സ്‌നേഹം കടങ്കഥയ്‌ക്കൊപ്പമാകുമ്പോൾ

സ്‌നേഹം ഏറ്റവും വിശുദ്ധവും അമൂല്യവും സാരവത്തുമായൊരു വികാരമാണെന്ന വിശ്വാസത്തിന്‌ കനത്ത ആഘാതമേൽക്കുകയും അതൊരു കടങ്കഥ മാത്രമാണെന്നു തിരിച്ചറിയുകയും ചെയ്യുമ്പോഴുണരുന്ന മാനസികാഘാതത്തെ എങ്ങനെ വിശേഷിപ്പിക്കാനാകും? മാനുഷികബന്ധങ്ങളുടെ ഏറ്റവും ശക്തമായ ധാര എന്നു വിശേഷിപ്പിക്കപ്പെടുന്നതും ലോകാരംഭം മുതൽ അങ്ങനെ പരിഗണിക്കപ്പെട്ടുപോരുന്നതുമായ ഭാവം വെറും പൊളളയാണെന്ന അറിവിന്റെ നൊമ്പരം എത്ര സങ്കടപൂർണ്ണമായിരിക്കും? ഇത്തരം ചില സന്ദിഗ്‌ദ്ധാവസ്ഥകളിലും പങ്കുവെയ്‌ക്കപ്പെടാനാവാത്ത നൊമ്പരങ്ങളിലും എത്തിപ്പെടുന്ന മനുഷ്യരുടെ സങ്കടം മുറ്റിയ മുഖങ്ങളാണ്‌ കെ.എസ്‌. അനിയന്റെ കഥകളിൽ പൊതുവിൽ അനുഭവപ്പെടാറുളളത്‌. ‘കയ്യൊപ്പില്ലാത്തവർ’ എന്ന സമാഹാരത്തിലെ കഥകളും ഇതിൽനിന്ന്‌ വ്യത്യസ്‌തമല്ല.

ബന്ധങ്ങളെ പരസ്‌പരം കണ്ണിചേർക്കുന്നത്‌ വിശ്വാസമാണ്‌. ഈ വിശ്വാസങ്ങൾക്കേല്‌ക്കുന്ന ചെറിയ ക്ഷതങ്ങൾപോലും പലപ്പോഴും ബന്ധങ്ങളെ തകർക്കും. ഭർത്താവിന്റെ ആകസ്‌മികമായ മരണത്തിന്റെ നടുക്കം മാറുന്നതിനുമുമ്പ്‌ അയാളുടെ ഭാര്യയും കുട്ടിയും പത്രവാർത്ത കണ്ട്‌ തേടിയെത്തുന്നതിന്റെ സാക്ഷിയാവേണ്ടിവന്നവളുടെ ദുരന്തമാണ്‌ ‘പിൻകാഴ്‌ച’. ഒരിക്കലും ഒരു സംശയത്തിനും ഇടനല്‌കാതെ സമർത്ഥമായി, അതിസമർത്ഥമായി കരുക്കൾ നീക്കിക്കളിച്ച ഒരാൾ മരണത്തിനു കീഴടങ്ങുമ്പോൾ നാടകത്തിന്റെ ചമയങ്ങളും തിരശ്ശീലയും അഴിഞ്ഞുവീഴുന്നു.

ഭർത്താവ്‌ വലിയ കവിയും പ്രശസ്‌തനുമായപ്പോൾ കുട്ടികളില്ല എന്ന കാരണം പറഞ്ഞ്‌ ഉപേക്ഷിച്ചവൾ ആദ്യപുസ്‌തകത്തിന്റെ സമർപ്പണവും കോപ്പിറൈറ്റും തനിക്കാണെന്ന ഓർമ്മയുമായി ജീവിക്കുന്ന നൊമ്പരം നിറഞ്ഞ കഥയാണ്‌ ‘കയ്യൊപ്പില്ലാത്തവരി’ൽ.

അന്ധയായ മകൾക്കുവേണ്ടി ജീവിച്ച അച്‌ഛൻ മകളുടെ സ്വാർത്ഥതയ്‌ക്കു മുന്നിൽ പതറിപ്പോകുന്ന ‘അഭയുടെ അച്‌ഛന്‌’ പക്ഷേ, സ്വന്തം സ്‌നേഹം കൊച്ചുമകളിലേക്ക്‌ പകരാനാവുന്നുണ്ട്‌. ബന്ധങ്ങൾ സ്വാർത്ഥപൂർണ്ണമാകുന്നതിന്റെ പാരമ്യതയാണ്‌ ‘ചതുപ്പുനിലങ്ങളി’ൽ നാം കാണുന്നത്‌. പാരമ്പര്യവും പ്രതാപവും പറഞ്ഞ്‌ മേനി നടിക്കുന്നതിനെക്കാൾ, അതിന്റെ സ്ഥാവരജംഗമസ്വത്തുക്കൾ വില്‌പനയ്‌ക്കുതകും എന്നറിയുന്നവരും പണമുളളതിനാൽ അതൊക്കെ വാങ്ങിക്കൂട്ടുന്നത്‌ ഒരു അന്തസ്സാണെന്നു വിശ്വസിക്കുന്നവരും ഇവയൊക്കെ കൈക്കാലാക്കാനായി എന്തുതരം പ്രവൃത്തിയും സ്വീകരിക്കാമെന്ന പുത്തൻ നീതിബോധവും ചതുപ്പുനിലങ്ങളെത്തന്നെയാണ്‌ ഓർമ്മപ്പെടുത്തുന്നത്‌. ഉറപ്പില്ലായ്‌മയുടെ, സ്ഥിരതയില്ലായ്‌മയുടെ മുഖം ‘ഉയരങ്ങളിലെ വെളിച്ച’വും ഇതേപോലെ സമൂഹത്തിലെ ഉന്നതസ്ഥാനീയരുടെ പൂർവ്വകാലകഥകളാണ്‌. വെറും കഥകളല്ല, കഥാഖ്യാതാവുതന്നെ സാക്ഷിയായ കഥകൾ. ഉയരങ്ങളിലെ വെളിച്ചം സ്വന്തമാക്കുക ശ്രമകരമാണെങ്കിലും അതിന്റെ ലഹരി സുഖദായകമാണ്‌.

കുട്ടികളുടെ മാനസികലോകവും അതിന്റെ നിഷ്‌കളങ്കാവസ്ഥകളും ‘കടങ്കഥ’യിലും ‘എന്തൊക്കെ അതിശയങ്ങളി’ലുമുണ്ട്‌. അമ്മയുടെ മരണം കുട്ടിയുടെ മുന്നിലെ കടങ്കഥയാണ്‌. പിന്നെ അമ്മ കാക്കയായി വരുന്നു എന്ന മുതിർന്നവരുടെ പറച്ചിലിനെ സ്വീകരിക്കാൻ കുട്ടികൾക്ക്‌ കഴിയുന്നതേയില്ല. ഭാവനയും യാഥാർത്ഥ്യവും തമ്മിലുളള ഏറ്റുമുട്ടലിന്റെ ആഘാതം ഈ കഥ പകർന്നുതരുന്നുണ്ട്‌. അമ്മയും മുത്തശ്ശിയും മരിച്ചുപോയ അച്‌ഛനും അവർക്കിടയിലെ യക്ഷിയും ഗന്ധർവനും ജീവിതശൈഥില്യങ്ങളുമായി ഒത്തിരിയൊത്തിരി ഉത്തരമില്ലാത്ത ചോദ്യങ്ങൾക്കിടെ ജീവിക്കുന്നൊരു കുട്ടി. അവന്‌ എല്ലാം അതിശയങ്ങളാണ്‌. സ്വയം ഉത്തരം കിട്ടാത്തതൊക്കെ. കലാപങ്ങൾ ഒരുപാട്‌ അരങ്ങേറിയ നമ്മുടെ നാട്ടിൽ രക്ഷിക്കേണ്ടവൻ ശിക്ഷിക്കുന്ന കാഴ്‌ചയാണ്‌ മോസു പകർന്നു തരുന്നത്‌. പത്രവാർത്തകളിൽ ഇത്തരം അനേക ‘സംഭവങ്ങൾ’ കണ്ടുപഴകിയ നമുക്ക്‌ തികഞ്ഞ ഞെട്ടലിന്റെ അനുഭവമാണ്‌ ഈ കഥ തരുന്നത്‌. ഈ കഥകൾ ആഖ്യാനപരമായി ഒന്നിനൊന്ന്‌ ഭിന്നമാണ്‌. എങ്കിലും കഥാഖ്യാനത്തിലെ നിഷ്‌കർഷ ഇവയുടെ പൊതുസ്വഭാവമാകുന്നുണ്ട്‌. ആർദ്രതയുളള ഭാഷ ഈ കഥകളെ വ്യതിരിക്തമാക്കുന്നു. സ്‌നേഹം, ബന്ധം ഇവയൊന്നും ആദർശത്തിന്റെ ഉന്നതാവസ്ഥകളല്ലെന്ന്‌ നമ്മെ ഓർമ്മപ്പെടുത്താനും ഈ കഥകൾക്കു കഴിയുന്നുണ്ട്‌.

കയ്യൊപ്പില്ലാത്തവർ, കെ.എസ്‌. അനിയൻ, കറന്റ്‌ ബുക്‌സ്‌, വില ഃ 38 രൂപ

Generated from archived content: book1_may18.html Author: mini-prasad

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English