വിക്ടോറിയ ഡിസീക്കയോടും റോസല്ലനിയോടുമൊപ്പം തത്തുല്യമായ സ്ഥാനം നേടിയ ചലചിത്രകാരനാണ് ഫെഡറിക്കോ ഫെല്ലനി. നിയോറിയലിസ്റ്റിക് പ്രസ്ഥാനത്തിന്റെ പ്രധാന വക്താക്കളില്‍ ഒരാളായ ഫെല്ലനിയുടെ ‘ ലാസ്ട്രഡോ ‘ എന്ന ചിത്രം മനുഷ്യബന്ധങ്ങളില്‍ സ്നേഹത്തിന്റെ അനിവാര്യതയെ ശാശ്വതീകരിക്കുന്ന തോടൊപ്പം സ്നേഹനിഷേധം എങ്ങെനെ ഓരോരുത്തരെയും ബാധിക്കുന്നുവെന്നും ചൂണ്ടിക്കാണിക്കുന്നു. സമ്പാനോ എന്ന തെരുവ് സര്‍ക്കസുകാരന്റെ സഹായിയാണ് ജെല്‍സോമിന. മൂത്ത മകള്‍ മരണമടഞ്ഞപ്പോള്‍ പകരക്കാരിയായി അവളുടെ അമ്മ സമ്പാനോക്ക് വില്‍ക്കുകയായിരുന്നു. ദാരിദ്ര്യവും തൊഴിലില്ലായ്മയും രൂക്ഷമായ കാലഘട്ടത്തിലാണ് കഥ നടക്കുന്നത്. സമ്പാനോ ഒരു മര്‍ക്കടമുഷ്ടിക്കാരനും കാട്ടാളത്തം പ്രകടിപ്പിക്കുന്നവനുമാണെങ്കില് ജെല്സോമിനോക്ക് അയാളോട് വിരോധമൊന്നുമില്ല . എങ്കിലും ക്രൂരതകള്‍ സഹിച്ച് മടുത്തപ്പോള്‍ അവള് അയാളെ ഉപേക്ഷിച്ച് പോകുന്നു. പിന്നീടവള്‍ വഴിയില്‍ വച്ച് പരിചയപ്പെട്ട ഇല്മറ്റോ എന്ന കോമാളിയുടെ കൂട്ടായി മാറുന്നു. ഇത് മനസിലാക്കിയ സമ്പാനോ വിദൂഷകനുമായി വഴക്കിടുകയും അയാള്‍ കൊല്ലപ്പെടുകയും ചെയ്യുന്നു. അതോടെ സമ്പാനോ ജയിലാക്കപ്പെടുന്നു. ജെല്‍ സോമിനോ രോഗഗ്രസ്തയാവുന്നു. പിന്നീട് അത് മരണത്തിലവസാനിക്കുന്നു . വര്‍ഷങ്ങള്‍ക്ക് ശേഷം ജയില്‍ മോചിതനാകുന്ന സമ്പാനോ ജെല്‍സോമിനയുടെ സ്നേഹത്തിന്റെ വ്യാപ്തി മനസിലാക്കുന്നു. ജീവിച്ചിരുന്ന ജെല്‍സോമിനയേക്കാള്‍ മരണപ്പെട്ട ജെല്സോമിനയാണ് അയാളെ മനുഷ്യത്വത്തിലേക്ക് കൊണ്ടുവരുന്നത്. സമ്പാനോ കുടിച്ച് ബോധം കെട്ട് കടപ്പുറത്തു കിടക്കുമ്പോള്‍ ജെല്‍ സോമിനോയുടെ അദൃശ്യസാന്നിധ്യം ലഭിക്കുന്നതായനുഭവപ്പെടുന്നു. തന്റെ അവളോടുള്ള ക്രൂരമായ പെരുമാറ്റമോര്‍ത്ത് പശ്ചാത്തപിക്കുന്നിടത്താണ് സിനിമാ തീരുന്നത്.
പ്രഗത്ഭനായ ആന്റണി ക്വീന്‍ ആണ് സമ്പാനോ ആയി അഭിനയിച്ചത്. ജെല്സോമിനയായി ഫെല്ലനിയുടെ ഭാര്യ ജൂലിയറ്റ് മസീനയാണ് വേഷമിട്ടത്. രണ്ടു പേരുടേയും മികച്ച പ്രകടനം ഈ സിനിമയുടെ വിജയത്തിന് നല്കിയ സംഭാവന വലുതാണ്. 1920 ജനവരി 20 ന് ഇറ്റലിയിലെ റെമിനി ഗ്രാമത്തിലാണ് ഫെല്ലനി ജനിച്ചത്. ഏഴാമത്തെ വയസ്സില്‍ വഴി വിട്ട് തെരുവ് സര്‍ക്കസുകാരുടെ കൂടെ കൂടിയ ഫെല്ലനി പഠിത്തമുപേക്ഷിച്ച് പത്രപ്രവര്‍ത്തകനും കാര്‍ട്ടൂണിസ്റ്റും ചിത്രകാരനും ഫ്രൂഫ് റീഡറുമായി ജോലി നോക്കിയതിന് ശേഷമാണ് റോസെല്ലനിയുടെ ‘ റോം ഓപ്പണ്‍ സിറ്റി’ യുടെ തിരക്കഥാകൃത്തായി സിനിമയിലേക്ക് വരുന്നത്. റോസല്ലിനിയുടെ മിറാക്കിള്‍ ,ഐവിറ്റലോനി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. 1950 ല്‍ ആല്ബര്ട്ടോലറ്റ്യൂഡുമായി ചേര്‍ന്ന് ‘ വറൈറ്റിലൈറ്റ്സ്’ എന്ന സിനിമ സംവിധാനം ചെയ്തു. 54 ലാണ് ‘ ലാസ്ട്രഡാ’ പുറത്തിറങ്ങുന്നത്. ചിത്രം മികച്ച വിദേശചിത്രത്തിനുള്ള ഓസ്ക്കാര്‍ അവാര്‍ഡു നേടി. ഈ പരമ്പരയില്‍ പെട്ട ഇന്റെര്‍വ്യൂ, നൈറ്റ്സ് ഓഫ് കാബീരിയയായും ഓസ്ക്കാര്‍ പുരസ്ക്കാരം നേടിയിട്ടുണ്ട്. ‘ ജൂലിയറ്റ് ഓഫ് സ്പിരിറ്റ്സ്, സാറ്റവിക്കോണ് , അമര്‍കോഡ് എന്നിവയും തുടര്‍ന്ന് 1959 ല്‍ ‘ ലറഡോള്സ് വിറ്റ ( കാന്മേളയില് പുരസ്ക്കാരം നേടി)യും പുറത്തിറങ്ങി.
1963 -ല്‍ പുറത്തിറങ്ങിയ ‘ എയ്റ്റ് ആന്റ് ഹാഫ് എന്ന ചിത്രവും പ്രസിദ്ധമാണ്. ഓസ്ക്കാറടക്കം നിരവധി പുരസ്ക്കാരങ്ങള്‍ ഈ ചിത്രത്തിനും ലഭിച്ചിട്ടുണ്ട്. 1993 ഒക്ടോബര്‍ 31 ല്‍ തന്റെ 73-ആം വയസില്‍ അദ്ദേഹം നിര്യാതനായി.
Generated from archived content: cinema1_june23_12.html Author: mk