ഇന്ത്യന്‍ സിനിമാരംഗത്ത് ആദ്യമായി വിദ്യാര്‍ത്ഥികള്‍ അണിയിച്ചൊരുക്കിയ ചിത്രം. ഇന്റെര്‍മീഡിയറ്റിനു പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥിയായിരുന്നു , ചിത്രത്തിന്റെ അമരക്കാരന്‍. കഥ, തിരക്കഥ, നിര്‍മ്മാണം , സംവിധാനം, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് , ഗാന രചന, സംഗീതം ഇവ വേറെ വിദ്യാര്‍ത്ഥികളും നിര്‍വഹിച്ചു . രാമദാസിനും സഹസംവിധായകനുമായ പരമേശ്വരനുമൊഴികെ ബാക്കി സഹകരിച്ച വിദ്യാര്‍ത്ഥികള്‍ക്കൊക്കെ പ്രായം ഇരുപതില്‍ താഴെ മാത്രം. ലോക സിനിമാരംഗത്ത് തന്നെ വിദ്യാര്‍ത്ഥികള്‍ അണിയിച്ചൊരുക്കിയ ചിത്രം വേറെ ഉണ്ടായിരുന്നില്ല. ലോകത്തെ ആദ്യത്തെ പ്രായം കുറഞ്ഞ സിനിമാ സം വിധായകന്‍ എന്ന ബഹുമതിയും വേറെ ആര്‍ക്കും ലഭിച്ചിരുന്നില്ല. സിനിമയെ കുറിച്ച് വായനയില്‍ക്കൂടി ലഭിച്ച അറിവും ഒരിക്കല്‍ തിരുവനന്തപുരത്ത് മെരിലാന്‍ഡ് സ്റ്റുഡിയോയില്‍ വച്ച് ഒരു സിനിമ ഷൂട്ട് ചെയ്യുന്നത് കണ്ടതുമൊഴിച്ചാല്‍ വേറൊരു മുന്‍പരിചയവുമില്ലാത്ത ഇദ്ദേഹം ശ്രദ്ധേയനാകുന്നത് മലയാളത്തിലെന്നന്നല്ല ദക്ഷിണേന്ത്യയില്‍ ആദ്യമായി ഒരു നിയോറിയലിസ്റ്റിക് സിനിമ നിര്‍മിച്ച് സംവിധാനം ചെയ്ത് പുറത്തിറക്കി എന്നതിലാണ്.
ഇന്നാണെങ്കില്‍ കോളേജുകളിലും സ്കൂളുകളിലും സിനിമ പാഠ്യവിഷയമാവുമ്പോള്‍ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വരെ ക്യാമ്പസ് സിനിമകള്‍ സംവിധാനം ചെയ്യാനുള്ള സാഹചര്യമുണ്ട്. ഗവണ്മെന്റിന്റെയും കലാലയാധികൃതരുടേയും സഹായം അവക്ക് ലഭിക്കുമെന്ന് മാത്രമല്ല മറ്റ് അണിയറ പ്രവര്‍ത്തകരും സാങ്കേതിക വിദഗ്ദരും പരിണിത പ്രജ്ഞരായിരിക്കും . രാമദാസിന്റെ കാലത്ത് ഈ സൗഭാഗ്യങ്ങളൊന്നും ഉണ്ടായിരുന്നില്ല എന്നോര്‍ക്കുക.
പതിനേഴാമത്തെ വയസില്‍ കൂട്ടുകാരുമൊത്ത് തൃശൂര്‍ തേക്കിങ്കാട് മൈതാനിയില്‍ സൊറ പറഞ്ഞിരിക്കുമ്പോള്‍ കൂട്ടത്തിലുണ്ടായിരുന്ന ഒരു വിദ്യാര്‍ത്ഥിയുടെ കൈയിലെ ഫിലിം ഫെയര്‍ മാഗസിനില്‍ രാജ്കപൂറിന്റെ മീതെ ലോകത്തെ ആദ്യത്തെ പ്രായം കുറഞ്ഞ സം വിധായകന്‍ എന്നച്ചടിച്ചിരിക്കുന്നത് കണ്ടപ്പോള്‍ ലോകത്തെ ആദ്യത്തെ പ്രായം കുറഞ്ഞ സം വിധായകന്‍ ഞാനായിരിക്കും എന്ന് ആത്മഗതമെന്നോണം പറഞ്ഞത് ഒരു വീമ്പിളക്കലായിരുന്നില്ല. രാജ് കപൂര്‍ ആദ്യം പടം സം വിധാനം ചെയ്യുമ്പോള്‍ പ്രായം ഇരുപത്തെട്ട്. അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം ന്യൂസ് പേപ്പര്‍ ബോയ് കഥയും തിരക്കഥയുമെഴുതി നിര്‍മിച്ച് സം വിധാനം ചെയ്യുമ്പോള്‍ രാമദാസിനു പ്രായം 22.
രാമദാസും സംഘവും ചേര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്കു മാത്രമായി നടത്തുന്ന ഒരു മാസിക – ‘മാഹാത്മയില്‍’ രാമദാസ് എഴുതിയ കഥ – ‘കമ്പോസിറ്റര്‍’ വികസിപ്പിച്ചെടുത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്യുകയായിരുന്നു . ഒരു പ്രസ് തൊഴിലാളിയുടെ മകനായ അപ്പു , പ്രസിലുണ്ടായ ഒരപകടത്തെ തുടര്‍ന്ന് അച്ഛന്‍ മരണപ്പെടുമ്പോള്‍ അനാഥമായ കുടുംബത്തെ പോറ്റാന്‍ വേണ്ടി ജോലി തേടി മദ്രാസിലേക്കു പോകുന്നു . ഒരു ധനികന്റെ വീട്ടിലെ വേലക്കാരനായി കഴിയേണ്ടി വന്നപ്പോള്‍, ഒരു മോഷണക്കുറ്റം ചുമത്തി വീട്ടുകാരി പുറത്താക്കുമ്പോള്‍ ഹോട്ടല്‍ ജോലി ഉള്‍പ്പെടെ പല ജോലികളും ചെയ്യേണ്ടി വരുന്നു. ജോലിയില്ലാത്തപ്പോള്‍ തെരുവ് തേണ്ടികള്‍ക്കൊപ്പം കഴിയേണ്ടി വന്ന അവസ്ഥയില്‍ തിരിച്ചു നാട്ടിലെത്തുന്നു. കുടുംബം പോറ്റാന്‍ വേണ്ടി കൂലി വേല വരെ ചെയ്ത് ക്ഷയരോഗബാധിതയായ അമ്മയേയും കുടുംബത്തേയും വാടക കൊടുക്കാത്തതിന്റെ പേരില്‍ കുടിയിറക്കുന്നതു കാണേണ്ടി വരുന്നത് . അമ്മ മരണപ്പെടുന്നതോടെ സഹോദരങ്ങളെ പോറ്റുന്നതിനുവേണ്ടി ഒരു പത്ര വില്പ്പനക്കാരനായി മാറുന്നിടത്താണ് കഥ തീരുന്നത് . പതിവിനു വിപരീതമായി ആരംഭം എന്നെഴുതിക്കാണിക്കുന്നിടത്താണ് ചിത്രത്തിന്റെ അവസാനം . പ്രദര്‍ശന വിജയം നേടാന്‍ കഴിഞ്ഞില്ലെങ്കിലും ഈ ചിത്രം പല തരത്തിലും ചരിത്രം സൃഷ്ടിക്കുകയുണ്ടായി. വിദ്യാര്‍ത്ഥികള്‍ മാത്രം പ്രവര്‍ത്തിച്ച പുറത്തിറക്കിയ ചിത്രം എന്ന ഖ്യാതി കേരളത്തിലെ പത്രങ്ങളില്‍ മാത്രമല്ല ഇന്ത്യയിലെ വന്‍ കിടപത്രങ്ങളിലും വാര്ത്താ പ്രാധാന്യം സൃഷ്ടിച്ചു . പരമ്പരാഗത ശൈലിയെ നിരാകരിച്ചുകൊണ്ടുള്ള ഒരു സിനിമ
ബോംബയില്‍ നിന്നും പുറത്തിറങ്ങിയിരുന്ന ബ്ലിറ്റ്സ് വാരികയില്‍ എഴുതിയത് ഇങ്ങനെ ‘ ബ്ലിറ്റ്സ് സല്യൂട്ട് സ്റ്റുഡന്റ് സ് ഹു പ്രൊഡ്യൂസ്ഡ് എ ഫിലിം ആന്റ് മേഡ് ഹിസ്റ്ററി’ ഈവ്സ് വീക്കിലി, റീല്‍ ന്യൂസ് എന്നീ പ്രസിദ്ധീകരണങ്ങളും വിദ്യാര്‍ത്ഥികളായ സിനിമക്കാരെ അഭിനന്ദിച്ചെഴുതി. ബോംബെ ക്രോണിക്കളില്‍ വന്ന വാര്‍ത്ത ഇങ്ങനെ ‘ അമേച്വര്‍ ഫിലിം ഗ്രൂപ്പ് പ്രൂവ്സ് ബ്രയിന്‍സ് ആര്‍ ബെറ്റര്‍ ദാന്‍ ബിഗ് ബഡ്ജറ്റ്സ് ‘ ഭാരത് ജ്യോതി ചിത്രം ആസ്വദിക്കുന്നതിന് ഭാഷ തടസ്സമെന്ന് എഴുതുകയുണ്ടായി . വി ശാന്താറാം, ദുര്‍ഗാഘോട്ടെ, ബല്‍രാജ് സഹാനി, ഐ കെ മേനോന്‍ , ഐ എസ് ജോഹര്‍ എന്നിവരും സിനിമ കണ്ട് ആശ്ച്ചര്യപ്പെടുകയും പ്രശംസിക്കുകയും ചെയ്തു. കേരളത്തില്‍ ഷൂട്ടിംഗ് സമയത്ത് കൗമുദി ബാലകൃഷ്ണന്‍ കൗമുദിയില്‍ ഈ സംരംഭത്തെ പറ്റി വാര്‍ത്തകള്‍ കൊടുത്തിരുന്നു .’ വളരെ ഭംഗിയായി സംവിധാനം ചെയ്ത ചിത്രം’ എന്ന റിവ്യൂ ചെയ്ത കൗമുദിയിലെ തലക്കെട്ട് തന്നെ ‘ ഈ മലയാളി ചിത്രം നിങ്ങള്‍ കാണാന്‍ മറന്നു പോകരുത് ‘ എന്നതായിരുന്നു .മഹാകവി ജി , തൃശൂരിലെ എക്സ്പ്രസ് എറണാകുളത്തുനിന്നിറങ്ങുന്ന ചന്ദ്രലേഖ ഇവരെല്ലാം പുകഴ്ത്തിയിട്ടും റിലീസിംഗിനെക്കുറിച്ചുള്ള അജ്ഞതയും വിതരണത്തിനെടുത്തതിലെ തകരാറും കൊണ്ട് നഷ്ടത്തിലാണു കലാശിച്ചത് . ഒരു ലക്ഷത്തി എഴുപത്തിഅയ്യായിരം രൂപ ചിലവ് വന്ന തുകക്ക് – നഷ്ടം നികത്താന്‍ വേണ്ടി രാമദാസിന്റെ വീതം കിട്ടിയ വസ്തുക്കള്‍ വരെ വില്‍ക്കേണ്ടി വന്നു. മദ്രാസ് ഫിലിം ഫാന്‍സ് അസോസിയേഷന്റെ മികച്ച ചിത്രത്തിനുള്ള പുരസ്ക്കാരവും സംഗീത നാടക അക്കാദമിയുടെ അതുവരെ ഇറങ്ങിയ ചിത്രങ്ങളില്‍ മികച്ച തിരക്കഥക്കുള്ള അവാര്‍ഡും ചിത്രം നേടുകയുണ്ടായി. ആദ്യ സിനിമ കൊണ്ടു തന്നെ ഇന്ത്യന്‍ സിനിമയില്‍ ഇടം നേടിയ പി. രാമദാസ് എറണാകുളത്ത് ജനിച്ചു. വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ പതിനഞ്ചാം വയസില്‍ ബാല സംഘം എന്ന സംഘടന രൂപീകരിച്ചു .( പിന്നീട് മഹാത്മജി സ്മാരകസംഘം ) ഇന്ത്യയിലെ എന്നല്ല ലോകത്തെ ആദ്യത്തെ വിദ്യാര്‍ത്ഥി സംഘം പുറത്തിറക്കിയ ചിത്രം എന്ന ഖ്യാതിയും രാമദാസിനും കൂട്ടര്‍ക്കും ലഭിച്ചു. വി ശാന്താറാം തുടങ്ങിയവരുടെ ചിത്രങ്ങളും അപൂര്‍വം വിദേശ ചിത്രങ്ങളും കണ്ട അറിവുമാത്രമായിരുന്നു സിനിമയെ പറ്റി നേടിയിരുന്നത്. 1959 -ല്‍ എറണാകുളം ലോ കോളേജില്‍ നിന്ന് ബിരുദം നേടി അഡ്വേക്കേറ്റായി. 1974-ല്‍ ‘നിറമാല ‘ 81- ല്‍ ‘വാടകവീട്ടിലെ അതിഥി’ എന്നീ രണ്ട് ചിത്രങ്ങള്‍ മാത്രമേ പിന്നീട് സം വിധാനം ചെയ്തിട്ടുള്ളു. തൃശൂരില്‍ കലാഭാരതി എന്നൊരു ഫിലിം ഇന്‍സ്റ്റ്യൂട്ട് , പിന്നീട് വിജ്ഞാനഭാരതി എന്ന മാസികയും ആരംഭിച്ചു. ഓള്‍ട്രനേറ്റ് മെഡിസിനില്‍ എം ഡി ബിരുദം നേടി. സോസിയാസിസ് എന്ന രോഗത്തിനു ഫലപ്രദമായ ചികിത്സാവിധി കണ്ടു പിടിച്ചു. ഇപ്പോള്‍ സിനിമയില്‍ നിന്നൊക്കെ ഒതുങ്ങി തൃശൂരില്‍ കഴിയുന്നു . മാക്ട, ഫില്‍ക്ക തുടങ്ങിയ സംഘടനകളുടെ ആദരവ് നേടിയിട്ടുണ്ട്. സിനിമാരംഗത്ത് കേരള ഗവണ്മെന്റ് നല്‍കുന്ന ജെ. സി ഡാനിയേല്‍ പുരസ്ക്കാരവും നേടിയിട്ടുണ്ട്.
Generated from archived content: cinema1_june14_14.html Author: mk
Click this button or press Ctrl+G to toggle between Malayalam and English