അനിവാര്യമായ ചിലതെല്ലാം സംഭവിക്കാൻ പോകുന്നു. ഒരു പക്ഷേ, തന്റെ ജീവിതത്തിന് ആകെ മാറ്റം കുറിച്ചേക്കാവുന്ന ചില സംഭവവികാസങ്ങൾ. ഇവയെ ഒഴിവാക്കി കടന്നുപോകാനാവുമെന്ന് തോന്നുന്നില്ല. സധൈര്യം നേരിട്ടേ ഒക്കൂ.
മുരുകൻ ആകെ പരിഭ്രാന്തനായി നിൽക്കുന്നു. തനിക്ക് വേണ്ടിയാണ് രണ്ടുദിവസം മുമ്പ് അവൻ ഇവിടെനിന്ന് സേലത്തേക്ക് പോയത്. ഇന്ന് മടങ്ങിവന്നപ്പോഴേയ്‌ക്കും അവന്റെ പെണ്ണിനെയും രണ്ടുദിവസം മുമ്പുമാത്രം വന്നു കയറിയ ആ ചെക്കനേയും കാണാതായിരിക്കുന്നു. ഒരു കണക്കിന് താൻമൂലം വന്ന് സംഭവിച്ച ദുരന്തം. അറുമുഖവും ഒരു തടിച്ച സ്ര്തീയും തന്നെ അന്വേഷിച്ച് ഇന്നലെ വന്നിരുന്നെന്നും അവരെക്കൂട്ടി താൻ മുരുകന്റെ വീടുവരെ പോയെന്നും അന്നേരം ആ വീട് പൂട്ടിയിട്ട നിലയിലായിരുന്നെന്നും മുരുകനോട് പറഞ്ഞില്ല.
ശിവാനന്ദൻ കാറെടുത്ത് പുറത്തിറക്കി. പിന്നീട് മുരുകനോട് കയറാൻ പറഞ്ഞു. അവനിപ്പോൾ കരയും എന്ന മട്ടിലാണ്. കാറിൽ കയറിയ പാടെ അവൻ കരയുകതന്നെ ചെയ്തു. താൻ ഗേറ്റുപൂട്ടി ഡ്രൈവിംഗ് സീറ്റിലേയ്‌ക്ക് വരുമ്പോൾ അവൻ താൻ കാണാതെ കണ്ണുകൾ തുടയ്‌ക്കാനുള്ള ശ്രമത്തിലാണ്. അതോടെ ശിവാനന്ദന്റെ മനസ്സൊന്നു കലങ്ങി. അവനെ ബാധിക്കുന്ന ദുരന്തം തന്നെയും ബാധിക്കുന്ന ദുരന്തമാണ്.
കാർ സ്‌റ്റാർട്ട് ചെയ്യുന്ന സമയത്ത് ഇനി എന്ത് വേണമെന്നു ആലോചനയിലായിരുന്നു. ഒരാവേശത്തിന് കാറിറക്കി മുരുകനോടും വണ്ടിയിൽ കയറാൻ പറഞ്ഞു. പക്ഷേ, എവിടെപ്പോയി അന്വേഷിക്കാൻ? പോലീസിൽ വിവരമറിയിച്ചാൽ എന്താണ് പരാതിയായി പറയേണ്ടത്? ഇനി റയിൽവേസ്‌റ്റേഷനിലോ ബസ്‌സ്‌റ്റാൻഡിലോ എവിടെയാണ് അന്വേഷിക്കേണ്ടത്? ആദ്യം അറുമുഖവും ആ തടിച്ചിയും സ്ഥലത്തുണ്ടോ എന്നറിയണം. അവനവിടെയില്ലെങ്കിൽ മാത്രം അന്വേഷണം അവനെ ചുറ്റിപ്പറ്റിയാക്കിയാൽ മതി.
പക്ഷേ അവന്റെയും ആ തടിച്ചിയുടെയും കൂടെ അവൾ വീണ്ടും സേലത്തേയ്‌ക്ക് പോവുമോ? മുരുകൻ പറഞ്ഞു കേട്ടിടത്തോളം അവളത്തരക്കാരിയല്ല. മുരുകൻ ഇല്ലാത്ത സമയത്ത് ഒരുവൻ വന്നു പറഞ്ഞാൽ – അതും ക്രൂരവും ബീഭത്സവുമായ മുഖഭാവമുള്ള ഒരുത്തന്റെ കൂടെ – സ്വന്തം നാട്ടിലേയ്‌ക്കെന്ന് പറഞ്ഞാൽപോലും പോവില്ല. റയിലിൽ തലവച്ച് ചത്താലും വേണ്ടില്ല. വീട്ടിലേയ്‌ക്കില്ലെന്ന് പറഞ്ഞ് കാലുപിടിച്ച് കരഞ്ഞ് അഭയം നൽകിയ ഒരുവനെ വിട്ട് – അവനില്ലാത്ത നേരത്ത് അവൾ പോവുമോ?
ഈ ചിന്തകളെല്ലാം മനസ്സിനെ കലുഷിതമാക്കിയെങ്കിലും ശിവാനന്ദൻ പോകുന്നവഴി ആദ്യം സൗത്ത് റെയിൽവേസ്‌റ്റേഷനിലാണ് അന്വേഷണം നടത്തിയത്. റയിൽവേ സ്‌റ്റേഷനിലേയ്‌ക്ക് പോയത് ശിവാനന്ദൻ തനിച്ചായിരുന്നു. ഈ സ്ഥലം മുരുകന് അത്ര പരിചയമില്ല. സ്‌റ്റേഷനിലെ ടീസ്‌റ്റാള് നടത്തുന്നവനേയും പോർട്ടർമാരിൽ ചിലരെയും പരിചയമുണ്ടായിരുന്നതുകൊണ്ട് ശിവാനന്ദൻ അവരോട് വിവരം പറഞ്ഞന്വേഷിക്കുകയായിരുന്നു.
മുരുകനും അറുമുഖവും പറഞ്ഞ സ്ര്തീയെപ്പറ്റി അവർക്കാർക്കും വിവരമൊന്നുമില്ല. ഒറ്റക്കണ്ണനായ ഒരാളെ – ശിവാനന്ദൻ പറഞ്ഞരീതിയിൽ ക്രൂരമായ മുഖഭാവത്തോടുകൂടിയ ഒരുവനെ അവരാരും ഈ കഴിഞ്ഞദിവസങ്ങളിൽ കണ്ടിട്ടില്ല.
പിന്നീട് ശിവാനന്ദൻ മുരുകനെയും കൂട്ടി ബസ്‌സ്‌റ്റാൻഡിലേയ്‌ക്കാണ് പോയത്. അവിടെ മുരുകനെത്തന്നെ അന്വേഷണത്തിനു വിട്ടു. ഭിക്ഷക്കാരെ പലരെയും പല ദിക്കുകളിലേയ്‌ക്ക് പറഞ്ഞയക്കുമ്പോൾ മുരുകൻ അവരുടെയൊക്കെ പിന്നാലെ പോയിട്ടുള്ളതുകൊണ്ട് ആ സ്ഥലവും പരിസരവും ശിവാനന്ദനേക്കാളും കൂടുതൽ പരിചയം അവനുണ്ട്.
വിഷണ്ണനായി തിരിച്ചുവരുന്ന മുരുകനെകണ്ട് ശിവാനന്ദന്റെ ഉള്ളുലഞ്ഞു. ഇവിടൊന്നും അവരുണ്ടാവില്ലെന്ന ഒരു മുൻവിധി ശിവാനന്ദനുണ്ട്. എങ്കിലും ഒരന്വേഷണം നടത്തുമ്പോൾ എല്ലായിടവും പരിശോധിക്കുന്നതാണുത്തമം എന്ന ബോധം മനസ്സിലുള്ളതുകൊണ്ട് അന്വേഷിച്ചെന്ന് മാത്രം. ഇനി പോവേണ്ടത് കസ്തൂരിപ്പറമ്പിലേയ്‌ക്കാണ്. ഈ പുലർകാലത്ത് അവിടെ ചെല്ലുമ്പോഴത്തെ സ്ഥിതി – അതോർക്കാനേ വയ്യ.
ഇന്നലെ രാവിലെ അറുമുഖവും അവന്റെ കൂടെ കൂടിയ സ്ര്തീയും വന്നു. പിന്നീടവരെ കാറിൽക്കയറ്റി മുരുകന്റെ വീടുവരെ പോയി. അവിടം പൂട്ടിയിട്ട നിലയിൽ കണ്ടെത്തി മടങ്ങുകയായിരുന്നു. മുരുകനില്ലാത്ത സമയം – സ്വതവേ താനുൾപ്പടെയുള്ള എല്ലാവരും വെറുക്കുന്ന അറുമുഖത്തേയും അവൻ പുതുതായി കണ്ടെത്തിയ ആ തടിച്ചിയേയും കൂട്ടി അങ്ങോട്ട് പോയത് ശരിയായില്ല എന്ന തോന്നൽ ഒരു കുറ്റബോധം പോലെ ഉള്ളിലുള്ളതുകൊണ്ട്, ആ വിവരം മുരുകനോട് പറയാതെയുള്ള ഈ അന്വേഷണം ഒരു തരം പ്രഹസനമല്ലേ എന്ന് ശിവാനന്ദന് ഇടയ്‌ക്കിടയ്‌ക്ക് തോന്നുന്നുണ്ട്.
കസ്തൂരിപ്പറമ്പിൽ അറുമുഖത്തെ കാണുകയാണെങ്കിൽ – അവനും ആ സ്ര്തീയും എപ്പോഴെങ്കിലും മുരുകനോട് ഇന്നലെ താനൊരുമിച്ച് ചെന്നുവെന്ന വിവരം പറയുകയാണെങ്കിൽ – ശിവാനന്ദൻ ഇപ്പോൾ ഭയക്കുന്നത് അതാണ്. പക്ഷേ മുരുകന്റെ പെമ്പിള്ളയുടെയും ആ കൊച്ചിന്റെയും തിരോധാനത്തിൽ അറുമുഖം നിരപരാധിയാണെന്ന് എങ്ങനെ ഉറപ്പിച്ച് പറയാൻ പറ്റും? അവന്റെ പൂർവ്വകാല ചരിത്രം അറിയാവുന്ന ആരും അവനെ സംശയിച്ചാൽ – അതിനെയും കുറ്റം പറയാനാവില്ല.
കസ്തൂരിപ്പറമ്പിൽ ചെന്നപ്പോൾ അവിടുള്ളവരെല്ലാം രാവിലെ തന്നെ ഭാണ്ഡവും മുറുക്കി ഓരോ ദിക്കിലേയ്‌ക്ക് പോവാനുള്ള തയ്യാറെടുപ്പിലാണ്. ശിവാനന്ദനെയും മുരുകനേയും ആദ്യം കണ്ടത് കുഞ്ഞുമുഹമ്മദാണ്. ഇന്നലെ മൊതലാളിയെ കണ്ട് തങ്ങളുടെ ആവലാതികൾ പറഞ്ഞതേയുള്ളൂ. മുരുകൻ വന്നുകഴിഞ്ഞാൽ വേണ്ടത് ചെയ്യാമെന്ന് പറഞ്ഞെങ്കിലും, ഇത്ര പെട്ടെന്ന് മൊതലാളി തങ്ങളുടെ താവളത്തിലേയ്‌ക്ക് വരുമെന്ന് അവരാരും കരുതിയില്ല. തങ്ങളുടെ ദയനീയസ്ഥിതി കണ്ടറിയാൻ മൊതലാളി തന്നെ നേരിട്ട് വന്നതിൽ അവർക്കുള്ള സന്തോഷം അവർ മറച്ചുവച്ചില്ല.
‘മൊതലാളി ഇത്ര പെട്ടെന്ന് ഇവിടെ വരുമെന്ന് കരുതിയില്ല. ഞങ്ങൾക്ക് സന്തോഷമായി’. കുഞ്ഞുമുഹമ്മദ് ശിവാനന്ദന്റെ അടുക്കലേയ്‌ക്കോടിച്ചെന്നു. അവന്റെ പിന്നാലെ ചൊക്കരയും മാത്തനും എല്ലാവരും കൂടി. ചിലരുടെയൊക്കെ കാലിലെ വച്ചുകെട്ടൊക്കെ ആൾക്കാരെ പറ്റിക്കാനുള്ളതാണെന്ന് അവരുടെ ഉത്സാഹത്തിമിർപ്പോടെയുള്ള ഓടിവരവ് കണ്ട് ശിവാനന്ദൻ മനസ്സിലാക്കി. ഉള്ളുകൊണ്ട് ചിരിയാണ് വന്നതെങ്കിലും ഇപ്പോഴതിനുള്ള അവസരമല്ലല്ലോ എന്ന ബോധം വന്നതോടെ ശിവാനന്ദൻ അവരുടെ കൂടെ താവളത്തിലേയ്‌ക്ക് നടന്നു. പിടയ്‌ക്കുന്ന കരളുമായി മുരുകനും പിന്നാലെയുണ്ട്.
‘ദാ – മൊതലാളി – ദാ – ഇങ്ങോട്ട് കടക്കുന്നിടം തൊട്ട് എല്ലാം അലങ്കോലപ്പെട്ട് കെടക്കുവാ. മിനിഞ്ഞാന്ന് പെയ്ത മഴവെള്ളാ – ഈ കെടക്കുന്നെ. ഈ തറയിൽ പാവിരിച്ചാണ് ഞങ്ങടെ കെടപ്പ്’. കുഞ്ഞുമുഹമ്മദ് കാണിച്ചുകൊടുക്കുന്ന ദിക്കിലേയ്‌ക്ക് ശിവാനന്ദനും മുരുകനും കണ്ണുകൾ പായിക്കുന്നുണ്ടെങ്കിലും അവർ നോക്കുന്നത് അറുമുഖത്തേയും അയാൾ കൊണ്ടുവന്ന ആ പെണ്ണിനേയുമാണ്. അറുമുഖം ആള് ചില്ലറക്കാരനല്ല എന്നൊക്കെ ഇവർക്കറിയാമെങ്കിലും ഇവർ ഉദ്ദേശിക്കുന്നതിലും എത്രയോ ഭയങ്കരനാണ്, അവനെന്ന് ഇപ്പോൾ അറിയാവുന്നത് മുരുകനും ശിവാനന്ദനും മാത്രം.
കുഞ്ഞുമുഹമ്മദും ചൊക്കരയും പറയുന്നതൊക്കെ ശ്രദ്ധിക്കുന്നുണ്ടെങ്കിലും ശിവാനന്ദന്റെ മനസ്സുറയ്‌ക്കുന്നില്ല. അയാൾ നോക്കുന്നത് അറുമുഖവും ആ സ്ര്തീയും അവിടെങ്ങാനും ഉണ്ടാവുമോ എന്നതാണ്. മുരുകൻ നേരെ ആ ഇടിഞ്ഞുപൊളിഞ്ഞ കെട്ടിടത്തിന്റെ ആകെയായുള്ള ഒരു മുറിയുള്ള ഭാഗത്തേയ്‌ക്ക് പോയി. ശിവാനന്ദനും മുരുകന്റെ പിന്നാലെ അങ്ങോട്ട് നീങ്ങിയപ്പോൾ കുഞ്ഞുമുഹമ്മദ് അങ്ങോട്ട് ചൂണ്ടിയായി വർത്തമാനം.
‘ – ദാ മൊതലാളി – ഈ അറുമുഖോം ഞാനും തമ്മിൽ വഴക്കൊണ്ടാക്കാനുള്ള കാരണം അതാണ്. ആ മുറിയുടെ വാതിലും ആകെ സാമാന്യം കൊള്ളാവുന്ന ഒരു മുറി അവൻ സ്വന്തമാക്കിയതും പോരാ, ഇപ്പോ എങ്ങാണ്ടുന്നും തട്ടിക്കൊണ്ടുപോന്ന ഒരുത്തിക്കുവേണ്ടി, ഞാൻ കൊണ്ടുവന്ന് വയ്‌ക്കുന്ന ഷീറ്റും തകിടും, ചാക്കും ഒക്കെ എടുത്താ – അവിടം മറച്ച് കെട്ടിയിരിക്കുന്നെ. അവനിപ്പം പെണ്ണുമ്പിള്ളക്ക് വേണ്ടി ഒണ്ടാക്കിയ കുളിമുറി വച്ചുകെട്ടിയേക്കണത് ഞാൻ സാധനങ്ങൾ സൂക്ഷിച്ചുവയ്‌ക്കുന്നേടത്താ. കൊതുകുകടി അസഹ്യമാവുമ്പം വല്ലതും കൂട്ടിയിട്ട് കത്തിക്കണ സ്ഥലോം കൂടി അവന്റെ സ്വന്തമാക്കിയേക്കുവാ. ഇതൊക്കെ ചോദിക്കാൻ പോയതിനാ അവൻ ഞങ്ങളെ ഉപദ്രവിക്കാൻ വന്നെ. മൊതലാളി തന്നെ പറ. ഇത് ശരിയാണോ? കുഞ്ഞുമുഹമ്മദ് പറയുന്ന കാര്യങ്ങൾ കേൾക്കുന്നുണ്ടെങ്കിലും ശിവാനന്ദന്റെ മനസ്സവിടെയെങ്ങുമല്ല. അറുമുഖോം ആ തടിച്ചിയും എവിടെപ്പോയി?
മുരുകൻ ഇതിനോടകം മറച്ചുകെട്ടിയേക്കുന്ന സ്ഥലത്തിന്റെ പിന്നാംപുറവും പരിശോധിച്ച് കഴിഞ്ഞിരുന്നു. ഇല്ല അറുമുഖത്തിന്റെയും ആ സ്ര്തീയുടേയും പൊടിപോലുമില്ല.
ഇതിനിടയിൽ ചൊക്കര കിണറ്റിന്നരികിൽ നിന്ന് വിളിച്ചുകൂവി.
’മൊതലാളി – ഇത് കണ്ടോ? ഈ തീട്ടോം ചെളിയും മണ്ണും ഒക്കെ ഒഴുകിയെത്തുന്ന വെള്ളമാ ഇതില്. അത്യാവശ്യം വേണ്ടസമയത്ത് പെരുമാറാൻ ഇതീന്ന് വേണം എടുക്കാൻ. മൊതലാളി തന്നെ ഇതിന് ഒരു നിവർത്തിയൊണ്ടാക്കിത്തരണം. ഈ കെണറൊന്ന് തേവി വറ്റിക്കണം. ഒരു ചുറ്റുമതില് കെട്ടണം. ഇതൊക്കെ ചെയ്തുതരാൻ മൊതലാളി ആരെയെങ്കിലും ഏർപ്പാടാക്കണം. ഒന്നിനും വയ്യാത്ത അവസ്ഥയിലാണ് ശിവാനന്ദൻ.
അറുമുഖത്തെ ലക്ഷ്യമാക്കിയാണ് വന്നതെങ്കിലും ഇവര് പറയണതും കേട്ടേ ഒക്കൂ. എന്തെങ്കിലും ചെയ്യാതിരുന്നാൽ അതും പ്രശ്നമാവും.
ഇപ്പോൾ എങ്ങനെയെങ്കിലും ഇവിടെനിന്നും രക്ഷപ്പെട്ടേ ഒക്കൂ എന്ന അവസ്ഥയിലാണ് ശിവാനന്ദൻ. അയാൾ കുഞ്ഞുമുഹമ്മദിനെ വിളിച്ചു.
‘എടോ – താൻ തന്നെ ഈ പണികളൊക്കെ നടത്താൻ വേണ്ട ഏർപ്പാടൊക്കെ ചെയ്യ്. വേണ്ട പൈസ ഞാൻ തരാം. എന്ത് ചെലവായാലും വേണ്ടില്ല. കാര്യങ്ങൾ ഭംഗിയായിത്തന്നെ നടക്കണം. അതുകൊണ്ട് ആ ചുമതല നിങ്ങളെത്തന്നെ ഏല്പിക്കുവാ. കഴിയുന്നതും പറ്റിയ ആൾക്കാരെ കണ്ടുപിടിച്ച് നാളെത്തന്നെ തൊടങ്ങിക്കോ. ഓരോന്നിനും എന്ത് വേണ്ടിവരുമെന്നത് നിങ്ങളാരെങ്കിലും ഒരാള് നാളെ വന്നറിയിച്ചാ മതി. ഇപ്പം ഞങ്ങള് പോണു..’
കുഞ്ഞുമുഹമ്മദിനും കൂട്ടർക്കും വിശ്വസിക്കാനേ ആവുന്നില്ല. ഇത്ര പെട്ടെന്ന് മൊതലാളിയിവിടെ വരുമെന്നും ആവശ്യങ്ങൾ വേണ്ടത് ചെയ്യാമെന്ന് പറയുകയും മാത്രമല്ല, അത് തൊടങ്ങിക്കോളാൻ പറയുക – ആവശ്യമായ പൈസ എത്രയായാലും തരാമെന്ന് പറയുക“
ഇന്നലെവരെ ഈ മനുഷ്യനെ തെറ്റിദ്ധരിച്ചതിൽ ഇപ്പോഴൊരു കുറ്റബോധവും കുഞ്ഞുമുഹമ്മദിനൊണ്ട്. കാറിന്നരികിലേയ്‌ക്ക് നീങ്ങുന്നതിനു മുന്നേ ശിവാനന്ദൻ കുഞ്ഞുമുഹമ്മദിനെ രഹസ്യമായി വരാൻ കണ്ണുകൊണ്ട് കാണിച്ചു. അവനടുത്തെത്തിയപ്പോൾ ശിവാനന്ദൻ പറഞ്ഞു.
‘നിങ്ങളുടെ ഒരു കണ്ണ് അറുമുഖത്തിന്റെ മേൽവേണം. അവനെപ്പോഴാ ഇവിടെ വരുന്നെന്നും പോവുന്നെന്നും അവന്റെ നീക്കങ്ങളെന്തൊക്കെയാണെന്നും ഒക്കെ ശ്രദ്ധിച്ചോളണം. ഞാനീപ്പറയുന്നതൊക്കെ നിങ്ങളുടെ മനസ്സിലിരുന്നാ മതി. മറ്റാരും അറിയണ്ട’ ഒരു നിഴൽപോലെ – അത് നിങ്ങൾ രണ്ടുപേരും മാത്രം അറിഞ്ഞാൽ മതി.‘
കുഞ്ഞുമുഹമ്മദിന് ഇപ്പോഴും അത്ഭുതം. തന്റെ മൊതലാളി തന്നെയോ ഇത്? ഇവിടത്തെ പണിയേല്പിച്ചതിന് പുറമെ വേറൊരു ചുമതലയും വന്നുചേർന്നിരിക്കുന്നു. അതും തങ്ങളെല്ലാവരും സംശയദൃഷ്ടിയോടെ നോക്കുന്ന അറുമുഖത്തെപ്പറ്റിത്തന്നെ.
’- എന്താ മൊതലാളി – എന്താ ഒണ്ടായെ? അവനത്ര ശരിപ്പുള്ളിയല്ലെന്ന് ഞങ്ങക്കൊക്കെ അറിയാം. ഇപ്പോഴെങ്കിലും മൊതലാളിക്ക് ബോദ്ധ്യപ്പെട്ടല്ലോ.‘
’-എല്ലാം ഞാൻ പിന്നെപ്പറയാം. ഇപ്പോ നേരമില്ല. പിന്നെ ഇക്കാര്യം നിങ്ങൾ രണ്ടുപേരുമല്ലാതെ വേറാരും അറിയരുത്‘.
’ശരി – മൊതലാളി -‘
ശിവാനന്ദനും മുരുകനും പോയതിന് പിന്നാലെ കുഞ്ഞുമുഹമ്മദ് കിണറ് തേകി വറ്റിക്കാനും കാടുപറിക്കാനുമൊക്കെയായി ആളെ കിട്ടുമോന്ന് നോക്കാനായി വെളിയിലേയ്‌ക്ക് നടന്നു. കൂട്ടത്തിൽ അറുമുഖത്തിന്റെ നീക്കങ്ങളും ശ്രദ്ധിക്കണം.
കാറിൽ കയറി മെയിൻ റോഡിലെത്തുന്നതുവരെയും മുരുകൻ പിടിച്ചു നിൽക്കുകയായിരുന്നു. കസ്തൂരിപ്പറമ്പിലെ അന്തേവാസികളുടെ കൺവെട്ടത്ത് നിന്നും മറഞ്ഞുവെന്നായപ്പോൾ മുരുകൻ പൊട്ടിക്കരഞ്ഞു. ആ കരച്ചിൽ കണ്ട് ശിവാനന്ദനും ആകെ പരിഭ്രാന്തനായി. എന്ത് പറഞ്ഞാണിവനെ ആശ്വസിപ്പിക്കുക? തനിക്ക് പൊട്ടിക്കരയാനാവുന്നില്ലെങ്കിലും താനും ഹൃദയഭാരം പേറുകയാണ്. പക്ഷേ, എന്തിനുവേണ്ടി? മുരുകന്റെ മുന്നിൽ താനഭിനയിക്കുകയല്ലേ എന്ന കുറ്റബോധം ഉള്ളിലുണ്ടെങ്കിലും ഇപ്പോഴവിടെ അറുമുഖവും ആ തടിച്ചിയും ഇല്ലാതായത് ഒരു കണക്കിന് നന്നായി എന്ന് ചിലപ്പോൾ തോന്നുന്നുമുണ്ട്. പക്ഷേ, അവനും അവളും എവിടെപ്പോയി? മുരുകന്റെ പൊണ്ടാട്ടിയും കൊച്ചും കാണാതായതിന് പിന്നിൽ അവന് യാതൊരു പങ്കുമില്ലെന്ന് ശിവാനന്ദന് തോന്നുന്നുണ്ടെങ്കിലും രണ്ടുകൂട്ടരും ഇല്ലാതായതിനെപ്പറ്റി മുരുകന്റെ സംശയത്തിന് എന്ത് മറുപടിയാണ് തനിക്ക് പറയാനുണ്ടാവുക? കാർ തിരിച്ച് കൊണ്ടുവന്ന് ഓവർ ബ്രിഡ്‌ജിനു ചുവട്ടിൽ മുരുകന്റെ താമസസ്ഥലത്തിൽ കുറച്ച് ദൂരെ മാറ്റി നിർത്തി. മുരുകൻ അവന്റെ വീടിന് മുന്നിലേയ്‌ക്ക് വലിഞ്ഞുനടന്നു. ഇല്ല – വീട് പൂട്ടിക്കിടക്കുന്ന നിലയിൽത്തന്നെ. അവൻ പയ്യെ തിരിഞ്ഞുനോക്കി. തന്റെ ദയനീയാവസ്ഥ വെളിപ്പെടുത്തി. പിന്നെയവൻ വീടിനു പിന്നാം പുറത്തുള്ള മതിൽചാടിക്കടന്ന് കാട്ടുചെടികൾക്കിടയിലൂടെയുള്ള ഒറ്റയടിപ്പാതയിലൂടെ സ്‌റ്റേഷന്റെ പ്ലാറ്റ് ഫോമിലേയ്‌ക്ക് നടന്നു. അവിടെവിടെങ്കിലും വള്ളിയോ മണിക്കുട്ടനോ ഉണ്ടോ എന്ന് പരിശോധിക്കാനാവും – അവന്റെ യത്നം എന്ന് മനസ്സിലാക്കിയതോടെ ശിവാനന്ദന്റെ ഉള്ള് പിടഞ്ഞു. ഇതവന്റെ മാത്രം പ്രശ്നമല്ല; തന്നെയും ബാധിക്കുന്നതാണ്. ഇനി എന്ത് വേണമെന്ന ചിന്തയിൽ സ്‌റ്റിയറിംഗ് വീലിലോട്ട് തലചായ്‌ച്ച് കിടക്കുമ്പോൾ പുകതുപ്പിക്കൊണ്ട് ഒരെഞ്ചിൻ പാളത്തിലൂടെ കടന്നുപോയി. എഞ്ചിൻ രണ്ടുപ്രാവശ്യം ഹോണടിച്ചപ്പോൾ ശിവാനന്ദൻ പയ്യെ തലപൊക്കി. ആ ഹോണടി ശബ്ദം തങ്ങളുടെ നെഞ്ചിനുള്ളിലെന്നപോലെ മുരുകനും ശിവാനന്ദനും ഒരേസമയം തോന്നിച്ചു.
ഇനി അടുത്ത മാർഗ്ഗമെന്ത്? പോലീസ് സ്‌റ്റേഷനിൽപ്പോയി വിവരം പറയുകയേ നിവർത്തിയുള്ളൂ എന്ന തീരുമാനത്തിലാണ് ശിവാനന്ദൻ ഡ്രൈവിംഗ് സീറ്റിൽ നിന്നും പുറത്തേയ്‌ക്ക് കടന്നത്. മുരുകനെ വിളിക്കാനായി ശിവാനന്ദൻ തുടങ്ങുകയായിരുന്നു. അപ്പോഴാണ്, അന്തുക്കാ ഒരു ചാക്കുകെട്ടുമായി അവിടെ വന്നിറങ്ങിയത്.
മുരുകനീസമയം പ്ലാറ്റ്‌ഫോമിന്റെ ഒരറ്റം മുതൽ മറ്റേയറ്റം വരെ നടന്നു. പരിചയമുള്ള ചില പോർട്ടർമാരും സ്‌റ്റേഷനിലെ ജീവനക്കാരും അവനോട് ചില കുശലപ്രശ്നങ്ങൾക്ക് തുടക്കമിട്ടെങ്കിലും അതൊന്നും ഗൗനിക്കാതെ തന്നെ മറ്റേയറ്റം വരെ നടന്ന് – പിന്നെ എതിരെയുള്ള പ്ലാറ്റ്‌ഫോമിലേയ്‌ക്ക് പാളം കുറുകെ മുറിച്ചുകടന്ന് തിരിച്ചുനടന്നു. വീണ്ടും അവൻ ഓവർബ്രിഡ്‌ജിന്റെ ചുവട്ടിലേയ്‌ക്ക് പ്ലാറ്റ്‌ഫോമിൽ നിന്നിറങ്ങി പാളത്തിൽക്കൂടി നടക്കുമ്പോൾ – അങ്ങ് ദൂരെ അന്തുക്കയും ശിവാനന്ദൻ മുതലാളിയും തമ്മിൽ എന്തോ കാര്യമായി സംസാരിക്കുന്നതായി കണ്ടത്. പെട്ടെന്നെന്തുകൊണ്ടോ മുരുകന് എന്തെന്നില്ലാത്ത കലിവന്നു. തന്റെ പൊണ്ടാട്ടിയേയും കൊച്ചിനേയും കാണാനില്ലെ വിവരമാണോ – ഇപ്പോ അവനോട് വിളമ്പുന്നത്? അവനിതറിഞ്ഞാൽ മതി – ഈ പ്രദേശം മുഴുവൻ അത് പാട്ടാവാൻ. പിന്നെ വിശേഷങ്ങൾ തിരക്കാൻ വരുന്നവരുടെ ചോദ്യങ്ങൾക്കാവും ഉത്തരം പറയേണ്ടിവരിക.
ദേഷ്യവും സങ്കടവും ശുണ്‌ഠിയും നിരാശയും വന്നതോടെ നെഞ്ചിനുള്ളിൽ ഒരു നെരിപ്പോട് എരിയുന്നതായി മുരുകന് തോന്നി. നെഞ്ചത്ത് വലതുകൈ വച്ചുകൊണ്ടാണ് അവൻ നൊണ്ടി നൊണ്ടി ശിവാനന്ദന്റെയും അന്തുക്കായുടെയും അടുക്കലേയ്‌ക്ക് നീങ്ങിയത്.
മുരുകനടുത്തെത്തിയപാടെ ശിവാനന്ദൻ പൊട്ടിച്ചിരിച്ചുകൊണ്ട് അവനോട് പറഞ്ഞു.
’എടാ – മണ്ടശിരോമണി – നീ വീട് പൂട്ടിക്കിടക്കണ കണ്ടപ്പോൾ തൊട്ടടുത്ത് കിടക്കണ ഇയാളോട് വിവരമന്വേഷിക്കാത്തതെന്ത്? നിന്റെ പെണ്ണുമ്പിള്ള എങ്ങും പോയിട്ടില്ല. ഇവിടെയാ കോവിലിലെ ജോലിക്കാരി ജാനുവമ്മേടെ വീട്ടിലുണ്ട്. വേഗം പോയി വിളിച്ചോണ്ട് വാ!
മനസ്സുകൊണ്ട് അന്തുക്കായെ മുരുകന് ഇഷ്ടമല്ലായിരുന്നു. വള്ളിയിവിടെ വന്നയിടയ്‌ക്ക് അവന്റെ ചില പ്രത്യേകതരത്തിലുള്ള നോട്ടവും അവളുടെ ശ്രദ്ധയിൽപ്പെടാനുള്ള ശ്രമവുമെല്ലാം കണ്ട അന്നുമുതൽ തുടങ്ങിയ അനിഷ്ടമാണ്. പോരാത്തതിന് വള്ളിതന്നെ ഒരുതവണ അവന്റെ പെരുമാറ്റത്തെപ്പറ്റി തന്റെയടുക്കൽ പറഞ്ഞിട്ടുള്ളതാണ്. പക്ഷേ, പിന്നെ വള്ളി ഒരിക്കൽ ചൂടുവെള്ളമെടുത്ത് മുഖത്തേയ്‌ക്കൊഴിച്ച സംഭവത്തോടെ അതൊക്കെ നിന്നെങ്കിലും – അന്നത്തെയാ ചൊരുക്ക് ഇപ്പോഴും മുരുകന്റെ മനസ്സിൽ നിന്ന് പോയിട്ടില്ല.
പക്ഷേ, ഇപ്പോൾ വള്ളിയെപ്പറ്റിയുള്ള വിവരം ഇയാളിൽ നിന്നറിഞ്ഞതോടെ ആ പഴയ അനിഷ്ടം പോയ്‌മറഞ്ഞു.
മുരുകൻ യാതൊന്നും ആലോചിക്കാതെ കോവിലിനെ ലക്ഷ്യമാക്കി നടന്നപ്പോൾ ശിവാനന്ദൻ വിളിച്ചു ചോദിച്ചു.
‘താൻ സമാധാനമായിട്ടിരിയെടോ? നമുക്കു പോകാം. ഞാനും വരാം തന്റെ കൂടെ. അന്തുക്കായും വരട്ടെ’
‘മൊതലാളി കൂടെ വരുവാണേൽ എനിക്ക് സന്തോഷമേ ഒള്ളൂ. വള്ളിയവിടൊണ്ടെന്നറിഞ്ഞപ്പോ ഞാനൊന്നും ആലോചിക്കാതെ നടന്നതാ. നമുക്കൊരുമിച്ച് പോവാം മൊതലാളി-’
തനിക്കും അവരെ കണ്ടാലേ സമാധാനമാവുള്ളൂ എന്ന് ശിവാനന്ദൻ പറഞ്ഞില്ല. അവരെക്കണ്ട് സത്യാവസ്ഥയറിയുന്നിടം വരെ തനിക്ക് സ്വസ്ഥത കിട്ടില്ലെന്ന കാര്യം പാവം മുരുകനറിയുന്നില്ലല്ലൊ.
പെട്ടെന്ന് ഒരു വീണ്ടുവിചാരം ശിവാനന്ദനെ വിലക്കി. അവൾ സുന്ദരിയാണെങ്കിൽ എന്തുചെയ്യും?
ശിവാനന്ദൻ അന്തുക്കായോടു മുരുകന്റെ കൂടെ ചെല്ലാൻ പറഞ്ഞ് പയ്യെ തിരിച്ച് കാറിന്നരികിലേയ്‌ക്ക് നടന്നു.
‘അതെ – അവൾ സുന്ദരിയാണെങ്കിൽ എന്ത് ചെയ്യും?’
Generated from archived content: daivam19.html Author: mk_chandrasekharan
Click this button or press Ctrl+G to toggle between Malayalam and English