പതിവില്ലാതെ ഗേറ്റ് തുറന്ന് കടന്നുവരുന്ന അറുമുഖത്തേയും കൂടെയുള്ള തടിച്ച സ്ര്തീയേയും കണ്ട് ശിവാനന്ദൻ അത്ഭുതംകൂറി. അറുമുഖം ആദ്യമായിവിടെ വരികയാണ്. ഈ സ്ര്തീയും.
ഇവളേതാണ്? ഇവളെങ്ങനെ അറുമുഖത്തിന്റെ വരുതിയിൽ വന്നുപെട്ടു? കസ്തൂരിപ്പറമ്പിലാണോ ഇവളുടെ വാസം? വർഷങ്ങൾക്ക് മുമ്പ് കസ്തൂരിപ്പറമ്പിൽ, അലഞ്ഞുതിരിയുന്ന ഭിക്ഷക്കാരെ അധിവസിപ്പിക്കാൻ തുടങ്ങുമ്പോൾ താനൊരു നിബന്ധനവച്ചിരുന്നു. ഒരിക്കലും ഇവിടെ സ്ര്തീകളെ വേണ്ട. അവർ വന്നാൽ പ്രശ്നങ്ങൾ കൂടുകയേ ഉള്ളൂ. മാത്രമല്ല, ഒരിക്കലും മനസ്സമാധാനവും സ്വൈര്യവും കിട്ടിയെന്നുവരില്ല.
തന്റെയീ നിബന്ധനകളെല്ലാം നടപ്പാക്കിയിരുന്നു മുരുകൻ. അറുമുഖം അന്നും സ്ര്തീവിഷയത്തിൽ തല്പരനായിരുന്നെന്ന് തനിക്ക് തോന്നിയിരുന്നു. മുരുകനും എന്തുകൊണ്ടോ അങ്ങനൊരു നിഗമനത്തിലാണെത്തിച്ചേർന്നത്. ഇവനിവിടെ ഒളിച്ചു താമസിക്കാനുള്ള കാരണം തന്നെ ഏതോ സ്ര്തീയുമായുള്ള പ്രശ്നത്തെ ചൊല്ലിയുള്ള അടിപിടിയും ബഹളവും മൂലമാണ്. അതൊരുപക്ഷേ, കൊലപാതകംവരെ എത്തിക്കാണും. അല്ലെങ്കിൽ ഇത്രയും കാലം ഇവനിവിടെ ഒളിച്ചും പാത്തും കഴിയുമോ? ആഴ്‌ചയിലൊന്നോ അല്ലെങ്കിൽ രണ്ടോ തവണ വെളിയിൽ കടക്കുമ്പോൾ അവൻ മെയിൻ റോഡിൽകൂടി കടന്നുപോകാതിരിക്കാൻ ശ്രദ്ധിച്ചിരുന്നു. സഞ്ചാരം അധികവും രാത്രിയിലും ജനവാസം കുറവുള്ള റോഡുകളിലൂടെയും ആയിരുന്നു.
പക്ഷേ ഒരു കാര്യത്തിൽ ഇവനെ സമ്മതിക്കണം. മറ്റുള്ളവർ ആഴ്‌ചയിൽ അഞ്ചോ ആറോ ദിവസം പോയി ഭിക്ഷാടനം നടത്തിക്കൊണ്ടുവരുന്ന കാശ് ഇവൻ ചിലപ്പോൾ ഒന്നോ രണ്ടോ ദിവസംകൊണ്ട് കൊണ്ടുവരുമായിരുന്നു. ഓരോ ദിക്കിലുമുള്ള പെരുന്നാളുകൾ, ഉത്സവങ്ങൾ, ആഘോഷങ്ങൾ – ഇതെല്ലാം അവന് കാണാപ്പാഠമാണ്.
പക്ഷേ, പൈസ കൊണ്ടുവന്നുകഴിഞ്ഞാൽ പിന്നെ മുരുകനുമായി തർക്കമുണ്ടാകുമെന്ന് തീർച്ച. കൊണ്ടുവരുന്നതിന്റെ നാലിലൊന്ന് സംഘത്തെ ഏല്പിക്കണമെന്നാണ് ചട്ടം. അങ്ങനെ ഏല്പിക്കുന്ന പൈസയുടെ പകുതി അതാത് വ്യക്തിയുടെ പേരിൽ ബാങ്കിൽ നിക്ഷേപിക്കുകയാണ്. അറുമുഖത്തിന് അക്കാര്യത്തിൽ ചില പിടിവാശികളുണ്ട്. ശിവാനന്ദനെയും മുരുകനെയും എങ്ങനെ ഇക്കാര്യത്തിൽ വിശ്വസിക്കാമെന്നാണ് ചോദ്യം. ആ കാശും അവരു വഹിക്കില്ലേ? ഈ കേസും കൂട്ടവുമില്ലായിരുന്നെങ്കിൽ ഇക്കാര്യത്തിൽ തന്റെ തനിസ്വരൂപം കാണിക്കുമായിരുന്നു.
അത് ശരിയാണെന്ന് ശിവാനന്ദന് തോന്നിയിരുന്നു. ഈ കേസും ബഹളവുമില്ലായിരുന്നെങ്കിൽ ഇവനിങ്ങനെ ഒതുങ്ങിക്കഴിയുമായിരുന്നോ? ചിലപ്പോൾ ഇവിടം വിട്ട് പോവില്ലായിരുന്നോ…?
‘മൊതലാളി – മൊതലാളിക്ക് ഞങ്ങളൊക്കെ പെണ്ണുങ്ങളുമായി കഴിയുന്നതിലേ വെഷമമുള്ളൂ. അല്ലെ? ബാക്കിയുള്ളോർക്ക് എങ്ങനെ വേണമെങ്കിലും ആകാം’.
അവൻ യാതൊരു മുഖവുരയുമില്ലാതെ വിഷയത്തിലേയ്‌ക്ക് കടന്നു. പക്ഷേ കുഞ്ഞുമുഹമ്മദിനെപ്പറ്റിയുള്ള പരാതിയല്ലെന്ന് മാത്രം. കുഞ്ഞുമുഹമ്മദ് ദേഹോപദ്രവം ഏല്പിച്ചതിന്റെ പരാതിയും ചികിത്സയ്‌ക്ക് പൈസയും വേണമെന്ന് പറയാനായിരുന്നു വന്നത്. മാത്രമല്ല കുഞ്ഞുമുഹമ്മദിനെ അവിടെനിന്നും മാറ്റുകയും വേണം. പക്ഷേ ആ വിഷയത്തിൽ നിന്നെല്ലാം അറുമുഖം മാറിക്കഴിഞ്ഞു. മുരുകന്റെ കൂരയിൽ ചെന്ന് മാണിക്യത്തേയും വള്ളിയേയും കണ്ടതോടെ അവന്റെ പരാതിയും ആവലാതിയും അവരെപ്പറ്റിയായി.
‘താനെന്താ കാര്യമെന്ന് തുറന്ന് പറയെടോ? ഈ പരാതി പറയുന്ന തനിക്കിപ്പം എവിടന്നാ ഈ പെണ്ണിനെ കിട്ടിയെ?
’അതാ മൊതലാളി എനിക്കും പറയാനൊള്ളത്. ഞാൻ പെണ്ണിനെ കൊണ്ട് വന്നാലേ മൊതലാളിക്ക് പരാതിയുള്ളൂ. മറ്റുള്ളവർ വല്ലവന്റേം പെണ്ണിനേം വേറെ വല്ലവന്റേം കൊച്ചിനേം കൊണ്ടുവന്നാൽ ഒരു കൊഴപ്പവുമില്ല.
“എടാ അറുമുഖം” എന്തോ പന്തികേട് ഇവന്റെ വാക്കുകൾ കേട്ടതോടെ ശിവാനന്ദന് തോന്നി. ഇവൻ സാധാരണ തന്റെ മുന്നിൽ വരാറില്ല. ഇവന്റെ പരാതിയും ദേഷ്യവുമെല്ലാം മുരുകന്റെ അടുക്കൽ തീർക്കുകയാണ് പതിവ്. വഴക്കിന്റെയും വാചകമടിയുടെയും കാര്യത്തിൽ മുരുകൻ തോറ്റുപോകുന്നത് ഇവന്റെയടുത്തുമാത്രം. പക്ഷേ അവൻ ഒരിക്കലും അടിയറവു പറയില്ല. അവസാനം അറുമുഖം മുട്ടുകുത്തി പറയണ കാശുകൊടുത്താലേ സമ്മതിക്കുകയുള്ളൂ. പക്ഷേ ഇന്നങ്ങനത്തെ കേസൊന്നുമല്ലെന്ന് തോന്നുന്നു. ഏതോ ഒരു പെണ്ണിനേം പിന്നൊരു കൊച്ചിനേം ചൊല്ലിയുള്ള പരാതിയാണ്.
‘എടാ – നിന്നെ കാണുന്നതിന് മുന്നേ മുരുകനെ എനിക്കറിയാം. അവനെ ഞാനാദ്യം കാണുന്നത് ആറുവർഷം മുമ്പാണ്. അത് കഴിഞ്ഞ് അവൻ എന്റെ കൂടെ കൂടിയിട്ട് അഞ്ചുവർഷത്തിന് മേലായി. എന്റെ കൂടെ കൂടിയപ്പം മൊതലീ പെണ്ണവന്റെ കൂടൊണ്ട്. അക്കാര്യം അവൻ പറഞ്ഞിട്ടൊണ്ട്. പാലത്തിനടുത്തുള്ള അമ്പലത്തില് വച്ച് അവനവളെ താലികെട്ടുകേം ചെയ്തു. ഇനി ഇപ്പം അതിന് ഞാനെന്നാ വേണമെന്നാ…?
’മൊതലാളി പറഞ്ഞതൊക്കെ ശരി – ഇതവന്റെ പെണ്ണല്ല. വേലുണ്ണീന്ന് പേരുള്ള ഒരു റിക്ഷാക്കാരന്റെ കൂടെയൊണ്ടാരുന്നതാ. ഞാനും വേറൊരുത്തനും കൂടിയാ അവളെ അവിടെനിന്നും രക്ഷിച്ചെ. പക്ഷേ അന്നൊരു കേസിൽപ്പെട്ടതുകൊണ്ട് എനിക്കിത്രേം ദൂരെ – ഇവിടെ വന്ന് ഒളിച്ച് കഴിയേണ്ടിവന്നു. ട്രെയിനിൽ വച്ചുതന്നെ – ഇടയ്‌ക്കെപ്പോഴോ വണ്ടിനിന്നപ്പം അവളിറങ്ങി ഓടിയെന്നേ അറിയാവൂ. അവളാണ് മുരുകന്റെ കൂടെ കൂടീതെന്ന് ഇന്നാ ഞാനറിഞ്ഞെ.‘
അറുമുഖത്തിന്റെ വാക്കുകൾ അവഗണിക്കാനാണാദ്യം തോന്നിയത്. പക്ഷേ, സേലമെന്നും റിക്ഷാക്കാരനെന്നും കേട്ടപ്പോൾ ശിവാനന്ദന് ഒരു വീണ്ടുവിചാരം. മുരുകൻ പെണ്ണിനെ കണ്ടതും ട്രെയിനിൽവച്ച് ഡോറിന്നരികിൽ തൂങ്ങി നിൽക്കണ അവളെ കൈകൊടുത്തു കയറ്റുകയാണത്രെ ചെയ്തത്. ഇവിടെ വന്ന് അവളെ കൂടാതെ നീങ്ങിയപ്പോൾ അവൾ കരഞ്ഞുകൊണ്ട് വണ്ടിക്ക് തലവെച്ച് ചത്തുകളയുമെന്ന് പറഞ്ഞത്രെ. ഇതു കേട്ടപ്പോൾ എന്തും വരട്ടേന്ന് കരുതി കൂട്ടിക്കൊണ്ടു വന്നതാണവന്റെ ഭാഷ്യം. മാത്രമല്ല പെണ്ണ് പെഴയല്ലെന്ന് അവന് ബോദ്ധ്യവും വന്നത്രെ.
ഇപ്പോൾ ഇവന്റയീ വാക്കുകളോടെ ശിവാനന്ദന് മുരുകന്റെ പെണ്ണിനെ കാണണമെന്ന മോഹമധികരിച്ചു. അന്ന് സേലത്ത് നിന്ന് പോന്നതിൽ പിന്നെ പെണ്ണുങ്ങളുമായൊരിടപാടും വേണ്ടെന്ന് തീരുമാനിച്ചതായിരുന്നു. ഇക്കാലത്തിനിടയ്‌ക്ക് ഒരുത്തിയെ മാത്രമേ സ്നേഹിച്ചൊള്ളൂ. അവളെ താൻ കൂടെ കൂട്ടുകയും ചെയ്തു. അവസാനം അവളും നഷ്ടപ്പെട്ടതോടുകൂടി ഇനിയൊരുവളുമായിട്ടും ഒരു ബന്ധവും വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. വിവാഹാലോചനയുമായി വന്നവരെയെല്ലാം നിരാശപ്പെടുത്തി പറഞ്ഞയക്കുകയായിരുന്നു. മുരുകൻ കഴിഞ്ഞ ദിവസം ഒരു കുടുംബത്തെപ്പറ്റിയും കാത്തിരിക്കാൻ ഒരുവളുണ്ടെന്ന വിചാരം വരുത്തുന്ന ചുമതലാബോധത്തെയും അടുക്കും ചിട്ടയുമുള്ള ഒരു ജീവിതത്തെപ്പറ്റിയും പറഞ്ഞപ്പോൾ മനസ്സൊന്ന് ചഞ്ചലപ്പെട്ടില്ലെന്നില്ല. എന്നാലും പിടിച്ചു നി.ന്നു. പക്ഷേ ഒരു കാര്യത്തിൽ മാത്രം മുരുകന് സ്വാതന്ത്ര്യം കൊടുത്തു. സേലം വരെപ്പോയി തന്റെ ഭാര്യാവീട്ടുകാരെപ്പറ്റി അന്വേഷിച്ച് വരാൻ. സുന്ദരി വീണ്ടും അവിടെ തിരിച്ചെത്തിയോ, തന്റെ കുഞ്ഞ് അവളുടെ കൂട്ടത്തിലുണ്ടോ എന്നൊക്കെ അറിയാൻ. ഏകാന്തമായ രാവുകളിൽ പലപ്പോഴും സുന്ദരിയുടെ കരഞ്ഞുവീർത്ത മുഖം മനസ്സിലേക്ക് കടന്നുവരും. കുഞ്ഞിനെപ്പറ്റി അവൾ അന്ന് സംസാരിച്ചതും പ്രവർത്തിച്ചതും സമനില തെറ്റിയ ഒരുവളെപ്പോലായിരുന്നു. എന്നിട്ടും താൻ കരുതിയത് കുഞ്ഞ് വേറെവിടെങ്കിലും അവളുടെ അറിവോടെ വളരുന്നുണ്ടാവുമെന്നാണ്. പക്ഷേ, ഇപ്പോൾ തോന്നുന്നു; ആശുപത്രിയിൽ അവൾ അബോധാവസ്ഥയിൽ കിടന്ന അവസരത്തിൽ ദൊരൈയുടെയും അയാളുടെ ഭാര്യയുടെയും അറിവോടെ കുഞ്ഞിനെ സുന്ദരിയറിയാതെ ആർക്കോ കൈമാറുകയായിരുന്നെന്ന്. ഒരു പക്ഷേ, വേലുണ്ണിയും അതിന് കൂട്ട് നിന്നുകാണും.
’എടാ – അറുമുഖം, നിനക്കെങ്ങനറിയാം, മുരുകന്റെ പൊണ്ടാട്ടി സേലത്തുകാരിയാണെന്ന്. നീയവളെ നേരത്തെ അറിയുമോ?‘
’മൊതലാളി – അവളാരുടെ പെണ്ണാ – എവിടത്തുകാരിയാ – ഇതൊന്നും എനിക്കറിഞ്ഞുകൂടാ. ഞാനാദ്യം കരുതീത് അവള് വേലുണ്ണീടെ ബന്ധത്തിൽപ്പെട്ടതാന്നാ. അല്ലാന്ന് അവനവളെ ആർക്കോ കാഴ്‌ചവയ്‌ക്കാനായി സ്‌റ്റേഷനിൽ കൊണ്ടുവന്നപ്പം ഞാനൂഹിച്ചു. അന്നാണ് ഞാനവളെ അവനറിയാതെ തെക്കോട്ടുള്ള വണ്ടിക്കേറ്റിയേ. സഹായത്തിന്, വേലുണ്ണീടെ കൂട്ടുകാരൻ സുപ്രനുമുണ്ടായിരുന്നു.‘
വീണ്ടും മനസ്സ് ചഞ്ചലപ്പെടുന്നു. സേലത്തുകാരി എന്ന് കേട്ടപ്പോൾതന്നെ ശിവാനന്ദന്റെ നെഞ്ച് പിടയ്‌ക്കാൻ തുടങ്ങിയിരുന്നു. ഇതവളായിരിക്കുമോ? സുന്ദരി – അപ്പോൾ തന്റെ കുഞ്ഞ്?
’എടാ – അവളുടെ കൂടെ വേറാരെങ്കിലുമുണ്ടോ?
‘മുരുകനെ കൂടാതെ ഒരു കൊച്ചുണ്ട്. അഞ്ചാറ് വയസ്സ് പ്രായം വരും.’
പിന്നെ കൂടെയുള്ള മീനാക്ഷിയെ ചൂണ്ടി അവൻ തുടർന്നുഃ
‘ഇവള് പറയണത് ഇതവളുടെ കൊച്ചല്ലാന്നാ. അവിടെ സേലത്ത് ഒരു നായാടീടെ കൂടെ അവനെ കണ്ടിട്ടുണ്ടത്രെ’.
‘ഈശ്വരാ – ! ശിവാനന്ദൻ മനസ്സിൽ വിളിച്ചുപോയി.
ഇതവൾ തന്നെയായിരിക്കുമോ? അപ്പോഴാ കൊച്ചോ – ആശുപത്രിയിൽ നിന്ന് കാണാതെ പോയെന്ന് പറഞ്ഞ കുഞ്ഞായിരിക്കുമോ?
ഈ സമയത്തും ശിവാനന്ദൻ ഉള്ളാലെ ഒന്നു ചിരിച്ചുപോയി. ഇപ്പോഴും തന്റെ കുഞ്ഞ് ആശുപത്രിയിൽ സുന്ദരി പ്രസവിച്ചു കിടക്കുന്ന അവസ്ഥയിലാണെന്നാണ് തെളിഞ്ഞുവരിക. അവിടെ നിന്ന് പോന്നിട്ട് വർഷം അഞ്ചിന് മേലായി. അതാൺകുട്ടിയാണെങ്കിൽ ഇപ്പോൾ വളർന്ന് അറുമുഖം പറയുന്ന ഈ പ്രായത്തിലെത്തിയിരിക്കും. പക്ഷേ മനസ്സിലിപ്പോഴും കൈകാലിട്ടടിക്കുന്ന ആ കുഞ്ഞിന്റെ രൂപമാണ്.
മുഖത്തെ ചിരിയും അല്പനേരത്തെ സന്തോഷവും കണ്ടപ്പോൾ അറുമുഖം കരുതിയത് മൊതലാളി തങ്ങൾ പറഞ്ഞത് വിശ്വസിച്ചിട്ടില്ല എന്നാണ്. മുരുകനെപ്പറ്റി ദോഷം പറയുന്നത് മൊതലാളിക്കിഷ്ടപ്പെട്ട് കാണില്ലായിരിക്കും. പക്ഷേ, പെട്ടെന്ന് ശിവാനന്ദൻ പഴയ ഗൗരവത്തിലേയ്‌ക്ക് തിരിച്ചെത്തി. അയാൾ മീനാക്ഷിയുടെ നേരെ തിരിഞ്ഞു.
’നീയാ കൊച്ചിനെ നേരത്തെ അറിയുമോ?‘
’മൊതലാളി – ഞാൻ വേലുണ്ണീടെ കൂടെ വരുമ്പോൾ മുതൽ അവനെ പളനീടെ കൂടെ കണ്ടിട്ടുണ്ട് പളനി അന്നും എന്നും ചുറ്റുപാടും ഉള്ള വീടുകളിലും പറമ്പുകളിലും ഉള്ള പാമ്പുകളെയും എലികളെയും പിടിക്കുന്ന ഒരു നായാടിയാണ്. അവന്റെ കൂടെ എപ്പോഴും നാലഞ്ചു പിള്ളേരുണ്ടാകും. പക്ഷേ, ഞാനിവനെ കാണുമ്പോ അവൻ പിച്ചവച്ചു നടക്കണതേയുള്ളൂ. നാലഞ്ച് കൊല്ലം അവന്റെ കൂടാരുന്നെന്നറിയാം. അവനെങ്ങനെ അവിടുന്ന് പോയെന്നറിഞ്ഞുകൂടാ.
ഇതുവരെ ശിവാനന്ദന് പിടിച്ചുനിൽക്കാമായിരുന്നു പക്ഷേ ഇവളുടെ വാക്കുകളോടെ ആരോ കൂടം കൊണ്ട് നെഞ്ചിൽ അടിക്കുന്നതുപോലുള്ള അനുഭവം.
മുരുകന്റെ കൂടെയുള്ള ആ കുഞ്ഞ് – ആ കുഞ്ഞ് – അതവനാണെങ്കിൽ – എന്തുമാത്രം കഷ്ടപ്പെട്ടുകാണും. അമ്മയും അച്ഛനും നഷ്ടപ്പെട്ട് കണ്ട നായാടികളുടെയും ഭിക്ഷക്കാരുടെയും കൂടെ അലഞ്ഞുതിരിയാൻ – അവനെന്ത് തെറ്റുചെയ്തു? അന്ന് കൂടുതൽ വിവരങ്ങളറിയാതെ – സുന്ദരിയെവിടെന്നന്വേഷിക്കാതെ – പോന്നതിന്റെ ഭാരം പേറുന്നത് ആ കുഞ്ഞായിരുന്നു? പക്ഷേ – ഇതാ കുഞ്ഞ് വളർന്ന് വലുതായതാണെന്ന് എങ്ങനെ ഉറപ്പിക്കാൻ പറ്റും?
‘അപ്പോ – ഇവൻ നായാടീടെ മോനല്ലെന്നാണോ ഇയാള് പറയണെ?’
ശിവാനന്ദന് ഇപ്പോഴും ഇവരെ വിശ്വസിക്കാൻ ഒരു മടി.
‘അയ്യോ – അയാക്ക് പെണ്ണും പെടക്കോഴീമൊന്നുമില്ല. എപ്പോഴും അയാടെ കൂടെ നാലഞ്ച് പിള്ളേരൊണ്ടാവും. ചിലര് കൂട്ടംവിട്ട് പോയാ- വേറെ ചിലര് വരും. വളർന്ന് അറിവും തന്റേടോം വയ്‌ക്കുമ്പോ – പലരും അയാളെ വിട്ടുപോവ്വാ പതിവ്. ഇവനും അങ്ങനെ പോയതായിരിക്കും. കൊച്ചുകുഞ്ഞുങ്ങളെ കിട്ടിയാ അവൻ പിന്നിൽ മാറാപ്പ് കെട്ടി – അതിലിട്ടോണ്ടാ നടക്കണെ. ഈ ചെക്കൻ കുഞ്ഞായിരുന്നപ്പം മാറാപ്പിൽ കെട്ടിക്കൊണ്ട് നടക്കണത് ഇവള് കണ്ടിട്ടുണ്ട്’ അതോടെ അറുമുഖം അണച്ചു. അയാൾ നിർത്തിയേടത്ത് മീനാക്ഷി തുടക്കമിട്ടു. അവൾ അറുമുഖത്തേയും ശിവാനന്ദനെയും മാറിമാറി നോക്കി തുടർന്നു.
‘ഇക്കഴിഞ്ഞ മാസത്തിലും ഇവൻ അയാടെ കൂട്ടത്തിലായിരുന്നു’
ശിവാനന്ദൻ പിടിച്ചു നിൽക്കാൻ വളരെ പണിപ്പെട്ടു. അയാൾ വരാന്തയിലേക്ക് കയറി കസേരയിലിരുന്നു. അരഭിത്തിയിലിട്ടിരുന്ന പേപ്പർ മടക്കി വീശി.
ഇനി ഇവരോട് കൂടുതലെന്തിന് അന്വേഷിക്കണം? ഓരോ അറിവും മനസ്സിൽ മുറിവുകളേല്പിക്കുകയാണ്. ഒരിക്കലും ഉണങ്ങാൻ സാധിക്കാത്ത മുറിവുകൾ.
മതി. കേട്ടിടത്തോളം മതി. ഇനി ആ പെണ്ണിനേം ചെക്കനെം കാണുന്നേടംവരെ സ്വസ്ഥത കിട്ടില്ല. പക്ഷേ – മുരുകനിപ്പോഴവിടില്ലല്ലോ. അവനില്ലാത്തപ്പോൾ അവിടം വരെ പോവുന്നതെങ്ങനെ? അവനെ ഇവിടെ നിന്ന് പറഞ്ഞുവിട്ടിട്ട് അവൻ താമസിക്കുന്നിടത്ത് ചെന്നെന്നറിഞ്ഞാൽ –
തന്റെയുദ്ദേശ്യം നല്ലതാണെങ്കിലും അത് മതി ഇനിയുള്ള കാലമത്രയും നീണ്ടുനിൽക്കുന്ന വേറൊരു മുറിവുണ്ടാക്കാൻ. പിന്നെ അവിടെ ചെല്ലുമ്പോൾ താൻ കാണുന്നത് സുന്ദരിയാവുമോ – അതോ – വേറെയാരെങ്കിലും -? ഇവൻ പറയണത് കേട്ടപാടെ അവിടെ ചെല്ലുന്നതെങ്ങനെ?
Generated from archived content: daivam13.html Author: mk_chandrasekharan
Click this button or press Ctrl+G to toggle between Malayalam and English