യാത്രാസ്‌കെച്ചുകൾ – 3

ഗാന്ധിജിയുടെ നാട്ടിലേയ്‌ക്കുളള യാത്രകൾ

ഓഥേഴ്‌സ്‌ ഗിൽഡ്‌ ഓഫ്‌ ഇൻഡ്യയുടെ അഖിലേൻഡ്യാ സമ്മേളനവുമായി ബന്ധപ്പെട്ട്‌ 1987 ലാണ്‌ ആദ്യമായി ഞാൻ ഗുജറാത്തിലേയ്‌ക്ക്‌ പോകുന്നത്‌. മൂന്ന്‌ ദിവസം നീണ്ടു നിൽക്കുന്ന സമ്മേളനം നടക്കുന്നത്‌ അഹമ്മദാബാദിലാണ്‌. കേരളത്തിൽ നിന്നു ഇ. വാസു, ഡി. വിനയചന്ദ്രൻ, പി.ആർ. ചന്ദ്രൻ, ഇ.എ. കരുണാകരൻ നായർ, നൂറനാട്‌ ഹനീഫ, പി.ഐ.ശങ്കരനാരായണൻ, കല്‌പറ്റബാലകൃഷ്‌ണൻ, സി. കൃഷ്‌ണൻ നായർ – ഇവരൊക്കെയായിരുന്നു എന്നെക്കൂടാതെ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയവർ. സമ്മേളനം തുടങ്ങുന്ന ദിവസം രാവിലെ ഡി.സിയും വന്നുചേർന്നു. അദ്ദേഹം

വന്നതോടെ ഞങ്ങൾക്കൊരു സംഘത്തലവൻ എന്ന്‌ പറയാവുന്ന ഒരാളുണ്ടായി.

മൂന്ന്‌ ദിവസത്തെ സമ്മേളനാനന്തരം, ഗുജറാത്ത്‌ ഗവൺമെന്റിന്റെ സാംസ്‌കാരിക വകുപ്പ്‌ കേരളത്തിൽ നിന്നുള്ള സാഹിത്യകാരന്മാർക്കായി രണ്ട്‌ ദിവസം നീണ്ടു നിൽക്കുന്നു. ഒരു സാംസ്‌കാരികയാത്ര ഏർപ്പാടാക്കുകയുണ്ടായി. യാത്ര സൗരാഷ്‌ട്ര മേഖലയിലേയ്‌ക്കായിരുന്നു. പെട്ടെന്നുള്ള തീരുമാനമായതിനാൽ ഗവൺമെന്റിന്റെ ഈ സൗജന്യ യാത്രാപരിപാടി പലർക്കും പ്രയോജനപ്പെടുത്താൻ പറ്റാതെ പോയി. രാജ്‌കോട്ട്‌, പോർബന്തർ, ദ്വാരക, സോമനാഥ ക്ഷേത്രം – പിന്നെ യാത്രക്കിടയിൽ വന്നുപെടുന്ന ചെറുതും വലുതുമായ ക്ഷേത്രങ്ങൾ, ഗിർവനം – ഇവയൊക്കെ സന്ദർശിക്കുവാനുള്ള സൗകര്യം ഉണ്ടെന്നാണ്‌ ഈ യാത്ര ഏർപ്പാടാക്കിയ ഓഥേഴ്‌സ്‌ ഗിൽഡിന്റെ ഗുജറാത്ത്‌ ചാപ്‌റ്ററിന്റെ കൺവീനർ അറിയിച്ചത്‌. ഭക്ഷണവും യാത്രക്കിടയിലെ കാപ്പികുടിയും എല്ലാം സൗജന്യം. അതാണ്‌ ഈ യാത്ര ഉദ്ദേശിച്ചത്ര ലക്ഷ്യം കാണാതെ പോയതിനുള്ള പ്രധാനകാരണമായി പലർക്കും യാത്രാവസാനം പറയാനുണ്ടായ പരാതി. സൗജന്യഭക്ഷണം മുതലാക്കാൻ ശ്രമിച്ച ഒരു പറ്റം ഡലിഗേറ്റുകൾ – പ്രത്യേകിച്ചും തമിഴ്‌നാട്ടിൽ നിന്നുള്ളവർ തുടക്കം മുതലേ ഉണ്ടായതിനാൽ യാത്രാകൊണ്ടുണ്ടായ നേട്ടമെന്തെന്ന ചോദ്യം പലരുടെയും മുഖത്ത്‌ യാത്രാവസാനം പ്രകടമായിരുന്നു.

രാജ്‌കോട്ടിൽ കൂടി കടന്നുപോയ ഒരു സന്ദർഭം ഓർക്കുന്നു. രാജ്‌കോട്ടിൽ പ്രവേശിച്ചപ്പോൾ ഡി.സി. പറഞ്ഞു. ‘ഇവിടെ പോകുന്നു വഴിക്കാണ്‌ ഗാന്ധിജി പഠിച്ച സ്‌കൂൾ. നമുക്കവിടൊന്ന്‌ കയറാം. ഇല്ല – സമയമുണ്ടാവില്ല. അവിടൊക്കെ കേറാൻ പോയാൽ നമ്മൾ വൈകും. നമ്മുടെ യാത്രാപരിപാടിയിൽ ഇതൊന്നും പെട്ടിട്ടില്ല“. ഞങ്ങൾ യാത്രചെയ്‌ത ബസ്സിലെ സംഘത്തിന്റെ കൺവീനറായി ചുമതലയേറ്റ എസ്‌.വി.എസ്‌. എന്നപേരിൽ അറിയപ്പെടുന്ന എസ്‌. വെങ്കിട്ട സുബ്രഹ്‌മണ്യത്തിന്റെയാണ്‌ ഈ വിലക്ക്‌. ആനന്ദവികടൻ അസോസിയേറ്റഡ്‌ എഡിറ്ററും ഒരു തികഞ്ഞ ഗാന്ധിയനും കൂടിയായ അദ്ദേഹത്തിന്റെ പ്രതികരണം ഞങ്ങളൊട്ടും പ്രതീക്ഷിച്ചതായിരുന്നില്ല. സംഘത്തലവനല്ലേ, പറയുന്നത്‌ കേട്ടേ ഒക്കൂ.

നിരാശയോടെ ഡി.സി. സ്വയമെന്നോണം പറഞ്ഞു. ’ഗാന്ധിജി പഠിച്ച സ്‌കൂളിന്റെ മുൻവശത്തുകൂടി കടന്നുപോവാൻ ഞങ്ങൾക്ക്‌ ഭാഗ്യമുണ്ടായെന്ന്‌ പിന്നീട്‌ പറയാം‘. പക്ഷേ, തമിഴ്‌നാട്ടിൽ നിന്നുള്ള ഡലിഗേറ്റുകൾക്ക്‌ ഏതെങ്കിലും ഭേദപ്പെട്ട ഹോട്ടൽ കണ്ടോ, ഉടനെ എന്തെങ്കിലും ഭക്ഷണം അല്ലെങ്കിൽ, ചായയോ കാപ്പിയൊ കഴിച്ചേ ഒക്കൂ. അവിടെ എസ്‌.വി.എസ്‌.ന്‌ ഒട്ടും എതിർപ്പില്ലായിരുന്നുവെന്നത്‌ ഞങ്ങളെ അത്‌ഭുതപ്പെടുത്തുകയുണ്ടായി.

രാജ്‌കോട്ടിലിറങ്ങാൻ പറ്റാത്ത ഈ അനുഭവം ഗാന്ധിജിയുടെ ജന്മസ്‌ഥലമായ പോർബന്തറിലും ആവർത്തിക്കുകയുണ്ടായി. പോർബന്തറിൽ എത്തുമ്പോൾ രാത്രി പന്ത്രണ്ട്‌ മണി. അവിടെയടുത്ത്‌ ഒരു സത്രത്തിലാണ്‌ തങ്ങിയത്‌. ബസ്സിൽ നിന്നിറങ്ങുന്നതിന്‌ മുന്നേ ഡി.സി. പറഞ്ഞു. ഇവിടെ കുറച്ചു ദൂരെമാറിയാണ്‌ ഗാന്ധിജിയുടെ ജന്മസ്‌ഥലം, അവിടെകൂടി ഇറങ്ങിയിട്ട്‌, ഇങ്ങോട്ട്‌ പോരാവുന്നതേ ഉള്ളു. പക്ഷേ എസ്‌.വി.എസ്‌ സമ്മതിച്ചില്ല. എല്ലാവരും നാല്‌മണിക്ക്‌ മുന്നേ എഴുന്നേറ്റ്‌ കുളിച്ച്‌ റഡിയായാലേ, വെളുപ്പിനെ ദ്വാരകയിലെത്താൻ പറ്റു. എസ്‌.വി.എസ്‌.നെ. ഗാന്ധിയൻ എന്ന്‌ പറയുന്നത്‌ ശരിയോ എന്ന സന്ദേഹം ഞങ്ങളിൽ പലർക്കുമുണ്ടായി. പക്ഷേ, ഡി.സി. നാരാശനായില്ല. ഓരോട്ടോറിക്ഷാവിളിച്ച്‌ പോർബന്തറിലേക്ക്‌ പോവാൻ തയ്യാറായി. കൂട്ടിന്‌ എന്നേയും ഇ.എ. കരുണാകരൻ നായരെയും വിളിച്ചു. ഗാന്ധിജി പിറന്നസ്‌ഥലം കീർത്തിമന്ദിരത്തിൽ ചെന്നപ്പോൾ അവിടം – അടച്ചു പൂട്ടിയിരിക്കുന്നു. പിന്നീട്‌ കോപൗണ്ടിന്‌ പുറത്ത്‌ നിന്നും ആ മഹാത്മാവിന്റെ ജന്മഗൃഹം കാണാനേ യോഗമുണ്ടായുള്ളു.

എസ്‌.വി.എസിന്റെ പ്രവൃത്തിയേക്കാൾ ഞങ്ങൾക്ക്‌ വേദന തോന്നിയത്‌ കീർത്തി മന്ദിറിന്റെ സമീപപ്രദേശങ്ങളിലും നിരത്തുകളിലുമുള്ള വൃത്തിഹീനമായ കാഴ്‌ചകളാണ്‌. ചാണകവും ചിലയിടങ്ങളിൽ വിസർജ്യവസ്‌തുക്കളും യാത്രക്കിടയിൽ കാണാനിടയായപ്പോൾ, വൃത്തി സ്വന്തം ഗൃഹത്തിൽ നിന്ന്‌ നടപ്പാക്കാൻ യത്‌നിച്ച മഹാത്മജി – ആശ്രമത്തിൽ അതിഥികളായി താമസിച്ച വിദേശികൾ ഉപയോഗിച്ച കക്കൂസ്‌ മുറികൾ വരെ കഴുകി വൃത്തിയാക്കി ആശ്രമവാസികൾക്കും ഗുജറാത്തികൾക്കും മാത്രമല്ല, ഇൻഡ്യയൊട്ടാകെ തന്നെയുള്ള ജനങ്ങൾ വൃത്തിയും വെടിപ്പുമുള്ളവരായി കഴിയണമെന്ന്‌ സ്വന്തം പ്രവൃത്തിയിലൂടെ മാതൃക കാട്ടിയ ആ മഹാത്മാവിന്റെ ജന്മസ്‌ഥലത്തിന്റെ ഇന്നത്തെ ശോചനീയവസ്‌ഥ കണ്ട്‌ വേദനിക്കാനേ കഴിഞ്ഞുള്ളു. ഈ ദുഃഖകരമായ അവസ്‌ഥ ദ്വാരകയിലും കണ്ടു. കൃഷ്‌ണൻ ’ഗോപാലകൻ‘ കൂടിയായതിനാലാവാം ക്ഷേത്രത്തിന്‌ സമിപവും പട്ടണമൊട്ടാകെയും പശുക്കൾ അലഞ്ഞു തിരിയുന്നത്‌ കാണാമായിരുന്നു. യാ​‍ൊതരു നിയന്ത്രണവുമില്ലാതെ നടക്കുന്ന പശുക്കൾ പൊതുവെ ശാന്തശീലരായിട്ടാണ്‌ കണ്ടതെങ്കിലും വഴി നീളമുള്ള ചാണകം പലപ്പോഴും കാൽനടയാത്രയ്‌ക്ക്‌ പോലും ബുദ്ധിമുട്ടുണ്ടാക്കിയ സന്ദർഭങ്ങൾക്കും കാരണമായി മാറി.

വെളുപ്പിനെ തന്നെ ദ്വാരക ക്ഷേത്രം ഭക്തജനങ്ങളെക്കൊണ്ട്‌ നിറഞ്ഞിരുന്നു. ’കൃഷ്‌ണാ‘, ’ഗോപാലാ‘ എന്ന വിളികളും കീർത്തനാലാപനങ്ങളും നിരന്തരമേന്നോണം ക്ഷേത്രാന്തരീക്ഷത്തിൽ മുഴങ്ങിക്കേൾക്കാമായിരുന്നു. ദ്വാരകയിലെ ആരതി പൂജയ്‌ക്ക്‌ പല പ്രത്യേകതകളും കണ്ടു. ആരതി ഭഗവാന്റെ മുന്നിൽ പലതവണ ആവർത്തിക്കുന്നു. ഇതിന്റെ പിന്നിലുള്ളത്‌ പരികർമ്മികളായി വരുന്നവർക്ക്‌ കിട്ടുന്ന ദക്ഷിണയാണോ എന്ന സംശയവുമുണ്ടായി. നട അടയ്‌ക്കുന്നതും തുറക്കുന്നതും കർട്ടൻ വലിച്ചിട്ടാണ്‌. തിളങ്ങുന്ന വസ്‌ത്രങ്ങൾ ധരിച്ച പൂജാരികൾ, നമ്മുടെ നാട്ടിലെ മേൽശാന്തിയിൽ നിന്നും കീഴ്‌ശാന്തിയിൽ നിന്നും തികച്ചും വ്യത്യസ്‌തർ. പൂജാസമയങ്ങളിൽ വാദ്യാഘോഷങ്ങളുണ്ട്‌. ശങ്കരാചാര്യരുടെ പാദുകങ്ങൾ വച്ചിരിക്കുന്നു ശാരദാപീഠത്തിലും പോയി വന്നതിന്‌ ശേഷമാണ്‌, യഥാർത്ഥ ദ്വാരക ഇവിടമല്ലെന്നും കുറച്ച്‌ ദൂരെ മാറിയുള്ള ’ഓഖാ‘ പട്ടണത്തിനടത്തുള്ള ’ബേട്‌ ദ്വാരകയിലാണെന്നും മനസ്സിലാകുന്നത്‌. ആ ദ്വാരകയുടെ കുറെ ഭാഗം ഇപ്പോൾ കടലിന്നടിയിലാണത്രെ. ബോട്ടിൽ പോകുന്ന ഭക്തർ അവിടെ കടലിൽ അർച്ചന പുഷ്‌പങ്ങൾ അർപ്പിക്കാറുണ്ടെന്നും അറിയാൻ കഴിഞ്ഞു. യദുകുലം ചേരിതിരിഞ്ഞ്‌ പരസ്‌പരം പോരടിക്കുന്നത്‌ കണ്ട്‌ ഭഗവാൻ കൃഷ്‌ണൻ തന്നെ ദ്വാരകയെ കടലിലേയ്‌ക്ക്‌ ആണ്ട്‌പോവാൻ അനുവദിക്കുകയായിരുന്നുവെന്നാണ്‌ കഥകളിൽക്കൂടി അറിയാനായത്‌. പുരാണവും ചരിത്രവും മിത്തും കൂടിക്കലർന്ന ഒരു പുണ്യഭൂമി – അതാണ്‌ ദ്വാരക പട്ടണവും ഭഗവാന്റെ ആവാസസ്‌ഥാനമായ ബേട്ട്‌ ദ്വാരകയും. നിത്യേന ധാരാളം ഭക്തരെ ഇവിടേയ്‌ക്കാകർഷിക്കുന്നു. ഗുജറാത്ത്‌ സർക്കാരും ഇപ്പോൾ ഭക്തർക്ക്‌ വേണ്ടി നിരവധി സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്‌.

പോർബന്തറിൽ നിന്നും ദ്വാരകയിലേയ്‌ക്ക്‌ വരുന്ന വഴിക്കായിരുന്നു, ഹർഷദ്‌ മാതാടെമ്പിൾ, യാത്രാപരിപാടിയിൽ ഇവിടെയും ഇറങ്ങേണ്ടതായിരുന്നു. പക്ഷേ ദ്വാരകയിൽ നേരത്തേ തന്നെ എത്തണമെന്നതിനാൽ ഷർഷദ്‌ മാതാ ടെമ്പിൾ ദർശനപരിപാടി ഉപേക്ഷിക്കുകയാണുണ്ടായത്‌. ദ്വാരകയിൽ നിന്നും പിന്നീട്‌ ലക്ഷ്യമിട്ടത്‌ സോമനാഥക്ഷേത്രമാണ്‌. നിരവധി ആക്രമണങ്ങളെയും അടിച്ചമർത്തലുകളെയും നേരിട്ട്‌ പിന്നെയും പുനർജനിച്ച ക്ഷേത്രമാണ്‌ സോമനാഥം. ഇപ്പോഴുള്ളത്‌ ഏഴാമത്‌ പുനർജനിച്ചതാണ്‌. യുഗപ്പിറവിക്ക്‌ മുന്നേമുതൽ സോമനാഥക്ഷേത്രം ഭാരതമണ്ണിലുണ്ടായിരുന്നുവെന്നാണ്‌ പുരാണം പറയുന്നത്‌. സത്യയുഗത്തിൽ ഭൈരവേശ്വരനും ത്രേതായുഗത്തിൽ ശ്രാവണികേശ്വനും ദ്വാപരയുഗത്തിൽ ശ്രീഗലേശ്വരനും അങ്ങനായിരുന്നു അറിയപ്പെട്ടത്‌. പുരാണത്തിൽ ഈ ക്ഷേത്രം ചന്ദ്രദേവന്റെ (സോമൻ) കഥയുമായി ബന്ധപ്പെട്ട്‌ കിടക്കുന്നു. ദക്ഷൻ തന്റെ 27 പെൺമക്കളെയും ചന്ദ്രന്‌ വിവാഹം കഴിച്ചുകൊടുത്തു. പക്ഷേ അവരിൽ ഒരാളായ രോഹിണിയോടായിരുന്നു, സോമദേവന്‌ കൂടുതൽ പ്രതിപത്തി. മറ്റുള്ളപെൺമക്കൾ ദക്ഷന്റെ അടുക്കൽ സങ്കടം പറഞ്ഞപ്പോൾ, ദക്ഷൻ ഇക്കാര്യത്തിൽ ഇടപെടാൻ ശ്രമിച്ചെങ്കിലും സോമദേവൻ വഴങ്ങിയില്ല. കുപിതനായ ദക്ഷൻ സോമന്‌ ക്ഷയം സംഭവിക്കട്ടെ എന്ന്‌ ശപിച്ചു. രോഗം പിടിപെട്ട്‌ അവശനായ സോമൻ അവസാനം ബ്രഹ്‌മാവിനെ അഭയം പ്രാപിച്ചു. ബ്രഹ്‌മാവിന്റെ ഉപദേശപ്രകാരം സോമദേവൻ ദീർഘകാലം ശിവനെ തപസ്സ്‌ ചെയ്‌ത്‌ ശിവപ്രസാദം വരുത്തിയാണത്രെ ശാപമോക്ഷം നേടിയത്‌. സോമദേവന്‌ സംഭവിക്കുന്ന ക്ഷയം പതിനഞ്ച്‌ ദിവസമായി ചുരുക്കി. പതിനഞ്ചാം ദിവസം മുതൽ സോമൻ വളർച്ചയിലൂടെ പൂർണ്ണചന്ദ്രനാവുന്നു. ശിവൻ സ്വയംഭൂവായി പ്രത്യക്ഷപ്പെട്ട സ്‌ഥലത്ത്‌ സോമദേവൻ സ്‌ഥാപിച്ച ശിവക്ഷേത്രമാണ്‌ സോമനാഥ ക്ഷേത്രം. ശിവൻ സ്വയംഭൂവായതിനാൽ ഈ ക്ഷേത്രദർശനം വളരെ പുണ്യം ചെയ്യുമെന്ന്‌ പറയപ്പെടുന്നു.

നിരവധി വിദേശാക്രമണങ്ങളെ നേരിട്ട ചരിത്രം ഈ ക്ഷേത്രത്തിനുണ്ട്‌. 1205 ൽ മുഹമ്മദ്‌ ഗിസ്‌നിയുടെ ആക്രമണത്തോടെ നശിപ്പിക്കപ്പെടു ക്ഷേത്രം മാൾഡരാജാവ്‌ പുതുക്കി പണിതു. പക്ഷേ, 1296 ൽ അലാവുദ്ദീൻ ഖിൽജിയുടെ ആക്രമണത്തോടെ വീണ്ടും തകർന്ന്‌ തരിപ്പണമായി. ചൂഢാമഹാരാജാവ്‌ വീണ്ടും പുതുക്കിപ്പണിതെങ്കിലും പിന്നെയും വിദേശാക്രമണങ്ങളിലൂടെ നാമാവിശിഷ്‌ടമാവുകയാണുണ്ടായത്‌. ഇൻഡ്യ സ്വതന്ത്രമായതിന്‌ ശേഷം ആഭ്യന്തര മന്ത്രിയായിരുന്നു സർദാർ വല്ലഭായ്‌ പട്ടേലാണ്‌ ഇന്നത്തെ രീതിയിൽ ക്ഷേത്രം പുതുക്കി പണിതത്‌. ഇൻഡ്യയുടെ ആദ്യരാഷ്‌ട്രപതി രാജേന്ദ്ര പ്രസാദാണ്‌ പുതുക്കിയ ക്ഷേത്രം ഭക്തജനങ്ങൾക്കായി തുറന്ന്‌ കൊടുത്തത്‌. സോമനാഥ ക്ഷേത്രം സ്‌ഥിതിചെയ്യുന്നത്‌ ഹിരണ്യ, കപില, സരസ്വതി സംഗമത്തിനടുത്താണ.​‍്‌ സംഗമസ്‌ഥാനത്തിനടുത്തുള്ള ആൽമരത്തിൽ ഭഗവാൻ കൃഷ്‌ണൻ വിശ്രമിക്കുമ്പോഴാണ്‌, കിളിയാണെന്ന്‌ വിചാരിച്ച്‌ ഒരു വേടൻ അമ്പെയ്‌ത്‌ – അത്‌ വഴി ഭഗവാൻ മോക്ഷപ്രാപ്‌തനായത്‌, താൻപടുത്തുയർത്തിയ യാദവ വംശം നാശത്തിലേയ്‌ക്ക്‌ കൂപ്പുകുത്തുന്നത്‌ കണ്ട്‌ – ഇങ്ങനൊരവസരത്തിന്‌ വേണ്ടി ഭഗവാൻ കൃഷ്‌ണൻ ഇവിടെ വന്നിരുന്നതാണെന്നും പുരാണ വ്യാഖ്യാനമുണ്ട്‌.

കടലിൽ നിന്നും വരുന്ന പടിഞ്ഞാറൻ കാറ്റിന്റെ തലോടലിൽ ഇവിടെ കുറച്ച്‌ സമയം ചെലവഴിക്കണമെന്ന്‌ തോന്നിയെങ്കിലും ഷെഡ്യൂൾ തെറ്റിയിയുള്ള യാത്ര – പലതും മണിക്കൂറുകൾ വൈകി മാത്രം എത്തുന്നയാത്ര – കൂടുതൽ സമയം ചിലവഴിക്കണമെന്നു ആഗ്രഹം മാറ്റിവച്ചു. ചൂടുപിടിച്ച അന്തരീക്ഷത്തിൽ ക്ഷേത്രത്തിന്റെ അകത്തേയ്‌ക്കുള്ള പ്രവേശന കവാടത്തിനടുത്തുള്ള മാർബിൾ തറയിൽ അല്‌പനേരം മലർന്ന്‌കിടന്ന്‌ മനോരാജ്യം കാണാനുള്ള പുറപ്പാടായിരുന്നു; ഇ. വാസു. പക്ഷേ എല്ലാവരും ബസ്സിൽകയറാൻ തിരക്ക്‌ കൂട്ടുന്നത്‌ കണ്ട്‌ വാസുവിനും വേഗം തന്നെ വി​‍്രശ്രമം മതിയാക്കി ബസ്സിൽ കയറേണ്ടിവന്നു. വടക്കുപടിഞ്ഞാറൻ ഗുജറാത്തിൽപെട്ട സൗരാഷ്‌ട്ര പൊതുവേ വരണ്ട പ്രദേശമാണ്‌. മഴ വർഷത്തിലൊരിക്കലോ മറ്റോ ലഭിച്ചാലായി. മഴകിട്ടാതെ കടന്നുപോയ വർഷങ്ങളുമുണ്ടത്രെ. ഇടയ്‌ക്ക്‌ ചില കാടുകളുള്ളിടത്ത്‌ ചില അരുവികളൊഴുകുന്നത്‌കൊണ്ട്‌ വളരെ അപൂർവ്വമായി ചിലയിടങ്ങളിൽ പച്ചപ്പും കാണാനാകും. കുടിവെള്ളത്തിനായി മൈലുകളോളം കുടങ്ങളുമായി നീങ്ങന്ന ജനങ്ങൾ – അധികവും ഒന്നിനു മീതെ ഒന്നായി കുടങ്ങൾ തലയിൽ വച്ച്‌ നീങ്ങുന്ന സ്‌ത്രീകൾ യാത്രക്കിടയിൽ കണാമായിരുന്നു. ഗവൺമെന്റ്‌, ട്രാക്‌ടർ സർവ്വീസുകൾ വഴിയും കുടിവെള്ള ടങ്കറുകൾ വഴിയും ഒരു പരിധിവരെ ഇവരുടെ ജലക്ഷാമം പരിഹരിക്കാൻ ശ്രമിക്കുന്നുണ്ട്‌. പക്ഷേ, ശുദ്ധജലം കുടിവെള്ളം – അതവർക്ക്‌ ലഭിക്കുന്നില്ല, യാത്രയിലൊരിടത്ത്‌ ഞങ്ങൾ യാത്ര ചെയ്‌ത ബസ്സ്‌ കൈകാണിച്ച്‌ നിർത്തി ഡ്രൈവറുടെ കാബിനിൽ വച്ചിരുന്ന കാർബോയിൽ നിന്ന്‌ രണ്ട്‌ കുപ്പികളിലായി വെള്ളം ചോദിച്ച്‌ വാങ്ങിയ ഒരു സ്‌ത്രീയെ കാണാനിടയായി. ദൂരെ നിന്നും വരുന്ന ടൂറിസ്‌റ്റ്‌ ബസ്സുകൾ കൈകാണിച്ച്‌ ദാഹജലം മേടിക്കുന്നു സ്‌ത്രീകളെ പലയിടത്തും കാണുന്നു. പക്ഷേ എല്ലാ ദിക്കിലും നിർത്തി വെള്ളം കൊടുക്കാൻ ഡ്രൈവർക്കും സാധിക്കില്ലല്ലോ. സൗരാഷ്‌ട്ര മേഖലയിലെ പരമദയനീയമായ ഈ കാഴ്‌ച ബസ്സ്‌ ജീവനക്കാരെ സംബന്ധിച്ചിടത്തോളം നിത്യവും സംഭവിക്കുന്ന ഒരവസ്‌ഥാ വിശേഷം.

കേന്ദ്രഗവൺമെന്റിന്റെ കീഴിലുള്ള ദാമൻ ദിയു ഞങ്ങളുടെ സന്ദർശന പരിപാടിയിൽ പെട്ടിരുന്നില്ല. സന്ദർശനപരിപാടിയിൽ പെട്ടാലും സാധിക്കുമായിരുന്നെന്ന്‌ തോന്നുന്നില്ല, ഭക്ഷണസാധനങ്ങളോട്‌ അമിതമായ ആർത്തികാട്ടുന്ന തമിഴ്‌ ഡെലിഗേറ്റുകൾക്ക്‌ കാണുന്ന ഹോട്ടലുകളിലൊക്കെ കയറാൻ വേണ്ടി ബസ്സ്‌ നിർത്തേണ്ടിവരുമ്പോൾ, എങ്ങനെയാണ്‌ സമയനിഷ്‌ഠപാലിക്കാനാവുക? മടങ്ങിനാട്ടിലെത്തുമ്പോൾ ഇവർക്ക്‌ അജിർണ്ണം പിടിക്കാനാണ്‌ സാദ്ധ്യത എന്ന്‌ ഒരിക്കൽ എനിക്ക്‌ പറയേണ്ടിവന്നു. ചെറിയൊരു വാഗ്വാദത്തിലേയ്‌ക്ക്‌ വഴിമാറാവുന്ന അന്തരീക്ഷം ശാന്തമായത്‌ ഡി.സി.യും എസ്‌.വി.എസും ഇടപ്പെട്ടപ്പോഴാണ്‌.

സന്ധ്യയോടടുത്തനേരത്താണ്‌ ഓഥേഴ്‌സ്‌ ഗിൽഡിന്റെ സമ്മേളനം നടന്ന ഭായികാക്കാ ഹാളിന്‌ സമീപം തിരിച്ചെത്തിയത്‌. ഡി.സി. അവിടെ കാത്തിരുന്ന വിവർത്തന സാഹിത്യകാരനായ – അധികവും ഡിറ്റക്‌ടീവ്‌ നോവലുകൾ – പയ്യന്നൂർ ഭാസ്‌കരനെയും കൂട്ടി അദ്ദേഹത്തിന്റെ വീട്ടിലേയ്‌ക്ക്‌ പോയി. ഞാനും വിനയചന്ദ്രനും കല്‌പറ്റബാലകൃഷ്‌ണനും ഞങ്ങൾ അഹമ്മദാബാദിലെ സമ്മേളന സ്‌ഥലത്ത്‌ വച്ച്‌ പരിചയപ്പെട്ട കഥാകൃത്തും പിൽക്കാലത്ത്‌ തിരക്കഥാകാരനുമായി മാറിയ ജയരാമൻ കടമ്പാട്ടിന്റെ ഫ്‌ളാറ്റിലേയ്‌ക്ക്‌ പോയി. സമയക്കുറവിനാൽ ജയരാമന്റെ ഫ്ലാറ്റിലെ കൂടിക്കാഴ്‌ച കഷ്‌ടിച്ച്‌ ഒരു മണിക്കൂറിലൊതുക്കി. ഇതിനിടയിൽ വിനയചന്ദ്രന്റെ വകയായി കവിത ചൊല്ലൽ – ശരിക്കും അത്‌ ഒരു ചൊല്ലിയാട്ടമായിരുന്നു. അതോടെ ജയരാമന്റെ സുഹൃത്തുക്കളായ ചിലർ അനിൽകുമാർ തുടങ്ങിയവരുടെ കവിതകൾ – അതും അവിടെ ചൊല്ലുകയുണ്ടായി. ഫ്ലാറ്റിലുള്ളവരും ചുറ്റുപാടുമുള്ള നിരവധി മലയാളിസുഹൃത്തുക്കൾ തടിച്ചുകൂടിയ ആ ഒരു മണിക്കൂർനേരം തികച്ചും ഒരു സാഹിത്യ – സാംസ്‌കാരിക സമ്മേളനമായിരുന്നു. ജയരാമന്റെ ഫ്‌ളാറ്റിലെ സൗകര്യങ്ങൾ വളരെ പരിമിതമായിരുന്നെങ്കിലും അതൊന്നും ആ പ്രോഗ്രാമിനെ ബാധിച്ചതേയില്ല. സമയം ഏഴ്‌ കഴിഞ്ഞതോടെ ഞങ്ങൾക്ക്‌ തിരിച്ച്‌ അഹമ്മദാബാദ്‌ സ്‌റ്റേഷനിൽ രാത്രിവണ്ടിക്കെത്താൻ പറ്റുമോ എന്ന സംശയമായി. 7.30 മണിക്കാണ്‌ വണ്ടി. ഒരു കാറിലോ ഓട്ടോയിലോ പോയാലും ട്രാഫിക്ക്‌ജാമിൽ കുരുങ്ങി സമയത്തിനെത്തുമോ എന്ന സംശയം, പക്ഷേ അവിടെയും ജയരാമനും സുഹൃത്തുക്കളും സഹായത്തിനെത്തി. ഞങ്ങളെ ഓരോരുത്തരെയും അവരുടെ ബൈക്കിന്റെയും സ്‌കൂട്ടറിന്റെയും പിന്നിലിരുത്തി, തിരിക്കൊഴിഞ്ഞ റൂട്ടിലൂടെ സ്‌റ്റേഷനിലേയ്‌ക്ക.​‍്‌ സ്‌റ്റേഷനിലെത്തുമ്പോൾ വണ്ടിവിടാൻ തയ്യാറായി കിടക്കുന്നു. ശരിക്കും ഒരു യാത്രപോലും പറയാതെ വണ്ടിയിലേയ്‌ക്ക്‌ ഞങ്ങളോരോരുത്തരും ചാടിക്കയറുകയായിരുന്നു. റിസർവേഷൻ ടിക്കറ്റുണ്ടാഞ്ഞിട്ടും എനിക്ക്‌ ജനറൽ കംപാർട്ട്‌മെന്റിലെ കയറിപ്പറ്റാനായുള്ളു. എന്റെ കൂടെ വന്ന മറ്റു സുഹൃത്തുക്കൾ ഇ. വാസുവും, വിനയ ചന്ദ്രനും, ബാലകൃഷ്‌ണനും പല കംപാർട്ടുമെന്റുകളിലായിപ്പോയതിനാൽ മുബൈയിലെത്തുന്നത്‌വരെയും (അന്ന്‌ ബോബെ) ഞങ്ങൾക്കാർക്കും കണാൻ കഴിഞ്ഞില്ല എന്നതാണ്‌ വസ്‌തുത.

വീണ്ടും ഗുജറാത്തിൽ പലതവണ പോകാനിടയായിട്ടുണ്ട്‌, ബറോഡ, പാവഗദ്ദ്‌, ഗോമംദ്‌കാവ്‌, ആനന്ദ്‌ എന്നീ സ്‌ഥലങ്ങളിൽ പലപ്പോഴും ജയരാമനൊരുമിച്ചും പിന്നീട്‌ മകൾ വിവാഹിതയായതോടെ (മകളുടെ ഭർത്താവിന്‌ ബറൂച്ചിന്നടുത്ത്‌ അംകലേശ്വറിലാണ്‌ ജോലി) മകളും ഭർത്താവുമൊരുമിച്ചും നിരവധി യാത്രകൾ നടത്തിയിട്ടുണ്ട്‌. ആദ്യകാലത്ത്‌ കണ്ട ഗുജറാത്ത്‌ പാടെ മാറി എന്നു പറഞ്ഞാൽ അതൊരു വസ്‌തുതയാണ്‌. വർഗ്ഗീയകലാപങ്ങളും ഗോധ്രാ കലാപവും മൂലം സമുദായങ്ങൾ ചേരി തിരിഞ്ഞുള്ള സംഘർഷവും ഏറ്റുമുട്ടലുകളും കൂട്ടുക്കുരുതികളും ധാരാളം ഇക്കാലത്തിനിടയ്‌ക്ക്‌ ഉണ്ടായത്‌ – ഗാന്ധിജിയുടെ ജന്മനാടിനേറ്റ കളങ്കം ചെറുതൊന്നുമല്ല. പക്ഷേ, വ്യാവസായികമായി പിന്നോക്കം കിടന്ന ഗുജറാത്ത്‌ ഇന്ന്‌ വളരെയധികം മുന്നോട്ട്‌ പോയി എന്നത്‌ കാണാതിരുന്നുകൂടാ. വളരെയധികം വ്യവസായസ്‌ഥാപനങ്ങൾ അംബാനിമാരുടെ സാമ്രാജ്യം – ഏറ്റവും അവസാനം രത്താൻ ടാറ്റയുടെ നാനോകാർ പ്രോജക്‌ട്‌, ഗുജറാത്തിന്റെ മുഖഛായതന്നെ മാറ്റിയിട്ടുണ്ട്‌. മാറിമാറിവരുന്ന സർക്കാരുകൾ തിരിഞ്ഞുനോക്കാതിരുന്ന സൗരാഷ്‌ട്രമേഖലയിലുടനീളം പൈപ്പ്‌ ലൈൻ സ്‌ഥാപിച്ച്‌ കുടിവെള്ളക്ഷാമം പരിഹരിച്ച്‌ ആ നാട്ടിലെ ജനങ്ങളുടെ വിശ്വാസവും സ്‌നേഹാദരങ്ങളും നരേന്ദ്രമോഡി നേടിയെടുത്തു എന്നത്‌ എടുത്ത്‌ പറയേണ്ട വസ്‌തുതയാണ്‌. ഒരു തീവ്രവാദിയായി അദ്ദേഹത്തെ മുദ്രയടിക്കുമ്പോഴും നാടിന്റെ വികസനത്തിന്‌ വേണ്ടി പ്രവർത്തിച്ച ഒരു ഭരണാധികാരിയായി, ശത്രുപക്ഷത്തുള്ളവരും അംഗീകരിക്കുന്നു.

Generated from archived content: column1_jun18_09.html Author: mk_chandrasekharan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here