ലോക സിനിമ (26) അഡോപ്ഷന്‍ ( 1975) മാര്‍ത്ത മെസ്സാറസ്

വനിതാ സംവിധായകരില്‍ ഏറ്റവും പ്രശസ്തയാണ് ഹംഗേറിയന്‍ വംശജയായ മാര്‍ത്ത മെസ്സാറസ്. കലാപരമായ നിലപാടുകള്‍‍ക്ക് മാറ്റം വരുത്താതെ തന്നെ സാമ്പത്തിക ഭദ്രതയുള്ള സിനിമകള്‍‍ നിര്‍മ്മിക്കാമെന്ന് കാണിച്ച് കൊടുത്ത സംവിധായകയാണ് മാര്‍ത്ത. സ്ത്രീകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുകയല്ല മറിച്ച് ആ ഭാവത്തില്‍ വേറെ ചില താത്പര്യങ്ങള്‍‍ അടിച്ചേല്‍പ്പിക്കുകയാണ് പുരുഷകേന്ദ്രീകൃതമായ സാമൂഹ്യവ്യവസ്ഥ ചെയ്തതെന്ന് ‘ അഡോപ്ഷന്‍’ എന്ന ചിത്രത്തിലൂടെ സമര്‍ത്ഥിക്കുന്നു.

വിധവയായ ‘ കാത്ത’ എന്ന ഫാക്ടറിത്തൊഴിലാളിയുടെ ജീവിതത്തിലേക്ക് ടീനേജ്കാരിയായ അന്ന എന്ന പെണ്‍കുട്ടി കടന്നു വരുന്നു . മാതാപിതാക്കളാല്‍ ഉപേക്ഷിക്കപ്പെട്ട് ഒരു ചില്‍ഡ്രന്‍സ് ഹോമില്‍ കഴിയുന്ന അന്നയെ, കാത്ത അവിടെ നിന്നും രക്ഷപ്പെടുത്തി ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ ശ്രമിക്കുന്നു. കാത്ത, അന്നയെ മകളേപ്പോലെയാണു കാണാന്‍ ശ്രമിക്കുന്നത്. പക്ഷെ തന്നിക്കൊരിക്കലും സഹായം വേണ്ടെന്ന നിലപാടാണ് അന്നയുടെത്. തന്റെ ബോയ്ഫ്രണ്ടില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണവള്‍‍. ഭാര്യയും കുട്ടികളുമുള്ള ‘ ജോസ്ക്കോ’ യിലാണ് കാത്തയുടെ പ്രതീക്ഷ. അയാള്‍ തന്നെ സ്വീകരിച്ചില്ലെങ്കില്‍പോലും അയാളിലൊരു കുഞ്ഞുണ്ടായിക്കാണാന്‍ അവള്‍ ആഗ്രഹിക്കുന്നു. അങ്ങനെയെങ്കിലും ഏകാന്തതയ്ക്ക് വിരാമമിടാനാവുമെന്ന് അവള്‍ പ്രതീക്ഷിക്കുന്നു. പക്ഷെ ജോസ്ക്കോയാകട്ടെ അന്നയില്‍ നിന്ന് ഭീതിയോടെ അകലാനാണ് ശ്രമിക്കുന്നത്. അന്നയ്ക്കൊരു ജീവിതം കൊടുക്കുവാനുള്ള ശ്രമവും നടത്തുന്നുണ്ട്. അതിനു വേണ്ടി അവളുടെ ബോയ്ഫ്രണ്ടുമായി ഒന്നിപ്പിക്കാനൊരു ശ്രമവും നടത്തുന്നുണ്ട്. പക്ഷെ ഒരു കല്യാണത്തേക്കാളുപരി ഒരുമിച്ചൊരു ജീവിതം അതാണന്ന ആഗ്രഹിക്കുന്നത്. അതവള്‍ക്ക് ലഭിക്കുന്നുണ്ട്. കാത്തയുടെ പ്രതീക്ഷകള്‍‍ അസ്തമിക്കുമ്പോള്‍ അവള്‍ ആറ് മാസം പ്രായമുള്ള ഒരാണ്‍കുഞ്ഞിനെ ദത്തെടുത്ത് തന്റെ ഏകാന്തതയ്ക്ക് പരിഹാരം കാണാനുള്ള ശ്രമം നടത്തുന്നു.

പുരുഷ കേന്ദ്രീകൃതമായ സമൂഹത്തില്‍ അവരില്‍ നിന്നും പ്രോത്സാഹജനകമയായ യാതൊന്നും പ്രതീക്ഷിക്കേണ്ട എന്നാണ് മാര്‍ത്താ മെസ്സാറസ് ഈ സിനിമയിലൂടെ പറഞ്ഞു വയ്ക്കുന്നത്. അതിന് കൂടുതല്‍ കഥാപാത്രങ്ങളോ കൂടുതല്‍ സ്ഥലകാല സംഭവങ്ങളോ അവലംബിക്കാതെ തന്നെ രണ്ട് സ്ത്രീകളില്‍ – കാത്തയും അന്നയും- കേന്ദ്രീകരിച്ചാണ് ഈ സിനിമ പ്രേക്ഷകരുടെ മുന്നിലവതരിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ധാരാളം ഇന്റ്രീരിയല്‍ സീനുകള്‍ – അധികവും ക്ലോസപ്പിലുള്ളത് – ഈ സിനിമയിലുണ്ട്. സംഭാഷണത്തേക്കാളുപരി കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്ക്കാരത്തിലൂടെ അവരുടെ മനോഗതം പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നു. പാരമ്പര്യ മൂല്യങ്ങളിലൂന്നിയുള്ള പുരുഷകേന്ദ്രീകൃതമായ സാമൂഹ്യവ്യവസ്ഥിതിക്കെതിരെ സിനിമ ഒരായുധമാകുന്നു. അവിടെ അവര്‍ ധാരാളം വെല്ലുവിളികള്‍ നേരിടുന്നുണ്ട്.

ഹംഗറിയിലെ ബുഡാപെസ്റ്റിലാണ് മാര്‍ത്താ മെസ്സാറസ്സിന്റെ ജനനം. 1939 സെപ്തംബര്‍ 19 -ന് സ്റ്റാലിന്റെ സോഷ്യലിസ്റ്റ് വ്യവസ്ഥിതികളോട് ഏറെ ആഭിമുഖ്യമുള്ളവരാകയാല്‍ റഷ്യയിലേക്ക് ഇടയ്ക്ക് അച്ഛനമ്മമാരോടൊപ്പം കുടിയേറുന്നണ്ട്. പക്ഷെ പത്ത് വര്‍ഷത്തിനു ശേഷം വീണ്ടും ഹംഗറിയിലേക്ക് തന്നെ മടങ്ങി.

സിനിമ പരിശീലനം പൂര്‍ത്തിയാക്കി 54 -ല്‍ ആദ്യ ലഘുചിത്രം ഉജ്ര മൊസോലയ്ജോഹക് ( സംവിധാനം ചെയ്ത് സിനിമാലോകത്തേക്ക് വന്നു. കുറെ നാള്‍‍ ബുഡാപെസ്റ്റിലെ ന്യൂസ് റീല്‍ സ്റ്റുഡിയോയിലായിരുന്നു ജോലി. 1960 -ല്‍ ‘ മാ ഫിലിം ‘‍ഗ്രൂപ്പില്‍ ജോലി ചെയ്യുന്ന വേളയില്‍ മുപ്പതോളം ഡോക്യുമെന്റെറികളും ഏതാനും ഹൃസ്വചിത്രങ്ങളും നിര്‍മ്മിച്ചു. ആദ്യ ഫീച്ചര്‍ സിനിമ 1968 -ല്‍ പുറത്തിറങ്ങിയ ‘ ബൈന്റിംഗ് ടൈം’ ആണ്. പിന്നീടാണ് ‘ അഡോപ്ഷന്‍’ സംവിധാനം ചെയ്യുന്നത് . 75-ലെ ബെര്‍ലിന്‍ ഗോള്‍ഡന്‍ ബയര്‍, ഓട്ടോ ഡിഡിബേലിയസ് പുരസ്ക്കാരങ്ങള്‍ നേടി ‘ നയന്‍ മംത്സ്’ എന്ന ചിത്രം 76- ല്‍ കാസില്‍ ഫ്രിപര്‍സി പുരസ്ക്കാരവും ടെഹ്രാന്‍ ഫിലിം ഫെസ്റ്റിവലില്‍ ചിത്രത്തിലെ മുഖ്യ നടി, മികച്ച നടിക്കുള്ള പുരസ്ക്കാരവും നേടി. പിന്നീട് വന്ന ‘ടു ഓഫ് ദെം ഡയറി ഓഫ് മൈ ചില്‍ഡ്രണ്‍, സെവന്ത് റൂം എന്നീ ചിത്രങ്ങള്‍‍ സാന്‍ സെബാസ്റ്റ്യന്‍ സീഷെല്‍ അവാര്‍ഡ്, കാന്‍ ഫിലിം ഫെസ്റ്റിവെലില്‍ ഒലിക് പ്രൈസ്, ഗോള്‍ഡന്‍ ഫ്രോഗ് പുരസ്ക്കാരങ്ങളും നേടി. ഇതോടെ മാര്‍ത്ത മെസ്സാറന്‍ ലോകത്തിലെ മികച്ച സംവിധായകരുടെ ഇടയില്‍ സ്ഥാനം നേടി. 60 -ഓളം ചിത്രങ്ങള്‍‍ സംവിധാനം ചെയ്ത മാര്‍ത്തമെസ്സാറസ് 76 -ലെ ബര്‍ലിന്‍ ഫെസ്റ്റിവലില്‍ ജൂറി അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആദിമദ്ധ്യാന്തമുള്ള യാഥാസ്ഥിതിക സ്വഭാവത്തോടു കൂടിയ പ്ലോട്ടുകളല്ല സിനിമയ്ക്ക് വിഷയമാകുന്നത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ പ്രായേണ കടന്ന് ചെല്ലാത്ത നഗര ഗ്രാമ സംസ്ക്കാരങ്ങളുടെ വ്യത്യസ്തത സ്ത്രീകളെ അപ്രസക്തമാക്കുന്ന സാമൂഹ്യ വ്യവസ്ഥിതി, കുടുംബ വ്യവസ്ഥിതിയുടെ തകര്‍ച്ച, ബ്യൂറോക്രസിയുടെ തൊഴിലാളികളുമായുള്ള ഏറ്റുമുട്ടല്‍ ഇവയൊക്കെ മാര്‍ത്തയുടെ സിനിമയുടെ വിഷയങ്ങളാണ്. സൈലന്റ് സിറ്റി, ഡയറി ഓഫ് മൈ ചില്‍ഡ്രന്‍, ഡയറി ഓഫ് മൈ ലവ്ഡ് സണ്‍സ് , ദ സെവന്റ് റൂം, ലിറ്റില്‍ വില്‍മ, ദ ലാസ്റ്റ് ഡയറി, ദ അണ്‍ബറീഡ് മാന്‍ ഇവയാണ് മാര്‍ത്തയുടെ വിഖ്യാതമായ മറ്റ് ചിത്രങ്ങള്‍.

Generated from archived content: cinema1_apr6_13.html Author: mk

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here