ലോക സിനിമ(21)സൗണ്ട് ഓഫ് മ്യൂസിക്ക് ( 1965) റോബര്‍ട്ട് വൈസ്

സംഗീതത്തിന് പ്രാധാന്യം നല്‍കിയ കുട്ടികളെയും മുതിര്‍ന്നവരെയും എക്കാലത്തും ആകര്‍ഷിക്കുന്ന മികച്ച ഹോളിവുഡ് സിനിമ. സംഗീത്തിന്റെ മാസ്മരികതകൊണ്ട് എത്ര കര്‍ക്കശ സ്വഭാവമുള്ളവരെയും തന്നിഷ്ടക്കാരെയും കുസൃതിക്കാരെയും കീഴടക്കാന്‍ കഴിയുമെന്ന് തെളിയിച്ച ചിത്രം . റോബര്‍ട്ട് ഏള്‍വൈസ് എന്ന ചലചിത്രത്തിന്റെ എല്ലാ‍ മേഖലകളിലും വെന്നിക്കൊടി നാട്ടിയ ഹോളിവുഡ് സംവിധായകനാണ് , സൗണ്ട് ഓഫ് മ്യൂസിക്ക് അണിയിച്ചൊരുക്കിയത്. മികച്ച ഓസ്ക്കാര്‍ പുരസ്ക്കാരമടക്കം നിരവധി അംഗീകാരങ്ങള്‍ ഈ ചിത്രം നേടിയെടുത്തു.

കന്യാസ്ത്രിയാകാന്‍ തയ്യാറെടുക്കുന്ന മറിയ എന്ന യുവതി സംഗീതം ജീവാത്മാവായി കൊണ്ടുനടക്കുന്നവളാണ്. പക്ഷെ, ഒരു കന്യാമഠത്തിന്റെ ചുറ്റുവളപ്പില്‍ കഴിഞ്ഞ് കൂടേണ്ടവളല്ല എന്നവള്‍ക്കറിയാം. ആ സമയത്താണ് കുസൃതിക്കാരായ 7 മക്കളുള്ള വിഭാര്യനായ ഒരു മുതിര്‍ന്ന പട്ടാള ഉദ്യോഗസ്ഥന്റെ വീട്ടുജോലി അവളെ തേടിയെത്തിയത്. കര്‍ക്കശമായ പട്ടാളച്ചിട്ട കുടുംബത്തിലും നടപ്പാക്കി കാട്ടണമെന്ന് വോണ്ട്രാപ്പ് എന്ന ഈ പട്ടാള ഉദ്യോഗസ്ഥന്‍ ആഗ്രഹിക്കുന്നു. താന്‍ വീട്ടിലില്ലാത്ത സമയം കുട്ടികള്‍ നിയന്ത്രണം വിട്ട് പോകുന്നോ എന്ന സന്ദേഹവും അയാള്‍ക്കുണ്ട്. അതുകൊണ്ടാണ് അവരെ നിയന്ത്രിക്കാനും ശുശ്രൂഷിക്കാനും വേണ്ടിയാണ് മറിയയെ കൊണ്ടു വരുന്നത്. ആദ്യമാദ്യം കുട്ടികള്‍ ഒരു ശത്രുവിനെപ്പോലെയാണ് മറിയയെ കാണുന്നത്. കുട്ടികളില്‍ നിന്നും കൂടെക്കൂടേ അവള്‍ ഉപദ്രവങ്ങള്‍ നേരിടുന്നുണ്ട്. ചില നേരം വോണ്ട്രാപ്പ് അവരെ ശിക്ഷിക്കാനൊരുങ്ങുമ്പോള്‍ മരിയ ഏതെങ്കിലും വിധത്തില്‍ അതില്‍ നിന്നും അയാളെ വിലക്കുന്നുണ്ട്. പയ്യെപ്പയ്യെ കുട്ടികള്‍ അവളുമായടുക്കുന്നു. പട്ടാളച്ചിട്ടയില്‍ വീട്ടില്‍ വളരേണ്ടവരല്ല അവര്‍ എന്ന് അവരെ ബോധ്യപ്പെടുത്തുന്നതോടെ സര്‍വ സ്വതന്ത്രമയി വിഹരിക്കാന്‍ പറ്റിയ ഒരന്തരീക്ഷം പിന്നീടവിടെ സംജാതമാകുന്നത്. മറിയയുടെ സംഗീതം കുട്ടികള്‍ക്കും ഹൃദ്യമാവുമ്പോള്‍ അവള്‍ അവരുടെ പ്രിയപ്പെട്ടവളായി മാറുന്നു. അത്യാവശ്യം വീടിനു പുറത്തും തോട്ടത്തിലുമായി അവരെ കൊണ്ടു നടക്കാനും കളിക്കാനുമുള്ള സ്വാതന്ത്ര്യം കുട്ടികള്‍ക്കു ലഭിക്കുന്നു. മറിയയുടെ കുട്ടികളുമായുള്ള ഈ സ്വതന്ത്രമായ പെരുമാറ്റം വോണ്ട്രാപ്പിന് ഇഷ്ടമാകുന്നില്ലെങ്കിലും പിന്നീടയാളും അവളില്‍ ആകൃഷ്ടനാകുന്നു. ഇതിനിടയില്‍ വോണ്ട്രാപ്പിന് രണ്ടാമതൊരു വിവാഹം – ഒരു പ്രഭ്വിയുമായുള്ള വിവാഹം നടക്കുമെന്നായപ്പോള്‍ മറിയ വീട് വിട്ട് പോകുന്നു. തനിക്കും വോണ്ട്രാപ്പിനെ ഇഷ്ടമാണെന്ന് അവള്‍ തിരിച്ചറിയുന്നുണ്ട്. പക്ഷെ അതവള്‍ വെളിപ്പെടുത്തുന്നില്ല. പ്രഭ്വിയുമായുള്ള വിവാഹം തെറ്റിപ്പിരിഞ്ഞപ്പോള്‍‍ ഏറ്റവുമധികം സന്തോഷിച്ചത് ഇപ്പോള്‍‍ മര്യാദക്കാരായി മാറിയ കുട്ടികളാണ്. മറിയ പിരിഞ്ഞതോടെ തങ്ങളുടെ ജീവിതത്തില്‍ അവള്‍ ചെലുത്തിയ സ്വാധീനം, ആ സ്നേഹം, കുസൃതിത്വം, പങ്കുവയ്ക്കല്‍, അവളുടെ സംഗീതം, ഇതെല്ലാം അവര്‍ തിരിച്ചറിയുന്നുണ്ട്. വോണ്ട്രാപ്പും മറിയയെ ഇഷ്ടപ്പെടാന്‍ തുടങ്ങിയിരുന്നു. കുട്ടികളും പട്ടാള ഉദ്യോഗസ്ഥനും ചേര്‍ന്ന് മറിയയെ കന്യാസ്ത്രീമഠത്തില്‍ നിന്ന് തങ്ങളുടെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരുന്നു. വോണ്ട്രാപ്പിന്റെ മൂത്തമകളുടെ ഒരു നാസി പട്ടാളക്കാരനുമായുള്ള അടുപ്പവും അയാള്‍ ശത്രുവിന്റെ ചാരനാണെന്നുമുള്ള തിരിച്ചറിവില്‍ ആ ബന്ധത്തില്‍ നിന്നകലുന്നതും മുഖ്യധാര പ്രമേയത്തോട് ചേര്‍ന്നു തന്നെ സിനിമയില്‍ വരുന്നത് സിനിമയുടെ ക്ലൈമാക്സ് ഉദ്വേഗപൂര്‍ണ്ണമാവുന്നതിന് കാരണമാകുന്നുണ്ട്. സംഗീതത്തിന് സാധിക്കാത്തത് ഒന്നുമില്ല എന്ന സന്ദേശം ജീവിതത്തിന്റെ ഹൃദ്യമാര്‍ന്നതും സുഭഗമായതുമായ അന്തരീക്ഷത്തിലേക്ക് നയിക്കാന്‍ സംഗീതത്തിനുള്ള കഴിവ് മറ്റൊന്നിനുമില്ല എന്നും റോബര്‍ട്ട് ഏള്‍വൈസ് ഈ ചിത്രത്തിലൂടെ പറഞ്ഞുവയ്ക്കുന്നുണ്ട്. ജൂലി ആന്‍ഡ്രൂസ് മറിയയായി വേഷമിട്ട ഈ ചിത്രം സംഗീത പ്രധാനമായ ഹോളിവുഡ്ഡ് ചിത്രങ്ങളില്‍ എക്കാലത്തേയും മികച്ച ചിത്രമാണ്.

1914 സെപ്തംബര്‍ 10 ന് അമേരിക്കയിലെ വിഞ്ചസ്റ്ററിലാണ് റോബര്‍ട്ട് വൈസ് ജനിച്ചത്. എഡിറ്റിംഗ്, നിര്‍മ്മാണം, സംവിധായകന്‍ എന്നീ നിലകളില്‍ പ്രശസ്തനായ റോബര്‍ട്ട് വൈസ് ആദ്യം സ്വതന്ത്ര സംവിധായകനായ ചിത്രം ‘ ദ കേഴ്സ് ഓഫ് ദ ക്യാറ്റ് പീപ്പിള്‍’ ആണ്. ‘സിറ്റിസണ്‍ കെയ്ന്‍’ എന്ന ചിത്രത്തിന് ഓസ്ക്കര്‍ നോമിനേഷന്‍ ലഭിച്ചിട്ടുണ്ട്. ഈ ചിത്രത്തിലെ സ്പെഷല്‍ ഇഫക്റ്റ്സ് പ്രിന്റിംഗിനുള്ള ഓപ്റ്റിക്കല്‍ പ്രിന്റിന്റെ ആദ്യപ്രയോക്താവാണ് റോബര്‍ട്ട് വൈസ്. ‘ ദ ബോഡി സ്നാപ്പര്‍’ എന്ന സിനിമയിലൂടെ ഹൊറര്‍ ചിത്ര സംവിധാനത്തിലും മികവ് കാട്ടി. ‘ ഐ വാണ്ട് ടു ലിവ് ‘ എന്ന ചിത്രത്തിന് ഓസ്ക്കാര്‍ നോമിനേഷനും. 61 – ല്‍ പുറത്തിറങ്ങിയ ‘ വെസ്റ്റ് സൈഡ് സ്റ്റോറി’ യിലൂടെ മികച്ച ചിത്രത്തിനും സംവിധായകനുള്ള ഓസ്ക്കാര്‍ പുരസ്ക്കാരവും ലഭിച്ചിട്ടുണ്ട്. ‘ദ് ഡേ ഏര്‍ത്ത് സ്റ്റുഡ് സ്റ്റീല്, ‘ഹെലന്‍ ഓഫ് ട്രോയ്, ദ സാന്റ് ബബിള്‍സ്, സ്റ്റാര്‍ട്രെക്ക്, ദ മോഷന്‍ പിക്ചര്‍ തുടങ്ങി 1989 ലെ ‘ ദ റൂഫ് ഓഫ് ടോപ്സ്’ വരെ 15 ഓളം ചിത്രങ്ങളില്‍ മികവ് കാട്ടിയിട്ടുണ്ട്. സിനിമയുടെ വ്യത്യസ്ത മേഖലകളില്‍ – വെസ്റ്റേണ്‍ മ്യൂസിക് ഹൊറര്‍ ഫിലിംസ്, സയന്‍സ്, ഫിക്ഷന്‍‍ – തുടങ്ങിയവയില്‍ മികവ് കാട്ടിയിട്ടുള്ള അപൂര്‍വം ചലചിത്രകാരന്മാരില്‍ ഒരാളാണ് റോബര്‍ട്ട് വൈസ്. 1967- ല്‍ ഇര്‍വിംഗ് താല്‍ബര്‍ഗ് അവാര്‍ഡും 98- ല്‍ A F I ലൈഫ് ടൈം അവീച്ച് മെന്റ് അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

2005 സെപ്തംബറില്‍ ലോസ് ആഞ്ചല്‍സില്‍‍ വച്ച് നിര്യാതനായി.

Generated from archived content: cinema1_nov30_12.html Author: mk

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English