അറുമുഖവും മീനാക്ഷിയും കസ്തൂരിപ്പറമ്പിൽ നിന്ന് രാവിലെ എങ്ങോട്ട് പോയിക്കാണുമെന്ന് അറിയാതെ അന്ധാളിച്ചിരുന്ന കസ്തൂരിപ്പറമ്പിലെ മറ്റന്തേവാസികൾ എല്ലാവരും ഒത്തുചേർന്ന് ചില തീരുമാനങ്ങളെടുത്തു. കുഞ്ഞുമുഹമ്മദാണ് ഇതിന് മുൻകയ്യെടുത്തത്.
‘ഇതൊരു സംഘമാണെന്നാ മൊതലാളി പറയണെ. പരസ്പരസഹായംപോലും. എന്നിട്ടെന്ത് സഹായമാ ഇവിടെ കിട്ടുന്നെ? അടച്ചുകെട്ടുള്ള ഒരു മുറി ആർക്കെങ്കിലുമുണ്ടോ? ഒരെണ്ണമുള്ളത് ആദ്യം വന്നതുകൊണ്ട് അറുമുഖത്തിന് കിട്ടി. മഴക്കാലത്ത് കാറ്റടിക്കുമ്പോൾ വെള്ളം തട്ടികൾക്കിടയിൽ വീഴുന്നത് കിടക്കപ്പായിൽ. വടക്കേ അറ്റത്തേ ഒരു ഭിത്തിയുള്ളൂ. അതും പൊട്ടിപ്പൊളിഞ്ഞു തൊടങ്ങി.
കുഞ്ഞുമുഹമ്മദിങ്ങനെ ആവേശത്തോടെ സംസാരിച്ചപ്പോൾ കൂടിയിരുന്നവർക്ക് ആർക്കും പ്രത്യേകിച്ചൊന്നും പറയാനില്ലായിരുന്നു. നിത്യവും കാണുന്ന കാഴ്‌ചകളാണ്. കെടക്കാനൊരിടം കിട്ടി എന്നതുകൊണ്ട് സഹിക്കുന്നു. അല്ലെങ്കിൽ പള്ളുരുത്തിയിലോ പട്ടണത്തിന് പുറത്തോ ഉള്ള വല്ല അനാഥാലയത്തിലും കെടക്കേണ്ടി വന്നേനെ. അതിനേക്കാളും സ്വാതന്ത്ര്യം ഇവിടുണ്ടെന്ന് കരുതി ഈ കഷ്ടപ്പാടും ദുരിതോം സഹിച്ച് ഇവിടെ കൂടുന്നു.
പെണ്ണുങ്ങൾ വേണ്ടെന്ന് മൊതലാളി തീരുമാനിച്ചത് ബുദ്ധിപൂർവ്വമാണ്. അവർക്കാണെങ്കിൽ മറയ്‌ക്കിരിക്കാൻ മറപ്പുര വേണ്ടിവരും. അതൊണ്ടാക്കണം. അതിലും ഭേദം അവരുവന്നാ വഴക്കൊണ്ടാക്കുംന്ന് പറഞ്ഞ് വേണ്ടെന്ന് വയ്‌ക്കുന്നതാ ബുദ്ധീന്ന് തോന്നിക്കാണും.
പട്ടണത്തിൽ വെളിയിൽ കടന്ന് കഷ്ടപ്പെട്ട് പിച്ചതെണ്ടിക്കൊണ്ടുവരുന്ന കാശിന്റെ ഒരു ഭാഗം മൊതലാളിക്കാത്രെ. വാടകയ്‌ക്ക് പകരം ഇങ്ങനൊരു പദ്ധതി ആരുപദേശിച്ചുകൊടുത്തതാണെങ്കിലും അപാരം തന്നെ.
തെക്കുവശത്തെ മതിലിനോട് ചേർന്നൊരു കിണറുപോലൊന്നുണ്ട്. ഈ കസ്തൂരിപ്പറമ്പിൽ നിന്നുള്ള മലവും മൂത്രവും ഒലിച്ചിറങ്ങിച്ചെല്ലണതങ്ങോട്ട്. വേനൽക്കാലത്ത് പട്ടണത്തിൽ വെള്ളം കിട്ടാനില്ലാതെവരുമ്പോഴും ഇവിടെയീ കിണറ്റിൽ വെള്ളൊണ്ട്. പക്ഷേ എങ്ങനെ വിശ്വസിച്ച് കുടിക്കാൻ പറ്റും?
ഇത്രയൊക്കെ കുഞ്ഞുമുഹമ്മദ് വിശദീകരിച്ചു പറഞ്ഞപ്പോൾ മാത്രമാണ് തങ്ങളിങ്ങനൊരു ദുരിതത്തിന് നടുവിലാണ് കഴിയുന്നതെന്ന് മറ്റുള്ളവർക്ക് ബോദ്ധ്യമായത്. ഈ കാലിത്തൊഴുത്തിനേക്കാളും കഷ്ടമായ സ്ഥലത്ത് ഏതോ ഒരു പൊട്ടിപ്പൊളിഞ്ഞ ബോർഡും വച്ച് ശിവാനന്ദൻ മൊതലാളിയും ആ നൊണ്ടിയും കൂടി തങ്ങളെ മുതലാക്കുകയായിരുന്നു. എല്ലാവരുടേയും ബാങ്ക് അക്കൗണ്ട് തുടങ്ങീട്ടുണ്ടെന്ന് പറയുന്നു. രണ്ടോ മൂന്നോ മാസം കൂടുമ്പം മുരുകനും മുതലാളിയും വന്ന് ഓരോരുത്തരുടേയും പേരിലുള്ള തുക വായിച്ച് കേൾപ്പിക്കാറുണ്ട്. വാസ്തവത്തിൽ ഇതു സത്യമാണോയെന്ന് ഇതേവരെ ആരും അന്വേഷിച്ചിട്ടില്ല. മിക്കവർക്കും എഴുത്തും വായനയും അറിയില്ല എന്നതാണ് കാരണം. കൂട്ടത്തിൽ കുഞ്ഞുമുഹമ്മദിന് മാത്രമേ കുറച്ചെങ്കിലും വായന വശമുള്ളൂ.
ശിവാനന്ദൻ മൊതലാളിയെ ഇതേവരെ സംശയത്തോടെ നോക്കിക്കാണുന്നത് ഒരാൾ മാത്രം. അറുമുഖം. പക്ഷേ ഏതോ ചില പ്രമാദമായ കേസുകളിൽപ്പെട്ടവനായതുകൊണ്ട് ഒളിച്ചുകഴിയുകയാണെന്ന വസ്തുത വളരെ ചുരുക്കം പേർക്കേ അറിയാവൂ. അയാൾ മുതലാളിയുടെ വിശ്വാസ്യതയെ ചോദ്യംചെയ്യാത്തതിന്റെ കാരണം ഇങ്ങനെ ചില കേസുകളുള്ളതുകൊണ്ടാണെന്ന് കുഞ്ഞുമുഹമ്മദ്‌പോലും ഈയിടെയാണ് കണ്ടുപിടിച്ചത്.
എല്ലാവരും കൂടി ഒന്നിച്ചു നിന്നാൽ നേടാവുന്ന പല കാര്യങ്ങളുമുണ്ട്. ഇത്രയൊക്കെ നമ്മുടെ കയ്യിൽ നിന്ന് പിരിക്കുന്നതല്ലെ? അതുകൊണ്ട് കുറെ കാര്യങ്ങളൊക്കെ ചെയ്തുതരണം. ആദ്യം വേണ്ടത് കുളിമുറിയും കക്കൂസും, പിന്നെ ഒരു പബ്ലിക് ടാപ്പും. കിണറ്റിലെ വെള്ളം അത്യാവശ്യഘട്ടത്തിൽ മാത്രമേ ഉപയോഗിക്കുകയുള്ളൂവെന്ന് തീരുമാനിക്കണം. മാത്രമല്ല ഈ കെട്ടിടം വരണേന് മുന്നേയുള്ള കിണറാ. അതൊന്ന് വെള്ളം വറ്റിച്ച് ചുറ്റും മതിലുകെട്ടി നന്നാക്കണം. പിന്നെ കെട്ടിടത്തിന്റെ ചോർച്ചയുള്ള ഭാഗം റിപ്പയർ ചെയ്ത് നന്നാക്കണം. ചുറ്റിനും വച്ചിട്ടുള്ള പനമ്പു തട്ടികൾ പലതും ദ്രവിച്ച് കഴിഞ്ഞിരിക്കുന്നു. അത് മാറ്റണം. കിടക്കാൻ കട്ടില് വേണമെന്ന് പറയുന്നില്ലെങ്കിലും ഓരോ പായും തലയിണയും വേണം. മഴക്കാലത്ത് ഓരോ പുതപ്പും.
തീരുമാനത്തിലെത്താൻ എളുപ്പമാണ്. പക്ഷേ ഇതാരുപോയി മൊതലാളിയുടെ അടുക്കൽ അവതരിപ്പിക്കും? നഗരത്തിന്റെ തെക്കുഭാഗത്ത് താമസിക്കുന്ന മൊതലാളിയുടെ വീടറിയാവുന്നത് ചൊക്കരയ്‌ക്ക് മാത്രമാണ്. ഒരിക്കൽ വൈറ്റിലയിലെ കാവടിയുത്സവം കഴിഞ്ഞ് മടങ്ങുന്ന നേരത്ത് വണ്ടി കേടായി കിടന്നപ്പോൾ ചൊക്കര അതുവഴി നടന്നുപോന്നപ്പോഴാണ് മൊതലാളി ഒരു വീടിന്റെ മുന്നിലുള്ള കാർഷെഡ്‌ഡിൽ നിൽക്കുന്നതായി കണ്ടത്. കൈലിയും ബനിയനുമായിരുന്നു വേഷം. മുരുകനോട് പറഞ്ഞപ്പോൾ അയാളത് ശരിവയ്‌ക്കുകയും ചെയ്തു. പക്ഷേ പ്രശ്നം അതല്ലല്ലൊ. ഇത് അവിടെ ചെന്ന് അങ്ങേരുടെ മുന്നിൽ പറഞ്ഞു ഫലിപ്പിക്കണ്ടെ? കുറച്ചു സംസാരിക്കാനറിയാവുന്നത് കുഞ്ഞുമുഹമ്മദിനാണ്. പക്ഷേ, എടുത്തു ചാട്ടക്കാരനാണ്. ക്ഷോഭിച്ച് സംസാരിയ്‌ക്കുമ്പോൾ ഇന്നതേ പറയാവൂ എന്നില്ല. എല്ലാവരും കൂടി ഒരു തീരുമാനത്തിലെത്തിയത് പിന്നെയും ഏറെ സമയം കഴിഞ്ഞ്. അറുമുഖത്തിനെ കൂടാതെ പതിനേഴു പേരുണ്ട്.
കുഞ്ഞുമുഹമ്മദ് പറഞ്ഞുഃ
’നമുക്കിനി സമയം കളയണ്ട. ഇപ്പോൾ തന്നെ പോകാം. ഉള്ള പത്ത്-പന്ത്രണ്ട് പേർ – അത് മതി. എന്തൊക്കെയായാലും അറുമുഖത്തിനെ ഈ കമ്പനിയിൽ കൂട്ടേണ്ട‘.
സാധാരണ ഇത്രയും പേരെ ഒരുമിച്ച് കിട്ടാറില്ല. ഇന്നിപ്പോൾ ഇത്രയുംപേരെ ഒന്നിച്ച് കിട്ടാൻ കാരണം നഗരത്തിൽ ഏതോ വിശിഷ്ട വ്യക്തി വന്നതുകൊണ്ടാണത്രെ. ഏതോ പുറംനാട്ടിലെ പ്രധാനമന്ത്രിയോ മറ്റോ ആണ്. അയാളിന്ന് രാവിലെയാണ് പോവുന്നത്. വിശിഷ്ട വ്യക്തികൾ വരുമ്പോൾ ഭിക്ഷക്കാരും അലഞ്ഞുതിരിയുന്നവരും പട്ടണത്തിൽ ഉണ്ടാവാൻ പാടില്ലത്രെ. നഗരത്തിന്റെ സൗന്ദര്യത്തിന് പുഴുക്കുത്തേൽക്കുന്ന കാഴ്‌ചകളൊന്നും വിദേശത്ത് നിന്നുവരുന്ന വിശിഷ്ടവ്യക്തികൾ കാണുന്നത് ശരിയല്ലല്ലൊ. യാചകരഹിതവും ചേരിരഹിതവുമായൊരു നഗരമാണ് തങ്ങളുടേതെന്ന് അവർക്ക് കാണിച്ചുകൊടുക്കുക, ഇവിടത്തെ ജനങ്ങളുടെ സൗന്ദര്യബോധത്തെപ്പറ്റി അവരെ ബോധവാന്മാരാക്കുക. കളക്ടറും മേയറും കമ്മീഷണറുമുൾപ്പെടെയുള്ള ഭരണാധികാരികൾ ഇങ്ങനുള്ള സന്ദർഭങ്ങളിൽ യാചകരെ ഒന്നുകിൽ അനാഥാലയങ്ങളിൽ കൊണ്ടാക്കുകയോ അല്ലെങ്കിൽ നഗരത്തിന് വെളിയിൽ വാഹനങ്ങളിൽ കൊണ്ടുപോയി ഇറക്കുകയോ ചെയ്യാറുണ്ട്. ഈ മാതിരി സംഭവങ്ങൾ മുമ്പും ഉണ്ടായിട്ടുള്ളതുകൊണ്ട് കസ്തൂരിപ്പറമ്പിലെ അന്തേവാസികളിൽ അധികം പേരും കഴിഞ്ഞ രണ്ടുമൂന്നു ദിവസമായി എങ്ങുംപോകാതെ ഇവിടെത്തന്നെ കൂടുകയായിരുന്നു. ബാക്കിയുള്ള നാലഞ്ചുപേർ ചേർത്തല ആലപ്പുഴ ഭാഗത്തേയ്‌ക്ക് പോയതായിട്ടാണറിവ്. അതുകൊണ്ടാണ് ഇന്നിവിടെ ഇത്രയും പേരെങ്കിലും ഒത്തൊരുമിച്ച് കാണാൻ കാരണം.
വിഫലമായ ഒരന്വേഷണം തുടക്കത്തിലേ നടത്തേണ്ടി വന്നതിലെ ഇച്ഛാഭംഗത്തോടുകൂടി ശിവാനന്ദൻ ഓവർബ്രിഡ്‌ജിൽ നിന്നും തിരിച്ച് കാറിൽ കയറി. അറുമുഖത്തിന്റെയും അവന്റെ കൂടെയുള്ള പെണ്ണിന്റെയും വാക്കു വിശ്വസിച്ച് മുരുകന്റെ വീട്ടിൽ ചെന്നപ്പോൾ ആ വീട് പൂട്ടിക്കിടക്കുന്നു. ആദ്യം കരുതിയത് മുരുകൻ പൊണ്ടാട്ടിയേയും പയ്യനെയും തന്റെ കൂടെ കൂട്ടിക്കാണുമെന്നാണ്. പക്ഷേ മുരുകൻ ഇന്നലെത്തന്നെ സ്ഥലം വിടുമെന്ന കാര്യം പറഞ്ഞപ്പോൾ ശിവാനന്ദന് പിന്നെയും സംശയമാണ്. എങ്കിൽപ്പിന്നെ ആ പെണ്ണും കൊച്ചും എവിടെപ്പോയി? കുറച്ചുനേരം അങ്ങനെ കാറിലിരുന്നപ്പോൾ തന്റെ പഴയ മുതലാളി – ഹോട്ടലുടമ ദൂരത്തു നിന്ന് വരുന്നതുകണ്ടു. ഈ അവസ്ഥയിൽ തന്നെ കാണേണ്ടെന്ന് കരുതി അയാൾ കാറിന്റെ ഗ്ലാസ് പൊക്കിമറച്ചു. തന്നെ ഒരു തുച്ഛമാസ ശമ്പളക്കാരനിൽ നിന്ന് ഇന്നത്തെ നിലയിലേയ്‌ക്കുയർത്താൻ ഒരുപക്ഷേ കാരണക്കാരനായ ഇയാളോട് ഉള്ളാലെ നന്ദിയുണ്ടെങ്കിലും പറയാൻ പറ്റിയ ബിസ്സിനസ്സാണോ തന്റേ? അന്നയാൾ താൻ പിരിഞ്ഞുപോരാൻ നേരത്ത് പറഞ്ഞ വാക്കുകളാണ് തന്റെ ഇന്നത്തെ ഈ സ്ഥിതിയിലേയ്‌ക്കെത്തിച്ചതെങ്കിലും – അയാൾ പറഞ്ഞ തൊഴിൽ പുറത്താരോടെങ്കിലും പറയാൻ പറ്റിയ ഒന്നാണോ? കള്ളപ്പണക്കാരനും കള്ളക്കടത്തുകാരനും കള്ളവാറ്റുകാരനും വരെ കിട്ടുന്ന മാന്യത തനിക്കു കിട്ടുമോ?
ഹോട്ടലുടമ കൺമുന്നിൽ നിന്ന് മറഞ്ഞപ്പോൾ ഇനിയിവിടെ നിന്നു വേഗം പോകുന്നതാണ് നല്ലതെന്ന് തോന്നി. അല്ലെങ്കിൽ ഇനിയും പരിചയമുള്ള ആരെങ്കിലും വന്നാലോ? അറുമുഖത്തേയും അയാളുടെ പെണ്ണിനെയും ഇവിടെത്തന്നെ ഇറക്കിവിടുകയാണ് വേണ്ടത്. വേണ്ട – അവരുടെ വാക്കു വിശ്വസിച്ച താനാണ് തെറ്റുകാരൻ. ശിവാനന്ദൻ കാർ തിരിച്ച് മുന്നോട്ട് നീങ്ങി. മുരുകന്റെ അസാന്നിധ്യത്തിൽ അയാളുടെ പൊണ്ടാട്ടിയേയും ആ പയ്യനേയും കാണുന്നത് ശരിയല്ല. അതവനിൽ താനും തന്നിൽ അവനും അർപ്പിച്ചിരുന്ന വിശ്വാസ്യതയെ വരെ ചോദ്യം ചെയ്യുന്ന ഒരു നടപടിയാണ്.
കാർ കുറേ ദൂരം മുന്നോട്ട് നീങ്ങിയപ്പോൾ അറുമുഖത്തിനേയും മീനാക്ഷിയേയും വഴിയിലിറക്കി, നേരെ വീട്ടിലേക്കു തിരിച്ചു.
’ഈ ബിസിനസ് നിർത്തേണ്ട സമയമായി‘ ശിവാനന്ദൻ സ്വയം പിറുപിറുത്തു. – ഇതൊരു നാറ്റക്കേസ്. തെണ്ടികൾ പിച്ചയെടുത്തുകൊണ്ടുവരുന്ന പൈസയുടെ വീതം പറ്റിയുള്ള ജീവിതം. അന്നു ഹോട്ടലിൽ നിന്നിറങ്ങിപ്പോന്നപ്പോൾ ഒരു താൽകാലികാശ്വാസത്തിന് ഈ പരിപാടി കൊള്ളാമെന്ന് തോന്നി. പിന്നീടത് തുടർന്ന് കൊണ്ടുപോകേണ്ട കാര്യമില്ലായിരുന്നു. കൂടെ മുരുകനും കൂടി വന്നതുകൊണ്ട് മാത്രം ഇങ്ങനെ തുടർന്നെന്നു മാത്രം.
അല്ലെങ്കിലും ഇതങ്ങനെ തുടർന്ന് നടത്താവുന്ന ബിസിനസ്സല്ല. വിദേശത്തെവിടെയോ ഉള്ള കെട്ടിടത്തിന്റെ ഉടമ തിരിച്ചു വരുന്നതോടെ ഇവിടം ഒഴിഞ്ഞുകൊടുക്കേണ്ടിവരും. അന്ന് തന്റെ കള്ളി പൊളിയും. തനിക്കിപ്പോൾ മുരുകൻ ഉൾപ്പെടെയുള്ളവർ വച്ചുതന്ന മുതലാളിസ്ഥാനവും സൽപ്പേരും എല്ലാം ഒരു നീർക്കുമിളപോലെ പൊട്ടിത്തകരും. താൻ കാർ വാങ്ങിയതും കടവന്ത്രയിൽ വീടുവാങ്ങിയതും തന്റെ പൂർവ്വികസ്വത്ത് വിറ്റു കിട്ടിയ പണം കൊണ്ടാണെന്നു പറഞ്ഞാൽ എത്രപേർ വിശ്വസിക്കും. വൈറ്റിലയിൽ ഇനി തനിക്കുള്ളത് അൻപത് സെന്റ് ഭൂമി മാത്രമാണ്.
’ഇല്ല – ഇതവസാനിപ്പിച്ചേ പറ്റൂ. ശിവാനന്ദൻ സ്വയം പറഞ്ഞു. അല്പം ഉച്ചത്തിൽ തന്നെ. ഈയിടെയായി യാതൊന്നും ചിന്തിക്കാൻ മിനക്കെടുന്നില്ലെന്ന് അയാളോർത്തു. തന്റെ കർമ്മ മണ്ഡലത്തിലെ പ്രധാന സംഭവങ്ങളെല്ലാം ഉരുത്തിരിഞ്ഞത് പലപ്പോഴും ഏകാന്തമായ യാത്രക്കിടയിൽ വീണുകിട്ടുന്ന ചില വെളിപാടുകൾ മൂലമാണ്. ഈയിടെയായി അതും ഉണ്ടാകുന്നില്ല.
‘ഉണ്ട്’ അയാൾ വീണ്ടും സ്വയം പറഞ്ഞു. ഈ പരിപാടി നിർത്താൻ സമയമായെന്ന് തന്റെ ഉള്ളിലിരുന്ന് നിയന്ത്രിക്കുന്ന ശക്തി അയാളെ ഉപദേശിച്ചു കഴിഞ്ഞു. അതെ – ഇതവസാനിപ്പിക്കാം. മുരുകൻ വരുമ്പോഴേയ്‌ക്കും അതിനുള്ള നടപടികൾ തുടങ്ങണം.
കസ്തൂരിപ്പറമ്പിലെ അന്തേവാസികളെല്ലാവരും ഒത്തുകൂടുന്ന സന്ദർഭത്തിൽ അവരവരുടെ പേരിലുള്ള ബാങ്ക് ബാലൻസ് – പാസ്സ്‌ബുക്കുൾപ്പെടെ അവരെയേല്പിച്ച് സ്ഥലം വിടുക. പോകുന്നതിനു മുന്നേ സത്യം തുറന്നു പറയണം.
‘ഈ പറമ്പും കെട്ടിടവും എന്റെയല്ല. അതിന്റെ ഉടമസ്ഥൻ വരുന്നേടം വരെ നിങ്ങൾക്കുപയോഗിക്കാം. പക്ഷേ എന്നായാലും അന്നിവിടെ നിന്നിറങ്ങിയേ പറ്റൂ’ എന്ന സത്യാവസ്ഥ.
ദൂരെ നിന്നേ കണ്ടു. തന്റെ അടഞ്ഞു കിടക്കുന്ന വീടിന് മുന്നിൽ ഒരാൾക്കൂട്ടം. അടുത്തുവന്നപ്പോൾ സത്യത്തിൽ പേടിച്ചുപോയി. നഗരത്തിലെ പിച്ചക്കാരുടെ സംഘം തന്റെ വീടിനു മുന്നിൽ കൂടിനിൽക്കുന്നതു കണ്ടാൽ മറ്റുള്ളവർ എന്ത് കരുതും? നഗരത്തിലെ റസിഡ്യൻഷ്യൽ കോളനികളിലെ ഒരു പ്രത്യേകത അയൽപക്കങ്ങളുമായി ആരും അടുത്തബന്ധം പുലർത്താറില്ല എന്നതാണ്. ഓരോരുത്തരും അവരവരുടേതായ ലോകത്താണ്. സ്വന്തം കാര്യം തന്നെ നേരാംവണ്ണം നോക്കാൻ സമയം കിട്ടാത്തപ്പോൾ മറ്റുള്ളവരുടെ കാര്യങ്ങൾ നോക്കാന എവിടെ സമയം? എന്നാലും തന്റെ വീടിന് മുന്നിൽ ഇത്രയും പേർ ഒന്നിച്ച് നിൽക്കുന്നതു കണ്ടാൽ ആരും ശ്രദ്ധിച്ചുപോകും. ഒരു പക്ഷേ, പിച്ചക്കാരുടെ കൂട്ടമായതുകൊണ്ട് ആരും പുറത്തിറങ്ങി അന്വേഷിച്ചെന്ന് വരില്ല. എങ്കിലും ഇവരെന്തിനിവിടെ വന്നുവെന്നറിയാനുള്ള ആകാംക്ഷയോടെ ജനൽപാളികളിലൂടെയും വാതിൽ പഴുതുകളിലൂടെയും അവർ സൂക്ഷ്മനിരീക്ഷണം നടത്തും.
ഭയപ്പാടോടെയാണ് ചെന്നതെങ്കിലും കാർ നിർത്തിക്കഴിഞ്ഞപ്പോൾ എങ്ങനെയോ ഒരാത്മവിശ്വാസം തന്നിൽ തളിരിടുന്നതായി അയാളറിഞ്ഞു. ഗേറ്റ് തുറന്ന് കാറകത്തു കയറ്റി അവരെ കാർപ്പോർച്ചിൽ വച്ചുതന്നെ നേരിട്ടു.
കാര്യങ്ങൾ യാതൊരു മുഖവുരയും കൂടാതെ തന്നെ കുഞ്ഞുമുഹമ്മദ് അവതരിപ്പിച്ചു.
കെട്ടിടം റിപ്പയർ ചെയ്യണം. പനമ്പ് തട്ടികകൾ ദ്രവിച്ചവ മാറ്റണം. കിടക്കാൻ പായും തലയിണയും വേണം തണുപ്പുകാലത്ത് പുതയ്‌ക്കാൻ ഓരോ ഷീറ്റും വേണം. പറമ്പിലുള്ള കിണർ വറ്റിച്ച് ചെളിയും അഴുക്കും മാറ്റണം. രണ്ടുമൂന്ന് കക്കൂസും കുളിമുറിയും പണിയിക്കണം. കോർപ്പറേഷൻ ടാപ്പ് ഒന്നകത്തും വേണം.
ഇവരോടിനി തർക്കിച്ചിട്ട് കാര്യമില്ലെന്ന് മനസ്സിലായി. ഈ പരിപാടി ഇവിടംകൊണ്ട് നിർത്തുകയാണെന്ന് പറഞ്ഞാലും ഇവർ പിരിഞ്ഞുപോകുമോയെന്ന് തോന്നുന്നില്ല. ഇവരിവിടെ നിന്ന് പോകാൻ പറ്റിയ മാർഗം ഇവരുടെ ആവശ്യങ്ങൾ പരിഹരിക്കാമെന്ന് സമ്മതിക്കുകയാണ്. മുരുകൻ വരുന്നതുവരെ സാവകാശം വേണം. നേതാവാണെന്ന് തോന്നുന്ന കുഞ്ഞുമുഹമ്മദിനോടായി പറഞ്ഞുഃ
‘നിങ്ങൾ പറഞ്ഞതൊന്നും കൂടുതലല്ല. ഇതിൽ പലതും നമുക്ക് കോർപ്പറേഷനിൽ പറഞ്ഞ് ചെയ്യിക്കാൻ പറ്റുമോന്ന് നോക്കണം. ഏതായാലും കെട്ടിടം റിപ്പയർ ചെയ്യാനും കിണർ തേവിക്കാനുമുള്ള നടപടി ഉടനെ തുടങ്ങാം. മുരുകൻ ഒരു ദിക്കുവരെ പോയിരിക്കുകയാണ്. ഒന്നിങ്ങോട്ട് വന്നോട്ടെ’.
‘മൊതലാളി – മൊതലാളി ഞങ്ങളെ പറഞ്ഞ് പറ്റിക്കരുത്. ഞങ്ങക്കാ മുരുകനെ ഒട്ടും വിശ്വാസമില്ല. നൊണ്ടിയാണെങ്കിലും നീറാണവൻ. അവൻ പറയണതേ ശരിയെന്ന് വാശിപിടിക്കുന്നവനാ’.
“അതെ – മൊതലാളി – അവനെയേല്പിക്കേണ്ട. അതിലും ഭേദം മൊതലാളി തന്നെ ആരെയെങ്കിലും വിട്ട് ചെയ്യിക്കുന്നതാ -‘
കൂടെയുള്ളവരെല്ലാം കുഞ്ഞുമുഹമ്മദിനെ ശക്തമായി പിന്താങ്ങിയപ്പോൾ ഈ ആകുലാവസ്ഥയിലും ശിവാനന്ദൻ ചിരിച്ചുപോയി.
’എടോ – തന്റെ പേരെന്നെന്നാ പറഞ്ഞെ? താൻ അല്ലെ തുടക്കമിട്ടെ‘
’കുഞ്ഞുമുഹമ്മദ്‘.
’എടോ – അതൊക്കെ തന്റെ തെറ്റിദ്ധാരണയാ‘ നീറിനെപ്പോലെ വാശി പടിക്കണവനാണേലും അവനൊരിക്കലും നിങ്ങൾക്ക് നല്ല കാര്യം ചെയ്യണേന് എതിര് നിൽക്കില്ല. നിങ്ങളുടെ ഒരു പൈസപോലും നിങ്ങളെ കണക്കിൽ നിന്നെടുക്കില്ല. നിങ്ങൾക്കവനെ മനസ്സിലാവാഞ്ഞിട്ടാ. ഒരിക്കലും ഒന്നുപറഞ്ഞ് വേറൊന്ന് ചെയ്യുന്ന രീതി അവനില്ല.
ശിവാനന്ദൻ അങ്ങനെ തറച്ചുപറഞ്ഞപ്പോൾ അത് ചിലപ്പോൾ ശരിയാവാമെന്നവർക്ക് തോന്നി. എങ്കിലും തങ്ങളുടെ പേരിലുള്ള പൈസയുടെ കാര്യം ചോദിക്കണമെന്നുണ്ടായിരുന്നു. അവരുടെ മനോഗതം വായിച്ചറിഞ്ഞിട്ടെന്ന മട്ടിൽ ശിവാനന്ദൻ തുടർന്നു ഃ
’നിങ്ങളോരോരുത്തരുടേയും പേരിലുള്ള കണക്ക് നിങ്ങളെ അറിയിക്കും. മുരുകൻ വരട്ടെ. എന്നിട്ട് ഞങ്ങൾ അവിടെ വരുന്നുണ്ട്.‘
എല്ലാവരും പരസ്പരം നോക്കി. ഒരു വാഗ്വാദത്തിനും വക്കാണത്തിനും തയ്യാറായി വന്നവർക്ക് ശിവാനന്ദന്റെ സമീപനം അത്ഭുതമായിരുന്നു. അവസാനം കുഞ്ഞുമുഹമ്മദ് പറഞ്ഞുഃ
’ശരി മൊതലാളി – മൊതലാളി പറഞ്ഞാ ഞങ്ങൾക്ക് വിശ്വാസമാ – ഞങ്ങൾ പോണു -‘
അവർ പോയിക്കഴിഞ്ഞപ്പോൾ മുതലാളി നെടുതായൊന്ന് നിശ്വസിച്ചു. അയാളുടെ പേടി ചുറ്റുപാടുള്ളവർ ഇത് കണ്ടുകാണുമോ എന്നതായിരുന്നു.
’ഏതായാലും ഈ പണി നിർത്തേണ്ട സമയമായി. തന്റെ മനസ്സിലെ മുന്നറിയിപ്പ് സ്വീകരിക്കുക തന്നെ വേണം. കാര്യങ്ങളുടെ പോക്ക് അങ്ങനെയാണ്. ഇക്കഴിഞ്ഞ രണ്ടുദിവസത്തെ സംഭവങ്ങൾ നൽകുന്ന സൂചന അതാണ്‘.
രണ്ടുദിവസം മുമ്പ് രാത്രി വരുന്നവഴി കണ്ട ആ പയ്യൻ ഒരു നിമിത്തം മാത്രമാവാം. അല്ലെങ്കിൽ കുട്ടികളെ ആദ്യത്തെ ഒരു വർഷക്കാലത്ത് സ്വീകരിച്ചതിനുശേഷം വേണ്ടെന്ന് വച്ചത് – രണ്ടുദിവസം മുമ്പ് ആ പയ്യനെ വഴിയരികിൽ കണ്ടതോടെ അവനെ കൂട്ടത്തിലെടുത്താലെന്താ എന്ന് തോന്നിക്കാനെന്താവും കാരണം?
ഇപ്പോഴിതാ – ഒരു പയ്യൻ മുരുകന്റെ വീട്ടിൽ. പതിവില്ലാതെ കസ്തൂരിപ്പറമ്പിൽ ആദ്യമായൊരു സ്ര്തീയും വന്ന് പെട്ടിരിക്കുന്നു. ഇതൊക്കെ നൽകുന്ന സൂചന വ്യത്യസ്തമായി എന്തൊക്കെയോ ചിലത് സംഭവിക്കാൻ പോകുന്നുവെന്ന സൂചനയാണ്.
അതെ എല്ലാം പതിവില്ലാത്ത കാര്യങ്ങളാണ്. മുരുകനെ താൻതന്നെ സേലത്തേയ്‌ക്കയക്കുക. അറുമുഖം ഒരു പെണ്ണിനെ കൂട്ടി തന്റെയടുക്കൽ ചില ആവലാതികളുമായി വരിക – ആദ്യമായിട്ടീ വീടിന് മുന്നിൽ കസ്തൂരിപ്പറമ്പിലെ അന്തേവാസികൾ കൂട്ടം കൂട്ടമായി വരിക –
എല്ലാം നൽകുന്ന സൂചന ചില തീരുമാനങ്ങളെടുക്കേണ്ട സമയമായെന്ന മുന്നറിയിപ്പ് നൽകുകയാണ്.
Generated from archived content: daivam16.html Author: mk_chandrasekharan