1915 -ല്‍ കറുപ്പിലും വെളുപ്പിലുമായി നിര്‍മ്മിച്ച – 190 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ചിത്രം അമേരിക്കന്‍ ആഭ്യന്തര കലാപത്തിലൂന്നിയുള്ള വെളുത്ത വര്‍ഗ്ഗക്കാരും കറുത്ത വര്‍ഗ്ഗക്കാരും തമ്മിലുള്ള – പകയുടേയും പകരം വീട്ടലിന്റേയും കഥ പറയുന്ന ചിത്രമാണ്.
ഇരുപതാം നൂറ്റാണ്ടിലെ അമേരിക്കയിലെ വെളുത്ത വര്‍ഗ്ഗക്കാരുടെ വംശാധിപത്യത്തെ മഹത് വകരിക്കുന്ന ഒരു ചിത്രമെന്ന ആക്ഷേപം ഈ സിനിമയെ പറ്റിയുണ്ട്. തെക്കുനിന്നും വടക്കുനിന്നുമുള്ള രണ്ട് കുടുംബങ്ങളുടെ വൈരുദ്ധ്യമന:സ്ഥിതിയും പിന്നീടവര്‍ സൗഹൃദത്തിലാവുന്നെങ്കിലും രാഷ്ട്ര രൂപീകരണസമയത്ത് വീണ്ടും വിരുദ്ധ പക്ഷങ്ങളിലേക്ക് നീങ്ങുന്നതിന്റേയും കഥപറയുന്ന ഈ ചിത്രം ഭംഗ്യന്തരേണ വര്‍ണ്ണവെറിയന്മാരുടെ വംശാധിപത്യത്തെ ന്യായീകരിക്കുകയാണ് ചെയ്യുന്നത്. കറുത്ത വര്‍ഗ്ഗക്കാര്‍ക്ക് അധികാര പദവിയിലേക്ക് കടന്ന് വരാനുള്ള ഒരര്‍ഹതയുമില്ലെന്ന് സംവിധായകന്‍ ഡി.ഡബ്ലിയു. ഗ്രിഫ്ത്ത് സ്ഥാപിക്കാന്‍ ശ്രമിക്കുന്നു.
യഥാര്‍ത്ഥ ലൊക്കേഷനുകളില്‍ വച്ചെടുത്ത ഈ ചിത്രം ആഭ്യന്തര കലാപ ദൃശ്യങ്ങള്‍ ഒരുക്കിയിരിക്കുന്നതിന്റെ മികവും ചടുതലയും എടുത്ത് കാണിക്കുന്നു. കറുത്തവര്‍ക്ക് വേണ്ടി വാദിക്കുന്ന അബ്രഹാം ലിങ്കണ്‍ കൊല്ലപ്പെടുന്ന ദൃശ്യം ചിത്രത്തില്‍ ചേര്‍ത്തിട്ടുണ്ട്. രാഷ്ട്രത്തിന്റെ പുരോഗതിക്ക് കറുത്ത വര്‍ഗ്ഗക്കാരായ ആഫ്രിക്കന്‍ – അമേരിക്കന്‍ വംശജരെ അംഗീകരിക്കാന്‍ വൈമുഖ്യം കാണിക്കുന്ന വെള്ളക്കാരുടെ വീക്ഷണത്തെ ന്യായീകരിക്കുകയാണ് ഈ ചിത്രത്തിലൂടെ സംവിധായകന്‍ ചെയ്തിരിക്കുന്നത്. ഇതിന് സാധൂകരണം നടത്താന്‍ വേണ്ടി – കറുത്തവരാല്‍ പീഢിപ്പിക്കപ്പെടുന്ന വെള്ളക്കാരുടെ ഒരു കുടുംബത്തെ രക്ഷിക്കാന്‍ വേണ്ടി കുക്സ് ക്ലാന്‍ എന്ന കൂട്ടരുടെ ശ്രമം ഈ സിനിമയില്‍ ആവിഷ്ക്കരിച്ചിരിക്കുന്നത് ഫലത്തില്‍ വംശീയമായ വെറുപ്പും പകയും കറുത്തവരോട് പ്രേക്ഷകര്‍ക്കും ഉണ്ടാവണമെന്ന് ഒരു നിഗൂഢമായ ലക്ഷ്യം വച്ചുകൊണ്ടാണെന്ന് നിഷ്പക്ഷമതികള്‍ക്ക് കണ്ടെത്താനാവും
സിനിമയുടെ ആദ്യഭാഗത്ത് കറുത്തവരുടെ മേല്‍ വെളുത്തവര്‍ അധീനത്വം സ്ഥാപിക്കുന്നതായി കാണിക്കുന്നെങ്കിലും പിന്നീടവര്‍ വെളുത്തവരെ – പ്രത്യേകിച്ചും സ്ത്രീകളെ കാമവെറി പൂണ്ട് ആക്രമിക്കുന്ന ഭീകരരായി മാറ്റിയിരിക്കുന്നു. സംവിധായകന്റെ ലക്ഷ്യം ഒന്നു മാത്രം – കറുത്തവരെ മോചിപ്പിച്ചത് തെറ്റായിപ്പോയി എന്ന് സ്ഥാപിക്കാനുള്ള ഒരു കുതന്ത്രം.
ചിത്രത്തെ പറ്റി ഇങ്ങനെയൊക്കെ ആക്ഷേപമുണ്ടാമെങ്കില്‍ പോലും അതുവരെ കണ്ടിരുന്ന വെറും ദൃശ്യങ്ങള്‍ മാത്രം സന്നിവേശിപ്പിച്ച് സിനിമ എന്ന പേരില്‍ പടച്ചിറങ്ങുന്ന ചിത്രങ്ങള്‍ക്ക് വിരുദ്ധമായി കെട്ടുറപ്പുള്ള ഒരാഖ്യാനതന്ത്രം ആദ്യമായി കൊണ്ടു വന്ന സംവിധായക നിര്‍മ്മാതാവാണ് ഗ്രിഫത്ത് എന്നത് കാണാതിരുന്ന് കൂടാ.
ലോംഗ് ഷോട്ടിലും പിന്നീട് മീഡിയം ഷോട്ടിലും അവിടെ നിന്ന് ക്ലോസപ്പ് ഷോട്ടും ആദ്യമായി വ്യാപകമായി പരീക്ഷിച്ച ഒരു സംവിധായകനാണ് ഗ്രിഫത്ത്. ഒരേ സമയത്ത് തന്നെ വിഭിന്ന രംഗങ്ങളില്‍ നടക്കുന്ന കാര്യങ്ങള്‍ ഉദ്വേഗം വളര്‍ത്തുന്ന രീതിയില്‍ ഇടകലര്‍ത്തി ആവിഷ്ക്കരിക്കാന്‍ ഗ്രിഫത്ത് ശ്രമിച്ചിട്ടുണ്ട്. അതിലദ്ദേഹം വിജയിക്കുകയും ചെയ്തു.
1875 ജനവരി 22 ന് കെന്റ്ക്കിയിലാണ് ഗ്രിഫത്തിന്റെ ജനനം. അച്ഛന്റെ മരണത്തോടെ സിനിമാരംഗത്തേക്ക് വന്നത് തിരക്കഥാകൃത്തും നടനുമായിട്ടാണ്. പക്ഷെ, അവിടൊന്നും അദ്ദേഹത്തിന് വിജയിക്കാനായില്ല. ആദ്യ കാലത്ത് നിരവധി ഹൃസ്വ ചിതങ്ങള്‍ നിര്‍മ്മിച്ചതിന് ശേഷമാണ് സംവിധാനത്തിലേക്ക് തിരിഞ്ഞത്. സിനിമയുടെ സാങ്കേതിക രംഗത്ത് അദ്ദേഹം നിഷ്ക്കര്‍ഷിച്ച മേന്മ- അതുവരെ നിര്‍മ്മിച്ച മറ്റുള്ളവരുടെ ചിത്രങ്ങളിലൊന്നും കാണാത്ത ഒരു സവിശേഷതയാണ്. ഡീപ്പ് ഫോക്കസ്, ജംപ് കട്ട് , ക്ലോസപ്പ് ഷോട്ടുകള്‍ ഇവയൊക്കെ ആദ്യമായി വ്യാപകമായി നടപ്പിലാക്കിയത് ഗ്രിഫത്താണ്. സ്വന്തമായി ഒരു ഫിലിം കമ്പനി രൂപീകരിച്ച് നിര്‍മ്മിച്ച് സംവിധാനം ചെയ്ത ചിത്രമാണ് ബേര്‍ത്ത് ഓഫ് എനേഷന്‍. വേറൊന്ന് അത് വരെ നിര്‍മ്മിച്ച ചിത്രങ്ങള്‍ക്കൊക്കെ നാല്‍പ്പത് മിനിട്ടില്‍ കൂടുതല്‍ ദൈര്‍ഘ്യമില്ലായിരുന്നു. 190 മിനിട്ട് നേരം നീണ്ടു നിന്ന – പ്രദര്‍ശന രംഗത്തും സാമ്പത്തികരംഗത്തും വിജയം കണ്ട ഒരു സിനിമ – അതാണ് ‘ ബേര്‍ത്ത് ഓഫ് എനേഷന്‍’. കടുത്ത പ്രതിലോമ ചിന്താഗതിയുള്ള ചലച്ചിത്രകാരനാണെങ്കിലും – ആദ്യമായി സാങ്കേതിക രംഗത്ത് മികവ് കാട്ടിയ ഒരു സിനിമാക്കാരന്‍ – ആ ലേബല്‍ – ഗ്രിഫത്തിനുള്ളതാണ്.
അദ്ദേഹത്തിന്റെ മറ്റ് പ്രധാന ചിത്രങ്ങള്‍ : ഇന്‍ ഓള്‍ഡ് കാലിഫോര്‍ണിയ (1910) ഇന്‍ ടോളറന്‍സ് (1916), അമേരിക്ക (1924), അബ്രഹാം ലിങ്കണ്‍ (1930), ഇവയാണ്.
1948 ജൂലൈയിലായിരുന്നു അന്ത്യം.
Generated from archived content: cinema1_jan13_12.html Author: mk