അവ് താര്‍ (2009)

സാങ്കേതിക വിദ്യയില്‍ സ്പില്‍ബര്‍ഗിനൊപ്പം എത്തിനില്‍ക്കുന്ന, എക്കാലത്തെയും മികച്ച സാമ്പത്തിക വിജയം നേടിയ സ്വന്തം ചിത്രമായ ‘ ടൈറ്റാനിക്കി’ന്റെ കളക്ഷന്‍ റിക്കാര്‍ഡ് വരെ ഭേദിച്ച എപ്പിക് സയന്‍സ് ഫിക്ഷന്‍ ചിത്രമാണ് ജെയിംസ് കാമറൂണ്‍ സംവിധാനം നിര്‍വഹിച്ച ‘ അവ്താര്‍’. ചിത്രത്തിന്റെ സഹ നിര്‍മാതാവ് കൂടിയാണ് കാമറൂണ്‍.

ഫാന്റസിയാണെന്നു തോന്നാമെങ്കിലും മിലിറ്ററി അധീശത്വത്തിന്റെയും ഇക്കോളജിയുടെയും അതോടൊപ്പം നാടിന്റെ പൈതൃക സാംസ്‌കാരിക മൂല്യങ്ങളെയും കുറിച്ചുള്ള ആകുലതകളാണ് ഈ ചിത്രം പങ്കുവയ്ക്കുന്നത്. 300 മില്യന്‍ ഡോളര്‍ ചെലവഴിച്ച് പത്ത് വര്‍ഷക്കാലത്തെ അശ്രാന്ത പരിശ്രമത്തില്‍(പഠനം, ഗവേഷണം അടക്കം) 2D, 3D, 1MAX3D, 4D എന്നീ ഫോര്‍മാറ്റുകളില്‍ സ്റ്റീരിയോ സ്‌കോപിക് ആയ ചിത്രം ക്ലാസിക്കായി മാറുന്നത് അധിനിവേശത്തെക്കുറിച്ചുള്ള ഉത്കണ്ഠകള്‍ പ്രേക്ഷകരുമായി പങ്കുവയ്ക്കുന്നുവെന്നതുകൊണ്ടാണ്.

ഭാവികാലത്ത്- 2054ലുകളില്‍ – ആല്‍ഫാ സെന്റൗറി നക്ഷത്രയൂഥത്തിലെ പണ്ടോരയെന്ന ഗ്രഹത്തിലെ അമൂല്യമായ ധാതുസമ്പത്ത് സ്വന്തമാക്കാനുള്ള ശ്രമമാണ് R.D.A സംഘം നടത്തുന്നത്. ഈ യാത്രയില്‍ അരയ്ക്കു താഴെ തളര്‍ന്ന് പോയ ജെയ്ക്ക് സള്ളിവര്‍ എന്ന യുദ്ധ വീരനെയും കൂട്ടുന്നുണ്ട്. പ്രത്യേക തരത്തിലുള്ള, ‘നവി’ എന്ന പേരിലറിയപ്പെടുന്ന ജീവികളാണ് പണ്ടോരയിലെ അന്തേവാസികള്‍. അവരുടെ നേതാവ് എയ്തുക്കാനും ആത്മീയ നേതാവ് ഭാര്യ മൊവാത്തുമാണ്. മകള്‍ സെയ്താരിയുമൊത്ത് കഴിയുന്ന അവരെ കീഴടക്കുക എന്നതാണ് RDA സംഘത്തിന്റെ ലക്ഷ്യം. സെക്യൂരിറ്റി വിങ്ങിന്റെ മേധാവി ക്വാറിച്ച് , RDA ചീഫ് സെല്‍ഫ്രിഡ്ജ് എന്നിവര്‍ ഒരു ശസ്ത്രക്രിയയിലൂടെ അസുഖം മാറ്റിയ ജെയ്ക്കിനോട് ആവശ്യപ്പെടുന്നത് നവി സമൂഹത്തെ അനുനയിപ്പിക്കാനാണ്. അതിനു വേണ്ടി ഡോ. ഗ്രേയ്‌സിന്റെ നേതൃത്വത്തില്‍ ശാസ്ത്രസംഘം ജെയ്ക്കിനെയും കൂട്ടരെയും കൃത്രിമമായ വര്‍ഗസങ്കലനത്തിലൂടെ അവതാറുകളാക്കി മാറ്റി. ഇനി അവര്‍ ചെയ്യേണ്ട ജോലി നവികളെ അനുനയത്തിലൂടെ കീഴടക്കുക എന്നതാണ്. ശ്രമം തുടങ്ങുന്നതിനു മുന്നേ പണ്ടോറയിലെ വിഷഭൂമിയില്‍ കാട്ടുജീവികളാല്‍ ആക്രമിക്കപ്പെട്ടുവെങ്കിലും യുദ്ധവീരന്‍ ജെയ്ക്കിനെ നവികളുടെ നേതാവിന്റെ മകള്‍ നെയ്തിരി രക്ഷിക്കുന്നു. ഇതോടെ അവര്‍ പ്രണയബദ്ധരാകുകയും ചെയ്യുന്നു. ഈ വഴിയിലൂടെ ജെയ്ക്ക് നവികളുടെ നിഷ്‌കളങ്കമായ പ്രാകൃത ജീവിതത്തിലേക്ക് ആകൃഷ്ടനാകുന്നു. ഡോ. ഗ്രെയ്‌സിനും ട്രൂഡിചാസിയെന്ന പൈലറ്റിനുമൊപ്പം ജെയ്ക്കും RDAയ്ക്ക് എതിരാകുന്നു. ഇതോടെ ക്രൂദ്ധനായ ക്വാറിച്ച് അവരെ നശിപ്പിക്കാനുള്ള ശ്രമം തുടങ്ങുന്നു. ആ ഏറ്റുമുട്ടലില്‍ നവികളുടെ എയ്ക്കനുള്‍പ്പെടെ പലരും കൊല ചെയ്യപ്പെടുന്നു. ജെയ്ക്കും കൂട്ടരും പ്രകൃതി ദേവതയുടെ അനുഗ്രഹത്താല്‍ തിരിച്ചടിച്ച് RDAയുടെ ബഹിരാകാശ പേടകങ്ങള്‍ തകര്‍ക്കുന്നു. ഒമാറ്റിക്ക എന്ന പേരിലറിയപ്പെടുന്ന നവികളും ജെയ്ക്കും ചേര്‍ന്ന്, അതോടൊപ്പം അക്രമികളും പരാജയപ്പെടുന്നു. ജെയ്ക്കിന്റെ പൂര്‍വശരീരം ലക്ഷ്യം വച്ച് ക്വാറിച്ച് അയാളെ കൊല്ലാന്‍ ശ്രമിക്കുന്നുവെങ്കിലും ഇവിടെയും നെയ്തിരി രക്ഷകയാകുന്നു. അവര്‍ ക്വാറിച്ചിനെ കൊല്ലുന്നു. കലാപമടങ്ങിയതോടെ യഥാര്‍ഥ അവതാറായി മാറിയ ജെയ്ക്കിനെ ഗോത്രത്തലവനായി നവികള്‍ വാഴിക്കുന്നു.

വായിച്ചു പഠിച്ച സയന്‍സ് ഫിക്ഷന്‍ കഥകളും അതോടൊപ്പം കേട്ടു പഠിച്ച പല പൗരാണിക, പ്രാചീന കഥകളും- ഇവയില്‍ നിന്നാണ് കാമറൂണ്‍ ഈ സിനിമയ്ക്കാധാരമായ കഥ മെനഞ്ഞെടുത്തത്. യാഥാര്‍ഥ്യങ്ങളോട് പൊരുത്തപ്പെടുന്നതല്ല ഇത്തരം സങ്കല്‍പ്പകഥകളെന്ന ആക്ഷേപമുണ്ടെങ്കിലും മനുഷ്യന്റെയുള്‍പ്പെടെ സര്‍വ ജീവജാലങ്ങളുടെയും പൈതൃകവും പ്രാചീനവുമായ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും തകര്‍ക്കാന്‍ ശ്രമിക്കുന്ന സാങ്കേതിക വിദ്യയിലൂന്നിയുള്ള സകല അതിക്രമങ്ങളെയും അതിജീവിക്കുക എന്ന ലക്ഷ്യം നേടുന്നതിനാല്‍ ഈ ചിത്രം ക്ലാസിക് ചിത്രങ്ങളുടെ പരമ്പരയിലേക്കു വരുന്നു. ഈ ചിത്രത്തിന്റെ തിരക്കഥയും എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നതോടൊപ്പം ചിത്ര നിര്‍മിതിക്കുപയുക്തമായ പല സാങ്കേതിക വിദ്യകളും കാമറൂണ്‍ തന്നെ സ്വന്തമായി വികസിപ്പിച്ചെടുത്തിരിക്കുകയായിരുന്നു.

കാനഡയിലെ ഓണ്‍ടാറിയോയില്‍ 1954 ആഗസ്റ്റ് 16നാണ് കാമറൂണിന്റെ ജനനം. അച്ഛന്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറും അമ്മ നേഴ്‌സുമായിരുന്നു. അമ്മ ചില സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. വിദ്യാഭ്യാസാനന്തരം അച്ഛനും അമ്മയ്ക്കുമൊപ്പം കാലിഫോര്‍ണിയയിലേക്കു പോയി. അവിടെ കോളെജില്‍ ചേര്‍ന്നെങ്കിലും പഠനം പൂര്‍ത്തിയാക്കിയില്ല. ട്രക്ക് ഡ്രൈവറായി ജോലി സ്വീകരിച്ച സമയത്ത് ലഭിക്കുന്ന ഇടവേളകളില്‍ കഥകളെഴുതുമായിരുന്നു. അതേ സമയം സിനിമാ സംബന്ധിയായ പുസ്തകങ്ങള്‍ ലൈബ്രറിയില്‍ നിന്നെടുത്തു വായിക്കുകയും ചെയ്തിരുന്നു. ‘സ്റ്റാര്‍ വാഴ്‌സ്’ എന്ന സിനിമ കാണാനിടയായത് കാമറൂണിന്റെ ജീവിതത്തില്‍ വഴിത്തിരിവായി. ട്രക്ക് ഡ്രൈവര്‍ ജോലി ഉപേക്ഷിച്ചു സിനിമാരംഗത്തേയ്ക്കിറങ്ങി. 10 മിനിറ്റ് ദൈര്‍ഘ്യമുള്ള സെനോജെനസിസ് (xenogenese) എന്ന സിനിമ തിരക്കഥയെഴുതി സുഹൃത്തുക്കള്‍ ചേര്‍ന്നു നിര്‍മിച്ചപ്പോള്‍ സംവിധായകനായി അരങ്ങേറ്റം കുറിച്ചു.

പിന്നീട് റോജര്‍ കോര്‍മാന്റെ സ്റ്റുഡിയോയില്‍ മിനിയേച്ചര്‍ മോഡല്‍ നിര്‍മാതാവായി മാറി. ‘ ബാറ്റില്‍ ബിയോണ്ട് ദ സ്റ്റാര്‍സ്’ എന്ന ചിത്രത്തിലൂടെ ആര്‍ട്ട് ഡയറക്റ്ററായും ‘ഗാലക്‌സി ഒഫ് ടെറര്‍’ എന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടിവായും ‘ എസ്‌കേപ്പ് ഫ്രം ന്യൂയോര്‍ക്ക്’ എന്ന ചിത്രത്തിന്റെ ഡിസൈനറായും ടെക്‌നിക്കല്‍ രംഗത്ത് വൈദഗ്ധ്യം നേടി. 81ല്‍ Piranha 2: The Spawonger എന്ന സിനിമയുടെ സ്‌പെഷ്യല്‍ ഇഫക്റ്റ് ഡയറക്റ്ററായിരുന്നു. പകുതിയോളം പൂര്‍ത്തിയായ സിനിമയുടെ സംവിധായകന്‍ പിന്‍മാറിയപ്പോള്‍ അത് പൂര്‍ത്തീകരിക്കേണ്ട ജോലി കാമറൂണിന് വന്നു ചേര്‍ന്നു. പിന്നീടാണ് ദ ടെര്‍മിനേറ്റര്‍, റാംബോ, ഫസ്റ്റ് ബ്ലഡ് 2, ഏലിയന്‍സ് എന്നീ വിസ്മയം പകരുന്ന ചിത്രങ്ങള്‍ ലോക സിനിമയ്ക്കു സംഭാവന ചെയ്തത്. ഇവയ്‌ക്കെല്ലാം തിരക്കഥ, സംവിധാനം എന്നിവയ്ക്കുള്ള സാറ്റേണ്‍ അവാര്‍ഡും ആവേരിയസ് ഫെസ്റ്റിവലില്‍ ഗ്രാന്റ് പ്രൈസ് പുരസ്‌കാരവും ലഭിച്ചു. ഇതിനു പുറമെ മികച്ച വിദേശ ഭാഷാചിത്രത്തിനുള്ള കിനോമാ ജംപ് അവാര്‍ഡും ഹ്യൂഗോ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. ‘ ടെര്‍മിനേറ്റര്‍ 2 : ജഡ്ജ്മന്റെ ഡേ’ എന്ന ചിത്രം മികച്ച സംവിധാനം, മികച്ച സയന്‍സ് ഫിക്ഷന്‍ എന്നിവയ്ക്കുള്ള അവാര്‍ഡുകള്‍ നേടി. കൂടാതെ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള റെമനിഷി ഫിലിം അവാര്‍ഡും അവതരണത്തിന് ഹ്യൂഗോ പുരസ്‌കാരവും സയന്‍സ് ഫിക്ഷന്‍ ആന്റ് ഫാന്റസി റൈറ്റേഴ്‌സ് അവാര്‍ഡുകളും നേടി . ട്രൂ ലൈസ് സംവിധാന മികവിനുള്ള അവാര്‍ഡ് നേടിയപ്പോള്‍ ടൈറ്റാനിക് മികച്ച സിനിമയ്ക്കും സംവിധാനത്തിനും എഡിറ്റിങ്ങിനുമുള്ള ഓസ്‌കാര്‍ അവാര്‍ഡുകള്‍ നേടി. ഡയറക്‌റ്റേഴ്‌സ് ഗില്‍ഡ് അവാര്‍ഡ്, ഗോള്‍ഡന്‍ ഗ്ലോബ്, ബ്ലൂ റിബണ്‍ തുടങ്ങി ഇരുപത്തിയഞ്ചോളം അവാര്‍ഡുകള്‍ ഈ സിനിമ നേടിയിട്ടുണ്ട്. അവതാറിന് പ്രമുഖ ഫിലിം ഫെസ്റ്റിവലുകളില്‍ നോമിനേഷനുകള്‍ ലഭിച്ചിട്ടുണ്ട്.

തന്റെ മിക്ക സിനിമകളുടെയും തിരക്കഥകള്‍ ഒരുക്കിയത് കാമറൂണ്‍ തന്നെയാണ്. മുന്‍പ് പറഞ്ഞ സിനിമകള്‍ക്കു പുറമേ ടൈറ്റാനിക് തുടങ്ങിയ സിനിമകളെ കുറിച്ച് ഏതാനും ഡോക്യുമെന്ററികളും നിര്‍മിച്ചു. എക്‌സോഡസ് (Exodus) , സൊളാരിസ് എന്നീ ചിത്രങ്ങളുടെ നിര്‍മാതാവാണ് കാമറൂണ്‍. സ്‌ട്രേഞ്ച് ഡേയ്‌സ്, സ്‌പൈഡര്‍മാന്‍ ആന്‍ഡ് ദ് ഡാര്‍ക്ക് ഏയ്ഞ്ചല്‍ എന്നീ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ആകെ 11 ചിത്രങ്ങളാണ് കാമറൂണ്‍ സംവിധാനം ചെയ്തിട്ടുള്ളത്.

Generated from archived content: cinema1_agu25_13.html Author: mk

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English