പഥേര്‍ പാഞ്ചാലി(1955) – സത്യജിത് റേ

ഇന്ത്യന്‍ ഗ്രാമങ്ങളുടെ തുടിപ്പും നാഡീസ്പന്ദനവും പ്രതിഫലിക്കുന്ന ഭാരതീയ സംസ്‌കാരത്തനിമ എടുത്തുകാണിക്കുന്ന ആദ്യ ചിത്രം- ലോകസിനിമാ രംഗത്ത് ഇന്ത്യയിലും സിനിമ ഉണ്ടെന്നു അഭിമാനപൂര്‍വം പറയാന്‍ പറ്റിയ ഒരവസ്ഥ- അതാണ് സത്യജിത് റേ പഥേര്‍ പഞ്ചാലിയിലൂടെ ലോകത്തിന് നല്‍കിയത്. ലോക സിനിമാ രംഗത്തെ മേലേക്കിടയിലുള്ള സംവിധായകരുടെ നിരയിലേക്ക് ഇന്ത്യയില്‍ നിന്നുള്ള ആദ്യത്തെ സംഭാവന- അതാണ് സത്യജിത് റേ. റേയ്ക്കു ശേഷം റിത്വിക് ഘട്ടക്, മൃണാള്‍സെന്‍, ഗുരുദത്ത്, അടൂര്‍ ഗോപാലകൃഷ്ണന്‍, അരവിന്ദന്‍, എം.ടി. വാസുദേവന്‍ നായര്‍, ഷാജി എന്‍. കരുണ്‍. ബുദ്ധദേവ് ദാസ് ഗുപ്ത, അപര്‍ണാസെന്‍ തുടങ്ങി വേറെയും പേരുകള്‍ ഉയര്‍ന്നുവരുന്നുണ്ടെങ്കിലും ഘട്ടക്കിനു ശേഷം വന്ന മേലേക്കിടയിലുള്ള മേല്‍പ്പറഞ്ഞ സംവിധായകരന്മാരുടെ മേല്‍ത്തരം സിനിമകളുടെ എണ്ണം ഒന്നിലധികം എന്നുപറയാന്‍ ഇല്ല. എന്നതാണ് വാസ്തവം. സത്യജിത് റേയുടെ എല്ലാ ചിത്രങ്ങളും ലോക ശ്രദ്ധയാകര്‍ഷിച്ചവയും ഉന്നത നിലവാരം പുലര്‍ത്തുന്നവയുമാണ്. ആദ്യത്തെ ഫീച്ചര്‍ ഫിലിം പഥേര്‍ പാഞ്ചാലി പുറത്തിറങ്ങിയത് 1955ലാണ്. ബിഭൂതിഭൂഷണ്‍ ബന്ദോപാധ്യയയുടെ ‘പഥേര്‍ പാഞ്ചാലി’ എന്ന നോവലാണ് ആ പേരില്‍ത്തന്നെ സിനിമയാക്കിയത്.

ഒരു നാടകമെഴുത്തുകാരനാകണമെന്ന മോഹം മാറ്റിവച്ച് ഉപജീവനത്തിനായി നാടുവിടേണ്ടി വന്ന ഹരിഹരറായിയുടെ കുടുംബത്തിന്റെ കഥ പറയുന്നുണ്ടെങ്കിലും വിഭജനത്തിനു മുന്‍പുള്ള ഇന്ത്യന്‍ ഗ്രാമത്തിന്റെ അവസ്ഥയാണ് ഈ ചിത്രത്തിലൂടെ ചിത്രീകരിച്ചിരിക്കുന്നത്. ഒരു കവിയും പൂജാരിയുമായ ഹരിഹരറായ്, ഭാര്യ സര്‍വ്വജയ, മകള്‍ ദുര്‍ഗ ഇവരടങ്ങുന്ന കുടുംബം. കൂട്ടിന് പ്രായം ചെന്ന പിഷിയെന്ന സ്ത്രീയുമുണ്ട്. ദാരിദ്ര്യവും തൊഴിലില്ലായ്മയും അവയുടെ പാരമ്യത്തില്‍ നില്‍ക്കുന്ന സമയത്താണ് അപുവിന്റെ ജനനം. കുടുംബം പോറ്റാന്‍ മറ്റു മാര്‍ഗമില്ലാതെ ഹരിഹരറായ് ജോലി തേടി നാടുവിടുന്നു. ദുര്‍ഗ അയല്‍വീട്ടില്‍ നടത്തുന്ന ചില്ലറ മോഷണങ്ങളും അതിനെത്തുടര്‍ന്ന് ധനാഢ്യനായ ബന്ധുകൂടിയായ സ്ത്രീയുടെ ഭര്‍ത്സനങ്ങളും അതിനെച്ചൊല്ലി സര്‍വ്വജയ മകളെ ശിക്ഷിക്കുന്നതും- കുടുംബത്തില്‍ എപ്പോഴും സ്വസ്ഥതയില്ലായ്മയാണ് സൃഷ്ടിക്കുന്നത് മകളുടെ മോഷണ വസ്തു പങ്കുവയ്ക്കാന്‍ കൂടുന്ന പ്രായം ചെന്ന പിഷിയെ ഒരു ഘട്ടത്തില്‍ സര്‍വ്വജയ വീട്ടില്‍ നിന്നു പുറത്താക്കുന്നുണ്ട്. ആ ഇറക്കിവിടല്‍ പിഷിയുടെ മരണത്തിലാണ് കലാശിക്കുന്നത്. ദൂരെക്കൂടി പോകുന്ന തീവണ്ടിയുടെ ശബ്ദം കേട്ട്- പാളത്തിനടുത്തുവരെ പോയി വന്ന ദുര്‍ഗയും അപുവും ആ മരണം കാണുന്നു. ഇതിനിടയില്‍ മഴനനഞ്ഞ ദുര്‍ഗ ജ്വരം ബാധിച്ചു മരണമടയുന്നു. ദുര്‍ഗ മരിച്ചതിനു ശേഷമാണ് ഹരിഹരറായി. മക്കള്‍ക്കും കുടുംബത്തിനും ആവശ്യമായ സാധനങ്ങള്‍ വാങ്ങി, കുറെ പണവുമായി വരുന്നത്. കുടുംബം സമ്പൂര്‍ണമായി തകര്‍ന്ന അവസ്ഥയില്‍ അവര്‍ക്കിനിയുള്ള ഏഖ പ്രതീക്ഷ അപുവിലാണ്. ബാല്യത്തില്‍ത്തന്നെ കുടുംബത്തിലെ ദരിദ്രപൂര്‍ണമായ അവസ്ഥയും ദുര്‍ഗയുടെയും പിഷിയുടെയും മരണങ്ങളും കണ്ടു വളര്‍ന്ന അപു, പ്രായത്തില്‍ കൂടുതല്‍ പക്വത ബാല്യത്തില്‍തന്നെ നേടിക്കഴിഞ്ഞു. എല്ലാം തകര്‍ന്നടിഞ്ഞ ഈ ചുറ്റുപാടില്‍ നിന്നും ഹരിഹരറായി സര്‍വ്വജയയെയും അപുവിനെയും കൂട്ടി പ്രതീക്ഷയോടെ കാളവണ്ടിയില്‍ കയറി സ്ഥലം വിടുന്നു.

ഒരിന്ത്യന്‍ ചിത്രം ഇത്രയധികം പുരസ്‌കാരങ്ങള്‍, അതും മേലേക്കിടയിലുള്ള ഫിലിം ഫെസ്റ്റിവലുകളില്‍ നിന്നും വാരിക്കൂട്ടുന്നത് പഥേര്‍ പാഞ്ചാലിയിലൂടെയാണ്. ആ റിക്കാര്‍ഡ് ഇന്നും അഭേദ്യമായിത്തന്നെ നിലനില്‍ക്കുന്നു.

ബംഗാളിലെ അറിയപ്പെടുന്ന കാര്‍ട്ടൂണിസ്റ്റും ചിത്രകാരനുമായ സുകുമാര്‍ റേയുടെയും സംഗീതത്തില്‍ അതിവപ്രാവീണ്യം നേടിയ സുപ്രഭദേവിയുടെയും മകനായി 1925 മെയ് 2നാണ് സത്യജിത് റേയുടെ ജനനം. കുട്ടിക്കാലത്ത് തന്നെ ചിത്രരചനയിലും സംഗീതത്തിലും കവിതയെഴുത്തിലും തത്പരനായിരുന്നു റേ. ക്രമേണ സിനിമയും ഇഷ്ടവിനോദമായി മാറി. ബിരുദധാരിയായ ശേഷം ഒരു പബ്ലിക്കേഷന്‍ കമ്പനിയുടെ ആര്‍ട്ട് ഡയറക്റ്ററായി ജോലി നോക്കവേ ഔദ്യോഗികാവശ്യത്തിനായി ഇംഗ്ലണ്ടില്‍ പോയപ്പോള്‍ അവിടെവച്ച് നിരവധി ക്ലാസിക് സിനിമകള്‍ കാണാനുള്ള അവസരമുണ്ടായി. വിക്‌ടോറിയ സിസീക്കയുടെ ‘ബൈസിക്കിള്‍ തീവ്‌സ്’ റേയെ വല്ലാതെ മഥിച്ചു. ആ സമയം, മുമ്പ് വായിച്ചിരുന്ന വിഭൂതി ഭൂഷന്‍ ബന്ദോപാധ്യയുടെ പഥേര്‍ പാഞ്ചാലിക്കു തിരക്കഥ രചിച്ച് പെട്ടിയില്‍ വച്ചിരുന്നത് വീണ്ടും വായിച്ച് കുറെ മാറ്റങ്ങള്‍ വരുത്തി. സിനിമയാക്കാനുള്ള ശ്രമം തുടങ്ങി. സ്വന്തം പണവും ഭാര്യയുടെ സ്വര്‍ണാഭരണങ്ങള്‍ പണയം വച്ചും എല്‍ ഐസിയില്‍ നിന്നു ലോണെടുത്തും സിനിമാ നിര്‍മാണം തുടങ്ങിയെങ്കിലും പൂര്‍ത്തിയാക്കാന്‍ കഴിയാതെ വന്നപ്പോള്‍, പിന്നീട് പശ്ചിമബംഗാള്‍ ഗവണ്‍മെന്റിന്റെ ബ്ലോക്ക് ഡെവലപ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ( പാതയുടെ പാട്ട് (പഥേര്‍ പാഞ്ചാലി) എന്നു കേട്ടപ്പോള്‍, അന്നത്തെ മുഖ്യമന്ത്രി ബി.സി. റോയ് ആ സ്‌കീമില്‍പ്പെടുത്തി ധനസഹായം ചെയ്യാന്‍ നിര്‍ദേശിക്കുകയായിരുന്നു) കിട്ടിയ പണം കൂടി ഉപയോഗിച്ചാണ് സിനിമ പൂര്‍ത്തിയാക്കിയത്. 1955 എപ്രിലിലാണ് ചിത്രം പുറത്തിറങ്ങുന്നത്. പഥേര്‍ പാഞ്ചാലി പുറത്തിറങ്ങിയതോടെ, അന്നേവരെ ഇന്ത്യന്‍ ജനത നോക്കിക്കണ്ടിരുന്ന ചലച്ചിത്രഭാവുകത്വവും കാഴചപ്പാടും തകിടം മറിഞ്ഞ് പുതിയൊരു സിനിമാരംഗത്തേയ്ക്കുള്ള വഴിതുറക്കലായി ഈ സിനിമയെ കണ്ടു.

തുടര്‍ന്ന് ആ സിനിമയിലെ അപുവിന്റെ വളര്‍ച്ചയും കാലഘട്ടങ്ങളെ കുറിക്കുന്ന അപരാജിതോ(1956) അപൂര്‍സംസാര്‍ (1960) എന്നിവ കൂടി നിര്‍മിച്ചു. അപു ട്രിലോജി (മുൗൃേശഹീഴ്യ) എന്ന പേരിലറിയപ്പെടുന്ന ഈ ചലച്ചിത്രങ്ങള്‍ അന്തര്‍ദേശിയതലത്തില്‍ പേരും പെരുമയും നേടിയതിനു പുറമേ നിരവധി പുരസ്‌കാരങ്ങളും നേടിയെടുത്തു. ലോകത്തെ മേല്‍ക്കിട ഫിലിംഫെസ്റ്റിവലുകളായ കാന്‍, കാര്‍ലോവാരി, വെനീസ്, ബര്‍ലിന്‍ തുടങ്ങി മിക്ക ഫിലിം ഫെസ്റ്റിവലുകളിലും റേ ചിത്രങ്ങള്‍ ഓരോന്നും ബഹുമതികളും പുരസ്‌കാരങ്ങളും നേടുകയുണ്ടായി.

ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ ആദരവ് ഏറ്റുവാങ്ങിയ ആദ്യ ഇന്ത്യന്‍ ചലച്ചിത്രകാരന്‍, ബ്രിട്ടിഷ് ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഫെല്ലോഷിപ്പ് ഓക്‌സ്‌ഫോര്‍ഡ് അടക്കം ഒന്‍പത് യൂണിവേഴ്‌സിറ്റികളുടെ ഡിലിറ്റ് ബിരുദങ്ങള്‍ . ഫ്രാന്‍സില്‍ നിന്നു ലീജിയന്‍ ഡി ഹോണിയന്‍ തുടങ്ങി എണ്ണമറ്റ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.. പഥേര്‍ പാഞ്ചാലിയില്‍ തുടങ്ങി റേയുടെ ഒട്ടുമിക്ക ചിത്രങ്ങള്‍ ഭാരതീയ സര്‍ക്കാരിന്റെ പരമോന്നത ബഹുമതിയുള്‍പ്പെടെ വേറെയും പുരസ്‌കാരങ്ങള്‍(സംവിധാനം, തിരക്കഥ രചന, എഡിറ്റിങ്, സംഗീതം, ആര്‍ട് ഡയറക്ഷന്‍) നേടിയിട്ടുണ്ട്. പത്മപുരസ്‌കാരങ്ങളില്‍ പരമോന്നത ബഹുമതിയായ ‘ഭാരതരത്‌ന’ ലഭിച്ചിട്ടുണ്ട്. ദാദ് ഫാല്‍ക്കെ അവാര്‍ഡ്, സിനിമയിലെ സമഗ്രസംഭാവനയ്ക്കുള്ള സ്‌പെഷ്യല്‍ ഒസ്‌കാര്‍ അവര്‍ഡ് എന്നിവയും ലഭിച്ചിട്ടുണ്ട്. സിനിമയെക്കുറിച്ച് നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചു. റേ നിര്‍മിച്ചു സംവിധാനം ചെയ്ത മിക്ക ഡോക്യുമെന്ററികളും ലോകോത്തര നിലവാരമുള്ളവയും പുരസ്‌കാരങ്ങളും ബഹുമതികളും നേടിയവയുമാണ്. രവീന്ദ്രനാഥ ടാഗോറിനെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രത്യേകം പരാമര്‍ശമര്‍ഹിക്കുന്നു. അപരാജിതോ, അപൂര്‍സംസാന്‍, ചാരുലത, ജല്‍സാഗര്‍, മഹാനഗര്‍,ദോവി, തീന്‍കന്യ, അരണ്യേദിന്‍ രാത്, ്പ്രതിദ്വന്ദി, ഗണശത്രു, സ്തറച്ച് ഖിലാഡി, ആഗന്തുക് തുടങ്ങിയവ അദ്ദേഹത്തിന്റെ വിഖ്യാത ചിത്രങ്ങളില്‍ ചിലവ മാത്രമാണ്.

1992 ഏപ്രില്‍ 23നായിരുന്നു റേയുടെ അന്ത്യം.

Generated from archived content: cinema1_oct4_13.html Author: mk

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here