ബല്ലാഡ് ഓഫ് നരയാമ (1983)- ഷോഹി ഇമാമുറ- (ലോക സിനിമ- 28 )

രൂക്ഷമായ ദാരിദ്ര്യം നടമാടുന്ന 19-ാം നൂറ്റാണ്ടിലെ ഉത്തര ജപ്പാന്‍ ഉള്‍നാടന്‍ ഗ്രാമത്തില്‍ എഴുപതു കഴിഞ്ഞ വൃദ്ധ ജനങ്ങളെ സമൂഹത്തില്‍ നിന്ന് അകറ്റാനായി പഴയ തലമുറയിലുള്ളവര്‍ നടപ്പാക്കി വന്നിരുന്ന ഒരാചാരം- അവര്‍ ഗ്രാമം വിട്ടു ദൈവങ്ങള്‍ കുടികൊള്ളുന്ന നരയാമ പര്‍വതത്തിനു മുകളില്‍ കയറി സ്വയം മരണം വരിക്കുക. ‘ ഒബസുതേയമ’ എന്ന പേരിലാണ് ഈ ആചാരം അറിയിപ്പെടുന്നത്. ഇതിനോടാരെങ്കിലും വിഘടിച്ചു നില്‍ക്കാന്‍ ശ്രമിച്ചാല്‍ അവര്‍ കുടുംബത്തിനും സമൂഹത്തിനും കളങ്കമുണ്ടാക്കുമെന്നാണ് വിശ്വാസം.

ഓറിന്‍ എന്ന വൃദ്ധ 69 കഴിഞ്ഞ് എഴുപതിലേക്കു കടക്കാനുള്ള ഊഴം കാത്തുകഴിയുന്നു. ഇവിടെ വൃദ്ധയുടെ ഒരു മകനും അമ്മയോടൊപ്പം മരിക്കാന്‍ ആഗ്രഹിക്കുന്നു. അയാള്‍ അവരെ മലമുകളിലേക്കു കൊണ്ടുപോകും. പക്ഷെ മലകയറുന്നതിനു മുമ്പ് തന്റെ ആണ്‍മക്കള്‍- ഇനിയുള്ള രണ്ടുപേര്‍- അവരുടെ വിവാഹം നടന്നു കാണാന്‍ ആഗ്രഹിക്കുന്നു. പക്ഷെ, അവരുടെ ആഗ്രഹമനുസരിച്ചല്ല കാര്യങ്ങള്‍ നടക്കുന്നത്. മൂന്നു ആണ്‍കുട്ടികള്‍ക്കും ഓരോ കാരണങ്ങളാല്‍ പെണ്‍കുട്ടികള്‍ ഒത്തുവരുന്നില്ല.

മൂത്തയാള്‍ സ്വതവേ നാണം കുണുങ്ങിയായതിനാല്‍ അയാള്‍ക്ക് പെണ്ണുമായി സമരസപ്പെടാനോ, ഒരു പെണ്ണിനും അയാളുടെ അടുത്തേയ്ക്കു വരാനോ കഴിയുന്നില്ല. സമൂഹം കുറ്റവാളിയായി കാണുന്ന ഒരു പെണ്‍കുട്ടിയാണ് രണ്ടാമത്തെ മകന്‍ താസുഹിയുടെ കാമുകി. അവളെയും കുടുംബത്തേയും ഗ്രാമീണര്‍ തന്നെ ജീവനോടെ ഇല്ലാതാക്കുന്നു. അവന്‍ വീണ്ടും ഒരു വിവാഹം കഴിച്ചെങ്കില്‍ എന്നു വൃദ്ധ ആഗ്രഹിക്കുന്നുണ്ടെങ്കിലും പറ്റിയ ഒരു കന്യക വരുന്നില്ല. പിന്നീട് ഒരു നിര്‍മലയായ യുവ വിധവ അതിനു തയാറാകുന്നു. കുടുംബ കാര്യങ്ങള്‍ വൃദ്ധ അവളെ പരിശീലിപ്പിക്കുന്നു. പിന്നീട് തന്നോടൊപ്പം വരാനുള്ള മകനുമായി മലമുകളിലേക്കു കയറാനുള്ള തയാറെടുപ്പ് നടത്തുന്നു. കഴുകന്‍ പറക്കുന്ന മലയില്‍ മരണം കാത്ത് അധികനാള്‍ കഴിയേണ്ടി വരില്ല എന്ന സത്യവും സംവിധായകന്‍ കാണിക്കുന്നുണ്ട്. പര്‍വതത്തിനു മുകളില്‍ പറന്നു നടക്കുന്നകഴുകന്‍മാരുടെ ദൃശ്യം തന്നെ ഭീതിപ്പെടുത്തുന്നതാണെങ്കിലും വൃദ്ധയ്ക്കു അതില്‍ യാതൊരു കൂസലുമില്ല എന്നത് സമൂഹത്തിലെ ആചാരം നടന്നു കാണണമെന്ന ആഗ്രഹമാണെന്ന സാധൂകരണമാണ് നിരൂപകര്‍ വിലയിരുത്തിയിട്ടുള്ളത്.

സെക്‌സും വയലന്‍സും പൊതുവെ ഇമാമുറയുടെ ചിത്രങ്ങളില്‍ പ്രകടമാണ്. രണ്ടാമത്തെ മകന്റെ കാമുകിയെയും കുടുംബത്തെയും ഇല്ലാതാക്കുന്ന ഗ്രാമീണരുടെ മനോഭാവം തന്നെ ചിത്രത്തില്‍ വയലന്‍സ് ചിത്രീകരിക്കുന്നതിന് കാരണമാണ്. പക്ഷെ, അവയൊക്കെ കഥയോടിണങ്ങുന്ന വിധത്തിലാണ് ദൃശ്യവത്കരിച്ചിരിക്കുന്നത്. കന്യകയെ പ്രാപിക്കാന്‍ മടിച്ചു നില്‍ക്കുന്ന ഒരു മകന് വേണ്ട ഉത്തേജനം നല്‍കാന്‍ വൃദ്ധ തന്നെയാണ് മുന്‍കൈ എടുക്കുന്നത്. മലയിലും കൃഷിസ്ഥലങ്ങളിലും വച്ചുള്ള ഇണചേരലുകള്‍ സിനിമയുടെ കഥാതന്തുവിന് അനുസൃതമാണെങ്കിലും ഗ്രാമത്തിലെ ജനങ്ങളുടെ ജീവിതത്തില്‍ പ്രകൃതിയുടെ സ്ഥാനം എന്തെന്നു വെളിവാക്കാന്‍ വേണ്ടി സംവിധായകന്‍ പ്രകടിപ്പിക്കുന്ന മികവായാണ് കണക്കാക്കിയിട്ടുള്ളത്. കഥയുടെ വൈകാരികതയ്ക്കു വേണ്ടി ഒരുക്കിയ ഈ ദൃശ്യങ്ങള്‍ വശ്യതയും വന്യതയും ഒപ്പം പ്രദാനം ചെയ്യുന്നു.

കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഈ ചിത്രം ‘പാം ഡി ഓര്‍’ നേടിയിട്ടുണ്ട്. മികച്ച നടനും മികച്ച ചിത്രത്തിനും ശബ്ദമിശ്രണത്തിനുമുള്ള ജപ്പാനീസ് അവാര്‍ഡും നേടിയിട്ടുണ്ട്. ഹോച്ചി ഫിലിം ഫെസ്റ്റിവലില്‍ ശബ്ദ ലേഖനത്തിനും നടനും നടിക്കും പുരസ്‌കാരം ലഭിച്ചു..

കുറസോവ കഴിഞ്ഞാല്‍ ജപ്പാന്‍കാര്‍ കണ്ട എറ്റവും ശക്തനായ ഫിലിം മേക്കറാണ് ഷോഹി ഇമാമുറ. കാന്‍ ചലച്ചിത്ര മേളയില്‍ രണ്ടു തവണ പാം ഡി ഓര്‍ പുരസ്‌കാരം നേടിയ അപൂര്‍വം ചലച്ചിത്രകാരന്മാരില്‍ ഒരാളാണ് ഇദ്ദേഹം. ജപ്പാനിലെ ടോക്യോവിലാണ് ഇമാമുറയുടെ ജനനം . 1926 സെപ്റ്റംബര്‍ 15ന്. സ്‌കൂള്‍ വിദ്യാഭ്യാസ കാലത്തു തന്നെ തന്റെ സ്വതന്ത്ര ചിന്താഗതിക്ക് വളക്കൂറുള്ള അന്തരീക്ഷമായിരുന്നു ഇമാമുറയുടേത്. പാര്‍ശ്വവത്കരിക്കപ്പെട്ട ജനങ്ങളുടെ ഇടയിലെ ജീവിതം കണ്ടുപഠിക്കാനുള്ള അവസരം ഈ കാലഘട്ടത്തില്‍ തന്നെയുണ്ടായി. ‘വാസദേ’ യൂണിവേഴ്‌സിറ്റിയില്‍ നിന്നു പാശ്ചാത്യ ചരിത്രത്തില്‍ ബിരുദം നേടിയതിനു ശേഷം 1951ല്‍ ‘ ഷോച്ചിക്കൊ’ സ്റ്റുഡിയോയില്‍ അസിസ്റ്റന്റ് ഡയറക്റ്ററായാണ് ഇമാമുറ തന്റെ ചലച്ചിത്ര ജീവിതത്തിന് തുടക്കമിട്ടത്. 1958ല്‍ ആദ്യ സിനിമ- സ്‌റ്റോളന്‍ ഡിസയര്‍( stollen desire) പുറത്തിറങ്ങി. പിന്നീട് പുറത്തുവന്ന പിഗ്‌സ് ആന്‍ഡ് ബാറ്റില്‍ ഷിപ്‌സ്(1961), എ മാന്‍ വാനിഷ്ഡ്(1969) എന്നീ ചിത്രങ്ങള്‍ വഴി സിനിമാ ലോകത്ത് സജീവമായി. കുറെക്കാലം ടെലിവിഷന്‍ മേഖലയിലും പ്രവര്‍ത്തിക്കാന്‍ ഇടയായി. 1979ല്‍ വീണ്ടും ചലച്ചിത്ര രംഗത്തേയ്ക്കു വന്ന് ‘വെന്‍ജിയാന്‍സ് ഈസ് മൈന്‍’ എന്ന ചിത്രം സംവിധാനം ചെയ്തു പ്രശസ്തിയാര്‍ജിച്ചു. ‘ ബെല്ലാഡ് ഓഫ് നരയാമ’ 1983ല്‍ പുറത്തിറങ്ങി. അതോടെ അന്താരാഷ്ട്ര തലത്തിലും പ്രശസ്തനായി. ഇതിനിടയില്‍ ‘ നിന്‍ജന്‍ ജൊഹാര്‍ട്‌സ്’, ‘എന്‍ ലിബറേഷന്‍’ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു മികവുകാട്ടി. ജപ്പാനീസ് ജനതയുടെ ജീവിതമാണ് ചലച്ചിത്രത്തിന് വിഷയമാക്കിയിരുന്നത്. ഡോക്യുമെന്ററിയും ഫിക്ഷനും കൈകാര്യം ചെയ്യുവാന്‍ വിദഗ്ധനായിരുന്നു. സ്ത്രീ കേന്ദ്രീകൃതങ്ങളായ ചിത്രങ്ങളും ഇമാമുറെ ഒരുക്കിയിട്ടുണ്ട്.

മൈ സെക്കന്റ് ബ്രദര്‍, ദ എല്‍, ദ പോര്‍ണോഗ്രാഫേഴ്‌സ്, ദ പ്രൊഫൗണ്ട് ഡിസയര്‍ ഓഫ് ഗോഡ്‌സ്, ഐജാനിക, ബ്ലാക് റെയ്ന്‍, വാം വാട്ടര്‍ അണ്ടര്‍ എ റെഡ് ബ്രിഡ്ജ്, സെപ്റ്റംബര്‍ 11 എന്നിവയാണ് ഇതര ചിത്രങ്ങള്‍.

2006 മെയ് 30ന് ടോക്യോവിലായിരുന്നു അന്ത്യം.

Generated from archived content: cine,a_may20_13.html Author: mk

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here