യാത്രാസ്‌കെച്ചുകൾ – 2

കൊണാർക്ക്‌ ഃ കരിങ്കല്ലിൽ തീർത്ത മഹാകാവ്യം

ഇവിടെ ചരിത്രം അദ്‌ഭുതാദരങ്ങളോടെ, ‘കറുത്തപഗോഡ’ എന്നറിയപ്പെടുന്ന കടൽത്തീരത്തെ ഈ കരിങ്കൽ സ്‌മാരകത്തിന്റെ മുന്നിൽ പകച്ചു നിൽക്കുന്നു. നൂറ്റാണ്ടുകൾ പലത്‌ പിന്നിട്ടിട്ടും കാലവുമായി മല്ലിട്ട്‌ പ്രതികൂലാവസ്‌ഥയിലും നിലകൊള്ളുന്ന ‘കരിങ്കല്ലിലെ ഈ മഹാകാവ്യം’ ജ്ഞാനതൃഷ്‌ണ തേടുന്ന സഞ്ചാരികൾക്ക്‌ എന്നും അത്‌ഭുത സ്രോതസ്സായി മാറുന്ന ഒരു തീർത്ഥകേന്ദ്രമാണ്‌. അവരുടെ ചിന്താസരണികൾക്ക്‌ പുതിയ പുതിയ കൈവഴികൾ കണ്ടെത്താൻ സഹായിക്കുന്ന ‘സൂര്യക്ഷേത്രം’ അധികൃതരുടെ ശ്രദ്ധ പതിക്കേണ്ട അവസ്‌ഥയിലാണ്‌. എപ്പോഴും. ഒറീസ്സയുടെ തലസ്‌ഥാനമായ ഭുവനേശ്വറിൽ നിന്ന്‌ ഉദ്ദേശം നൂറ്‌ കിലോമീറ്റർ ദൂരെ, ബംഗാൾ ഉൾക്കടലിന്റെ തീരത്തുള്ള മഹാത്ഭുതമായി നിലകൊള്ളുന്ന ‘ഈ മഹാകാവ്യം’ ഏത്‌ നിമിഷവും കടലിലേയ്‌ക്ക്‌ അടിഞ്ഞു ചേരാവുന്ന അവസ്‌ഥയിലായിരുന്നു, 1969-ൽ ആദ്യമായി ഞാനിവിടെ സന്ദർശിക്കുമ്പോൾ. വീണ്ടും രണ്ടു തവണ – ഒരു തവണ ഡൽഹിയിൽ പോയി വാരണാസി, ഗയ, പുരി വഴിയുള്ള മടക്കത്തിലും, പിന്നീടൊരു തവണ കൽക്കത്തയിൽ പോയി മടങ്ങുന്ന അവസരത്തിലും അവിടെ പോകണമെന്ന എന്റെ പ്രതീക്ഷകൾ പ്രതികൂലമായ കാലാവസ്‌ഥയിൽ പകുതി വഴി വച്ച്‌ ഉപേക്ഷിക്കേണ്ടിവന്നു. പക്ഷേ, എന്റെ യാത്രകളിലെ ഏറ്റവും ദീപ്‌തവും ചേതോഹരവുമായ കുറെ ഓർമ്മകൾ സമ്മാനിച്ച കൊണാർക്ക്‌ ഇന്നും എന്റെ മനസ്സിൽ കത്തിജ്വലിക്കുന്ന ദീപനാളം പോലെ മിഴിവോടെ നില്‌പുണ്ട്‌.

ഏഴ്‌ കുതിരകളെ പൂട്ടിയ – ഇരുപത്തിനാലു ചക്രങ്ങളുള്ള രഥത്തിൽ സൂര്യഭഗവാൻ പ്രപഞ്ചത്തെ വലം വയ്‌ക്കുന്നു എന്ന സങ്കല്‌പത്തിൽ തീർത്ത ഈ ക്ഷേത്രം, പ്രഭാതം, മദ്ധ്യാഹ്‌നം, അസ്‌തമനം എന്നിങ്ങനെ ദിവസത്തെ മൂന്ന്‌ അവസ്‌ഥകളെയും പ്രതിപാദിക്കുന്ന വിധത്തിലാണ്‌, കൊത്തുപണികളാൽ ആവിഷ്‌കരിച്ചിട്ടുള്ളത്‌. സ്വർഗ്ഗം, ഭൂമി, പാതാളം, അല്ലെങ്കിൽ ഭൂതം, വർത്തമാനം, ഭാവി എന്നീ അവസ്‌ഥകളുമായി ബന്ധപ്പെടുത്തിയും ചില വ്യാഖ്യാനങ്ങളുണ്ടെങ്കിലും സൂര്യക്ഷേത്രമായതുകൊണ്ട്‌. പ്രഭാതം, മദ്ധ്യാഹ്‌നം, അസ്‌തമനം എന്നിങ്ങനെ മൂന്ന്‌ അവസ്‌ഥകളിൽ ഊന്നികൊണ്ടുള്ള ഭാഷ്യത്തിനാണ്‌ കൂടുതൽ പ്രസക്തി. അതാണ്‌ കൂടുതൽ യുക്തി പൂർണ്ണമായ നിഗമനവും.

ഈ ക്ഷേത്രം 13-​‍ാം നൂറ്റാണ്ടിൽ കൊണാർക്കിൽ പെട്ട കലിംഗ ദേശം നാടുവാണിരുന്ന നരസിംഹ്‌ദേവ്‌ എന്ന മഹാരാജാവ്‌ പണികഴിപ്പിച്ചതാണെന്ന്‌ ചരിത്രരേഖകൾ പറയുന്നു.

ആയിരക്കണക്കിന്‌ ശില്‌പികൾ വർഷങ്ങളോളം പണിതിട്ടും ക്ഷേത്രത്തിന്റെ പണി പുരോഗമിക്കാത്തതിൽ മഹാരാജാവ്‌ അസന്തുഷ്‌ടനായിരുന്നത്രെ. രാജഭണ്ഡാരത്തിലെ നല്ലൊരു സംഖ്യ ഇതിനുവേണ്ടി വിനിയോഗിച്ചിട്ടും പണി മൂന്നിലൊന്നു പോലുമാവാത്ത അവസ്‌ഥയിൽ നിരാശനായ രാജാവ്‌ പ്രധാന തച്ചനെ വിളിച്ച്‌, കുടിയാലോചനകൾ നടത്തി. തീർക്കേണ്ട തിയതി നിശ്ചയിച്ചുവെന്നും അവിടംവിട്ട്‌ മുന്നോട്ടു പോവാൻ പാടില്ലെന്നുമുള്ള അന്ത്യശാസനം നൽകിയെന്നും കഥകളുണ്ട്‌. (സഹായത്തിനെത്തിയ ഗൈഡ്‌ പറഞ്ഞ്‌ തന്ന കഥയാണ്‌. വളരെ മുഷിഞ്ഞ വേഷമുള്ള ഒരു സാധരണക്കാരനെപ്പോലെ തോന്നിച്ചെങ്കിലും നല്ല വിദ്യാഭ്യാസമുള്ള ഒരുവനായതുകൊണ്ട്‌, ആശയവിനിമയത്തിന്‌ തടസ്സം നേരിട്ടിട്ടില്ലാത്തതൊരനുഗ്രഹമായിരുന്നു)

വീണ്ടും ഒരിരിപത്തഞ്ചു വർഷം നീണ്ടു നിന്ന വിശ്രമമില്ലാത്ത – രാപകലില്ലാത്ത അദ്ധ്വാനം കൊണ്ടേ ക്ഷേത്രം പൂർത്തിയാക്കാനായുള്ളൂ. പണിയിൽ പങ്കുകൊണ്ട പല ശില്‌പവേലക്കാർക്കും വീടും കുടിയും ഭാര്യയും മക്കളുമെല്ലാം – വെറും സ്വപ്‌നം മാത്രമായിരുന്നു. ചിലരെല്ലാം പണിസ്‌ഥലത്ത്‌ വെച്ചു തന്നെ മരണമടഞ്ഞ സംഭവമുണ്ടായിട്ടുണ്ട്‌.

ഏതായാലും ശില്‌പവേലക്കാരുടെ പ്രിയതമകളെക്കുറിച്ചുള്ള ഓർമ്മകൾ, ശില്‌പങ്ങളിലെ കൊത്തുവേലകളെ സ്വാധീനിച്ചുവെന്ന്‌ കരുതാവുന്നതാണ്‌. ഭിത്തികളിലെ കൊത്തുവേലകളിൽ തെളിഞ്ഞു കാണുന്ന ‘ഇറോക്‌ടിക്‌ ഭാവം’ അങ്ങനെയൊരു നിഗമനത്തിലേക്ക്‌ കൊണ്ടെത്തിക്കുന്നുണ്ട്‌. തങ്ങളുടെ പുഷ്‌കലമായ യൗവനകാലം ഇവിടിങ്ങനെ ഹോമിക്കേണ്ടി വരുന്നതിലെ നിരാശയോ. സങ്കടമോ, ദേഷ്യമോ – ഒക്കെയായി ഇതിനെ വ്യാഖ്യാനിക്കാവുന്നതാണ്‌. അതല്ല, മഹാരാജാവിന്റെ കൊട്ടാരത്തിലെ അന്തഃപുരത്തിലെ ദാസിമാരുടെയും നർത്തകിമാരുടെയും കാമോജ്ജ്വലമായ ഭാവം സ്‌ഫുരിച്ച്‌ നിൽക്കുന്ന അന്തരീക്ഷം ആവിഷ്‌ക്കരിച്ചതാണെന്നും കരുതാവുന്നതാണ്‌. മാംസനിബദ്ധമായ ഊഷ്‌മളതയും കാമവും നുരയും കൊതിയും എല്ലാം അടങ്ങിയതാണ്‌ പ്രപഞ്ചമെന്ന സങ്കല്‌പം – അങ്ങനെയും ഒരു പാഠഭേദമുണ്ട്‌. പക്ഷേ, ക്ഷേത്ര ഭിത്തികളിലെ മുകൾ ഭാഗത്തേക്ക്‌ പോകുന്തോറും ഈ ഭാവം വിട്ട്‌ വേറൊറു തലത്തിലേക്ക്‌ കടക്കുന്നു. മദ്ദളം കൊട്ടുന്ന യക്ഷിമാർ, കണ്ണാടി നോക്കുന്ന സുന്ദരിമാർ. നർത്തകിമാർ – അങ്ങനെ കലാഭിരുചി നിറഞ്ഞതാണ്‌ ഓരോ ശില്‌പവും. ശത്രുക്കളുമായുള്ള യുദ്ധരംഗങ്ങൾ മിഴിവോടെ പകർത്തിയതും കാണാനാവും. പടക്കളത്തിൽ മുറിവേറ്റ്‌ വീണ ഭടനെ തുമ്പിക്കയ്യാൽ താങ്ങിയെടുത്ത്‌ നിൽക്കുന്ന യജമാനഭക്തിയുള്ള ഒരു കൊമ്പനാനയുടെ ദൃശ്യം കൂട്ടത്തിൽ കണ്ടു.

ക്ഷേത്രത്തിന്റെ പ്രവേശന ഭാഗത്തെ രണ്ട്‌ സിംഹങ്ങൾ, രണ്ടാനകളെ കീഴ്‌പ്പെടുത്തുന്ന വലിയൊരു ശില്‌പവും കാണാനായി. സിംഹം സൂര്യന്റെ ചിഹ്നമാണ്‌. തമസ്സിന്റെ മേലുള്ള വെളിച്ചത്തിന്റെ ആധിപത്യമാണ്‌ ഇതെന്ന വ്യാഖ്യാനം കൂടുതൽ സ്വീകാര്യമായി തോന്നി.

ക്ഷേത്രനിർമ്മാണത്തെപ്പറ്റി നിരവധി കഥകൾ നാട്ടിൽ പ്രചരിച്ചിട്ടുണ്ട്‌ ആ കഥകളിൽ പ്രധാനപ്പെട്ട ഒരു കഥ ഏറെ വിശ്വസനീയമായ ഒന്ന്‌ നമ്മുടെ മലയാളക്കരയിൽ ഒരു മിത്തായിമാറിയ പെരുന്തച്ചന്റെ കഥയോട്‌ ഏറെ സാമ്യമുണ്ട്‌.

കൊത്തുപണികൾക്ക്‌ മേൽനോട്ടം വഹിച്ച പ്രധാന ശില്‌പി ‘ വിഷ്‌ണു മഹാരാജ’ എന്നയാളായിരുന്നു. വർഷങ്ങളോളമുള്ള പണിയിൽ അയാൾ ഭാര്യയേയും ഏക മകനെയും മറന്നു ഒരിക്കൽ പോലും നാട്ടിൽ പോയില്ലത്രെ. തന്റെ മകനൊരാൾ പ്രായപൂർത്തിയായി വരുന്നെന്ന കാര്യം – അവന്‌ വിദ്യാഭ്യാസം, കുടുംബസംരക്ഷണം – ഇതൊന്നും അയാളുടെ ചിന്തയിലേക്ക്‌ കടന്നുവന്നതേയില്ല നാട്ടിൽ മകനുവേണ്ട വിദ്യാഭ്യാസം, കുലത്തൊഴിലായ ശില്‌പവേല അഭ്യസിപ്പിക്കൽ ഇതെല്ലാം നടത്തിയത്‌ അയാളുടെ ഭാര്യ തന്നെയായിരുന്നു. അച്ഛന്റെ പേര്‌ നിലനിർത്തണമെന്ന ഉപദേശമാണ്‌ അവർ മകന്‌ നൽകിയത്‌. പണിയിൽ കേമനായി എന്ന്‌ കണ്ടപ്പോൾ മകൻ അമ്മയുടെ അനുവാദത്തോടെ പണി സ്‌ഥലത്തേക്ക്‌ പോവാൻ തയ്യാറായി. ഒരൊറ്റ നിബന്ധനയേ അമ്മയ്‌ക്കു മകന്‌ മുന്നിൽ വയ്‌ക്കാനുണ്ടായിരുന്നുള്ളൂ. ക്ഷേത്രത്തിന്റെ പണിതീരുന്നതുവരെയും അച്ഛനെ പണിയിൽ സഹായിക്കുക. പണി തീർത്തതിന്‌ ശേഷം മാത്രമേ, താനാരെന്ന വിവരം വെളിപ്പെടുത്താവു. മകൻ, അച്ഛന്റെ കീഴിൽ തന്നെ പണിയാരംഭിച്ചു. ഇടം കിട്ടുമ്പോഴെല്ലാം. പ്രായം കൊണ്ട്‌ തളർന്ന്‌ തുടങ്ങിയ എന്നാൽ ഇനിയും ഉത്സാഹം കെടാത്ത അച്ഛന്റെ പണികൾ നോക്കിക്കാണുമായിരുന്നു. ബാലന്റെ പണിയിലുള്ള ഉത്സാഹവും മികവും വിഷ്‌ണു മഹാരാജാവും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ക്ഷേത്രത്തിന്റെ പണികൾ ഏറെക്കുറെ അവസാന ഘട്ടത്തിലെത്തി. എന്നായപ്പോഴാണ്‌, പ്രധാന ശില്‌പിയെ പരീക്ഷിക്കാനെന്നവണ്ണം ഒരു വൈതരണിവന്നു ചേരുന്നത്‌. ക്ഷേത്രത്തിന്റെ മുകൾ ഭാഗത്ത്‌ പ്രതിഷ്‌ഠിക്കേണ്ട ശില്‌പരൂപം എത്രയായിട്ടും ഉറയ്‌ക്കുന്നില്ല. രാജാവ്‌ നൽകിയ അന്ത്യശാസനത്തിന്റെ തീയ്യതി അടുത്ത്‌ വരുന്നതിനാൽ വിഷ്‌ണു മഹാരാജയുടെ മനഃസ്ഥൈര്യവും ആത്മവിശ്വാസവും ചോർന്ന്‌ പോകുന്ന ഒരവസ്‌ഥ. ഒരു രാത്രി, എല്ലാവരും ഉറക്കമായി എന്നു കണ്ടപ്പോൾ മകൻ തന്നെ മുകളിൽ കയറി. ഏറെ പണിപ്പെട്ട്‌ കുഴപ്പം കണ്ടുപിടിച്ച്‌ മുഖ്യശില്‌പിയെ ബോദ്ധ്യപ്പെടുത്തി. അതോടെ വിഷ്‌ണു മഹാരാജയുടെ ഉത്സാഹം ഇരട്ടിച്ചു. നേരം വെള്ള കീറുന്നതിന്‌ മുന്നേതന്നെ പ്രതിഷ്‌ഠ ഉറപ്പിക്കുന്ന പണി പൂർത്തിയാക്കി. തുടർന്ന്‌ ക്ഷേത്രത്തിന്റെ മറ്റുള്ള പണികളും മഹാരാജാവ്‌ പറഞ്ഞുവെച്ച തീയ്യതിക്ക്‌ മുന്നേ തീർക്കാൻ പറ്റി. പക്ഷേ, മുഖ്യശില്‌പിക്ക്‌ പണിപറഞ്ഞു കൊടുത്ത ബാലന്റെ മൃതശരീരമാണത്രെ, ക്ഷേത്രത്തിന്റെ പണിതീർന്നതിന്നടുത്ത ദിവസം രാവിലെ കാണാനായത്‌. ബാലൻ എങ്ങിനെ മൃതപ്പെട്ടു?

പെരുന്തച്ചന്റെ കഥയിലെന്നതുപോലെ – അയാളുടെ അറിഞ്ഞുകൊണ്ടുള്ള ഒരു കൈപ്പിഴമൂലമോ- അതോ, അച്ഛന്റെ സൽപ്പേരിന്‌ കളങ്കം ചേർക്കേണ്ടെന്ന്‌ കരുതിയ മകന്റെ ആത്മഹൂതിയോ? ഇപ്പോഴും സംശയത്തിന്റെ പുകമറ ബാക്കി നിൽക്കുന്നുണ്ട്‌, ഒറീസ്സയിലെ പുരി, കൊണാർക്ക്‌ പ്രദേശങ്ങളിൽ ഏറെ പ്രചാരത്തിലുള്ള ഈ കഥയിൽ.

ഒരു വലിയ പ്രദേശമുൾപ്പെട്ട നാട്ടിലെ – ഒരു കാലഘട്ടത്തിന്റെ സാമൂഹ്യ സാംസ്‌കാരിക ആചാരങ്ങളെ അനാവരണം ചെയ്യുന്ന ഈ സ്‌മാരകത്തിന്റെ ഇപ്പോഴത്തെ അവസ്‌ഥ അത്ര ഭദ്രമാണെന്ന്‌ പറഞ്ഞു കുടാ. ഒറീസ്സയുടെ തീരപ്രദേശത്ത്‌ അടിക്കടിയുണ്ടാകുന്ന കടൽക്ഷോഭവും വെള്ളപ്പൊക്കവും ക്ഷേത്രത്തിന്‌ ഭീഷണിതന്നെയാണ്‌. ഏതാനും വർഷം മുമ്പ്‌ ക്ഷേത്രത്തിന്റെ ഒരു ഭാഗം തകർന്ന്‌ വീണതിനു ശേഷം ഇതിന്റെ സംരക്ഷണ ചുമതല ഏറ്റെടുത്ത ആർക്കിയോളജിക്കൽ വകുപ്പ്‌ ഭീമമായ തുക ചിലവഴിച്ച്‌ കഴിഞ്ഞതായിട്ടാണ്‌ മനസ്സിലാക്കുന്നത്‌. പക്ഷേ അതിന്റെ പ്രയോജനം ക്ഷേത്രത്തിന്‌ മുഴുവനും ലഭിച്ചിട്ടുണ്ടോ? ഏതായാലും കേന്ദ്രസംസ്‌ഥാന ടൂറിസം ഡിപ്പാർട്ടുമെന്റും ആർക്കിയോളജിക്കൽ വകുപ്പും ഇപ്പോൾ പണ്ടെത്തേക്കാളും കൂടുതൽ ശുഷ്‌കാന്തി കാണിക്കുന്നുണ്ട്‌

വെള്ളപ്പൊക്കകാലത്തുണ്ടാകുന്ന കടലിൽ നിന്നുള്ളള ഉപ്പുരസം കലർന്ന മണൽകാറ്റിന്‌ ക്ഷേത്ര ഭിത്തികളിൽ ഏൽപ്പിക്കുന്ന ദ്രവീകരണ പ്രക്രിയയെപ്പറ്റി അവർ ബോധവാന്മാരാണെന്ന്‌ ചില ലേഖനങ്ങളിൽ നിന്ന്‌ മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്‌. ചില ഡോക്യുമെന്ററി ഫിലിമുകളിൽ നിന്ന്‌ മനസ്സിലാക്കാൻ കഴിഞ്ഞതും അങ്ങനെ തന്നെയാണ്‌. ഏതായാലും കേന്ദ്ര സംസ്‌ഥാന ഗവൺമെന്റുകളുടെ ശ്രദ്ധ ഇപ്പോൾ കൂടുതൽ പതിയുന്നുണ്ടെന്നതിനാൽ ആശങ്കയ്‌ക്കവകാശമില്ലെന്ന്‌ മനസ്സിലാക്കാം.

ക്ഷേത്രദർശനം കഴിഞ്ഞു വരുന്ന വിദേശ സന്ദർശകർ ചോദിക്കുന്നു ചോദ്യമുണ്ട്‌. ക്ഷേത്രഭിത്തികളിലെ ശില്‌പങ്ങളിൽ എന്തുകൊണ്ട്‌ സ്‌ത്രീ മുഖ്യ വിഷയമായി മാറി? സൃഷ്‌ടിയുടെ നഗ്നതയും ആഴവും കല്ലിൽ കൊത്തിവെച്ചതിലൂടെ പ്രപഞ്ചത്തിന്റെ നിലനില്‌പിന്‌ രതിമുഖ്യസ്‌ഥാനം വഹിക്കുന്നുണ്ടെന്ന സന്ദേശമാണോ? അങ്ങനൊരു ലേഖനം വായിച്ച ഓർമ്മ വരുന്നു. ഏത്‌ സൃഷ്‌ടിയിലും നിരവധി പേരുടെ വിലപ്പെട്ട സ്വപ്‌നങ്ങൾ ബലികഴിക്കേണ്ടിവരും. സാമ്രാജ്യങ്ങൾ കെട്ടിപ്പടുക്കുന്നതിലും നിരവധി പേരുടെ കണ്ണുനീർ വീണ കഥയേ ചരിത്രത്തിന്‌ പറയാനുള്ളു. ക്ഷേത്രനിർമ്മാണത്തിലേർപ്പെട്ട ആയിരക്കണക്കിന്‌ ശില്‌പികളുടെ വിലപ്പെട്ട യൗവനം ഹോമിച്ചതിന്റെ പ്രതിഫലനമാണ്‌ രതിയോടുള്ള ആഭിമുഖ്യത്തിന്‌ കാരണമെന്ന്‌ വിശ്വസിക്കാനാനാണ്‌ ഞാനിഷ്‌ടപ്പെടുക.

Generated from archived content: column1_may21_09.html Author: mk_chandrasekharan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English