ഷിന്‍ഡ് ലേഴ്സ് ലിസ്റ്റ് -(ലോക സിനിമ- 29)

ഹോളിവുഡ് സിനിമയിലെ എക്കാലത്തേയും ഹിറ്റ്മേക്കറായിട്ടാണ് സ്റ്റീഫന്‍ സ്പില്‍ബര്‍ഗിനെ കാണുന്നത്. സാങ്കേതിക വിദ്യയുടെ മികവ് ഇത്രമാത്രം പ്രയോജനപ്പെടുത്തിയ വേറൊരു സംവിധാ‍യകന്‍ ഹോളിവുഡില്‍ വേറെയില്ല. ജുറാസിക് പാര്‍ക്ക്, ജാസ്, റെയ്ഡേഴ് ഓഫ് ദി ലോസ്റ്റ് ആര്‍ക്ക് തുടങ്ങിയ ചിത്രങ്ങള്‍ തന്നെ ഉദാഹരണം. പക്ഷെ ഇവയ്ക്കപ്പുറം കലാപരവും ചരിത്രാഭിമുഖ്യമുള്ളതുമായ ചില ചിത്രങ്ങള്‍ അദ്ദേഹം അണിയിച്ചൊരുക്കിയിട്ടുണ്ട്. അവയില്‍ പ്രധാനപ്പെട്ട ഒന്നാണ് ഷിന്‍ഡ് ലേഴ്സ് ലിസ്റ്റ്.

നാസി വിരുദ്ധ കാലത്തെ പീഡനക്യാമ്പിലെ ജൂതത്തടവുകാരുടെ പരമ ദയനീയമായ അവസ്ഥയില്‍ നിന്ന് അവരെ സാഹസികമായി രക്ഷപ്പെടുത്തിയ ഒരു മെറോവിയന്‍ കച്ചവടക്കാരന്റെ ജീവിതകഥയാണ് ഈ ചിത്രത്തിലൂടെ പറഞ്ഞു വയ്ക്കുന്നത്. യഥാര്‍ത്ഥ ലൊക്കേഷനുകളില്‍ വച്ച് ഈ ചിത്രത്തിന്റെ നാസി ക്യാമ്പിലെ ചിത്രീകരണം ബ്ലാക്ക് ആന്‍ഡ് വൈറ്റിലും യുദ്ധാനനന്തര കാലഘട്ടത്തിലെ ചിത്രീകരണം കളറിലുമാണ് നടത്തിയത്. സംവിധായകന്റെ ഔചിത്യമാര്‍ന്ന കലാമികവ് ഇതില്‍ കൂടി വ്യക്തമാണ്.

കച്ചവടക്കാരനായ ഷിന്‍ഡ് ലര്‍ രണ്ടാം ലോകമഹായുദ്ധകാലത്ത് കുറഞ്ഞ വേതനത്തിന് ജൂതതടവുകാരെ സംഘടിപ്പിച്ച് നാസി ക്യാമ്പിലേക്കുള്ള മെസ്കിറ്റുകള്‍ തയ്യാറാക്കുന്ന ജോലി ചെയ്യിക്കുന്നു. പക്ഷെ ഒരു തവണ കോണ്‍സട്രേഷന്‍‍ ക്യാമ്പൊരുക്കുന്നതിന് വേണ്ടി പരിസരവാസികളായ ജൂതന്മാരെ പീഡിപ്പിക്കുകയും ഭവനരഹിതരാക്കുകയും എതിര്‍ക്കുന്നവരെ തടവിലാക്കുകയും ചെയ്യുന്ന കാഴ്ച കാണുന്നതോടെ ഷിന്‍ഡ് ലറും ഭാര്യയും മനം മാറ്റത്തിനു വിധേയരാകുന്നു. തടവിലുള്ള തന്റെ ക്യാമ്പിലെ മുഴുവന്‍ പേരേയും രക്ഷപ്പെടുത്താനായി തന്റെ അക്കൗണ്ടന്റിന്റെ സഹായം തേടുന്നു. ജര്‍മ്മന്‍പട്ടാളക്കാര്‍ക്ക് ഭീമമായ തുക കൊടുത്ത് കള്ള റിക്കാര്‍ഡുണ്ടാക്കി കഴിയുന്നത്ര പോളീഷ് ജൂതന്മാരെ റിക്രൂട്ട് ചെയ്യുന്നു. ഇങ്ങനെ റിക്രൂട്ട് ചെയ്യുന്നവര്‍ക്ക് ക്യാമ്പില്‍ ലഭിക്കുന്ന ഇളവുകളുപയോഗപ്പെടുത്തിയാണ് രക്ഷപ്പെടാന്‍ നോക്കുന്നത്. പക്ഷെ യുദ്ധം മുറുകുമ്പോള്‍ ക്യാമ്പിലെ തടവുകാരെയെല്ലാം ഓഷ്സ് വിറ്റ്സിലെ കൊലക്കളത്തിലേക്ക് അയക്കാന്‍ ജര്‍മ്മന്‍ സുപ്പീരിയര്‍ ഓഫീസര്‍ക്ക് ഓര്‍ഡര്‍ കിട്ടുന്നു. അതോടെ തന്റെ സമ്പാദ്യം മുഴുവന്‍ തന്നെ സുപ്പീരിയര്‍ ഓഫീസര്‍ക്ക് കാഴ്ചവച്ച് ഷിഡ് ലര്‍ തടവുകാരെ തന്റെ സ്വന്തം ക്യാമ്പിലേക്കു മാറ്റുന്നു. ഇതിനു വേണ്ടി തയ്യാറാക്കിയ ലിസ്റ്റാണ് അയാള്‍ പട്ടാള ഉദ്യോഗസ്ഥന്മാര്‍ക്ക് കൈമാറുന്നത്. സ്ത്രീകളും കുട്ടികളുമടങ്ങിയ തടവുകാരുടെ ഒരു കൂട്ടം വഴി തെറ്റി ഓഷ് വിറ്റ്സിലെ കൊലക്കളത്തിലേക് നീങ്ങുന്നത് വീണ്ടും ആശങ്കയിലാഴ്ത്തുന്നു. ക്യാമ്പ് കമാന്റന്റ് റുഡോള്‍ഫ് ഹോസിന് രത്നങ്ങള്‍ വരെ കൈക്കൂലി കൊടുത്ത് അവരെയും ഷിന്‍ഡ് ലര്‍ രക്ഷിക്കുന്നുണ്ട് . പക്ഷെ യുദ്ധാവസാനം റെഡ് ആര്‍മി കടന്നു വരുമ്പോള്‍ അവരുടെ നോട്ടപ്പുള്ളിയാവുകയാണ് ഷിന്‍ഡലര്‍ . തന്റെ തൊഴിലാളികളോട് വികാരനിഭരമായ യാത്ര പറഞ്ഞ് അയാള്‍ രാത്രി സമയം പോളണ്ട് വിടുന്നു. പിന്നീടു കാണുന്നത് യുദ്ധാനന്തരഘട്ടത്തിലെ ദൃശ്യങ്ങളാ‍ണ്. ജറുസലേമിലെ ഷിന്‍ഡ ലറുടെ ശവകുടീരത്തില്‍, തങ്ങളെ രക്ഷപ്പെടുത്തിയ, തടവുകാരുടെ സ്നേഹോപഹാരമര്‍പ്പിക്കാനെത്തുന്ന നീണ്ട നിര. വര്‍ണ്ണ ദൃശ്യങ്ങളോട് കൂടിയാണ് ചിത്രാവസാനം ആവിഷ്ക്കരിച്ചിരിക്കുന്നത്.

ഒരു ജൂത കുടുംബത്തില്‍ – ആര്‍നോള്‍ഡ്- ലിയാസ്പില്‍ബര്‍ഗ് ദമ്പതികളുടെ മകനായി 1946 ഡിസംബര്‍ 18 ന് അമേരിക്കയിലെ ഓഹിയോയിലെ സിന്‍സിനാലിറ്റിയിലാണ് സ്റ്റീവര്‍ സ്പില്‍ബര്‍ഗിന്റെ ജനനം. കമ്പ്യൂട്ടര്‍ വിദഗ്ദനായ പിതാവിന്റെയും പിയാനോയിസ്റ്റായ മാതാവിന്റെയും സ്വാധീനം അദ്ദേഹത്തിന്റെ ചലച്ചിത്ര ജീവിതത്തില്‍ പ്രതിഫലിച്ച് കാണാനാവും . പിതാവ് ജോലി ചെയ്ത സ്ഥലങ്ങളിലെ മാറിമാറിയുള്ള വാസവും വ്യത്യസ്തമായ സിനിമയൊരുക്കുന്നതിന് കാരണമായിട്ടുണ്ട്. 6- ആം വയസില്‍ കണ്ട ‘ ദ ഗ്രേറ്റസ്റ്റ് ഷോ ഓണ്‍ എര്‍ത്ത്’ എന്ന സിനിമ അദ്ദേഹത്തില്‍ ചെലുത്തിയ സ്വാധീനം ചെറുതല്ല. ക്ലാസിലെ ഏക ജൂത വിദ്യാര്‍ത്ഥിയായിരുന്നതിനാല്‍ ഒറ്റപ്പെടലിന്റെ വേദന ചെറുപ്പത്തിലേ മനസിലാക്കി. 12 -ആം വയസില്‍ അമ്മ സമ്മാനിച്ച 8 എം എം ക്യാമറയിലൂടെ പരീക്ഷണങ്ങള്‍ ആരംഭിച്ചു. 13 ആം വയസ്സില്‍ സ്കൗട്ടിനെ കുറിച്ചുള്ള 3 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രമാണ് തുടക്കം . പിന്നീട് 18 ആം വയസ്സില്‍ നിര്‍മ്മിച്ച ‘ ദ ഗ്രേറ്റ് ക്രയിന്‍ ക്രാഷ്’ എന്ന ഹൃസ്വ ചിത്രവും പ്രശസ്തിയാര്‍ജ്ജിക്കാന്‍ കാരണമായി. 1963 -ല്‍ ഹോളീവുഡ് സ്റ്റുഡിയോ സന്ദര്‍ശിച്ചതും ജോണ്‍ ഫോര്‍ഡിനെ കണ്ടതും ഒരു വഴിത്തിരിവായി മാറി.

വിദ്യാഭ്യാസാനന്തരം യൂണിവേഴ്സല്‍ സ്റ്റുഡിയോയില്‍ 20 മിനിറ്റ് ദൈര്‍ഘ്യമുള്ള ‘ആംപ്ലിന്‍’ എന്ന സിനിമ നിര്‍മ്മിച്ചതോടെ ചലചിത്രത്തിന്റെ മുഖ്യധാരയിലേക്കു കടന്നു. 1973 ലാണ് ആദ്യസിനിമകള്‍ പുറത്തുവരുന്നത്. ‘ ദ ഡ്യുവല്‍’ , ദ ഷുഗര്‍ലാന്റ്, 75 ലെ ‘ ജാസ്’ സ്പെഷ്യല്‍ ഇഫക്ടുകളുടെ സാദ്ധ്യതകള്‍ വെളിച്ചത്തു കൊണ്ടു വന്ന സിനിമയാണ് . ആ ചിത്രം 3 ഓസ്ക്കാര്‍ അവാര്‍ഡുകള്‍ നേടിയതോടെ സ്പില്‍ബര്‍ഗ് അന്താരാഷ്ട്ര പ്രശസ്തിയാര്‍ജ്ജിച്ചു. ‘ ക്ലോസ് എന്‍ കൌണ്ടേഴ്സ് ഓഫ് ദ തേര്‍ഡ് കൈഡ് ( 1977) ‘ഇറ്റി ദി എക്സ്ട്രാ ടെറിസ്റ്റയില്‍ ( 1981) ലും ഓസ്ക്കാര്‍ അവാര്‍ഡ് നേടി . 1993 -ല്‍ പുറത്തിറങ്ങിയ ‘ ജുറാസിക് പാര്‍ക്ക്’ ആണ് സ്പില്‍ ബര്‍ഗിന്റെ സങ്കേതിക വിദ്യയിലെ മികവ് പ്രകടമാക്കുന്ന എക്കാലത്തേയും വലിയ ചിത്രം. പിന്നീടാണ് സാങ്കേതിക വിദ്യയ്ക്ക് ഒരവധി കൊടുത്ത് നിര്‍മ്മിച്ച വിഖ്യാത ചിത്രം ‘ഷിന്‍ഡ് ലേഴ്സ് ലിസ്റ്റ്’ (1993) പുറത്തു വരുന്നത്. 98 ലെ ഓസ്ക്കാര്‍ നേടിയ ‘ സേവിംഗ് പ്രൈവറ്റ് റയാനും ‘ ഉള്‍പ്പെടെ 25 ഓളം സിനിമകള്‍ സ്പില്‍ ബര്‍ഗിന്റേതായി പുറത്തു വന്നു. കാസ്പര്‍, ട്വിറ്റര്‍ തുടങ്ങി ഏതാനും ചിത്രങ്ങളുടെ നിര്‍മ്മാതാവ് കൂടിയായിരുന്നു. സ്വന്തം സിനിമ സ്റ്റുഡിയോ ‘ ഡ്രീം വര്‍ക്സ്’ സ്പെഷ്യല്‍ ഇഫക്ടിനു പേരു നേടിയതും ഹോളിവുഡ്ഡില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്നതുമാണ്.

2003 -ല്‍ ബ്രട്ടീഷ് രാജ്ഞി പ്രഭു പദവി നല്‍കി ആദരിച്ചതിലൂടെ അദ്ദേഹത്തിന്റെ അന്താരാഷ്ട പ്രശസ്തി ഏതെല്ലാം തലത്തില്‍ എവിടെല്ലാം ചെന്നെത്തി എന്നത് വെളിവാക്കുന്നതാണ്. ‘ഇന്‍ഡ്യാനാ ജോണ്‍സ്’, ( 2 പാര്‍ട്ട്) ദ കളര്‍ പര്‍പ്പിള്‍ , ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സ് , മൈനോറിട്ടി റിപ്പോര്‍ട്ട് , ദ ടെര്‍മിനല്‍, വാര്‍ ഓഫ് ദി വേള്‍ഡ് , ഇന്‍ഡ്യാനാ ജോണ്‍സ് ആന്‍ഡ് ദ കിംഗ്ഡം ഓഫ് ക്രിസ്റ്റല്‍ സ്കള്‍സ്’ ഇവയാണ് മറ്റ് പ്രധാനപ്പെട്ട ചിത്രങ്ങള്‍.

Generated from archived content: cinema1_june7_13.html Author: mk

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here