വേള്‍ഡ് ക്ലാസ്സിക്ക് സിനിമകള്‍ -2 നാനൂക്ക് ഓഫ് ദ നോര്‍ത്ത് (1922) റോബര്‍ട്ട് ജെ ഫ്ലാഹര്‍ട്ടി

ലോകത്തെ ആദ്യത്തെ ഡോക്യുമെന്റെറി ചിത്രമാണ് നാനൂക്ക് ഓഫ് ദി നോര്‍ത്ത്. നാനൂക്കിനു മുമ്പും ഡോക്യുമെന്റെറി ചിത്രം ഉണ്ടായിട്ടുണ്ടെങ്കിലും അവയെല്ലാം ഒരു റീല്‍ ചിത്രങ്ങളോ ഹൃസ്വ ചിത്രങ്ങളോ ആയിരുന്നു. ദൈര്‍ഘ്യമേറിയ ഒരു ഡോക്യുമെന്റെറി ചിത്രം ( 79 മിനിറ്റ് – ബ്ലാക്ക് & വൈറ്റ് ) യാതൊരു മുഷിച്ചിലും കൂടാതെ പ്രേക്ഷകര്‍ കണ്ടു എന്ന് മാത്രമല്ല ലോകത്താദ്യമായി ധ്രുവപ്രദേശത്തെ എസ്കിമോകളുടെ ജീവിതം- ആ പ്രദേശത്ത് മഞ്ഞുപാളികള്‍ക്കിടയില്‍ ക്യാമറ കൊണ്ടുപോയി ചിത്രീകരിച്ചുവെന്നതും പ്രത്യേകിച്ച് പരാമര്‍ശമര്‍ഹിക്കുന്നു.

കാനഡയിലെ ആര്‍ട്ടിക് പ്രദേശത്ത് താമസിക്കുന്ന ഇന്യൂട്ട് വിഭാഗത്തില്‍ പെട്ട ഗോത്രജനതയാണ് – യഥാര്‍തഥചിത്രീകരണത്തിലൂടെ ലോകശ്രദ്ധയാകര്‍ഷിച്ചത്. ചലച്ചിത്ര സാങ്കേതികത പരിമിതമായ കാലത്ത് ഉത്തരപ്രദേശത്തെ ഹിമഭൂമിയില്‍ ഏകദേശം ഒരു വര്‍ഷമെടുത്താണ് സംവിധായകന്‍ റോബര്‍ട്ട് ജെ ഫ്ലാഹര്‍ട്ടി നാനൂക്കിന്റെയും കുടുംബത്തിന്റേയും അതിസാഹസിക കഥ ചിത്രീകരിച്ചത്.

1910 ല്‍ ഹഡ്സണ്‍ ഉള്‍ക്കടലിനടുത്ത് ഇരുമ്പയിര്‍ നിക്ഷേപം കണ്ടെത്താനുള്ള ശ്രമത്തിനിടയിലാണ് ഫ്ലാളഹര്‍ട്ടി – കയ്യിലുണ്ടായിരുന്ന ക്യാമറ പ്രയോജനപ്പെടുത്തി ചിത്രമെടുത്തത്. ലോകത്തെ മുഖ്യധാരാ വിഭാഗത്തില്‍ നിന്നകന്ന് കടല്‍ മൃഗങ്ങളെ വേട്ടയാടി ജീവിതം നയിക്കുന്ന എസ്കിമോകളുടെ ജീവിതം അവരുടെ ആസ്ഥാനത്ത് മഞ്ഞുപാളികള്‍ക്കിടയില്‍ ക്യാമറ കൊണ്ടുപോയി ചിത്രീകരിക്കുന്നതിന് വേണ്ടി അല്ലക്കറിയാലോക്ക് എന്ന എസ്ക്കിമോയുമായി സൗഹൃദത്തിലാവുകയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുമൊത്ത് അവരുടെ വളര്‍ത്തു നായക്കളുമടങ്ങിയ സംഘത്തിന്റെ- മുന്‍ കൂട്ടി തയ്യാറാക്കിയ സ്ക്രിപ്റ്റ് ഒന്നുമില്ലാതെ ദൃശ്യവല്‍ക്കരിക്കുകയായിരുന്നു. ലോകത്ത് വംശനാശം സംഭവിക്കാന്‍ സാദ്ധ്യതയുള്ള ഒരു വിഭാഗം ജനതയുടെ ജീവിത ചിത്രീകരണം സാധിച്ചതിലൂടെ അദ്ദേഹം ചലചിത്ര രംഗത്ത് മാത്രമല്ല , ലോകജനതക്കാകെത്തന്നെ മാതൃകാപരമായ അസാദ്ധ്യമായ സേവനമാണനുഷ്ഠിച്ചത്.

ഇഗ്ലു എന്ന പേരിലറിയപ്പെടുന്ന മഞ്ഞുപാളികള്‍ കൊണ്ടാണ് എസ്കിമോകളുടെ ഗൃഹനിര്‍മ്മാണം നടത്തുന്നത്. കടലിലെ വാല്‍റസ് എന്നറിയപ്പെടുന്ന കടലാന, സീല്‍ എന്ന നീര്‍ നായ ഇവയെയൊക്കെ വേട്ടയാടി പിടിക്കുകയും കൊല്ലുകയും- ഇതൊക്കെ വളരെ സാഹസികമായ ശ്രമങ്ങളിലൂടെയാണ് ചിത്രീകരിച്ചത്. ചിലപ്പോള്‍ ഷൂട്ട് ചെയ്യാനായി കണ്ടെത്തിയ സ്ഥലം മഞ്ഞുപാളിയുരുകി വെള്ളമായി മാറുമ്പോള്‍ ക്യാമറയും കൊണ്ട് അവിടം ഉപേക്ഷിക്കേണ്ടി വരാറുണ്ട്. നീര്‍നായ്ക്കള്‍ പൊങ്ങി എന്നറിഞ്ഞ് മണിക്കൂറുകളോളം ക്യാമറയും ചുമന്നെത്തുമ്പോഴേക്കും – അവ ചിലപ്പോള്‍ സ്ഥാനം മാറ്റിയിട്ടുണ്ടാകും. ഇത് മൂലം ഇവയെ വേട്ടയാടുകയും കൊല്ലുകയും ചെയ്യുന്ന ദൃശ്യങ്ങളെടുക്കാന്‍ ചിലപ്പോള്‍ ആഴ്ചകളോളം കാത്ത് കെട്ടികിടന്നിട്ടുണ്ട്. ഷൂട്ട് ചെയ്ത ഭാഗങ്ങള്‍ അന്നന്ന് തന്നെ പ്രോസ്സസ്സ് ചെയ്ത് തന്റെ കൂടെയുള്ള നാനൂക്കിനും കൂട്ടര്‍ക്കും കാണിച്ചു വിശദീകരിച്ച് കൊടുത്തിരുന്നെത്രെ. ആദ്യ സമയങ്ങളില്‍ സ്ക്രീനില്‍ തെളിയുന്ന നീര്‍നായ തങ്ങളെ ആക്രമിക്കാനായി വരുന്നെന്ന് കരുതി എസ്ക്കിമോകളും കൂട്ടരും ഭയവിഹ്വലരായി ഓടിയ കാര്യവും റോബര്‍ട്ട് ജെഫ്ലാഹര്‍ട്ടിക്ക് അനുഭവപ്പെട്ടിട്ടുണ്ട്.

ഇത്രയൊക്കെ കഷ്ടപ്പെട്ടും ബുദ്ധിമുട്ടിയും ചിത്രീകരിച്ച ഭാഗങ്ങള്‍ ഒരു തവണ ലാബറട്ടറിയിലുണ്ടായ ഒരു കൈയബദ്ധത്തില്‍ മുഴുവന്‍ ഫുട്ടേജും കത്തിപ്പോയ അനുഭവവും ഫ്ലാഹര്‍ട്ടിക്കുണ്ടായി . പക്ഷെ , അദ്ദേഹം അതുകൊണ്ടും തോറ്റ് പിന്മാറിയില്ല . വീണ്ടും മാസങ്ങളോളം കാത്തിരുന്ന് അവരുടെ ജീവിത രീതി ചിത്രീകരിച്ചതാണ് പിന്നീട് തീയേറ്ററുകളില്‍ പ്രദര്‍ശനയോഗ്യമായി വന്ന ചിത്രം. എന്നിട്ടും ഇവയൊക്കെ സ്റ്റുഡിയോക്കകത്തെ സെറ്റുകളിട്ട് തയ്യാറാക്കി ചിത്രീകരിച്ചതാണെന്നുമുള്ള ആക്ഷേപം പുറം ലോകത്ത് ചില കോര്‍ണറുകളില്‍ നിന്നും ഉയരുകയുണ്ടായി. പക്ഷെ- കാലത്തെ അതിജീവിച്ചുകൊണ്ട് ഫ്ലാഹര്‍ട്ടിയുടെ പ്രയത്നഫലം ഇന്നും ഒരു നിത്യ വിസ്മയം പോലെ നിലകൊള്ളുന്നു. താന്‍ കൈകാര്യം ചെയ്ത വിഷയത്തിന്റെ പ്രത്യേകതകള്‍, ഇഗ്ലു എന്ന ഹിമവീട് നിര്‍മ്മാണത്തിന് വേണ്ട സ്ഥലം തിരെഞ്ഞെടുക്കല്‍, താ‍പ നിയന്ത്രണം – വെളിച്ചം ഇവയൊക്കെ എങ്ങനെ ഹിമമനുഷ്യന്‍ കൈകാര്യം ചെയ്യുന്നുവെന്നതും അതിജീവനത്തിന് വേണ്ടിയുള്ള അവരുടെ അദ്ധ്വാനവും ക്ഷമയും ഇതെല്ലാം പുറം ലോകത്തുള്ളവര്‍ അറിഞ്ഞത് ഫ്ലാഹര്‍ട്ടിയുടെ ഈ ഡോക്യുമെന്ററി വഴിയാണ്.

1844 ഫെബ്രുവരിയില്‍ സമുദ്രപര്യവേഷകരുടെ കുടുംബത്തില്‍ ജനിച്ച ഫ്ലാഹര്‍ട്ടി വിദ്യാഭ്യാസത്തിനു ശേഷം അച്ഛന്റെ ജോലി തന്നെ തിരെഞ്ഞെടുക്കുകയായിരുന്നു. ജോലി സ്ഥലത്തേക്ക് ഒരു ക്യാമറകൂടി കരുതിയിരിക്കുന്നത് നന്നായിരിക്കുമെന്ന് കിട്ടിയ ഉപദേശമാണ് ഡോക്യുമെന്ററി നിര്‍മ്മാണത്തിലേക്ക് തിരിയാന്‍ കാ‍രണമായത്. അദ്ദേഹത്തിന്റെ മറ്റ് പ്രധാനചിത്രങ്ങള്‍ മോന ( 1926) ഇന്‍ഡസ്ട്രിയല്‍ ബ്രിട്ടണ്‍ ( 1931) മാന്‍ ഓഫ് ആറാന്‍ ( 1934) എലിഫന്റ് ബോയ് (1937 ) ലൂസിയാന സ്റ്റോറി (1948) ഇവയാണ്.

Generated from archived content: cinema1_feb3_12.html Author: mk

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here