യാത്രാസ്‌കെച്ചുകൾ

കാലത്തോട്‌ മല്ലിടുന്ന എലഫന്റ ശില്‌പങ്ങൾ

1981 ലാണ്‌ ആദ്യമായി ഞാൻ എലഫന്റ ഗുഹയിലേയ്‌ക്ക്‌ പോകുന്നത്‌. മുംബൈ (അന്ന്‌ ബോംബെ) നഗരത്തിൽ – ഗേറ്റ്‌വേ ഓഫ്‌ ഇൻഡ്യയിൽ നിന്നും അധികം അകലത്തല്ലാതെ – അരമണിക്കൂർ നേരം കൊണ്ടൊരു ബോട്ട്‌യാത്ര – എലഫന്റയിൽ ചെന്നെത്തുകയായി. അന്ന്‌ ആ ദ്വീപിന്റെ പേര്‌ ഘരാപുരി എന്നായിരുന്നു. ആദ്യയാത്രയ്‌ക്ക്‌ ഒരുങ്ങുമ്പോൾ അതിമഹത്തായ ശില്‌പചാതുര്യം മേളിക്കുന്ന ഒരു സ്‌ഥലത്തേയ്‌ക്കാണ്‌ പോകുന്നതെന്നറിയില്ലായിരുന്നു. മുംബൈ ഒന്നു ചുറ്റിക്കാണണം . ഗേറ്റ്‌വേയിൽ ചെല്ലുമ്പോൾ എലഫന്റയിലേയ്‌ക്കും പോകണം. അന്ധേരിയിൽ ഞാൻ തങ്ങിയ – വിശാലകേരളം മാസികയുടെ പത്രാധിപരായ യശഃശരീരനായ എടയാളി ഗോപാലകൃഷ്‌ണന്റെ ഫ്‌ളാറ്റിൽ വച്ച്‌ അദ്ദേഹത്തോട്‌ ഈ വിവരം പറഞ്ഞപ്പോൾ, അദ്ദേഹമാണ്‌ ദ്വീപിലേയ്‌ക്ക്‌ പോവേണ്ട ബോട്ട്‌യാത്രയെക്കുറിച്ച്‌ പറഞ്ഞത്‌. അദ്ദേഹത്തിന്‌ അന്ന്‌ ഓഫീസിൽ നിന്ന്‌ മാറി നിൽക്കാൻ പറ്റാത്ത അവസ്‌ഥയായിരുന്നു. അത്‌കൊണ്ട്‌ യാത്ര ഒറ്റയ്‌ക്കായിരുന്നു.

എലഫന്റയിൽ ചെന്നിറങ്ങിയതോടെ ഗൈഡുകളായി വേഷം കെട്ടിയവരിൽ ഒരുവൻ എന്നെ സ്വീകരിച്ചാനയിക്കാൻ തയ്യാറായി വന്നെങ്കിലും ആരുടെയും സഹായമില്ലാതെ ഒരു ചുറ്റിക്കറങ്ങൽ – അതാണ്‌ ഞാനാഗ്രഹിച്ചത്‌. ഗുഹയിലെ പ്രധാനകവാടത്തിലേയ്‌ക്ക്‌ കടന്നതോടെ മുന്നിൽ ഇരുട്ട്‌ വന്നു പൊതിഞ്ഞു. പക്ഷേ, വളരെ ചുരുങ്ങിയ സമയംകൊണ്ട്‌ ചുറ്റുപാടും വ്യക്തമായിത്തുടങ്ങി. ആരും കൂടെയില്ലാത്തതുകൊണ്ട്‌ ഓരോശില്‌പത്തിന്റെ ചുവട്ടിലും എനിക്കാവുന്നത്ര സമയം ചിലവഴിക്കാമെന്നായി. ഓരോ ശില്‌പത്തിന്റെയും വിവരണങ്ങൾ മുന്നിലും പിന്നിലുമുള്ള സംഘങ്ങൾക്ക്‌ കൂടെയുള്ള ഗൈഡുകൾ പറഞ്ഞുകൊടുക്കുന്നത്‌ കേൾക്കാമെന്നത്‌ കൊണ്ട്‌. ഒന്നും ചോദിച്ചു മനസ്സിലാക്കേണ്ടി വന്നില്ല.

ആദ്യമേതന്നെ ദൃഷ്‌ടികൾ പതിഞ്ഞത്‌ ഒരു കോവിൽ പോലെ തീർത്ത അറയ്‌ക്കകത്ത്‌ നിലകൊള്ളുന്ന ശിലകൊണ്ടുള്ള ശിവലിംഗത്തിലാണ്‌ ലിംഗാരാധന ഇൻഡ്യയൊട്ടാകെത്തന്നെ മാത്രമല്ല, ഹിന്ദുമതവിശ്വാസികളുടെയിടയിൽ ലോകത്തെവിടെയും പരമ്പരാഗതമായി നിലകൊള്ളുന്ന ഒരു ഭക്തിമാർഗ്ഗമാണ്‌. പണ്ട്‌ ബ്രഹ്‌മാവും വിഷ്‌ണുവും ശിവലിംഗത്തിന്റെ ആദിയുമന്തവുമന്വേഷിച്ച്‌ – ഒരാൾ മുകളിലേയ്‌ക്ക്‌ ആകാശത്തിന്റെ അനന്തതയിലേയ്‌ക്കുംമറ്റെയാൾ താഴെ സമുദ്രത്തിന്റെ അഗാധത്തിലേയ്‌ക്കും പോയകഥ പുരാണത്തിലുണ്ട്‌. മുകൾ ഭാഗം കണ്ടെന്ന്‌ കയ്യിൽ തടഞ്ഞ ഒരു പുഷ്‌പം കാട്ടി ബ്രഹ്‌മാവ്‌ വിഷ്‌ണുവിനോട്‌ കള്ളംപറഞ്ഞു. പ്രഭവസ്‌ഥലം കാണാതെ നിരാശനായി മടങ്ങിവന്ന വിഷ്‌ണുവിന്‌ ബ്രഹ്‌മാവ്‌ പറയുന്നത്‌ കള്ളമാണെന്ന്‌ പെട്ടെന്ന്‌ തന്നെ ബോദ്ധ്യപ്പെട്ടു. ബ്രഹ്‌മാവ്‌ ശിവലിംഗത്തിന്റെ മുകൾഭാഗം കണ്ടിട്ടില്ല. കയ്യിലെ പൂ വേറെവിടെനിന്നോ സമ്പാദിച്ചതാവണം. കള്ളം വ്യക്തമായപ്പോൾ ത്രിമൂർത്തികളിൽ മൂർത്ത സ്‌ഥാനത്ത്‌ നിൽക്കുന്നുവെന്ന്‌ വ്യാഖ്യാനക്കപ്പെടുന്ന വിഷ്‌ണു ബ്രഹ്‌മാവിനെ ആരാധകരില്ലാത്ത മൂർത്തിയായി മാറട്ടെ എന്നും കള്ളത്തിന്‌ കൂട്ടുനിന്നു കൈതപ്പൂ ആരാധനയ്‌ക്കർഹമല്ലാത്ത പൂവായി പോകട്ടെ എന്നും ശപിച്ചു. ശിവലിംഗമഹിമയെപ്പറ്റി പ്രകീർത്തിക്കമ്പോൾ പുരാണത്തിലെ ഈ കഥ അനുബന്ധമായി എല്ലാവരും പറയാറുണ്ട്‌.

പ്രധാനഗുഹയിലേയ്‌ക്ക്‌ കടക്കുമ്പോൾ വേറെയും ശില്‌പങ്ങൾ. സദാശിവം, ഇടത്തും വലത്തുമായി ഭൂതഗണങ്ങളാൽചുറ്റപ്പെട്ട രുദ്രശിവൻ – വലത്ത്‌ മഹാദേവൻ, രുദ്രവേഷത്തിലുള്ള ശിവൻ ഉഗ്രമൂർത്തിതന്നെ. അഴിച്ചിട്ട ജട, കണ്ണുകളിൽ തീ, പിരിച്ച്‌ വച്ച മീശ, കഴുത്തിൽ പാമ്പ്‌ – പാമ്പ്‌ തലയുയർത്തിനിൽക്കുന്നത്‌ ജടയ്‌ക്ക്‌ മുകളിലാണ്‌. മുക്കണ്ണ്‌ തുറക്കുന്നതിന്‌ മുന്നേയുള്ള ഭാവമായിരിക്കണം.

വലതുവശത്തുള്ള ശിവൻ ശാന്തസ്വരൂപിയാണ്‌. തരളിത ഭാവം നോട്ടത്തിലും ഭാവത്തിലും തെളിഞ്ഞുകാണാം. ഇനിയുമുണ്ട്‌ ഇടത്തും വലത്തുമായി ശില്‌പങ്ങൾ. അർദ്ധനാരീശനും ഗംഗാധരനും. ഇവിടെ ശിവന്‌ പങ്കാളിയായി വരുന്നത്‌ പാർവതിയാണോ? സമീപത്തുള്ള ഗൈഡിന്റെ വാക്കുകളിൽ തെളിഞ്ഞുവരുന്നത്‌ വേറൊരു ഭാഷ്യമാണ്‌. മനുഷ്യന്റെ സൃഷ്‌ടികർമമം നടത്തുന്ന വേളയിൽ സ്‌ത്രീയെ പ്രത്യേകമായി സൃഷ്‌ടിക്കാത്തതിനാൽ പ്രപഞ്ചത്തിന്റെ നിലനില്‌പ്‌ അസാദ്ധ്യമാവുമെന്ന്‌ വന്നപ്പോൾ, ബ്രഹ്‌മാവ്‌ തന്നെ അവിടെ സന്നിഹിതനായിരുന്ന ശിവനോട്‌ സ്വന്തം ശരീരത്തിൽ സ്‌ത്രീയെ സൃഷ്‌ടിക്കാൻ അവശ്യപ്പെടുകയായിരുന്നു. ഭി.ന്നരൂപത്തിലാണ്‌ വന്നെതെങ്കിലും സൃഷ്‌ടിയുടെ പാരമ്യത്തിൽ ഒന്നായി മാറുകയായിരുന്നു. അങ്ങനെ ഒറ്റശരീരമായി മാറിയ ശില്‌പമാണ്‌ അർദ്ധനാരീശനായി മുന്നിൽ നിൽക്കുന്നത്‌. ഇവിടെ ശിവനും സൃഷ്‌ടികർമ്മത്തിൽ ബ്രഹ്‌മാവിന്‌ തുണയായി മാറിയെന്നാണ്‌ ഭാഷ്യം. (സൃഷ്‌ടി, സ്‌ഥിതി, സംഹാരകർമ്മങ്ങളിൽ സൃഷ്‌ടി ബ്രഹ്‌മാവിനെന്നാണല്ലൊ നമ്മളൊക്കെ പഠിച്ച്‌ വച്ചിരിക്കുന്നത്‌).

അർദ്ധനാരീശ്വര ശില്‌പത്തിന്റെ ഒരു പകുതി പുരുഷനും മറ്റേപകുതി സ്‌ത്രീയുമായി മാറുമ്പോൾ – പ്രപഞ്ചം സൃഷ്‌ടി കർമ്മത്താൽ തളിരിടുമ്പോൾ അവരെ വാഴ്‌ത്തിക്കൊണ്ട്‌ ഗന്ധർവന്മാർ ശില്‌പത്തിന്റെ മുകളിൽ പുഷ്‌പഹാരങ്ങളുമായി നില്‌പുണ്ട്‌. ധരിച്ചിരിക്കുന്ന കിരീടത്തിന്‌ മുകളിൽ പുഷ്‌പങ്ങൾ, നെറ്റിയിലേയക്കൂർന്നിറങ്ങിയ അളകങ്ങൾ. ശില്‌പത്തിന്റെ സമീപത്ത്‌ തന്നെ ബ്രഹ്‌മാവ്‌, തൊട്ടപ്പുറം ഐരാവതത്തിന്റെ പുറത്തേറിദേവേന്ദ്രൻ, അവർക്ക്‌ താഴെ സുബ്രഹ്‌മണ്യൻ. അർദ്ധനാരീശ്വരന്റെ ഒരു ഭാഗത്ത്‌ അപ്‌സരസുകൾ, ദേവകന്യകൾ, ഗരുഡന്റെ പുറത്ത്‌ വിഷ്‌ണുവും ലക്ഷ്‌മിയും.

സദാശിവ ശില്‌പത്തിന്റെ വലത്‌ഭാഗത്ത്‌ ഗംഗാധര ശില്‌പമാണ്‌. ദേവകിന്നരയക്ഷഗന്ധർവന്മാരാൽ ചുറ്റപ്പെട്ടാണ്‌ പാർവ്വതീ സമേതനായി ഗംഗാധരൻ നിൽക്കുന്നത്‌. ഗംഗാദേവിയുടെ അവതാരം ശിവന്റെ ജടക്കെട്ടിലാണ്‌. ഭൂമിദേവി കടുത്ത വരൾച്ചയിൽ ജീവജലം പോലും കിട്ടാതെ വലഞ്ഞപ്പോൾ, ഭഗീരഥനാണ്‌ ശിവനെ തപസ്സ്‌ ചെയ്‌ത്‌ ഗംഗാവതരണത്തിന്‌ വഴിയൊരുക്കിയത്‌. പക്ഷേ, ഗംഗയ്‌ക്ക്‌ പാതാളത്തിലേയ്‌ക്ക്‌ പോകാനായിരുന്നത്രെ താല്‌പര്യം. ഭൂമി പിളർന്ന്‌ പാതാളത്തിലേയക്ക്‌ പോവാനായി ഗംഗാദേവി സർവ്വശക്തിയുമെടുത്ത്‌ ചാടിയെങ്കിലും, ശിവൻ ആ ചാട്ടം സ്വന്തം ജടക്കെട്ടിലൊതുക്കി. ഗംഗാദേവിക്ക്‌ അവിടെ കുടികൊള്ളുകയേ നിവർത്തിയുണ്ടായിരുന്നുള്ളു. പക്ഷേ, അവിടെ കുടിയിരുന്നാൽ ഭൂമിയുടെ വരൾച്ച മാറില്ലല്ലൊ. ഭഗീരഥൻ വീണ്ടും തപസ്സിരുന്നു. ഗർവ്വം നിലച്ച ഗംഗയെ താഴോട്ടൊഴുകാൻ ശിവൻ സമ്മതം കൊടുത്തു. അതോടെ ഗംഗ ശിവന്റെ പ്രിയസഖിയായി മാറി. എത്രയൊഴുകിയാലും ഉറവിടം വറ്റാതെ ശിവന്റെ ജടക്കെട്ടിൽ സ്‌ഥായായി രൂപംകൊണ്ടത്‌ അങ്ങനെയാണ്‌. ഗംഗ ശിവന്റെ ഇഷ്‌ടസഖിയായി മാറിയപ്പോൾ, പാർവ്വതിക്കുള്ള നീരസം- പാർവ്വതിയെ സമാധാനിപ്പിക്കാനായി ശിവൻ ഇടതുകൈകൊണ്ട്‌ ദേവിയുടെ ചുമലിൽ തഴുകുന്നു.

പഠിക്കുന്ന കാലത്ത്‌ ഒരു വായനയിൽ ലഭിച്ചകഥയ്‌ക്ക്‌ വേറൊരു പാഠഭേദമാണ്‌ കിട്ടിയിരുന്നത്‌. ഭഗീരഥന്റെ തീവ്രമായ തപസ്സിൽ ഭൂമിയെ ഫലഭൂയിഷ്‌ടമാക്കാൻ ആകാശത്ത്‌ നിന്ന്‌ അവതരിച്ച ഗംഗാദേവിയുടെ ശക്തി പ്രവാഹത്താൽ ഭൂമിയിൽ ഗർത്തങ്ങളും വെള്ളപ്പൊക്കവും നാശനഷ്‌ടങ്ങളുമുണ്ടാവാനുള്ള സാദ്ധ്യതകണ്ട്‌ ശിവൻ ഗംഗയെ തന്റെ മുടിക്കെട്ടിലേയ്‌ക്ക്‌ ആവാഹിച്ചത്രെ. അവിടെ ഗംഗാദേവി പിന്നീട്‌ സൗമ്യയായി മാറിയപ്പോൾ, ഭൂമിയിലേയ്‌ക്കൊഴുകാൻ സമ്മതിക്കുകയായിരുന്നു. രണ്ടുകഥയിലും ശിവൻ മദ്ധ്യവർത്തിയായി മാറിയ സംരക്ഷകനും – ഗംഗയെ എന്നെന്നും ശിരസ്സിൽ വഹിക്കുന്നവനുമാണ്‌.

ഗംഗാധരന്റെ ചാരേ നിൽക്കുന്ന പാർവ്വതിയുടെ അംഗപ്രത്യംഗം ഏറെ ശില്‌പചാതുര്യത്തോടെയാണ്‌ രൂപപ്പെടുത്തിയിരിക്കുന്നത്‌. മാറിടം, അരക്കെട്ട്‌, – ഇവയൊക്കെ നിറഞ്ഞ സൗന്ദര്യസങ്കല്‌പത്തിനനുസരിച്ച്‌ വാർത്തെടുത്തിരിക്കുന്നു. സർവ്വാഭരണ വിഭൂഷിതയായി നിൽക്കുന്ന പാർവ്വതിയുടെ മുന്നിൽ സ്വർലോക സുന്ദരിമാർവരെ നമിക്കും. പ്രപഞ്ചത്തെ ഒരു നർത്തനവേദിയായി കാണുകയാണെങ്കിൽ അവിടെ കേന്ദ്രസ്‌ഥാനത്ത്‌ തന്നെ പാർവ്വതീപരമേശ്വരന്മാർ നിലകൊള്ളുന്നതായി കാണാം.

എലഫന്റ ഗുഹയിലെ ശിവലിംഗത്തെയോ മറ്റു ശില്‌പങ്ങളെയോ ഏതെങ്കിലും വിധത്തിൽ ആരെങ്കിലും ആരാധിക്കുന്നുണ്ടോ? തൃപ്‌തികരമായ ഒരുത്തരം നൽകാൻ ആരുമുണ്ടായില്ല. ടൂറിസ്‌റ്റുകളുടെ ഒരു വിനോദകേന്ദ്രം – അങ്ങനെയേ മിക്കവരും കാണുന്നുള്ളു. പക്ഷേ ശിവരാത്രി നാളുകളിൽ ഇവിടെ അർച്ചനയും ആരാധനയും നടക്കുന്നുണ്ടത്രെ. ദേവീശില്‌പത്തിന്റെ കാൽക്കൽ കുങ്കുമാർച്ചനയും നടക്കുന്നു. ശിവസ്‌തുതികളാൽ കൊടിയ ഭക്തരിൽ ചിലർ അവിടെ ഏറെ സമയം ചിലവഴിച്ചെന്നും വരും.

വർഷങ്ങൾക്ക്‌ ശേഷം 90കളുടെ അവസാനം മുംബൈയിലെത്തിയപ്പോൾ ഒരു തവണ അവിടെ പോവുകയുണ്ടായി. ടൂറിസ്‌റ്റുകളുടെ എണ്ണം കൂടിയിരിക്കുന്നു. ദ്വീപിലെ ജനങ്ങൾ പരമ്പരാഗതമായ മീൻപിടുത്തവും ആടുവളർത്തലും കൃഷിയുമെല്ലാം ഉപേക്ഷിച്ച്‌ ടൂറിസ്‌റ്റുകൾക്ക്‌വേണ്ടി എലഫന്റ ചിത്രങ്ങളടങ്ങിയ പോസ്‌റ്റുകാർഡുകളും കൗതുകവസ്‌തുക്കളും വിൽക്കുന്നവരായി മാറി. ചിലരൊക്കെ ഗൈഡുകളായി മാറിയപ്പോൾ മിനറൽ വാട്ടർ വിൽക്കുന്നവരും സോഡാ സർബത്ത്‌ കച്ചവടം നടത്തുന്നവരും – എവിടെയും കാണാമെന്നായി. വിനോദസഞ്ചാരം വലിയ വ്യവസായ സാദ്ധ്യതകളുള്ളവയാണെന്ന്‌ കണ്ടെത്തുമ്പോൾ, നഷ്‌ടപ്പെടലുകൾ മാത്രമുള്ള കാലിവളർത്തലും കൃഷിയും അവർ ഉപേക്ഷിച്ചതിൽ അവരെ തെറ്റ്‌ പറയാനുമാവില്ല. മീൻപിടുത്തം തീർത്തും ഉപേക്ഷിച്ചിട്ടില്ല. പക്ഷേ, മുബൈ നഗരത്തിനടുത്ത്‌ നിന്ന്‌ വരുന്ന യന്ത്രവൽക്കൃതബോട്ടുകളോട്‌ മത്സരിക്കാൻ അവർക്കാവുന്നില്ല.

ഈ ഗുഹയുടെയും ശില്‌പങ്ങളുടെയും കാലനിർണ്ണയം ഇപ്പോഴും സാദ്ധ്യമായിട്ടില്ല. 17-​‍ാം നൂറ്റാണ്ടിലും ഈ ശില്‌പങ്ങൾ ഇവിടുണ്ടായിരുന്നുവെന്നതിന്‌ ചരിത്രരേഖകളുണ്ട്‌. പക്ഷേ – ഇവയൊക്കെ ഏത്‌ ഭരണാധികാരിയുടെ കാലത്ത്‌ ഇവിടെ നിലവിൽ വന്നു എന്നതിന്‌ വ്യക്തമായി പറയാനുള്ള ആധികാരികത ഇപ്പോഴും കൈവന്നിട്ടില്ല. ടൂറിസം തഴച്ചുവളർന്നെങ്കിലും അംഗഭംഗം വന്ന ശില്‌പങ്ങൾ പൂർവ്വസ്‌ഥിതിയിലാക്കാനുള്ള ശ്രമമൊന്നും നടന്നതായി കാണുന്നില്ല. സമുദ്രത്തിൽ നിന്നും വരുന്ന ഉപ്പുകാറ്റിന്റെ അതിക്രമത്താൽ കൊണാർക്കിലെ സൂര്യക്ഷേത്രത്തിന്‌ സംഭവിച്ച ദുരന്തം ഇവിടുണ്ടാവില്ല എന്ന്‌ വിചാരിക്കാം.

‘അടുത്ത്‌ പ്രസിദ്ധീകരിക്കുന്ന അസെന്റ്‌ പബ്ലിക്കേഷന്റെ ’യാത്രാസ്‌കെച്ചുകൾ‘ എന്ന പുസ്‌തകത്തിലെ ഒരദ്ധ്യായം’.

Generated from archived content: column1_april25_09.html Author: mk_chandrasekharan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here