യാത്രാസ്‌കെച്ചുകൾ – 6

ഡി.സി. എന്ന സാരഥി

ഡി.സി.യെ സാരഥി എന്നിവിടെ വിശേഷിപ്പിച്ചത്‌ പുസ്‌തകപ്രസാധനരംഗത്തെ സാരഥിയായിട്ടല്ല. ആ രീതിയിലുള്ള അംഗീകാരം അദ്ദേഹം അഖിലേന്ത്യാ തലത്തിൽ മറ്റാരും ചോദ്യം ചെയ്യപ്പെടാത്ത നിലയിൽ നേരത്തേ തന്നെ സ്വന്തമാക്കിയിട്ടുള്ളതാണ്‌. സ്വാതന്ത്ര്യസമരസേനാനി, ഗ്രന്ഥശാലാപ്രവർത്തകൻ, ഗ്രന്‌ഥകാരൻ, കോളമിസ്‌റ്റ്‌, പുസ്‌തക പ്രസാധകൻ എന്നീ നിലയിൽ ബഹുമുഖ പ്രതിഭയായ ഡി.സി. യാത്ര വേളകളിൽ വിഷമഘട്ടങ്ങളിൽ വഴികാട്ടിയായിമാറിയ അനുഭവം എനിക്കുണ്ടായിട്ടുണ്ട്‌. അപരിചിതമായ മേഖലകളിൽ സന്ദർശനം നടത്തുമ്പോൾ, ഏതെങ്കിലും ഉപദേശത്തിനോ. നിർദ്ദേശത്തിനോ വേണ്ടി ആരെയെങ്കിലും തിരയുമ്പോഴാണ്‌, ഞാനീ പേർ കൃതജ്ഞതാപൂർവ്വം സ്‌മരിക്കുന്നത്‌.

മൂവാറ്റുപുഴയ്‌ക്കടുത്തുള്ള മേക്കടമ്പ്‌ എന്ന ഗ്രാമത്തിലെ പ്രൈമറി സ്‌കൂളിൽ ഞാൻ പഠിക്കുന്ന കാലത്ത്‌ തന്നെ എനിക്കീപേർ സുപരിചിതമാണ്‌. അന്ന്‌ വീട്ടിൽ വരുത്തിയിരുന്ന ‘കേരളഭൂഷണം’ എന്ന പേപ്പറിലെ ‘കറുപ്പും വെളുപ്പും എന്ന കോളം വായിച്ച്‌ അഭിപ്രായ പ്രകടനം നടത്തുകയും സ്വയം പൊട്ടിച്ചിരിക്കുകയും ചെയ്യുന്ന അമ്മാവന്മാർ വഴിയാണ്‌ ഞാനീ പേർ ആദ്യം അറിയുന്നത്‌. പിന്നീട്‌ ഹൈസ്‌കൂളിൽ പഠിക്കുന്നകാലത്ത്‌ വായിച്ച ’മെത്രാനും കൊതുകും‘ എന്ന പുസ്‌തകം വഴിയും ഈ പേർ മനസ്സിൽ ശാശ്വത പ്രതിഷ്‌ഠനേടി.

ഡി.സി.യെ ഞാനാദ്യം കാണുന്നത്‌ 1974ലാണ്‌. അന്ന്‌ കോട്ട്‌യത്ത്‌ ഞാൻ ജോലിചെയ്യുന്ന സ്‌ഥാപനത്തിന്റെ മുറ്റത്ത്‌, ഒരു വൈകിട്ട്‌ നിൽക്കുമ്പോൾ കയ്യിലൊരു ബാഗുമായി മുണ്ടും ഷർട്ടും വേഷത്തോടെ മദ്ധ്യവയസ്സ്‌ പിന്നിട്ട ഒരാൾ എന്തോ ആലോചനയോടെ കളക്‌ടറേറ്റിന്‌ കിഴക്കോട്ടുള്ള ഇറക്കം ഇറങ്ങിവരുന്ന ഒരു ചിത്രം എന്റെ മനസ്സിലുണ്ട്‌. പക്ഷേ, അദ്ദേഹവുമായി അടുക്കുന്നത്‌ പിന്നെയും പത്തു വർഷം കഴിഞ്ഞ്‌ 1984ൽ മാത്രം, എന്റെ ആദ്യനോവൽ കറന്റ്‌ ബുക്‌സിലൂടെ പുറത്തിറങ്ങുന്ന ചടങ്ങാണ്‌ വേദി. അദ്ദേഹത്തിന്റെ കൃത്യനിഷ്‌ഠയെ പറ്റിയും സ്വകാര്യജീവിതത്തിലും ഔദ്യോഗിക രംഗത്തും വച്ചുപുലർത്തുന്ന അച്ചടക്കത്തെക്കുറിച്ചും നേരത്തെ തന്നെ കേട്ടിട്ടുണ്ടെങ്കിലും അതാദ്യമായി നേരിട്ടറിഞ്ഞത്‌ അന്നാച്ചടങ്ങിൽ വച്ച്‌. കൃത്യം നാലരയ്‌ക്ക്‌ തുടങ്ങേണ്ടിയിരുന്ന ചടങ്ങിന്‌ അഞ്ച്‌മിനിട്ട്‌ മുമ്പേതന്നെ അദ്ദേഹം സമ്മേളനം നടക്കുന്ന ഹാളിന്‌ മുന്നിലെത്തി. പുസ്‌തകപ്രകാശനചടങ്ങ്‌ തുടങ്ങാൻ പിന്നെയും പത്ത്‌മിനിട്ട്‌ സമയമെടുത്തു. തന്റെ വിലയേറിയ അഞ്ച്‌മിനിട്ട്‌ പാഴാക്കാതെ, സ്‌ഥലത്തുണ്ടായിരുന്ന ലൈബ്രറി കൗൺസിൽ മെമ്പറുമായി ആശയവിനിമയം നടത്താനുള്ള അവസരമായി അതദ്ദേഹം കണ്ടു. അടത്തു തന്നെ കിട്ടേണ്ടിയിരുന്ന ലൈബ്രറി ഗ്രാന്റിനെപ്പറ്റി സർക്കാർതലത്തിൽ നടത്തേണ്ടുന്ന സമ്മർദ്ദതന്ത്രങ്ങളായിരുന്നു, അപ്പോഴത്തെ ചർച്ചാവിഷയം, പിന്നീട്‌ പുസ്‌തകപ്രസാധനം ഉൾപ്പെടെയുള്ള പലചടങ്ങുകളിലും അദ്ദേഹം പങ്കെടുക്കുന്നതിൽ ഭാഗമാകാനുള്ള അവസരം എനിക്കുണ്ടായിട്ടുണ്ട്‌. അപ്പോഴൊക്കെ അദ്ദേഹം വരിക കാര്യപരിപാടി തുടങ്ങേണ്ടുന്ന സമയത്തിന്‌ തൊട്ടുമുന്നേയായിരിക്കും. നാഷണൽ ബുക്‌സ്‌റ്റാളിൽ നിന്ന്‌ പിരിയുമ്പോൾ കൂടെക്കൊണ്ടുപോന്ന ഡി.സി. എന്നരണ്ടക്ഷരം. കേരളത്തിൽ മാത്രമല്ല അഖിലേൻഡ്യാതലത്തിൽ പുസ്‌തക പ്രസാധനരംഗത്ത്‌ ഒരു സാമ്രാജ്യമായി മാറിയതിന്‌ പിന്നിലുള്ളത്‌ അദ്ദേഹത്തിന്റെ കർമ്മകുശലതയും കൃത്യനിഷ്‌ഠയാർന്ന ജീവിതചര്യയുമാണെന്ന്‌ നിസ്സംശയം പറയാവുന്ന കാര്യമാണ്‌.

പക്ഷേ, ഞാനിവിടെ പറയാൻ പോവുന്ന കാര്യം പുസ്‌തക പ്രസാധനക്കാരനായ ഡി.സി.യെപ്പറ്റിയല്ല. യാത്രവേളകളിൽ നമുക്കൊരു മാർഗ്ഗദർശിയായി മാറിയിരുന്ന ഒരു വലിയ മനുഷ്യനെ പറ്റിയാണ്‌.

അദ്ദേഹവുമൊരുമിച്ച്‌ കേരളത്തിന്‌ വെളിയിൽ ആദ്യമായൊരു ചടങ്ങിൽ കൂടുന്നത്‌, 1987ൽ അഹമ്മദാബാദിൽ വച്ചാണ്‌. ഒഥേഴ്‌സ്‌ ഗിൽഡ്‌ ഓഫ്‌ ഇൻഡ്യ യുടെ മൂന്ന്‌ ദിവസം നീണ്ടു നിൽക്കുന്ന ചടങ്ങിൽ പങ്കെടുക്കാനായി നേരത്തേ തന്നെ അദ്ദേഹം എത്തിയിട്ടുണ്ട്‌. സമ്മേളനം നടക്കുന്ന ’ഭായികാക്കാഹാളിൽ‘ അദ്ദേഹം വേദിയിൽ കയറി എന്തെങ്കിലും സംസാരിച്ചതായി ഞാൻ കണ്ടില്ല (ഇടയ്‌ക്കൊന്നു പറയട്ടെ, അവിടെ വച്ച്‌ പരിചയപ്പെട്ട കുറെ മലയാളിസുഹൃത്തുക്കളുമൊരുമിച്ച്‌ കുറേനേരം മാറിനിന്ന സമയം, അദ്ദേഹം ഏതെങ്കിലുമൊരു സെഷനിൽ സംസാരിച്ചോ എന്നറിയില്ല) പക്ഷേ, ചർച്ചകളിൽ പങ്കെടുക്കാനായി. കേരളത്തിൽ നിന്നുള്ള പ്രതിനിധികളിൽ പലരും പോവുന്നതിന്‌ മുമ്പ്‌, അദ്ദേഹത്തിന്റെ ഉപദേശം തേടുന്നത്‌ കാണാൻ കഴിഞ്ഞു. ഇൻഡ്യയുടെ മറ്റ്‌ സംസ്‌ഥാനങ്ങളിൽ നിന്ന്‌ വന്ന എഴുത്തുകാരിൽ പലരും ഡി.സി. എന്ന പേർ കേൾക്കുമ്പോൾ തിരിഞ്ഞു നിൽക്കുന്നതും പരിചയപ്പെടാനായി അത്ഭുതാദരങ്ങളോടെ അടുത്തുവരുന്നതും കേരളത്തിൽ നിന്നുള്ള എഴുത്തുകാർക്ക്‌ ഏറെ ആഹ്ലാദം പകർന്ന നിമിഷങ്ങളായിരുന്നു.

ഒന്നാം ദിവസം വൈകുന്നേരം സബ്ബർമതി ആശ്രമത്തിനോട്‌ ചേർന്നുള്ള ’വിശാല‘ ഹാളിൽ അവതരിപ്പിച്ച ഗുജറാത്തി കലാപപരിപാടികൾ കാണാനുള്ള അവസരം സംഘാടകർ ഒരുക്കുകയുണ്ടായി. കലാപരിപാടികൾക്ക്‌ തുടക്കമിട്ടതേയുള്ളു, കേരളത്തിൽ നിന്നുള്ള പ്രതിനിധികളിൽ ഒരാളായ കവി. സി.കൃഷ്‌ണൻ നായർക്ക്‌ പെട്ടെന്നൊരസുഖം പിടിപെട്ടു. ബ്ലഡ്‌ പ്രഷർ മൂലം അവശനായ അദ്ദേഹത്തെ ഹാളിന്റെ ഒരരികിൽ കിടത്തി., വൈദ്യസഹായത്തിന്‌ വേണ്ടി ഓടിനടന്നത്‌ ഡി.സിയായിരുന്നു. കേരളത്തിൽ നിന്നുളള ഡെലിഗേറ്റ്‌സുകളുടെ കൂട്ടത്തിൽ ഷൊർണ്ണൂർ കാർത്തികേയന്റെ ഭാര്യ രാജമ്മ കാർത്തികേയൻ ഡോക്‌ടറാണ്‌. പക്ഷേ, കലാപരിപാടികൾ കാണാൻ നിൽക്കാതെ അവർ ഷോപ്പിംഗിന്‌ പോയതിനാൽ വേറെ മാർഗ്ഗം തേടേണ്ടിവന്നു. സന്ദർഭത്തിനനുസരിച്ച്‌ വേണ്ടത്‌ ചെയ്യുക എന്ന കർത്തവ്യം മാത്രമേ അദ്ദേഹം ചെയ്‌തുള്ളുവെങ്കിലും ഈ മനസ്‌ഥിതി മറ്റുള്ളവർക്ക്‌ ഒരു സാധനപാഠമാകേണ്ടഗുണവിശേഷമാണ്‌.

സമ്മേളനാനന്തരം, ഗുജറാത്തിന്‌ പുറത്ത്‌ നിന്നുള്ള എഴുത്തുകാർക്ക്‌ വേണ്ടി സൗരാഷ്‌ട്ര പര്യടനം സർക്കാർ ചിലവിൽ ഒരുക്കിയിരുന്നത്‌, മുൻകൂട്ടി അങ്ങനെയൊരു കാര്യം അറിവില്ലാത്തതുമൂലം, കേരളത്തിൽനിന്നുള്ള എഴുത്തുകാരിൽ മിക്കവർക്കും പ്രയോജനപ്പെടാതെ പോയി. പക്ഷേ, ഈ അവസരം പ്രയോജനപ്പെടുത്തിയവരിൽ എന്നോടൊപ്പം, ഡി.സി, ഡി വിനയചന്ദ്രൻ, ഇ.എ. കരുണാകരൻ നായർ, ഇ. വാസു, നൂറനാട്‌ ഹനീഫ എന്നിവരുണ്ടായിരുന്നു.

ബസ്‌ കടന്ന്‌ പോയത്‌ രാജ്‌കോട്ട്‌ വഴിയായിരുന്നു. മഹാത്മഗാന്ധി പഠിച്ച സ്‌കൂളിന്‌ മുന്നിലൂടെ പോവുമ്പോൾ, അവിടെ കയറണമെന്ന ആഗ്രഹം ഡി.സി.പ്രകടിപ്പിച്ചെങ്കിലും സമയനിഷ്‌ഠ പാലിക്കണമെന്ന വാശി പിടിച്ച ഞങ്ങളുടെ ബസ്സിലെ കൺവീനർകൂടിയായ തമിഴ്‌നാട്ടിൽ നിന്നുളള ഡലിഗേറ്റീന്റെ നിർബന്ധബുദ്ധികാരണം അത്‌ സാധിക്കാതെ പോയി. ഒരു സ്വാതന്ത്ര്യസമരസേനാനി കൂടിയായിരുന്ന ഡി.സി. യുടെ കമന്റ്‌ ഇങ്ങനെ.

“മഹാത്മജി പഠിച്ചിരുന്ന സ്‌കൂളിന്‌ മുന്നിൽ കൂടി കടന്നു പോവാനുള്ള ഭാഗ്യം എനിക്കുണ്ടായി എന്ന്‌ ഭാവിയിൽ പറയാൻ പറ്റും. രാത്രി പന്ത്രണ്ട്‌ മണിയോടെയാണ്‌ ബസ്‌, രാത്രി തങ്ങാൻ സൗകര്യം ഏർപ്പെടുത്തിയിരുന്ന പോർബന്ധറിനടുത്തുള്ള ഒരു സത്രത്തിൽ എത്തുന്നത്‌. അവിടെ നിന്ന്‌ ഉദ്ദേശം ഒരു കിലോമീറ്റർ ദൂരമേയുള്ളു, ഗാന്ധിജി പിറന്ന സ്‌ഥലം. അവിടെക്കൂടി പോയിവരണമെന്ന്‌ ഡി.സി. പറഞ്ഞെങ്കിലും സമയനിഷ്‌ഠയുടെ കാരണം പറഞ്ഞ്‌ മുൻപറഞ്ഞ കൺവീനർ അത്‌ ചെവിക്കൊണ്ടില്ല. പെട്ടെന്ന്‌ ഡിസിക്ക്‌ ഒരൈഡിയ, ’നമുക്കൊരോട്ടോ പിടിച്ച്‌ പോവാൻ പറ്റുമോ എന്ന്‌ നോക്കാം‘. കൂട്ടിന്‌ എന്നെയും ഇ.എ. കരുണാകരൻ നായരെയും വിളിച്ചു. മഹാത്മജിയുടെ ജന്മ സ്‌ഥലം അടങ്ങിയ കോംപൗണ്ട്‌ രാത്രി പത്തുമണിയോടെ അടച്ചിടുന്നതു കൊണ്ട്‌, ആ സ്‌ഥലത്തിന്‌ ഗേറ്റിനോട്‌ ചേർന്നുള്ള സ്‌മാരകകെട്ടിടത്തിനു മുന്നിലും ചുറ്റുവട്ടത്തും ഒന്ന്‌ കറങ്ങാനുള്ള ഭാഗ്യം മാത്രമേ ഞങ്ങൾക്ക്‌ ലഭിച്ചുള്ളു. സന്ദർശിക്കേണ്ട സ്‌ഥലങ്ങൾ ഏതൊക്കെയെന്ന്‌ മുൻകൂട്ടി ഒരു ധാരണയുണ്ടാകാതെ പോയതിലുള്ള അപാകതയായിരുന്നു, ഇങ്ങനെ വന്ന്‌ പെട്ടത്‌.

’രാവിലെ ബസ്‌ നാലരയ്‌ക്ക്‌ പുറപ്പെടണം. ദ്വാരകയ്‌ക്ക്‌, നടതുറക്കുന്നതിന്‌ മുന്നേ തന്നെ എത്തണം.‘ തിരിച്ച്‌ സത്രത്തിലെത്തുമ്പോൾ ഞങ്ങൾക്ക്‌ കിട്ടിയ നിർദ്ദേശം അതായിരുന്നു. അപ്പോൾ രാത്രി ഒരു മണി. ഡലിഗേറ്റ്‌സ്‌ പലരും സത്രത്തിന്റെ ഹാളിലും ചിലർ ബസ്സിലും വേറെ ചിലർ സത്രത്തിനോടു ചേർന്നുള്ള അരഭിത്തിയിലുമായി രാത്രി ചിലവിട്ടു.

വെളിപ്പിനെ 4 മണിപോലും ആയില്ല. അതിന്‌ മുന്നേതന്നെ എന്തോ പരുപരുത്ത പ്രതലത്തിൽ ഉരസുന്നതു പോലെയുള്ള ശബ്‌ദം കേട്ട്‌ എനിക്കുണരേണ്ടിവന്നു. നോക്കുമ്പോൾ സത്രത്തിന്‌ ഒരു വശത്തുള്ള സ്‌ട്രീറ്റ്‌ ലൈറ്റിന്റെ വെളിച്ചത്തിൽ ഒരു കണ്ണാടിയിൽ നോക്കിയുള്ള ഡി.സിയുടെ ഷേവിംഗ്‌ നടക്കുന്നു. വെറും വെള്ളത്തിൽ മുഖം കഴുകി. റേസർ ബ്ലേഡുപയോഗിച്ചപ്പോഴുള്ള ശബ്‌ദമായിരുന്നു. ഞാൻ കേട്ടത്‌, എന്നെകണ്ടതോടെ അദ്ദേഹം പറഞ്ഞു.

ഇപ്പോൾ വാട്ടർ ടാങ്കിൽ വെള്ളം നിറയ്‌ക്കാനുള്ള ട്രാക്‌ടർ വരും. ആ സമയം നമുക്ക്‌ ടാങ്കിന്‌ ചുവട്ടിൽ നിന്നാൽ മതി. സുഖമായുള്ള ഷവർബാത്ത്‌ കിട്ടും. ഇത്‌ നമ്മുടെ മറ്റുള്ളയാൾക്കാരോടും പറഞ്ഞേക്കൂ. വെള്ളത്തിന്‌ ക്ഷാമമുള്ള ഗുജറാത്തിലെ പ്രഭാതകൃത്യങ്ങൾ ഇങ്ങനെ നിർവഹിക്കുകയേ നിവൃത്തിയുണ്ടായിരുന്നുള്ളു. യാത്രയിൽ പാലിക്കേണ്ട കൃത്യനിഷ്‌ഠയ്‌ക്ക്‌ ഉത്തമ ഉദാഹരണമായിരുന്നു, രാത്രി വളരെ വൈകി കിടന്നിട്ടും വെളിപ്പിനെ നാല്‌മണിക്ക്‌ മുന്നേതന്നെ എഴുന്നേറ്റുള്ള ഈ തയ്യാറെടുപ്പ്‌. ആ ബസ്സിലെ നാല്‌പതോളം യാത്രക്കാരിൽ ആദ്യം തന്നെ; റെഡിയായവരിൽ മുമ്പൻ ഡി.സി.തന്നെ പ്രായം കൊണ്ട്‌ താരതമ്യേന ചെറുപ്പക്കാരായ ഞങ്ങൾക്കാർക്കും സാധിക്കാത്ത കാര്യം. ദ്വാരകയ്‌ക്ക്‌ മുന്നിൽ നടതുറക്കുന്നതിന്‌ മുന്നേതന്നെ വളരെ വെളുപ്പിനെ ഞങ്ങളെത്തി. ആരതിയുടെ സമയമടുക്കുന്നു. ഭക്തിയിൽ ഉറഞ്ഞുള്ള ’കൃഷ്‌ണാ കൃഷ്‌ണാ എന്നവിളിയും മണിയടിയും ഭജനയും തകൃതിയിൽ നടക്കുന്നു. പെട്ടെന്നാണ്‌ ഞാനാ കാഴ്‌ച കാണുന്നത്‌. നോവലിസ്‌റ്റ്‌ നൂറനാട്‌ ഹനീഫ കാലിൽ ചെരിപ്പിട്ടുകൊണ്ടാണ്‌ ശ്രീകോവിലിന്‌ മുന്നിൽ നിൽക്കുന്നത്‌. കേരളത്തിലെ അമ്പലങ്ങളിൽ അനുവദനീയമല്ലാത്ത ഈ കാഴ്‌ച ഹനീഫയുടെ കാലിൽ കാണാനിടയായപ്പോൾ, ഞാൻ ”ഹനീഫാ കാലിലെ ചെരിപ്പഴിച്ച്‌ മാറ്റൂ‘ എന്ന്‌ വിളിച്ചു പറഞ്ഞു. പറഞ്ഞത്‌ മുഴുവനാക്കുന്നതിന്‌ മുന്നേതന്നെ എന്റെ തോളത്തൊരു സ്‌പർശം തിരിഞ്ഞു നോക്കുമ്പോൾ, പിന്നിൽ ഡി.സി.

’ഇത്‌ കേരളമല്ല. അവിടെ പ്രശ്‌നങ്ങളുള്ള സ്‌ഥലങ്ങൾ ഗുരുവായുരിലും ശ്രീപത്‌മനാഭസ്വാമി ക്ഷേത്രത്തിലുമേ ഉള്ളു. അന്യമതസ്‌ഥനൊരുവൻ ഇവിടെ കയറി എന്നറിഞ്ഞാൽ ചോരപ്പുഴയൊഴുകാൻ പിന്നെ അതു മതി. ആരും തിരിച്ചു പോവില്ല.‘

1989 മെയ്‌മാസത്തിൽ റാഞ്ചിയിൽ വച്ചാണ്‌ വീണ്ടും ഞങ്ങൾ കേരളത്തിന്‌ വെളിയിൽ വച്ച്‌ ഒരുമിച്ചത്‌. ഓഥേഴ്‌സ്‌ ഗിൽഡിന്റെ 15-​‍ാമത്തെ വാർഷികസമ്മേളനം റാഞ്ചി അഗ്രിക്കൾച്ചറൽ യൂണിവേഴ്‌സിറ്റിയിൽ വച്ചായിരുന്നു. കേരളത്തിൽ നിന്നുള്ള ഡെലിഗേറ്റ്‌സുകൾക്ക്‌ താമസസൗകര്യമൊരുക്കിയിരുന്നത്‌ കാർഷിക സർവ്വകലാശാലയുടെ ഹോസ്‌റ്റലിലായിരുന്നു. മുറികളെല്ലാം വിശാലം, വിസ്‌തൃതമായ കോമ്പൗണ്ട്‌ ചുറ്റിനും. നല്ല ഭൂപ്രകൃതി. മൂന്ന്‌ കട്ടിലുകൾ ഒരു മുറിയിൽ ആധുനിക സൗകര്യങ്ങളുള്ള കിടക്കയും തലയണയും ഫാനും – അത്യാവശ്യം മേശയും കസേരയും എല്ലാമുണ്ട്‌. പക്ഷേ, പൈപ്പിൽ വെള്ളമില്ലെന്ന്‌ മാത്രം. മൂന്ന്‌ മാസത്തിലേറെയായി ബീഹാറിലെ കോളേജുകളിലെ അദ്ധ്യാകപരും വിദ്യാർത്ഥികളും സമരത്തിലാണ്‌. റാഞ്ചിയിലെ കാർഷിക സർവ്വകലാശാലയിലും സമരമുണ്ട്‌. വിദ്യാർത്ഥികളാരും ഇല്ലാത്തതുകൊണ്ടാണ്‌, ഹോസ്‌റ്റൽ മുറികൾ താമസത്തിനായി വിട്ട്‌ തന്നത്‌. പക്ഷേ, ഇവിടെ വെള്ളവും വെളിച്ചവും തരാൻ നിയുക്തരായവർ വിദ്യാർത്ഥികളോടൊപ്പം മുങ്ങിയപ്പോൾ ഗതികേടിലായത്‌ മലയാളി ഡലിഗേറ്റ്‌സാണ്‌.

വേനൽക്കാലത്ത്‌ രണ്ടും മൂന്നും പ്രാവശ്യം കുളിക്കുന്ന കവികളും ഞങ്ങളുടെ കൂട്ടത്തിലുണ്ട്‌. എല്ലാവരും കുഴങ്ങി. എനിക്കും ഡി.സി.ക്കും പുറമെ പ്രശസ്‌ത നാടകകൃത്ത്‌ പി.ആർ. ചന്ദ്രനും കൂട്ടുണ്ട്‌, ഞങ്ങൾക്കൊരുക്കിയ മുറിയിൽ. മുറിയൊക്കെ ശരിയായി കഴിഞ്ഞപ്പോൾ ഡി.സി.യുടെ നേതൃത്വത്തിൽ ഞങ്ങൾ താഴോട്ടിറങ്ങി. ഹോസ്‌റ്റൽ കോമ്പൗണ്ടിന്‌ തൊട്ടടുത്ത്‌ തന്നെ മലയാളിയായ ഗാർഡനർ കുടുംബസമേതം താമസിക്കുന്നു. പേര്‌ കുഞ്ഞിരാമൻ. ഭാര്യയും മക്കളുമൊക്കെ ബീഹാറികൾ. ഏതായാലും അവരുമായി പെട്ടെന്ന്‌ ഞങ്ങൾ സൗഹൃദത്തിലായി. അതിന്റെ മെച്ചവും കിട്ടി. അയാളുടെ വീട്ട്‌ മുറ്റത്തെ കിണറും കുളിമുറിയും ഉപയോഗിക്കാൻ സമ്മതിച്ചു. ഓഥേഴ്‌സ്‌ ഗിൽഡിന്റെ കൺവെൻഷൻ നടന്ന മൂന്ന്‌ ദിവസവും ഞങ്ങളുടെ കുളിയും രാവിലത്തെ കാലിച്ചായകുടിയും കുഞ്ഞിരാമന്റെ വീട്ടിൽ. ഡി.സി ഇതിനോടകം കുഞ്ഞിരാമന്റെ കുടുംബചരിത്രം ചോദിച്ച്‌ മനസ്സിലാക്കി. നാട്ടിൽ നിന്ന്‌ പോന്നിട്ട്‌ വർഷങ്ങളായി. ഇപ്പോൾ നാടുമായി ബന്ധമെന്നുമില്ല. കുടുംബമൊരുമിച്ച്‌ ഒന്ന്‌ നാട്ടിൽ പോവാമെന്ന്‌ വച്ചാൽ അതിനുള്ള സാമ്പത്തിക ചിലവ്‌ താങ്ങാനാവില്ല. ശമ്പളം തുലോം കുറവ്‌. ഒറ്റയ്‌ക്ക്‌ പോയി വരാമെന്ന്‌ വച്ചാൽ മടങ്ങിവരുമ്പോൾ ജോലിയുണ്ടാവുമോ എന്നുറപ്പില്ല. ഡി.സി. ഇതെല്ലാം ചോദിച്ച്‌ മനസ്സിലാക്കിയത്‌ എന്തിനാണെന്നത്‌, അന്നു രാത്രി ഞങ്ങൾ മനസ്സിലാക്കി. കുങ്കുമം വാരികയിലെ ചെറിയ കാര്യങ്ങൾ മാത്രം എന്ന കോളത്തിലേയ്‌ക്ക്‌ എഴുതാനുള്ളത്‌ കുഞ്ഞിരാമനിൽ നിന്ന്‌ കിട്ടിക്കഴിഞ്ഞു. എല്ലാവരും ഉറങ്ങി എന്നായപ്പോഴാണ്‌ ഡി.സിയുടെ എഴുത്ത്‌. കേരളത്തിന്‌ വെളിയിലായി എന്നത്‌ കൊണ്ട്‌, എഴുത്ത്‌ മുടക്കാനാഗ്രഹിക്കുന്നില്ല.

സംഘാടകരുടെ അനാസ്‌ഥ ഓഥേഴ്‌സ്‌ ഗിൽഡിന്റെ മീറ്റിംഗ്‌ നടക്കുന്ന ഹാളിലും പ്രതിഫലിച്ചു. ഡലിഗേറ്റ്‌സിന്റെ രജിസ്‌ട്രേഷൻ രംഗത്തും, മടക്കയാത്രക്കുള്ള റിട്ടേൺ ടിക്കറ്റ്‌ ഒരുക്കാമെന്ന്‌ വാക്ക്‌ തന്നിടത്തും, പങ്കെടുക്കുന്നവർക്കുള്ള ഡി.എ. വിതരണം ചെയ്യുന്നിടത്തെല്ലാം ഉത്തരേന്ത്യൻ മേധാവിത്വം. അവരുടെ ആൾക്കാരാരെങ്കിലും വന്നാൽ തെക്കുനിന്ന്‌ വന്നവരെ പ്രത്യേകിച്ചും മലയാളികളെ തഴയുന്ന പതിവ്‌ മുൻപും ഉണ്ടായിരുന്നു. ഇവിടത്തെ താമസസൗകര്യമൊരുക്കിയിടത്തെ പോരായ്‌മകൾ പറയുമ്പോൾ അത്‌ കേൾക്കാൻ ആരുമില്ലാത്ത അവസ്‌ഥ. ഇതിലൊക്കെ പ്രതിഷേധിച്ച്‌ ഞാനൊരു കത്ത്‌ പി.ആർ. ചന്ദ്രനുമായി ആലോചിച്ച്‌ സെക്രട്ടറിക്ക്‌ കൊടുക്കാനായി തയ്യാറാക്കി. കൂട്ടത്തിൽ എന്റെ രാജിക്കത്തും ഞാൻ തയ്യാറാക്കി. സംഘടനാ ഭാരവാഹികൾക്ക്‌ ഇതൊക്കെ കൊടുക്കാൻ തുനിഞ്ഞപ്പോഴാണ്‌ ഡി.സി.യുടെ ഇടപെടൽ.

ഏതാനും വർഷം മുൻപ്‌ തിരുവനന്തപുരത്ത്‌വച്ച്‌ ഓഥേഴ്‌സ്‌ ഗിൽഡിന്റെ മീറ്റിംഗ്‌ നടന്നപ്പോൾ അതിലെ നടത്തിപ്പുകാരിൽ ഒരാൾ ഡിസി.യായിരുന്നു. അന്നദ്ദേഹത്തിന്‌ വന്നു ചേർന്ന ബുദ്ധിമുട്ട്‌ ചൂണ്ടിക്കാട്ടി ഞങ്ങളോട്‌ പറഞ്ഞു. ഒരു വലിയ സമ്മേളനം നടക്കുമ്പോൾ ചില പ്രശ്‌നങ്ങൾ ഉണ്ടാകുക എന്നത്‌ സ്വാഭാവികം. അതിനൊക്കെ പരിഹാരം എടുത്ത്‌ ചാടി രാജിവയ്‌ക്കുക എന്നതല്ല. തിരുവനന്തപുരത്ത്‌ വച്ച നടന്ന സമ്മേളനം നൂറ്‌ ശതമാനവും കുറ്റമറ്റതാണെന്ന്‌ പറയാൻ ഞാനാളല്ല. പല പോരായ്‌മകളും അന്നും ഉണ്ടായിരുന്നു. അതൊക്കെ ആലോചിക്കുക. ഏതായാലും വെള്ളവും യാത്രാസൗകര്യവും കിട്ടാനുള്ള മാർഗ്ഗമാണ്‌ നോക്കേണ്ടത്‌. രാജിയല്ല. എനിക്കാരാജിക്കത്ത്‌ പിൻവലിക്കേണ്ടിവന്നു. പിന്നെ ഡിസിയും ഇ. വാസുവും ഉൾപ്പെട്ട ഞങ്ങളുടെ നിവേദക സംഘത്തിന്റെ അഭ്യർത്ഥനയുടെ ഫലമായി ചിലകാര്യങ്ങളൊക്കെ പരിഹരിക്കാൻ പറ്റി. അത്രമാത്രം.

ഡി.സി.യുടെ ഇത്തവണത്തെ ട്രെയിൻ യാത്ര സൗജന്യമായിരുന്നു. സ്വാതന്ത്ര്യസമരസേനാനികൾക്ക്‌ ആ വർഷം ട്രെയിനിൽ ഫസ്‌റ്റ്‌ ക്ലാസിൽ ഇൻഡ്യയിലെവിടെയും യാത്ര ചെയ്യാം. കൂട്ടിനൊരാളെയും കൂട്ടാം. ആ നറുക്ക്‌ വീണത്‌ പി. ആർ. ചന്ദ്രനായിരുന്നു. ചന്ദ്രൻ കോട്ടയം മുതൽ ഡി.സി.യോടൊപ്പമുണ്ടായിരുന്നു. മടക്കയാത്രയിൽ പ്രധാനപ്പെട്ട സ്‌റ്റേഷനുകളിൽ വണ്ടിനിൽക്കുമ്പോൾ, ചന്ദ്രൻ മലയാളികളായ പ്രതിനിധികൾ സഞ്ചരിക്കുന്ന കംപാർട്ട്‌മെന്റിന്നടുത്ത്‌ വരും. ഡി.സി. പറഞ്ഞയച്ചതാണ്‌. വ്യക്തം. കൂടുതൽ സമയം ട്രെയിൻ നിൽക്കുന്ന സ്‌റ്റേഷനുകളിൽ ഞങ്ങളും അദ്ദേഹത്തിന്റെടുത്ത്‌ ചെല്ലും. ഒരിക്കൽ ചെല്ലുമ്പോൾ അദ്ദേഹം എഴുതുകയാണ്‌. കുങ്കുമത്തിന്റെ അടുത്തലക്കത്തിലേയ്‌ക്കുള്ള കോളമാണ്‌ എഴുതുന്നത്‌. യാത്രയാണെന്ന്‌ കരുതി കോളം മുടക്കുന്ന പ്രശ്‌നമേയില്ല. ചിട്ടയിൽ ആ ജീവിതശൈലി, കൃത്യനിഷ്‌ഠ, അച്ചടക്കം. കർമ്മനിരതനായിരിക്കുക എന്ന അവസ്‌ഥ. വെറും ഡി.സി. എന്ന രണ്ടക്ഷരവും കൊണ്ട്‌ എൻ.ബി.എസിൽ നിന്ന്‌ പടിയിറങ്ങിയ അദ്ദേഹം. ആ രണ്ടക്ഷരങ്ങളുടെ വിളനിലമാക്കി ഇൻഡ്യയിലെ ഏറ്റവും വലിയ പുസ്‌തകപ്രസാധന ശാലയാക്കിമാറ്റിയതിന്റെ പിന്നിലെ അദ്ധ്വാനം എന്താണെന്ന്‌ കുറച്ചൊക്കെ മനസ്സിലാക്കാൻ ഈ രണ്ടു യാത്രകളിൽ സഹവാസം എനിക്ക്‌ കാരണമായി.

ഇന്നദ്ദേഹം നമ്മോടൊപ്പമില്ല. പക്ഷേ, അദ്ദേഹത്തിന്റെ നാമം പേറുന്ന സ്‌ഥാപനം പടർന്ന്‌ പന്തലിച്ച്‌ വൈവിധ്യമാർന്ന മേഖലകളിൽക്കൂടി കേരളത്തിന്നകത്തും പുറത്തുമുള്ള സാംസ്‌കാരിക മേഖലയിലേയ്‌ക്ക്‌ നൽകുന്ന സംഭാവന അദ്ദേഹത്തിന്‌ അദ്ദേഹത്തിന്റെ പിൻഗാമികൾ നൽകുന്ന ആദരാഞ്ജലികൾ അതാണ്‌.

Generated from archived content: column1_sep10_09.html Author: mk_chandrasekharan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here