എട്ടാമത്തെ മോതിരം

മലയാള മനോരമയുടെ സാരഥി കെ.എം.മാത്യുവിന്റെ ആത്‌മകഥ ‘എട്ടാമത്തെ മോതിരം’ ഒരാത്മകഥയെന്നതിലുപരി, മനോരമയുടെയും ഒരു നാടിന്റെയും ഒരു കാലഘട്ടത്തിന്റെയും ചരിത്രം പ്രതിപാദിക്കുന്ന കൃതിയാണ്‌. കണ്ടത്തിൽ വർഗീസ്‌ മാപ്പിള ആരംഭമിട്ട മനോരയ്‌ക്ക്‌ കെ.സി.മാമ്മൻ മാപ്പിളയുടെ കാലത്ത്‌ അന്ന്‌ ദിവാനായിരുന്ന സി.പി. രാമസ്വാമി അയ്യരുടെ അപ്രീതിക്ക്‌ പാത്രമാവുകവഴി നേരിട്ട പീഢനങ്ങളും ദുരന്തവും എത്ര ഹൃദയസ്പർശിയായിട്ടാണ്‌ അന്ന്‌ ഇളംതലമുറക്കാനായിരുന്ന ഗ്രന്ഥകാരൻ വിവരിക്കുന്നത്‌. മനോരമ പൂട്ടിച്ചതോടെ അന്തർധാനം ചെയ്‌തെന്ന്‌ കരുതിയ പത്രം, പിന്നീട്‌ പൂർവ്വാധികം ശക്തിയോടെ, എന്നാൽ ഏറെ ക്ലേശങ്ങളും ദുരന്തങ്ങളും കഷ്‌ടപ്പാടുകളും ദസഹിച്ച്‌ പുനർജനിച്ച കഥ ഇന്നത്തെ ജേർണലിസം വിദ്യാർത്ഥികൾക്ക്‌ മാത്രമല്ല, ചരിത്രാന്വേഷണ ഗവേഷക വിദ്യാർത്ഥികൾക്ക്‌ കൂടി ഏറെ പ്രയോജനം ചെയ്യും. അതോടെ സ്വാതന്ത്ര്യസമര സേനാനികളുമായുളള ബന്ധവും സ്വാതന്ത്ര്യസമരത്തിന്‌ മനോരമ ചെയ്‌ത നിശ്ശബ്‌ദ സേവനവും പിന്നീട്‌ സ്വാതന്ത്ര്യലബ്‌ധിക്ക്‌ ശേഷമുളള പത്രത്തിന്റെ വളർച്ചയുടെ ചരിത്രവും അടുക്കോടെയും ചിട്ടയോടെയും പ്രതിപാദിച്ചിരിക്കുന്നു. മനോരമയുടെ ചരിത്രത്തിൽ കൂടി കടന്ന്‌ പോവുന്ന രാജ്യത്തിന്റെയും രാഷ്‌ട്രത്തിന്റെയും ഭരണാധികാരികളുടെ നീണ്ട നിര തന്നെ സ്വാതന്ത്ര്യലബ്‌ധിക്ക്‌ മുമ്പും പിമ്പുമായി നമ്മുടെ കൺമുന്നിൽ തെളിഞ്ഞുവരുന്നു. രാജഭരണവും കോൺഗ്രസ്‌ ഭരണവും കമ്യൂണിസ്‌റ്റ്‌ ഭരണവും പിന്നീട്‌ ഇടതും വലതുമായ സഖ്യങ്ങളുടെ നേതൃത്വത്തിൽ വന്ന കൂട്ടുകക്ഷി ഭരണവും- എല്ലാം ഈ കൃതിയിൽക്കൂടി വളരെ ലളിതവും ചടുലവുമായ ഭാഷയിലൂടെ പ്രതിപാദിക്കുന്നുണ്ട്‌. ഇന്ന്‌ സംസ്ഥാനത്തും സംസ്ഥാനത്തിന്‌ പുറത്തുമായി നിരവധി എഡിഷനുകളിലൂടെ 16 ലക്ഷത്തിലധികം കോപ്പിയുമായി ഭാഷാപത്രങ്ങളിൽ ഒന്നാംസ്ഥാനത്ത്‌ നിൽക്കുന്ന മനോരമ വീണ്ടും വളർച്ചയുടെ പാതയിലാണെന്നത്‌ ഗ്രന്ഥകാരന്‌ മാത്രമല്ല, വായനക്കാർക്കും സന്തോഷം പകരുന്നതാണ്‌. മനോരമ കുടുംബത്തിൽനിന്നും പുറത്തുവരുന്ന ആഴ്‌ചപ്പതിപ്പും ബാലരമയും വനിതയും ആരോഗ്യമാസികയും തൊഴിൽവീഥിയും- എല്ലാം എല്ലാം ഒന്നാം സ്ഥാനത്തെത്തി നിൽക്കുന്നു. തീർച്ചയായും വായനക്കാർ നെഞ്ചേറ്റി ആദരിക്കുന്ന ഈ കൃതി ആത്മകഥാ വിഭാഗത്തിൽ വളരെ അപൂർവ്വമായി കാണുന്ന ഒന്നാംകിട കൃതികളുടെ കൂട്ടത്തിലാണെന്ന്‌ നിസ്സംശയം പറയാം.

എട്ടാമത്തെ മോതിരം

കെ.എം. മാത്യു

ഡി സി ബുക്‌സ്‌

വില – 250 രൂപ

Generated from archived content: book1_june20_08.html Author: mk

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here