യാത്രാസ്‌കെച്ചുകൾ – 4

പാവഗദ്ദ്‌ – പുരാണവും ചരിത്രവും ഇടകലർന്ന പുണ്യഭൂമി

ഏഷ്യയിലെ അപൂർവം ചില ആരോഗ്യ സഞ്ചാരവിനോദ കേന്ദ്രങ്ങളിൽ ഒന്നാണ്‌ ഗുജറാത്തിലെ ബറോഡക്കടുത്തുള്ള പഞ്ചമഹൽ ഡിസ്‌ട്രിക്‌ടിലെ പാവ്‌ഗദ്ദ്‌. ബറോഡയിൽ നിന്നും ഉദ്ദേശം 50 കിലോമീറ്റർ കിഴക്കുമാറിയുള്ള ചമ്പനാർ ഗ്രാമത്തിലെ ഈ മലയും മലയുടെ മുകളിലുള്ള കാളികമാതാവിന്റെ ക്ഷേത്രവും ദിവസവും പരശ്ശതം സഞ്ചാരികളെ ഇങ്ങോട്ടാകർഷിക്കുന്നു. 45 ചതുരശ്ര കിലോമീറ്ററോളം വിസ്‌തീർണ്ണമുള്ള മലയുടെ, ഉദ്ദേശം 2500 അടി മുകളിലായിട്ടാണ്‌ കാളികമാതാവിന്റെ ക്ഷേത്രം. ഈ പ്രതിഷ്‌ഠയ്‌ക്കൊരു പ്രത്യേകതയുണ്ട്‌. കാളിക മാതാവിന്റെ രൗദ്രഭാവത്തിലുള്ള കണ്ണുകളാണ്‌ ഇവിടെ ആരാധനാമൂർത്തി. ഇവ ചുവപ്പ്‌ ചായം കലർത്തി കൂടുതൽ രൗദ്രമാക്കി മാറ്റിയിരിക്കുന്നു. ആരാധനാ മൂർത്തിയുടെ ഇടതുവശത്ത്‌ മഹാകാളിയുടെ പൂർണ്ണരൂപവും വലത്‌ ഭാഗത്ത്‌ മാർബിളിൽ ആലേഖനം ചെയ്‌ത ഒരു യന്ത്രവും കാണാം. ഇവയേയും ഭക്തർ ആരാധിക്കുന്നു.

മലയുടെ അടിവാരത്തിൽ നിന്ന്‌ മുകളിലേയ്‌ക്ക്‌ നടന്ന്‌ കയറുകയാണെങ്കിൽ ഉദ്ദേശം അഞ്ച്‌ കിലോമീറ്റർ ദൂരം വരും. തീവ്രമായ വിശ്വാസികളായ ഭക്തർ ഏറെ സമയമെടുത്തിട്ടായാലും വേണ്ടില്ല, നടന്ന്‌ കയറാൻ താല്‌പര്യപ്പെടുന്നവരാണ്‌. ദൂരെ നിന്ന്‌ വരുന്നവരും തിരക്കുള്ളവരും ഗുജറാത്ത്‌ ടൂറിസം ഡിപ്പാർട്ടുമെന്റ്‌ നടത്തുന്നകേബിൾകാർ ഓപ്പറേഷൻ സൗകര്യം ഉപയോഗപ്പെടുത്തുകയാണ്‌ പതിവ്‌. മുൻകൂട്ടി പ്ലാൻ ചെയ്‌തുള്ള യാത്രയല്ലാത്തതിനാൽ കേബിൾകാർ വഴി മുകളിലെത്താനാണ്‌ ഞാനും ശ്രമിച്ചത്‌. മുകളിലോട്ട്‌ റോപ്‌ വേയിൽക്കൂടി സഞ്ചരിക്കുമ്പോൾ താഴെയുള്ള പച്ചപ്പും മലയടിവാരത്തിലെ ജീവിതത്തുടിപ്പുകളും ഇന്ന്‌ ചരിത്രാവിശിഷ്‌ടമായ മാറിയ ചാംപ്‌നാർ കോട്ടയുടെ ജീർണ്ണാവസ്‌ഥയും വേറൊരു കാഴ്‌ചയാണ്‌ നൽകുന്നത്‌.

ഈ മലയുടെ ആവിർഭവാവത്തെപ്പറ്റി പലകഥകളും പ്രചാരത്തിലുണ്ട്‌. അവയിൽ പ്രധാനപ്പെട്ട ഒന്ന്‌ പുരാണവുമായി ബന്ധപ്പെട്ടതാണ്‌.

ലങ്കയിൽ രാവണനിഗ്രഹത്തിനായി ചെന്ന ശ്രീരാമലക്ഷ്‌മണരിൽ ലക്ഷ്‌മണൻ ഇന്ദ്രജിത്തിന്റെ ശരമേറ്റ്‌ ബോധമറ്റ്‌ മരണാസന്നനായി കിടക്കുന്നു. ലക്ഷ്‌മണനെ പുനർജിവിപ്പിക്കാൻ ഹിമാലയ സാനുക്കളിലുള്ള സഞ്ഞ്‌​‍്‌ജീവിനി ഔഷധ സസ്യം കൊണ്ടുവന്നേ മതിയാവൂ എന്നായപ്പോൾ, ആ ദൗത്യവുമായി ഹനുമാൻ ഹിമാലയത്തിലേക്ക്‌ പോവുന്നു. സഞ്ഞ്‌ജീവിനി സസ്യം ഏറെനേരം തിരഞ്ഞിട്ടും കാണാഞ്ഞ്‌ ക്രോധാകുലനായ ഹനുമാൻ സസ്യമിരിക്കുന്ന മല അതേപടി അടർത്തിയെടുത്ത്‌ ലങ്കയിലേക്ക്‌ മടങ്ങും വഴി, മലയുടെ ഒരു ഭാഗം ഇവിടെ വീണ്‌ പിന്നീട്‌ അത്‌ പൊന്തി വന്നെന്നുമാണ്‌ ഐതിഹ്യം. സഞ്ഞ്‌ജീവിനി സസ്യത്തിന്റെ അംശങ്ങൾ ഈ മലയിൽ ഉള്ളതുകൊണ്ടാണ്‌ ഇവിടെ ആരോഗ്യദായകമായ അന്തരിക്ഷം എല്ലായ്‌പ്പോഴും നിലനിൽക്കുന്നതെന്ന വിശ്വാസമാണ്‌ ഭക്തർക്കുള്ളത്‌. വിശ്വാമിത്രമഹർഷിയാണ്‌ മലമുകളിലെ കാളികമാതാവിന്റെ പ്രതിഷ്‌ഠ നടത്തിയതെന്നാണ്‌ ഐതിഹ്യം.

ഇവിടെ പ്രചാരത്തിലുള്ള മറ്റൊരു കഥയിലും വിശ്വാമിത്ര മഹർഷിയുടെ സാന്നിദ്ധ്യാമാണു ളളത്‌. ഇവിടെ ആശ്രമം സ്‌ഥാപിച്ച്‌ തപസ്സനുഷ്‌ഠിച്ചിരുന്ന മഹർഷിയുടെ ഗോക്കൾ ഈ സ്‌ഥലത്തുണ്ടായിരുന്ന അഗാധമായ ഒരു ഗർത്തത്തിൽ വീണ്‌ നഷ്‌ടപ്പെടുമായിരുന്നത്രെ.

ഇതിൽ മനംനൊന്ത്‌ പ്രാർത്ഥിച്ച മഹർഷിയുടെ അപേക്ഷമാനിച്ച്‌ ആ ഗർത്തം നികത്താൻ പറ്റിയ മലദേവന്മാരെ ഇങ്ങോട്ടയക്കുകയായിരുന്നു. ഗർത്തം നികന്ന്‌ കഴിഞ്ഞിട്ടും പിന്നെയും ഒരു ഭാഗം-മൊത്തം മലയുടെ കാൽ ഭാഗത്തോളം വരുമത്‌ – ഇവിടെ പൊന്തിനിന്നു. സന്തുഷ്‌ടനായ മഹർഷി ഈ മലയുടെ മുകളിൽ ദേവീ പ്രതിഷ്‌ഠനടത്തുകയായിരുന്നു.

ഇവിടെ പ്രതിഷ്‌ഠയുടെ സ്‌ഥാനത്ത്‌ കണ്ണുകൾക്ക്‌ എങ്ങനെ പ്രാധാന്യം വന്നുവെന്നതിനും കഥയുണ്ട്‌. ശിവപത്‌നിയായ ഉമ, ദക്ഷൻ നടത്തിയ യാഗത്തിന്‌ ക്ഷണിക്കാതെ പോയി അപമാനിതയായി ഹോമകുണ്ഡത്തിൽ ദേഹത്യാഗം ചെയ്‌തതിന്റെ പിന്നാലെ വരുന്ന സംഭവമാണ്‌. ശിവനോടുള്ള നീരസം നിമിത്തമാണ്‌ ദക്ഷൻ അവരെ യാഗത്തിന്‌ ക്ഷണിക്കാത്തത്‌. പിതാവ്‌ നടത്തുന്ന യാഗത്തിന്‌ ക്ഷണിച്ചില്ലെങ്കിലും ചെല്ലാമെന്ന വിശ്വാസത്തിലാണ്‌ ഉമ അവിടെ ചെല്ലുന്നതും അപമാനിതയാവുന്നതും. ശിവന്റെ ഭൂതഗണങ്ങൾ ഹോമം മുടക്കുകയും ദക്ഷന്റെ തല വെട്ടുകയും ഒക്കെ ചെയ്‌തിട്ടും ശിവന്റെ കോപവും താപവും അടങ്ങിയില്ല. ഹോമകുണ്ഡത്തിൽ നിന്നെടുത്ത ഉമയുടെ ജഡവുമായി ശിവൻ അലഞ്ഞു തിരിഞ്ഞപ്പോൾ, ഈ ജഡം ശിവന്റെ കൈവശമിരിക്കുന്നിടത്തോളം കാലം ശിവന്‌ ഈ ദുഃഖത്തിൽ നിന്നും മോചനമുണ്ടാവുകയില്ലെന്ന്‌ മനസ്സിലായ മഹാവിഷ്‌ണു, സൂത്രത്തിൽ സുദർശനചക്രമുപയോഗിച്ച്‌ ഉമയുടെ ദേഹം കഷ്‌ണിച്ച്‌ മാറ്റുകയായിരുന്നുവത്രെ. അങ്ങനെ മാറ്റിയ മുഖഭാഗം ഈ കുന്നിൻ മുകളിൽ പതിച്ചുവെന്നാണ്‌ വിശ്വാസം. ക്രോധവും ദുഃഖവും കലർന്ന കാളിമാതാവിന്റെ മുഖപ്രതിഷ്‌ഠയാണിവിടുള്ളത്‌. ദുർഗ്ഗയായും ചണ്‌ഡിയായും ശിവപത്നിയെ ഭക്തർ ദിവസവും രാവിലെയും വൈകിട്ടും ആരതിയും ദീപാരാധനയും നടത്തി പൂജകൾ ചെയ്യുന്നു. നവരാത്രി കാലത്തെ ഒൻപത്‌ ദിവസം നീണ്ടു നിൽക്കുന്ന ഉത്സവം ഇവിടെ വളരെ പ്രധാനപ്പെട്ടതാണ്‌. എട്ടാം ദിവസം ‘ചണ്‌ഡി’, ഒൻപതാം ദിവസം നവധാന്യങ്ങളർപ്പിച്ചുകൊണ്ടുള്ള ‘നവരാത്രി പൂജയും’- ഉത്സവചടങ്ങുകളിൽ വിശേഷപ്പെട്ടതാണ്‌.

ഈ കുന്നിന്റെ അടിവാരത്തിൽ കാണുന്ന ഇടിഞ്ഞുപൊളിഞ്ഞ കോട്ടകളും മതിലുകളും കൽത്തളങ്ങളും, പണ്ടിവിടെ നിലനിന്നിരുന്ന സമ്പൽസമൃദ്ധമായ രാജവാഴ്‌ചയുടെ ഓർമ്മ പുതുക്കുന്നു. ‘സാത്മഹൽ’ എന്ന പേരുള്ള ഏഴ്‌ നിലയുള്ള രാജകൊട്ടാരം ഏറെക്കുറെ ജീർണ്ണാവസ്‌ഥയിലാണ്‌. ചംപ്‌നാർ സമ്രാജ്യത്തിന്റെ നാശത്തിന്‌ കാരണം മലമുകളിലെ കാളിമാതാവിന്റെ ശാപമാണത്രെ. നഗരത്തിൽ ഒരു തവണത്തെ നവരാത്രി ഉത്സവാഘോഷങ്ങളിലെ ആകർഷകമായ ചടങ്ങായ ‘ഗർബ’ നൃത്തത്തിൽ പങ്കുകൊള്ളാൻ കാളിമാതാ വേഷംമാറി സുന്ദരിയായ ഒരു യുവതിയായി മലയിറങ്ങി വന്നുവെന്നും യുവതിയിൽ ആകൃഷ്‌ടനായ രാജാവ്‌ കാളിമാതാവിനെ സമിപിച്ചപ്പോൾ താനാരാണെന്ന്‌ രാജാവിനെ അറിയിച്ചുകൊണ്ട്‌ അകലാൻ ശ്രമിച്ചെന്നും എന്നിട്ടും കാമാവേശത്തോടെ യുവതിയോടടുത്തപ്പോൾ ദേവി രാജാവിന്റെ മേൽശാപം ചൊരിഞ്ഞു. അതോടെ കൊട്ടാരവും രാജ്യവും നശിച്ചു. ‘മുഹമ്മദ്‌ ബർഗഡ’ എന്ന മുസ്ലീം ചക്രവർത്തി അസംഖ്യം പട്ടാളക്കാരുമായി വന്ന്‌ രാജ്യം ആക്രമിച്ചു. 20 മാസം നീണ്ടുനിന്ന യുദ്ധത്തിൽ ശത്രുക്കൾ, രാജാവിനും സൈന്യത്തിനും അപരിചിതമായ തോക്കുകൾ ഉപയോഗിച്ച്‌ രാജ്യം കീഴടക്കിയെന്നുമാണ്‌ ചരിത്രം. പിന്നിടവരും നാശോന്മുഖമായി, ചരിത്രത്തിന്റെ താളുകളിൽ കയറിപ്പറ്റി. ഈ നഗരം അങ്ങനെ നാമാവശേഷായി മാറി. ഗുജറാത്ത്‌ ഗവൺമെന്റിന്റെ ടൂറിസം ഡിപ്പാർട്ടുമെന്റ്‌ ഇതൊരു പുരാവസ്‌തു കേന്ദ്രമാക്കിമാറ്റി സംരക്ഷണ ചുമതല ഏറ്റെടുത്തിട്ടുണ്ട്‌. അന്നത്തെ അവസ്‌ഥ അതേപടി നിലനിർത്താനായില്ലെങ്കിലും ചരിത്രത്തോട്‌ നീതികാട്ടാനുള്ള ശ്രമത്തിലാണ്‌ അധികാരികൾ.

ഇപ്പോൾ യൂറോപ്പ്‌ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന വേൾഡ്‌ ഹെർബൽ ടൂറിസ്‌റ്റ്‌ സെന്റർ ഇൻഡ്യയിലെ അപൂർവ്വം ചില ഹെർബൽ ടൂറിസ്‌റ്റ്‌ പോയിന്റുകളിൽ ഒന്നായി പാവ്‌ഗദ്ദിനെയും പെടുത്തിയിട്ടുണ്ട്‌. അതിന്‌ പ്രധാന കാരണം ഏത്‌ കാലാവസ്‌ഥയിലും നിലനിൽക്കുന്ന ഇവിടത്തെ മലയിലെ ഈ പച്ചപ്പും ആരോഗ്യദായകമായ അന്തരീക്ഷം പ്രദാനം ചെയ്യുന്ന ഔഷധസസ്യങ്ങളുടെ സാന്നിദ്ധ്യവുമാണെന്ന്‌ കരുതേണ്ടിയിരിക്കുന്നു. പക്ഷേ ഇവിടുള്ള ഔഷധസസ്യങ്ങൾ ഏതൊക്കെ വർഗ്ഗത്തിൽപെട്ടതാണെന്നോ, അവയൊക്കെ എത്രമാത്രമുണ്ടെന്നോ ഉള്ള ഒരു കണക്കെടുപ്പ്‌ നടത്തിയതായി രേഖകളില്ല. ഹെർബൽ ടൂറിസം സെന്ററായി മാറിയതോടെ സന്ദർശകരുടെ എണ്ണം കൂടി എന്നാണ്‌ മലയടിവാരത്തിലുള്ള ചാംപ്‌നാർ ഹോട്ടൽ മാനേജമെന്റ്‌ പറയുന്നത്‌…. പക്ഷേ, വിദേശത്തുനിന്നും വരുന്ന സന്ദർശകർക്കനുയോജ്യമായ മേലേക്കിട ഹോട്ടലുകളോ, ടൂറിസ്‌റ്റുകോട്ടേജുകളോ ഇവിടില്ല, ടൂറിസം ഡിപ്പാർട്ടുമെന്റിന്റെ കീഴിലുള്ള ‘ഹോട്ടൽ ചാംപ്‌നാർ’ വിദേശികളെലക്ഷ്യം വച്ചുകൊണ്ടുള്ള താണെങ്കിലും തിരക്കുള്ള സമയത്ത്‌ ആവശ്യത്തിനുതകാൻ പറ്റാതെ വരുന്നു.

സന്ദർശകരുടെ എണ്ണം ഏറിയതോടെ ദുരന്തങ്ങളും വന്നുതുടങ്ങി. കഴിഞ്ഞവർഷം കേബിൾ കാർ പൊട്ടി മലയടിവാരത്തിലേയ്‌ക്ക്‌ പതിച്ച്‌ നിരവധി പേർ മരിച്ച സംഭവത്തിന്റെ നടുക്കം ഇപ്പോഴും അവിടുണ്ട്‌. 2002 ജൂലായ്‌ മാസം 4-​‍ാം തിയതിയാണ്‌ ഈ ലേഖകൻ അവിടം സന്ദർശിച്ച്‌ മടങ്ങിയത്‌. ഗുജറാത്ത്‌ ഭരണകൂടത്തിന്‌ കളങ്കം ചാർത്തിയ വർഗ്ഗീയ കലാപങ്ങൾക്ക്‌ നാന്ദികുറിച്ച ഗ്രോധ ദുരന്തം നടന്നിട്ട്‌ വർഷമൊന്നു കഴിഞ്ഞതേ ഉള്ളു. പാവ്‌ഗദ്ദ്‌ ഇപ്പോഴും നിരവധി സന്ദർശകരെ ആകർഷിക്കുന്നു.

(അടുത്ത്‌ തന്നെ പ്രസിദ്ധീകരിക്കുന്ന അസെൻസ്‌ പബ്ലിഷേഴ്‌സിന്റെ പുസ്‌തകത്തിലെ ഒരു ലേഖനം)

Generated from archived content: column1_july13_09.html Author: mk_chandrasekharan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English