അടൂര്‍ ഗോപാലകൃഷ്ണന്‍ ———————————
സ്വയം വരത്തിലൂടെ മലയാളസിനിമയ്ക്കു പുതിയൊരു വഴിത്തിരിവ് സൃഷ്ടിച്ച അടൂര്‍ ഗോപാലകൃഷ്ണന്റെ ഏറ്റവും മികച്ച ചിത്രം. ജീര്‍ണ്ണിച്ചു തുടങ്ങിയ ഫ്യൂഡലിസ്റ്റ് വ്യവസ്ഥിതിയെ കൈവിടാന്‍ മടിക്കുന്ന ഉണ്ണിയെന്ന മദ്ധ്യവയസ്സ് പിന്നിട്ട അവിവാഹിതന്‍ തറവാട് കാരണവരായി കഴിയുന്നു. അയാളുടെ മൂത്ത സഹോദരി ജാനമ്മ അനുജനുമായി സ്വത്തിനു വേണ്ടി വഴക്കിടുന്നു. ഇളയവള്‍ ശ്രീദേവിയെ സംബന്ധിച്ചിടത്തോളം പരിഷ്കൃതമായ പുതിയൊരു ലോകം സ്വപ്നം കാണുന്നവളാണ് . ആ കുടുംബത്തില്‍ യാതൊരു ബഹളത്തിനും പോകാതെ ഒതുങ്ങി കഴിയുന്നവള്‍ മറ്റൊരനുജത്തിയായ രാജമ്മയാണ്. പ്രശ്നങ്ങളെ നേരിടാനാവാതെ ഒഴിഞ്ഞു മാറി നടക്കാന്‍ നോക്കുന്നയാളാണ് ഉണ്ണി. രാജമ്മയ്ക്കു വരുന്ന വിവാഹാലോചനകള്‍ ഫലപ്രദമാകാതെ പോവുന്നത്, തന്നെ അനുസരിക്കുന്ന അവള്‍ കുടുംബത്തിലുണ്ടാകണം എന്ന ഉണ്ണിയുടെ സ്വാര്‍ത്ഥതകൊണ്ടാണ്. വാസ്തവത്തില്‍ ഉണ്ണിയും രാജമ്മയും സ്വയം സൃഷ്ടിച്ച എലിപ്പത്തായത്തില്‍ കുടുങ്ങുന്നവരാണ്.
ശ്രീദേവി ഒരുവന്റെ കൂടെ ഒളിച്ചോടുന്നതോടെ ഉണ്ണി കൂടുതല്‍ ഭയം ബാധിച്ചവനായി മാറി. തന്റെ തറവാട്ടില്‍ താനൊറ്റക്കാണോ എന്ന ഭീതി അയാളെ വലയം ചെയ്യുന്നു. രാജമ്മ അസുഖം ബാധിച്ചി കിടന്നിട്ടും അവളെ ആശുപത്രിയിലാക്കുവാന്‍ അയാള്‍ ശ്രമിക്കുന്നില്ല. ആളും അനക്കവുമില്ലാത്ത അവസ്ഥ സ്വയം സൃഷ്ടിച്ചെടുക്കുന്നു. രോഗിണിയായി മാറിയ രാജമ്മയെ പിന്നീട് നാട്ടുകാര്‍ തന്നെ ആശുപത്രിയിലാക്കുന്നു. സ്വത്ത് വീതം വെയ്ക്കാനെത്തുന്ന ജാനമ്മയുടെ ഭീഷണിയും ആശുപത്രിയിലാക്കപ്പെട്ട രാജമ്മയുടെ മരണവും അയാളെ ഒന്നുകൂടി ഭീതിദനാക്കുന്നു. അവസാനം നാട്ടുകാര്‍ പുരയ്ക്കകത്തു കയറി ഉണ്ണിയെ എടുത്തുകൊണ്ടുപോയി കുളത്തിലെറിയുന്നു. അയാള്‍ വെള്ളത്തില്‍ നിന്നും എഴുന്നേറ്റ് കൈകൂപ്പുന്നു.
ദയാദാക്ഷ്യണ്യത്തിനാണോ അതോ എന്തിനു വേണ്ടിയാണീ കൈകൂപ്പല്‍ എന്നത് തീരുമാനിക്കാനുള്ള അവസരം പ്രേക്ഷകര്‍ക്ക് വിട്ടുകൊടുത്ത് സിനിമ അവസാനിക്കുന്നു. മാറ്റത്തിനോട് വിമുഖത കാണിക്കുന്ന ഈ പഴയ തറവാട്ട് കാരണവരുടെ ആശങ്കകളും വിഹ്വലതകളും പകര്‍ത്തുക വഴി ഒരു കാലഘട്ടത്തിന്റെ കേരളത്തിന്റെ അവസ്ഥയാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ വരച്ചു കാണിച്ചത്.
ബ്രട്ടീഷ് ഫിലിം ഇന്‍സ്റ്റ്യൂട്ടിന്റെ മികച്ച മൗലിക രചനയ്ക്കുള്ള 1982 ലെ അവാര്‍ഡ് എലിപ്പത്തായം നേടിയിട്ടുണ്ട്. ഇതിനു മുമ്പ് ബ്രട്ടീഷ് ഫിലിം ഇന്‍സ്റ്റ്യൂട്ടിന്റെ അവാര്‍ഡ് സത്യജിത്ത് റേയ്ക്കു മാത്രമായിരുന്നു നല്‍കിയിട്ടുള്ളത് .
അന്താരാഷ്ട്രരംഗത്ത് ഏറ്റവും ശ്രദ്ധേയനായ അടൂര്‍ ഗോപാലകൃഷ്ണന്റെ ജനനം 1941 ജൂലൈ 3നാണ്. ഗാന്ധിധാം യൂണിവേഴ്സിറ്റിയില്‍ നിന്ന് ധനതത്വ ശാസ്ത്രത്തില്‍ ബിരുദം നേടിയതിനു ശേഷം കുറെക്കാലം നാഷണല്‍ സാമ്പിള്‍ സര്‍വേയില്‍ ഉദ്യോഗസ്ഥനായി ജോലി നോക്കിയതിനു ശേഷമാണ് പൂനാ ഫിലിം ഇന്‍സ്റ്റ്യൂട്ടില്‍ ചേര്‍ന്ന് സംവിധാനം പഠിച്ചത്. ആദ്യം പുറത്തിറങ്ങിയത് ഒരു ഡിപ്ലോമ ചിത്രം ‘ ഗ്രേറ്റ് ഡേ’ യാണ്.
1972 -ല്‍ പുറത്തിറങ്ങിയ സ്വയം വരമാണ് ആദ്യം സംവിധാനം ചെയ്ത ചിത്രം. ഏറ്റവും നല്ല ദേശീയ ചിത്രത്തിനുള്ള സുവര്‍ണ്ണ കമലം നേടിയതിനു പുറമെ മലയാളത്തിന് ആദ്യമായി നല്ല നടിക്കുള്ള ഉര്‍വശി അവാര്‍ഡ് ശാരദക്കു നേടിക്കൊടുത്തതും ഈ ചിത്രത്തിലെ അഭിനയത്തിനാണ്. കൊടിയേറ്റമാണ് പിന്നീടു വന്ന ചിത്രം. ഗോപിക്ക്നല്ല നടനുള്ള ഭരത് അവാര്‍ഡ് ഈ ചിത്രം നേടിക്കൊടുത്തു. 1981- ല്‍ പുറത്തിറങ്ങിയ എലിപ്പത്തായത്തോടെ അന്തര്‍ ദേശീയ തലത്തില്‍ പേരും പെരുമയും നേടി.
മുഖാമുഖം, അനന്തരം, മതിലുകള്‍, വിധേയന്‍, കഥാപുരുഷന്‍, നിഴകൂത്ത്, നാലുപെണ്ണുങ്ങള്‍, രണ്ടു പെണ്ണുങ്ങള്‍ എന്നിവയാണ് മറ്റ് ചിത്രങ്ങള്‍. എല്ലാ സിനിമകളുടെയും തിരക്കഥകള്‍ അടൂര്‍ന്റേതായിരുന്നു. മിക്ക സിനിമകളും ദേശീയ അന്തര്‍ ദേശീയ പുരസ്ക്കാരങ്ങള്‍ നേടിയവയാണ്. മികച്ച സിനിമക്കുള്ള അന്താരാഷ്ട്ര നിരൂപക സംഘടനയുടെ ‘ ഫിപ്രസക്കി’ അവാര്‍ഡ് ആറു തവണ ലഭിച്ചിട്ടുണ്ട്. പല അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിലും ജൂറിയായിരുന്നിട്ടുണ്ട്. ഇടുക്കി, യക്ഷഗാനം, ചോറ ഹെറിറ്റേജ്, കൃഷ്ണനാട്ടം, ഗംഗ, കലാമണ്ഡലം ഗോപി എന്നീ ഡോക്യുമെന്റെറികള്‍ നിര്‍മ്മിച്ച് സം വിധാനം ചെയ്തിട്ടുണ്ട്. പലതിനും പുരസ്ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കേരളത്തിലെ ആദ്യത്തെ ഫിലിം സോസൈറ്റി ചിത്ര ലേഖയുടെ സ്ഥാപകരില്‍ ഒരാളാണ്. സിനിമയുടെ ലോകം എന്ന ഗ്രന്ഥം ദേശീയ ബഹുമതി നേടി. പത്മശ്രീ, പത്മവിഭൂഷന്‍ ബഹുമതികള്‍ നേടിയിട്ടുണ്ട്. ഫ്രഞ്ച് ഗവണ്മെന്റിന്റെ കമാന്റ് ഓഫ് ദ ഓര്‍ഡേഴ്സ് ഓഫ് ആര്‍ട് സ് ആന്റ് ലൈറ്റേഴ്സ് നേടിയ അപൂര്‍വം ചലചിത്ര സം വിധായകരില്‍ ഒരാളാണ്.
Generated from archived content: cinema1_oct24_14.html Author: mk