നിര്‍മ്മാല്യം (1973)

എം ടി വാസുദേവന്‍ നായര്‍ ————————–

മലയാള സാഹിത്യരംഗത്ത് തലയെടുപ്പുള്ള സാഹിത്യകാരന്മാരില്‍ പ്രമുഖനായ എം ടി വാസുദേവന്‍ നായര്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമ. തിരക്കഥാകൃത്തായി മുറപ്പെണ്ണില്‍ കൂടി സിംനിമാരംഗത്ത് വന്ന എം ടി ആ രംഗത്ത് തന്റെ പ്രാവീണ്യം തെളീയിച്ചതി നു ശേഷമാണ് നിര്‍മാല്യത്തിലൂടെ സംവിധായകനാകുന്നത്. 1973- ലെ ഏറ്റവും നല്ല സിനിമയ്ക്കുള്ള പ്രസിഡന്റിന്റെ സ്വര്‍ണ്ണമെഡല്‍ നേടിയതിനു പുറമെ ഏറ്റവും നല്ല നടനുള്ള മലയാളത്തിലെ ആദ്യത്തെ ഭരത് അവാര്‍ഡ് നിര്‍മ്മാല്യത്തിലെ വെളീച്ചപ്പാടിന്റെ വേഷമിട്ട പി ജെ ആന്റണിക്കു നേടിക്കൊടുക്കാനും നിര്‍മ്മാല്യത്തിനു കഴിഞ്ഞു.

‘പള്ളിവാളും കാല്‍ച്ചിലമ്പും’ എന്ന എം ടി യുടെ തന്നെ ചെറുകഥയെ ആസ്പദമാക്കി എം ടി എഴുതിയ തിരക്കഥയാണ് അഭ്രപാളിയിലേക്ക് പകര്‍ത്തിയത്. വെളിച്ചപ്പാടിന്റെ വിശ്വാസത്തിന്റെയും വിശ്വാസത്തകര്‍ച്ചയുടെയും കഥയാണ് നിര്‍മ്മാല്യം പറയുന്നത്. വിശ്വാസത്തകര്‍ച്ച മൂലം ക്രുദ്ധനായ വെളിച്ചപ്പാട് അവസാനം ദേവീ വിഗ്രഹത്തിനു നേരെ കാര്‍ക്കിച്ച് തുപ്പുകയാണ്. ഇന്നത്തെ കാലത്തായിരുന്നെങ്കില്‍ വര്‍ഗീയ കലാപം ആളിക്കത്താന്‍ ഈയൊരു രംഗം മാത്രം മതി.

ക്ഷേത്രത്തിലെ തുച്ഛമായ വരുമാനം കൊണ്ട് ജീവിക്കുന്ന വെളിച്ചപ്പാടും കുടുംബവും. കുടുംബം പട്ടികിടന്നാല്‍ പോലും ദേവിയോടുള്ള ഭക്തിക്കു കുറവ് വരുന്നില്ല. ഇല്ലായ്മയിലൂടെയും അര്‍ദ്ധ പ്പട്ടിണിയിയിലൂടെയും നീങ്ങുന്ന കുടുംബത്തില്‍ പിന്നീടുണ്ടാകുന്ന സംഭവവികാസങ്ങള്‍ പുതുതായി ക്ഷേത്രത്തില്‍ ശാന്തിക്കു വരുന്ന ഉണ്ണി നമ്പൂതിരിയിലൂടെയാണ് തുടക്കമിടുന്നത്. അയാള്‍ക്ക് ക്ഷേത്രോപാസന താല്‍ക്കാലിക ഉപജീവനമാര്‍ഗം മാത്രം. പുതിയ ജോലി‍ക്കുള്ള ശ്രമവും ഇതിനിടക്കു നടത്തുന്നുണ്ട്. വെളിച്ചപ്പാടിന്റെ മകള്‍ അമ്മിണിയും ഉണ്ണി നമ്പൂതിരിയുമായി അടുപ്പത്തിലാകുന്നു. വെളിച്ചപ്പാടിന്റെ മകന്‍ അപ്പു പണത്തിന്റെ ആവശ്യം നേരിട്ട സന്ദര്‍ഭത്തില്‍ ഒരു തവണ ക്ഷേത്ര സന്നിധിയില്‍ ഉറഞ്ഞു തുള്ളുമ്പോള്‍ ധരിക്കുന്ന പള്ളീവിളക്കും കാല്‍ ചിലമ്പും വില്‍ക്കാന്‍ വരെ തയ്യാറാവുന്നുണ്ട്. അതു സാധിക്കാതെ വന്നപ്പോള്‍ അയാള്‍ അച്ഛനുമായി വഴക്കിട്ട് സ്ഥലം വിടുന്നു. ഇതിനിടയില്‍ ഉണ്ണി നമ്പൂതിരിയും ക്ഷേത്രത്തിലെ ശാന്തി വിട്ട് അമ്മിണിണിയേയും തിരസ്ക്കരിച്ച് സ്ഥലം വിടുന്നു. ഗ്രാമത്തില്‍ വസൂരി പടരുമ്പോള്‍‍ ദേവി പ്രീതിക്കായി ക്ഷേത്രത്തിലെ ഗുരുതിയുത്സവം നടത്താന്‍ നാട്ടു പ്രമാണിമാര്‍ തീരുമാനിക്കുമ്പോള്‍‍ ഉത്സവ തയ്യാറെടുപ്പിനു വെളിച്ചപ്പാടും അത്യുത്സാഹം കാണിക്കുന്നു. പക്ഷെ ആ സന്തോഷം ഉത്സവദിനം കുളീച്ചീറനോടെ അറയില്‍ വച്ചിരുന്ന പള്ളിവാളെടുക്കാന്‍ വരുമ്പോള്‍‍ കാണുന്ന കാഴ്ച കാണുന്നതോടെ മറയുന്നു. തന്റെ മുതിര്‍ന്ന മക്കളുടെ അമ്മയായ ഭാര്യ നിത്യവൃത്തിക്കായി ഒരു കച്ചവടക്കാരനുമായി വേഴ്ചയിലേര്‍പ്പെടുന്നത് കാണുന്നതോടെ വെളിച്ചപ്പാട് തകരുകയും കോപിക്കുകയും ചെയ്യൂന്നു. ദേവീ സന്നിധിയില്‍ വെളിച്ചപ്പാട് ഉറഞ്ഞു തുള്ളി സ്വന്തം ശിരസ്സ് വെട്ടിപ്പൊളിച്ച് ദേവീ വിഗ്രഹത്തില്‍‍ കാര്‍ക്കിച്ച് തുപ്പി മരിക്കുന്നതോടെ സിനിമ തീരുന്നു.

ഉത്സാവാഘോഷങ്ങളുടെ പരിസമാപ്തിയില്‍ ഇപ്രകാരമൊരു ഭീകര ദൃശ്യം കാഴ്ച വയ്ക്കുമ്പോള്‍‍ നടുങ്ങുന്നത് ക്ഷേത്രത്തിനു മുന്നില്‍ നില്‍ക്കുന്ന ഭക്തജനങ്ങള്‍ മാത്രമല്ല പ്രേക്ഷകര്‍ കൂടിയാണ്.

മികച്ച സിനിമക്കുള്ള രാഷ്ട്രപതിയുടെ സ്വര്‍ണ്ണ മെഡലിനും നല്ല നടനുള്ള സ്വര്‍ണ്ണമെഡല്‍ പി ജെ ആന്റണിക്കും നേടിക്കൊടുത്തതിനു പുറമെ ആറ് സംസ്ഥാന അവാര്‍ഡുകളും ഏഷ്യന്‍ ചലച്ചിത്രോത്സവത്തില്‍ മികച്ച സിനിമയ്ക്കുള്ള അവാര്‍ഡും ഈ ചിത്രം നേടുകയുണ്ടായി.

തിരക്കഥ വെറും സംഭാഷണമെഴുത്ത് മാത്രമല്ല എന്ന് മലയാള സിനിമക്കു അനുഭവവേദ്യമാക്കിയ പ്രമുഖ സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായര്‍ 1933 ജൂലൈ 15- നു കൂടല്ലൂരില്‍ ജനിച്ചു.

പഠിക്കുന്ന കാലത്ത് തന്നെ ചെറുകഥയെഴുതുമായിരുന്നു ലോക ചെറുകഥാ മത്സരത്തില്‍ പങ്കെടുത്ത് മലയാളത്തിന് വളര്‍ത്തുമൃഗങ്ങള്‍ എന്ന കഥ ഒന്നാം സമ്മാനം നേടിയതോടെ സാഹിത്യരംഗത്ത് പേരും പ്രശസ്തിയും നേടി.

അദ്ധ്യാപകനായി ജീവിതമാരംഭിച്ച എം. ടി പിന്നീട് മാതൃഭൂമി വാരികയുടെ പത്രാധിപരായതോടെ നിരവധി തുടക്കാരായ ചെറുപ്പക്കാരായ എഴുത്തുകാരെ സാഹിത്യ രംഗത്തെ മുഖ്യധാരയിലേക്കു കൊണ്ടു വന്നു . എം. ടി മലയാള സാഹിത്യത്തിന് ചെയ്ത ഏറ്റവും പ്രമുഖമായ സംഭാവനകളുടെ തുടക്കം അവിടെ നിന്നായിരുന്നു ‘ നാലുകെട്ട്’ എന്ന നോവല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡും ‘ കാലം’ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും നേടി. അസുരവിത്ത്, പാതിരാവും പകല്‍ വെളിച്ചവും, മഞ്ഞ്, രണ്ടാമൂഴം, വാനപ്രസ്ഥം,‍ വാരാണസി, കുട്ടേടത്തി, ഇരുട്ടിന്റെ ആത്മാവ്, ഓപ്പോള്‍, ഡാര്‍ എസ് സലാം ഇവയാണ് മുഖ്യ കൃതികള്‍. മുറപ്പെണ്ണ്, നഗരമേ നന്ദി, ഓപ്പോള്‍, ആരണ്യകം, പഞ്ചാഗ്നി, വൈശാലി, താഴ്വാരം, നീലത്താമര, പരിണയം, സദയം, അമൃതം ഗമയ, സുകൃതം, എന്ന് സ്വന്തം ജാനകിക്കുട്ടി, വടക്കന്‍ വീരഗാഥ, പഴശിരാജ തുടങ്ങിയ സിനിമകള്‍ക്ക് എഴുതിയ തിരക്കഥകളും പ്രസിദ്ധമാണ്.

ഗോപുരനടയില്‍ എന്നൊരു നാടകമെഴുതിയിട്ടുണ്ട്. അതിന് സാഹിത്യാക്കാദമി അവാര്‍ഡും നേടിയിട്ടുണ്ട് . രണ്ടാമൂഴത്തിനു വയലാര്‍ അവാര്‍ഡിനു പുറമെ ജ്ഞാനപീഠം പുരസ്ക്കാരവും ലഭിച്ചു. അദ്ദേഹത്തിന്റെ തിരക്കഥകള്‍ മിക്കതും സംസ്ഥാന ദേശീയ പുരസ്ക്കാരങ്ങള്‍ നേടിയവയാണ്. പത്തോളം ദേശീയ പുരസ്ക്കാരങ്ങളും 25 -ല്‍ ഏറെ സംസ്ഥാന അവാര്‍ഡുകളും അത്രത്തോളം തന്നെ പ്രധാനപ്പെട്ട സാമൂഹ്യ സംഘടനകളും ചാന‍ലുകളും ഏര്‍പ്പെടുത്തിയ പുരസ്ക്കാരങ്ങളും നേടിയിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത് .

സിനിമാരംഗത്ത് തിരക്കഥയ്ക്കും സംവിധാനത്തിനും സിനിമയ്ക്കുമായി ഇത്രയും പുരസ്ക്കാരങ്ങള്‍ നേടിയ വേറൊരാളില്ല . പി. എന്‍ മേനോന്‍ സംവിധാനം ചെയ്ത എം. ടി തിരക്കഥ എഴുതിയ ഓളവും തീരവും മലയാളത്തില്‍ നവതരംഗ സിനിമയ്ക്കു തുടക്കം കുറിച്ചെന്നാണ് വിലയിരുത്തല്‍. നിര്‍മ്മാല്യത്തിനു പുറമെ എം. ടി സംവിധാനം ചെയ്ത കടവ് അന്തര്‍ദേശീയ പുരസ്ക്കാരം നേടിയ മറ്റൊരു ചിത്രമാണ്. പത്മഭൂഷന്‍ ബഹുമതി നേടിയ എം. ടി ഇപ്പോള്‍ തുഞ്ചന്‍ സ്മാരക ട്രസ്റ്റിന്റെ ചെയര്‍മാന്‍ കൂടിയാണ് . എം ടി സംവിധാനം ചെയ്ത സിനിമകള്‍ – നിര്‍മ്മാല്യം , ബന്ധനം, മഞ്ഞ്, വാരിക്കുഴി , കടവ് , ഒരു ചെറുപുഞ്ചിരി. ഡോക്യുമെന്റെറികള്‍- മോഹിനിയാട്ടം, തകഴി.

Generated from archived content: cinema1_aug8_14.html Author: mk

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here