ലോക സിനിമ (25) ഗോഡ് ഫാദര്‍ ( 1972) – ഫ്രാന്‍സിസ് ഫോര്‍ഡ് കപ്പോള

മരിയോപുസ്സോയുടെ വിഖ്യാതമായ നോവലിന്റെ ചലച്ചിത്രാവിഷ്ക്കാരമാണ് ഫ്രാന്‍സിസ് ഫോര്‍ഡ് കപ്പോള തിരക്കഥയെഴുതി സംവിധാനം ചെയ്ത ഗോഡ്ഫാദര്‍. ഹോളിവുഡ്ഡിലെ പ്രശസ്ത നടന്‍ മാര്‍ലന്‍ ബ്രാന്‍ഡോയുടെ അഭിനയമികവും അധോലോകത്തെ മാഫിയാത്തലവന്മാരുടെ കുടിപ്പകയുടെ യഥാര്‍ത്ഥമെന്ന് തോന്നിക്കുന്ന ആവിഷ്ക്കാരവും ഈ ചിത്രത്തെ എക്കാലത്തേയും – കലയും കച്ചവടവും സമഗ്രമായി സമ്മേളിക്കുന്ന പണം വാരിച്ചിത്രങ്ങളിലൊന്നാക്കി മാറ്റി. 1972 ലെ മികച്ച ചിത്രത്തിനും തിരക്കഥയ്ക്കും അഭിനയത്തിനും ഓസ്ക്കാര്‍ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. ഗോള്‍ഡന്‍ ഗ്ലോബ് പുരസ്ക്കാരങ്ങള്‍ ( 5 എണ്ണം) ലഭിച്ചതിന് പുറമെ സംഗീതത്തിന് ബഫ്താ അവാര്‍ഡും ലഭിച്ചു. ന്യൂയോര്‍ക്കിലെ ഡോണ്‍ വിറ്റോ കൊര്‍ലിയോണെന്ന സമൂഹത്തില്‍ ഉന്നതസ്ഥാനം വഹിക്കുന്നയാളുടെ മകളുടെ വിവാഹച്ചടങ്ങുകള്‍‍ നടക്കുന്നു. ഈ സമയത്താണ് എതിര് ‍ഗ്രൂപ്പിലെ ‘ വെര്‍ജിന്‍ സോളോസ്സോ‘ മയക്കുമരുന്ന് വ്യാപാരം ആരംഭിക്കുന്നതിനെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ കൊര്‍ലിയോണിനെ സമീപിക്കുന്നത്. പക്ഷെ ഡോണ്‍വിറ്റോ അത് നിരസിക്കുന്നു. അധികം താമസിയാതെ തന്നെ ഡോണ്‍വിറ്റോ കോര്‍ലിയോണ്‍ തെരുവില്‍ വെടിയേറ്റ് വീണ് ആശുപത്രിയിലാക്കപ്പെടുന്നു. അയാളെ പരിചരിക്കാനായി വരുന്ന ഇളയമകന്‍ മൈക്കിളിനെതിരെയും ആക്രമണമുണ്ടാകുന്നുണ്ടെങ്കിലും അതിജീവിച്ച അയാളെ വീണ്ടും അപായപ്പെടുത്താനുള്ള കുതന്ത്രങ്ങളൊരുക്കുകയാണ് സൊളോസ്സോയും അനുയായിയും. അതിനു വേണ്ടി ഒത്തു തീര്‍പ്പെന്ന വ്യാജേന വിളിക്കുന്ന സൊളോസ്സിനെയും അംഗരക്ഷകനെയും വധിച്ച് മൈക്കിള്‍ ഇറ്റലിയിലേക്കു കടക്കുന്നു. മൈക്കിളിന്റെ വിവാഹവും അവിടെ വച്ച് നടക്കുന്നു. വീണ്ടും ഏറ്റുമുട്ടലുകള്‍ – അത് തുടര്‍ക്കഥപോലെയാകുമ്പോള്‍ മൈക്കിളിന്റെ സഹോദരന്‍ ഫ്രിദോലാസ് വാഗാലാസിലുള്ള സ്വന്തം കാസിനോകളില്‍ അഭയം തേടുന്നു. കൊര്‍ലിയോണ്‍സിന്റെ മാഫിയാ കുടുംബങ്ങളുമായുള്ള ഏറ്റുമുട്ടലുകള്‍ക്കിടയില്‍ പോലീസിന്റെ ഇടപെടലുകളും ഉണ്ടാകുന്നുണ്ട്. അവസാനം ഡോണ്‍വിറ്റോ കൊര്‍ലിയോണ്‍ മറ്റ് മാഫിയ സംഘങ്ങളുമായി അനാക്രമണ സന്ധിയിലേര്‍പ്പെടുന്നു. പിന്നീട് പേരക്കുട്ടിയുമായി തോട്ടത്തില്‍ ഉലാത്തുമ്പോള്‍ അയാള്‍ കുഴഞ്ഞു വീണു മരിക്കുന്നു. ഇതിനിടയില്‍ സിസിലിയായിലേക്ക് പോയ മൈക്കിള്‍ ഒരു വാഹനാപകടത്തില്‍ പെടുന്നു. പരിക്കുകളോടെ അയാള്‍ രക്ഷപ്പെടുന്നെങ്കിലും ഭാര്യ കൊല്ലപ്പെടുകയാണ്. അയാള്‍ പിന്നെ നാട്ടിലേക്ക് തിരിച്ചെത്തി വേറൊരു വിവാഹബന്ധത്തിലേര്‍പ്പെടുന്നു. പിന്നീട് തങ്ങളുടെ സംഘത്തിന്റെ നേതൃത്വസ്ഥാനത്ത് വന്നെങ്കിലും ഏറ്റുമുട്ടലിന്റെ പാത ഉപേക്ഷിച്ച് 5 വര്‍ഷത്തിന്നകം സമാധാനം കൈവരുത്തുമെന്ന പ്രത്യാശ മുന്നോട്ട് വയ്ക്കുന്നുണ്ട്. അയാളെ ‘ ബ്രാസിനി’ എന്ന എതിര്‍ ചേരിയിലെ പുതിയ തലവന്‍ ഒത്തുതീര്‍പ്പെന്ന വ്യാജനാടകത്തിന് വിളിക്കുന്നെങ്കിലും ചതി തിരിച്ചറിഞ്ഞ് അതിനെ അതിജീവിക്കുന്നു . സമാധാനത്തിന്റെ പാതയാണ് വേണ്ടെതെന്ന് പിതാവിനേപ്പോലെ മൈക്കിളും തീരുമാനമെടുത്തതോടെ സിനിമ തീരുന്നു.

കഥയിലെ പ്രധാന കഥാപാത്രം അധോലോകനായകനാണെങ്കിലും സമാധാനം കാംക്ഷിക്കുന്ന ആളാണ്. എതിര്‍ ചേരിയിലുള്ളവര്‍ അപായപ്പെടുത്താന്‍ ശ്രമിക്കുന്നിടത്തൊക്കെ അതിജീവിച്ച് കുടിപ്പകയല്ല സമാധാനം ആണ് വേണ്ടെതെന്ന് ആഗ്രഹിക്കുന്നുണ്ട്. അയാളുടെ മരണശേഷം ആ സ്ഥാനത്തേക്ക് വരുന്ന മൈക്കിളും പിതാവിന്റെ പാതയാണ് സ്വീകരിക്കുന്നത്.

അഴിമതിയില്‍ മലീമസമായ സമൂഹത്തെ ചിത്രത്തില്‍ അവതരിപ്പിക്കുന്നത് ന്യൂയോര്‍ക്ക് നഗരത്തിലെ അഴിമതിയില്‍ മുങ്ങിക്കുളിക്കുന്ന മാഫിയാത്തലവന്മാരുടെ യഥാര്‍ത്ഥ സാഹസിക ജീവിതം അതേപടി പകര്‍ത്തിക്കൊണ്ടായിരുന്നു എന്നാണ് സിനിമാവൃത്തങ്ങളില്‍ പ്രചരിച്ചിരുന്ന വാര്‍ത്തകള്‍. ഫ്രാന്‍സിസ് കപ്പോളയുടെ കുടുംബാംഗങ്ങളില്‍ പലരും ഈ സിനിമയുടെ ഭാഗഭാഗാക്കിമാറിയിട്ടുണ്ട്. 1939 ഏപ്രില്‍ 7 ന് അമേരിക്കയിലാണ് ഫ്രാന്‍സിസ് ഫോര്‍ഡ് കപ്പോള ജനിച്ചത്. മ്യൂസിക്ക് കമ്പോസറായിരുന്ന കാര്‍മെന്‍ കപ്പോളയാണ് പിതാവ്. പോളിയോ ബാധിച്ചതിനാല്‍ ബാല്യം വീട്ടിന്നകത്ത് തന്നെയായിരുന്നെങ്കിലും 10 -ആം വയസ്സില്‍ പിതാവിന്റെ ക്യാമറയുപയോഗിച്ച് ചലച്ചിത്ര നിര്‍മ്മാണരംഗത്തേക്ക് വന്നു. അതോടൊപ്പം ന്യൂയോര്‍ക്കിലെ ഹോഫ്സ്ട്രം യൂണിവേഴ്സിറ്റിയില്‍ നിന്ന് നാടകപരിശീലനവും യു. ഇ. എല്‍. എ ഫിലിം സ്കൂളില്‍ നിന്ന് സംവിധാനവും പഠിച്ചു. ഏതാനും ലഘു ചിത്രങ്ങള്‍ നിര്‍മ്മിച്ചതിനു ശേഷം സഹസംവിധായകനായി സിനിമാ രംഗത്ത് സജീവമായി. തിരക്കഥാരചനയും കൈകാര്യം ചെയ്തു. പിന്നീട് ഏതാനും ലഘുചിത്രങ്ങളൊരുക്കിയ ആത്മവിശ്വാസത്തില്‍ 1963-ല്‍ ‘ ഡെമെന്‍ഷ്യ-13’ എന്ന ആദ്യ ഫീച്ചര്‍ ഫിലിം സംവിധാനം ചെയ്തു. ‘ ഈസ് പാരീസ് ബേണിംഗ്’ തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതി. ‘ യു ആര്‍ എ ബിഗ് ബോയ് നൌ’ ഫിനിയന്‍ റയിന്‍ബോ, റെയിന്‍ പീപ്പിള്‍, പാറ്റണ്‍ ഈ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. 1971 ലെ മികച്ച തിരക്കഥയ്ക്കുള്ള പുരസ്ക്കാരം ‘ പാറ്റണ്‍’ നേടി. അതിനു ശേഷമാണ് ‘ ദ ഗോഡ് ഫാദര്‍ ‘ സംവിധാനം ചെയ്യുന്നത്. ( ഈ ചിത്രത്തിന് 1974 – ല്‍ രണ്ടാം ഭാഗവും 6 അവാര്‍ഡുകള്‍ / 11 നോമിനേഷനുകള്‍ ലഭിച്ചു. 90 – ല്‍ 7 ഓസ്ക്കാര്‍ നോമിനേഷനുകള്‍ നേടിയ മൂന്നം ഭാഗവും പുറത്തു വന്നു ) ഡ്രാക്കുള ദ കണ്‍വര്‍സേഷന്‍ , അപ്പോക്കലിപ്സ്നൗ, ദ റയിന്‍ മേക്കര്‍ , യൂത്ത് വിത്തൌട്ട് മെട്രോ എന്നിവയാണ് തുടര്‍ന്നു വന്ന ചിത്രങ്ങള്‍. ഡ്രാക്കുള, അപ്പോക്കലിപ്സ് നൗ എന്നീ ചിത്രങ്ങള്‍ ഓസ്ക്കാര്‍ അവാര്‍ഡുകള്‍ നേടിയപ്പോള്‍‍ ‘ ദ കണ്‍വര്‍‍സേഷന്‍ ‘ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ബഹുമതി നേടി.

തന്റെ ചിത്രങ്ങളുടെ തിരക്കഥാ രചനയ്ക്കൊപ്പം എഡിറ്റിംഗും കപ്പോള തന്നെയായിരുന്നു. പിതാവിന്റെ സംഗീതം പല ചിത്രങ്ങള്‍ക്കും പ്രയോജപ്പെടുത്തിയിട്ടുണ്ട്. കുടുംബാംഗങ്ങള്‍ പലരും അഭിനേതാക്കളാണ്. മകള്‍ സോഫിയാ ലോസ്റ്റ് ഇണ്ട്രാന്‍സേഷന്‍ എന്ന ചിത്രത്തിന് മികച്ച സംവിധായികയ്ക്കുള്ള ഓസ്ക്കാര്‍ പുരസ്ക്കാരം നേടി. ഒരമേരിക്കന്‍ വനിത ആദ്യമായി നേടുന്ന സംവിധാനത്തിനുള്ള ഓസ്ക്കാര്‍ പുരസ്ക്കാരം. നിക്കോളസ് കെയ്ജ് എന്ന നടനാണ് സോഫിയയുടെ ഭര്‍ത്താവ്.

Generated from archived content: cinema1_feb28_13.html Author: mk

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here