ദേവീ സന്നിധിയിൽ എല്ലാം ശുഭം
ഏതാനും വർഷങ്ങൾക്കു മുമ്പുള്ള ഒരു യാത്രയുടെ ഓർമ്മയാണ്. ഓഥേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യയുടെ മദ്രാസ് ചാപ്‌റ്ററിന്റെ ശ്രമഫലമായി തമിഴ്‌നാട് ഗവൺമെന്റിന്റെ സഹായത്തോടെ തഴിനാടിന് വെളിയിലുള്ള എഴുത്തുകാർക്കുവേണ്ടി സംഘടിപ്പിച്ച ഒരാഴ്‌ചക്കാലം നീണ്ടുനിൽക്കുന്ന ഒരു സൗജന്യ യാത്രാപരിപാടിയിൽ കേരളത്തിൽ നിന്നുള്ള എഴുത്തുകാരുടെ ആദ്യസംഘത്തിൽ തന്നെ ഞാനും നാടകകൃത്ത് പി.ആർ.ചന്ദ്രനുമുണ്ടായിരുന്നു. പ്രശസ്‌ത പത്രപ്രവർത്തകനും ഓഥേഴ്‌സ് ഗിൽഡ് ഓഫ് ഇൻഡ്യയുടെ മദ്രാസ് ചാപ്‌റ്ററിന്റെ കൺവീനറുമായ എസ്.വി.എസ്. എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന എസ്.വെങ്കിട്ടസുബ്രഹ്‌മണ്യത്തിന്റെ ശ്രമഫലമായിട്ടാണ് തമിഴ്‌നാട്ടിലെ കൾച്ചറൽ സെന്ററുകൾ കേന്ദ്രീകരിച്ചുള്ള ഇങ്ങനെയൊരു സൗജന്യ യാത്ര പരിപാടി എഴുത്തുകാർക്ക് വേണ്ടി സംഘടിപ്പിച്ചിട്ടുള്ളത്. ഭക്ഷണവും രാത്രി തങ്ങുന്ന ഹോട്ടലുകളിലെ (അധികവും തമിഴ്‌നാട് ഗവൺമെന്റ് ടൂറിസം ഡവലപ്‌മെന്റ് കോർപ്പറേഷൻ ഹോട്ടലുകളാണ്)ചിലവും ഗവൺമെന്റ് തന്നെ വഹിക്കും. ചെല്ലുന്നിടത്തൊക്കെ ഞങ്ങൾക്ക് ലഭിക്കുന്നത് രാജകീയമായ വരവേൽപ്. ഇത് മറ്റുള്ള യാത്രക്കാരുടെ മറുമുറുപ്പിന് കാരണമായെന്ന് പിന്നീട് ഞങ്ങളറിഞ്ഞ കാര്യങ്ങളാണ്. മദ്രാസിൽ നിന്നാരംഭിച്ച് തൃശ്‌നാപ്പള്ളി, തിരുവണ്ണാമലൈ, പളനി, കൊടൈക്കനാൽ മധുര രാമേശ്വരം, തൂത്തുക്കുടി, തിരുവട്ടാർ ശുചീന്ദ്രം കന്യാകുമാരി ഇവയൊക്കെ സന്ദർശിച്ച് തിരിച്ച് തഞ്ചാവൂർ വഴി ഏഴാം ദിവസം രാവിലെ മദ്രാസ്സിൽ ചെന്നെത്തുന്ന വിധമാണ് യാത്രാ പരിപാടി ആസൂത്രണം ചെയ്‌തിട്ടുള്ളത്. യാത്രക്കാർ അധികവും കർണ്ണാടക, ആന്ധ്ര, തമിഴ്‌നാട്, മഹാരാഷ്‌ട്ര എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. ഉത്തരേന്ത്യക്കാർ എന്ന് പറയാവുന്നവർ നാലോ അഞ്ചോ പേർ മാത്രം. ശ്രീലങ്കയിൽ നിന്നുള്ള കുറച്ച് വൈകിമാത്രം വിവാഹിതരായ ദമ്പതിമാർ- അവർ രണ്ടുപേർ മാത്രമായിരുന്നു വിദേശികളെന്ന് പറയാവുന്നവർ. യാത്രക്കാർ അധികവും കുടുംബസമേതം വന്നവരാാണ്. സിംഹള ദമ്പതിമാരുടെ പ്രത്യേകത അവർ അധികവും പാട്ടുപാടിയും ചിലകളിതമാശകൾ പറഞ്ഞും – ചിലതൊക്കെ സഹയാത്രികരുമായി പങ്കുവെച്ചും – ഈ യാത്ര ഒരാഘോഷമാക്കി മാറ്റി എന്നതാണ്. വേണമെങ്കിൽ അവരുടേത് ഒരു ഹണിമൂൺ ട്രിപ്പ് എന്ന് കണക്കാക്കാവുന്നാതാണ്. പക്ഷേ എന്റെ ശ്രദ്ധ മുഴുവനും എന്റെ തൊട്ടു മുന്നിലിരുന്ന അല്‌പം പ്രായം ചെന്ന ഉദ്യോഗസ്‌ഥ ദമ്പതികളിലായിരുന്നു. ഭർത്താവ് റിട്ടയർഡാവാൻ അധികം താമസമില്ലാത്ത ഒരു ഗവൺമെന്റ് സെക്രട്ടറിയാണന്നറിയാൻ കഴിഞ്ഞു. ഭാര്യ ഒരു സ്‌കൂൾ അദ്ധ്യാപികയും. ഈ യാത്രക്കിടയിൽ ഒരിക്കൽ പോലും അവർ ഉരിയാടിയിട്ടില്ല എന്നത് ആദ്യ ദിവസം തന്നെ വൈകിട്ടോടെ എനിക്കറിയാൻ കഴിഞ്ഞു. ഒരിടവേളയിൽ ഭക്ഷണം കഴിക്കാനായി ഹോട്ടലിൽ കയറിയപ്പോൾ എന്റടുത്ത ടേബിളിലായിരുന്നു ഇവർക്ക് ഭക്ഷണം വിളമ്പിയിരുന്നത്. ആ സമയത്തും ഇവർ പരസ്‌പരം കമാന്നൊരക്ഷരം മിണ്ടുന്നില്ല. ആദ്യ ദിവസം രാത്രി ഞാൻ ശ്രീ.പി.ആർ.ചന്ദ്രനോട് ഇക്കാര്യം സൂചിപ്പിച്ചപ്പോൾ – ‘താൻ വിടേണ്ട – ഒരു പക്ഷേ എല്ലാം കഴിയുമ്പോൾ തനിക്കൊരു കഥയ്‌ക്കുള്ള വക കിട്ടും’- എന്നായിരുന്നു മറുപടി ‘താങ്കൾക്ക് ഒരു നാടകത്തിനുള്ള മുഹൂർത്തങ്ങളും കിട്ടിക്കൂടെന്നില്ല’ – ഞാൻ തിരിച്ചടിച്ചു.
എന്താണിവരുടെ പ്രശ്‌നം? എനിക്കങ്ങനെയൊരു മാനസികാവസ്‌ഥ ചിലപ്പോൾ വന്നു പെടാറുണ്ട്. സ്വന്തം കാര്യം ശുഷ്‌ക്കാന്തിയോടെ നോക്കാതെ മറ്റുള്ളവരുടെ പ്രശ്‌നങ്ങൾ എന്തെല്ലാമെന്ന് അറിയാനുള്ള ഒരു വൃഗ്രത. അവരുടെ കുടുംബ പ്രശ്‌നങ്ങളാവാം. രണ്ടു പേരുടേയും കുടുംബങ്ങൾ തമ്മിൽ – അനാവശ്യമായി പടുത്തുയർത്തുന്ന ഈഗോ – ഇതായിക്കൂടെ? ചന്ദ്രന്റെ ചോദ്യമാണ്.
അതല്ലെങ്കിൽ മക്കളെച്ചൊല്ലിയുള്ള വ്യഥ – മക്കൾ മുതിർന്നതോടെ തങ്ങളിൽ നിന്നകന്നു പോകുന്നുവെന്നത് സൃഷ്‌ടിക്കുന്ന ദുഃഖം – ഒരണുകുടുംബം എന്ന സ്‌ഥിതിയിലേക്ക് കുടുംബങ്ങൾ മാറുമ്പോൾ – ഇന്നത്തെ കാലത്ത് ഇത് ഏറെക്കുറെ സാർവത്രികമായിക്കഴിഞ്ഞു.
“പക്ഷെ ഇവിടെ ഇവർ തമ്മിലാണ് പ്രശ്‌നം” – എന്റെ സന്ദേഹം ഞാൻ ചൂണ്ടിക്കാട്ടിയപ്പോൾ വീണ്ടും ചന്ദ്രൻ പറയുന്നതിത്രമാത്രം.
“അതാ പറഞ്ഞത് താനവരെ നിരന്തരം നിരിക്ഷിക്കാൻ, ചിലപ്പോൾ നല്ലൊരു നോവലിനുള്ള വകതന്നെ കിട്ടിക്കൂടായ്‌കയില്ല.”
ഈ യാത്രാസംഘത്തിലെ എല്ലാവരും തന്നെ ഇവരുടെയിടയിലെ ഈ നിർവ്വികാരത – അല്ലെങ്കിൽ അകലങ്ങളിലെ മനസ്സുമായി അടുത്തടുത്തു കഴിയുന്ന അവസ്‌ഥ – ഇതിനോടകം മനസ്സിലാക്കി കഴിഞ്ഞിരുന്നു. കൊടൈക്കനാലിൽ പോയി മടങ്ങി വരുമ്പോഴുള്ള ചില സംഭവങ്ങളായിരുന്നു ഇതിന് കാരണം. വഴിയരികിലുള്ള വെള്ളച്ചാട്ടത്തിന് തൊട്ടുതാഴെ നിന്ന് നീരാടുന്ന ഒരു പിടിയാനയും കുട്ടിക്കുറുമ്പനും തമ്മിൽ തുമ്പിക്കൈകൊണ്ടുള്ള വെള്ളം തെറിപ്പിക്കലും പിടിവലിയും യാത്രാസംഘത്തിലെ എല്ലാവരും ആസ്വദിച്ചപ്പോൾ അങ്ങോട്ടെപ്പോഴോ ഒന്നെത്തി നോക്കിയതല്ലാതെ ഇരുന്ന സീറ്റുകളിൽ നിന്നും അനങ്ങാതിരുന്നത് ഇവർ മാത്രമായിരുന്നു. അതുപോലെ തന്നെയായിരുന്നു വഴിയരികിലെ വൃക്ഷക്കൊമ്പുകളിലിരുന്നു ഊഞ്ഞാലാടുകയും യാത്രക്കാരെ നോക്കി പല്ലിളിക്കുകയും ചെയ്‌ത, കുരങ്ങന്മാരുടെ വിക്രിയകൾ കണ്ട് ഇവരൊഴികെ എല്ലാവരും ശരിക്കും പ്രതികരിച്ചപ്പോഴത്തെ അവസ്‌ഥയും.
അന്ന് രാത്രി തങ്ങിയത് മധുരയിലായിരുന്നു. സന്ധ്യയ്‌ക്കും മുന്നേ എത്തിയതുകൊണ്ട് പ്രസിദ്ധമായ മധുരമീനാക്ഷിക്ഷേത്രത്തിൽ പോയി തൊഴണമെന്ന എന്റെ നെടുനാളത്തെ ആഗ്രഹം സാധിതപ്രയമാകുന്നു എന്ന സന്തോഷവും എനിക്കുണ്ടായിരുന്നു. എല്ലായിടത്തും പോയി തൊഴുതു വരുവാൻ കുറെ സമയമെടുത്തു. സാധാരണ ക്ഷേത്രദർശനത്തിൽ വിമുഖത കാട്ടാറുള്ള ചന്ദ്രനും എന്നോടൊത്ത് വന്നതിലുള്ള സന്തോഷവും എനിക്ക് ചാരിതാർത്ഥ്യം പകർന്നു. തിരിച്ച് ഹോട്ടലിലേക്ക് മടങ്ങാൻ നേരത്താണ് ഞാനാ കാഴ്‌ച കാണുന്നത്. ഇതുവരെയുള്ള അവസ്‌ഥയിൽ നിന്നും വ്യത്യസ്‌തമായി ഉദ്യോഗസ്‌ഥ ദമ്പതികൾ നിവേദ്യതട്ടങ്ങളുമായി ക്ഷേത്രത്തിലേക്ക് പോകുന്നു. ഇപ്പോഴവരുടെ മുഖത്ത് നേരത്തെ സ്‌ഥായിയെന്നപോലെ കണ്ടിരുന്ന നിവ്വികാരത ഇല്ലെന്ന് തന്നെ പറയാം. സാധാരണ ഗതിയിൽ ഇവരാരുമായി ഇടപഴകാതെ ഹോട്ടലിൽ തങ്ങേണ്ടതായിരുന്നു. മാത്രമല്ല ഒരു ചെറുപുഞ്ചരി രണ്ടുപേരുടേയും മുഖത്തുള്ളതുപോലെ.
രാത്രി ഭക്ഷണത്തിന് ശേഷം ഞങ്ങളെല്ലാവരും ക്ഷേത്രത്തിന് തൊട്ട് സമീപത്ത് ഒരുക്കിയിരുന്ന “ലൈറ്റ് ആന്റ് സൗണ്ട് ഷോ കാണാൻ പോയി. മലയാളികൾക്ക് സുപരിചിതമായ ‘കണ്ണകി-കോവിലൻ ചരിതമാണ്’ പ്രമേയം. കണ്ണകിയുമൊത്തുള്ള കോവിലന്റെ സ്വൈര്യജീവിതത്തിലേക്ക് നാട്യത്തിലും സൗന്ദര്യത്തിലും അതീവ മികവ് പുലർത്തുന്ന മാധവി കടന്നു വരുന്നതോടെ സംഘർഷഭരിതമായ മുഹൂർത്തങ്ങൾ കടന്നുവരിയായി. മാധവിക്ക് സമ്മാനിക്കാനായി കോവിലൻ കൊടുത്ത ചിലമ്പ് കൊട്ടാരത്തിലെ കാണാതെ പോയ റാണിയുടെ ചിലമ്പാണോ എന്ന സംശയത്താൽ കോവിലനെ രാജകിങ്കരന്മാർ കൊട്ടാരസദസ്സിൽ ഹാജരാക്കുന്നു. രാജാവ് അവന് മരണശിക്ഷ വിധിക്കുന്നു. അതോടെ കണ്ണകി രാജകൊട്ടാരത്തിൽ ഹാജരായി ആ ചിലമ്പ് തന്റേതാണെന്നും കോവിലൻ നിരപരാധിയാണെന്നും ബോധിപ്പിക്കുന്നു. പക്ഷേ അതിന് മുന്നേ തന്നെ കോവിലന്റെ വധശിക്ഷ നടപ്പാക്കി കഴിഞ്ഞിരുന്നു. ഇതിനോടകം രാജകൊട്ടാരത്തിലെ കാണാതായ ചിലമ്പ് അവിടെ തന്നെയുള്ളതായ വിവരം രാജാവിനെ അറിയിക്കുന്നു. തന്റെ ഭർത്താവിനു വന്നുപെട്ട ദുരന്തത്തിൽ മനംനൊന്ത കണ്ണകി തന്റെ മുലകളിലൊന്ന് പറിച്ചെടുത്ത് രാജാവിന്റെ നേരെ എറിഞ്ഞ് ശപിക്കുന്നു. രാജാവും രാജകൊട്ടാരവും മാത്രമല്ല മധുരാപുരിയൊട്ടാകെ വെന്ത് വെണ്ണീറാവുന്നു. കണ്ണകിയും ആത്മഹൂതി ചെയ്‌ത് കോവിലനുമായി ഒന്നുചേരുന്നു.
മലയാളികൾക്ക് സുപരിചിതമായ ഈ കഥ ഒട്ടൊക്കെ മാറ്റത്തോടെയാണ് അവതരിപ്പിക്കപ്പെട്ടത്. ഒന്നൊന്നര മണിക്കൂർ നേരം കടന്നുപോയതറിഞ്ഞില്ല. ഷോ കഴിഞ്ഞ് തിരിച്ച് ഹോട്ടലിലേക്ക് മടങ്ങാൻ നേരത്ത് ഞങ്ങളാ കാഴ്‌ച കാണുന്നു. ഈ യാത്രയിൽ ആദ്യമായിട്ടാണ് ആ ഉദ്യോഗസ്‌ഥ ദമ്പതികൾ സംസാരിക്കുന്നു. അവർ സന്തുഷ്‌ടരാണെന്ന് ആ മുഖഭാവം തെളിയിച്ചുഃ കണ്ണകി ചരിത്രം അവരെ ആഹ്ലാദിപ്പിച്ചുവെന്നതിലുപരി അവരെ അടുപ്പിച്ചു എന്നതാണ് സത്യം.
പിറ്റേ ദിവസം രാവിലെ എല്ലാവരും ബസ്സിൽ കയറിയതേയുള്ളു ഉദ്യോഗസ്‌ഥ ദമ്പതിമാർ വിടർന്ന ചിരിയോടെ അവരുടെ കൈയിലുള്ള മീനാക്ഷി ക്ഷേത്രത്തിൽ നിന്ന് ലഭിച്ച മധുരപലഹാരവും പ്രസാദവും അടങ്ങിയ തട്ടങ്ങളുമായി യാത്രക്കാർ ഓരോരുത്തരേയും സമീപിക്കുന്നതായിട്ടാണ് കാണാൻ കഴിഞ്ഞത്. ആ സമയത്ത് അവരുടെ മുഖത്ത് കണ്ട പ്രസാദവും പുഞ്ചിരിയും എനിക്കൊരിക്കലും മറക്കാനാവില്ല. മധുരമിനാക്ഷിയുടെ അനുഗ്രഹം അവർക്കാവോളം ലഭിച്ചിരിക്കുന്നു. പിന്നീട് ആ ടൂർ പ്രോഗ്രാം തീരുന്നത് വരെയും അവർ അതുവരെ ഈ യാത്രയിൽ കണ്ട ഭാര്യാഭർത്താക്കൻമാരായിരുന്നില്ല. ഒരിക്കൽ പോലും തുടക്കത്തിലേ ആ നിർവ്വികാരതയിലേക്കും മടങ്ങിപ്പോയില്ല. പാമ്പൻപാലത്തിലൂടെ രാമേശ്വരത്തേക്കു പോകുമ്പോഴും അവിടെയുള്ള തീർത്ഥക്കുളത്തിലെ വെള്ളം തലയിലും മുഖത്തും വീഴ്‌ത്തുമ്പോഴും അത് കഴിഞ്ഞ് ശുചീന്ദ്രം, തിരുവട്ടാർ വഴി കന്യാകുമാരിയിലേക്കും പോയപ്പോഴും പക്വത വന്ന – യാത്രയിലെ കാഴ്‌ചകൾ ആഘോഷിക്കുന്ന ദമ്പതികളെന്നതിലുപരി, ശരിക്കും യാത്ര പകരുന്ന രസം നുകരുന്ന ടൂറിസ്‌റ്റുകളായിരുന്നു.
യാത്രയുടെ അവസാനം ഞങ്ങൾ മദ്രാസ്സിലേക്ക് മടങ്ങുമ്പോൾ തഞ്ചാവൂരിൽ വച്ച് ഞാനും ചന്ദ്രനും യാത്ര അവസാനിപ്പിച്ചും തൃശ്‌നാപ്പള്ളി വഴി നാട്ടിലേക്കു മടങ്ങുകയാണുണ്ടായത്. യാത്രാസംഘത്തിലെ എല്ലാവരോടും യാത്രപറയാൻ നേരം കുറച്ച് കൂടുതൽ സമയം ഞാൻ ഉദ്യോഗസ്‌ഥ ദമ്പതികളുമായി സംസാരിക്കാൻ ചിലവഴിച്ചു. ഞാൻ തന്നെ അവസാനം എന്റെ മനസ്സിലെ ആകാംക്ഷ നിറഞ്ഞ അന്വേഷണം തുടങ്ങി വെച്ചു. ‘മദ്രാസിൽ നിന്നും യാത്ര തിരിക്കുന്ന സമയം മുതലേ ഞാൻ നിങ്ങളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. എന്തോ ഭയം നിറഞ്ഞ ഒരാകാംക്ഷ – അല്ലെങ്കിൽ ദുഃഖം – നിങ്ങളെ അലട്ടിയിരുന്നതുപോലെ തോന്നി. അകലങ്ങളിലെ മനസ്സുമായി അടുത്തടുത്തിരുന്ന യാത്രചെയ്യുകയായിരുന്നു; നിങ്ങൾ പക്ഷെ മധുരമീനാക്ഷി ദർശനത്തോടെ നിങ്ങളുടെ എല്ലാ ദുഃഖങ്ങളും വിട്ടകന്നതായിട്ടാണ് തോന്നിയത്. – അല്‌പം മടിച്ച് മടിച്ച് പിന്നീട് ഒരു വിടർന്ന ചിരിയോടെയാണ് അയാൾ മറുപടി പറഞ്ഞത്.
’ശരിയാണ് തമ്പി. എന്നെന്നേക്കുമായി പിരിയാൻ തീരുമാനിച്ചവരാണ് ഞങ്ങൾ പക്ഷേ അങ്ങനെയൊരു തീരുമാനത്തിലെത്തുന്നതിനു മുമ്പേ മധുര, രാമേശ്വരം, തിരുവവെള്ളൂർ തുടങ്ങിയ പുണ്യസ്‌ഥലങ്ങൾ സന്ദർശിക്കാൻ പദ്ധതിയിട്ടിരുന്നു. പല കാരണങ്ങളാലും അതു മുടങ്ങിപ്പോയി. ഏതായാലും പിരിയുന്നതിനു മുന്നേ തീരുമാനിച്ചിരുന്ന യാത്രാ പരിപാടികൾ നടപ്പാക്കി പിരിയാമെന്ന് കരുതിയാണ് ഈ യാത്രയ്‌ക്ക് പ്ലാനിട്ടത്. പക്ഷേ തമ്പി – തമ്പി പറഞ്ഞതുപോൽ മധുരമീനാക്ഷി ദർശനത്തോടെ ഞങ്ങൾ വീണ്ടും ഒരുമിച്ച് തന്നെ ശേഷമുള്ള കാലവും കഴിക്കാൻ തീരുമാനിച്ചു.
‘എന്താ മധുരമീനാക്ഷി നിങ്ങളുടെ പ്രശ്‌നങ്ങൾ തീർത്തുവെന്നാണോ?
ഇത്തവണ മറുപടി പറഞ്ഞത് ഭാര്യയാണ് വിടർന്ന ചിരിയോടെ.
’ശരിയാണ് മധുരമീനാക്ഷി തന്നെയാണ് ഞങ്ങളെ വീണ്ടും ഒന്നിപ്പിച്ചത്. പിന്നെ തമ്പി – ആ ദിവസം രാത്രിയിലത്തെ കണ്ണകി – കോവിലൻ ചരിത്രം – ആ ഷോ – നിങ്ങളും കണ്ടതല്ലേ? അതിലെല്ലാമുണ്ട്. അതിൽ കൂടുതലൊന്നുമില്ല. അവസാനത്തെ ആ വാക്കുകൾ അയാളുടെ ഭാര്യപറയുമ്പോൾ – അവരുടെ മുഖത്തെ അരുണിമ- കുസൃതിത്വം നിറഞ്ഞ ആ പുഞ്ചിരി – ഭർത്താവിന്റെ മുഖത്തെ പ്രസന്നത – അതൊക്കെ ഇപ്പോഴും എന്റെ മനോമുകുരത്തിൽ തെളിഞ്ഞ് വരുന്നു.
കോവിലന്റെ ജീവിതത്തിലേക്ക് മൂന്നാമതൊരാൾ കടന്നു വന്നു സൃഷ്‌ടിച്ച പ്രത്യാഘാതങ്ങൾ – ദുരന്തങ്ങൾ – അവസാനം മധുരമീനാക്ഷിയുടെ അനുഗ്രഹത്താലുള്ള കൂടിച്ചേരൽ – പിന്നെ പ്രശ്‌നങ്ങൾ – അതു വേണ്ടുവോളമുണ്ടായിരുന്നു. ഇനിയതൊന്നും ഞങ്ങളെ അലട്ടില്ല. ആ ശുഭാപ്‌തി വിശ്വാസത്തോടെയാണ് ഞങ്ങളുടെ മടക്കം. പിന്നെ തമ്പി – നിങ്ങൾക്കും കിട്ടിക്കാണുമല്ലോ, മധുരമീനാക്ഷുടെ അനുഗ്രഹം നിറയെ – അല്ലെ?‘
(അടുത്ത് തന്നെ പ്രസിദ്ധീകരിക്കുന്ന അസെന്റ് ബുക്‌സിന്റെ പുസ്‌തകത്തിലെ ഒരദ്ധ്യായം)
Generated from archived content: column1_aug6_09.html Author: mk_chandrasekharan
Click this button or press Ctrl+G to toggle between Malayalam and English