സിറ്റിസണ്‍ കെയ്ന്‍ (1941)- ഓര്‍സണ്‍ വെല്‍സ്

ആദ്യ സിനിമകൊണ്ടു തന്നെ ലോകത്തെ എക്കാലത്തേയും മികച്ച ക്ലാസിക് സിനിമകളിലൊന്നായി മാറിയ ‘ സിറ്റിസണ്‍ കെയ്ന്‍’ ന്റെ സംവിധായകനായ ഓര്‍സണ്‍ വെല്‍സ് ചലച്ചിത്ര വേദിയില്‍ മുന്‍ നിരയില്‍ തന്നെ സ്ഥാനം നേടി. സാങ്കേതിക രംഗത്തും ആഖ്യാനരംഗത്തും മുന്‍പാരും കൈ വെക്കാത്ത പാതയിലൂടെ സഞ്ചരിക്കാനായി എന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ കഴിവ്. ബ്ലാക് ആന്‍ഡ് വൈറ്റില്‍ ഗ്രെഗ്ടോളണ്ടിന്റെ ഛായാഗ്രഹണത്തിലൂടെ പുറത്തു വന്ന ചിത്രം സിറ്റിസണ്‍ കെയ്ന്‍ ആധുനിക സാങ്കേതിക വിദ്യ പാരമ്യത്തിലെത്തി നില്‍ക്കുന്ന ഇക്കാല ഘട്ടത്തിലും അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്നവയാണ്. ‘ചാള്‍സ് ഫോസ്റ്റര്‍ കെയ്ന്‍’ എന്ന പത്രമുതലാളിയുടെ മരണത്തോടെ പത്രപ്രവര്‍ത്തകമായ തോംസണ്‍ ‘ന്യൂയോര്‍ക്ക് ഇന്‍ ക്വയറ്റി’ ന്റെ ന്യൂസ് റീല്‍ നിര്‍മ്മാണത്തിനായി അയാളെ പറ്റിയുള്ള വിവരങ്ങള്‍ തിരക്കി പലരേയും സമീപിക്കുന്നു. ആ‍ അന്വേഷണം തരുന്നത് വ്യത്യസ്തങ്ങളായ ചിത്രങ്ങളാണ്. കെയ്നിനെ ശത്രുതയോടെ മാത്രം കണ്ടിരുന്ന ബാങ്കര്‍, അതേസമയം അയാളെ ആരാധനയോടെ മാത്രം കണ്ടിരുന്ന മാനേജര്‍ ബെണ്‍‍സ്റ്റിന്‍, രണ്ടാം ഭാര്യ സൂസണ്‍, മിത്രം ലീലെന്‍ഡ് ഇവരുടെ വിവരണങ്ങളില്‍ കൂടി ശരിയായ ഒരു ചിത്രം കിട്ടുന്നില്ല. കുട്ടിക്കാലത്ത് അവനെ വളര്‍ത്താനേല്‍പ്പിച്ച ബാങ്കറുടെ പെരുമാറ്റം സൃഷ്ടിച്ച പ്രത്യാഘാതമാവാം, കെയ്ന്‍ പിന്നെ എല്ലാം കീഴടക്കി സ്വന്തം വരുതിയിലാക്കണമെന്ന ത്വരയിലായിരുന്നു. പ്രസിഡന്റിന്റെ അനന്തിരവളെ വിവാഹം കഴിക്കാന്‍ ലക്ഷ്യമിടുന്നത് ഗവര്‍ണ്ണര്‍ പദവി നേടാനാവുമല്ലോ എന്ന വിചാരത്താലാണ്. പക്ഷെ ഗായികയായ സൂസനുമായുള്ള അവിവിഹിതബന്ധം പുറത്ത് വന്നതോടെ ആ ലക്ഷ്യം സാധ്യമാവാതെ പോകുന്നു. തനിക്ക് താങ്ങും തണലുമായിരുന്ന പലരെയും ഈ കുതിച്ചു പായലില്‍ തള്ളിക്കളയാന്‍ മടിക്കുന്നില്ല. ഉദ്ദേശിച്ച ലക്ഷ്യം പലതും സാധിതമായെങ്കിലും പ്രഥമഗണനീയമായി കണ്ടതൊന്നും സധിക്കാതെ വന്നതിനാല്‍ സ്വസ്ഥത നശിച്ച ഒരേകാന്ത ജീവിതമായിരുന്നു പിന്നീടയാള്‍ക്ക് വിധിച്ചത്. അമ്മ ബാങ്കറെ ബാല്യകാലത്ത് ഏല്‍പ്പിച്ചപ്പോളനുഭവപ്പെട്ട അനാഥത്വം അവസാനകാലത്തും അനുഭവിക്കേണ്ടി വരുന്നു മരണസമയത്ത് അവ്യക്തമായുച്ചരിച്ച ‘ റോസ് ബെഡ്’ എന്ന വാക്കിന്റെ ഉറവിടം തേടി പത്രപ്രവര്‍ത്തന്‍ നടത്തുന്ന ശ്രമങ്ങളൊക്കെ വിഫലമാവുന്നു. പക്ഷെ തനിക്ക് നഷ്ടപ്പെട്ട ബാല്യകാലത്തെ ഒരു കളിപ്പാട്ടമായിരുന്നു. അതെന്ന് കഥാന്ത്യത്തില്‍ അഗ്നിക്കിരയാവുന്ന സാമഗ്രഹികളില്‍ ഈ പേരെഴുതിയത് കാണുമ്പോള്‍ പ്രേക്ഷകര്‍ക്ക് മനസിലാവുന്നു.

നടന്‍, തിരക്കഥാകൃത്ത്, എഡിറ്റര്‍, സംവിധായകന്‍ എന്നീ നിലകളില്‍ പ്രശസ്തനായ ഓര്‍സണ്‍ വെല്‍ സ് 1915 മെയ് 6 ന് വിസ്കോണ്‍സില്‍ ഒരു ധനിക റോമന്‍ കത്തോലിക്ക കുടുംബത്തിലാണ് പിറന്നത്. ചെറുപ്പത്തിലെ സംഗീതം, നാടകം, തുടങ്ങിയ കലകളോട് അഭിനിവേശം ഉണ്ടായിരുന്നു. മാതാപിതാക്കളുമായുള്ള വേര്‍പിരിയലോടെ അനാഥമായി തീര്‍ന്ന ഒരു ബാല്യമായിരുന്നു. ചിക്കാഗോയിലെ ആര്‍ട്ട് സ്കൂളില്‍ ചേര്‍ന്ന് നാടകത്തിന്റെ സാങ്കേതികതകള്‍ പഠിച്ചു. പിന്നീട് സ്വന്തമായി ഒരു തീയേറ്റര്‍ ഗ്രൂപ്പ് സ്ഥാപിച്ചു. എച്ച്. ജി. വെല്‍സിന്റെ ‘ വാര്‍ ഓഫ് ദി വേള്‍ഡ്’ എന്ന നാടകം അവതരിപ്പിച്ചു കൊണ്ട് കലാരംഗത്ത് സജീവമായി. 40 മിനിറ്റ് ദൈഘ്യമുള്ള ഒരു ഹൃസ്വ ചിത്രത്തിന്റെ നിര്‍മ്മിതിക്ക് ശേഷമാണ് ആദ്യ ഫീച്ചര്‍ സിനിമ ‘ സിറ്റിസണ്‍ കെയ്ന്‍’ സംവിധാനം ചെയ്യുന്നത്. ഇതിലെ കേന്ദ്ര കഥാമാത്രമായി വേഷമിട്ടതും വെല്‍സായിരുന്നു. 1945 – ല്‍ പുറത്ത് വന്ന സ്ട്രെയിഞ്ചര്‍ എന്ന ചിത്രത്തിനു ശേഷം ( ഇതിലും അഭിനയിക്കുകയുണ്ടായി) യൂറോപ്പിലേക്ക് കുടിയേറി. ‘ ഒഥല്ലോ’, ‘ദ ട്രയല്‍’ എന്നി ചിത്രങ്ങള്‍ നിര്‍മ്മിച്ചത് ഈ കാലഘട്ടത്തിലാണ്. 1932 – ല്‍ പുറത്തു വന്ന ‘ബട്ടര്‍ഫ്ലൈ’ ആണ് അവസാന ചിത്രം. പക്ഷെ ഓര്‍സണ്‍ വെല്‍സിനെ ഇന്നും കൊണ്ടാടപ്പെടുന്നത് ‘സിറ്റിസണ്‍ കെയ്ന്‍’ എന്ന ചിത്രത്തിന്റെ ശില്‍പ്പി എന്ന നിലയിലാണ്. 1970 ല്‍ അക്കാദമിയുടെ സ്പെഷ്യല്‍ അവാര്‍ഡ് ലഭിച്ചു. 75 – ല്‍ ലൈഫ് ടൈം അവാര്‍ഡും ലഭിച്ചു. സിറ്റിസണ്‍ കെയ്നിന് 9 ഓസ്ക്കാര്‍ നോമിനേഷനുകള്‍ ലഭിച്ചെങ്കിലും തിരക്കഥക്കുള്ള പുരസ്ക്കാരം മാത്രമേ നേടാനായുള്ളു. പക്ഷെ സിറ്റിസണ്‍ കെയ്ന്‍ എക്കാലത്തേയും മികച്ച ബ്ലാക് ആന്‍ഡ് വൈറ്റ് കാലഘട്ടത്തിലെ ക്ലാസിക്ക് സിനിമയായി ചലച്ചിത്രലോകം കാണുന്നു. ചിത്രകാരന്‍, ജേര്‍ണലിസ്റ്റ്, നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍, നിര്‍മ്മാതാവ് എന്നീ മേഖലകളിലെല്ലാം പ്രാവീണ്യം നേടിയിരുന്നു. അദ്ദേഹത്തെക്കുറിച്ച് ‘ഓര്‍സണ്‍ വെല്‍സ്’, ‘ദി മാജിക് വേള്‍ഡ് ഓഫ് ഓര്‍സണ്‍ വെത്സ്’, ‘ദ തീയേറ്റര്‍ ഓഫ് ഓര്‍സണ്‍ വെല്‍സ്’ എന്നി ഗ്രന്ഥങ്ങള്‍‍ പുറത്തു വന്നിട്ടുണ്ട്.

1986 ഒക്ടോബര്‍ 10 നു അന്തരിച്ചു.

Generated from archived content: cinema1_july26_13.html Author: mk

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English