സേലത്ത് നിന്ന് പോന്നതിനു ശേഷം ഏകാന്തമായ രാവുകളിൽ ചിലപ്പോൾ ക്ഷണിക്കാത്ത അതിഥിയെപ്പോലെ മനസ്സിനുള്ളിലേയ്‌ക്ക് കടന്നുവരുന്ന കരഞ്ഞുവീർത്ത സുന്ദരിയുടെ മുഖം പലപ്പോഴും അലോസരപ്പെടുത്താറുണ്ട്. പക്ഷേ, ഏതാനും നിമിഷങ്ങൾക്കുശേഷം ആ ചിന്തകളിൽ നിന്നും മുക്തനാകാൻ തനിക്ക് സാധിച്ചിരുന്നു. ഇപ്പോഴിതാ – ഇവർ – അറുമുഖവും അവന്റെ കൂടെയുള്ള ഈ പെണ്ണും പറഞ്ഞകാര്യങ്ങൾ തന്റെ ഉള്ളിൽ നിന്നും പെട്ടെന്നൊന്നും പോകുമെന്ന് തോന്നുന്നില്ല. അതിനേക്കാളുപരി തന്റെ കുഞ്ഞ് – തന്റെ രക്തത്തിൽ പിറന്ന സുന്ദരി പ്രസവിച്ച കുഞ്ഞ് – ദൈവമേ – എന്ത് ദുഷ്ടനാണ് ഞാൻ?
സ്വന്തം കുഞ്ഞിനെപ്പറ്റി ഇടയ്‌ക്കെന്നു ചിന്തിക്കുകപോലും ചെയ്യാത്ത ഒരച്ഛൻ! ആ കുഞ്ഞിന് അച്ഛന്റെ ലാളന അനുഭവിക്കാനുള്ള ഭാഗ്യമുണ്ടായില്ലല്ലൊ. ഇവർ പറഞ്ഞത് ശരിയാണെങ്കിൽ അവന് അമ്മയുടെ സ്നേഹവും കിട്ടിക്കാണില്ല.
ശിവാനന്ദന്റെ മനസ്സിൽ ഇപ്പോൾ ഇവർ പറഞ്ഞ നായാടിയുടെ മാറാപ്പിൽ സുരക്ഷിതത്വത്തോടെ കിടന്നുറങ്ങുന്ന കുഞ്ഞിന്റെ ചിത്രമാണ് തെളിഞ്ഞുവരുന്നത്. ഏതെങ്കിലും പറമ്പിൽ നിന്നോ പാടത്തിന്റെ ഇറമ്പിൽ നിന്നോ പിടിച്ചെടുത്ത വിഷജന്തുക്കളെ കെട്ടിവലിച്ചുകൊണ്ടുപോകുന്ന ആ നായാടിയുടെ ചിത്രം. അവന്റെ പിന്നിൽ കെട്ടിയിട്ട ഭാണ്ഡത്തിനുള്ളിൽ വിരൽ ഈമ്പി ഉറങ്ങിക്കിടക്കുന്ന തന്റെ കുഞ്ഞ്.
ശിവാനന്ദൻ തന്റെ ജീവിതത്തിൽ ഇത്രമാത്രം ഈശ്വരനെ വിളിച്ച് കേണു കാണില്ല. ഇപ്പോൾ ഈ പത്തുപതിനഞ്ച് മിനിട്ടുകൾക്കിടയിൽ എത്രയോ പ്രാവശ്യം തന്റെ മനസ്സ് മൂകമായി ജഗദീശ്വരനെ വിളിച്ച് കേണിരിക്കുന്നു!
ശിവാനന്ദന്റെ പെട്ടെന്നുണ്ടായ ഈ ഭാവമാറ്റങ്ങൾ കണ്ട് ഒന്നും മനസ്സിലാക്കാനാവാതെ പരിഭ്രാന്തരായി നിൽക്കുകയാണ് അറുമുഖവും മീനാക്ഷിയും. കസ്തൂരിപ്പറമ്പിലെ തങ്ങളുടെ താവളത്തിൽ നിന്ന് അവർ വന്നത് കുഞ്ഞുമുഹമ്മദിനെപ്പറ്റി ആവലാതി ബോധിപ്പിക്കാൻ. മുരുകന്റെ വീട്ടിലെത്തുന്നതുവരെയും ആ ഒരു ചിന്തയേ മനസ്സിലുണ്ടായിരുന്നുള്ളൂ. പക്ഷേ അവിടെവച്ച് ആ പെണ്ണിനെ കണ്ടതോടെ തന്റെ ചിന്തകൾ വേറൊരു വഴിക്കായി. അതെങ്ങനെ തനിക്ക് പ്രയോജനപ്പെടുത്താമെന്ന് വിചാരിച്ചിരിക്കുമ്പോഴാണ് അവളുടെ കൂടെയുള്ള ആ പയ്യൻ സേലത്തെ ഒരു നായാടിയുടെ കൂടെയുണ്ടായിരുന്നവനാണെന്ന അറിവ് മീനാക്ഷി പകർന്നുതന്നത്. അതോടെ തങ്ങൾക്ക് പിടിച്ചുനിൽക്കാനുള്ള വാദഗതികൾ ഒന്നു മാത്രമല്ല എന്ന് ബോധ്യമായി. ആ സന്തോഷത്തോടെയാണ് അറുമുഖം മീനാക്ഷിയേയും കൂട്ടി ഇങ്ങോട്ടു പോന്നത്.
മീനാക്ഷിയെ താൻ കല്യാണം കഴിച്ചതല്ലെങ്കിലും തന്റെ കൂടെ സ്വമനസ്സാലെ ഇറങ്ങിപ്പോന്നതാണ്. മാത്രമല്ല അവൾ വേലുണ്ണിയുടെയും ഭാര്യയായിരുന്നില്ല. വേലുണ്ണിയുടെ ആദ്യഭാര്യ അവനെ ഉപേക്ഷിച്ചുപോയപ്പോൾ വന്നുകയറിയ ഒരുവൾ. വേലുണ്ണിക്ക് ഒരു പുരുഷന്റെ സുഖം നൽകാൻ സാദ്ധ്യമല്ലെന്ന് മനസ്സിലായപ്പോൾ അവനെ ഉപേക്ഷിച്ച് എങ്ങോട്ടെങ്കിലും പോയാലെന്തായെന്ന് വിചാരിച്ചിരിക്കുന്ന സന്ദർഭത്തിലാണ് താനവിടെ ചെല്ലുന്നത്. തന്റെ തൊഴിലെന്താണെന്നും താനാരാണെന്നും അറിഞ്ഞുകൊണ്ട് കൂടെവന്നതാണ് മീനാക്ഷി.
മുരുകന്റെ കൂടെയുള്ള പെണ്ണിനെപ്പറ്റി അങ്ങനെ പറയാമോ? ട്രെയിനിൽ വച്ച് അവളുടെ മുമ്പിൽച്ചെന്ന് പെട്ടതായിരിക്കും. അഞ്ചുവർഷം മുമ്പ് ഇവളെയും കൊണ്ട് മദ്രാസിന് പോകാനായി വേലുണ്ണി സേലത്ത് സ്‌റ്റേഷനിൽ കൂട്ടിക്കൊണ്ടുവന്നപ്പോൾ ഇവളെ താനും സുപ്രനും കൂടി ആ കെണിയിൽ നിന്നും രക്ഷിക്കാനായി വേലുണ്ണി പ്ലാറ്റ് ഫോമിലുള്ള ടീ സ്‌റ്റാളിനടുത്തേയ്‌ക്ക് പോയ സന്ദർഭത്തിൽ ‘തെക്കോട്ടു’വന്നുചേർന്ന വണ്ടിയിൽ കയറ്റിപ്പോരുകയായിരുന്നു. അന്ന് സുപ്രന്റെ ഉദ്ദേശ്യവും നല്ലതല്ലെന്ന മനസ്സിലായ സന്ദർഭത്തിൽ ഉണ്ടായ കശപിശ പിന്നൊരു പൊരിഞ്ഞ ഏറ്റുമുട്ടലായി മാറിയ സന്ദർഭത്തിൽ ഇവളവിടെ നിന്നും രക്ഷപ്പെട്ട് വന്നുചേർന്നത് ആ നൊണ്ടിയുടെ കൈളിലേയ്‌ക്കായിരിക്കും. എന്നാലും ഇവളെവിടെ നിന്നു വരുന്നുവെന്നും ആരാണ് അവനന്വേഷിച്ചു കാണുമോ? ഇല്ല. അവനതൊന്നും മെനക്കെടാതെ സ്വന്തമാക്കി മാറ്റുകയായിരുന്നു. എന്നിട്ടോ – അവനാണ് പലപ്പോഴും കസ്തൂരിപ്പറമ്പിൽ വന്ന് തങ്ങളെയൊക്കെ ഉപദേശിച്ച് നന്നാക്കാൻ നോക്കുന്നത്! ഇപ്പോഴിതാ – വേറൊരു കൊച്ചിനേം – അവൻ കട്ടോണ്ട്‌വന്ന് കൂടെ നിർത്തിയിരിക്കുന്നു. ഇതൊക്കെ താനാ ചെയ്തതെങ്കിൽ ബഹളമായി. അന്വേഷണമായി. ചോദ്യം ചെയ്യലായി. മുരുകൻ ചെയ്താൽ കുഴപ്പമില്ല. ഇതിനോടാണ് തനിക്ക് യോജിക്കാൻ വയ്യാത്തത്.
ശിവാനന്ദനും അറുമുഖവും ഇങ്ങനവരവരുടേതായ ന്യായാന്യായ ചിന്തകളാൽ തങ്ങളുടെ ശരിയും തെറ്റും വിലയിരുത്താൻ ശ്രമിക്കക്കുമ്പോൾ മീനാക്ഷിയുടെ മനസ്സിലെ ചിന്തകൾ വേറൊന്നായിരുന്നു. അറുമുഖത്തിന്റെ പേരിൽ നല്ലൊരു സംഖ്യ ബാങ്കിലുണ്ടെന്ന് പറഞ്ഞത് അവൻ തന്നെയാണ്. അനുനയത്തിൽകൂടി അതെങ്ങനെയെങ്കിലും കൈക്കലാക്കണമെന്ന മോഹമായിരുന്നു ഇതുവരെ. അറുമുഖം അന്നു പറഞ്ഞത് ആ പൈസയും മേടിച്ച് എങ്ങനെങ്കിലും ഇവിടെ നിന്ന് സ്ഥലംവിടണമെന്നാണ്. ഇപ്പോൾ ഇവരൊക്കെ പറയുന്ന ആ നൊണ്ടിയുടെ കൂടെ നിൽക്കണ പെണ്ണിനേം കൊച്ചനേം കണ്ടതോടെ തന്റെ പദ്ധതി പൊളിയുമോ എന്ന ഭയമായി മാറി മീനാക്ഷിക്ക്. ഏതായാലും ബാങ്കിലെ പൈസയെപ്പറ്റി ചോദിക്കാനുള്ള സമയമിതല്ല എന്നവൾക്ക് ബോധ്യമായി. അല്പം കൂടി കാക്കണം. അതുകൊണ്ട് തൽക്കാലം അറുമുഖത്തിനെ എവിടെ നിന്നെങ്ങനെയെങ്കിലും കൂട്ടിക്കൊണ്ടുപോയേ പറ്റൂ. അല്ലെങ്കിൽ ഈ മുതലാളി ഇടുന്ന പദ്ധതിക്ക് ചിലപ്പോൾ ഇയാളേം കൂടെ കൂട്ടിയെന്നിരിക്കും. എങ്ങനെ അറുമുഖത്തിനെ ഇവിടെ നിന്ന് മാറ്റണമെന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് ശിവാനന്ദൻ അവരുടെ നേരെ തിരിഞ്ഞത്.
‘എടാ – അറുമുഖം നീ ഇപ്പം ഏതായാലും പോ. മുരുകൻ വരട്ടെ. ഞാനിതൊക്കെയൊന്നന്വേഷിക്കട്ടെ. ഇപ്പം എനിക്ക് നല്ല സുഖം തോന്നണില്ല. അതോണ്ട് നീയിപ്പം പോ’.
ശിവാനന്ദൻ ആ വാക്കുകൾ പറഞ്ഞതോടെ മീനാക്ഷി അറുമുഖത്തെ ബലമായെന്നോണം പിടിച്ചുവലിക്കുകയായിരുന്നു.
ഗേറ്റുകടന്ന് വെളിയിലെത്തിയപ്പോഴാണ് അറുമുഖം അയ്യടാന്നായത്. താനെന്ത് കാര്യത്തിനായിരുന്നു ഈ കൊച്ചുവെളുപ്പാൻ കാലത്ത് വയ്യാതെ ഇത്രയും ദൂരം താണ്ടിവന്നത്!
Generated from archived content: daivam14.html Author: mk_chandrasekharan