ഭാഗം ഃ പന്ത്രണ്ട്‌

പേടിച്ചും വിറച്ചും കഴിഞ്ഞുകൂടിയ അന്തേവാസികൾ ഉറങ്ങിപ്പോയത്‌ രാവേറെ ചെന്നതിനുശേഷം. ഉറക്കം വരാതെ അറുമുഖത്തിന്റെ അടുത്തനീക്കം എന്തെന്നറിയാൻ ആകാംക്ഷയോടെ വീർപ്പടക്കി കഴിഞ്ഞിരുന്നവർ പിന്നീടെപ്പോഴോ ഉറക്കത്തിലേക്കു വഴുതിവീഴുകയായിരുന്നു.

പക്ഷേ, നേരം വെളുത്തപ്പോൾ ഒന്നും സംഭവിച്ചിട്ടില്ല. അറുമുഖത്തിനെയും പെണ്ണുമ്പിള്ളയേയും കാണാനില്ല. അവർ സ്ഥലം വിട്ടതായിരിക്കുമോ? ചൊക്കര കരുതിയത്‌ അങ്ങനാണ്‌.

‘ഇല്ല അവൻ പോയിട്ടില്ല. അവൻ നമ്മളെപ്പറ്റി പരാതി പറയാൻ മൊതലാളീടെ അടുത്ത്‌ പോയതായിരിക്കും.? കുഞ്ഞുമുഹമ്മദ്‌ പറഞ്ഞു.

കുഞ്ഞുമുഹമ്മദിന്റെ ഊഹം ശരിയായിരുന്നു. പക്ഷേ, അവർ പോയത്‌ മുരുകന്റെ അടുത്തേക്കാണെന്നു മാത്രം. അത്രയും ദൂരം നടന്നപ്പോഴേയ്‌ക്കും അറുമുഖത്തിന്‌ വേദനകൊണ്ട്‌ ഒരടിപോലും നടക്കാൻ വയ്യായിരുന്നു. കുഞ്ഞുമുഹമ്മദിന്റെ കൈപ്രയോഗവും ചവിട്ടും ഏൽപ്പിച്ച ക്ഷതം അത്രമാത്രം അവനെ തളർത്തിയിരുന്നു. അതുകൊണ്ട്‌ പട്ടണത്തിന്റെ അതിർത്തിയോടടുത്തുള്ള മൊതലാളിയുടെ വീടുവരെ പോവുക എന്നത്‌ ഏറെ ബുദ്ധിമുട്ടുള്ളതായതിനാൽ വേണ്ടെന്നുവച്ചു. ഈ വെളുപ്പാൻകാലത്ത്‌ ബസ്സ്‌കേറിയും പ്രയാസപ്പെട്ടു നടന്നും അവിടെയെത്തിയാലും അയാളുടെ പ്രതികരണം തീർച്ചയായും തനിക്കനുകൂലമാകുമോ എന്നതിലും സംശയമുണ്ട്‌. സ്വതവേ ശിവാനന്ദൻ മുതലാളി അറുമുഖത്തിന്റെ ഓരോ ചെയ്തികളെയും സംശയത്തോടെയാണ്‌ നോക്കികാണുന്നത്‌. അത്‌ ആദ്യത്തെ കൂടിക്കാഴ്‌ചയിൽ തുടങ്ങിയാണ്‌. മാത്രമല്ല മുരുകന്റെ അഭിപ്രായം കേട്ടേ എന്തും ചെയ്യൂ. എന്നാൽ പിന്നെ മുരുകന്റെ അടുക്കലാവട്ടെ തന്റെ ആവലാതികളുടെ ഭാണ്ഡക്കെട്ടഴിക്കാൻ എന്നവൻ തീരുമാനിച്ചത്‌ അങ്ങനെയാണ്‌.

അറുമുഖവും മീനാക്ഷിയും മുരുകന്റെ വീട്ടിൽ ചെന്ന്‌ വിളിച്ചപ്പോൾ വാതിൽതുറന്ന്‌ വന്നത്‌ വള്ളിയായിരുന്നു. വള്ളിയെ കണ്ടതോടെ അറുമുഖത്തിന്റെ ക്ഷീണവും വേദനയും പരവശതയും അവനെ വിട്ടകന്നു. അവൻ കുറെ നിമിഷങ്ങളോളം സ്ഥലകാലബോധം മറന്ന്‌ നിന്നുപോയി. അന്ന്‌ തന്റെ കൂടെ സേലത്ത്‌ നിന്ന്‌ ട്രെയിൻ കയറിയ പെണ്ണ്‌. പിന്നീട്‌ കോയമ്പത്തൂരെത്തുന്നതിന്‌ മുന്നേ ഇവളെ പ്രതിയാണ്‌ സുപ്രനും താനുമായി ഒന്നുംരണ്ടും പറഞ്ഞ്‌ ഏറ്റുമുട്ടിയത്‌. ഇവളെ പ്രതി മാത്രമാണ്‌ ഈ അഞ്ചുവർഷമായി തീ തിന്നിരുന്നത്‌. ഇവളൊരുത്തി കാരണമാണ്‌ താനാ നാറ്റ സ്ഥലത്ത്‌ പേടിച്ചും ഒളിച്ചും പകുതി പ്രാണനോടെ കഴിഞ്ഞത്‌. എന്നിട്ടിവളോ – ഒന്നുമറിയാത്തപോലെ ഇവിടെ സുഖമായി കഴിയുന്നു!

അപ്പോൾ മുരുകന്റെ പൊണ്ടാട്ടി ഇവളാണ്‌. കണക്കുകൂട്ടി നോക്കിയപ്പോൾ എല്ലാം കിറുകൃത്യം. ഇവൾ മുരുകന്റെ കൂടെ കൂടീട്ട്‌ അഞ്ചുവർഷം കഴിഞ്ഞിരിക്കുന്നു.

’എടീ – നിന്റെ നാട്‌ സേലത്തല്ലേ?‘ വള്ളിയും ഭയസംഭ്രമങ്ങളോടെ എന്ത്‌ ചെയ്യേണ്ടു എന്നറിയാതെ സ്ഥലകാലബോധം മറന്ന്‌ നിൽക്കുകയായിരുന്നു.

അന്ന്‌ ആശുപത്രിയിൽ നിന്ന്‌ വേലുണ്ണിയുടെ വീട്ടിലും പിന്നെ അയാളുടെ കൂട്ടുകാരന്റെ വീട്ടിലുമായി കഴിഞ്ഞപ്പോൾ കെട്ടിയോന്റെ അടുത്ത്‌ കൊണ്ടുപോകാമെന്ന്‌ പറഞ്ഞ്‌ സ്‌റ്റേഷനിൽ വന്നപ്പോൾ ഇയാളും സുപ്രനും അവിടുണ്ടായിരുന്നു. വേലുണ്ണി എന്തോ മേടിക്കാനായി പ്ലാറ്റ്‌ഫോമിലെ അറ്റത്തേയ്‌ക്ക്‌ നീങ്ങിയപ്പോഴാണ്‌ വണ്ടിവന്നത്‌. വേലുണ്ണി കേറിക്കോളുമെന്ന്‌ പറഞ്ഞ്‌ തന്നെ വണ്ടിയിൽ കയറ്റി പിന്നീട്‌ കൂടെ കയറിയത്‌ സുപ്രനും ഇയാളും കൂടിയായിരുന്നു. അതെ. എല്ലാം ഇന്നലെ നടന്നതുപോലെ തെളിഞ്ഞുവരുന്നു. ഇയാളും കൂടെയുള്ളവനുമായുള്ള ചീത്തവിളി, ഏറ്റുമുട്ടൽ – ട്രെയിൻ നിൽക്കൽ – തന്റെ ഓട്ടം – എല്ലാം – എല്ലാം….

കൂടെയുള്ള സുപ്രനെ പലതവണ ആശുപത്രിയിലും വേലുണ്ണിയുടെ വീട്ടിലും വച്ച്‌ കണ്ടിട്ടുള്ളതുകൊണ്ട്‌ വലിയ വിശ്വാസമായിരുന്നു. സുപ്രന്റെ കൂടെ ഇവൻ വണ്ടിയിൽ കയറുമെന്ന്‌ കരുതിയതേയില്ല. ട്രെയിനിൽവച്ച്‌ ഇടയ്‌ക്ക്‌ മദ്രാസെന്നും പിന്നെ കോയമ്പത്തൂരെന്നും പറഞ്ഞുള്ള അടിപിടി. ഇടയ്‌ക്ക്‌ തന്റെപേരും പറയുന്നു. വേലുണ്ണി വണ്ടിയിൽ കയറിയിട്ടില്ല എന്നറിയുന്നത്‌ അങ്ങനെയാണ്‌. ഒറ്റക്കണ്ണനായിരുന്നെങ്കിലും ഒരു കാലിന്‌ സ്വാധീനക്കുറവ്‌ തോന്നിച്ചെങ്കിലും ഇവനായിരുന്നു ശൗര്യം കൂടുതൽ. ഇവൻ സുപ്രന്റെ പള്ളയ്‌ക്ക്‌ തൊഴിച്ച്‌ വീഴ്‌ത്തി വണ്ടിയുടെ വാതിൽക്കലേയ്‌ക്ക്‌ പിടിച്ചുവലിച്ച്‌ നീക്കിയപ്പോഴാണ്‌ താൻ ബഹളംവച്ചതും ആരോ ചങ്ങലവലിച്ചതും.

അതെ – എല്ലാം – ഇന്നലെയെന്നവണ്ണം. വണ്ടിനിന്നപാടെ ചാടിയിറങ്ങി ഓടുകയായിരുന്നു. ഓടിയോടി ട്രെയിനിന്റെ മുന്നറ്റത്തുള്ള കമ്പാർട്ടുമെന്റിനടുത്തെത്തിയപ്പോൾ ട്രെയിൻ പോകാനായുള്ള നീക്കം കണ്ട്‌, വീണ്ടും കയറിപറ്റാൻ ശ്രമിക്കുകയായിരുന്നു. കയറിയ സമയത്ത്‌ വേച്ച്‌ വീഴാൻ പോയ സന്ദർഭത്തിലാണ്‌ ഒരു കൈ തന്ന്‌ സഹായിച്ചത്‌ നൊണ്ടിയായ ഒരുവൻ. എന്തുകൊണ്ടോ അയാളെ വിശ്വസിക്കാമെന്നു തോന്നി. അന്നയാളുടെ ചോദ്യങ്ങൾക്കൊന്നും നേരാംവണ്ണം മറുപടി പറയാതെ കരയാൻ തുടങ്ങിയപ്പോൾ ആദ്യം അടിക്കാനായി അയാൾ കൈയ്യോങ്ങിയെങ്കിലും പിന്നീട്‌ തന്നെ ആശ്വസിപ്പിച്ച്‌ ഇവിടെ കൊണ്ടുവരികയായിരുന്നു. അയാളുമായൊരു കുടുംബജീവിതം കരുപിടിപ്പിച്ച്‌ സമാധാനത്തോടെ കഴിയുകയായിരുന്നു ഈ അഞ്ചുവർഷക്കാലം. ഇന്നാ മനുഷ്യൻ മുതലാളിയുടെ ഏതോ കാര്യത്തിന്‌ വേണ്ടി ദൂരയാത്രപോയ സമയത്താണ്‌ അന്നത്തെ വണ്ടിയിലെ ആ ദുഷ്ടൻ – ഒറ്റക്കണ്ണൻ ഇപ്പോളൊരു പെണ്ണിനേം കൂട്ടി ഇവിടെ വന്ന്‌ ഇടിത്തീവീഴുന്നവിധം നോക്കി പേടിപ്പിക്കുന്നത്‌. കൂടെയുള്ള സത്വം അവന്‌ പറ്റിയ ഉരുപ്പടി.

’അണ്ണനിവളെ അറിയുമോ?‘ സത്വം ഒറ്റക്കണ്ണനോട്‌ ചോദിക്കുകയാണ്‌.

’ങ്‌ഹാ – അറിയോന്ന്‌. ഇവള്‌ കാരണാ അന്ന്‌ സുപ്രനും ഞാനും അടിപിടി കൂടിയത്‌. ഇവളെ മദ്രാസ്സിലെ ഏതോ ഒരുത്തന്‌ കാഴ്‌ചവയ്‌ക്കാനായി വേലുണ്ണി കൊണ്ടുപോകാനായി വന്നപ്പോൾ ഞാനിവളെ രക്ഷിക്കുകയായിരുന്നു. അവൻ പഴേ റൊട്ടിയും ഏതാണ്ടൊക്കെ വാങ്ങാൻ പോയ തക്കത്തിനാ – തെക്കോട്ടുള്ള വണ്ടിവന്നത്‌. ഞാനും സുപ്രനുംകൂടി ഇവളെ വണ്ടിയിൽ കയറ്റിയതു – പിന്നെ വണ്ടിയിൽവച്ച്‌ –

‘ഓ ശരിയായിരുന്നല്ലോ, എടീ കേമീ – നീ കൊള്ളാല്ലോ നീയങ്ങു മാറിപ്പോയല്ലോ – നീയൊരുത്തി കാരണം എന്തെല്ലാം ആപത്താ വന്നുപെട്ടെ? – സുപ്രന്റെ അരയ്‌ക്ക്‌ കീഴെ തളർന്നു. പിന്നെന്റെ സ്ഥിതി – എന്റെ പെണ്ണേ – നീയപ്പോ അത്ര മോശക്കാരിയൊന്നുമല്ല.’

വള്ളി ഇപ്പോഴും ആ നില്പ്‌ തന്നെയാണ്‌. അവൾക്കനങ്ങാൻ പോലും കഴിയുന്നില്ല.

മീനാക്ഷി ആടുമാടുകളെ വാങ്ങാൻ വരുന്നവൻ സൂക്ഷ്മ പരിശോധന നടത്തുന്നതുപോലാണ്‌ വള്ളിയെ അടിമുടി നോക്കുന്നത്‌.

ങ്‌ഹാ – കൊള്ളാം. ഒരു കടിക്കൊണ്ട്‌‘. മീനാക്ഷി ആ നോട്ടം പിന്നെയും തുടർന്നു.

’എടീ – നിന്റെ കെട്ടിയോനെന്തിയേ -?‘

അറുമുഖം അവളുടെ അടുത്തേയ്‌ക്ക്‌ നീങ്ങിനിന്ന്‌ ചോദിച്ചപ്പോൾ അവൾ വരാന്തയിൽ നിന്ന്‌ പിന്നോക്കം മാറി വാതിലിനടുത്തേയ്‌ക്ക്‌ നീങ്ങി. എന്തെങ്കിലും പറഞ്ഞേ ഒക്കൂ എന്നായപ്പോൾ അവൾ പറഞ്ഞുപോയി.

’ഇവിടടുത്ത്‌ പോയതാ‘

അത്‌ കള്ളമാണെന്ന്‌ അറുമുഖം ഊഹിച്ചെടുത്തു. മുതലാളിയുടെ ആവശ്യത്തിന്‌ വേണ്ടി എവിടെങ്കിലും പോയതായിരിക്കും. ചിലപ്പോൾ ഇന്നു വന്നില്ലെന്നും വരും. അറുമുഖത്തിന്‌ പിന്നീട്‌ ആലോചിക്കാനൊന്നുമില്ലായിരുന്നു. അയാൾ നേരെ തിണ്ണയിലേക്ക്‌ കയറിയിരുന്നു. മീനാക്ഷിയോടും അവിടിരിക്കാൻ പറഞ്ഞു.

’ഒന്നുമില്ലേലും പഴയ വേലുണ്ണിയുടെ വീട്ടിൽ നിന്ന പെണ്ണല്ലെ? എത്ര തവണ അവനൊക്കെ വേണ്ടി നമ്മൾ കഷ്ടപ്പെട്ടിരിക്കുന്നു.

‘എടീ പെണ്ണേ നിനക്കൊരു കാപ്പി തരാൻ പറ്റ്വോ?’ മീനാക്ഷി ചോദിച്ചു.

കാപ്പി കൊടുക്കാമെന്നോ ഇല്ലെന്നോ പറഞ്ഞില്ല. എങ്ങനെങ്കിലും പോയിക്കിട്ടിയാൽ മതിയായിരുന്നു. അറുമുഖത്തിനേക്കാളും സഹിക്കവയ്യാത്തത്‌ കൂടെയുള്ള സത്വത്തെ കാണുമ്പോഴാണ്‌. അവളുടെ നോട്ടവും കള്ളപ്പുഞ്ചിരിയും എല്ലാംകൊണ്ടും അവൾ അയാൾക്ക്‌ പറ്റിയ ആൾതന്നെ. ഒരു പക്ഷേ കാപ്പി കിട്ടിക്കഴിഞ്ഞാൽ അവർ പോവുമായിരിക്കും.

വള്ളി അകത്തേയ്‌ക്ക്‌ പോയ സമയത്താണ്‌ മണിക്കുട്ടന്റെ വരവ്‌. അവൻ കിടക്കപ്പായിൽ നിന്ന്‌ എഴുന്നേറ്റ്‌ വരുന്ന വഴിയായിരുന്നു. തിണ്ണയിലാരോ സംസാരിക്കുന്നത്‌ കേട്ട്‌ അങ്ങോട്ട്‌ വന്നതാണ്‌. കണ്ണുതിരുമ്മി അവൻ മീനാക്ഷിയേയും അറുമുഖത്തിനെയും മാറിമാറി നോക്കി. മീനാക്ഷിയുടെ മുഖത്ത്‌ ഒരു ഭാവമാറ്റം. അവളുടെ കള്ളപ്പുഞ്ചിരി എവിടെയോ പോയൊളിച്ചു. നെറ്റി ചുളിഞ്ഞു. സംശയത്തിന്റെ അലകൾ ഒന്നൊന്നായി കയറിയിറങ്ങി. സ്വതവേ കുറുകിയ കണ്ണുകൾ ഒന്നുകൂടി കുറിയതായി.

‘എടാ – നീയാ പളനിയുടെ കൂട്ടത്തിലല്ലാർന്നോ? നീയെങ്ങനാ ഇവിടെ വന്നേ -?“

മീനാക്ഷിയുടെ ചോദ്യം കേട്ടപ്പോഴാണ്‌ അറുമഖം അവനെ സൂക്ഷിച്ചു നോക്കിയത്‌. ഇവൾ പറയുന്ന പളനിയെ അവനറിയാം. പറമ്പുകളിലും വീടുകളിലും കയറിയിറങ്ങി പാമ്പുകളെയും എലികളെയും പിടിച്ച്‌ വീട്ടുകാരിൽ നിന്നും പൈസവാങ്ങി ഉപജീവനം കഴിക്കുന്ന പളനിയെ കണ്ടിട്ടുണ്ടെന്നല്ലാതെ പരിചയപ്പെട്ടിട്ടില്ല. അവന്റെ തൊഴിൽ തന്നെ കാരണം. പിടിച്ചുകൊണ്ടു വരുന്ന പാമ്പുകളെയും എലികളെയും കൊന്ന്‌ ചുട്ടുതിന്ന്‌ സ്വഭാവം. തെണ്ടിയാണെങ്കിലും അറുമുഖത്തിന്‌ ആ ഭക്ഷണരീതി ഇഷ്ടമല്ല. നല്ലനല്ല ഭക്ഷണ സാധനങ്ങൾ കഴിക്കുക. അല്ലെങ്കിൽ പട്ടിണി കിടക്കുക. ഇതാണവന്റെ രീതി. പളനിയുടെ കൂടെ എപ്പോഴും മൂന്നുനാല്‌ പിള്ളേരുണ്ടാകും. അവരെല്ലാം കൂടിയാണ്‌ ഇവറ്റയൊക്കെ കൊല്ലുന്നതും ചുടുന്നതും. എല്ലാം ശരിയാവുമ്പോഴേയ്‌ക്കും എവിടുന്നെങ്കിലും ഒരു കുപ്പി വാറ്റുചാരായം അവൻ സംഘടിപ്പിക്കും.

’എടാ – നിന്റെ പേര്‌ മാണിക്കനെന്നല്ലേ -?‘ മീനാക്ഷി അവനോട്‌ ചോദിച്ചു.

’നീയെങ്ങനെ ഇവിടെ വന്നുപെട്ടു?‘

മാണിക്കനെന്നു പറഞ്ഞപ്പോഴേ മണിക്കുട്ടന്‌ പരിഭ്രമമായി. ഇവരെങ്ങാനും പിടിച്ച്‌ വീണ്ടും പളനിയുടെ അടുത്തെത്തിക്കുമോ എന്നാണവൻ ഭയപ്പെട്ടത്‌. അവനോടി അടുക്കളയിലേക്ക്‌ ചെന്ന്‌ വള്ളിയെ കെട്ടിപ്പിടിച്ചു. ചെറുക്കന്റെ പരിഭ്രമം കണ്ടപ്പോൾ എന്തോ അപകടം മണത്തറിഞ്ഞതുപോലെ വള്ളിക്ക്‌ തോന്നി. അവൾ കാപ്പി രണ്ടു ഗ്ലാസുകളിലേയ്‌ക്ക്‌ പകർന്ന്‌ മുൻവശത്തേയ്‌ക്ക്‌ വന്നു.

അത്ഭുതം! അറുമുഖത്തിന്റെയും മീനാക്ഷിയുടേയും പൊടിപോലുമവിടില്ല. അവരെവിടെപ്പോയി. മുറ്റത്തിറങ്ങി ചുറ്റുവട്ടവും നോക്കി. ഇല്ല. അവർ പോയിക്കഴിഞ്ഞിരിക്കുന്നു. പക്ഷേ വള്ളിയുടെയും മണിക്കുട്ടന്റെയും പരിഭ്രമം ഇരട്ടിച്ചതേയുള്ളൂ. അനിവാര്യമായ എന്തോ ഇന്ന്‌ സംഭവിക്കാൻ പോവുന്നു. അത്‌ നല്ലതിനോ ചീത്തയ്‌ക്കോ?

Generated from archived content: daivam12.html Author: mk_chandrasekharan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here