ബ്ലാക്ക്‌ ആന്റ്‌ വൈറ്റിന്റെ പിന്നാലെ

പത്ത്‌ വർഷത്തിന്‌ മേലെ അമേരിക്കയിലെ കാലിഫോർണിയായിൽ കഴിയുന്ന തോമസ്‌ കുര്യൻ തേക്കാനാത്തിന്റെ ഇഷ്‌ടപ്പെട്ട വിനോദങ്ങളിലൊന്ന്‌ യു.എസ്സിന്റെ രാഷ്‌ട്രീയ വൃത്തങ്ങളിലെ പിന്നാമ്പുറം ചികഞ്ഞെടുക്കുക എന്നതാണെന്ന്‌ തോന്നുന്നു. യു.എസിലേയ്‌ക്ക്‌ ജോലിക്കായി പോകുന്നതിന്‌ മുമ്പ്‌ കഥയും കവിതയും ശാസ്‌ത്രലേഖനങ്ങളും എഴുതുമായിരുന്നയാൾ ഇപ്പോൾ ചെന്ന്‌ പെട്ടിരിക്കുന്നത്‌ ആസന്നമായ യു.എസ്‌. പ്രസിഡന്റ്‌ തിരഞ്ഞെടുപ്പിൽ ആരൊക്കെയാവും സ്ഥാനാർത്ഥികളായി വരിക എന്ന അന്വേഷണമാണ്‌. ഡെമോക്രാറ്റുകളുടെയും റിപ്പബ്‌ളിക്കൻ പാർട്ടിയുടെയും നോമിനികളായി വരുന്നവരുടെ പ്രൈമറി ഇലക്‌ഷനുകളിൽ ബ്ലോഗിലൂടെ നടത്തിയ അന്വേഷണത്തിൽ ഗ്രന്ഥകാരന്റെ ശ്രദ്ധ കൂടുതലും ഡെമോക്രാറ്റ്‌ സ്‌ഥാനാർത്ഥികളുടെ പിന്നാലെയാക്കി മാറ്റി. ഡെമോക്രാറ്റ്‌ സ്‌ഥാനാർത്ഥി നോമിനികളായി മത്സരരംഗത്തേയ്‌ക്ക്‌ വന്നവരിൽ പ്രധാനികൾ മുൻപ്രസിഡന്റായിരുന്ന ബിൽക്ലിന്റന്റെ ഭാര്യ ഹിലാരി ക്ലിന്റനും ഇല്ലിനോയി സംസ്‌ഥാനത്തെ സെനറ്ററായ ബറാക്ക്‌ ഹുസൈൻ ഒബാമയുമായിരുന്നു. ഒബാമ ഒരു കറുത്ത വർഗ്ഗക്കാരാനായിരുന്നുവെന്ന കാര്യവും ഓർക്കേണ്ടതുണ്ട്‌. ആദ്യമായിട്ടാണ്‌ ഒരു കറുത്ത വർഗ്ഗക്കാരൻ അമേരിക്കയിലെ എന്നതിലുപരി ലോകത്തിലെ ഏറ്റവും ശക്തമായ രാഷ്‌ട്രത്തിലെ അധികാര സ്ഥാനത്തേയ്‌ക്ക്‌ മത്സരിക്കാനായി രംഗത്തേയ്‌ക്ക്‌ വരുന്നത്‌. ഡെമോക്രാറ്റുകളുടെ മറ്റേ നോമിനിയായി വരുന്ന ഹിലാരി, പ്രശസ്തനും പ്രഗത്‌ഭനുമായ ഒരു മുൻ ഭരണാധികാരിയായിരുന്ന ബിൽക്ലിന്റന്റെ പത്നിയെന്നതിലുപരി, സ്ഥാനാർത്ഥിയാവാൻ മത്സരിക്കുന്ന ഏക വനിത എന്ന ലേബലും, ഭർത്താവിന്റെ ഭരണകാലത്ത്‌ കൈവന്ന യു.എസ്‌. ഒട്ടാകെ വ്യാപിച്ചു കിടക്കുന്ന സൗഹൃദവും- സാദ്ധ്യത ഹിലാരിക്ക്‌ തന്നെ എന്നാണ്‌ പത്രമാധ്യമങ്ങളും രാഷ്‌ട്രീയ വൃത്തങ്ങളും കണക്ക്‌ കൂട്ടിയത്‌. പക്ഷേ, പ്രൈമറിയിൽ തുടങ്ങി ഇക്കഴിഞ്ഞ ജൂൺ 1-​‍ാം തീയതിയിലെ നോമിനി ആരെന്ന്‌ നിർണ്ണയിക്കുന്ന അവസാനഘട്ടം വരെ ഉദ്വേഗപൂർണ്ണവും ആകാംക്ഷ നിറഞ്ഞതുമായ രംഗങ്ങളാണ്‌ അമേരിക്ക ഒട്ടാകെയും പുറം രാജ്യങ്ങളിലുള്ള മാധ്യമരംഗത്തുള്ളവർക്കൊക്കെ ലഭിച്ചുകൊണ്ടിരിക്കുന്നത്‌. ഒപ്പത്തിനൊപ്പമെന്ന നിലയിലാണ്‌ ഏകദേശം ഒരു വർഷക്കാലം നീണ്ട്‌ നിന്ന ഈ പ്രൈമറികളിലെ ഇരുവരുടെയും ഏറ്റുമുട്ടലുകൾ നീണ്ടുനിന്നത്‌, കറുത്ത വർഗ്ഗക്കാരെനെന്ന പ്രത്യേകതയ്‌ക്ക്‌ പുറമെ, വാക്‌ചാതുരിയുടെ കാര്യത്തിലും കുറച്ചെങ്കിലും മുമ്പന്തിയിൽ വന്നത്‌ ഒബാമയായിരുന്നു. പക്ഷേ ഒരു കറുത്ത വർഗ്ഗക്കാരൻ വരുന്നതിനോടെതിരായിരുന്നു, ബിസിനസ്സുകാരും പിന്നെ പ്രായം ചെന്നവരുമായ വെള്ളക്കാർ. വെള്ളക്കാരുടെ കൂട്ടത്തിൽ ചെറുപ്പക്കാരുടെ ഇടയിലും അഭ്യസ്തവിദ്യരുടെയിടയിലും സ്വാധീനം ഒബാമയ്‌ക്കായിരുന്നു. പുതിയ കാഴ്‌ചപ്പാടും പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാനുള്ള കഴിവും ഒബാമയ്‌ക്കാണെന്ന്‌ അവർ കണക്ക്‌ കൂട്ടിയിരിക്കണം. കാര്യങ്ങൾ സുഗമമല്ല എന്ന്‌ വന്നപ്പോൾ ഹിലാരി പല ഗൂഢതന്ത്രങ്ങളും പ്രചരണവേളയിൽ പുറത്തെടുക്കുകയുണ്ടായി. ഒബാമയുടെ ‘ഹുസൈൻ’ എന്ന പേരും കറുത്തവർഗ്ഗക്കാരൻ എന്ന ലേബലും ആക്ഷേപമായി ഹിലാരി ഉയർത്തിയത്‌ വെള്ളക്കാരുടെ ചായ്‌വ്‌ കൂടുതൽ നേടിയെടുക്കാനായിരുന്നു.

പോരാത്തതിന്‌ ഒബാമയുടെ ബിസിനസ്സുകാരനായ പഴയൊരു സുഹൃത്ത്‌ അഴിമതിക്കേസ്സിൽ കുടുങ്ങിയതും ഹിലാരി ഉയർത്തിപ്പിടിച്ചപ്പോൾ അതദ്ദേഹത്തിന്‌ വല്ലാതെ ദോഷം ചെയ്‌തു. മാത്രമല്ല ഒബാമയുടെ പള്ളിയിലെ പാസ്‌റ്റർ ഇതുവരെ വന്ന അമേരിക്കയിലെ ഭരണകൂടങ്ങളെല്ലാം കറുത്തവർഗ്ഗക്കാരോട്‌ കാട്ടുന്ന അനീതിക്കെതിരെ തുടരെത്തുടരെ നടത്തുന്ന പ്രഭാഷണങ്ങളും- സാധാരണക്കാരായ വെള്ളക്കാരുടെ വെറുപ്പ്‌ സമ്പാദിക്കാനേ ഉതകിയുള്ളു. ഹിലാരിയുടെ ഈ പ്രശ്‌നങ്ങളിലൂന്നിയുള്ള പ്രചരണതന്ത്രങ്ങൾ പലയിടത്തും തിരിച്ചടി ലഭിക്കാൻ കാരണമായി. പ്രൈമറികളിലെ വൻ സംസ്‌ഥാനങ്ങളിലെ ഇലക്‌ഷനിൽ മിക്കിടത്തും ഹിലാരി മുൻതൂക്കം നേടിയെങ്കിലും സൂപ്പർഡെലിഗേറ്റുകളുടെ ഭൂരിപക്ഷ പിന്തുണ ഒബാമയ്‌ക്കാണെന്നത്‌ മത്സരത്തിന്റെ ഉദ്വേഗം കൂട്ടാൻ കാരണമായി. നേരെ മറിച്ചായിരുന്നു, റിപ്പബ്‌ളിക്കൻ പാർട്ടിയുടെ സ്ഥാനാർത്ഥികളുടെ പ്രൈമറി നോമിനേഷന്‌ വേണ്ടിയുള്ള മത്സരങ്ങൾ. മാർച്ച്‌ – ഏപ്രിൽ ആയതോടെ അവരുടെ സ്ഥാനാർത്ഥി ജോൺ മെക്കെയിനായിരിക്കുമെന്ന്‌ ഉറപ്പായി. ഡെമോക്രാറ്റുകളുടെയിടയിലെ അനശ്ചിതത്വം പിന്നെയും നീണ്ടുപോയി. പക്ഷേ, കെന്നഡി കുടുംബക്കാരുടെ പിന്തുണയും സൂപ്പർ ഡെലഗേറ്റുകളിൽ ഭൂരിപക്ഷവും ഒബാമയെ പിന്തുണയ്‌ക്കാൻ തീരുമാനിച്ചതും, ഡെമോക്രാറ്റുകളുടെ സ്ഥാനാർത്ഥി, അദ്ദേഹമാണെന്ന തീരുമാനത്തിന്‌ ആക്കംകൂട്ടി. അവസാനം ജൂൺ 3 ആയപ്പോഴേയ്‌ക്കും വെള്ളക്കാരനല്ലാത്ത ഒരാൾ അമേരിക്കൻ പ്രസിഡന്റാവുക എന്ന സാദ്ധ്യതയിലൂന്നിയുള്ള ചരിത്രദൗത്യത്തിലേയ്‌ക്ക്‌ നടന്നടക്കുന്നു എന്നായപ്പോൾ ഡെമോക്രാറ്റുകളുടെ സ്ഥാനാർത്ഥിയായി ബറാക്ക്‌ ഹുസൈൻ ഒബാമ എന്ന പ്രഖ്യാപനം വന്നു. അതോടെ ഒരിവൻസ്‌റ്റിഗേറ്റ്‌ ജേർണലിസ്‌റ്റിന്റെ വേഷം കെട്ടിയ ഗ്രന്ഥകാരന്റെ അന്വേഷണം അവസാനിക്കുന്നു. എങ്കിലും വായനക്കാർക്ക്‌ ഒരു ചോദ്യം ബാക്കിനിൽക്കുന്നു. ഒബാമ അമേരിക്കൻ പ്രസിഡന്റാവുകയാണെങ്കിൽ ഒരമേരിക്കൻ പൗരനാവുക എന്ന തീരുമാനം – നവംബർ 4 ആവുന്നതോടെ അതിനുത്തരം കിട്ടുമെന്ന്‌ പ്രതീക്ഷിക്കാം.

യു.എസ്‌. രാഷ്‌ട്രീയത്തെക്കുറിച്ച്‌ വേണ്ടത്ര ജ്ഞാനമില്ലാത്തവർക്കു കൂടി അതിന്റെ സങ്കീർണ്ണത മനസ്സിലാക്കാൻ ഈ പുസ്തകം ഉപകരിക്കും. അതാണ്‌ ഈ ചെറുഗ്രന്ഥം നൽകുന്ന ഏറ്റവും വലിയ സേവനം.

Generated from archived content: book1_oct17_08.html Author: mk_chandrasekharan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here