ഇനി സാക്ഷികള്‍ പറയട്ടെ

തലയോടിനെപ്പോലും നെരിപ്പോട് സമമാക്കുന്ന ആ ചൂടിലിരുന്ന് അവള്‍ ചിന്തിക്കുകയായിരുന്നു. പുറത്ത് വേനലി‍ന്റെ കാഠിന്യം സഹിക്കാന്‍ വയ്യാതെ തെരുവുനായക്കള്‍ പഞ്ചായത്ത് കിണറിന്റെ അടുത്ത് സ്ത്രീകള്‍ വെള്ളം കോരുന്നിടത്ത് പോയി കിടക്കുന്നു. മുറ്റത്തെ ചെടികള്‍ക്ക് പ്രത്യേകിച്ച് ചട്ടികളില്‍ നില്‍ക്കുന്നവയ്ക്ക് അത്രയ്ക്കങ്ങ് വാട്ടം സംഭവിച്ചിട്ടില്ല. ഇതെല്ലാം നോക്കിക്കാണുന്നതിനിടയിലും ചിന്തകള്‍ സൃഷ്ടിച്ച തിരമാലകള്‍ അവളെ ഏതോ തീരത്ത് എത്തിച്ചു.

അവളുടെ മുഖത്തിന്റെ ഭാവത്തിലും മാറ്റങ്ങള്‍ ഉണ്ടായിരുന്നു. മാറ്റങ്ങള്‍ പടച്ചട്ടയണിഞ്ഞ ലോകമാണ് ചുറ്റിലും അവള്‍ സൂക്ഷിച്ച് വീക്ഷിച്ചു. ആതാ ആയുധധാരികളായ ഒരു പറ്റം മനുഷ്യര്‍. അവരണിഞ്ഞിരിക്കുന്ന വസ്ത്രത്തിലും പുതുമയുണ്ട്. നീണ്ട ഒറ്റത്തയ്യലോടു കൂടിയ ഉറപോലെയുള്ള വസ്ത്രം തലയിലണിങ്ങിരിക്കുന്ന തലപ്പാവ് ഒരു കണ്ണിനെ മറയ്ക്കുന്ന വിധത്തിലായിരുന്നു . മുഖത്ത് ഗാംഭീര്യം. കാലുകള്‍ തുകലുകള്‍ കൊണ്ട് പൊതിഞ്ഞിരിക്കുന്നു. ആയുധമെടുത്തിരിക്കുന്നതെന്തിനാണിവര്‍! പിന്നെയാണറിഞ്ഞത് മരണത്തിനെതിരെ പോരാടുന്നവരാണവര്‍ . പല നിറത്തിലും ആകൃതിയിലുമുള്ള ആയുധങ്ങള്‍ അവളില്‍ ഒരു തരം ആകാംക്ഷയുണര്‍ത്തി.

‘’ നിങ്ങള്‍ ഇവ എന്തിനാണ് കൊണ്ടുനടക്കുന്നത്?’‘

അവളുറക്കെ ചോദിച്ചു.

അവരില്‍ ഉയരം കുറഞ്ഞവനാണ് മറുപടി പറഞ്ഞത്.

‘’ മരണത്തെ ജയിക്കാന്‍’‘

‘ മരണത്തെ ജയിക്കാനോ! ‘ അവളുടെ ആകാംക്ഷം കൂടി. കണ്ണൂകള്‍ വിടര്‍ത്തി ഉച്ചസ്ഥായിയില്‍ അവള്‍ ചോദിച്ചു.

‘’ മരണത്തെ ജയിച്ചിട്ട് നിങ്ങളെന്തു ചെയ്യും?’‘

‘’ ഹേ സ്ത്രീ നീ വായടയ്ക്ക്. നിനക്ക് ഇതിലെന്തു കാര്യം . ഇത് മരണവും പുരുഷനും തമ്മിലുള്ള യുദ്ധമാണ്’‘ കൂട്ടത്തില്‍ ദൃഢഗാത്രനായവന്‍ ആക്രോശിച്ചു. അവള്‍ നടുങ്ങിപ്പോയി.

ശരിയാണല്ലോ ഇവരില്‍ സ്ത്രീകളാരുമില്ലല്ലോ’

‘’ എന്താ സ്ത്രീകള്‍ക്ക് മരണത്തെ ജയിക്കേണ്ടന്നാണോ?’‘

ആകാംക്ഷ അടക്കാനാകാതെ അവള്‍ ചോദിച്ചു.

ആക്രോശം എങ്ങും നിറഞ്ഞു. പുച്ഛസ്വരത്തില്‍ മറുപടിയും.

‘’ അവള്‍ക്കെന്നും പരാതികളെയുള്ളു. പോരാടാന്‍ അവള്‍ സന്നദ്ധയുമല്ല. അറിയാത്ത കാര്യങ്ങളില്‍ എടുത്തു ചാടി സ്വയം അവഹേളിതയാകാനല്ലാതെ അവള്‍ക്കൊന്നും തന്നെ അറിയില്ല’‘ എല്ലാവരും കൂടെ ഒറ്റ ശ്വാസത്തില്‍ വിളിച്ചു പറഞ്ഞു .

സ്വന്തം വര്‍ഗ്ഗത്തോടുള്ള അപമാനം അവള്‍ക്ക് ഒരു കനത്ത ആഘാതമായിരുന്നു . ഒരു നിമിഷം ശബ്ദിക്കാനാകാതെ അവള്‍ നിന്നു പോയി. അപ്പോഴേക്കും പുരുഷ പ്രജകള്‍ ഉറച്ച കാലുകളോടെ മുന്നോട്ട് നീങ്ങിയിരുന്നു.

അപ്പോഴാണ് അവളതു ശ്രദ്ധിച്ചത്. പുറകുവശത്തെ അവരുടെ രൂപം അവള്‍ക്ക് വിശ്വസിക്കാനേ കഴിഞ്ഞില്ല. പുറകിലും അവര്‍ക്ക് രണ്ട് കണ്ണുകള്‍ ഉണ്ടായിരുന്നു. ചിലരുടെ കണ്ണുകളില്‍ മുഴുവന്‍ സംശയത്തിന്റെ നിഴലാട്ടങ്ങളായിരുന്നു. ചില കണ്ണൂകള്‍ ദേഷ്യം കൊണ്ട് ചുവന്നിരുന്നു. മറ്റു ചിലതില്‍ ലോകം പിടിച്ചടക്കാനുള്ള വെമ്പലായിരുന്നു. വേറെ ചിലതില്‍ ചതിയുടെ മിന്നല്‍പ്പിണരുകളായിരുന്നു.

ഒരു നിമിഷം ഭയത്തിന്റെ തീജ്വാലകള്‍ അവളുടെ ശരീരത്തിലൂടെ പടര്‍ന്നു കയറി. ഒരു വിധം സംഭരിച്ച ധൈര്യവുമായി അവള്‍ വീണ്ടും അവരുടെ മുന്‍പിലേക്ക് ഓടിക്കയറി. അപ്പോള്‍ അവരുടെ മുന്‍പിലത്തെ കണ്ണുകളിലെല്ലാം ഗാംഭീര്യം മാത്രമേ ഉണ്ടായിരുന്നുള്ളു. അവള്‍ ധൈര്യപൂര്‍വ്വം വീണ്ടും ചോദിച്ചു.

‘’ നിങ്ങള്‍ മരണത്തെ എന്ന് കീഴടക്കും?’‘

‘’ അത് ഒരു സ്ത്രീയോട് വെളിപ്പെടുത്തേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല’‘ കൂട്ടത്തില്‍ പ്രായം കുറഞ്ഞവനെന്ന് തോന്നുന്നവനാണ് അതു പറഞ്ഞത്.

‘’ പക്ഷെ മരണത്തെ നിങ്ങള്‍ എന്ന്/ എവിടെ വച്ചാണ് കണ്ടെത്തുക? ‘’ അവള്‍ക്ക് ആകാംക്ഷ കൂടി .

‘’ നിന്റെ വര്‍ഗ്ഗത്തിന്റെ പ്രത്യേകതയാണിത്. ചോദ്യങ്ങള്‍ നിങ്ങളെ കുടുക്കിക്കളയും വാക്കുകളേക്കാള്‍ പ്രവൃത്തിയിലാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. ഇനിയും വഴി മുടക്കാതെ മാറി നില്‍ക്ക്’‘ പിറകില്‍ നിന്നും കേട്ട ആ സ്വരം അവളെ നടുക്കിക്കളഞ്ഞു. ആജാനാബാഹുവായ ആ മനുഷ്യന്‍‍ അവളുടെ തൊട്ടടുത്തു തന്നെയായിരുന്നു. ഒരു നിമിഷം ! അവള്‍ ചുരുങ്ങി ഇല്ലാതായതുപോലെയായി.

പുരുഷന്മാര്‍ തങ്ങളുടെ മാംസളമായ ശരീരം ഒന്നു കൂടി വിടര്‍ത്തി ഉച്ചത്തില്‍ എന്തോ വിളിച്ചു പറഞ്ഞു അവള്‍ക്ക് ആകാംക്ഷ കൂടിയതല്ലാതെ കുറഞ്ഞതേയില്ല.

ഇതിന്റെ അവസാനം കാണാന്‍ അവള്‍ ഉത്സുകയായിരുന്നു.

ശക്തമായ ചൂടിലോ പൊടി പറത്തിക്കൊണ്ട് വടക്കുവശത്തേക്ക് അവരൊറ്റക്കെട്ടായ് ഉറച്ച കാലടികളോടെ നടന്നു. സൂര്യന്‍ ജ്വലിക്കുന്ന ഒരു അഗ്ന്നിഗോളമായിത്തന്നെ തുടരുന്നു. അവിടേയും പൗരഷത്തിന്റെ ആവേശം തന്നെയാണു കാണുന്നത്.

ഇപ്പോള്‍ അവള്‍ വീണ്ടൂം അവരുടെ പുറക് വശം തന്നെയാണ് കാണുന്നത് പല ഭാവങ്ങളിലായിരുന്ന കണ്ണുകള്‍ എല്ലാം തന്നെ ഇപ്പോള്‍ കോപം കൊണ്ട് ജ്വലിക്കുകയാണ്.

‘’ വൈകിപ്പോയി.. ചോദ്യങ്ങളും ഉത്തരങ്ങളും നമ്മളെ വൈകിപ്പിക്കുന്നു. പ്രകാശം നഷ്ടപ്പെട്ട നക്ഷത്രങ്ങള്‍ക്കിടയില്‍ മറഞ്ഞിരിക്കുന്ന മരണത്തെ തോല്‍പ്പിക്കേണ്ട സമയം വളരെ അടുത്തെത്തിക്കഴിഞ്ഞു. കാലടികള്‍ ശക്തമാകട്ടെ, ശിരസ്സുയര്‍ന്നിരിക്കട്ടെ’‘ നേതാവിന്റെ അലര്‍ച്ച എങ്ങും മാറ്റൊലി കൊണ്ടു.

വീണ്ടും പുറകിലത്തെ കണ്ണുകളില്‍ ഭാവങ്ങള്‍ പലതായിക്കഴിഞ്ഞു.

കുറെ ദൂരം താണ്ടിക്കഴിഞ്ഞ ആ കൂട്ടത്തിലെ ആരോ അതാ നിലം പതിച്ചിരിക്കുന്നു. അവളോടാന്‍ ശ്രമിച്ചു. കാലുകള്‍ക്ക് ഭാരമേറിയതു പോലെ. ഒരു കണക്കിന് ഓടി അടുത്തെത്തിയപ്പോള്‍‍ അവള്‍ കണ്ടു, കൂട്ടത്തിലെ ഏറ്റവും പ്രായം കുറഞ്ഞവന്‍! അവന്റെ കണ്ണുകള്‍.‍ പകുതിയേ അടഞ്ഞിരുന്നുള്ളു കയ്യിലെ കൂര്‍ത്ത ആയുധം നിലത്ത് കിടക്കുന്നു. ചുണ്ടുകള്‍ വിളറിയിരിക്കുന്നു. അവന്‍ ശ്വാസച്ഛോസം ചെയ്യുന്നുണ്ടായിരുന്നില്ല. അവള്‍ ഒരു നിമിഷം തരിച്ചിരുന്നു പോയി. അവള്‍ ഉറക്കെ നിലവിളിച്ചു.

‘’ മരണം ഇവിടെ എത്തിക്കഴിഞ്ഞു’‘

ആകോശിച്ചുകൊണ്ട് മുന്നേറിയിരുന്ന പുരുഷന്മാര്‍ പെട്ടന്ന് നിശ്ചലരായി. അവര്‍ തിരിഞ്ഞ് നോക്കി ഒരേ ഒരു നിമിഷം അവളെ അത്ഭുതസ്തബ്ധയാക്കിക്കൊണ്ട് അവരെല്ലാവരും സ്വയം മുറിവേല്‍പ്പിച്ച് മരിച്ചു.

പുറത്തെ കഠിനമായ ചൂടിന് വിരാമമിട്ടുകൊണ്ട് മഴപെയ്യാന്‍ തുടങ്ങിയിരുന്നു. പുതുമണ്ണിന്റെ ഗന്ധം എങ്ങും പരന്നൊഴുകി. അവിചാരിതമായി വന്ന ഇടിമുഴക്കത്തില്‍ പരിചിതമായ ഏതോ ആക്രോശത്തിന്റെ അലകള്‍ അവള്‍ കേട്ടു.

Generated from archived content: story1_feb18_13.html Author: milu_mariyaanoto

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English