ലോകസിനിമയില്‍ ക്ലാസ്സിക് വിഭാഗത്തില്‍ ആദ്യകാലത്തെ ഏറ്റവും കൂടുതല്‍ പണം വാരിച്ചിത്രങ്ങളില്‍ ഒന്നാണ് മാര്‍ഗരറ്റ് മിച്ചലിന്റെ ബെസ്റ്റ് സെല്ലറായിരുന്ന ഗോണ്‍ വിത്ത് ദ വിന്‍ഡ് എന്ന നോവലിനെ ആസ്പദമാക്കി , വിക്ടര്‍ ഫ്ലെമിംഗ് സംവിധാനം ചെയ്ത 1939 ല്‍ പുറത്തിറങ്ങിയ ചിത്രം ഗോണ്‍ വിത്ത് ദ വിന്‍ഡ്. കാറ്റിനൊപ്പം കടന്നു പോയ ഓള്‍ഡ് സൗത്ത് എന്ന സംസ്ക്കാരത്തെക്കുറിച്ചാണ് ഈ ചിത്രം എന്നത്രെ, അന്നത്തെ പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്ന വാചകങ്ങള്‍.
ജോര്‍ജിയന്‍ പ്രദേശത്തെ ആഭ്യന്തരകലഹങ്ങളുടെ കാലഘട്ടത്തിലാണ് കഥ നടക്കുന്നത്. ഒരു കോട്ടണ്‍ പ്ലാന്റേഷനിലെ ‘ സ്കാര്‍ലെറ്റ് ഒഹാര’ എന്ന പെണ്‍കുട്ടിയാണ് കേന്ദ്ര കഥാപാത്രം. നാട്ടിലെ ചെറുപ്പക്കാരുടെ ഹരമായ പെണ്‍കുട്ടിയുടെ മനസിലുള്ളത് ‘ ആഷ് ലിയെന്ന ചെറുപ്പക്കാരനാണ്. പക്ഷെ, ആഷ് ലിയുടെ പ്രണയം മറ്റൊരുവളോടായിരുന്നു. മെലാനിയ. വിധി വൈപരീത്യമെന്നു പറയട്ടെ , ഇവള്‍ സ്കാര്‍ലെറ്റിന്റെ ശത്രുത പിടിച്ചു പറ്റിയവളായിരുന്നു. ആഭ്യന്തര യുദ്ധം പടര്‍ന്നു പിടിക്കുമ്പോള്‍ ആഷ് ലി ഗര്‍ഭിണിയായ മെലാനിയയെ വിട്ട് യുദ്ധക്കളത്തിലേക്കു പോകുന്നു. ഇവിടേയും വിധി ഒരുക്കുന്നത് വിചിത്രമായ ഒരു പ്രതിഭാസമാണ്, മെലാനിയയുടെ സംരക്ഷണം വന്ന് പെടുന്നത് സ്കാര്‍ലറ്റിലാണ്. യുദ്ധത്തിന്റെ മൂര്‍ദ്ധന്യത്തില്‍ സ്കാര്‍ലറ്റിന്റെ കൃഷിയിടങ്ങള്‍ പട്ടാളം നശിപ്പിച്ചു കളഞ്ഞു. അമ്മയുടെ മരണം ഇതിനോടകം നടക്കുന്നതോടെ പിതാവ് മനോരോഗിയായി മാറുന്നു. ദാരിദ്ര്യവും കഷ്ടപ്പാടും നിറഞ്ഞ ജീവിതത്തില്‍ ഏകയായിത്തന്നെ ഈ പ്രതിസന്ധികളെ തരണം ചെയ്ത സ്കാര്‍ലെറ്റ് മുന്നോട്ടു പോകുന്നുണ്ട്. അവള്‍ ഇപ്പോളും പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്നത് ആഷ് ലി തിരിച്ചു വരുമ്പോള്‍ തന്നെ സ്വീകരിക്കുമെന്ന വിശ്വാസമാണ്. പക്ഷെ, അയാള്‍ മടങ്ങി വരുമ്പോള്‍ പ്രതീക്ഷ അസ്ഥാനത്താകുന്നു. ഹാരയെ ഇത് വല്ലാതെ വേദനിപ്പിക്കുന്നുണ്ട്. ഇതിനോടകം അവളുടെ വിവാഹം രണ്ടു തവണ കഴിഞ്ഞിരുന്നു. രണ്ടും പരാജയപ്പെട്ട വിവാഹബന്ധങ്ങള്‍.കുടുംബ സംരക്ഷണത്തിനായി മൂന്നാമതൊരു വിവാഹവും നടന്നു. ‘റൈറ്റ് ബട് ലര്‍’ എന്ന മൂന്നാമത്തെ ഭര്‍ത്താവ് ഹാരയുടെ മനസ്സില്‍ താനില്ല എന്നറിഞ്ഞുകൊണ്ട് തന്നെ വിവാഹം കഴിക്കുകയായിരുന്നു. ആഷ് ലിയേയും ഹാരയേയും ചേര്‍ത്തുള്ള അപവാദപ്രചരണങ്ങള്‍ വ്യാപകമായതോടെ മനസ്സുമടുത്ത ബട് ലര്‍ ഹാരയെ ഉപേക്ഷിച്ചു പോകുന്നു. പക്ഷെ, അയാള്‍ മടങ്ങുന്ന സമയം , ഹാര ബട് ലറെ സ്നേഹിച്ചു തുടങ്ങിയിരുന്നു. പക്ഷെ, ഇതൊന്നും അറിയാതെ അയാള്‍ സ്ഥലം വിടുകയായിരുന്നു.
എല്ലാ ഒറ്റപ്പെടലുകളേയും നഷ്ട പ്രണയങ്ങളേയും നേരിട്ട് അവയെ അതിജീവിച്ച് തനിക്ക് മുന്നോട്ട് പോകാനാവും എന്ന് സ്കാര്‍ലറ്റ് തിരിച്ചറിയുന്നതോടെ സിനിമ തീരുന്നു.
മികച്ച തിരക്കഥക്കും സംവിധാനത്തിനുമൊപ്പം മികച്ച നടിക്കും ( വിവിന്‍ ലീഫ്) പിന്നെ മികച്ച സഹനടിക്കും അടക്കം ഒന്‍പത് ഓസ്ക്കാര്‍ അവാര്‍ഡുകള്‍ ഈ ചിത്രം നേടുകയുണ്ടായി. ക്ലാര്‍ക്ക് ശേബിള്‍ ആയിരുന്നു നായക നടന്‍. വേറേയും പുരസ്ക്കാരങ്ങള്‍ ഈ ചിത്രം നേടിയിട്ടുണ്ട്.
ഒരു കൊമേഴ്സിയല്‍ ചിത്രം ക്ലാസിക് ചിത്രമായി മാറുന്നതിന്റെ സമ്പൂര്‍ണ്ണ ബഹുമതി, സംവിധായകനായ വിക്ടര്‍ ഫ്ലമിംഗിനാണ്. അമേരിക്കന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മികച്ച പത്ത് ചിത്രങ്ങളുടെ കൂട്ടത്തില്‍ ‘ ഗോണ്‍ വിത്ത് ദ വിന്‍ഡ്’ രണ്ട് ക്രഡിറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. സംവിധാനത്തിനു പുറമെ ഛായാഗ്രഹണം , നിര്‍മ്മാണം എന്നീ മേഖലകളിലും ഫ്ലമിംഗ് പ്രസിദ്ധനാണ്.
1889 ഫെബ്രുവരി 23 ന് കാലിഫോര്‍ണിയായിലെ പാസഡേനയിലാണ് വിക്ടര്‍ ഫ്ലമിംഗ് പിറന്നത്. ഫോട്ടോഗ്രാഫിയിലുള്ള വൈദഗ്ദ്ധ്യം തിരിച്ചറിഞ്ഞതോടെ അമേരിക്കന്‍ പ്രസിഡന്റിന്റെ പേഴ്സണല്‍ ഫോട്ടോഗ്രാഫറായി മാറി. സൈനിക സേവനത്തിലായിരുന്നു അദ്ദേഹം . അത് വിട്ട് പിന്നീട് 1912 ല്‍ ചലച്ചിത്ര രംഗത്തേക്ക് വന്നു. സ്റ്റണ്ട് ആക്ടര്‍ എന്ന നിലയിലായിരുന്നു തുടക്കം. സാഹസിക രംഗങ്ങളില്‍ – പ്രത്യേകിച്ച് ഡൈവിംഗ് , കാര്‍ റേസിംഗ് എന്നിവയില്‍ കമ്പമുണ്ടായിരുന്ന ഫ്ലെമിംഗ് പിന്നീട് ഛായാഗ്രാഹകനായി പാര മൗണ്ട് സ്റ്റുഡിയോയില്‍ കയറിപ്പറ്റി. സംവിധായകനായി മാറിയ അദ്ദേഹത്തിന്റെ ആദ്യ ചിത്രം 1919 ല്‍ പുറത്തു വന്ന ‘ വെന്‍ ദ ക്ലൗഡ്സ് റോള്‍ ബൈ’ ആണ്. ലോര്‍ഡ് ജിം, റെഡ് ഹോട്ട് റൊമാന്‍സ്, മാന്‍ ട്രിപ്പ്, ദ വെര്‍ജീനിയന്‍ തുടങ്ങിയവയാണ് മറ്റ് ചിത്രങ്ങള്‍. 1932 ല്‍ എം. ജി. എം സ്റ്റുഡിയോയിലേക്ക് മാറി. പിന്നീട് നിര്‍മ്മിച്ച ചിത്രങ്ങളാണ് ‘ റെഡ് ഡസ്റ്റ്’ , ട്രഷര്‍ ഐലന്റ്, ക്യാപ്റ്റന്‍ കറേജിയസ്, എന്നിവ. അദ്ദേഹത്തിന്റെ ‘ വിസാര്‍ഡ് ഓഫ് ഒസു’ എന്ന ചിത്രവും ഓസ്ക്കാര്‍ അവാര്‍ഡ് നേടിയിട്ടുണ്ട്. അവസാനകാലത്തെ പല ചിത്രങ്ങളും സാമ്പത്തിക പരാജയങ്ങളും ഏറ്റു വാങ്ങി. ‘ ജൊവാന്‍ ഓഫ് ആര്‍ക്’ ആണ് അവസാനചിത്രം. ‘ റോബ്’ എന്ന ചിത്രത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട ജോലികള്‍ക്കിടയില്‍ 1949 ജനുവരിയിലായിരുന്നു അന്ത്യം.
Generated from archived content: cinema1_mar26_12.html Author: mk