വേള്‍ഡ് ക്ലാസ്സിക്ക് സിനിമ(6) ,ചാര്‍ലി ചാപ്ലിന്‍ ഗ്രേറ്റ് ഡിക്ടേറ്റര്‍

ലോകത്ത് എക്കാലത്തും ഏറെ പ്രേക്ഷകരുള്ള ഒരു സംവിധയകനായിരുന്നു ചാര്‍ളി ചാപ്ലിന്‍. നര്‍മ്മത്തില്‍ പൊതിഞ്ഞ ഗൗരവമേറിയ പ്രമേയങ്ങള്‍ അവതരിപ്പിക്കുന്നതും ഭരണാധികാരികളെ ശക്തമായി പരിഹസിക്കുന്നതിനും സിനിമ ശക്തമായ ഒരുപാധിയായി കണ്ട സിനിമാരംഗത്തെ എക്കാലത്തേയും മികവുറ്റ പ്രതിഭാധനന്‍. ഹിറ്റ്ലറെ പ്രത്യക്ഷത്തില്‍ തന്നെ കളിയാക്കിക്കൊണ്ട് നിര്‍മ്മിച്ച ചിത്രമാണ് ഗ്രേറ്റ് ഡിക്ടേറ്റര്‍. ടോമാനിയ രാഷ്ട്രത്തിന്റെ ഏകാധിപതിയായ , ഭ്രാന്തനും കോമാളിയുമായ ‘ ഹിന്‍‍കലറാ’ണ് ഹിറ്റ്ലറിന്റെ പ്രതിപുരുഷനകാകുന്നത്. ഒരു ജൂത ബാര്‍ബറായി വരുന്ന ചാപ്ലിന് ഹിന്‍ കലറോടുള്ള സാദൃശ്യം കാരണം പലപ്പോഴും അയാളെ പട്ടാളക്കാര്‍ വരെ തെറ്റിദ്ധരിക്കുന്നുണ്ട്. ജൂതര്‍ക്കെതിരെയുള്ള ആക്രമണത്തില്‍ ബാര്‍ബര്‍ഷോപ്പ് നശിപ്പിച്ച് പട്ടാളക്കാര്‍ അയാളെ കോണ്‍സട്രേഷന്‍ ക്യാമ്പിലേക്ക് മാറ്റുന്നു. തടവ് ചാടിയ അയാളെ പട്ടാളം പിടികൂടുമ്പോള്‍ ഹിന്‍ കലറോടുള്ള സാദൃശ്യം മൂലം പട്ടാളം ഭരണാധികാരിയായി തെറ്റിദ്ധരിച്ച് സല്യൂട്ട് ചെയ്ത് അവരുടെ സങ്കേതത്തിലേക്ക് ആനയിക്കുന്നു. ഒരു വേദിയില്‍ പ്രസംഗിക്കാന്‍ ക്ഷണിക്കപ്പെട്ടപ്പോള്‍ ഹിന്‍ കലറാ‍യി മാറിയ ബാര്‍ബര്‍ നടത്തിയ പ്രസംഗം പട്ടാളക്കാരേയും ഉദ്യോഗസ്ഥരേയും ജനങ്ങളേയും വരെ അമ്പരപ്പിക്കുന്നതായിരുന്നു.

ശത്രുക്കളെ അവരുടെ സങ്കേതത്തില്‍ ചെന്ന് ബോംബിട്ട് കൊല്ലാന്‍ വരെ ആജ്ഞ പുറപ്പെടുവിക്കേണ്ടയാള്‍ യുദ്ധത്തിന്റെ നിരര്‍ത്ഥകതയെക്കുറിച്ചും സാഹോദര്യത്തെക്കുറിച്ചും ഏകാധിപത്യത്തിന്റെ ക്രൂരമുഖങ്ങളെ കുറിച്ചുമാണ് പറയുന്നത്. മനുഷ്യത്വപൂര്‍ണ്ണവും സ്നേഹം നിറഞ്ഞതുമായ ഒരു ലോകത്തിന്റെ അനിവാര്യതയെ കുറിച്ച് സംസാരിക്കുമ്പോള്‍ ക്രൂരനാ‍യ ഭരണാധികാരിയുടെ ഈ മാറ്റം ജനങ്ങളെ അമ്പരപ്പിക്കുകയും ഞെട്ടിക്കുകയും ആശയകുഴപ്പത്തിലാക്കുകയും ചെയ്യുന്നുണ്ടെങ്കിലും അവരത് സ്വാഗതം ചെയ്യുന്നു. ചിത്രത്തിലെ ആറ് മിനിട്ട് നേരം നീണ്ടുനില്‍ക്കുന്ന ഈ പ്രസംഗം ചാപ്ലിന്റെ യുദ്ധത്തിനെതിരായ സന്ദേശമാണ് അവതരിപ്പിക്കുന്നത്.

ഹിറ്റ്ലറെ കളിയാക്കുന്ന പലദൃശ്യങ്ങളും – അവയില്‍ പ്രധാനപ്പെട്ട ഒന്ന് – ലോകരാജ്യങ്ങളുടെ മാപ്പ് രേഖപ്പെടുത്തിയ ഭുഗോളം, പുറം കാലുകൊണ്ട് മേല്‍പ്പോട്ട് ഉയര്‍ത്തി പിന്നീട് പൃഷ്ടത്തില്‍ പതിപ്പിച്ച് ഉയര്‍ത്തി വിടുന്ന ദൃശ്യം മാത്രം മതി – ചാപ്ലിന്റെ സന്ദേശം എന്തെന്നും ചാപ്ലിന്‍ എന്ന ഫിലിം മേക്കര്‍ ആരെ ലക്ഷ്യമിട്ടാണ് ഈ പരിഹാസ ശരം തൊടുത്തു വിടുന്നതെന്നും, അവയൊക്കെ ലോകത്തിലെ എല്ലാ ഏകാധിപതികള്‍ക്കുമുള്ള സന്ദേശമാണ്. ഫാസിസത്തോടും യുദ്ധത്തോടുമുള്ള തന്റെ നിലപാട് അവതരിപ്പിച്ചുകൊണ്ട് തന്നെ അഗാധമായ മനുഷ്യത്വം ലോക നന്മക്ക് അനിവാര്യമാണെന്ന് ഈ ചിത്രത്തിലൂടെ സ്ഥാപിക്കുന്നു.

മികച്ച സിനിമ, മികച്ച തിരക്കഥ, മികച്ച നടന്‍ എന്നീ ഇനങ്ങളില്‍ ഓസ്ക്കാര്‍ നോമിനേഷന്‍ നേടിയ ഈ ചിത്രം ജര്‍മ്മിനിയിലും സഖ്യരാഷ്ട്രങ്ങളിലും പ്രദര്‍ശിപ്പിക്കാതിരി‍ക്കാന്‍ ഹിറ്റ്ലറും കൂട്ടരും ശ്രമിച്ചെങ്കിലും ലോകമെമ്പാടുമുള്ള ജനത ഇതിനെ സഹര്‍ഷം സ്വാഗതം ചെയ്യുകയാണുണ്ടായത്. ചാപ്ലിന്റെ മിക്ക ചിത്രങ്ങളും – ലോകക്ലാസിക്കുകളില്‍ പെടുത്താവുന്നവയാണ്. അവയില്‍ ഗ്രേറ്റ് ഡിക്ടേറ്ററിനുള്ള സ്ഥാനം മുന്‍ പന്തിയിലാണ്.

1889 ഏപ്രില്‍ 16 ന് ഇംഗ്ലണ്ടിലെ വാല്‍ വെര്‍ത്തിലാണ് ചാള്‍സ് സ്പെന്‍സര്‍ ചാപ്ലിന്‍ ജനിച്ചത്. നാടകക്കാരനും പാട്ടുകാരിയുമായ ചാള്‍സ് ചാപ്ലിന്റേയും ഹാനയുടെയും മകനാണ്. അച്ഛനുമമ്മയും ചെറുപ്പത്തില്‍ വേര്‍പിരിഞ്ഞതോടെ ദാരിദ്ര്യം എന്തെന്നറിഞ്ഞ ഒരു ബാല്യകാലമായിരുന്നു ചാപ്ലിന്റേത്. അമ്മയുടെ സമനില തെറ്റിയതോടെ , അമ്മയെ സംരക്ഷിക്കേണ്ട ചുമതലയും ബാലനായ ചാപ്ലിനില്‍ വന്നു ചേര്‍ന്നു. ലങ്കാഷെയര്‍ ലാഡ്സ് എന്ന നാടകസംഘത്തില്‍ ബാലനടനായി ചേര്‍ന്ന ചാപ്ലിന്‍ അധികം താമസിയാതെ തന്നെ പേരെടുത്ത ഹാസ്യനടനായി മാറിക്കഴിഞ്ഞു. ‘ ജിം’ എന്ന നാടകത്തിലെ പ്രകടനമാണ് ചാപ്ലിനെ ഏറെ പ്രശസ്തനാക്കിയത്. അമേരിക്കയില്‍ വച്ച് മാക്ക് ബെന്നറ്റിന്റെ ‘മേക്കിംഗ് എലിവിംഗ്’ എന്ന സിനിമയിലൂടെ ചലച്ചിത്ര രംഗത്തേക്ക് വന്നു. ‘ കിഡ് ഓട്ടോ റേസസ് അറ്റ് വെനീസ്’ എന്ന ചിത്രത്തിലെ Tramp വേഷം പ്രശസ്ത കോമാളിയാക്കി മാറ്റി. ചാപ്ലിന്‍ സംവിധാനം ചെയ്ത ആദ്യ ചിത്രം Coatina Cabera’ ആണ്. പിന്നീടദ്ദേഹം ‘ യുണെറ്റഡ് ആര്‍ട്ടിസ്റ്റ്’ എന്ന ചലചിത്ര സ്ഥാപനം തുടങ്ങി. ചാപ്ലിന്റെ പല ചിത്രങ്ങളും ഈ കമ്പനിയാണ് നിര്‍മ്മിച്ചത്. ഏറ്റവും കൂടുതല്‍ വിവാദം ഉണ്ടാക്കിയ ചിത്രങ്ങളാണ് , മോഡേണ്‍ ടൈംസ്, ഗ്രേറ്റ് ഡിക് ടേറ്റര്‍ , തുടങ്ങിയവ. കമ്മ്യൂണിസത്തോടുള്ള ചായ് വ് ആരോപിച്ച് അമേരിക്കയില്‍ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ക്ക് വിലക്കു വരികയും ചാപ്ലിന്‍ അമേരിക്കന്‍ ഭരണാധികാരികള്‍ക്ക് അനഭിമതനാവുകയും ചെയ്തപ്പോള്‍ ജന്മനാടായ ഇംഗ്ലണ്ടിലേക്ക് മടങ്ങിപ്പോയി. ചെറുതും വലുതുമായി 80 – ല്‍ പരം ചിത്രങ്ങളാണ് ചാപ്ലിന്റേതായി പുറത്ത് വന്നത്. മിക്ക ചിത്രങ്ങളുടെ തിരക്കഥയും നിര്‍മ്മാണവും സംവിധാനവും ചാപ്ലിന്‍ തന്നെയാണ് നിര്‍വഹിച്ചത്.

1967 -ല്‍ സംവിധാനം ചെയ്ത ‘എകൗണ്ട് ഫ്രം ഹോങ്കോങ്’ ആണ് അവസാന ചിത്രം. ഒരിക്കല്‍ വിലക്കിയ ചാപ്ലിനെ വീണ്ടും സ്വീകരിക്കാന്‍ അമേരിക്ക തയ്യാറായി. 1972 -ല്‍ അദ്ദേഹത്തിന്റെ സിനിമാ ലോകത്തിന് നല്‍കിയ സംഭാവനകളെ ആദരിച്ച് ഓസ്ക്കാര്‍ അവാര്‍ഡ് നല്‍കാന്‍ തയ്യാറായി. ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി ആദ്യമായി ഒരു ചലചിത്ര സംവിധായകനെ ‘ ഡോക്ടര്‍ ഓഫ് ലെറ്റേഴ്സ്’ നല്‍കി ആദരിച്ചത് ചാപ്ലിനെയാണ്.

1977 ഡിസംബര്‍ 25 -ന് ക്രിസ്തുമസ് നാളില്‍ ചാര്‍ളി ചാപ്ലിനെന്ന ലോകോത്തര ചലചിത്രകാരന്‍ വിടപറഞ്ഞെങ്കിലും ചാപ്ലിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ചലച്ചിത്ര ലോകത്തിന് എന്നുമുണ്ടാകും.

Generated from archived content: cinema1_apr16_12.html Author: mk

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here