അഞ്ചുവർഷം കഴിഞ്ഞിട്ടാണ് കാണുന്നതെങ്കിലും അറുമുഖത്തിനെ വേലുണ്ണി തിരിച്ചറിഞ്ഞു. അയാൾക്കു യാതൊരു മാറ്റവുമില്ല.
കയ്യിലെ ഭാണ്ഡം വലിയൊരു ബാഗായി മാറി എന്ന് മാത്രം. കുറേശ്ശെ കീറിത്തുടങ്ങിയ പഴയ പാന്റ്‌സാണ് ധരിച്ചിരിക്കുന്നത്.
തോളിന്റെ ഭാഗത്തെ തയ്യൽ വിട്ട് പഴയതാണെങ്കിലും ആരോ ഉപേക്ഷിച്ച് പോയ സാമാന്യം വിലയുള്ള ഒരു ഷർട്ട്. തീഷ്ണത
മുറ്റി നിൽക്കുന്ന ആ ഒറ്റക്കണ്ണ്. എപ്പോ നോക്കിയാലും എട്ടോ പത്തോ ദിവസത്തെ വളർച്ച തോന്നിക്കുന്ന മുഖത്തെ
താടിരോമങ്ങൾ.
പക്ഷേ, അറുമുഖത്തിന്റെ അവസ്ഥയല്ല വേലുണ്ണിക്ക്. നന്നേ മെലിഞ്ഞ്, കവിളൊട്ടി, ഇടയ്‌ക്കിടെ ചുമച്ചും തുപ്പിയും
നടക്കുന്ന അയാൾ പഴയ വേലുണ്ണിയുടെ പ്രേതമാണെന്നേ തോന്നുകയുള്ളൂ. വലിയ കൊമ്പൻമീശ മാത്രമുണ്ട്,
അന്നത്തെപ്പോലെ. നരച്ച് തുടങ്ങിയെന്ന് മാത്രം. പക്ഷെ, ഇപ്പോൾ വേലുണ്ണിക്ക് ആ മീശ അയാളുടെ മുഖത്തിന് ഒട്ടും
യോജിക്കുന്ന ഒന്നല്ല.
റയിൽവേ സ്‌റ്റേഷന്റെ മുറ്റത്ത് മറ്റുള്ള വാഹനങ്ങളിൽ നിന്നും അൽപം ദൂരെ മാറി തന്റെ സൈക്കിൾ റിക്ഷയിൽ കയറി
ചടഞ്ഞുകൂടിയിരുന്നു അയാൾ. ആരെയെങ്കിലും തന്റെ അടുക്കലേയ്‌ക്ക് വരുന്നുണ്ടോ എന്ന് നോക്കുകയായിരുന്നു.
ഓട്ടോറിക്ഷ വന്നതോടെ തന്റെ സൈക്കിൾ റിക്ഷയ്‌ക്കുള്ള ഡിമാന്റ് കുറഞ്ഞു. ട്രെയിനിൽ വന്നിരിക്കുന്ന എല്ലാവർക്കും
വേഗം അവരവരുടെ താവളങ്ങളിൽ എത്തണമെന്ന ചിന്തയോടെ ടാക്സികളിലും ഓട്ടോയിലും കയറുമ്പോൾ ഒരനാഥ പ്രേതം
പോലെ സൈക്കിൾറിക്ഷയുമായി ഒരു മൂലയ്‌ക്ക് ഒതുങ്ങി കൂടുകയായിരിക്കും. എങ്കിലും ദിവസത്തിൽ ഒന്നുരണ്ട് കോളെങ്കിലും
കിട്ടാതിരിക്കില്ല. കൂടുതൽ ലഗ്ഗേജുള്ളവരും കൂടുതൽ പൈസ കൊടുക്കാൻ കഴിവില്ലാത്തവരുമാണ് വേലുണ്ണിയെ
സമീപിക്കുന്നത്.
അറുമുഖത്തിനെ കണ്ടതോടെ വേലുണ്ണിക്ക് ഓട്ടം കിട്ടാത്ത വിഷമം തീർന്നു. പണ്ടീ നഗരത്തിൽ എന്തെല്ലാം വിക്രിയകളാണ്
തങ്ങളൊരുമിച്ച് നടത്തിയിട്ടുള്ളത്. ചെറിയ തോതിലുള്ള പിടിച്ചുപറി, പ്രമാദമായ ചില അടിപിടിക്കേസുകൾ, ചില്ലറ
പെണ്ണുകേസുകൾ, ഒരുമിച്ചുള്ള പോലീസ് ലോക്കപ്പിലെ കിടപ്പും – ഇതൊന്നും മറക്കാവുന്നവയല്ലല്ലൊ. പക്ഷേ, ഒരിക്കൽ
തന്റെ കൈയ്യിലുള്ള പൈസയുടെ മിടുക്കുകൊണ്ട് ലോക്കപ്പിൽ നിന്നും തല്ലുകൊള്ളാതെ തടിയൂരിപ്പോരാൻ തനിക്ക്
കഴിഞ്ഞു. പക്ഷേ അതിനുംകൂടി അറുമുഖത്തിന് കിട്ടിയെന്നാണവൻ പറഞ്ഞത്. വീണ്ടും ഒരു പെണ്ണുകേസുമായിട്ടാണവൻ
മുങ്ങിയത്. താൻ വളച്ചുകൊണ്ടുവന്നവളെയാണവൻ തട്ടിയെടുത്ത് സ്ഥലം വിട്ടത്. അവനോട് വാസ്തവത്തിൽ പകയാണ്
തോന്നേണ്ടത്? അവളിപ്പോഴെവിടെയാണാവോ?
“എങ്ങനെയുണ്ടെടാ ബിസിനൊസ്സൊക്കെ? ഇപ്പം എവിടാ?
വേലുണ്ണി റിക്ഷയിൽ നിന്നും താഴെയിറങ്ങി അറുമുഖത്തിന്റടുത്തെത്തി. അറുമുഖം ചുറ്റും നോക്കുകയായിരുന്നു.
പോലീസുകാർ ഇവിടെവിടെങ്കിലും ഉണ്ടോ ആവോ? ഇനിയിപ്പോൾ ജയിൽവാസം കിട്ടിയാലും കുഴപ്പമില്ലാന്നൊക്കെ ഇന്നലെ
രാത്രി ട്രെയിനിൽ കയറിയപ്പോഴുള്ള ആത്മധൈര്യമൊക്കെ ഇവിടെ വന്നതോടെ ചോർന്നുപോയി. വേലുണ്ണിയുടെ
കൂട്ടുകാരന്റെ കാര്യം ഇവനോടെങ്ങനെ ചോദിക്കും?
കൃത്രിമക്കാലുണ്ടെങ്കിലും കയ്യിലൊരു വടി അവൻ ഇടയ്‌ക്കൊക്കെ കരുതാറുണ്ടായിരുന്നു. പക്ഷേ ഇങ്ങോട്ടുള്ള യാത്രയിൽ
അതെടുക്കാൻ വിട്ടു. അതുകൊണ്ട് അല്പം ഒക്കിക്കുത്തിയാണവൻ നടക്കുന്നത്.
‘ഇപ്പം അങ്ങ് കേരളത്തിലാ, അങ്ങനങ്ങ് കഴിയുന്നൂന്ന് മാത്രം’.
വീണ്ടുമെന്തോ ചോദിക്കാനൊരുങ്ങിയ വേലുണ്ണി ഒന്നു ചുമച്ചുതുപ്പി. അയാളുടെ നെഞ്ചിലെ എല്ലിൻക്കൂട് പൊങ്ങുകയും
താഴുകയും ചെയ്യുന്നത് കാണാം. അവൻ ചുമയ്‌ക്കുമ്പോൾ ഒരു ചെമ്പിൽ മുട്ടുന്നതുപോലെയുള്ള ഒച്ചയാണ്. തന്നെയന്ന്
പോലീസ് സ്‌റ്റേഷനിൽവച്ച് കയ്യൊഴിഞ്ഞതിന്റെ വൈരാഗ്യം ഇനിയും വിട്ടുമാറിയിട്ടില്ലെങ്കിലും വേലുണ്ണിയുടെ ഇപ്പോഴത്തെ
അവസ്ഥ കണ്ടതോടെ അറുമുഖത്തിന് വാസ്തവത്തിൽ അനുകമ്പയാണുണ്ടായത്.‘
’തനിക്കാ പഴയ ബിസിനസ്സൊക്കെയുണ്ടോ?‘ വേലുണ്ണി ഒരു ബീഡി കത്തിച്ചുകൊണ്ട് ചോദിച്ചു. ചുമച്ച്
കുരയ്‌ക്കുകയാണെങ്കിലും അയാൾക്ക് ബീഡി വലിക്കാതിരിക്കാൻ വയ്യ. അവന്റെയീ ചോദ്യത്തോടെ അറുമുഖത്തിന് വീണ്ടും
ദേഷ്യമാണുണ്ടായത്.
’എന്ത് ബിസിനസ്സാ നീയുദ്ദേശിക്കുന്നത്?‘ പണ്ട് ഇവന്റെ കൂടെ നടന്ന് പല ഏടാകൂടങ്ങളിലും ചെന്നുപെട്ടിട്ടുണ്ട്. അവൻ
വിചാരിക്കുന്നത് ഇപ്പോഴും അന്നത്തെപ്പോലെ കഴിയുന്നെന്നാണ്.
’എടാ – അറുമുഖം – നിന്റെ വായിൽ നാക്കില്ലെ?
‘ഉണ്ടെടാ ഉണ്ട്’ അതും കഴിഞ്ഞവൻ പുളിച്ച ഒരു തെറിയാണ് പറഞ്ഞത്. വേലുണ്ണി പകച്ചുപോയി. ഏറെ നാൾ കൂടീട്ട്
തന്റെ പഴയ കൂട്ടുകാരനെ കാണുകയാണ്. അവസാനമായിട്ടവനെ കണ്ടത് താൻ മദ്രാസ്സിന് കൊണ്ടുപോവാനായി തയ്യാറാക്കി
നിർത്തിയിരുന്ന ഒരുവളെ പറ്റിച്ച് ഇവനും തന്റെ അയൽവാസിയും കൂടി കടന്നുകളഞ്ഞ രാത്രിയാണ്. വർഷം
അഞ്ചുകഴിഞ്ഞു. ഒരു വിവരവും ഇല്ലാതിരിക്കുകയായിരുന്നു. ഇവനും സുപ്രനും കൂടി അവളെ തെക്കോട്ടുള്ള ട്രെയിനിലാണ്
കയറ്റിക്കൊണ്ടുപോയതെന്നറിഞ്ഞതോടെ, തന്റെ പദ്ധതി പൊളിഞ്ഞതിലുള്ള നിരാശയേക്കാളധികം ഇവൻ തന്നെ
കബളിപ്പിച്ചല്ലോ എന്ന ചിന്തയായിരുന്നു.
സേലത്തിന് തെക്കോട്ട് സഞ്ചരിച്ചിട്ടില്ലാത്തതിനാലും പെണ്ണിന്റെ കൂടെ അറുമുഖവും സുപ്രനും ആണുള്ളതെന്ന്
പിന്നീടറിഞ്ഞതിനാലും അവളെ തിരക്കിയുള്ള പോക്ക് വേണ്ടെന്നുവച്ചു.
‘എടാ അന്നത്തെ ആ പെണ്ണെന്ത്യേ?’
വേലുണ്ണി വീണ്ടും ചുമച്ചുകൊണ്ടാണെങ്കിലും തന്റെ ആകാംക്ഷ അടക്കി നിർത്തിയില്ല. അവർ രണ്ടുപേരും
സ്‌റ്റേഷനെതിരെയുള്ള ഒരു ഹോട്ടലിലേയ്‌ക്കാണ് കയറിയത്. പക്ഷേ പെട്ടെന്ന് അറുമുഖം അവിടെ നിന്നിറങ്ങി. തിരക്കുള്ള
നിരത്തിന്റെ ഓരം പറ്റി നടന്നു നീങ്ങി. പഴയ ഹോട്ടലുകാരൻ തന്നെ തിരിച്ചറിഞ്ഞാൽ? വേലുണ്ണിയെപ്പോലാവില്ല.
ചിലപ്പോൾ പോലീസിനെ അറിയിച്ചെന്നുവരും. വേലുണ്ണിയുടെ കൂട്ടുകാരന്റെ മരണത്തിനുത്തരവാദി താനാണെന്ന്
ധരിച്ചുവശായിട്ടുണ്ടെങ്കിൽ ഫോണെടുത്ത് ഒന്നു കറക്കിയാൽ മതി. അഞ്ചുവർഷത്തെ കാലയളവിന് ശേഷമാണ് വന്നതെങ്കിലും
വേലുണ്ണി കണ്ടപാടെ തിരിച്ചറിഞ്ഞില്ലെ?
അധികം ആൾത്തിരക്കില്ലാത്ത ഒരു ചെറിയ ഹോട്ടലിലേയ്‌ക്കാണ് അറുമുഖം നടന്നു കയറിയത്. വേലുണ്ണിയും പിന്നാലെ
തന്നെ കയറി അടുത്തുകൂടി.
‘നീ അന്നെന്നോട് കൊലച്ചതിയാണ് ചെയ്തത്. മദ്രാസിലേയ്‌ക്ക് കൊണ്ടുപോവാനായി ടിക്കറ്റെടുത്ത് നിർത്തിയിരുന്ന
പെണ്ണിനേംകൂട്ടി തെക്കോട്ടുപോയി. സുപ്രനെങ്ങനാണാവോ നിന്റെ കമ്പനിയിൽ അന്ന് വന്നുപെട്ടെ? നിനക്കന്ന് ഇവിടെ
ചുറ്റുപാടും കേസും കൂട്ടവുമല്ലാരുന്നോ’. പുറത്തിറങ്ങി നടക്കാൻ പറ്റാത്ത സ്ഥിതി. അതോണ്ട് നീ അവളെക്കൊണ്ട്
പെഴച്ചോട്ടെന്ന് കരുതി ഞാനാ കേസ്‌കെട്ടുപേക്ഷിക്കുവാരുന്നു. പോലീസിലൊന്നും പറയാൻ പോയില്ല.‘
വീണ്ടും പോലീസെന്ന് കേട്ടപ്പോൾ അറുമുഖത്തിന്റെ അടിവയറ്റിൽ നിന്നും കയ്പുരസം ഊറി കയറി. ഒരു
കൊലപാതകമുൾപ്പെടെയുള്ള ക്രൂരകൃത്യങ്ങൾ ചെയ്തെങ്കിലും കാക്കിക്കുപ്പായക്കാരെ ഇപ്പോഴും പേടിയാണ്. അന്നൊരിക്കൽ
ഈ സാമദ്രോഹിക്കുവേണ്ടി അനുഭവിച്ച വേദന. നഖത്തിന്റെയുള്ളിൽ മൊട്ടുസൂചി കയറ്റൽ, ബെഞ്ചിൽ കിടത്തി മുട്ടിനു
കീഴോട്ട് റൂൾത്തടിയുരുട്ടൽ, താടിരോമങ്ങൾ പിഴുതെടുക്കൽ – അങ്ങനെ എന്തെല്ലാം ചെയ്തികൾ – സത്യത്തിൽ ഒരു
പെണ്ണിനെ രക്ഷിക്കാൻ വേണ്ടി ചെയ്ത ചില സാഹസിക പ്രവൃത്തികളുടെ പേരിൽ അകത്തായതായിരുന്നു. പക്ഷേ, പണ്ട്
തന്റെ പേരിലുണ്ടായിരുന്ന ഒന്നുരണ്ട് അടിപിടി, പിടിച്ചുപറിക്കേസുകൾ നിലവിലുണ്ടായിരുന്നതുകൊണ്ട്, പോലീസുകാർക്ക്
പിന്നൊന്നും സംശയിക്കാനുണ്ടായിരുന്നില്ല. താനൊറ്റക്കാലനാണെന്നറിഞ്ഞപ്പോൾ അവർക്കുത്സാഹം കൂടുകയാണുണ്ടായത്.
’അപ്പോ – നീ നേരതെ തന്നെ ഞങ്ങടെ ലിസ്‌റ്റിൽ കയറേണ്ടതായിരുന്നു‘. – ഇങ്ങനെ പറഞ്ഞായിരുന്നു അടുത്ത
നടപടികൾ.
ചായക്കടയിൽവച്ച് വേഗം ചായ കുടിച്ച് പുറത്തിറങ്ങുകയായിരുന്നു. പഴയകാര്യങ്ങളെടുത്തിട്ടാൽ തന്നെ തിരിച്ചറിയാൻ
കഴിഞ്ഞിട്ടില്ലാത്തവർക്കു കൂടി വേണ്ട വിവരം ഇവന്റെ കൂടെ കൂടിയാൽ കിട്ടും. പക്ഷേ വേലുണ്ണി വിടുന്ന ലക്ഷണമില്ല. ഇനി
എന്ത് വേണമെന്നറിയാതെ വിഷമിക്കുമ്പോഴാണ് വേലുണ്ണിയുടെ ക്ഷണമുണ്ടായത്.
’ഏതായാലും അഞ്ചാറുകൊല്ലം കൂടീട്ട് താൻ വരുവല്ലെ? ഇയാക്കിന്നെന്റെ കൂടെ കൂടാം?‘
ആദ്യം അത് നിരസിക്കാനാണ് തോന്നിയതെങ്കിലും പുറമെ ഹോട്ടലിലും സ്‌റ്റേഷൻ പരിസരത്തുമുള്ളവർ തന്നെ
തിരിച്ചറിയുന്നതിനേക്കാളും സുരക്ഷ ഇവന്റെ കൂരയിലാവും എന്ന തിരിച്ചറിവ് പെട്ടെന്നയാളെ ആ ക്ഷണം സ്വികരിക്കാൻ
പ്രേരിപ്പിച്ചു.
വേലുണ്ണിയുടെ വീട്ടിൽ ചെന്നപ്പോഴും അറുമുഖത്തിന് സ്വസ്ഥതയില്ല. മീനാക്ഷി അവനെ കണ്ടപാടെ തിരിച്ചറിഞ്ഞിരിക്കുന്നു!
’അല്ലാ – ഇതാര്? അറുമുഖമണ്ണനാ? എന്ന സൗഖ്യമാ – ?‘
’വിശേഷം പിന്നെപ്പറയാടീ – നീ ചോറ് വെളമ്പ്..!
വേലുണ്ണി അങ്ങനെ പറഞ്ഞതോടെ മീനാക്ഷി അടുക്കളയിലേക്കു പോയി.
‘ഇനി ഇവിടെ നിന്നെങ്ങോട്ട് പോകും? ശരിക്കും വല്ലതും കഴിച്ചിട്ട് രണ്ടുദിവസത്തിലേറെയായി. വിശന്ന് കൊടല്
കരിഞ്ഞുതുടങ്ങി. എന്തും വരട്ടെ ഊണുകഴിച്ചിട്ട് ബാക്കികാര്യമെന്ന് അറുമുഖമൊരു തീരുമാനമെടുത്തു.
വിശപ്പിന്റെ ആധിക്യം മൂലമോ മീനാക്ഷിയുടെ കൈപ്പുണ്യംകൊണ്ടോ – അറുമുഖം ചോറ് ആർത്തിയോടെ
കഴിക്കുകയായിരുന്നു. ആ സമയം മുമ്പിൽ വേലുണ്ണിയും മീനാക്ഷിയും ഉണ്ടെന്നവനാലോചിച്ചുപോലുമില്ല.
അങ്ങനെയിരുന്നപ്പോഴാണ് മീനാക്ഷിയുടെ ചോദ്യം പെട്ടെന്ന് –
’ആ പെണ്ണിപ്പം എവിടൊണ്ട്?‘
ആർത്തിയോടെ വാരിവലിച്ചുണ്ണുകയായിരുന്ന അറുമുഖത്തിന് മീനാക്ഷിയുടെ ആ ചോദ്യത്തോടെ ചോറ് തൊണ്ടയിൽ തടഞ്ഞു.
സുഖമായൊന്നുണ്ണുകയായിരുന്നു. അതിനിടയിലാണ് ആ സത്വത്തിന്റെയീ ചോദ്യം.
താൻ മറക്കാൻ ശ്രമിക്കുന്നു. ആ പെണ്ണിനെയും കൊണ്ടുള്ള യാത്ര – അടിപിടി-ബഹളം – പിന്നൊരു
കൊലപാതകത്തിലേക്കെത്തിച്ച ആ സംഭവം –
എന്തിനേ അവളിപ്പോളിവിടെ എഴുന്നള്ളിച്ചത്?
പക്ഷേ, ഭക്ഷണത്തിന്റെ രുചിയും അതിനോടുള്ള ആർത്തിയും മൂലം ഉള്ളിലുയർന്ന കോപം അടക്കി. പിന്നെ
മുഖമുയർത്താതെ പറഞ്ഞുഃ’
‘ങ്‌ഹാ – എനിക്കറയില്ല’
‘ങ്‌ഹാ – അതെന്നാണ്ണ അങ്ങനെ പറയണെ? സത്വം വിടാനുള്ള ഭാവമില്ല.
അറുമുഖം ഊണു നിർത്തിയെഴുന്നേറ്റു. ഇവിടെ നിന്നെങ്ങനെയെങ്കിലും രക്ഷപ്പെടണമെന്ന ചിന്തയോടെയാണെഴുന്നേറ്റത്. ആ
സമയത്ത് അയാൾ മീനാക്ഷിയെ നോക്കി. നാല്പത് നാല്പത്തഞ്ച് പ്രായമുള്ള ഒരൊത്ത സ്ര്തീ. പൊക്കം കുറവാണെങ്കിലും
ഒരാനചന്തമുണ്ട്. ഇവളെങ്ങനെ ഈ ക്ഷയരോഗിയുടെ കൂടെ പൊറുക്കുന്നു? അതായിരുന്നവന്റെ മനസിൽകൂടി കടന്നുവന്ന
ചോദ്യം. അതോ – വേലുണ്ണി ഇപ്പോഴും ആ പഴയ പരിപാടി തന്നെയാണോ? ഇവളേം വച്ച് മൊതലാക്കുകയാണൊ?
സ്‌റ്റേഷനിൽ നിന്ന് ആളെ കൂട്ടി കുടിലിലേയ്‌ക്ക് കൊണ്ടുവന്നതിൽ തുടങ്ങിയ കശപിശയാണല്ലോ. ആദ്യ പൊണ്ടാട്ടി
ഉപേക്ഷിച്ച് പോവാൻ കാരണം – (വേലുണ്ണി അന്ന് പറഞ്ഞത് – അവളെ പറഞ്ഞുവിട്ടെന്നാണ്). റിക്ഷ
വലിക്കുന്നതിനേക്കാളും ആദായമുള്ള പണിയാണല്ലൊ. സത്വം വീണ്ടും ചോദ്യം ആവർത്തിച്ചു.
’അവളാ തെണ്ടീടെ കൂടെ കോയമ്പത്തൂരോ മറ്റോ ചെന്നപ്പോളിറങ്ങിപ്പോയി. ഞാൻ നല്ല ഉറക്കത്തിലായിരുന്നു.‘.
’അത് നൊണ. അവള് ഇങ്ങടെ കൂടെ പോയെന്നാണല്ലോ പറേണത്. അവനിപ്പം ആവണീശ്വരത്തുണ്ട്‘.
സുപ്രനെന്ന പേരു കേട്ടപ്പോഴേ ഉണ്ടതെല്ലാം ദഹിച്ചുപോയ അനുഭവമായിരുന്നു. അന്ന് ട്രെയിനിൽവച്ച് താൻ തല്ലിച്ചതച്ച്
ബോധം നിലച്ച് വടിയായെന്ന് കരുതി ഒരു വളവ് തിരിയുന്ന നേരത്ത് തള്ളിത്താഴെയിട്ടവൻ ജിവിച്ചിരിപ്പുണ്ടെന്നോ?
അപ്പോഴവൻ -? അവൻ ചത്തില്ലെന്നോ ?
’ന്താ തുറിച്ച് നോക്കണെ? ആ പെഴച്ച പെണ്ണിനെച്ചൊല്ലി നിങ്ങള് രണ്ടാളും തല്ല് കൂടീന്നും, അവൻ ബോധം കെട്ടസമയത്ത്
ട്രെയിനീന്ന് വീണെന്നും പെണ്ണും ങ്ങ്‌ളും കൂടി വണ്ടിയിൽ പോയെന്നുമാണല്ലോ അവൻ പറഞ്ഞെ‘.
അപ്പോഴവൻ ചത്തിട്ടില്ല. അറുമുഖത്തിന് പറഞ്ഞറിയിക്കാനാവാത്ത ഒരാശ്വാസം. അഞ്ചുവർഷമായി താനൊരു
കൊലപാതകിയാണെന്ന് സ്വയം വിശ്വസിച്ച് ആ പാപഭാരവും പേറി നീറിക്കഴിയുകയായിരുന്നു. ഈ അഞ്ചുവർഷക്കാലം
എറണാകുളത്ത് ആ നാറ്റസ്ഥലത്ത് ഒളിച്ച് കഴിഞ്ഞതും പേടിച്ച് നടന്നതുമൊക്കെ വെറുതെ. സമാധാനമായി.
പക്ഷേ, അടുത്ത നിമിഷം ആ സമാധാനം അവനെ വിട്ടകന്നു.
താനിവിടെ വന്നവിവരം സുപ്രൻ അറിഞ്ഞാൽ -?
അവന്റെയുള്ളിലും പത്തിയൊതുങ്ങി കിടക്കുന്ന പക കാണില്ലെ? തന്നെ കാണുമ്പോൾ കണക്ക് തീർക്കില്ലെ? അതോടെ
അറുമുഖം വീണ്ടും തളർന്നു.
സുപ്രൻ കാണുമ്പോൾ പകരം വീട്ടുമെന്ന് മാത്രമല്ല, പണ്ടത്തെ അടിപിടിക്കേസുകളിൽ പലതിലും പ്രതിയായ താൻ
തിരിച്ചെത്തിയെന്ന് ഒറ്റ് കൊടുത്താലോ? അന്നവനെ കൊല്ലാൻ ശ്രമിച്ചതുൾപ്പെടെയുള്ള കേസുകളും കൂടിയാവുമ്പോൾ – ?
വീണ്ടും പോലീസിന്റെ ഓർമ്മ – അവനെ തളർത്തി.
വേണ്ട – തനിക്കിവിടെ കഴിയണ്ട. തിരിച്ചുപോകാം. അവിടെയാകുമ്പോൾ ആരും അന്വേഷിച്ച് വരില്ല. ആ നാറ്റസ്ഥലത്തേക്ക്
ഒരുത്തനും തിരിഞ്ഞു നോക്കില്ല.
ഉടനെ തന്നെ സ്ഥലം വിടണമെന്നു കരുതിയെങ്കിലും അത് വേണ്ടെന്ന് വച്ചു. വേലുണ്ണി ഇതിനോടകം നല്ല
ഉറക്കത്തിലായിക്കഴിഞ്ഞു. വേണമെങ്കിൽ പോകാം – പക്ഷെ ഈ സത്വം?
എന്തു വേണമെന്നറിയാതെ ഒരു ബീഡിക്ക് തീ കൊളുത്തി ആഞ്ഞുവലിക്കാനായി തുടങ്ങുമ്പോൾ മീനാക്ഷി അവന്റെയടുക്കൽ
വന്നു.
’ഓ എനിക്കറിയാം അണ്ണനതിനെക്കുറിച്ച് വെഷമിക്കുകയാണെന്ന്. സുപ്രന് ഇവിടെ വരാൻ പറ്റില്ല. അവന്റെ രണ്ടുകാലും
തളർന്നുപോയി. വണ്ടീടെ വാതിൽക്കൽ ഉറക്കം തൂങ്ങീപ്പോ തെറിച്ച് താഴെ വീണെന്നാ അവൻ പറഞ്ഞെ? പെണ്ണിനെ ഇങ്ങള്
തട്ടികൊണ്ടു പോയതിലവനു ഒരു പരിഭവോമില്ല. കാല് തളർന്നുപോയ തന്നെക്കൊണ്ടിനി എന്തിനു കൊള്ളാമെന്നാ അവൻ
ചോദിക്കുന്നെ? അതിലും ഭേദം അവള് ങ്ങടെ കൂടെ കഴിയണതല്ലേ? അവനിപ്പം ഒരു ‘സി’ ക്ലാസ് കടയിട്ട് കഴിയുവാ.
അണ്ണനേതായാലും ഇവിടെയൊന്ന് വിശ്രമിക്ക്. രാത്രീലത്തെ ചോറും തിന്ന് പോയാമതി‘.
നടന്ന സംഭവം അതേപടി സുപ്രൻ പറഞ്ഞിട്ടില്ലന്നറിഞ്ഞതോടെ അറുമുഖത്തിന്റെ ഉള്ളിൽ നിന്നും ഒരു നെടുവീർപ്പുയർന്നു.
നെഞ്ചിൽ നിന്നും വലിയൊരു ഭാരം ഇറങ്ങിപ്പോയതുപോലെ. ഇനിയുറങ്ങാം. സമാധാനത്തോടൊ അതോടെ അവൻ
മീനാക്ഷിയുടെ ക്ഷണം സ്വീകരിച്ച് വരാന്തയിലിട്ടിരിക്കുന്ന കയറ്റുകട്ടിലിൽ നീണ്ടുനിവർന്നു കിടന്നു.
Generated from archived content: daivam10.html Author: mk_chandrasekharan
Click this button or press Ctrl+G to toggle between Malayalam and English