ആസാമീസ് ചലച്ചിത്രത്തിനു ദേശീയവും അന്തര്‍ ദേശീയവുമായ ഫിലിം ഫെസ്റ്റിവലുകളില്‍ സാന്നിദ്ധ്യമാകാനും പുരസ്ക്കാരങ്ങളും ബഹുമതികളും നേടുന്നതിനും കാരണക്കാരന്‍ എന്നു പറയാവുന്ന ജാന ബറുവയുടെ വിഖ്യാത ചിത്രമാണു ‘തഡഗ്റോളി ബഹദൂര്‍ ‘
ആസാമീസ് ഗ്രാമങ്ങളുടെ ഉള്‍ത്തുടിപ്പുകളും വേദനകളും ഗ്രാമവാസികളുടെ മോഹങ്ങളും മോഹഭംഗങ്ങളും ജാന ബറുവ ഒരു വൃദ്ധനായ കടത്തുവഞ്ചിക്കാരനിലൂടെ പറയുന്നു. മകന്‍ പഠിച്ച് നഗരവാസിയായി മാറുന്നതോടെ ഗ്രാമീണ ജീവിതത്തെക്കുറിച്ചുള്ള അയാളുടെ സങ്കല്പ്പങ്ങള്‍ മാറുന്നു. പട്ടണത്തില്‍ കഴിയുന്ന മകന്റെ സ്വത്തുക്കള്‍ സംരക്ഷിക്കുന്ന ജോലിയിലേക്കു കടത്തുകാരന്‍ മാറുന്നു . ഗ്രാമത്തിലുള്ള തന്റെ അച്ഛനെയും തന്റെ മറ്റു കുടുംബാംഗങ്ങളേയും അവഗണിക്കുന്ന ഒരവസ്ഥ. ഇതിനിടയിലാണു തനിക്കു ഉപജീവനം നല്‍കുന്ന കടത്ത് ജോലി ഇല്ലാത്ത ഒരവസ്ഥയിലേക്കു- പുഴയ്ക്കു മീതെ പാലം വരുന്നു- കാര്യങ്ങള്‍ നീങ്ങുന്നത്. തികച്ചും ഏകാകിയും നിരാശ്രയനും ആയ അയാളുടെ വിഹ്വലതകളാണു ജാന ബറുവ പറയുന്നത്.
95 ലെ മികച്ച പ്രാദേശിക ചിത്രത്തിനുള്ള ദേശീയ പുരസ്ക്കാരം ലഭിച്ചതിനു പുറമെ ചിക്കാഗോ ഇന്റെര്‍നാഷണല്‍ ഫെസ്റ്റിവല്‍ വേള്‍ഡ് പീസ് പ്രൈസ് , ബ്രസ്സലസില്‍ മികച്ച സം വിധായകനുള്ള പുരസ്ക്കാരം, ഫ്രിപ്രസ്സി പുരസ്ക്കാരം, ഫ്രാന്‍സിലെ നാന്ത് ഫെസ്റ്റിവലില്‍ മികച്ച സിനിമയ്ക്കുള്ള ഫ്രീഡോ പബ്ലിക്ക് അവാര്‍ഡ് ഇവ നേടിയിട്ടുണ്ട്. ഈ ചിത്രത്തിന്റെ തിരക്കഥാകൃത്തും സംവിധായകനും ബറുവ തന്നെയായിരുന്നു.
1952 ഒക്ടോബര്‍ 17നു ആസാമിലെ ഗഹൗട്ടിയിലാണു ജനനം. പൂനാ ഫിലിം ഇന്‍സ്റ്റ്യൂട്ടിലെ പഠനശേഷം ഐ എസ് ആര്‍ ഒ യില്‍ ജോലി ചെയ്യുമ്പോള്‍ പ്രൊഡ്യൂസറായി ഇരുന്നൂറോളം ലഘുചിത്രങ്ങള്‍ നിര്‍മിച്ചു. അതിനു പുറമെ ഏതാനും ഹ്രസ്വചിത്രങ്ങളുടെ സം വിധായകനുമായി. ആദ്യ ഫീച്ചര്‍ ഫിലിം അപ് രൂപ് ദേശീയ തലത്തില്‍ മികച്ച പ്രാദേശിക ചിത്രത്തിനുള്ള അവാര്‍ഡ് നേടി. പിന്നീടു പുറത്തു വന്ന ‘ ഹലോദിയ ചോരയ സൗധാന്‍ ഖായ്’ മികച്ച ദേശീയ ചിത്രത്തിനുള്ള പുരസ്ക്കാരവും ലെകര്‍ണോ ഇന്റെര്‍നാഷണല്‍ ഫെസ്റ്റിവലില്‍ എക്യൂമെനിക്കല്‍ ജൂറി പ്രൈസും നേടുകയുണ്ടായി. ‘ ബൊനാനി’ മികച്ച പാരിസ്ഥിതിക ചിത്രമായും ‘ ഫിറിണ്ടോട്ടി ‘ മികച്ച രണ്ടാമത്തെ ദേശീയ ചിത്രമായും തെരെഞ്ഞെടുക്കുകയുണ്ടായി. പിന്നീടു വന്ന ‘ പൊക്കി’ മികച്ച പ്രാദേശിക ചിത്രത്തിനുള്ള അവാര്‍ഡും നേടി. ‘ ക്രോണിക്കിള്‍ രാംധേനു’ ‘ മേംനെ ഗാന്ധികോ നഹീം മാരാ’ എന്നിവ ദേശീയവും അന്തര്‍ദേശീയവുമായ ഫെസ്റ്റിവലുകളില്‍ നിരവധി പുരസ്ക്കാരങ്ങള്‍ നേടിയിട്ടുണ്ട്.
മുംബൈ കട്ടിംഗ്സ് ആണു ഏറ്റവും അവസാനമായി പുറത്തുവന്ന ചിത്രം. മാതൃഭാഷയിലും ഹിന്ദിയിലുമാണു ചിത്രങ്ങളെല്ലാം നിര്‍മ്മിച്ചത്. എട്ടു തവണ ദേശീയ പുരസ്ക്കാരങ്ങളും പത്തോളം അന്തര്‍ ദേശീയ പുരസ്ക്കാരങ്ങളും നേടിയിട്ടുണ്ട്.
Generated from archived content: cinema1_may5_14.html Author: mk