ലോക സിനിമ(17)ലാവെന്‍ചുറ ( 1960) – മൈക്കിള്‍ ആഞ്ചലോ- ആന്റെണിയോണി

മൈക്കിള്‍ ആഞ്ചലോ ആന്റെണിയോണിയുടെ മികച്ച ചിത്രം . സമകാലികരായ വിക്ടോറിയ ഡിസീക്കയുടെയും ഫെഡറിക്കോ ഫെല്ലിനിയുടേയും പാതകളില്‍ നിന്ന് വ്യത്യസ്തമായ സമീപനമാണ് ലാവെന്‍ ചുറ നിര്‍മ്മിച്ചപ്പോള്‍ മൈക്കിള്‍ ആഞ്ചലോ സ്വീകരിച്ചത്. ആധുനിക സമൂഹത്തിന്റെ ആന്തരിക സംഘര്‍ഷങ്ങളെ അഭിമുഖീകരിക്കേണ്ടത് അവയോട് യോജിച്ച് പോവുകയല്ല, മറിച്ച് ആ സംഘര്‍ഷങ്ങളെ അന്വേഷണ ത്വരയോടെ സമീപിക്കുകയാണ് വേണ്ടത് എന്നാണദ്ദേഹത്തിന്റെ സിദ്ധാന്തം.

മെഡിറ്ററേണിയനിലെ ഒരഗ്നിപര്‍വ്വത ദ്വീപിലേക്ക് സമുദ്രയാത്ര നടത്തുന്ന ഒരിറ്റാലിയന്‍ സംഘം, അവിടെ പാറക്കൂട്ടങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ അന്നയെന്ന പെണ്‍കുട്ടിയെ കാണാതാകുന്നു . അവളെ അന്വേഷിക്കാനിറങ്ങുന്ന അവളുടെ കാമുകന്‍ സാന്‍ട്രോയുടേയും സംഘത്തിന്റേയും അന്വേഷണം വിഫലമായി മാറുമ്പോള്‍, അന്നയുടെ കൂട്ടുകാരിയായ ക്ലൗഡിയ , സാന്‍ട്രോയുടെ പുതിയ സുഹൃത്തായി മാറുന്നു. മാത്രമല്ല അവളെ അന്നയുടെ സ്ഥാനത്ത് പ്രതിഷ്ഠിക്കുന്നു. ക്ലൗഡിയ പയ്യെ പയ്യെ സാന്‍ട്രോയുടെ കാമുകിയായി മാറുന്നു. ആധുനികലോകത്ത് സര്‍വ്വവ്യാപകമായി മാറുന്ന ഉപഭോഗ സംസ്ക്കാര‍ത്തില്‍ മാനവികതക്ക് മങ്ങലേല്‍ക്കുകയും വ്യക്തി ബന്ധങ്ങളും വ്യക്തികളും പാര്‍ശ്വവത്ക്കരിക്കപ്പെട്ട് വിസ്മൃതികളിലേക്ക് പോവുകയും ചെയ്യുമെന്ന് അന്റോണിയോ സമര്‍ത്ഥിക്കുന്നു. അന്നയെ തിരയാന്‍ മാത്രമായി ദ്വീപില്‍ തങ്ങിയ സാന്‍ട്രോയും ക്ലൗഡിയയും ഗാഢപ്രണയത്തിലായതോടെ അവര്‍ക്ക് അന്നയെ തിരയേണ്ട ആവശ്യമില്ലാതായി മാറുന്നു.

ആധുനിക ലോകത്തു കണ്ടുവരുന്ന വിശ്വാസരാഹിത്യത്തെ അന്റോണിയോണി ഇവിടെ ചൂണ്ടിക്കാണിക്കുന്നു. ഭാവിയില്‍ ക്ലൗഡയും തിരസ്ക്കരിക്കപ്പെട്ടേക്കാം. അങ്ങനെതന്നെയാണ് സംഭവിച്ചത്. ക്ലൗഡിയേയും പാതിവഴിയില്‍ ഉപേക്ഷിക്കുന്നു. വിശ്വാസരാഹിത്യം ആധുനികകാലത്ത് ആധിപത്യം സ്ഥാപിക്കുമ്പോള്‍ ഇങ്ങനെയൊക്കെയാണ് സംഭവിക്കുക എന്ന് അന്റോണിയോണി പറഞ്ഞു വയ്ക്കുന്നു. നിയോറിയലിസത്തില്‍ നിന്ന് പിന്മാറി പ്രശ്നങ്ങളിലേക്ക് ആഴത്തില്‍ കടന്ന് ചെന്നെത്തുന്ന അന്വേഷണം അവിടെ മുഖ്യ കഥാപാത്രങ്ങള്‍ ചിലപ്പോള്‍ അപ്രത്യക്ഷാമായെന്നു വരും. അതേ സമയം അപ്രധാനമെന്ന് തോന്നുന്നത് പ്രാമുഖ്യം നേടി കടന്ന് വരും.

ലാവെന്‍ചുറയിലൂടെ അദ്ദേഹം സമര്‍ത്ഥിക്കുന്നത് അതാണ്. 1960 – ല്‍ കാന്‍ ഫിലിം ഫെസ്റ്റിവെലില്‍ ഈ ചിത്രം പ്രദര്‍ശിപ്പിച്ചപ്പോള്‍ പ്രേക്ഷകര്‍ക്ക് വലിയൊരു വിഭാഗത്തിന് ഇതിലെ പ്രമേയം അസ്വീകാര്യമായിരുന്നു. പക്ഷെ, ഈ ചിത്രം കാനില്‍ പ്രത്യേക പുരസ്ക്കാരം നേടിയതോടെ നിറ സാന്നിദ്ധ്യമുണ്ടായി.

1912 സെപ്റ്റംബര്‍ 29 ന് ഇറ്റലിയിലെ ഫെറാറയിലാണ് ജനനം. ധനതത്വ ശാസ്ത്രത്തില്‍ ബിരുദം നേടിയ ശേഷം ഒരു പത്രത്തില്‍ ഫിലിം ജേര്‍ണലിസ്റ്റായിട്ടാണ് സിനിമാ രംഗത്തേക്കു വരുന്നത്. ഫാസിസ്റ്റുകളുടെ മാ‍സികയായ ‘ സിനിമ’ യില്‍ നിന്നും പുറത്താക്കപ്പെട്ടപ്പോള്‍ സിനിമാട്ടോഗ്രാഫി പഠനത്തിനു ശേഷം റോബര്‍ട്ടോ റോസല്ലിനിയുടെ സഹതിരക്കഥാകൃത്തായി മുഖ്യ ധാരയിലേക്ക് വന്നു. ഒരു സിനിമയുടെ സഹസംവിധായകനായി പ്രവര്‍ത്തിച്ചതിന് ശേഷം 43 – ല്‍ ഫ്രാന്‍സിലേക്കു പോയി ഹൃസ്വ ചിത്രങ്ങളുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ടു. ആദ്യ ഫീച്ചര്‍ സിനിമ – 1950- ല്‍ പുറത്തിറങ്ങിയ Cronacadi Amore ( Story of love affair) ആയിരുന്നു. ലാവെന്‍ചുറയ്ക്കു ശേഷം ആധുനിക ലോകത്തെ അന്യവത്ക്കരണവുമായി ബന്ധപ്പെട്ട നിയോറിയലിസ്റ്റിക്ക് ചിത്രങ്ങളായ ലാനോട്ട ( The night) , Leclisse- ഈ ട്രിലോജി അദ്ദേഹത്തിന് ഏറെ പ്രശസ്തി നല്‍കുകയുണ്ടായി . പിന്നീട് പുറത്ത് വന്നവയില്‍ ആദ്യ കളര്‍ച്ചിത്രമായ ‘ എന്‍ഡെസോര്‍ട്ട‘ യും ആദ്യ ഇംഗ്ലീഷ് ചിത്രം – 1966 -ല്‍ പുറത്തിറങ്ങിയ ‘ ബ്ലോ അപ് ‘(blow up) വളരെ പ്രസിദ്ധമാണ്. മികച്ച സിനിമക്കും സംവിധായകനുമുള്ള ഓസ്ക്കാര്‍ നോമിനേഷനുകള്‍ ‘ ബ്ലോ അപ് ‘ നേടുകയുണ്ടായി. ഹൃദയാഘാതത്തെ തുടര്‍ന്ന് ഏറെ അവശനായിട്ടും ഏറെ നാളത്തെ ശ്രമഫലമായി പൂര്‍ത്തിയാക്കിയ ചിത്രമാണ് ‘ 95 -ല്‍ വെനീസ് ഫിലിം ഫെസ്റ്റിവെലില്‍ പുരസ്ക്കാരങ്ങള്‍ നേടിയ ‘ ബിയോണ്ട് ദ ക്ലൗഡ്സ്’. ബെര്‍ലിന്‍, വെനീസ്, ഫിലിംഫെസ്റ്റിവെല്‍ പുരസ്ക്കാരങ്ങള്‍, കാന്മേളയിലെ ‘ പാംഡിഓര്‍ ‘ സ്പെഷല്‍ ജൂറി പ്രൈസ് , 35- ആം വാര്‍ഷിക പുരസ്ക്കാരം, 57 -ലെ ലൊക്കാര്‍ണോ ഫിലിം ഫെസ്റ്റിവെല്‍ അവാര്‍ഡ്, ത്രുഫോയുടെയും വിസ്കോണ്ടിയുടെയും പേരിലുള്ള പുരസ്ക്കാരങ്ങള്‍, ഇങ്ങനെ നിരവധി പുരസ്ക്കാരങ്ങള്‍ നേടിയിട്ടുണ്ട്. ആയുഷ്ക്കാല നേട്ടങ്ങള്‍ക്കുള്ള 96 -ലെ അക്കാദമി അവാര്‍ഡും അദ്ദേഹത്തെ തേടിയെത്തി. 15 ഫീച്ചര്‍ ഫിലിമുകള്‍ 15 ഡോക്യുമെന്റെറികള്‍ ഏതാനും ലഘു ചിത്രങ്ങള്‍ ഇവ സംവിധാനം ചെയ്തിട്ടുണ്ട്. 2004 – ലെ ഡെയ്ഞ്ചറസ് ത്രെഡ് ഓഫ് തിംഗ്സ് ആണ് അവസാന ചിത്രം.

2007 ജൂലായ് 30 ന് 94- ആം വയസ്സില്‍ നിര്യാതനായി.

Generated from archived content: cinema1_sep29_12.html Author: mk

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here