ജീവിച്ചിരുന്നപ്പോള്‍ അര്‍ഹിക്കുന്ന അംഗീകാരം കിട്ടാതെ പോയ ചലച്ചിത്ര പ്രതിഭയാണ് ഗുദത്ത് . നടന്‍, കൊറിയോഗ്രാഫര്‍, നിര്‍മാതാവ്, സംവിധായകന്‍ എന്നീനിലകളില്‍ പ്രസിദ്ധനായിന്നെങ്കിലും അദ്ദേഹത്തിന് ലോകത്തെ തന്നെ ഏറ്റവും മികച്ച ക്ലാസിക് ചിത്രങ്ങളായിരുന്ന പ്യാസക്കും കാകസ് കെ ഫൂലിനും ഇന്‍ഡ്യയില്‍ കിട്ടിയതിനേക്കാള്‍ മികച്ച സ്വീകരണം കിട്ടിയത് ഫ്രാന്‍സ്, ജര്‍മനി, ജപ്പാന്‍ എന്നീ രാജ്യങ്ങളില്‍ ആണ്. ‘ സൈറ്റ് ആന്‍ഡ് സൌണ്ട്’ മാഗസിന്റെയും ടൈം മാഗസിന്റെയും കണക്കെടുപ്പില്‍ ലോകത്തിലെ ഏറ്റവും മികച്ച 100 സിനിമകളില്‍ ഒന്നായിട്ടാണ് 1959 – ല്‍ ഗുരുദത്ത് തന്നെ സംവിധാനം ചെയ്ത ഇന്‍ഡ്യയിലെ ആദ്യത്തെ 70 എം എം ചിത്രമായ ‘ കാകസ് കെ ഫൂലിനെ’ ( കടലാസ് പുഷ്പം) വിലയിരുത്തുന്നത്. ഒരു ചലചിത്ര സംവിധായകനായ സിഹ്നയുടെ കലാ ലോകത്തിന്റെയും സ്വകാര്യ ജീവിതത്തിന്റെയും പ്രതിഫലനമാണ് കാകസ് കെ ഫൂല്‍.
കനത്തു പെയ്യുന്ന മഴയില്‍ നിന്ന് രക്ഷ നേടാനായി ശാന്തിയെന്ന ഒരു യുവതിക്ക് നല്‍കിയ മഴക്കേട്ട് തിരിച്ചു നല്‍കാനായി ആ യുവതി എത്തുമ്പോള്‍ യാദൃശ്ചികമായി ക്യാമറയുടെ ഫ്രയിമില്‍ പെട്ട്- താന്‍ നിര്‍മിച്ച് സംവിധാനം ചെയ്യാന്‍ പോകുന്ന ‘ ദേവദാസ്’ സിനിമയിലെ പാര്‍വതിയുടെ റോളിലേക്ക് ഇതിനു മുമ്പ് പരീക്ഷിച്ച ആറ് പേരിലും തൃപ്തി വരാതെ നില്‍ക്കുകയായിരുന്നു സംവിധായകന്‍ സിഹ്ന. ശാന്തിയെ ആ റോളിലേക്ക് തിരഞ്ഞെടുക്കുന്നു. സിഹ്നയുടെ ചലച്ചിത്രലോകത്ത് മാത്രമല്ല സ്വകാര്യ ജീവിതത്തിലും ആ തിരഞ്ഞെടുപ്പ് കാര്യമായ മാറ്റങ്ങള്‍ വരുത്തി. സിനിമയോടെ പുച്ഛഭാവം വച്ചു പുലര്‍ത്തുന്ന ഭാര്യ ബീഗയുടെ അച്ഛനുമായി അത്ര രസത്തിലല്ല സിഹ്ന. കുടുംബത്തിലെ സംഘര്‍ഷങ്ങള്‍ കാരണം സ്കൂളില്‍ പഠിക്കുന്ന മകള്‍ പമ്മി, ഹോസ്റ്റലിലാണ് കഴിയുന്നത്. ദേവദാസിലൂടെ സിനിമാ ലോകത്തേക്കു വന്ന ശാന്തി സിഹ്നയുടെ ജീവിതത്തിലേക്കും കടന്നു വരുന്നു. ഗോസിപ്പുകള്‍ ഇരുവരുടെയും സ്വകാര്യജീവിതം തകരാറിലാക്കുന്ന അവസ്ഥയില്‍ സ്കൂളില്‍ അപമാനിതയാവുന്ന മകള്‍, ശാന്തിയെ കണ്ട് തങ്ങളുടെ കുടുംബജീവിതം തകര്‍ക്കരുതെന്ന് അപേക്ഷിക്കുന്നു. അതോടെ സിനിമാ ലോകം തന്നെ വിട്ട് ദൂരെ ഒരു സ്കൂളില്‍ ടീച്ചറായി ശാന്തി അവിടെ തന്നെ താമസിക്കുന്നു. ശാന്തിയുടെ ഈ അകല്‍ച്ച സിഹ്നയുടെ ജീവിതത്തെ തന്നെ ഉലയ്ക്കുന്നു. കുടുംബത്തില്‍ ഭാര്യയും അവള്‍ക്കുടെ അച്ഛനും സിഹ്നയില്‍ നിന്നകലുമ്പോള്‍ താങ്ങായി വരുമെന്നു കരുതിയ മകളും അകലുകയാണ്. അതോടെ സിഹ്നയുടെ കലാലോകം തന്നെ തകരാറിലാവുന്നു. അയാളുടെ സ്വകാര്യ ജീവിതം ഒരു ദുരന്തമായി മാറുമ്പോള്‍ ചലച്ചിത്ര ലോകവും കൈവിടുന്നു. തികച്ചും ഏകാന്തജീവിതത്തിലൂടെ നാളുകള്‍ പോക്കുന്ന സിഹ്ന വീണ്ടും ചലച്ചിത്രലോകത്തേക്കു വരുന്നത് ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ വേഷം ചെയ്യാനായിട്ടാണ്. യാദൃശ്ചികമെന്ന് പറയട്ടെ മുമ്പ് കരാറിലേര്‍പ്പെട്ടിരുന്ന ഒരു സിനിമയുടെ പൂര്‍ത്തീകരണത്തിന് വേണ്ടി മാത്രം കരാര്‍ നടപ്പാക്കാന്‍ ശാന്തിയും ആ സിനിമയിലാണ് നായികാ വേഷം കൈകാര്യം ചെയ്യാന്‍ വരുന്നത്. നായികയുടെ അടുത്ത് ജൂനിയര്‍ ആര്‍ട്ടിസ്റ്റായി മാത്രം തന്റെ പഴയ സം വിധായകന്‍ വരുമ്പോള്‍ ആ പ്രതിഭയുടെ ദുരന്ത ജീവിതം അവിടെ പൂര്‍ണ്ണമാകുന്നു.
17 ലക്ഷം രൂപ മുടക്കിയാണ് ഇന്‍ഡ്യയിലെ ആദ്യത്തെ 70 എം എം ചലച്ചിത്രം നിര്‍മിക്കുന്നത്. 60 കളിലെ 17 ലക്ഷം ഇന്നത്തെ നിലയില്‍ എത്ര കോടികള്‍ വരുമെന്ന് കണക്കു കൂട്ടാവുന്നതേ ഉള്ളു. പുകള്‍പെറ്റ കലാമൂല്യമായിരുന്ന ചിത്രമായിരുന്നിട്ടും പ്രേക്ഷകര്‍ ഈ ചിത്രം നിരാകരിക്കുകയായിരുന്നു. ഡല്‍ഹിയില്‍ വച്ച് പ്രിവ്യൂ കാണാനെത്തിയ ഇന്‍ഡ്യന്‍ പ്രസിഡന്റ് ഡോ. രാജേന്ദ്ര പ്രസാദ് ചിത്രം പകുതിയായതോടെ തിയേറ്ററില്‍ നിന്നും ഇറങ്ങിപ്പോയി. പ്രേക്ഷകര്‍ പ്രതീക്ഷിച്ച നിലയിലുള്ള പാട്ടുകളൊ ഹാസ്യരംഗങ്ങളോ ആക്ഷന്‍ സീനുകളോ ഇല്ലാത്തത് പ്രദര്‍ശനത്തെ സാരമായി ബാധിച്ചു. പക്ഷെ ഗുരുദത്തിന്റെ മരണശേഷം ഈ ചിത്രം എവിടെയെല്ലാം പ്രദര്‍ശിപ്പിച്ചോ വിദേശങ്ങളിലേപ്പോലെ ഇന്‍ഡ്യയിലും ജനങ്ങള്‍ തിങ്ങി കൂടി.
തെക്കന്‍ കര്‍ണാടകയിലെ പനമ്പൂര്‍ എന്ന സ്ഥലത്ത് ശിവശങ്കരറാവു പദുകോണിന്റെയും വാസന്തി പദുകോണിന്റെയും മകനായി 1925 ജൂലായ് 9 നാണു ജനനം. വളരെ കഷ്ടപ്പാടുകള്‍ നിറഞ്ഞ ഒരു ബാല്യമായിരുന്നു ഗുരുദത്തിന്റെത്. അമ്മയുടെ കഥാരചനയിലും സാഹിത്യപ്രവര്‍ത്തനത്തിലുമുളള അഭിരുചിയും ഒരകന്ന ബന്ധുവായ ബാലകൃഷ്ണ ബനഗലുമായുള്ള സമ്പര്‍ക്കവും ഗുരുദത്തിന്റെ കലാരുചിക്ക് വളകൂറായി മാറി. ജോലി സംബന്ധമായി അച്ഛന്‍ കല്‍ക്കത്തയ്ക്കു പോയപ്പോള്‍ ഗുരുദത്തിന്റെ ജീവിതം അവിടെയായി. പക്ഷെ സാമ്പത്തിക ബുദ്ധിമുട്ടുമൂലം വിദ്യാഭ്യാസം പൂര്‍ത്തീകരിക്കാനായില്ല. കല്‍ക്കത്തയിലെ ഉദയ്ശങ്കറിന്റെ കള്‍ച്ചറല്‍ ഗ്രൂപ്പില്‍ ചേന്ന് നൃത്തം പഠിക്കാനും കുട്ടികള്‍ക്ക് നൃത്ത പരിശീലനം നല്‍കാനുമുള്ള അവസരം ലഭിച്ചത് പില്‍ ക്കാലത്ത് അദ്ദേഹത്തിന്റെ വിഖ്യാതമായ ഗാന ചിത്രീകരണ രംഗത്തും ഡാന്‍സ് സീനുകളിലും മികവ് കാണിക്കാന്‍ കാരണമായി. ബോംബയ്ക്കു ഗുരുദത്തിന്റെ കുടുംബം പോവേണ്ടി വന്നപ്പോള്‍ അദ്ദേഹത്തിന്റെ കല്‍ക്കത്ത ജീവിതവും അവസാനിച്ചു. പിന്നീട് പൂനയിലെ പ്രഭാത് സ്റ്റുഡിയോയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒരു ജോലി ലഭിച്ചു. ദേവാനന്ദ്, റഹ്മാന്‍ തുടങ്ങിയവരുമായുള്ള സൗഹൃദം ഉടലെടുക്കുന്നത് ഇവിടെ വച്ചാണ്.
ഇക്കാലത്ത് ചാംന്ദ്, ലേഖാറാണി എന്നീ ചിത്രങ്ങളില്‍ അഭിനയിക്കാനും സഹസംവിധായകനും കോറിയോഗ്രാഫറും ആകാനുള്ള അവസരം ലഭിച്ചു. പ്രഭാത് സ്റ്റുഡിയോയുടെ പതനത്തോടെ പിന്നീട് ബോംബയ്ക്കു താമസം മാറ്റി. ബാസി എന്ന ചിത്രത്തിലൂടെ സ്വതന്ത്രസംവിധായകനായി അരങ്ങേറ്റം കുറിച്ചു. ജാസ്, സി ഐ ഡി, മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ്സ്, 55 എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായി. ആദ്യചിത്രങ്ങളിലെ ഗാനചിത്രീകരണങ്ങള്‍ അന്നേ അദ്ദേഹത്തെ വേറിട്ടൊരു സംവിധായകനായി പ്രേക്ഷകലോകം കണ്ടു. തുടര്‍ന്നാണ് ഏറെ പേരും പെരുമയും നേടിക്കൊടുത്ത പ്യാസ, കാഗസ് കെ ഫൂല്‍ എന്നീ ചിത്രങ്ങള്‍ പുറത്തു വരുന്നത്. കാഗസ് കെ ഫൂലിന്റെ സാമ്പത്തിക പരാജയത്തോടെ അദ്ദേഹം സംവിധാന രംഗത്തു നിന്ന് പിന്മാറി. പിന്നീട് വന്ന സാഹിബ് ബീബി ഔര്‍ ഗുലാം, ചൗദവിന്‍ കാംചന്ദ് എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തത് തന്റെ അസിസ്റ്റന്റായിരുന്ന അമ്പ്രാര്‍ അല്‍വിയാണ്. ഇവിടെയും ഗാനചിത്രീകരണങ്ങള്‍, നൃത്തരംഗങ്ങള്‍ ഇവ ഗുരുദത്ത് തന്നെ നിര്‍വഹിച്ചുവെന്നാണ് സിനിമാവൃത്തങ്ങളിലെ വര്‍ത്തമാനം. ‘ ബഹ്റന്‍ ഫിര്‍ഫി ആയേഗി’ എന്ന ചിത്രത്തിനു തുടക്കമിട്ടു വെങ്കിലും അദ്ദേഹത്തിന്റെ ദേഹവിയോഗം മൂലം പൂര്‍ത്തീകരിച്ചത് അനുജന്‍ ആത്മാറാമാണ്. ലൗ ആന്‍ഡ് ഗോഡ്, പിക്നിക് എന്നീ ചിത്രങ്ങളിലെ അഭിനേതാവായെങ്കിലും പൂര്‍ത്തിയായില്ല.
നല്ലൊരു ഫിലിം നിര്‍മ്മിച്ച് സംവിധായകനാവുക എന്നതിലപ്പുറം മറ്റാരും ചെയ്യാത്ത കാര്യങ്ങള്‍ കലാപരമായി അവതരിപ്പിക്കുക എന്നതായിരുന്നു ലഷ്യം. പ്യാസയിലേയും കാകസ് കെ ഫൂലിലെയും പുതുമയാര്‍ന്ന ഗാന ചിത്രീകരണങ്ങളും നൃത്തവും തന്നെ ഉദാഹരണം. ഇവിടെയെല്ലാം അദ്ദേഹത്തിനു തുണയായി വിഖ്യാതമായ ക്യാമറാമാന്‍ വി കെ മൂര്‍ത്തി ഉണ്ടായിരുന്നു. ഒരു സംതൃപ്തനായിരുന്ന ഫിലിം മേക്കറായിരുന്നില്ല അദ്ദേഹം.
അദ്ദേഹത്തിന്റെ കുടുംബജീവിതവും സംഘര്‍ഷഭരിതമായിരുന്നു. പ്രണയിച്ചു കല്യാണം കഴിച്ച പിന്നണിഗായികകൂടിയായ ഗീതാറോയ് ( പില്‍ക്കാലത്ത് ഗീതാ ദത്ത്) യായുള്ള കുടുമബന്ധം പ്യാസയിലൂടെ വന്ന വഹീദാ റഹ്മാനുമായുള്ള അടുപ്പം മൂലം അസ്വാരസ്യം നിറഞ്ഞതായി മാറി. ( കാകസ് കെ ഫൂലിന്റെ കഥ ഇതിന്റെ പ്രതിഫലനമായി കണക്കാക്കുന്നു) ഭാര്യയും മകളും കുടുംബവും മുഖം തിരിച്ച് നില്‍ക്കുന്ന അവസ്ഥയില്‍ മദ്യത്തിനടിമയായി. പിന്നെ അമിതമായ ഉറക്കഗുളികള്‍ കഴിച്ച് ആത്മഹത്യയില്‍ അഭയം തേടി എന്നാണ് കണക്കാക്കുന്നത്. സിനിമയും ജീവിതവും രണ്ടായി കാണാതെ ഒന്നായി കണ്ടതു മൂലമുള്ള ദുരന്തം. 1964 ഒക്ടോബര്‍ 9 നായിരുന്നു അന്ത്യം.
Generated from archived content: cinema1_dec4_13.html Author: mk