ഭാഗം ഃ പതിനൊന്ന്‌

കസ്തൂരിപ്പറമ്പിലെ മറ്റു ഭിക്ഷക്കാർക്ക്‌ സഹിക്കാവുന്നതായിരുന്നില്ല അറുമുഖത്തിന്റെ പ്രവൃത്തി. കെട്ടിടത്തിന്റെ തെക്കുകിഴക്കേ മൂലയോട്‌ ചേർന്നഭാഗം ഒരു മുറിയായി തിരിച്ചിട്ടുണ്ടായിരുന്നു. ഒരോഫീസ്‌ മുറിപോലെ അവിടെ അതിന്‌ വാതിലും കൊളുത്തും ഉണ്ടായിരുന്നു. കസ്തൂരിപ്പറമ്പിലെ ആദ്യത്തെ അന്തേവാസി എന്ന നിലയ്‌ക്ക്‌ ശിവാനന്ദൻ അവനെ അവിടെ താമസിക്കാൻ സമ്മതിക്കുകയാണുണ്ടായത്‌. മറ്റുള്ള ഭാഗം ഒരു നെടുമ്പുര പോലെ നീണ്ടുകിടന്നു. ഒരു തടിമില്ല്‌ സ്ഥാപിക്കണം എന്ന ഉദ്ദേശത്തോടെ പണിതതാണീ കെട്ടിടമെന്നാണ്‌ ശിവാനന്ദൻ മനസിലാക്കിയിട്ടുള്ളത്‌. ഓഫീസ്‌ മുറിയായി തിരിച്ചതിന്റെ നേരെ എതിർവശം മെഷീനറി വരുമ്പോൾ സ്ഥാപിക്കത്തക്ക രീതിയിൽ താഴ്‌ത്തി പണിതിരിക്കുകയാണ്‌. മഴപെയ്യുമ്പോൾ പലപ്പോഴും വെള്ളം ഒലിച്ച്‌ ഇവിടെ വന്ന്‌ ചേരും.

അറുമുഖം ഈ ഭാഗംകൂടി ചാക്കുകൊണ്ടും കീറത്തുണികൊണ്ടും മറച്ച്‌ ഒരു കുളിമുറിപോലെയാക്കിയിരിക്കുന്നു. തൊട്ടടുത്ത്‌ താമസിച്ചിരുന്ന ലൊട്ടുലൊടുക്കു വില്പനക്കാരൻ കുഞ്ഞുമുഹമ്മദിന്റെ ശേഖരത്തിലെ ഒരു തകരഷീറ്റ്‌ അറുമുഖം സ്വന്തമാക്കി. ഒരു വാതില്‌ പോലെ പിടിപ്പിച്ചിരിക്കുന്നു. കുളിമുറിയാക്കി മറച്ചിരിക്കുന്ന ചാക്കുകളും കുഞ്ഞുമുഹമ്മദിന്റെ സമ്പാദ്യത്തിൽ നിന്നെടുത്തതാണ്‌.

മറ്റുള്ളവർക്ക്‌ അത്യാവശ്യം തണുപ്പുകാലത്ത്‌ ചുറ്റുപാടുമുള്ള കമ്പും കരിയിലയുംകൂടി തീയിട്ട്‌ തണുപ്പകറ്റാനും വല്ലപ്പോഴും ഭക്ഷണം പാകം ചെയ്യാനുമുള്ള ഒരിടമാണ്‌ ഇതുമൂലം നഷ്ടപ്പെട്ടത്‌. തെരുവിൽ നിന്ന്‌ ശേഖരിക്കുന്ന പഴയ പാട്ടക്കഷണങ്ങളും പാത്രങ്ങളും, കാലിച്ചാക്കുകൾ, കുപ്പികൾ ഇവയെല്ലാം പാലത്തിനടുത്ത്‌ അന്തുക്കായ്‌ക്ക്‌ കച്ചവടം നടത്തി ജീവിതം പോക്കുന്ന കുഞ്ഞുമുഹമ്മദിന്റെ താവളവും ഇതിനോട്‌ ചേർന്നായിരുന്നു. മിച്ചം വരുന്നതുൾപ്പെടെ ദിവസവും ശേഖരിക്കുന്ന ലൊട്ടുലൊടുക്കുസാധനങ്ങൾ വില്പനയ്‌ക്കാവുന്നതുവരെ ഒരു ഭാണ്ഡത്തിലാക്കി ചാക്കിൽ പൊതിഞ്ഞ്‌ തലയ്‌ക്കൽ വച്ച്‌ കിടക്കുകയാണ്‌ പതിവ്‌.

വൈകിട്ട്‌ വന്നപ്പോൾ കുഞ്ഞുമുഹമ്മദ്‌ പൊട്ടിത്തെറിക്കുകയായിരുന്നു. താൻ ശേഖരിക്കുന്ന സാധനങ്ങൾ സൂക്ഷിക്കുന്ന സ്ഥലം കയ്യേറിയിരിക്കുന്നു. ആ ഭാഗം തന്റെ തന്നെ ശേഖരത്തിലെ ചാക്കുപയോഗിച്ച്‌ മറച്ചിരിക്കുന്നു. റോഡരികിൽ കിടന്ന ഒരു തകരഷീറ്റ്‌ താനിത്രയും കാലം സൂക്ഷിച്ചവച്ചത്‌ അവൻ സ്വന്തമാക്കി കുളിമുറിയുടെ വാതിലാക്കി മാറ്റിയിരിക്കുന്നു.

സ്വതേ ആരോടും വഴക്കിനും വക്കാണത്തിനും പോവുന്ന സ്വഭാവം അവനില്ല. കാരണം കൂട്ടത്തിൽ ഒരു തൊഴിലെടുത്ത്‌ സമ്പാദിക്കുന്നത്‌ കുഞ്ഞുമുഹമ്മദ്‌ മാത്രം. അതുകൊണ്ടവൻ സ്വയം ഒതുങ്ങിക്കൂടുകയായിരുന്നു. മറ്റുള്ളവർ അവന്റെ തൊഴിലിന്റെ മാന്യതയെ അംഗീകരിച്ച്‌ കഴിയുന്നു. ആ കുഞ്ഞുമുഹമ്മദിന്റെ താവളമാക്കിവച്ച സ്ഥലത്തിന്റെ ഒരു ഭാഗമാണ്‌ ഈ ഒറ്റക്കണ്ണൻ കൈയ്യേറിയിരിക്കുന്നത്‌. അടുത്തദിവസം തന്റെ മുഴുവൻ സ്ഥലവും ചാക്കിൽ ഭദ്രമായി വച്ചിരുന്ന സാധനങ്ങളും സ്വന്തമാക്കില്ലെന്നെന്താണുറപ്പ്‌?

രാത്രി വന്നപാടെ തന്നെ കുഞ്ഞുമുഹമ്മദ്‌ തകരഷീറ്റിന്മേൽ ചവുട്ടിയും കൈകൊണ്ടിടിച്ചും ബഹളം തുടങ്ങി. അതോടെ അപ്പുറവും ഇപ്പുറവും ചുരുണ്ടുകൂടി കിടന്നവരെല്ലാം എഴുന്നേറ്റു. ഒന്നുരണ്ടുപേർ കുഞ്ഞുമുഹമ്മദിനെ പിൻതിരിപ്പിക്കാൻ നോക്കി. പക്ഷേ, അവൻ വഴങ്ങിയില്ല. തന്റെ അനുവാദമില്ലാതെ താൻ കൊണ്ടുവന്ന സാധനങ്ങൾ ഉപയോഗിക്കുകയും തന്റേതായി കരുതിവച്ച സ്ഥലം കുറെ കയ്യേറുകയും ചെയ്തിരിക്കുന്നു. അങ്ങനെയുള്ളവനെ ആരായാലെന്താ? വെറുതെ വിടാമോ?

‘അവൻ മാത്രമല്ലല്ലോ – ഇപ്പോഴാ പെണ്ണുമില്ലെ? അതുകൊണ്ട്‌ നീയൊന്നടങ്ങ്‌ ’

ചൊക്കരക്കണ്ണൻ മാത്തു അങ്ങനെ പറഞ്ഞിട്ടും കുഞ്ഞുമുഹമ്മദ്‌ വഴങ്ങിയില്ല.

‘എടാ മാത്തു – നമ്മളു കൊടുക്കണ കാശ്ശേ അവനും കൊടുക്കാനുള്ളൂ. അവൻ മാത്രമായിട്ടിപ്പം അങ്ങനെ സുഖിക്കണ്ട. അതും ഇതുവരെയില്ലാത്ത ഒരേർപ്പാട്‌. എവിടെ നിന്നോ ഒരു പെണ്ണിനെ വളച്ചോണ്ടുവന്ന്‌ -’

കുഞ്ഞുമുഹമ്മദിന്‌ അത്‌ മുഴുവനാക്കാൻ കഴിഞ്ഞില്ല, അതിന്‌ മുന്നേ അറുമുഖം തകരപ്പാളി മാറ്റി രംഗത്തുവന്നു.

‘എടാ – ഈ സ്ഥലത്ത്‌ ആദ്യം വന്നത്‌ ഞാനാ. അതുകൊണ്ടാ എനിക്കീ മുറി കിട്ടിയത്‌. അല്ലാതെ -’

പിന്നെപ്പറഞ്ഞ വാക്കുകൾ കുഞ്ഞുമുഹമ്മദിന്‌ ദഹിക്കുന്നുയായിരുന്നില്ല. അവനെ എന്ത്‌ വേണമെങ്കിലും പറഞ്ഞോട്ടെ. അങ്ങ്‌ തെക്ക്‌ നാട്ടിലെ അവന്റെ ബാപ്പയേയും ഉമ്മയേയും വരെ അധിക്ഷേപിച്ച്‌ കൊണ്ടുള്ള ആ വാക്കുകൾ –

കുഞ്ഞുമുഹമ്മദ്‌ ചാടിയെഴുന്നേറ്റെങ്കിലും രാത്രിയായതുകൊണ്ടും മറ്റുള്ളവർക്ക്‌ ബുദ്ധിമുട്ടുണ്ടാക്കേണ്ട എന്ന്‌ കരുതിയും ക്ഷമിച്ചു. എങ്കിലും പറഞ്ഞുപോയി.

‘തനിക്കൊരു മുറി തന്നെ കിട്ടിയില്ലെ? പിന്നെന്തിന്‌ ഞാൻ കെടക്കുന്ന ചാർത്തുകൂടി വളച്ചെടുത്തു? എന്റെ സമ്മതം കൂടാതെ ആ ഷീറ്റും ചാക്കും എടുത്തു? തനിക്കതിനാരാ അധികാരം തന്നെ?’

‘എടാ കൊച്ചനേ – മനുഷേൻ പ്രായമായ കല്യാണം കഴിക്കും. പെണ്ണുങ്ങളെ പൊറുപ്പിക്കും. യോഗമുണ്ടെങ്കിൽ അവറ്റകൾ പെറും. കൊച്ചുങ്ങളും കുടുംബവുമായി കഴിയുന്ന സുഖം നിനക്കറിയില്ല. നാലഞ്ച്‌ കൊല്ലമായി അവള്‌ നാട്ടിലായിരുന്നു. ഇത്തവണ പോയപ്പം കൊണ്ടുവന്നെന്ന്‌ മാത്രം – അല്ലാതെ നിന്നെപ്പോലെ -’

വീണ്ടും അറുമുഖം അധിക്ഷേപിക്കുകയാണ്‌. അവന്റെ ആണത്തത്തെ വരെ. അതുംപോരാഞ്ഞ്‌ അങ്ങ്‌ തെക്ക്‌ കേരളത്തിന്റെ അതിർത്തിയിൽ കഴിയണ ഉമ്മയേയും ബാപ്പയേയും വരെ. ഇത്തവണ കുഞ്ഞുമുഹമ്മദിന്‌ സഹിക്കാനായില്ല. ഇതങ്ങനെ വിട്ടുകൊടുത്താൽ ശരിയാവില്ലല്ലൊ.

‘എടാ നക്കീ – നിന്നെപ്പോലെ വല്ലവന്റെയും എച്ചില്‌ തിന്നേണ്ട ഗതികേട്‌ എനിക്കില്ല. ഞാൻ കെട്ടുകയാണെങ്കിൽ കുടുംബത്തിൽ പെറന്ന ഒന്നിനെത്തന്നെ കെട്ടും. നിന്നെപ്പോലെ വല്ലവന്റേം പെണ്ണുമ്പിള്ളേനെ പൊറുപ്പിച്ച്‌ വല്ലവന്റേം കൊച്ചിനെ പോറ്റേണ്ട ഗതികേടെനിക്കില്ല’.

ഒറ്റക്കാലനാണെങ്കിലും ദേഷ്യം തിളച്ചുവന്നാൽ അറുമുഖത്തിന്‌ തന്റെ കുറവുകളൊന്നും പ്രശ്നമല്ല. അവൻ തന്റെ മുറിക്കകത്തേയ്‌ക്ക്‌ നീങ്ങി. അവൻ പോയതോടെ ആ വഴക്ക്‌ അങ്ങനെ കെട്ടടങ്ങീന്നാണ്‌ മറ്റുള്ളവർ കരുതിയത്‌. പക്ഷേ, അവൻ പോയത്‌ മുറിക്കുള്ളിൽ അഴിച്ചുവന്ന കൃത്രിമക്കാൽ ഫിറ്റു ചെയ്യാൻവേണ്ടിയായിരുന്നു. എന്നിട്ട്‌ വടിയൂന്നി നടന്നുവന്ന്‌ അവൻ വടിയെടുത്ത്‌ കുഞ്ഞുമുഹമ്മദിന്റെ തലമണ്ടയ്‌ക്കൊരടി. പക്ഷേ കുഞ്ഞുമുഹമ്മദ്‌ ഇത്‌ പ്രതീക്ഷിച്ചു എന്നുവേണം കരുതാൻ. ഭാണ്ഡക്കെട്ടിൽ തലവെച്ച്‌ കിടക്കുകയായിരുന്ന അവൻ ഞൊടിയിടയിൽ ഉരുണ്ട്‌ മാറിയതുകൊണ്ട്‌ അടികൊണ്ടത്‌ ഭാണ്ഡക്കെട്ടിൽ. പിന്നെ കുഞ്ഞുമുഹമ്മദിന്‌ ആലോചിക്കാനൊന്നുമുണ്ടായിരുന്നില്ല. അവൻ ചാടിയെണീറ്റ്‌ അറുമുഖത്തിന്റെ കരണക്കുറ്റിക്കൊരടി. ബാലൻസ്‌ തെറ്റിയ അറുമുഖം മറിഞ്ഞുവീണു. കിടന്നകിടപ്പിൽ എഴുന്നേൽക്കാൻപോലും സമ്മതിക്കാതെ അവന്റെ പള്ളയ്‌ക്ക്‌ നോക്കി ഒരു ചവിട്ട്‌ കൂടി. അതോടെ അറുമുഖം ‘അയ്യോ’ എന്ന വിളിയോടെ ചുരുണ്ടുകൂടി. വീണ്ടും അറുമുഖത്തിനെ കുഞ്ഞുമുഹമ്മദ്‌ അടിക്കുമായിരുന്നു. പക്ഷേ, അപ്പോഴേയ്‌ക്കും ചൊക്കരമാത്തുവും മറ്റുള്ളവരും ഓടിവന്ന്‌ അവനെ പിടിച്ചുമാറ്റി. ഇതിനിടയിൽ മറനീക്കി അറുമുഖത്തിന്റെ പെണ്ണുംവന്നു.

‘അണ്ണോ – എന്റണ്ണോ – അയ്യോ ഇവൻമാരെന്റെണ്ണനെ കൊല്ലുന്നേ -’

‘നീ ബഹളം വയ്‌ക്കാതെന്റെ മീനാക്ഷീ – എനിക്കൊന്നും പറ്റിയില്ല. ഈ നരുന്ത്‌ ചെക്കനെന്നാ ചെയ്യാനാ -’

ചൊക്കരമാത്തു പൊട്ടിച്ചിരിച്ചു. മുൻപൊക്കെ അവന്‌ അറുമുഖത്തെ കുറച്ചു പേടിയുണ്ടായിരുന്നു. ഒറ്റക്കാലനാണെങ്കിലും അത്‌ മതിയായിരുന്നു, അവനെവിടേം കുതിച്ചെത്താൻ. ഒരു കണ്ണേയുള്ളൂവെങ്കിലും ഏത്‌ ദൂരക്കാഴ്‌ചയും അവന്‌ അനായസേന അടുത്തെന്നപോലെ കാണാമായിരുന്നു. അവന്റെ മുഖത്തെ ക്രൂരതയും തുറിച്ചുനോട്ടവും ആരെയും പേടിപ്പിക്കുമായിരുന്നു. പോരാത്തതിന്‌ അവനൊരു കൊലയാളിയാണെന്ന ധാരണ ചൊക്കരമാത്തുവിന്റെയും കൂട്ടരുടെയും ഉള്ളിൽ എങ്ങനെയോ കടന്നുകൂടിയിരുന്നു. അതുകൊണ്ടവനുമായി അധികമാരും ചങ്ങാത്തത്തിന്‌ പോവാറില്ലായിരുന്നു. അറുമുഖത്തിന്റെ ആഗ്രഹവും അതു തന്നെയായിരുന്നു.

തന്നെ പേടിച്ച്‌ കുറെപേരിവിടെ കഴിയുക. അവരുടെയൊക്കെ മുന്നിൽ താനൊരു ക്രൂരനായ കൊലയാളി. അതുകൊണ്ട്‌ ആ അധികാരഗർവ്വ്‌ കാണിക്കാൻ ഒരകലം സൃഷ്ടിക്കേണ്ടത്‌ ആവശ്യമാണെന്ന്‌ അവനും ധരിച്ചു. പക്ഷേ, ആ സങ്കല്പങ്ങളെല്ലാം ഇതാ തകർത്തിരിക്കുന്നു. കേവലമൊരു നരുന്തുപയ്യന്റെ അടികൊണ്ടതിനേക്കാളും വേദന. ആ ചൊക്കരയും കൂട്ടരും ചുറ്റും നിന്ന്‌ പൊട്ടിച്ചിരിക്കുന്നതായിരുന്നു. മുൻപൊക്കെ തന്റെ നിഴല്‌ കണ്ടാൽ വെട്ടത്തുവരാൻ മടിക്കുന്നവരാണ്‌. തന്നെ നോക്കി പരിഹരിക്കുന്നത്‌.

മീനാക്ഷി വന്ന്‌ അറുമുഖത്തെ താങ്ങിയെഴുന്നേൽപ്പിച്ച്‌ അകത്തേയ്‌ക്ക്‌ കൊണ്ടുപോയി. പോകുന്ന പോക്കിലും അറുമുഖം ആക്രോശിച്ചു.

‘നിന്നെയൊന്നും ഞാൻ വെറുതെ വിടില്ല. നേരമൊന്നു പുലർന്നോട്ടെ. ഞാനാരാ – എന്താണെന്ന്‌ ങ്‌ളെ കാണിച്ച്‌ തന്നിട്ടേയുള്ളൂ!

അവന്റെയാ വാക്കുകളോടെ ചൊക്കരയും കൂട്ടരും വീണ്ടും പേടിച്ചുപോയി. കൊലചെയ്യാൻ വരെ മടിക്കാത്തവനാണെന്നാ കേട്ടിട്ടുള്ളത്‌. ഇവിടെ കൂടാൻ തന്നെ കാരണം ഏതോ കൊലപാതകക്കേസിൽ പ്രതിയായതുകൊണ്ടാണെന്നും കേൾക്കുന്നുണ്ട്‌. ഇപ്പോഴത്തെ ഈ വീഴ്‌ച വേറൊരു കൊലപാതകത്തിലേയ്‌ക്ക്‌ കൊണ്ടുപോയാലോ?

Generated from archived content: daivam11.html Author: mk_chandrasekharan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English