ഇന്ത്യന്‍ ചലച്ചിത്ര പ്രതിഭയായ സത്യജിത്ത് റേയേക്കാള്‍ മുന്നേ തന്നെ ബംഗാളി ചലച്ചിത്ര രംഗത്ത് വന്നായാളാണ് റിത്വിക് ഘട്ടക്. പക്ഷെ കാലത്തിന്റെ നിഷ്ഠൂരമായ അവഗണന കൊണ്ട് അര്‍ഹതപ്പെട്ട അംഗീകാരം ലഭിക്കാതെ പോവുകയായിരുന്നു. സത്യജിത് റേ കഴിഞ്ഞാല്‍ ഇന്ത്യന്‍ ചലച്ചിത്ര രംഗത്ത് രണ്ടാമതൊരു പേരു പറയാന്‍ ആവശ്യപ്പെട്ടാല്‍ മലയാളികളുള്‍പ്പെടെ നാലഞ്ചു പേരുകള്‍ ഉയര്‍ന്നു വരുമെങ്കിലും ഘട്ടക്കിന്റെ പേര്‍ ഒഴിവാക്കപ്പെടുകയായിരുന്നു. ഈ അടുത്ത കാലം വരെ ഉയര്‍ന്നു വരുന്ന പേരുകളെല്ലാം നല്ല ചലച്ചിത്രകാരാണെങ്കിലും സൂക്ഷമമായി വിശലം ചെയ്താല്‍ ഘട്ടക് കഴിഞ്ഞിട്ടേ അവരൊക്കെ വരികയുള്ളുവെന്നത് കാലം പഠിപ്പിച്ച സത്യമാണ്.
വിഭജനത്തിന്റെ ബലിയാടായിത്തീര്‍ന്ന കഥാപാത്രങ്ങള്‍ വിഭജനത്തിന്റെ മുറിവും വേദനയും പാലായനവും വര്‍ഗീയ ലഹളകളും ഇതിക്കെ അദ്ദേഹത്തിന്റെ പല സിനിമകളിലും കാണാന്‍ കഴിയും. ഇപ്പോഴത്തെ ബംഗ്ലാദേശിലെ ഡാക്കയിലായിരുന്നു അദ്ദേഹത്തിന്റെ ജനനമെന്നതിനാല്‍ താതനുഭവിച്ച വേദനകളും കഷ്ടപ്പാടുകളും പാലായനവും അദ്ദേഹത്തിന്റെ ഒന്നിലധികം ചിത്രങ്ങളിലെങ്കിലും വിഷയമായി മാറിയിട്ടുണ്ട്. അവയില്‍ പ്രധാനപ്പെട്ട ചിത്രങ്ങളിലൊന്നാണ് 1962- ല്‍ പുറത്തിറങ്ങിയ സുബര്‍ണരേഖ.
1947 ഇന്ത്യ വിഭജനത്തെ തുടര്‍ന്ന് ഈസ്റ്റ് ബംഗാളില്‍ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട് കല്‍ക്കത്തയിലെ അഭയാര്‍ത്ഥി ക്യാമ്പിലെത്തിയവരാണ് ഈശ്വര്‍ ഭട്ടാചാര്യ, സഹോദരി സീത, കഥാകൃത്തായ ഹരിപ്രസാദ്, കസിനായ അഭിറാം. ഇവര്‍ ചെറുപ്പത്തിലേ അനാഥാനായ അഭിറാമിനെ ഈശ്വര്‍ ദത്തെടുക്കുകയായിരുന്നു. ഇവര്‍ താമസിക്കുന്ന കോളനിയിലെ ഒരു പാഠശാലയിലെ അദ്ധ്യാപകരാണ് ഹരിപ്രസാദും ഈശ്വറും രാംവിലാസെന്ന പഴയകാല സുഹൃത്തിന്റെ സഹായത്താല്‍ സുബര്‍ണ നദിക്കരക്കക്കരെയുള്ള ഒരു ഫാക്ടറിയില്‍ ജോലി ലഭിക്കുന്നതോടെ അദ്ധ്യാപകവൃത്തിയുപേക്ഷിച്ച് ഈശ്വര്‍ അവിടെക്കയറിപ്പറ്റുന്നു. കോളനിയിലെ ദരിദ്രപൂര്‍ണ്ണമായ അവസ്ഥയില്‍ നിന്നും മോചനം നേടാന്‍ ഈശ്വറും കുടുംബവും പുതിയ സ്ഥലത്തേക്കു പോകുന്നെങ്കിലും ഹരിപ്രസാദ് കോളനിയില്‍ തന്നെ കഴിയുന്നു . ഈശ്വറിന്റെയും കൂടെ വന്നവരുടേയും അവസ്ഥ മെച്ചപ്പെട്ടു വരുമ്പോഴാണ് പുതിയ സംഭവവികാസങ്ങള്‍ ഉരുത്തിരിഞ്ഞു വരുന്നത്.
കോളേജ് പഠനം പൂര്‍ത്തിയാക്കി വരുന്ന അഭിറാം തന്റെ അര്‍ദ്ധ സഹോദരി സീതയുമായി പ്രണയത്തിലാവുന്നു. സീതക്ക് ഫാക്ടറിയിലെ ഒരുയര്‍ന്ന ഉദ്യോഗസ്ഥനുമായുള്ള വിവാഹത്തിന് ഈശ്വര്‍ ശ്രമിക്കുന്നെങ്കിലും അവള്‍ അഭിറാമുമായി ഒളിച്ചോടുന്നു . നിരാശനായ ഈശ്വര്‍ ആത്മഹത്യക്കു ശ്രമിക്കുന്നെങ്കിലും ഹരിപ്രസാദ് അയാളെ പിന്‍തിരിപ്പിക്കുന്നു.
ഒരെഴുത്തുകാരനാകണമെന്നതായിരുന്നു അഭിറാമിന്റെ മോഹം പക്ഷെ അത് സാധ്യമാവാതെ വരുമ്പോള്‍ ഒരു ജോലിക്കായുള്ള ശ്രമം തുടര്‍ന്ന് ബസ് ഡ്രൈവറായി മാറുന്നു. വിധി അയാളോട് ഇപ്പോഴും ദയ കാട്ടുന്നില്ല. ഒരപകടത്തില്‍ അഭിറാം കൊല്ലപ്പെടുന്നു. നിത്യദാരിദ്ര്യത്തില്‍ നിന്ന് മോചനം നേടാനും അഭിറാമിലുണ്ടായ കുട്ടിയെ വളര്‍ത്താനുമായി സീത ഒരു ഹോട്ടലില്‍ ഗായികയാകുന്നു. ഈ സമയത്താണ് ഹരി പ്രസാദ് ഈശ്വറിനേയും കൂട്ടി കല്‍ക്കത്തയിലെത്തുന്നത്. ആഘോഷത്തിമിര്‍പ്പില്‍ ഒരു തെരുവ് വേശ്യയെ തിരഞ്ഞ് ചെന്നെത്തിപ്പെടുന്നത് സീത താമസിക്കുന്ന ഗല്ലിയിലാണ്. നിവര്‍ത്തികേടുകൊണ്ടു മാത്രം വേശ്യയായിത്തീരുന്ന സീതയുടെ മുന്നില്‍ തന്നെ സ്വന്തം ജേഷ്ഠനെത്തുന്നു. ആ വേദന താങ്ങാനാവാതെ അവള്‍ ആത്മഹത്യ ചെയ്തു. മരണത്തിനുത്തരവാദി ഈശ്വറാണെന്ന നിഗമനത്തില്‍ നിയമപാലകര്‍ അയാളെ ജയിലിടക്കുന്നു. പിന്നീട് നിരപരാധിത്വം തെളിഞ്ഞ് പുറത്തിറങ്ങിയ ഈശ്വര്‍ , സീതയുടെ മകനെയും കൂട്ടി ജോലി സ്ഥലത്തെത്തുമ്പോള്‍ ആ ജോലി നഷ്ടപ്പെടുകയാണ്. പക്ഷെ ഈശ്വര്‍ തോറ്റു പിന്‍മാറുന്നില്ല. പ്രത്യാശയുടെ പുതിയ ഇടങ്ങള്‍ തേടിപ്പോകുന്നിടത്താണ് സിനിമ അവസാനിക്കുന്നത്. ഒരു സമ്പന്ന കുടുംബത്തില്‍ ഡാക്കയില്‍ 1925 നവംബര്‍ നാലിനാണ് ഘട്ടക്കിന്റെ ജനനം. സമ്പന്നതക്കിടയിലും ലാളിത്യം തികഞ്ഞ ജീവിതരീതിയായിരുന്നു . അതുകൊണ്ടു തന്നെ വീടു വിട്ടിറങ്ങേണ്ടി വന്ന ഘട്ടക്കിന്റെ ജീവിതത്തിലെ താളപ്പിഴകളും അവിടം തൊട്ട് തുടങ്ങി. ബംഗാള്‍ വിഭജനത്തെ തുടര്‍ന്ന് കല്‍ക്കട്ടയിലെത്തിയ ഘട്ടക് രാഷ്ട്രീയം കൈകാര്യം ചെയ്യാനിറങ്ങിയെങ്കിലും പിന്നീട് ‘ ഇപ്റ്റ’ സംഘടനയില്‍ ചേര്ന്ന് നടനും നാടകകൃത്തുമായി കലാരംഗത്തു വന്നു. അവിടേയും പൊരുത്തപ്പെടാനാവാതെ വന്നപ്പോള്‍ സ്വന്തമായൊരു തിയേറ്റര്‍ ഗ്രൂപ്പ് ‘ നാട്യചക്ര’ രൂപീകരിച്ചു. പിന്നീട് ബോംബയിലെത്തി തപ്തി എന്ന സിനിമയുടെ സഹസംവിധായകനായി ചലച്ചിത്രരംഗത്ത് വന്നു . സ്വതന്ത്രമായി സംവിധാനം ചെയ്ത ആദ്യ സിനിമ 1952 – ല്‍ പൂര്‍ത്തിയായ നാഗരിക ആണ്. പക്ഷെ ഈ ചിത്രം വെളിച്ചം കണ്ടത് ഘട്ടക്കിന്റെ മരണ ശേഷം 1977 ലാണ്. ഇന്ത്യയില്‍ ചലച്ചിത്ര ദൃശ്യത്തിന് വൈഡാംഗില്‍ സാദ്ധ്യത പ്രയോജപ്പെടുത്തിയ ആദ്യ ചലച്ചിത്രകാരന്‍ റിത്വിക് ഘട്ടക്കാണ്. കോമള്‍ ഗാന്ധാര്‍, അജാന്ത്രിക്ക്, മേഘധാക്കധാര, ത്രിതേഷ് ഏക്തി നദീര്‍ഹാം, ജൂക്തി താക്കോഅര്‍ഗാപ്പോ, ബാരിദേഖേ പാലിയേ ഇവയാണ് അദ്ദേഹത്തിന്റേതായി പുറത്തു വന്ന മറ്റു ചിത്രങ്ങള്‍. ബിമല്‍ റോയി അണിയിച്ചൊരുക്കിയ മധുമതി എന്ന വിഖ്യാത ചിത്രത്തിന്റെ കഥയും തിരക്കഥയും റിത്വിക് ഘട്ടക്കിന്റേതായിരുന്നു. 1957 – ല്‍ പുറത്തിഅങ്ങിയ ‘ മുസാഫിര്‍’ എന്ന ചിത്രത്തിനും തിരക്കഥയെഴുതിയിട്ടുണ്ട്. പ്രതീക്ഷകള്‍ പൂത്തുലയുന്ന സന്ദര്‍ഭങ്ങള്‍ കഥാന്ത്യത്തില്‍ കാണാന്‍ കഴിയും. ഇതിനു പുറമെ നിരവധി നാടകങ്ങളും ഏതാനും ചലച്ചിത്ര ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. പൂനാ ഫിലിം ഇന്‍സ്റ്റിയൂട്ടിലെ അദ്ധ്യാപക ജോലിയും വഹിച്ചിട്ടുണ്ട്. കുമാര്‍ സാഹ്നി, മണികൗള്‍, ജോണ്‍ എബ്രഹാം തുടങ്ങി പില്‍ക്കാലത്ത് പേരെടുത്ത പല ചലച്ചിത്രകാരന്മാരും ഘട്ടക്കിന്റെ ശിഷ്യന്മാരായിരുന്നു.
ഇതൊക്കെയണെങ്കിലും അശിക്ഷിത്മായ ഒരു ജീവിത ശൈലിക്കടിമപ്പെട്ട് അസംതൃപ്തി നിറഞ്ഞ അശാന്തി നിറഞ്ഞ കാലഘട്ടമായിരുന്നു അവസാനനാളുകളില്‍. വേണ്ടത്ര അംഗീകാരം ലഭിച്ചില്ലന്നതും അവയ്ക്കാക്കം കൂട്ടി. അമിതമായ മദ്യപാനാസക്തി ഒരു രോഗിയാക്കി മാറ്റി. കാലത്തിന്റെ ക്രൂരമായ അവഗണന അദ്ദേഹത്തെ അരാജകവാദിയാക്കി മാറ്റി. 1976 ഫെബ്രുവരി ആറിന് അന്തരിച്ചു.
Generated from archived content: cinema1_oct28_13.html Author: mk