനസ്‌ ഇപ്പോഴും വളരെ ലാഭകരമായി മുന്നോട്ടു കൊണ്ടുപോകാൻ കഴിയുന്നത്‌. മുരുകന്‌ ശിവാനന്ദൻ മുതലാളിയോടുള്ളത്‌ ഒരു ജീവനക്കാരനും മുതലാളിയും തമ്മിലുള്ള ബന്ധമല്ല. മുരുകന്റെ ജീവൻ തന്നെ ശിവാനന്ദൻ മുതലാളിയുടെ കാരുണ്യം കൊണ്ട്‌ കിട്ടിയതാണ്‌. അതുകൊണ്ട്‌ മുതലാളി എപ്പോൾ വിളിച്ചാലും ചെല്ലേണ്ടത്‌ തന്റെ കടമാ​‍ാണ്‌. നഗരത്തിന്റെ വിവിധ കോണുകളിലുള്ളവരുടെ കളക്ഷനുകൾ അന്നന്നുതന്നെ എടുക്കണം. ദൂരയാത്ര പോയിരിക്കുന്നവരുടെ കാര്യത്തിലാണ്‌ ഓരോ ദിവസവും തിരിച്ചുവച്ചിട്ടുള്ളത്‌. ആഴ്‌ചയിൽ അഞ്ചുദിവസം ഫീൽഡിലായിരിക്കുന്ന മുരുകന്‌ ആറാം ദിവസം എല്ലാ ദിവസത്തേയും കണക്കും പൈസയും ഏൽപ്പിക്കുന്നതോടെ ഒന്ന്‌ സ്വസ്ഥമായി നടുനിവർത്തി വിശ്രമിക്കാം. തന്റെ വിശ്രമസ്ഥാനം ഓവർ ബ്രിഡ്‌ജിന്‌ തൊട്ടുതാഴെ ലൊട്ടുലൊടുക്കു സാധനങ്ങൾ വിൽക്കുന്ന കടയുടെ പിന്നിലുള്ള പൊളിഞ്ഞുകിടക്കുന്ന ഗോഡൗണാണ്‌. കോർപ്പറേഷനിൽ നിന്നും കട വാടകയ്‌ക്കെടുക്കുമ്പോൾ കടയുടെ പിന്നിൽ ഇങ്ങനൊരു സ്ഥലം മറ്റു കടകളിൽ ഭിന്നമായുണ്ടെന്ന്‌ ആക്രി വ്യാപാരം നടത്തുന്ന അന്തുക്ക അറിഞ്ഞിട്ടില്ല. എങ്കിൽ അതും വളച്ചുകെട്ടി മതിൽ പൊക്കി കടയുടെ ഭാഗമാക്കി മാറ്റിയേനെ. ദൗർഭാഗ്യവശാൽ അവിടെ നേരത്തേ തന്നെ മുരുകൻ സ്ഥാനം പിടിച്ചിരുന്നു. മുരുകൻ മിക്കപ്പോഴും സ്ഥലത്തുണ്ടാവാറില്ല. അയാളുടെ പെണ്ണ്‌ വള്ളി മാത്രമാണ്‌ അവിടെയുണ്ടാവുക. മിക്കവാറും ഒറ്റയ്‌ക്കാണെന്നറിഞ്ഞപ്പോൾ തന്റെ ചെറുപ്പകാലത്തെ ഓർമ്മ അന്തുക്കായെ കുറേശെ വേട്ടയാടാൻ തുടങ്ങി. ആ ഓർമ്മയിൽ അന്തുക്കാ മുരുകന്റെ കുടുംബത്തെ വഴിയിലിറക്കിവിടാൻ ശ്രമിച്ചില്ല….

മുന്നിൽ കാറിന്റെ ഡോർ തുറന്ന്‌ കിടക്കുന്നു. ബാലൻ അക്ഷമനായിത്തുടങ്ങി. “വേഗം വാ”

“നില്ലണ്ണാ ഞാനിത്‌ പൊണ്ടാട്ടിക്ക്‌ കൊടുക്കട്ടെ”

“വേണ്ടാ” ബാലൻ പറഞ്ഞു. “താനിങ്ങ്‌ വാ. താൻ പൊണ്ടാട്ടീടെ അടുത്ത്‌ പോയാ – ഈ തണുപ്പത്ത്‌ ഇന്നവള്‌ വിടത്തില്ല – എനിക്കിത്‌ കഴിഞ്ഞ്‌ തിരിച്ചെത്തീട്ട്‌ വേണം വീട്ടിപ്പോകാൻ ഈ മഴേത്ത്‌ ലാസ്‌റ്റ്‌ ബസ്സുണ്ടാവുമോന്ന്‌ സംശയം. പിന്നെ വല്ല ലോറിക്കാരുടേം ഔദാര്യത്തിൽ…”

മുരുകൻ വിഷണ്ണനായി. കാറിൽ കയറി ഡോറടച്ചതും ബാലൻ വണ്ടി സ്‌റ്റാർട്ടു ചെയ്തതും ഒപ്പമായിരുന്നു. മുരുകനങ്ങനെയാണ്‌. മറ്റുള്ളവരുടെ ബുദ്ധിമുട്ടുകളെക്കുറിച്ചോർക്കുമ്പോൾ സ്വന്തം കാര്യങ്ങളെല്ലാം മറക്കുന്നു. മുരുകൻ ജനിച്ചുവളർന്ന സ്ഥലം എവിടെയാണന്നവനറിയില്ല. ഓർമ്മവച്ച നാൾ മുതൽ അവൻ അമ്മാവന്റെ കൂടെയായിരുന്നു. തെങ്കാശിയിൽ. അഞ്ചാറ്‌ ക്ലാസ്‌വരെ പഠിച്ചിട്ടുണ്ട്‌. ഒരു സുപ്രഭാതത്തിൽ അമ്മാവനെ കാണാതായതോടെ അവന്റെ എല്ലാ പ്രതീക്ഷകളും തകർന്നതുപോലെയായി. അമ്മാവനെ അന്വേഷിച്ച്‌ എന്നും വൈകിട്ട്‌ തെങ്കാശിയിലെ തെരുവിൽ കാത്തുനിൽക്കുന്ന മുരുകനെ കണ്ടെത്തി കൂടെ പാർപ്പിച്ചത്‌ പിന്നീട്‌ ചെല്ലപ്പിള്ളയാണ്‌. നാലഞ്ച്‌ വർഷക്കാലം അവൻ ചെല്ലപ്പിള്ളയുടെ സംരക്ഷണത്തിലായിരുന്നു. ചെല്ലപ്പിള്ളയ്‌ക്ക്‌ കള്ളവാറ്റും വില്പനയുമായിരുന്നു ജോലി. ഇതിന്റെ കണക്ക്‌ സ്വയം മനസിൽ കൂട്ടുകയായിരുന്നെങ്കിലും പലപ്പോഴും പലരും പറ്റിച്ചുകളയുന്നതായി കണ്ടെത്തി. ആഴ്‌ചതോറും കണക്കുതീർക്കുന്നവരും മാസംതോറും കണക്കു തീർക്കുന്നവരും പറ്റുപിടിക്കാരായുള്ളവരുണ്ടായിരുന്നു. വിപണി വികസിച്ചപ്പോൾ ഒരു സഹായിയായിട്ടാണ്‌ മുരുകനെ കൂട്ടിയത്‌.

വൈകിട്ടത്തെ ഭക്ഷണം കഴിഞ്ഞ്‌ കിടക്കുന്നതിനു മുൻപ്‌ ചെല്ലപ്പിള്ള ഓരോ പേരുപറയും. അത്‌ ചുവരിൽ തൂക്കിയ കലണ്ടറിന്റെ പുറത്ത്‌ എഴുതണം. പേരിന്റെ നേരെ അന്നത്തെ പറ്റുപിടി കണക്കാണെഴുതേണ്ടത്‌. ഇതുകാരണം കടം കൊടുക്കുന്നവരുടെ ലിസ്‌റ്റ്‌ ഒരിക്കലും പിഴക്കില്ല. മാസാവസാനം കണക്കുകൂട്ടി ഓരോരുത്തരുടേയും തുക പിരിച്ചെടുക്കേണ്ട ജോലിയേ ചെല്ലപ്പിള്ളയ്‌ക്ക്‌ അധികമായി വരുന്നുള്ളൂ.

മുരുകൻ ഞൊണ്ടിയാവാനുള്ള കാരണവും ഈ കണക്കുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഒരു ദിവസം കുറിച്ചിട്ട കണക്കിനെ ചൊല്ലി ചെല്ലപ്പിള്ളയും ഒരു കുടിയനുമായി തർക്കമായി. അവസാനം അത്‌ സംഘട്ടനത്തിൽ കലാശിച്ചു. സ്വതേ നല്ല കരുത്തുള്ള ചെല്ലപ്പിള്ള കുടിച്ച്‌ വശംകെട്ട്‌ തന്നെ തെറിപറയുന്ന പറ്റുപിടിക്കാരനെ എടുത്ത്‌ ശരിക്കും പെരുമാറി. അന്ന്‌ ചെല്ലപ്പിള്ള പറഞ്ഞു “എനിക്കെന്റെ മുരുകനൊള്ളിടത്തോളം കാലം കണക്ക്‌ പിഴക്കില്ല. അവനാ എന്റെ കണക്കപ്പിള്ള. അവൻ എഴുതിയിട്ടത്‌ – എഴുതിയത്‌ തന്നെയാ”

പിറ്റേന്ന്‌ നേരം വെളുത്തു ജംഗ്‌ഷനിൽ കിടന്നിരുന്ന പഴയൊരു ട്രെയിനിന്റെ കമ്പാർട്ടുമെന്റിലെ കക്കൂസ്‌ മുറിയിൽ കയറിയ മുരുകനെ തലേദിവസത്തെ പറ്റുപിടിക്കാരൻ കണക്കിന്‌ പെരുമാറി. പിന്നീട്‌ വണ്ടിയിൽ നിന്നും താഴെ തള്ളിയിട്ടു. കാല്‌ ചെന്ന്‌ ഒരു കരിങ്കല്ലിൽ ഇടിച്ച ഓർമ്മ മുരുകനുണ്ട്‌.

നാട്ടുകാരാരോ ചേർന്ന്‌ മുരുകനെ ആശുപത്രിയിലാക്കി. നാലഞ്ച്‌ മാസത്തെ ആശുപത്രിവാസവും കഴിഞ്ഞ മുരുകന്‌ ഈ ലോകം അനാഥമായതുപോലെ. തെങ്കാശിയിലുള്ള ചെല്ലപ്പിള്ളയെ എക്സൈസുകാർ പിടിച്ചുകൊണ്ടുപോയെന്നറിഞ്ഞു. ഒറ്റായിരുന്നു കാരണം. പുറത്തിറങ്ങിയ ചെല്ലപ്പിള്ള വേറെ താവളം അന്വേഷിച്ചുപോയി. മുരുകൻ ആശുപത്രിയിലാണെന്നറിഞ്ഞിട്ടും തിരിഞ്ഞുനോക്കാതെപോയ ചെല്ലപ്പിള്ളയെ ഇനി അന്വേഷിച്ചിട്ടും ഫലമില്ലെന്ന്‌ മനസിലായി. പിന്നീടുള്ള മുരുകന്റെ കഥ ഒന്നുരണ്ടുവർഷത്തേക്കെങ്കിലും ഒരഗ്‌നിപരീക്ഷണം പോലായിരുന്നു. പള്ളയ്‌ക്കടിച്ച്‌ തീവണ്ടിയിൽ പാടിനടന്നു. തെങ്കാശി കൊല്ലം റൂട്ടായിരുന്നു പ്രധാനം. പിന്നെ കപ്പലണ്ടി കച്ചവടമായി. ചായ എടുത്തുകൊടുക്കലായി. തെണ്ടിപ്പോയാലും വേണ്ടില്ല, കള്ളവാറ്റിനും, കള്ളക്കടത്തിനും കഞ്ചാവ്‌ വിൽപനയ്‌ക്കൊന്നും മുരുകൻ പോയില്ല. വണ്ടിയിൽവച്ച്‌ ചായ കൊടുത്തതിന്റെ പൈസ ടി.ടി.ആറിനോട്‌ ചോദിച്ചതാണ്‌ പിന്നീട്‌ മുരുകന്റെ ജീവിതത്തിലുണ്ടായ ഒരു വഴിത്തിരിവിന്‌ കാരണമായ സംഭവം.

റെയിൽവേക്കാരുടെ ഔദാര്യത്തിൽ വണ്ടിയിൽ കയറി തെങ്കാശിയിൽ നിന്ന്‌ കൊല്ലം വരെയും അവിടെ നിന്ന്‌ തിരിച്ച്‌ തെങ്കാശിവരെയും ഓസിന്‌ സഞ്ചരിക്കുന്ന മുരുകൻ പിന്നീട്‌ റൂട്ടുമാറ്റി കുറെനാൾ കൊച്ചി-കോയമ്പത്തൂർ-തൃശിനാപ്പിള്ളി റൂട്ടായി. അതോടെ ട്രെയിനിലെ ഉദ്യോഗസ്ഥന്മാരുമായി മമതയിലായി. പക്ഷേ, ഒരു ദിവസം അതപകടത്തിലെത്തിച്ചു. അതുവരെ കുടിച്ച ചായയുടെ പൈസ ചോദിച്ചപ്പോഴാണ്‌ ടി.ടി.ആർ തന്റെ വജ്രായുധം എടുത്തത്‌. ടിക്കറ്റില്ലാതെയുള്ള യാത്ര… അനധികൃതമായ ചായക്കച്ചവടം… റയിൽവേയോടുള്ള വഞ്ചന… ചാർജ്ജുകൾ പലതായി.. അയാളെന്തെക്കെയോ എഴുതിയെടുത്തു. പിന്നെ ചോദ്യമായി. “ചായ വിൽപന തുടങ്ങിയിട്ട്‌ എത്രനാളായി?…. ട്രെയിനിൽ ഓസിന്‌ സഞ്ചരിക്കാൻ തുടങ്ങിയിട്ട്‌ എത്രനാളായി?”… ടി.ടി.ആറിന്റെ ചോദ്യം പോലീസ്‌ സ്‌റ്റേഷനിൽ എസ്‌.ഐ. ഇല്ലാത്തപ്പോൾ ചാർജ്ജിലിരിക്കുന്ന ഹെഡ്‌ഡദ്ദേഹത്തെപ്പോലാണ്‌.

ഇതെല്ലാം കഴിഞ്ഞപ്പോൾ മുരുകനും തിരിച്ച്‌ ചോദിക്കാനുണ്ടായിരുന്നു. ബാക്കിയുള്ള ടി.ടി.ആർമാരും ചുമടെടുക്കുന്ന പോർട്ടർമാരും വരെ കാശ്‌ തരുന്നു. അവരാരും തന്നെ കടം പറയാറില്ല. ഇനി അഥവാ ഒരിക്കലോ മറ്റോ പറഞ്ഞാൽ അടുത്ത ദിവസം തീർച്ചയായും തന്നിരിക്കും. ഇത്‌ മാസം ഒന്നല്ല; മൂന്നായി. ചോദിക്കുമ്പോൾ ഒരു നോട്ടം നോക്കി കടന്നുപോകുന്നതേയുള്ളൂ. മുഷിഞ്ഞ ബനിയനകത്തു നിന്നും ചെറിയൊരു നോട്ടുബുക്കെടുത്ത്‌ മുരുകൻ ഓരോ ദിവസത്തെയും കണക്ക്‌ വായനതുടങ്ങി. മറ്റു യാത്രക്കാരുടെയും വേറൊരു ടി.ടി.ആറിന്റെയും മുമ്പിൽ വച്ചുള്ള മുരുകന്റെ പറ്റുപിടി കണക്ക്‌ ഉറക്കെയുള്ള വായന മുഖത്ത്‌ വസൂരിക്കലയും ചെറിയൊരു കോങ്കണ്ണുമുള്ള ‘ചെട്ടിയാർ സാർ’ എന്ന പേരിലറിയപ്പെടുന്ന ടി.ടി.ആറിന്‌ സഹിക്കാവുന്നതിലധികമായിരുന്നു.

അയാൾ എഴുന്നേറ്റ്‌ കമ്പാർട്ടുമെന്റിനെ വേർതിരിക്കുന്ന പാസ്സേജിനടുത്തേക്ക്‌ നീങ്ങി. കോട്ടിന്റെ പോക്കറ്റിൽ കയ്യിട്ട്‌ മുരുകനെ വിളിച്ചു. പൈസ തരാനായിരിക്കുമെന്ന ചിന്തയിൽ മുരുകൻ അയാളുടെ അടുക്കലേക്ക്‌ നീങ്ങി. ചെട്ടിയാർ സാറിന്റെ അടുക്കലെത്തിയതും ആജാനബാഹുവായ അയാൾ മുരുകനെ കഴുത്തിന്‌ പിടിച്ച്‌ ഒരു തള്ള്‌ തള്ളിയതും ഒപ്പമായിരുന്നു. മറിഞ്ഞുവീണ മുരുകൻ ഒരുവിധത്തിൽ തപ്പിത്തടഞ്ഞെഴുന്നേറ്റപ്പോൾ കാലുമടക്കിയുള്ള ഒരു തൊഴി പള്ളയ്‌ക്കിട്ട്‌. വീണ്ടും മറിഞ്ഞുവീണ മുരുകൻ എഴുന്നേൽക്കാനായി തിരിഞ്ഞപ്പോൾ തന്റെ നേരെ ചെട്ടിയാരുടെ വലതുകാൽ തൊഴിക്കാനായി ഉയരുന്നതുകണ്ട ഓർമ്മയേ മുരുകനുള്ളൂ. “അയ്യോ” എന്ന വിളിയോടെ കണ്ണടച്ചുകളഞ്ഞു. പക്ഷേ, ചെട്ടിയാരുടെ കാൽ വീണ്ടും മുരുകന്റെ ദേഹത്ത്‌ വീണില്ല. എന്തോ ‘ദിമിധം’ എന്ന ശബ്ദം മാത്രം. തന്റെ ദേഹത്ത ചവുട്ടി മെതിച്ചുകൊണ്ടുള്ള ശബ്ദമല്ല ഇതെന്ന്‌ മനസിലാക്കിയെങ്കിലും പിന്നെയും നാലഞ്ച്‌ നിമിഷം കഴിഞ്ഞേ കണ്ണു തുറന്നുള്ളൂ. പേടിച്ച്‌ വിറച്ച്‌ കണ്ണു തുറന്നപ്പോൾ കണ്ടത്‌ ചെട്ടിയാരെ പിന്നിൽ നിന്നും അയാളുടെ കോട്ടിന്റെ കോളറിൽ പിടിച്ച്‌ ഒരുവൻ തല മുന്നോട്ടും പിന്നോട്ടും ആഞ്ഞ്‌ അടിക്കുന്നതാണ്‌. ആദ്യത്തെ ആഞ്ഞിടിയിൽ തന്നെ ചെട്ടിയാരുടെ തല ഡോറിൽ ചെന്നിടിച്ച്‌ പൊട്ടി ചോരയൊലിച്ച്‌ തുടങ്ങിയിരുന്നു. പിന്നോട്ടെടുത്ത്‌ വീണ്ടും ആഞ്ഞടിക്കാൻ തുടങ്ങിയപ്പോഴേ ചെട്ടിയാർ രണ്ടു കൈയ്യും കൂപ്പി മാപ്പിരന്നു.

അയാൾ പക്ഷേ ചെട്ടിയാരെക്കൊണ്ട്‌ മുരുകനോട്‌ മാപ്പ്‌ പറയിച്ചതിനുശേഷമേ പിടിവിട്ടുള്ളൂ. പിന്നീട്‌ അന്നുവരെയുള്ള കാപ്പി കണക്ക്‌ നോക്കി മുരുകനെ ഏൽപിക്കാൻ പറയാനും മറന്നില്ല. മാത്രമല്ല, മുരുകനെ ഏൽപ്പിച്ച ദേഹോപദ്രവത്തിന്‌ ആശുപത്രി ചികിത്സയ്‌ക്കായി ഒരു തുക നിശ്ചയിച്ച്‌ ആ തുകയും കൊടുപ്പിച്ചു. വണ്ടി അടുത്ത സ്‌റ്റേഷനോടടുക്കുകയായിരുന്നു കമ്പാർട്ടുമെന്റിലുള്ളവരെല്ലാം ആരാധനാ ഭാവത്തോടെ നോക്കുന്നതു കണ്ടപ്പോൾ അയാൾ അത്‌ കണക്കിലെടുക്കാതെ ഡോറിനരികിൽ ഇരിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. ട്രെയിൻ പ്ലാറ്റ്‌ഫോമിനടുത്തെത്തിയപ്പോൾ അയാൾ മുരുകനോട്‌ കൂടെ പോരാൻ പറഞ്ഞു. അന്നവിടെവച്ച്‌ തുടങ്ങിയതാണ്‌ ശിവാനന്ദൻ മുതലാളിയും മുരുകും തമ്മിലുള്ള ബന്ധം. അതുകൊണ്ട്‌ മുതലാളി എപ്പോൾ വിളിച്ചാലും എന്തൊക്കെ അത്യാവശ്യപ്പെട്ട പണിയിലാണെങ്കിൽ കൂടിയും അതൊക്കെ മാറ്റിവച്ച്‌ മുരുകൻ ഓടിയെത്തും.

ഞൊണ്ടിയാണെങ്കിലും മുരുകൻ സമർത്ഥനും ചുറുചുറുക്കുള്ളവനുമാണ്‌. നല്ല ഓർമ്മശക്തി. ഒരു കാര്യം ഒരിക്കൽ പറഞ്ഞാൽ മതി. പിന്നീടത്‌ കമ്പ്യൂട്ടറിൽ ഫീഡ്‌ ചെയ്‌തമാതിരി അവിടെ കിടന്നുകൊള്ളും. അതിനുംപുറമേ വിശ്വസ്തനും. ഏതുകാര്യവും പറഞ്ഞേൽപ്പിക്കാം. മുരുകൻ തനക്ക്‌ പറ്റാവുന്നതാണെങ്കിൽ അത്‌ ചെയ്യുമെന്ന കാര്യം ഉറപ്പ്‌. ശിവാനന്ദന്‌ മുരുകനെ അന്ന്‌ ട്രെയിനിൽ വച്ച്‌ കണ്ടപ്പോഴേ മുരുകന്റെ ഈ ഗുണങ്ങളെല്ലാം തിരിച്ചറിഞ്ഞിരുന്നു. പക്ഷേ മുരുകനെ വിളിച്ചത്‌ ഇനി അവിടെ നിന്നാൽ മറ്റുള്ള റയിൽവേ ജീവനക്കാർ ആക്രമിക്കുകമോ എന്ന ഭീതിയിലായിരുന്നു.

പിന്നീട്‌ ശിവാനന്ദൻ ഇപ്പോഴത്തെ കമ്പനി തുടങ്ങിയപ്പോൾ മുരുകനെ അവൻ ജോലി ചെയ്തിരുന്ന ഹോട്ടലിൽ നിന്നും വിളിക്കുകയായിരുന്നു. ടൗണിലുള്ള ശിവാനന്ദൻ മുതലാളിയുടെ ‘പരസ്പര സഹായം ദൈവസഹായം’ കമ്പനിയെന്ന്‌ കേട്ടപ്പോൾ മുരുകൻ കരുതിയത്‌ നഗരത്തിലെ ഏതെങ്കിലും തീപ്പെട്ടികമ്പനിയോ കയർ ഉല്പന്നങ്ങൾ ഉണ്ടാക്കുന്ന കമ്പനിയോ മറ്റോ ആയിരിക്കുമെന്നാണ്‌. പക്ഷേ, കമ്പനിയുടെ പ്രവർത്തമേഖല കണ്ടപ്പോൾ മുരുകൻ ഞെട്ടിപ്പോയി. എരിതീയ്യിൽ നിന്ന്‌ വറചട്ടിയിലേക്ക്‌ എന്നപോലുള്ള ഒരു മാറ്റം. പക്ഷേ തന്റെ ജീവന്റെ ജീവൻ രക്ഷിച്ച മുതലാളിയെ മറക്കാനും വയ്യ.

മുതലാളി നടത്തുന്ന ബിസിനസിന്‌ എന്തൊക്കെ കളങ്കങ്ങൾ പറഞ്ഞ്‌ പരത്താമെങ്കിലും അതിനൊരു ധാർമ്മിക വശമുണ്ടെന്ന്‌ മുരുകൻ മനസ്സിലാക്കി. അലഞ്ഞു തിരിയുന്ന തെണ്ടികൾക്കും ഒരു താവളവും ഭക്ഷണവും അത്യാവശ്യമായ ഘട്ടത്തിൽ ആശുപത്രി ചികിത്സയും എല്ലാം മുതലാളി തന്നെ നടത്തുന്നു.

നഗരത്തിലെ ചപ്പുചവറുകളും മാലിന്യങ്ങളും ഡംപുചെയ്യുന്ന നഗരത്തിന്റെ വടക്കു മാറിയുള്ള വിസ്‌തൃതമായ വെളിപറമ്പിനോട്‌ ചേർന്ന്‌, ചുറ്റും മതിലുള്ള നിലംപതിക്കാറായ ഒരു പഴയ കെട്ടിടം, അവിടെയാണ്‌ തെണ്ടിനടക്കുന്നവരെ അധിവസിപ്പിച്ചിരിക്കുന്നത്‌. ആദ്യമൊക്കെ കൊച്ചുകുട്ടികളായിരുന്നു കൂടുതലും. പിന്നീട്‌ പല കാരണങ്ങളാലും അവരെ ഒഴിവാക്കുകയായിരുന്നു. ഇവിടത്തെ അന്തേവാസികൾ എന്നും ഊരുചുറ്റി സമ്പാദിച്ചുകൊണ്ടുവരുന്ന തുകയുടെ ഒരു ഭാഗമേ മുതലാളി എടുക്കുന്നുള്ളൂ. ഒരു വീതം മുതലാളി തന്നെ അവരുടെ പേരിൽ ബാങ്കിൽ നിക്ഷേപിക്കുകയാണ്‌. പിന്നീടെപ്പോഴെങ്കിലും ഇവിടം വിട്ടു പോകണമെന്നുള്ളവർക്ക്‌ ബാങ്കിലെ തുക അതിന്റെ പലിശസഹിതം വാങ്ങിച്ച്‌ പോകാൻ കഴിയുന്നു. സ്വന്തമായി ഒരു തൊഴിൽ നടത്താൻ കഴിയുന്നവർക്ക്‌ ഇതൊരനുഗ്രഹമാണ്‌. പക്ഷേ ഇവിടെ താമസിക്കുന്നിടത്തോളം കാലം അവർ തന്റെ തൊഴിലാളികളും തന്റെ കീഴിലുമാണ്‌. മുതലാളിയെ ഏൽപ്പിക്കുന്ന തുകയുടെ ഒരു വിഹിതം മാത്രമേ കമ്പനിയുടെ നടത്തിപ്പുകാരൻ എന്ന നിലയ്‌ക്ക്‌ മുതലാളി എടുക്കുന്നുള്ളൂ. ഇതിനിടയ്‌ക്ക്‌ കിട്ടുന്ന സമ്പാദ്യവുമായി മുങ്ങുന്ന വിദഗ്‌ദ്ധരുണ്ട്‌. സമീപത്തുള്ള ഏതെങ്കിലും പള്ളിപ്പെരുന്നാൾ, ഉത്സവം തുടങ്ങിയ അവസരങ്ങളിൽ കൈനിറയെ നല്ലൊരു തുക കിട്ടുമ്പോഴാണ്‌ ഇങ്ങനെ മുങ്ങുന്നത്‌. ചിലപ്പോൾ കുറെ കഴിഞ്ഞപ്പോൾ അവർ വീണ്ടും തിരിച്ചു വന്നെന്നിരിക്കും. അങ്ങനെയുള്ളവരോട്‌ മുതലാളി ഒരു നീരസവും കാണിക്കില്ല. അസുഖം വരുമ്പോഴും കളക്ഷൻ കിട്ടാത്തപ്പോഴും മുതലാളിയുടെ സഹായമുണ്ടാകും. ഒരു രക്ഷാകർത്താവായി ഒരാളുണ്ടല്ലോ എന്ന ഓർമ്മയാണ്‌ മിക്കവരും പിന്നീട്‌ തിരിച്ചെത്താൻ കാരണമാവുന്നത്‌.

വെറുതെയിരിക്കുമ്പോൾ എന്തെങ്കിലും ചിന്തിക്കടേ എന്ന മുതലാളിയുടെ ഉപദേശം അറിയാതെയാണെങ്കിലും പ്രാവർത്തികമാകുന്നു. അതുകൊണ്ടാണ്‌ ബാലൻ ഡ്രൈവ്‌ ചെയ്‌തപ്പോൾ മുതലാളിയുടെ വീടെത്തുന്നതുവരെ മുരുകൻ കാറിലിരുന്ന്‌ ഇക്കാര്യങ്ങളെല്ലാം ഓർത്തുപോയത്‌.

Generated from archived content: daivam2.html Author: mk_chandrasekharan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English