അഹിംസാബേക്കറി

ശൂലത്താൽ ചുഴ്‌ന്നെടുത്ത്‌

ഉടൻ സവാളയിൽ മൂപ്പിച്ച മനുഷ്യഭ്രൂണം,

കന്യകതൻ കമ്രശോണിതത്താൽ

വാനില ഐസ്‌ക്രീം,

കൃഷീവലന്നുടലരിഞ്ഞുഴുതു മുളപ്പിച്ച ധാന്യം

വറുത്തു പൊടിച്ചിട്ട ചുടുകാപ്പി,

നോവും മാതൃഹൃദയരക്‌തം

മനുഷ്യപ്പട്ടയും ചേർത്തു വാറ്റിയ

അഗ്നിവീഞ്ഞ്‌,

തീവ്രവാദപ്പുകയിൽ തീയുണ്ടയാഴ്‌ത്തി

പാതിവേവിച്ച തണ്ടൂരിത്തരുണമാംസം,

മൊരിച്ച മസ്തിഷ്‌കറൊട്ടി,

യൗവ്വനം മൈക്രോവേവ്‌ ഓവനിൽ

ഫ്രൈ ചെയ്ത ബൺ,

ലേഡീസ്‌ ഫിംഗർ ചിപ്സ്‌,

നാവറുത്തെടുത്തു കറുമുറെയാക്കിയ

നട്‌സ്‌ ബിസ്‌കറ്റ്‌,

ഹൃദയം സ്‌റ്റഫ്‌ ചെയ്ത പ്ലം കേക്ക്‌,

പൂവാംകുരുന്നു കരൾ ഹൽവ,

ദീനവിലാപം ദ്രവീകരിച്ച ഷാർജ,

പ്രലോഭനത്തിന്റെ ബദാം

നിശ്ശബ്ദ നിസ്സഹായതാലവണത്തിൽ ചേർത്ത

സഹീറ റോസ്‌മിൽക്ക്‌ ഷെയ്‌ക്ക്‌…

ചില്ലിട്ട ഷോകെയ്സിൽ

ചർക്ക, തക്ലി, ദണ്ഡിയുപ്പിന്റെ പഴയ തരി,

പുസ്തകപ്പുഴു കാർന്നുതിന്നുതീർത്ത

സത്യാന്വേഷണ പരീക്ഷകൾ,

വടിയൂന്നി പ്രാഞ്ചി നൽക്കും

അഹിംസാവൃദ്ധന്റെ പ്രതിമ…

ഇനി ആസ്വദിക്കൂ ഈസിയായി

തീനും കുടിയും സുലഭം

കിന്നരിപ്പാവു ചൂടിയ

നരേന്ദ്രഭോജികൾ

തീൻമേശയൊരുക്കി കാത്തിരിപ്പൂ

നല്ല ബേക്കറിയിലേക്ക്‌ സ്വാഗതം!

Generated from archived content: poem3_may10_07.html Author: mk_chandraj

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here