ലോക സിനിമ(22)ഡെത്ത് ഓഫ് എ ബ്യൂറോക്രാറ്റ് (1966) – തോമസ് ഏലിയ

വിപ്ലവാനന്തര ക്യൂബയില്‍ ഭരണം ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയരാന്‍ കഴിയാത്തതിലെ നിരാശയും ക്യൂബന്‍ വിപ്ലവത്തിന്റെ മഹത്വങ്ങളെ പ്രകീര്‍ത്തിക്കുന്നതിനോടൊപ്പം വിപ്ലവലക്ഷ്യം സാക്ഷാത്ക്കരിക്കുന്നതിന് തടസ്സം നില്‍ക്കുന്ന ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തെയും നിശിതമായി വിമര്‍ശിക്കുന്ന ഒരു ചിത്രമാണ് ഫിഡല്‍കാസ്ട്രോയുടെ അനുയായിയായിരുന്ന തോമസ് ഏലിയ എന്ന പ്രസിദ്ധ സംവിധായകന്‍ ഒരുക്കിയ ചിത്രം ‘ഡെത്ത് ഓഫ് എ ബ്യൂറോക്രാറ്റ്’. വിപ്ലവവാനന്തര ക്യൂബന്‍ സമൂഹത്തിലെ ദുഷ്പ്രവണതകളെ ഏറ്റവും കൂടുതല്‍ വിമര്‍ശനബുദ്ധിയോടെ കാണുന്ന സംവിധായകന്റെ ഡെത്ത് ഓഫ് ബ്യൂറോക്രാറ്റിലെ ഈ കാഴ്ചപ്പാട് മറ്റു സിനിമകളിലും പ്രകടമാണ്.

പ്രതിമകള്‍ നിര്‍മ്മിക്കുന്ന ഫാക്ടറിയിലെ ഒരു തൊഴിലാളി അപകടത്തില്‍ മരണപ്പെടുന്നതോടെ വരുന്ന സംഭവവികാസങ്ങളാണ് ചിത്രത്തില്‍ പറഞ്ഞു വെയ്ക്കുന്നത് . കാസ്ട്രോയുടെ അനുയായിയായ തൊഴിലാളിയുടെ മൃതദേഹം രാഷ്ട്രീയ ബഹുമതികളോടെ അടക്കം ചെയ്യുമ്പോള്‍‍ അയാളുടെ യൂണിയന്‍ കാര്‍ഡ് കൂടി അടക്കം ചെയ്യപ്പെടുന്നു. തൊഴിലാളിയുടെ വിധവക്ക് പെന്‍ഷന്‍ ലഭിക്കണമെങ്കില്‍ കാര്‍ഡ് ആവശ്യമാണെന്ന് വരുന്നിടത്ത് പ്രശ്നങ്ങളോരോന്ന് ഉരുത്തിരിഞ്ഞു വരികയായി. തൊഴിലാളിയുടെ അടുത്ത ബന്ധുവായ ചെറുപ്പക്കാരന്‍ സഹായിക്കാന്‍ തയ്യാറെടുക്കുമ്പോള്‍ ഉദ്യോഗസ്ഥ വൃന്ദം ഓരോരോ കാരണം പറഞ്ഞ് തടസ്സം നില്‍ക്കുന്നു. എല്ലാ പ്രതീക്ഷകളും അസ്തമിക്കുമ്പോള്‍ ചെറുപ്പക്കാരന്‍ തൊഴിലാളിയുടെ മൃതദേഹം രഹസ്യമായി പുറത്തെടുത്ത് യൂണിയന്‍ കാര്‍ഡ് കൈക്കലാക്കുന്നു. പക്ഷെ വീണ്ടും സംസ്ക്കരിക്കേണ്ടി വരുമ്പോള്‍ പിന്നെയും ഓരോരോ തടസ്സങ്ങള്‍ വന്നു ചേരുകയാണ്. സഹികെടുമ്പോള്‍ ചെറുപ്പക്കാരന്‍ തടസ്സം നില്‍ക്കുന്ന ഉദ്യോഗസ്ഥ പ്രമുഖനെ സെമിത്തേരിയില്‍ വച്ച് കഴുത്ത് ഞെരിച്ച് കൊല്ലുന്നു. ഗൗരവപൂര്‍ണ്ണമായ ആവിഷ്ക്കാരത്തിനിടയിലും ആവശ്യമായ പരിഹാസോദ്യോതകമായ നര്‍മ്മം കലര്‍ത്താനും തോമസ് ഏലിയ ശ്രമിക്കുന്നുണ്ട്.

ക്യൂബന്‍ വിപ്ലവത്തിനു വേണ്ടി നിലകൊണ്ടയാളാണ് തോമസ് ഏലിയ. പക്ഷെ ഭരണമാറ്റം പ്രതീക്ഷക്കൊത്ത് ഉയരാതെ പോവുമ്പോഴാണ് ആക്ഷേപഹാസ്യ ചിത്രങ്ങള്‍ അദ്ദേഹം നിര്‍മ്മിക്കാന്‍ തയ്യാറായത്. ‘മെമ്മറീസ് ഓഫ് അണ്ടര്‍ ഡെവലപ്മെന്റ് ‘ അത്തരം ഒരു ചിത്രമാണ്. ക്യൂബന്‍ വിപ്ലവത്തിന്റെ വിജയത്തെ പ്രകീര്‍ത്തിക്കുന്ന ഏതാനും ഡോക്യുമെന്റെറികളും അദ്ദേഹം നിര്‍മ്മിച്ച് സംവിധാനം ചെയ്തിട്ടുണ്ട്.

1928 ഡിസംബര്‍ 11 ന് ക്യൂബയിലെ ഹാവന്നയിലാണ് ജനനം. ഹാവന്ന യൂണീവേഴ്സിറ്റിയിലെ പഠനശേഷം സിനിമയില്‍ പരിശീലനം നേടുന്നതിനു വേണ്ടി റോമിലേക്കു പോയി. ആദ്യചിത്രങ്ങള്‍ അധികവും ഡോക്യുമെന്റെറികളോ ഹൃസ്വചിത്രങ്ങളോ ആയിരുന്നു. ‘ ദിസ് ലാന്റ് ഓഫ് അവേഴ്സ്’ ഡോക്ക്യുമെന്റെറികളില്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ആദ്യം സംവിധാനം ചെയ്ത ഫീച്ചര്‍ ഫിലിം 1960 ല്‍ പുറത്തിറങ്ങിയ ‘ സ്റ്റോറീസ് ഓഫ് റവല്യൂഷന്‍ ‘ ആണ്. ട്വല്‍വ് ചെയേഴ്സ് (1962) മെമ്മറീസ് ഓഫ് അണ്ടര്‍ ഡെവലപ്ന്മെന്റ് (1968) ദ സര്‍വൈവേഴ്സ്, ക്യൂബന്‍ സ്ട്രിഗിള്‍ , അപ് ടു ഡെര്‍ട്ടന്‍ പോയിന്റ് , സ്ട്രോബറി ആന്‍ഡ് ചോക്കലൈറ്റ്, ലാസ്റ്റ് സപ്പര്‍ എന്നിവയാണ് മറ്റ് പ്രധാനപ്പെട്ട ചിത്രങ്ങള്‍. ‘ ഗ്വാണ്ടമാര’ യാണ് അവസാന ചിത്രം. രോഗബാധിതനായതിനാല്‍ അവസാനത്തെ രണ്ട് ചിത്രങ്ങള്‍ പൂര്‍ത്തീകരിച്ചത് തന്റെ പല ചിത്രങ്ങളുടേയും അസിറ്റന്റായി പ്രവര്‍ത്തിച്ച ഇവാന്‍ കാര്‍ലോസുമായി ചേര്‍ന്നാണ്.

‘ ചോക്ലേറ്റ്’ എന്ന ചിത്രത്തിന് ഏറ്റവും നല്ല വിദേശ ചിത്രത്തിനുള്ള അക്കാദമി നോമിനേഷന്‍ ലഭിച്ചിട്ടുണ്ട്. ക്യൂബന്‍ ഭരണകൂടത്തിന്റെ അനുയായിയായതിനാല്‍ തോമസ് ഏലിയായുടെ ചിത്രങ്ങള്‍ക്ക് അമേരിക്കയില്‍ പ്രദര്‍ശനാനുമതി ലഭിച്ചിരുന്നില്ല. എന്നാല്‍ ക്യൂബന്‍ ഭരണകൂടത്തിലെ ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തെയും നിഷ്ക്രിയതയും വിമര്‍ശിക്കുന്ന ചിത്രമായതിനാലാവണം ‘ മെമ്മറീസ് ഓഫ് അണ്ടര്‍ ഡെവലപ്മെന്റ്’ അമേരിക്കയില്‍ പ്രദര്‍ശിപ്പിക്കാനായത്. അമേരിക്കയിലെ നാഷണല്‍ സൊസൈറ്റി ഓഫ് ഫിലിം ക്രിട്ടിക്സ് തോമസ് ഏലിയായെ യു. എസ് ലേക്ക് വിളിച്ച് ആദരിക്കാനും രണ്ടായിരം ഡോളറിന്റെ കാഷ് അവാര്‍ഡ് നല്‍കുവാനും തയ്യാറായെങ്കിലും യു എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വിസ നിഷേധിച്ചതിനാല്‍ ഏലിയായ്ക്ക് അമേരിക്കയില്‍ പോവാനോ അവാര്‍ഡ് വാങ്ങാനോ കഴിഞ്ഞില്ല. ഇതിനെതിരെ ‘ ന്യൂയോര്‍ക്ക് ടൈംസ്’ യു. എസ് ഭരണകൂടത്തിനെതിരെ നിശിത വിമര്‍ശനമുയര്‍ത്തുകയുണ്ടായി. തോമസ് ഏലിയായേപ്പോലുള്ള ഒരു കലാകാരനെ ശല്യക്കാരനായി കാണുകയും അതേസമയം കച്ചവട സാദ്ധ്യതകള്‍ നിലനിര്‍ത്താന്‍ ചൈനയേയും റഷ്യയേയും സ്വാഗതം ചെയ്യുന്നത് വിഡ്ഡിത്തവും യു. എസിന്റെ ഇരട്ടത്താപ്പ് കാണിക്കുന്നതുമാണെന്നായിരുന്നു വിമര്‍ശനം. ഏതായാലും തോമസ് ഏലയായയെ കാണുന്നത് മൂന്നാം ലോകത്തിന്റെ ശക്തനായ ചലചിത്ര പ്രവര്‍ത്തകനായിട്ടാണ്.

1966 ഏപ്രില്‍ മാസത്തില്‍ അദ്ദേഹം മരണമടഞ്ഞു.

Generated from archived content: cinema1_dec21_12.html Author: mk

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here